Kesari WeeklyKesari

-ലേഖനം-

ക്രെഡിറ്റ് റേറ്റിംഗ്: മോദി മാജിക്കിന് മൂഡിസിന്റെ സമ്മാനം--ഡോ. സി.വി.ജയമണി

on 01 December 2017
Kesari Article

റ്റവും അനുയോജ്യമായ സമയത്താണ് ഭാരതത്തെ സംബന്ധിച്ചിടത്തോളം ആഗോള റേറ്റിംഗ് ഏജന്‍സിയായ മൂഡീസിന്റെ ക്രെഡിറ്റ് റേറ്റിംഗ് ലഭിച്ചിരിക്കുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് മോദിസര്‍ക്കാര്‍ സ്വീകരിച്ചു വരുന്ന ധീരവും പിഴവുകളൊഴിവാക്കിയുമുള്ള സാമ്പത്തിക നടപടികള്‍ക്കുള്ള അംഗീകാരമായി വേണം നമുക്കിതിനെ കാണാന്‍. ക്രിത്യമായ മുന്നൊരുക്കങ്ങളോടെ ചെയ്ത ധീരമായ നടപടികളെ ഒന്നൊഴിയാതെ പ്രതിപക്ഷകക്ഷികള്‍ അതിനിശിതമായി വിമര്‍ശിക്കുന്ന വേളയിലെ ആഗോള ഏജന്‍സിയുടെ ഈ വിശകലനം ആശ്വാസകരമാണ്. പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മൂഡീസിന്റെ റേറ്റിംഗില്‍ ബിഎഎ മൂന്ന് എന്ന സ്ഥാനം ബിഎഎ രണ്ട് എന്ന നിലയിലേക്ക് ഉയരുന്നത്. ഭാരതത്തെ സംബന്ധിച്ചേടത്തോളം പതിനാല് വര്‍ഷമെന്നത് ഒരു വനവാസകാല ദൈര്‍ഘ്യമാണ്. വികസന കാര്യത്തിലെ ഈ വനവാസത്തിന് അറുതി വരുത്തിയായിരുന്നു മോദിയുടെ വരവ്.
വളരെ വലിയൊരു പ്രതിഫലനമാണ് ഈ ക്രെഡിറ്റ് റേറ്റിംഗ് ഓഹരി വിപണിയിലും മൂലധന വിപണിയിലും ഉണ്ടാക്കിയത്. നാനൂറ് പോയന്റോളം ഉയര്‍ച്ച ഒറ്റ ദിവസം കൊണ്ട് രേഖപ്പെടുത്തിയാണ്  സെന്‍സെക്‌സ് പ്രതികരിച്ചത്. ഓഹരി വിപണിയിലും വിദേശനാണ്യ വിപണിയിലും റേറ്റിംഗ് ഉണ്ടാക്കിയ ഉണര്‍വ് വരും നാളുകളില്‍ പൊതുവിപണിയിലും പ്രതിഫലിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.  ഡോളറിനെതിരെ രൂപയുടെ മൂല്യമുയരാന്‍ ഇത് ഇടയാക്കുന്നതാണ്. രൂപയുടെ ശക്തി വര്‍ദ്ധിക്കുന്നത് വിദേശനിക്ഷേപത്തെയും വ്യാപാരത്തെയും സ്വാധീനിക്കുന്നതാണ്. വായ്പ തിരിച്ചടയ്ക്കാനുള്ള രാജ്യത്തിന്റെയും കമ്പനികളുടെയും ശേഷിയെ വിലയിരുത്തുന്ന ഈ പ്രക്രിയ ധന സമാഹരണത്തിന് സഹായകരമാകുന്നതാണ്. അന്താരാഷ്ട്ര വിപണിയില്‍ നിന്നും വികസ്വര രാജ്യങ്ങള്‍ക്ക് വായ്പ സംഘടിപ്പിക്കാന്‍ മൂഡീസ് പോലുള്ള വിശ്വാസ്യതയുള്ള ആഗോള ഏജന്‍സികളുടെ ഉയര്‍ന്ന റേറ്റിംഗ് അത്യാവശ്യമാണ്. അന്താരാഷ്ട്ര വായ്പാ നിരക്കുകള്‍ നിശ്ചയിക്കപ്പെടുന്നത് ഇത്തരം ഏജന്‍സികളുടെ റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ്. വന്‍കിട വ്യവസായ വായ്പകളില്‍ വര്‍ദ്ധനയുണ്ടാകാനും അതുവഴി ഭാരതത്തിന്റെ സാമ്പത്തിക രംഗത്ത് ഗുണപരമായ മാറ്റമുണ്ടാക്കാനും ഇത് സഹായിക്കുന്നതാണ് പരിഷ്‌ക്കരണങ്ങള്‍ക്കുള്ള പാരിതോഷികം.
