Kesari WeeklyKesari

മുഖലേഖനം

ചെങ്കൊടിക്കുപിന്നിലെ 'പച്ച'മനുഷ്യര്‍--മുരളി പാറപ്പുറം

on 01 December 2017
Kesari Article

സാമൂഹ്യ മുഖ്യധാരയോട് സംവദിച്ച ഇസ്ലാമിക പണ്ഡിതനായിരുന്നു അസ്ഗര്‍ അലി എഞ്ചിനീയര്‍ (1939-2013). ''ഒരു പ്രത്യേക സമുദായത്തിന്റെ രാഷ്ട്രീയ-സാമ്പത്തിക താല്‍പ്പര്യങ്ങളെയാണ് വര്‍ഗീയത എന്നുവിളിക്കുന്നത്. വരേണ്യവിഭാഗത്തിന്റെ അധികാരം ലക്ഷ്യമിട്ട്, സമുദായത്തെ രാഷ്ട്രീയമായി സംഘടിപ്പിക്കുന്നതിനുവേണ്ടി വിഭാഗീയ ചിന്താഗതി അടിച്ചേല്‍പ്പിക്കുന്നതാണ് മതമൗലികവാദം. മതമൗലികവാദം നിയതമായും ഭീകരവാദത്തിലേക്ക് എത്തുന്നു.'' കേരളത്തിലെ വായനക്കാര്‍ക്കും സുപരിചിതനായിരുന്ന അസ്ഗര്‍ അലിയുടെ ഈ നിര്‍വചനം പ്രാഥമികമായി ശരിയായിരിക്കുമ്പോള്‍ തന്നെ, ലളിതവല്‍കൃതവും അപര്യാപ്തവുമാണ്. രാഷ്ട്രീയ ഇസ്ലാമുമായി ചേര്‍ത്തുവയ്ക്കുമ്പോള്‍ ഈ നിര്‍വചനം തികച്ചും അപര്യാപ്തമാകുന്നു. ഇസ്ലാമികമായ വര്‍ഗീയത, മതമൗലികത, ഭീകരത എന്നീ അവസ്ഥകളുടെ അവിഭാജ്യഘടകമാണ് കേവലമായ ഹിംസയും വിഘടനവാദവും. അസ്ഗര്‍ അലി ഇത് കാണാതെ പോകുന്നുണ്ട്.

ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇസ്ലാമിന്റെ ഈ മൂന്നവസ്ഥകളുമായും അവിഹിതബന്ധത്തിലേര്‍പ്പെട്ട് ഹിംസയും വിഘടനവാദവും പ്രോത്സാഹിപ്പിച്ചവരാണ് കമ്യൂണിസ്റ്റുകള്‍. കാലാകാലങ്ങളില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന ഇസ്ലാമിക ശക്തികളുമായി സഖ്യം ചേര്‍ന്ന് അവരുടെ അജണ്ടകള്‍ നടപ്പിലാക്കാന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഒരുകാലത്തും മടി കാണിച്ചിട്ടില്ല. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലത്തും, ആ പൈതൃകം പേറുന്ന സിപിഎമ്മില്‍ എത്തുമ്പോഴും രാജ്യതാല്‍പ്പര്യവും സാമൂഹ്യഭദ്രതയും വിസ്മരിച്ച് ഇസ്ലാമിക ഹിംസയേയും വിഘടനവാദത്തേയും യാതൊരു വൈമനസ്യവുമില്ലാതെ പാര്‍ട്ടി ഒരേപോലെ പിന്‍പറ്റുന്നു. ഇന്ത്യയെ വിഭജനത്തിലേക്ക് നയിച്ച മുസ്ലിംലീഗിന് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ കലവറയില്ലാത്ത പിന്തുണ ലഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ലോകത്തെ ഇസ്ലാമിക ഭരണത്തിന്‍ കീഴിലാക്കാന്‍ മോഹിക്കുന്ന ഐഎസിനും ലഭിക്കുന്നു ഈ പിന്തുണ.

1920-ല്‍ മൂന്നാം കമ്യൂണിസ്റ്റ് ഇന്റര്‍നാഷണലിന്റെ ഭാഗമായി റഷ്യയിലെ താഷ്‌ക്കന്റില്‍ എം.എന്‍. റോയിയുടെ നേതൃത്വത്തില്‍ 'ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി' രൂപീകരിച്ചതുതന്നെ രണ്ട് 'ജിഹാദി' കളെ ഉള്‍പ്പെടുത്തിയായിരുന്നു-മുഹമ്മദ് അലിയും മുഹമ്മദ് ഷഫീക്കും. ഖിലാഫത്തിന്റെ കാലത്ത് അവിശ്വാസികളുടെ നാട്ടില്‍ ജീവിക്കാനാവില്ലെന്നു പറഞ്ഞ് ഇന്ത്യയില്‍നിന്ന് തുര്‍ക്കിയിലേക്കുപോയ മുജാഹിറുകളായിരുന്നു ഇവര്‍. എം. എന്‍. റോയിയുടെ ഭാര്യ എലീനയാണത്രെ ഇവരെ വശീകരിച്ചുകൊണ്ടുവന്നത്. 

മാപ്പിള ലഹളയ്ക്ക്  മാര്‍ക്‌സിസ്റ്റ് മുദ്ര

പല വിഷയങ്ങളിലും കടകവിരുദ്ധമായ വീക്ഷണങ്ങള്‍ പുലര്‍ത്തിയിരുന്ന മഹാത്മാഗാന്ധിയും ഡോക്ടര്‍ ബി. ആര്‍. അംബേദ്കറും മുസ്ലിം മതഭ്രാന്തിന്റെ ബീഭത്സമായ പ്രകടനമായാണ് 1921-ലെ മാപ്പിള ലഹളയെന്ന് വിലയിരുത്തിയിട്ടുണ്ട്. ഈ മാപ്പിള ലഹളയെ കാര്‍ഷിക കലാപമായി ചിത്രീകരിച്ച് മതഭ്രാന്തിനെ വെള്ളപൂശുകയാണ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചെയ്തത്. 1947-ലെ ഇന്ത്യാ വിഭജനവും, 1969-ലെ മലപ്പുറം ജില്ലാ രൂപീകരണവും മുസ്ലിംലീഗിന്റെ മതപരമായ ആവശ്യമായിരുന്നു. രണ്ടിനും കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പിന്തുണ ലഭിച്ചു. രാഷ്ട്ര വിഭജനം അംഗീകരിച്ചപ്പോള്‍പ്പോലും അത് താല്‍ക്കാലികമാണെന്ന് ഇതുസംബന്ധിച്ച എഐസിസി പ്രമേയം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പാക്കിസ്ഥാന്‍ വിഭജനത്തിന് സ്വയംനിര്‍ണയാവകാശത്തിന്റെ മറപിടിച്ച് സൈദ്ധാന്തിക പിന്‍ബലം നല്‍കി ശാശ്വതവല്‍ക്കരിക്കുകയായിരുന്നു അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി. വീണ്ടുവിചാരമേതുമില്ലാതെ മലപ്പുറം ജില്ല അനുവദിച്ചതും ഇ.എം.എസ്. നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ കമ്യൂണിസ്റ്റ് ഭരണകൂടമായിരുന്നല്ലോ. ഇന്ത്യാ വിഭജനത്തിന്റെ 'മീനിയേച്ചര്‍' തന്നെയായിരുന്നല്ലോ മലപ്പുറം ജില്ലാ രൂപീകരണം.

എക്കാലത്തും രാഷ്ട്രീയ ഇസ്ലാമിന്റെ ഏറ്റവും തീവ്രമായ മുഖത്തോടാണ് ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ആഭിമുഖ്യം പുലര്‍ത്തിയിട്ടുള്ളത്. സ്വാതന്ത്ര്യസമരകാലത്ത് അത് മുസ്ലിംലീഗായിരുന്നുവെങ്കില്‍ (ഐയുഎംഎല്‍) സ്വാതന്ത്ര്യലബ്ധിക്കുശേഷം 1974-ല്‍ ലീഗില്‍നിന്ന് വിഘടിച്ചുപോന്ന അഖിലേന്ത്യാ ലീഗ് (എഐഎംഎല്‍) ആയിരുന്നു സഖ്യകക്ഷി. പിന്നീട് കടുത്ത വര്‍ഗീയ നിലപാടെടുത്ത ഇബ്രാഹിം സുലൈമാന്‍ സേട്ടിന്റെ ഐഎന്‍എല്ലുമായി സിപിഎം സഖ്യത്തിലേര്‍പ്പെട്ടു. ഇതിനുശേഷം, മുസ്ലിം വര്‍ഗീയതയെ ഭീകരവാദത്തിലേക്ക് നയിച്ച അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയുമായി സഖ്യമുണ്ടാക്കി. മുസ്ലിം മതമൗലികവാദം വിശ്വാസപ്രമാണമാക്കിയിട്ടുള്ള ജമാഅത്തെ ഇസ്ലാമിയുമായും അവരുടെ രാഷ്ട്രീയ പാര്‍ട്ടിയായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായും ഇടക്കാലത്ത് ധാരണയുണ്ടാക്കി. ഈ ധാരണ തുടര്‍ന്നുകൊണ്ടുതന്നെയാണ് യാതൊരു മറയുമില്ലാതെ ഇസ്ലാമിക ഭീകരവാദത്തെ പിന്‍പറ്റുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിവയുമായി സിപിഎം കൈകോര്‍ത്തിരിക്കുന്നത്. ആഗോള ഇസ്ലാമിക ഭീകരവാദത്തിന്റെ ആധുനിക മുഖമായ ഐഎസിനെയാണ് പോപ്പുലര്‍ ഫ്രണ്ടും എന്‍ഡിപിഐയും പ്രതിനിധീകരിക്കുന്നതെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് സിപിഎം അവര്‍ക്കൊപ്പം നിലയുറപ്പിച്ചിട്ടുള്ളത്.

യഥാര്‍ത്ഥത്തില്‍ ആശയപരമായി ഒരുതരത്തിലും ഒത്തുപോകാന്‍ ഇസ്ലാമിനും കമ്യൂണിസത്തിനും കഴിയില്ല. യുക്തിബോധത്തിന്റെ കണികപോലും അനുവദിക്കാത്ത അന്ധവിശ്വാസവും അടിമത്ത സമാനമായ വിധേയത്വവുമാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അനുയായികള്‍ അസഹിഷ്ണുക്കളും അക്രമകാരികളുമാവാനുള്ള കാരണവും ഇതാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന കാറല്‍ മാര്‍ക്‌സിന്റെ നിര്‍വചനം അതേപടി ഇസ്ലാമിന് ചേരും. കമ്യൂണിസ്റ്റുകള്‍ ആശയപരമായി എന്തിനുവേണ്ടിയൊക്കെ നിലകൊള്ളുന്നുവോ അതൊന്നും ഇസ്ലാമിന് സ്വീകാര്യമാവില്ല. പക്ഷേ  റാഡിക്കല്‍ ഇസ്ലാമിന്റെയും രാഷ്ട്രീയ ഇസ്ലാമിന്റെയും കാര്യം വരുമ്പോള്‍ ഇരുകൂട്ടരും ഒന്നിക്കുന്ന വിരോധാഭാസമാണ് കണ്ടുവരുന്നത്. പൊതുശത്രുവിനെതിരെ ആഗോളതലത്തില്‍തന്നെ ഇവര്‍ ഒന്നിക്കുന്നു. ഇന്ത്യയിലത് ദേശീയ ശക്തികള്‍ക്കെതിരെയാണ്.

ഹിംസയില്‍ ഒരേപോലെ വിശ്വസിക്കുന്നുവെന്നതും ഇടത്-ഇസ്ലാമിക സഖ്യത്തിനുള്ള പ്രേരണയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. 1921 ലെ മാപ്പിള ലഹള മലബാറിലെ ഹിന്ദുക്കളെ വംശീയമായി ഉന്മൂലനം ചെയ്യുന്നതായിരുന്നു. പിന്നെയും പതിറ്റാണ്ട് കഴിഞ്ഞാണ് (1934) കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍  പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെങ്കിലും, മതവെറിയാല്‍ മലബാറിലെ മാപ്പിളമാര്‍ ചെയ്തുകൂട്ടിയ അറപ്പും വെറുപ്പും ഉളവാക്കുന്ന മനുഷ്യഹത്യകള്‍ക്കു നേരെ കണ്ണടയ്ക്കുകയും ന്യായീകരിക്കുകയുമാണ് 1964 വരെ കമ്യൂണിസ്റ്റ് പാര്‍ട്ടിയും, അതിനുശേഷം സിപിഎമ്മും ചെയ്തത്. ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ വ്യക്തിപരമായ ഭീരുത്വമനഃസ്ഥിതിക്കപ്പുറം ഇസ്ലാമിക ഹിംസയെ മഹത്വവല്‍ക്കരിക്കുന്ന നയമാണ് ഇതിനുകാരണം. മാപ്പിള ലഹളയുടെ ശതാബ്ദിയാഘോഷിക്കാന്‍ റാഡിക്കല്‍ ഇസ്ലാമിന്റെ വക്താക്കള്‍ തയ്യാറെടുക്കുമ്പോഴും സിപിഎം അവലംബിക്കുന്ന  മൗനം ശ്രദ്ധേയമാണ്. മാപ്പിള ലഹള ആഘോഷിക്കപ്പെടേണ്ട ഒന്നല്ലെന്ന്, അതിനെ മതലഹള മാത്രമായി കാണാത്ത ഡോ. എം. ഗംഗാധരനെപ്പോലുള്ള ഒരു ചരിത്രകാരന്‍ നിലപാടെടുക്കുമ്പോഴും ഇടതുപക്ഷത്തിന് അത്തരമൊരു വിവേകം ഇല്ലാതെ പോകുന്നത് ഇസ്ലാമിക ഹിംസയോടുള്ള ആഭിമുഖ്യംകൊണ്ടാണ്.

മാറാടിന്റെ ചോരക്കറ സിപിഎമ്മിലും

ഒരര്‍ത്ഥത്തില്‍ മാപ്പിളലഹളയുടെ ആവര്‍ത്തനമായിരുന്നു മാറാട് കൂട്ടക്കൊല. ഈ ഭീകരകൃത്യം നിര്‍വഹിച്ചത് പോപ്പുലര്‍ ഫ്രണ്ടിന്റെ പൂര്‍വരൂപമായ എന്‍ഡിഎഫ് ആണെങ്കിലും മുസ്ലിംലീഗിനെപ്പോലെ സിപിഎമ്മിന്റേയും കൈകളില്‍ ഹിന്ദുക്കളുടെ ചോരക്കറയുണ്ട്. കൃത്യം നിര്‍വഹിച്ച ശേഷം അക്രമികള്‍ ഓടിക്കയറിയ പള്ളിയില്‍നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട 50-ലേറെ പ്രതികളില്‍ 20 -ലെറെപ്പേര്‍ സിപിഎമ്മുകാരായിരുന്നുവെന്ന് അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. വിവരമറിഞ്ഞ് ഔദ്യോഗിക വാഹനത്തില്‍ മാറാട് കടപ്പുറത്തേക്ക് വന്ന ലീഗ് നേതാവായ മായിന്‍ഹാജി  സംഭവസ്ഥലം സന്ദര്‍ശിക്കാതെ തിരിച്ചുപോവുകയായിരുന്നു. അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍ ചിലരുടെയെങ്കിലും ജീവന്‍ രക്ഷിക്കാമായിരുന്നു. കൂട്ടക്കൊലയ്ക്കുശേഷം ആക്രമണകാരികള്‍ ഓടിക്കയറിയ പള്ളിയില്‍ നേരിട്ടുചെന്ന്, തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി ചോരക്കറയും മറ്റും കഴുകിവൃത്തിയാക്കിയ മുസ്ലിംലീഗ് നേതാവ് ഇ. അഹമ്മദിനെപ്പോലെ കുറ്റക്കാരനാണ് കുറ്റവാളികള്‍ക്ക് സഹായംചെയ്തവര്‍ക്ക് ബിരിയാണി സദ്യ നടത്തിയ സിപിഎം നേതാക്കളും. ആക്രമണം ആസൂത്രണം ചെയ്യുന്നതിന്റെ ഭാഗമായി സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള 'മോസ്‌കോ' പള്ളിയിലും ആയുധങ്ങള്‍ സംഭരിച്ചിരുന്നു. ഇത് പോലീസ് പിടിച്ചെടുക്കുകയുണ്ടായി.

2003 മെയ് രണ്ടിനായിരുന്നു മാറാട് കൂട്ടക്കൊല. ജൂണ്‍ 16 ന് നിയമസഭ ചേര്‍ന്നു. പ്രതിപക്ഷമെന്ന നിലയ്ക്ക് സിപിഎം സംഭവത്തെ അപലപിക്കേണ്ടതായിരുന്നു. പക്ഷേ അതുണ്ടായില്ല. മുസ്ലിംലീഗിനെപ്പോലെ സിപിഎമ്മിന്റെയും സ്വാധീനമേഖലയാണ് മാറാട്. കൂട്ടക്കൊലയ്ക്കുശേഷം തിരിച്ചടി ഭയന്ന് മുസ്ലിങ്ങളായ വലിയൊരു വിഭാഗം സ്ഥലത്തുനിന്ന് പലായനം  ചെയ്തിരുന്നു. ഇവര്‍ക്കുവേണ്ടി ആറുമാസത്തോളം 'അഭയാര്‍ത്ഥി ക്യാമ്പ്' സംഘടിപ്പിച്ചത് സിപിഎമ്മാണ്. രാജ്യത്തെ നടുക്കിയ മാറാട്ട് കൂട്ടക്കൊലയുടെ കാര്യത്തില്‍ എന്‍ഡിഎഫിനേയും മുസ്ലിംലീഗിനേയും പോലെ സിപിഎമ്മും ഇരകള്‍ക്കൊപ്പമല്ല, വേട്ടക്കാര്‍ക്കൊപ്പമാണ് നിന്നതെന്നതിന് ഇതിലും കൂടുതല്‍ തെളിവ് ആവശ്യമില്ല.

മാറാട് കൂട്ടക്കൊലയെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നത് പൊതു ആവശ്യമായിരുന്നു. ഇങ്ങനെയൊരു അന്വേഷണം നടക്കാതിരിക്കാന്‍ എന്തൊക്കെ ചെയ്യേണ്ടതുണ്ടോ അതെല്ലാം ചെയ്ത ലീഗുപോലും, 'അന്വേഷിച്ചോട്ടെ' എന്ന് വെറുംവര്‍ത്തമാനം പറയുകയുണ്ടായി. എന്നാല്‍ സംഭവത്തിലെ ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യല്‍ കമ്മീഷനു മുന്നില്‍ ഹാജരായി സിബിഐ അന്വേഷണം വേണ്ടെന്ന് രേഖാമൂലം എഴുതിക്കൊടുത്ത പാര്‍ട്ടിയാണ് സിപിഎം. സംഭവത്തിനു പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സിബിഐ അന്വേഷണം വേണമെന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ടായിട്ടും കണ്ണില്‍പൊടിയിടുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്. തങ്ങളുടെ നേതാക്കള്‍ പിടിക്കപ്പെടാതിരിക്കാന്‍ മുസ്ലിംലീഗ് അവരുള്‍പ്പെടുന്ന യുഡിഎഫ് മുന്നണിയില്‍ മാത്രമല്ല, ഇടതുമുന്നണിയെ നയിക്കുന്ന സിപിഎമ്മിലും സ്വാധീനം ചെലുത്തിയിരുന്നു. 

മുസ്ലിംലീഗിലെ തീവ്രവാദമുഖങ്ങള്‍ സിപിഎമ്മിലേക്ക് സ്വാഭാവികമായിത്തന്നെ ചേക്കേറുന്നത് ഇടത്-ഇസ്ലാമിക സഖ്യത്തിന്റെ ചരിത്രപരതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഇ.എം.എസ്. നമ്പൂതിരിപ്പാട്, മഹാത്മാ ഗാന്ധിയോട് ഉപമിച്ച മദനിയും, 'ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ' എന്ന ദേശവിരുദ്ധ മുദ്രവാക്യമുയര്‍ത്തിയ 'സിമി'യുമായി ബന്ധമുണ്ടായിരുന്ന കെ.ടി. ജലീലും ഇവരില്‍പ്പെടുന്നു.

പിണറായി വിജയന്‍ പാര്‍ട്ടിസെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട, 2005-ല്‍ മലപ്പുറത്തു നടന്ന സിപിഎം സംസ്ഥാന സമ്മേളനം ഒരു വഴിത്തിരിവായിരുന്നു. മുസ്ലിംലീഗിന്റെ കോട്ടയായ മലപ്പുറം ചുവപ്പിക്കാനെന്നായിരുന്നു അവകാശവാദമെങ്കിലും, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ മറയിട്ട് ലീഗ് വിജയിപ്പിച്ചെടുക്കുന്ന മതരാഷ്ട്രീയം സിപിഎം സ്വാംശീകരിക്കുകയാണുണ്ടായത്. തെരഞ്ഞെടുപ്പ് വിജയങ്ങള്‍ മോഹിച്ച് മുസ്ലിംലീഗ് വിരുദ്ധരായ പാര്‍ട്ടികളേയും ലീഗ് വിമതരേയും കൂട്ടുപിടിക്കുമ്പോള്‍ സ്വീകാര്യത ലഭിക്കുന്നത് ലീഗിന്റെ മതരാഷ്ട്രീയത്തിനാണെന്ന കാര്യം സിപിഎം ബോധപൂര്‍വം വിസ്മരിക്കുന്നു. മതരാഷ്ട്രീയത്തിന്റെ കാര്യത്തില്‍ മുസ്ലിംലീഗും അഖിലേന്ത്യാ  ലീഗും പിഡിപിയും ജമാഅത്തെ ഇസ്ലാമിയും പോപ്പുലര്‍ ഫ്രണ്ടുമൊക്കെ ഒരേതൂവല്‍ പക്ഷികളാണ്.

ഇസ്ലാമിക ജിഹാദിനെ ആഗോളതലത്തില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ താലിബാന്‍, അല്‍ഖ്വയ്ദ, ഐഎസ് എന്നിങ്ങനെ ഭീകര സംഘടനകള്‍ പല കാലങ്ങളില്‍ രൂപപ്പെടുന്നതുപോലെയാണ് മുസ്ലിംലീഗ്, അഖിലേന്ത്യാ ലീഗ്, ഐഎന്‍എല്‍, പിഡിപി, എന്‍ഡിഎഫ്, പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നിങ്ങനെ രാഷ്ട്രീയ ഇസ്ലാം സംഘടനാ രൂപമാര്‍ജിക്കുന്നത്. 'ഖിലാഫത്ത്' എന്ന ആത്യന്തിക ലക്ഷ്യത്തിലേക്ക് നീങ്ങുന്ന ജിഹാദിന്റെ വ്യത്യസ്ത രൂപങ്ങളാണ് ഈ സംഘടനകള്‍. ദേശീയ ശക്തികളായ ആര്‍എസ്എസ്സിനും ബിജെപിക്കും നരേന്ദ്ര മോദി സര്‍ക്കാരിനുമെതിരെ  'മഹാസഖ്യം' രൂപപ്പെടുത്തുന്നതിനെക്കുറിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞ 'വ്യത്യസ്തമായി മുന്നേറി ഒരുമിച്ച് പ്രഹരിക്കുക' എന്ന ട്രോട്‌സ്‌കിയന്‍ തന്ത്രമായി ഇതിനെ വിശേഷിപ്പിക്കാം. വ്യത്യസ്ത പേരുകളില്‍ അറിയപ്പെടുകയും, വിഭിന്നമായ വീക്ഷണങ്ങള്‍ പുലര്‍ത്തുകയും ചെയ്യുന്ന ഇസ്ലാമിക സംഘടനകള്‍ മാറാട് കൂട്ടക്കൊലയുടെ കാര്യത്തില്‍ ഒറ്റക്കെട്ടായി നിലപാടെടുത്തത് ഇതിന് തെളിവാണ്.

ലഷ്‌കര്‍ ഭീകരതയ്ക്കും ചുവപ്പുപരവതാനി

ചരിത്രത്തിലെ നീണ്ട ഇടവേളയ്ക്കുശേഷം ഇസ്ലാമിക ഭീകരവാദത്തെ കേരളത്തിലേക്ക് ആനയിച്ചത് അബ്ദുള്‍ നാസര്‍ മദനിയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രിയായിരുന്ന എല്‍. കെ. അദ്വാനിയെ ലക്ഷ്യം വയ്ക്കുകയും, 58 പേരെ കൊലപ്പെടുത്തുകയും ചെയ്ത കോയമ്പത്തൂര്‍ ബോംബു സ്‌ഫോടനക്കേസില്‍ വിചാരണത്തടവുകാരനായിരിക്കെ മദനിയെ 'മലയാളത്തിന്റെ മണ്ഡേല' എന്ന് വിശേഷിപ്പിച്ചത് സ്വന്തം പാര്‍ട്ടിക്കാരാണെങ്കിലും, ഭീകരവാദിയായ ഒരാള്‍ക്ക് വിമോചകന്റെ പരിവേഷം നല്‍കിയത് സിപിഎമ്മായിരുന്നു. 2007-ല്‍ ജയില്‍ മോചിതനായ മദനിയെ സ്വീകരിച്ചാനയിക്കാന്‍ അന്ന് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍തന്നെ രംഗത്തുവന്നത് ഈ മഹത്വവല്‍ക്കരണത്തിനു സഹായിച്ചു. 2009-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയിലെ ഘടകകക്ഷികളുടെപോലും എതിര്‍പ്പ് അവഗണിച്ച് പിഡിപിയുമായി സിപിഎം സഖ്യമുണ്ടാക്കുകയും, പാര്‍ട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ മദനിയുമായി വേദി പങ്കിടുകയും ചെയ്തത് കക്ഷി രാഷ്ട്രീയത്തിന്റെ നിര്‍ബന്ധങ്ങള്‍ക്കപ്പുറം ദേശദ്രോഹപരമായ നടപടിയായിരുന്നു.

2008-ലെ ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ മദനിയെ കോടതി ഉത്തരവുണ്ടായിട്ടും കര്‍ണാടക പോലീസ് അറസ്റ്റു ചെയ്യുന്നത് തടയാന്‍  കഴിയാവുന്നതെല്ലാം കോടിയേരി ഭരിക്കുന്ന ആഭ്യന്തരവകുപ്പിന്റെ ഭാഗത്തുനിന്നും സിപിഎം നേതൃത്വത്തില്‍നിന്നും ഉണ്ടായി. പാക് ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയുടെ ആക്രമണ പദ്ധതിയാണ് മദനി കേരളത്തിനകത്തും പുറത്തും ആസൂത്രണം ചെയ്തത്. ലഷ്‌കറിന്റെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തിടയന്റവിട നസീര്‍ ബെംഗളൂരു ബോംബു സ്‌ഫോടനക്കേസില്‍ മദനിയുടെ കൂട്ടുപ്രതിയും, ഉറ്റ അനുയായിയുമാണെന്നോര്‍ക്കുക. ലഷ്‌കര്‍ ഭീകര നേതാവായ ഹഫീസ് സെയ്ദിന് പാകിസ്ഥാന്‍ സര്‍ക്കാര്‍ രക്ഷാകവചമൊരുക്കുന്നതുപോലെയാണ് മദനിയെ സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും പരിചരിക്കുന്നത്.

ഇടത്-ഇസ്ലാമിക സഖ്യം തന്ത്രപരവും ശക്തവുമാണ്. ഇരുപക്ഷത്തുമുള്ള വിയോജിപ്പുകളെ നേതൃത്വം കാര്യമാക്കുന്നില്ല. ഇതിന്റെ പ്രത്യക്ഷ തെളിവാണ് മുഖ്യമന്ത്രിയായിരിക്കെ 2010 ല്‍ വി.എസ്. അച്യുതാനന്ദന്‍ ദല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തില്‍ നടത്തിയ പ്രസ്താവന. ''20 വര്‍ഷത്തിനകം കേരളത്തെ മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമാക്കാനാണ് അവര്‍ (ഇസ്ലാമിക തീവ്രവാദികള്‍) ശ്രമിക്കുന്നത്. ആളുകളെ ഇസ്ലാമിലേക്ക് മതംമാറ്റാന്‍ അവര്‍  പണവും മറ്റ് പ്രലോഭനങ്ങളും ഉപയോഗിക്കുന്നു. മുസ്ലിം ജനസംഖ്യ വര്‍ധിപ്പിക്കാന്‍ മതത്തിനു പുറത്തുള്ള സ്ത്രീകളെ അവര്‍ വിവാഹം കഴിക്കുകപോലും ചെയ്യുന്നു'' എന്നായിരുന്നു അച്യുതാനന്ദന്‍ പറഞ്ഞത്. അച്യുതാനന്ദന്‍ ഹിന്ദുത്വവാദികളുടെ ഭാഷയില്‍ സംസാരിക്കുന്നുവെന്ന് പറഞ്ഞ് ചില മുസ്ലിം സംഘടനകള്‍ പ്രതിഷേധമുയര്‍ത്തിയെങ്കിലും നിലപാട് മാറ്റാന്‍ അദ്ദേഹം തയ്യാറായില്ല. ''ഞാന്‍ സംസാരിച്ചത് മുസ്ലിം തീവ്രവാദികളെക്കുറിച്ചാണ്. മുസ്ലിം സമൂഹത്തെക്കുറിച്ചല്ല. സംസ്ഥാനത്ത് ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ സങ്കേതങ്ങളില്‍നിന്ന് ലഭിച്ച രേഖകളില്‍നിന്നാണ് എനിക്ക് ഈ വിവരം ലഭിച്ചത്.'' അച്യുതാനന്ദന്റെ അതിശക്തമായ ഈ നിലപാട് തള്ളിയാണ് പോപ്പുലര്‍ ഫ്രണ്ടിനേയും എസ്ഡിപിഐയേയും പോലുള്ള ഇസ്ലാമിക തീവ്രവാദികളുമായും ഭീകരവാദികളുമായും സിപിഎം സഖ്യമുണ്ടാക്കുന്നത്.

(അടുത്തത്: മാര്‍ക്‌സില്‍ നിന്ന് മൗദൂദി വഴി ഐഎസിലേക്ക്)

 

ആട്ടിന്‍തോലിട്ട ചെന്നായ്ക്കള്‍—പ്രശാന്ത് ആര്യ

നാട്ടിന്‍പുറങ്ങളിലെ അമ്മമാര്‍ കുസൃതികാട്ടുന്ന കുട്ടികളെ ഭയപ്പെടുത്തി വരുതിക്ക് നിര്‍ത്താന്‍ സാധാരണ പറയാറുള്ള കഥയാണ് ആട്ടിന്‍തോലിട്ട ചെന്നായയുടേത്. ''പണ്ട് കാട്ടില്‍ കഴിഞ്ഞിരുന്ന ഒരു ചെന്നായയ്ക്ക് വയസ്സായി. പ്രായം ചെന്നതോടെ ആരോഗ്യം കുറഞ്ഞു, കാഴ്ച മങ്ങി. ഇരയെ വേട്ടയാടി പിടിക്കാനുള്ള ശക്തി ചോര്‍ന്നു. പക്ഷേ വിശപ്പിന് മാത്രം കുറവില്ല. കൊതി കൂടുന്നതല്ലാതെ കുറയുന്നില്ല. 'വയമേവ ജീര്‍ണാ തൃഷ്ണാ ന ജീര്‍ണാ' എന്ന് പണ്ട് ഭര്‍ത്തൃഹരി പ്രയോഗിച്ചത് ഈ ചെന്നായയെ ഉദ്ദേശിച്ചാണോയെന്ന് സംശയമുണ്ട്. ഞാന്‍ വൃദ്ധനായി പക്ഷേ എന്റെ ആഗ്രഹങ്ങളെ വാര്‍ധക്യം ബാധിച്ചില്ല, അതിപ്പോഴും യൗവ്വനയുക്തമായി തുടരുന്നു, അതുപോലെയാണ് ചെന്നായയുടെ വിശപ്പ്. എത്ര തിന്നാലും മതിവരില്ല ചെന്നായകള്‍ക്ക്. പ്രാചീന സാഹിത്യത്തില്‍ ഒരിക്കലും ശമിക്കാത്ത ആ വിശപ്പിനെ ഉപമിച്ചിരിക്കുന്നത് വേശ്യയുടെ ധനാര്‍ത്തിയോടാണ്. കഥയിലെ വൃദ്ധനായ ചെന്നായയും വിശപ്പടക്കാനാകാതെ എരിപൊരി കൊണ്ടു. അവസാനം ഇര തേടാന്‍ കഴിയാതിരുന്ന വക്രബുദ്ധിക്കാരനായ ചെന്നായ പശിയടക്കാന്‍ മാര്‍ഗം കണ്ടുപിടിച്ചു. മരിച്ച ഒരു ആടിന്റെ തോല്‍ സംഘടിപ്പിക്കുക. അത് സ്വന്തം ശരീരത്തില്‍ അണിഞ്ഞുകൊണ്ട് കുന്നിന്‍പുറങ്ങളില്‍ മേയാന്‍ വരുന്ന ആട്ടിന്‍ പറ്റത്തിനൊപ്പം ചേരുക. പുല്ലു തിന്നുന്നതായി അഭിനയിച്ച് തരം കിട്ടുമ്പോള്‍ കൊഴുത്ത ആടിനെ കൂട്ടംതെറ്റിച്ച് ഒറ്റപ്പെടുത്തി കൊന്ന് ശാപ്പിടുക. എങ്ങനെയുണ്ട് ചെന്നായയുടെ ബുദ്ധി? ഒട്ടും സമയം കളഞ്ഞില്ല. ആശാന്‍ ഒരു ആട്ടിന്‍തോല്‍ സംഘടിപ്പിച്ച് അണിഞ്ഞു. കാഴ്ചയ്ക്ക് ആടിനെപ്പോലെ തന്നെയുണ്ട്. ആട്ടിന്‍പറ്റത്തിനൊപ്പം ചേര്‍ന്നു. തരംപോലെ കണ്ടുവച്ച ആടിനെ കൂട്ടം തെറ്റിച്ച് ഒറ്റപ്പെടുത്തി കൊന്നുതിന്ന് വിശപ്പടക്കി.'' എന്നാല്‍ ഇത് അധികകാലം നീണ്ടില്ല. ചെന്നായയ്ക്ക് മാത്രമല്ല ബുദ്ധി, ആടുകളെ മേയ്ക്കാന്‍ കൊണ്ടുവന്നിരുന്ന ഇടയനും ബുദ്ധിമാനായിരുന്നു. ആടുകളുടെ എണ്ണം കുറയുന്നത് ഇടയന്‍ മനസ്സിലാക്കി. ചെന്നായ കൈയ്യോടെ പിടിക്കപ്പെട്ടു. പിന്നീടെന്തു സംഭവിച്ചെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ!

ഈ ചെന്നായയ്ക്ക് ഇന്ന് എന്താണ് പ്രസക്തിയെന്ന് ചോദിച്ചേക്കാം. പ്രസക്തിയുണ്ട്. ഇത്തരം ചെന്നായ്ക്കള്‍ ഇന്ന് കാട്ടില്‍ മാത്രമല്ല നാട്ടിലുമുണ്ട്. അവര്‍ മറ്റാരുമല്ല മാനവികതയുടെ മേലങ്കി അണിഞ്ഞിരിക്കുന്ന മതപരിവര്‍ത്തകരും മതേതരത്വത്തിന്റെ മൂടുപടം അണിഞ്ഞിരിക്കുന്ന രാഷ്ട്രീയക്കാരുമാണ്. പ്രത്യേകിച്ചും ഇസ്ലാംമതത്തിന്റെ പ്രചാരകരും പ്രവാചകരുമായ ആള്‍ക്കാര്‍. ഒപ്പം പൊന്നരിവാളമ്പിളിയില്‍ കാക്കക്കണ്ണെറിഞ്ഞിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരും. അതില്‍ എടുത്തുപറയേണ്ടത് സലഫിസം ആപാദചൂഡം വാരിപ്പൂശിയിരിക്കുന്ന മുജാഹിദുകളെയും ഭൂമിയില്‍ വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കാന്‍ വെമ്പിനില്ക്കുന്ന സിപിഎമ്മിനെയും കുറിച്ചാണ്. 

പുറമെ മതസൗഹാര്‍ദ്ദം അകമെ ഇസ്ലാം മതമൗലികവാദം. എന്തുചെയ്തും ഇസ്ലാമിലേക്ക് ആളെ കൂട്ടുക. അതുമാത്രമാണ് മുജാഹിദുകളുടെ ലക്ഷ്യം. ആട്ടിന്‍തോലണിഞ്ഞ ചെന്നായയെപ്പോലെ ഇവര്‍ പല വേഷങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. വിദ്യാഭ്യാസസ്ഥാപനങ്ങളില്‍, ആതുരാലയങ്ങളില്‍, കച്ചവടസ്ഥാപനങ്ങളില്‍ തുടങ്ങി ഒട്ടനേകം മേഖലകളില്‍ സൗഹൃദത്തിന്റെ, നന്മയുടെ, മാനവികതയുടെ മുഖംമൂടി അണിഞ്ഞ് അവര്‍ നിലകൊള്ളും. അവസരം കിട്ടിയാല്‍ ചെന്നായ ഇരയെ ഒറ്റപ്പെടുത്തി കൊന്നുതിന്നുന്ന അതേ ലാഘവത്തോടെ ഇവര്‍ ഹിന്ദുക്കളെ ധര്‍മഭ്രഷ്ടരാക്കി മതംമാറ്റി തങ്ങളുടെ മതത്തില്‍ ചേര്‍ക്കുന്നു. പിന്നീട് വിശുദ്ധയുദ്ധത്തിനായി കയറ്റുമതി ചെയ്യുന്നു. അഫ്ഗാനിലും സിറിയയിലും മറ്റും എത്തപ്പെടുന്ന ഇക്കൂട്ടര്‍ അവസാനം വെടിയുണ്ടകള്‍ക്കിരയായി ശഹീദാ(രക്തസാക്ഷി)കുന്നു. കമ്മ്യൂണിസ്റ്റുകാരുടെയും പ്രവൃത്തി മറ്റൊന്നല്ല. അവര്‍ ഹിന്ദുക്കളായ അണികളെ വിശ്വാസഹീനരും ധര്‍മഭ്രഷ്ടരുമാക്കി പാര്‍ട്ടിക്കുവേണ്ടി തല്ലാനും കൊല്ലാനുമുള്ള ചാവേറുകളാക്കുന്നു. ഒന്നുകില്‍ ജയില്‍ അല്ലെങ്കില്‍ ചുവന്നപട്ടില്‍ പൊതിഞ്ഞ് ചുടുകാട്ടിലേക്കെടുക്കാന്‍ പര്യാപ്തമായ രക്തസാക്ഷി. ഇതാണ് കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെ ശരാശരി ഹിന്ദുവിന്റെ അവസ്ഥ.

മുജാഹിദ് പ്രസ്ഥാനം: 

ആവിര്‍ഭാവവും വളര്‍ച്ചയും

മുജാഹിദുകളുടെ മതപരിവര്‍ത്തനതന്ത്രം രണ്ടുപതിറ്റാണ്ടിലധികമായി കേരളത്തില്‍ നിര്‍ബാധം നടന്നുവരികയാണ്. ഇസ്ലാമിലെ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇല്ലായ്മ ചെയ്യാന്‍ ഉടലെടുത്ത പ്രസ്ഥാനമാണത്രെ മുജാഹിദ്. ആ വാക്കിന്റെ തന്നെ അര്‍ഥം യഥാര്‍ഥ ഇസ്ലാംവിശ്വാസി എന്നാണ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന മുജാഹിദ് പ്രസ്ഥാനമാണ് നദ്‌വത്തുല്‍ മുജാഹിദ്. ഇന്ന് ഈ സംഘടന അണികളിലെ സിദ്ധാന്തവൈരുധ്യം മൂലം രണ്ടായിപിരിഞ്ഞ് തമ്മിലടിച്ചും അകന്നും മുന്നേറുന്നു. നദ്‌വത്തുല്‍ മുജാഹിദ് പ്രസ്ഥാനം ആരംഭിക്കുന്ന കാലത്തുതന്നെ ഇതിലെ പണ്ഡിതന്മാര്‍ മറ്റു മതങ്ങളെക്കുറിച്ചും പഠിക്കാനാരംഭിച്ചു. തികച്ചും ഇസ്ലാമികദൃഷ്ടിയില്‍ ഇതരമതങ്ങളെ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്തതിലൂടെ ഏതൊക്കെ മാര്‍ഗങ്ങളിലൂടെ അമുസ്ലിങ്ങളെ ഇസ്ലാം ആശ്ലേഷിപ്പിക്കാം എന്ന ഗവേഷണവും അവര്‍ നടത്തി. അതിന്റെ ഫലമായി കൊച്ചു കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ സൃഷ്ടിക്കപ്പെട്ടതാണ് എം.എം. അക്ബര്‍ നേതൃത്വം നല്കുന്ന നിച്ച് ഓഫ് ട്രൂത്ത് പോലുള്ള സംഘടനകള്‍. ദേശീയതലത്തില്‍ ഡോ: സക്കീര്‍നായിക്കിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഇസ്ലാമിക റിസര്‍ച്ച് ഫൗണ്ടേഷന്റെ അതേ പ്രവര്‍ത്തനങ്ങളാണ് ഇവിടെ പരപ്പനങ്ങാടിക്കാരന്‍ മേലേവീട്ടില്‍ മുഹമ്മദ് അക്ബര്‍ എന്ന എം.എം. അക്ബറിന്റെയും നേതൃത്വത്തില്‍ നടന്നുവരുന്നത്.

ഖുറാന്‍ ചോദ്യംചെയ്യപ്പെടാന്‍ പാടില്ലാത്ത ദൈവികഗ്രന്ഥമാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന ഇവര്‍ ആധുനിക ശാസ്ത്രവിജ്ഞാനത്തിന്റെ മൂലം ഖുറാനാണെന്ന് സ്ഥാപിക്കുന്നു. ഇത് സാധൂകരിക്കാന്‍ ഭൂമി ഉരുണ്ടതാണെന്ന് ആദ്യം പറഞ്ഞത് ഖുറാനിലാണ് എന്നതു പോലുള്ള പെരുംനുണകളാണ് പ്രചരിപ്പിക്കുന്നത്. ഇതിനായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. പരമതനിന്ദയും ഇസ്ലാം മാത്രമാണ് ശ്രേഷ്ഠമെന്ന ഗീര്‍വാണവും. മരണാനന്തരം രക്ഷ വേണമെങ്കില്‍ വേഗം ഇസ്ലാമില്‍ ചേര്‍ന്നുകൊള്ളുക. ഇങ്ങനെ പോകുന്നു പുസ്തകങ്ങളിലെ ഇതിവൃത്തം. പോരാത്തതിന് വടിവൊത്ത വാക്ചാതുര്യത്തില്‍ പ്രസംഗവും. ഇതെല്ലാം സിഡികളിലാക്കി സൗജന്യമായി അമുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുന്നു. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ യൂ ട്യൂബിലും ചേര്‍ത്തിട്ടുണ്ട്. ഇതെല്ലാം കാണുകയും കേള്‍ക്കുകയും വായിക്കുകയും ചെയ്യുന്ന ശരാശരി മതബോധം പോലുമില്ലാത്ത ഹിന്ദുക്കളാണ് ഇക്കൂട്ടരുടെ മുഖ്യലക്ഷ്യം. ആടുകളെ ലക്ഷ്യമിടുന്ന നമ്മുടെ വയസ്സന്‍ ചെന്നായയെ പോലെ.

കായികബലം കൊണ്ട് കൊന്നും കൊലവിളിച്ചും ഇനി ഇസ്ലാം പ്രചരിപ്പിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ക്ക് നല്ല ബോധ്യമുണ്ട്. പിന്നെ എങ്ങനെയും ദീനില്‍ ചേര്‍ത്ത് ആളെണ്ണം കൂട്ടുക. പെറ്റു കൂട്ടുന്നതിനൊപ്പം ചതിച്ചും വഞ്ചിച്ചും നുണപറഞ്ഞും അമുസ്ലിങ്ങളെ മുസ്ലിങ്ങളാക്കുക. അതിനാണ് മതപണ്ഡിതന്റെയും മതസൗഹാര്‍ദത്തിന്റെയും സാമൂഹ്യപരിഷ്‌കര്‍ത്താവിന്റെയും ഒക്കെ മേലങ്കി ഇവര്‍ അണിഞ്ഞിരിക്കുന്നത്. ഇവരുടെ ഉസ്താദുമാര്‍ ഡോ സക്കീര്‍ നായിക്കും എം.എം. അക്ബറും സമീപകാലത്ത് തിരിച്ചറിയപ്പെട്ടു. ഡോ സക്കീര്‍ നായിക് ഇപ്പോള്‍ ഒളിവിലാണ്. ഒളിഞ്ഞിരുന്നും അദ്ദേഹം ഗീര്‍വാണമടി തുടരുന്നുണ്ട്. സമാനമാണ് എം.എം. അക്ബറിന്റെ സ്ഥിതിയും. കേരളത്തില്‍ സമാധാനസ്‌കൂള്‍ നടത്തി എട്ടുംപൊട്ടും തിരിയാത്ത പിഞ്ചുകുട്ടികളില്‍ ഇസ്ലാം മതമൗലികവാദമെന്ന വിഷം കുത്തിവച്ച കുറ്റത്തിന് പിടിക്കപ്പെടുമെന്നായപ്പോള്‍ അക്ബര്‍ നാടുവിട്ടു. അല്ല, സംസ്ഥാനം ഭരിക്കുന്നവര്‍ ചേര്‍ന്ന് അക്ബറിനെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു എന്നു പറയുന്നതാകും കൂടുതല്‍ ശരി. ഇവര്‍ ആട്ടിന്‍തോലിട്ട ചെന്നായ്ക്കളാണെങ്കില്‍ ഇവരെ സഹായിക്കുന്ന സിപിഎം നേതാക്കള്‍ മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന ചതിയന്‍ കുറുക്കനാണ്. സിപിഎമ്മിന് വോട്ടാണ് മുഖ്യം. ജയിച്ച് അധികാരത്തിലേറുക. അതിനുവേണ്ടി എന്തു നെറികേടും അവര്‍ ചെയ്യും. ഏതു കള്ളനുമായും കൂട്ടുകൂടും. കൊള്ളക്കാര്‍ക്ക് പായ് വിരിക്കും. രാജ്യദ്രോഹികളുമായി തോളില്‍ കൈയ്യിടും. ദൈവത്തിന്റെ സ്വന്തം നാടായി അറിയപ്പെടുന്ന സമത്വസുന്ദര കൊച്ചുകേരളം ഉണ്ടാകുന്നതിന് മുമ്പുതന്നെ ഈ കാഴ്ചകള്‍ സിപിഎമ്മില്‍ നിന്ന് കണ്ടുതുടങ്ങിയതാണ്. എന്നാലിപ്പോള്‍ അത് പൂര്‍വാധികം ശക്തിപ്രാപിച്ചിരിക്കുന്നു. നാലു വോട്ടിനും അധികാരത്തിനും വേണ്ടി ഇടതുമുന്നണിയും അതിനെ നയിക്കുന്ന സിപിഎമ്മും എന്തു കൊള്ളരുതായ്മയും കാണിക്കും.

വിപ്ലവപാര്‍ട്ടി നേരിടുന്ന ച്യുതിയും

അതിജീവനത്തിനുള്ള ഗതികേടും

പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അല്പം പോലും വിശ്വാസമില്ലാത്ത കൂട്ടരാണ് കമ്മ്യൂണിസ്റ്റുകാര്‍. ലോകത്തൊരിടത്തും കേരളത്തിലും ബംഗാളിലും അടക്കം അവര്‍ വളര്‍ന്നത് ജനാധിപത്യ മാര്‍ഗം അവലംബിച്ചില്ല. അവസരം കിട്ടിയാല്‍ ഭരണഘടനയെയും ജനാധിപത്യത്തെയും തള്ളിപ്പറഞ്ഞ് കാറ്റില്‍പ്പറത്താന്‍ മടിക്കാത്ത ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടികള്‍ അധികാരത്തിലേറാന്‍ ഏതു ഹീനമാര്‍ഗവും ഉപയോഗിക്കും. അത് തെളിയിക്കുന്നതാണ് അടുത്തകാലത്ത് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ഒരു പ്രസ്താവന. ലൗ ജിഹാദ് എന്ന വാക്ക് കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ സംഘപരിവാരം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. മാധ്യമങ്ങളായ മാധ്യമങ്ങളൊക്കെ മുഖ്യമന്ത്രിയുടെ വാചകം എരിവും പുളിയും ചേര്‍ത്ത് വിളമ്പി. കൂട്ടത്തില്‍ സംഘപരിവാറിനെ അടച്ചാക്ഷേപിക്കാനും മറന്നില്ല. പക്ഷേ ലൗ ജിഹാദിനെക്കുറിച്ചുള്ള കേരള മുഖ്യന്‍ പിണറായിയുടെ വാക്കുകള്‍ക്ക് 24 മണിക്കൂറില്‍ കൂടുതല്‍ ആയുസ്സുണ്ടായില്ല. ഒരു ദേശീയ മാധ്യമത്തിന്റെ ഒളിക്യാമറാ ഓപ്പറേഷനിലൂടെ ലൗ ജിഹാദും കേരളത്തിലെ മുസ്ലിം തീവ്രവാദവും മറനീക്കി പുറത്തുവന്നു. അതോടെ പ്രബുദ്ധരായ കേരളജനത മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളിക്കളഞ്ഞു. കൂടുതല്‍ പ്രചരിപ്പിച്ചാല്‍ അപകടമാകുമെന്ന് കണ്ട് മാധ്യമങ്ങളും അപ്പോഴേക്കും പിന്‍വാങ്ങി.