സാമ്പത്തിക രംഗത്ത് മോദിസര്‍ക്കാര്‍ നടപ്പിലാക്കിയ പിഴവില്ലാത്തതും ധീരവുമായ നടപടികളുടെ അനന്തര ഫലമായിട്ട് വേണം അമേരിക്കയിലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയുടെ സാമ്പത്തിക വിലയിരുത്തലിനെ കാണാന്‍. ദീര്‍ഘവീക്ഷണത്തോടെ സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന നിരവധി പരിഷ്‌കാരങ്ങള്‍ക്ക് ഇത് ആക്കംകൂട്ടുന്നതാണ്. ഇന്ത്യയില്‍ ബിസിനസ്സ് ചെയ്യാനുള്ള സരളതയുടെയും സുതാര്യതയുടെയും കാര്യത്തില്‍ നാം നമ്മുടെ നില നൂറ്റിമുപ്പതില്‍ നിന്നും നൂറാം സ്ഥാനത്തേയ്ക്ക് മെച്ചപ്പെടുത്തിയതിന് ശേഷം കൈവരിച്ച ഈ ക്രെഡിറ്റ് റേറ്റിംഗ് നേട്ടം സാമ്പത്തിക രംഗത്ത് ഇന്ത്യക്ക് സ്വര്‍ണ്ണത്തിളക്കമാണ് സമ്മാനിച്ചിരിക്കുന്നത്. സാമ്പത്തിക രംഗത്ത് ഭാരതത്തിന്റെ ദീര്‍ഘവീക്ഷണത്തിനും ദിശാബോധത്തിനുമുള്ള ആഗോളസമ്മാനമാണ് ഈ ക്രെഡിറ്റ് റേറ്റിംഗ് നേട്ടം. വിദേശനിക്ഷേപകരുടെ മനസ്സില്‍ പ്രോത്സാഹജനകമായ മാറ്റമാണ് ഇതുണ്ടാക്കാന്‍ പോകുന്നത്.
ഭാരതത്തിന്റെ സാമ്പത്തിക രംഗത്ത് ദൂരവ്യാപകമായ ഗുണഫലമാണ് ഇത് പ്രദാനം ചെയ്യുക. സര്‍ക്കാരിന്റെ വായ്പാ ചെലവ് ചുരുക്കുന്നതോടൊപ്പം,  കോര്‍പ്പറേറ്റ് വായ്പയുടെ ചെലവും ബുദ്ധിമുട്ടുകളും കുറയുന്നതാണ്. വായ്പാ ചെലവ് കുറയുന്നതും രൂപയുടെ വിനിമയമൂല്യം അന്താരാഷ്ട്ര വിപണിയില്‍ വര്‍ദ്ധിക്കുന്നതു കാരണം  കൂടുതല്‍ നിക്ഷേപകരെ ഇവിടേയ്ക്ക് ആകര്‍ഷിക്കാന്‍ ഇത് വഴിയൊരുക്കുന്നതാണ്. ഇന്ത്യന്‍ ബോണ്ട് മാര്‍ക്കറ്റില്‍ ഇത് ഉണ്ടാക്കിയേക്കാവുന്ന  അഞ്ച് മുതല്‍ പത്ത് വരെ  ബേസിക് പോയന്റിന്റെ വര്‍ദ്ധനവ് പൊതുമേഖലാ ബാങ്കിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനായി സമീപകാലത്ത് സര്‍ക്കാര്‍ സ്വീകരിച്ച മൂലധന സഹായ പദ്ധതിയെ ത്വരിതപ്പെടുത്തുന്നതാണ്. പെന്‍ഷന്‍ ഫണ്ട് പോലുള്ള ദീര്‍ഘകാല നിക്ഷേപകരെ ബോണ്ട് മാര്‍ക്കറ്റിലേയ്ക്ക് ആകര്‍ഷിക്കാന്‍ രാജ്യത്തിന്റെ ഉയര്‍ന്ന റേറ്റിംഗ് സഹായിക്കുന്നതാണ്.  
നൂറ്റിയെട്ടോളം വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടാവുന്ന ഒരു ആഗോള ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ, സാമ്പത്തിക സൂചകത്തിന്റെ അടിസ്ഥാനത്തിലുള്ള വിലയിരുത്തല്‍ ആഗോള ദൃഷ്ടിയിലും ആഭ്യന്തരമായും ഭാരതത്തിന് ഗുണം ചെയ്യുന്നതാണ്. സുസ്ഥിര വികസനം എന്ന ഗാന്ധിയന്‍ സ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമായി പൊതുവെ കരുതപ്പെടുന്ന മഹാത്മാ ഗാന്ധിയുടെ ചിരപ്രതിഷ്ഠ നേടിയ പുസ്തകമായ ഹിന്ദ് സ്വരാജിന്റെ പ്രസിദ്ധീകരണവും മൂഡീസ് എന്ന അന്താരാഷ്ട്ര ക്രെഡിറ്റ് റേറ്റിംഗ് ഏജന്‍സിയുടെ ആവിര്‍ഭാവവും 1909 വര്‍ഷമാണ്  സംഭവിച്ചത് എന്നത് തികച്ചും യാദൃച്ഛികം മാത്രമാണ്.  