ഇവിടെ പരിശോധിക്കേണ്ടതും വിലയിരുത്തേണ്ടതുമായ ഒട്ടനവധി കാര്യങ്ങളുണ്ട്. പിണറായി വിജയനെന്ന മുഖ്യമന്ത്രി വെറുതെ തഞ്ചത്തിന് പറഞ്ഞതാണോ ഇക്കാര്യം ? അതോ എന്തെങ്കിലും രാഷ്ട്രീയലക്ഷ്യം ഉള്ളില്‍വച്ച് കാച്ചിയതോ ? അക്കാര്യം ചികയും മുമ്പ് പിണറായിക്ക് മുമ്പ് കേരളം ഭരിച്ചിരുന്ന സിപിഎം മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ എന്ന് പരിശോധിക്കണമല്ലോ  2010-11 കാലത്ത് ലൗ ജിഹാദിനെ കുറിച്ച് വി എസ് പറഞ്ഞതിങ്ങനെ: ''അമുസ്ലിം പെണ്‍കുട്ടികളെ പ്രണയം നടിച്ച് വശീകരിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്ത് കല്യാണം കഴിക്കുന്ന ഏര്‍പ്പാട് കേരളത്തില്‍ വ്യാപകമാണ്. 20 വര്‍ഷം കൊണ്ട് ഇത്തരത്തില്‍ ജനസംഖ്യ വര്‍ധിപ്പിച്ച് കേരളത്തെ മുസ്ലിംഭൂരിപക്ഷ സംസ്ഥാനമാക്കാനാണ് ശ്രമം.'' സഖാവ് വിഎസ് പറഞ്ഞതിന് കടകവിരുദ്ധമല്ലേ ഇക്കുറി മുഖ്യമന്ത്രിയായി സ്ഥാനമേറ്റ സിപിഎം മുന്‍ സംസ്ഥാനസെക്രട്ടറി കൂടിയായ പിണറായി പറഞ്ഞത്. എന്താണതിന് കാരണം? ഉത്തരം വളരെ ലളിതം. അധികാരവും സമ്പത്തും സ്വാര്‍ഥതയും അതു നല്കുന്ന സുഖവും.

പിണറായി വിജയനെന്ന കമ്മ്യൂണിസ്റ്റുകാരനെ മലയാളി നന്നായി അറിയും. കുലംകുത്തികളെ നിഷ്‌ക്കരുണം വെട്ടിനുറുക്കുന്ന കമ്മ്യൂണിസ്റ്റ് കാപാലികരെ ന്യായീകരിക്കുന്ന അദ്ദേഹത്തിന്റെ സിദ്ധാന്താവേശവും സംഘടനാബോധവും മാര്‍ക്‌സിസ്റ്റുകാര്‍ക്കു മാത്രമല്ല എതിരാളികള്‍ക്കും പാഠമാണ്. എന്നാല്‍ ആ കമ്മ്യൂണിസ്റ്റുകാരനില്‍ ഒളിഞ്ഞിരിക്കുന്ന  കടുത്ത പാര്‍ലമെന്ററി മോഹത്തിന് അടിമയായ, സ്വാര്‍ത്ഥനായ സൂത്രശാലിയെ അധികമാര്‍ക്കും അറിയില്ല. ബൂര്‍ഷ്വായെ തോല്പ്പിക്കാന്‍ ബൂര്‍ഷ്വായുടെ അച്ഛനും അപ്പൂപ്പനുമാകണമെന്ന നിലപാട് ചുവപ്പ് കുപ്പായം കൊണ്ട് അദ്ദേഹം നന്നായി മറച്ചിരിക്കുന്നു. പിണറായിക്കാരന്റെ ഈ കുബുദ്ധി ഇന്ന് കേരളത്തെ കൊണ്ടെത്തിച്ചിരിക്കുന്നത് എവിടെയാണ് ? കേരളത്തില്‍ കമ്മ്യൂണിസം പിടിച്ചുനില്‍ക്കാന്‍ പെടുന്ന പാട് മറ്റാരെക്കാളും പിണറായിക്ക് നല്ല ബോധ്യമുണ്ട്.

കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി സംസ്ഥാനത്ത് ശിഥിലമായി. മുന്നണിയില്‍ മുസ്ലിംലീഗ് മാത്രമാണ് 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അതിജീവിക്കാന്‍ പോകുന്നത്. അതും മുസ്ലിം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തു മാത്രം. എക്കാലവും ന്യൂനപക്ഷവോട്ടുബാങ്കില്‍ അടിയുറച്ചുനിന്ന ഐക്യമുന്നണി 2016 ലെ തിരഞ്ഞെടുപ്പില്‍ ആടിയുലഞ്ഞിരുന്നു. ബിജെപി മുന്നോട്ടുവച്ച ഹിന്ദുത്വരാഷ്ട്രീയത്തില്‍ ജനം കൂടുതല്‍ വിശ്വാസമര്‍പ്പിച്ചതോടെ യുഡിഎഫ് എന്ന ഐക്യമില്ലാമുന്നണി അമ്പേ തകര്‍ന്നു. ആ തകര്‍ച്ച നിയമസഭയില്‍ ഒരംഗമേ ഉള്ളൂവെങ്കിലും ബിജെപിയെ മുഖ്യപ്രതിപക്ഷ സ്ഥാനത്തെത്തിച്ചു. എട്ട് മണ്ഡലങ്ങളില്‍ നിസ്സാരവോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തായ ബിജെപി 25 ലധികം മണ്ഡലങ്ങളില്‍ 25,000 ത്തിലധികം വോട്ടുനേടി. ആകെ വോട്ടുശതമാനം പത്തില്‍ നിന്ന് 16 ലേക്ക് വര്‍ധിപ്പിച്ചു. ഇതോടെ കേരളരാഷ്ട്രീയം ഇടതുവലത് മുന്നണികള്‍ക്കു ചുറ്റും കറങ്ങിത്തിരിഞ്ഞിരുന്നത് അവസാനിച്ചു. കാറ്റ് മാറിവീശി. ഇന്നത് ബിജെപി-ബിജെപി ഇതരകക്ഷികള്‍ എന്ന നിലയിലാണ് മുന്നോട്ടു പോകുന്നത്. ബിജെപിയുടെ വളര്‍ച്ച ഏറ്റവും കൂടുതല്‍ അസ്വസ്ഥത ജനിപ്പിക്കുന്നത് ഇടതുപക്ഷത്തിനാണ്. കാരണം കപടഹിന്ദുത്വം കളിച്ച് എക്കാലവും ഹിന്ദുക്കളുടെ വോട്ട് കീശയിലാക്കി നേട്ടം കൊയ്തിരുന്നത് അവരാണ്. കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിക്കുന്നത് ഇടതുപക്ഷത്തെ മറ്റാരെക്കാളും സിപിഎം തിരിച്ചറിഞ്ഞു. അതിനാലാണ് തിരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് സംഘപരിവാര്‍ ഭയം വിതച്ച് ന്യൂനപക്ഷവോട്ടുകള്‍ പരമാവധി നേടുക എന്ന തന്ത്രം അവര്‍ പയറ്റിയത്. അതിലൊട്ടൊക്കെ വിജയിച്ചെന്നു പറയാം. മലപ്പുറം ഒഴികെ മറ്റു ജില്ലകളില്‍ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും മുസ്ലിങ്ങള്‍ പൂര്‍ണമായും ഇടതുമുന്നണിയെ പിന്തുണച്ചു. മുസ്ലിം ലീഗിന്റെ കോട്ടയെന്ന് വിശേഷിപ്പിക്കുന്ന മലപ്പുറം പക്ഷേ പാരമ്പര്യം കൈവിട്ടില്ല. വിരലില്ലെണ്ണാവുന്ന ചില സീറ്റുകളിലൊഴികെ മലപ്പുറത്ത് മുസ്ലിംലീഗ് വിജയിച്ചു. മുസ്ലിം വോട്ട് പെട്ടിയിലാക്കാനുള്ള പരീക്ഷണം മാര്‍ക്‌സിസ്റ്റുകാര്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. സഖാവ് ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ കാലം മുതല്‍ക്ക് ആരംഭിച്ചതാണ് ഈ രാഷ്ട്രീയ അടവുനയം. രാഷ്ട്രവിഭജനത്തെ അനുകൂലിച്ചും പ്രത്യേക ജില്ല രൂപീകരണത്തിന് പച്ചക്കൊടി വീശിയും  തര്‍ക്കമന്ദിരത്തെ വിവാദവിഷയമാക്കിയും ഇടതുപക്ഷം മുസ്ലിം വോട്ടുബാങ്ക് കാത്തുസൂക്ഷിച്ചു പോന്നു. ശരീഅത്തിനെയും മുസ്ലിം ജനസംഖ്യാവര്‍ധനവിനെയും ബഹുഭാര്യാത്വത്തെയും മുത്തലാഖിനെയും തരാതരം ഉപയോഗിച്ച് ഹിന്ദു-പിന്നാക്ക വിഭാഗ വോട്ടുകള്‍ നേടാനും അവര്‍ക്ക് സാധിച്ചിരുന്നു. ഈ രണ്ട് അടവു നയങ്ങളും മാറിമാറി പ്രയോഗിച്ചാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഒന്നിടവിട്ടുള്ള തെരഞ്ഞെടുപ്പുകളില്‍ വിജയിച്ചുപോന്നത്.

പക്ഷേ ഈ നയം ശാശ്വതമല്ലെന്ന് ഇന്ന് പിണറായി വിജയനും മാര്‍ക്‌സിസ്റ്റു പാര്‍ട്ടിക്കും നന്നായി അറിയാം. മുസ്ലിം ജനസംഖ്യ നിശ്ചിതശതമാനത്തിന് മുകളിലെത്തിയാല്‍ പിന്നെ ആദ്യം ശവപ്പെട്ടി ഒരുങ്ങുക കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കായിരിക്കുമെന്ന് സഖാക്കള്‍ക്ക് നല്ല ബോധ്യമുണ്ട്. ഇപ്പോള്‍ തന്നെ മുസ്ലിം ഭൂരിപക്ഷ മണ്ഡലങ്ങളില്‍ മുസ്ലിം സ്ഥാനാര്‍ഥിയെ തന്നെ മത്സരിപ്പിക്കേണ്ട ഗതികേടിലാണ് പാര്‍ട്ടി. സഖാക്കള്‍ ലാല്‍സലാം പറഞ്ഞ് അഭിവാദ്യമര്‍പ്പിച്ചിരുന്ന അവസ്ഥയില്‍ നിന്ന് അസലാമു അലൈക്കും പറയുന്ന ദുരന്തത്തിലേക്ക് പാര്‍ട്ടി എത്തപ്പെട്ടു. പാര്‍ട്ടിയുടെ പോഷകസംഘടനകളുടെ സ്ഥിതിയും മറിച്ചല്ല. ഡിവൈഎഫ്‌ഐ നേതൃപദവികള്‍ പൂര്‍ണമായും മുസ്ലിങ്ങള്‍ക്ക് സംവരണം ചെയ്തിരിക്കുകയാണ്. പോലീസിന്റെ ലാത്തി അടി കൊള്ളാനും ജയിലില്‍ കിടക്കാനും ഹിന്ദുസഖാക്കള്‍ വേണം. പക്ഷേ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും ജയിക്കാനും അധികാരത്തിലേറാനും ന്യൂനപക്ഷങ്ങള്‍ മതി. ഇത് തിരിച്ചറിഞ്ഞ പാര്‍ട്ടി അണികളില്‍ പലരും ഒറ്റയ്ക്കും കൂട്ടായും കമ്മ്യൂണിസം വലിച്ചെറിഞ്ഞ് ദേശീയസംഘടനകളില്‍ ചേക്കേറുന്നുണ്ട്. സമീപകാലത്തു തന്നെ ഈ ഒഴുക്കിന് ശക്തിവര്‍ധിക്കുമെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു.

ഹിന്ദുക്കളായ പാര്‍ട്ടി അണികള്‍ക്ക് ഈശ്വരവിശ്വാസം പാടില്ലെന്നും ക്ഷേത്രദര്‍ശനവും വഴിപാടു നടത്തലും കടുത്ത പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്നും പാര്‍ട്ടി പ്ലീനങ്ങളില്‍ തുടര്‍ച്ചയായി ഉദ്‌ബോധിപ്പിച്ചത് ഹിന്ദുക്കളായ അണികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുസ്ലിങ്ങള്‍ക്ക് നിസ്‌കരിക്കാന്‍ പാര്‍ട്ടി പായ വിരിക്കും. പായ കിട്ടിയില്ലെങ്കില്‍ ഡിവൈഎഫ്‌ഐയുടെ കൊടി വിരിച്ചുകൊടുക്കും. ക്രിസ്ത്യാനികള്‍ക്ക് കുരിശുവച്ച് പ്രാര്‍ഥിക്കാന്‍ പാര്‍ട്ടി ആഫീസുകള്‍ തുറന്നുനല്കും. ഭരണം കയ്യിലുണ്ടെങ്കില്‍ മലയായ മലയൊക്കെ കയ്യേറി കുരിശുവയ്ക്കാന്‍ കുഞ്ഞാടുകള്‍ക്ക് അവസരമൊരുക്കും. വേണമെങ്കില്‍ ഹിന്ദുവിന്റെ ക്ഷേത്രഭൂമി വരെ തട്ടിയെടുത്ത് കുരിശുകൃഷിക്ക് സമര്‍പ്പിക്കാന്‍ പാര്‍ട്ടിക്ക് മടിയില്ല. വിശ്വാസവും അനുഷ്ഠാനവുമൊക്കെ ന്യൂനപക്ഷങ്ങള്‍ക്കു മാത്രം. ഭൂരിപക്ഷമായതിനാല്‍ ഹിന്ദുക്കള്‍ക്ക് ഇതൊന്നും പാടില്ല. ഹിന്ദു ആചാരാനുഷ്ഠാനങ്ങളെല്ലാം തന്നെ പുരോഗതിയെ പിന്നോട്ടടിക്കുന്നത്. അതിനാല്‍ എന്തുവിലകൊടുത്തും അവ വര്‍ജിക്കണം. പകരം ന്യൂനപക്ഷങ്ങള്‍ക്ക് താന്താങ്ങളുടെ വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും പിന്തുടരാന്‍ പാര്‍ട്ടി എല്ലാ സഹായവും നല്കും.

നിലപാടുകളില്‍ വൈരുദ്ധ്യവുമായി മുന്നേറുന്ന കേരളത്തിലെ മാര്‍ക്‌സിസ്റ്റുകാര്‍ മുസ്ലിം തീവ്രവാദസംഘടനകളുമായി സഹകരിക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. പക്ഷേ വൈകിയാണ് കേരള സമൂഹം അത് തിരിച്ചറിഞ്ഞത്. അതിന്റെ പ്രതിഫലനമാണ് രാഷ്ട്രീയരംഗത്തെ ബിജെപിയുടെ കുതിപ്പ്. സിപിഎം അനുദിനം ഇസ്ലാമിക ഭീകരതയുടെ കാണാക്കയങ്ങളിലേക്ക് മുങ്ങിത്താണുകൊണ്ടിരിക്കുന്നു. ചുവപ്പുമറ ഉപയോഗിച്ച് കേരളത്തെ മറ്റൊരു കാശ്മീരാക്കാന്‍ ജിഹാദികളോടൊപ്പം കൈമെയ് മറന്ന് പ്രവര്‍ത്തിക്കുന്നു. തനിക്കു ശേഷം പ്രളയമെന്ന് ധരിച്ചിരിക്കുന്ന പിണറായിയെപ്പോലുള്ള നേതാക്കള്‍ സിപിഎമ്മിനുള്ളില്‍ ബാക്കിവയ്ക്കുന്നത് എന്താണെന്ന ചോദ്യത്തിന് അണികള്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ ഭാവിയിലെ പാര്‍ട്ടി കോണ്‍ഗ്രസുകള്‍ ഉത്തരം നല്കുമായിരിക്കും. ആട്ടിന്‍തോലിട്ട ചെന്നായയും മുട്ടനാടുകളെ തമ്മിലടിപ്പിച്ച് ചോര കുടിച്ച കുറുക്കനും കാലാതിവര്‍ത്തിയാണെന്ന് പഠിപ്പിക്കാനുള്ള സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രവര്‍ത്തനം താന്‍ കുഴിച്ച കുഴിയില്‍ താന്‍ തന്നെ വീണു എന്ന പഴഞ്ചൊല്ല് അന്വര്‍ഥമാക്കാതിരുന്നാല്‍ കൊള്ളാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

1 Comments

Avatar
bineesh
21 hours 29 minutes ago

pl post the articles in Kesari's FB page