വികസനത്തിലെ വന്‍കുതിപ്പ്
രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് വര്‍ദ്ധിപ്പിച്ചതിനൊപ്പം നിരവധി പൊതുമേഖലാ സ്ഥാപനങ്ങളുടെയും  പെട്രോളിയം ഉത്പാദന വിതരണ  സ്ഥാപനങ്ങളുടെയും ക്രെഡിറ്റ് റേറ്റിംഗും വര്‍ദ്ധിപ്പിക്കുകയുണ്ടായി. ചഠജഇ, ചഒജഇ, ചഒഅക, ഏഅകഘ തുടങ്ങിയ സര്‍ക്കാര്‍  സ്ഥാപനങ്ങളും പൊതുമേഖലയിലുള്ള എണ്ണ ഉത്പാദന കയറ്റുമതി കമ്പനികളായ ആജഇഘ, ഒജഇഘ, കഛഇഘ, ജലൃേീില േഘചഏഘ, ഛചഏഇ എന്നിവയുടെയും നില മൂഡീസ്  റേറ്റിംഗില്‍ മെച്ചപ്പെട്ടിട്ടുണ്ട്. ഋഃുീൃ േകാുീൃ േആമിസ ീള കിറശമ, ഒഉഎഇ ആമിസ, കിറശമി ഞമശഹംമ്യ െഎശിമിരശമഹ ഇീൃുീൃമശേീി, ടമേലേ ആമിസ ീള കിറശമ എന്നീ പൊതുമേഖലയില്‍ പ്രവര്‍ത്തിക്കുന്ന നാല് ധനകാര്യ സ്ഥാപനങ്ങളുടെയും റേറ്റിംഗ് ഇതോടൊപ്പം വര്‍ദ്ധിച്ചിട്ടുണ്ട്. ഇന്ത്യന്‍ സാമ്പത്തിക രംഗം നോട്ട് നിരോധനം, ജിഎസ്ടി എന്ന നികുതി ഏകീകരിക്കല്‍ നടപടി, സ്റ്റെയ്റ്റ് ബാങ്കിന്റെ ലയനം , ധനകാര്യ രംഗത്തെ നിരവധി പരിഷ്‌കാരങ്ങള്‍ക്ക് ശേഷവും ശക്തമായി തുടരുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.  ഈ നടപടികളെല്ലാംതന്നെ ഇപ്പോഴും പ്രതിപക്ഷ കക്ഷികള്‍ എതിര്‍ത്തുകൊണ്ടിരിക്കുന്നു എന്നത് എടുത്തു പറയേണ്ടുന്ന കാര്യമാണ്.  പരിവര്‍ത്തനത്തിനും പുരോഗതിക്കും പുറംതിരിഞ്ഞ് നില്‍ക്കുന്നവരാണ് ഇന്ത്യന്‍ പ്രതിപക്ഷം എന്ന് ചരിത്രം രേഖപ്പെടുത്തുന്നതാണ്.
രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് മോദിസര്‍ക്കാര്‍ സ്വീകരിച്ച ആധാര്‍, നോട്ട് നിരോധനം, ജിഎസ്ടി, പാപ്പരത്ത നിയമം, എസ്ബിഐ എസ്ബിടി ലയനം എന്നീ പരിഷ്‌ക്കരണ നടപടികള്‍ക്കുള്ള അംഗീകാരമാണ് ഈ റേറ്റിംഗ് മികവ്. സമ്പദ്ഘടനയെ ശുദ്ധീകരിച്ച് ഡിജിറ്റലൈസേഷന്റെ പാതയിലേയ്ക്ക് എത്തിക്കാന്‍ നോട്ട് നിരോധനത്തിന് സാധിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ആനുകൂല്യം അര്‍ഹതപ്പെട്ടവര്‍ക്ക് ലഭ്യമാക്കാന്‍ ആധാറിന്റെ ഉപയോഗം സഹായിച്ചു എന്നത് തര്‍ക്കമറ്റ സംഗതിയാണ്. നികുതി പരിഷ്‌കരണത്തിലെ നാഴികക്കല്ലായ ചരക്ക് സേവന നികുതി സാധാരണ കച്ചവടക്കാര്‍ കലഹമില്ലാതെയാണ് സ്വീകരിച്ചത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ദീര്‍ഘവീക്ഷണത്തോടെ മോദി സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക പരിഷ്‌കരണ നടപടിക്കുള്ള അംഗീകാരമെന്നോണമാണ് ഇത്തരം അവലോകനങ്ങള്‍ ആഗോളതലത്തില്‍ ഉണ്ടാകാന്‍ കാരണം. ഉയരങ്ങളിലേയ്ക്കുള്ള ഭാരതത്തിന്റെ കുതിപ്പിന് ഇത്തരം ധീരമായ നടപടികളും സര്‍ജിക്കല്‍ ഇടപെടലുകളും ആവശ്യമാണെന്ന് അന്താരാഷ്ട്ര സമൂഹം തിരിച്ചറിയുന്നതിന്റെ സൂചനകൂടിയാണ് ഈ ക്രെഡിറ്റ് റേറ്റിംഗ്. മോദി സര്‍ക്കാരിന്റെ മുന്നോട്ടുള്ള കുതിപ്പും മൂഡിയുടെ വിവേകപൂര്‍ണ്ണമായ വിലയിരുത്തലുകളും പ്രതിപക്ഷത്തെ പതിവുപോലെ വിറളി പിടിപ്പിച്ചു എന്നതാണ് വാസ്തവം. പക്വതയില്ലാത്ത തങ്ങളുടെ പ്രതികരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും അന്താരാഷ്ട്ര റേറ്റിംഗ് ഏജന്‍സിയുടെ മറുപടിയായിട്ട്‌വേണം ഇതിനെ വിലയിരുത്താന്‍. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ ഇത് പ്രതിപക്ഷകക്ഷികളെ ആഴത്തില്‍ അസ്വസ്ഥരാക്കുന്നതില്‍ അത്ഭുതപ്പെടാനില്ല.
എടുക്കുന്ന തീരുമാനങ്ങളില്‍ ഉറച്ചുനില്‍ക്കാനും മുന്നോട്ടുള്ള നടപടികള്‍ ആലോചിക്കാനും ഇത് സര്‍ക്കാരിന് അവസരം നല്‍കുന്നതാണ്. പരിവര്‍ത്തനം ചെയ്യുക (ഠൃമിളെീൃാ), ഊര്‍ജ്ജം പകരുക (ഋിലൃഴശലെ), സംസുദ്ധീകരിക്കുക (ഇഹലമി) എന്ന മോദി സര്‍ക്കാരിന്റെ മുദ്രാവാക്യവുമായി മുന്നോട്ട് പോകാന്‍ ഇത് കരുത്ത് പകരുന്നതാണ്. മോദിയുടെ സാമ്പത്തിക നയങ്ങള്‍ വന്‍ പരാജയമാണെന്ന ഒരു വിഭാഗം മാധ്യമങ്ങളുടെയും ഇടത് സഹയാത്രികരായ  സാമ്പത്തിക വിശകലന തൊഴിലാളികളുടെയും മുറവിളികള്‍ക്ക് മറുപടിയായിട്ട് വേണം ജോണ്‍ മൂഡി എന്ന സാമ്പത്തിക വിദഗ്ധനാല്‍ 1909 ല്‍ സ്ഥാപിതമായ അന്താരാഷ്ട്ര ഏജന്‍സിയുടെ വിലയിരുത്തലിനെ കണക്കാക്കാന്‍. സര്‍ക്കാരിന്റെ സാമ്പത്തിക നടപടികളെ അനാവശ്യമായി വിമര്‍ശിക്കുന്നവര്‍ക്ക് ആത്മപരിശോധനയ്ക്കുള്ള അവസരംകൂടിയാണിത്. സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്‌ക്കാരങ്ങള്‍ ഭാരതത്തിന്റെ സമ്പദ് വ്യവസ്ഥയുടെ സുസ്ഥിര വളര്‍ച്ചയ്ക്കും വികാസത്തിനും സഹായകരമായിത്തീരാന്‍ ഇത്തരം റേറ്റിംഗുകള്‍ രാജ്യത്തിന് പ്രയോജനപ്പെടട്ടെ എന്ന് നമുക്കാശിക്കാം.
(കൊച്ചി സര്‍വകലാശാല മാനേജ്‌മെന്റ് വിഭാഗത്തിലെ മുന്‍ പ്രൊഫസറും ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ ഇന്‍സക്റ്റിസൈഡ് ലിമിറ്റ്ഡിന്റെ ഇന്ഡിപ്പെന്റന്റ് ഡയറക്ടര്‍ കൂടിയാണ് ലേഖകന്‍.)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments