Kesari WeeklyKesari

മുഖപ്രസംഗം

ശബരിമലയിലെ 'മാന്ത്രി'കാചാരങ്ങള്‍

on 01 December 2017

'മന്ത്രമറിയുന്നവന്‍ തന്ത്രി, തന്ത്രമറിയുന്നവന്‍ മന്ത്രി' എന്ന ചൊല്ല് ശബരിമലയുടെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാണ്. ഒരു തീര്‍ത്ഥാടനകാലം കൂടി സമാഗതമായതോടെ ശബരിമലയെ കുറിച്ചുള്ള ചിന്തകള്‍ ജനമനസ്സുകളില്‍ സജീവമായിരിക്കുന്നു. പരമ്പരാഗതമായി നടക്കുന്ന താന്ത്രികാചാരങ്ങളോടൊപ്പം ശബരിമലയെ കേന്ദ്രീകരിച്ചുകൊണ്ട് മതേതരസര്‍ക്കാര്‍ നടത്തുന്ന നിഗൂഢമായ ചില 'ആചാരങ്ങളും' പരക്കെ ചര്‍ച്ചചെയ്യപ്പെടുന്നു. മുഖ്യമന്ത്രിയടക്കം അവിശ്വാസികളായ മന്ത്രിമാരുടെ ശബരിമലയിലേക്കുള്ള ആഘോഷവരവും ഹിന്ദുക്കളെ ഒന്നടങ്കം അവഹേളിക്കുന്ന തരത്തില്‍ അവര്‍ നടത്തുന്ന കോപ്രായങ്ങളും ഈ മാന്ത്രികാചാരങ്ങളുടെ ഭാഗമാണ്. ശബരിമലയിലെ ഭണ്ഡാരത്തിലും മറ്റുമായി വന്നുവീഴുന്ന ധനം കൈയടക്കുക എന്നതിനപ്പുറം മറ്റൊരു ലക്ഷ്യവും ഈ സന്ദര്‍ശനങ്ങള്‍ക്കു പിന്നിലില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കഴിഞ്ഞ വര്‍ഷം പമ്പവരെ എത്തിയശേഷം മഴയെപേടിച്ച് പിന്‍വാങ്ങിയ മുഖ്യമന്ത്രി ഇത്തവണ അനുകൂല കാലാവസ്ഥ നോക്കി നേരത്തെതന്നെ ഷൂസും സോക്‌സും അകമ്പടിക്കാരുമായി മലകയറി. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്യാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയുമടക്കമുള്ള മന്ത്രിമാര്‍ സ്വാമി അയ്യപ്പനെ ഒന്നുവണങ്ങാന്‍ പോലും തയ്യാറാകാതെ, ശബരിമലയിലെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തരെ അപമാനിക്കുകയാണ്. നിലവിളക്ക് കൊളുത്താന്‍ തയ്യാറാകാത്ത മുസ്ലീംലീഗ് നേതാക്കളും ഇവരും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് ഹിന്ദുക്കള്‍ ചിന്തിക്കേണ്ടതാണ്.
ആരാധനാലയങ്ങളുടെ കാര്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യം ഹിന്ദുക്കള്‍ക്ക് മതേതര സര്‍ക്കാര്‍ നല്‍കാത്തത് ഭരണഘടന മുന്നോട്ടുവെക്കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണ്. വരുമാനമുള്ള ക്ഷേത്രങ്ങളെ വിഴുങ്ങാന്‍ ദേവസ്വം ബോര്‍ഡും ദേവസ്വം ബോര്‍ഡുകളെ അപ്പാടെ വിഴുങ്ങാന്‍ സര്‍ക്കാറും തയ്യാറാകുന്നത് തികഞ്ഞ അനീതിയാണ്. കോഴിക്കോട്ടെ കാരന്തൂര്‍ മര്‍ക്കസ്സിന്റെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് മന്ത്രി ജലില്‍ പറഞ്ഞത് ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളില്‍ സ്വതന്ത്രമായി ഭരണനിര്‍വ്വഹണം നടത്താനുള്ള സൗകര്യം വിശ്വാസികള്‍ക്ക് ഒരുക്കുവാന്‍ സര്‍ക്കാര്‍ ആവുന്നത്ര ചെയ്യുമെന്നാണ്. ന്യൂനപക്ഷങ്ങള്‍ക്ക് സ്വാതന്ത്ര്യം വാരിക്കോരിക്കൊടുത്തവര്‍ ഹിന്ദുക്കളുടെ ആരാധനാലയങ്ങളെ 'മതേതര തടവറ'യിലാക്കുകയാണ് ചെയ്യുന്നത്. നഷ്ടപ്പെട്ട ആരാധനാലയ നടത്തിപ്പ് സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ ഹിന്ദുക്കള്‍ ഒന്നടങ്കം സമരസജ്ജരാകേണ്ട സാഹചര്യമാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്.
ക്ഷേത്ര ഭരണത്തിന്റെ കാര്യത്തില്‍ ഹിന്ദു സംഘടനകള്‍ മുന്നോട്ടുവെക്കുന്ന ആശങ്കകള്‍ ശരിവെക്കുന്ന തരത്തിലുള്ള നടപടികളാണ് ഓരോ വര്‍ഷവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാവുന്നത്. നിരവധി പ്രശ്‌നങ്ങള്‍ നേരിട്ടുകൊണ്ടാണ് ഓരോ വര്‍ഷവും ശബരിമല തീര്‍ത്ഥാടനകാലം പര്യവസാനിക്കുന്നത്. വര്‍ഷത്തില്‍ മുക്കാല്‍ ഭാഗവും ശബരിമലയെ അവഗണിക്കുന്ന സര്‍ക്കാര്‍ തീര്‍ത്ഥാടനത്തിനു തൊട്ടുമുമ്പ് മാത്രമാണ് ചില തട്ടിക്കൂട്ട് ഒരുക്കങ്ങള്‍ നടത്തുന്നത്. ഒരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ശബരിമലയെ മാതൃകാ തീര്‍ത്ഥാടനകേന്ദ്രമാക്കി മാറ്റാ നോ അയ്യപ്പ ഭക്തര്‍ക്കു പരമാവധി സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കാനോ തയ്യാറാകാത്ത സര്‍ക്കാര്‍ ശബരിമലയില്‍ വന്നു വീഴുന്ന പണത്തില്‍ കണ്ണുനട്ടുകൊണ്ടുള്ള ചില ചെപ്പടി വിദ്യകള്‍ മാത്രമാണ് നടത്തുന്നത്. 
ഹിന്ദുക്ഷേത്രങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ പിടിമുറുക്കാനുള്ള കാര്യങ്ങളാണ് സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സര്‍ക്കാര്‍ ബോര്‍ഡുകളെപോലെ ആശ്രിതരെ തലപ്പത്ത് വാഴിക്കാനും അഴിമതിയിലൂടെയും ധൂര്‍ത്തിലൂടെയും ക്ഷേത്രങ്ങളില്‍ ഭക്തര്‍ സമര്‍പ്പിക്കുന്ന പണം കൈയടക്കാനുമുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഗുരുവായൂരിലെ പാര്‍ത്ഥസാരഥി ക്ഷേത്രം ദേവസ്വം ബോര്‍ഡിനെ ഉപയോഗിച്ച് അന്യായമായി പിടിച്ചടക്കിയ സര്‍ക്കാര്‍ നടപടി വരുമാനമുള്ള മറ്റനേകം ക്ഷേത്രങ്ങളിലും ആവര്‍ത്തിക്കാനുള്ള ഒരുക്കങ്ങളാണ് അണിയറയില്‍ നടന്നുവരുന്നത്. ശബരിമല തീര്‍ത്ഥാടനം തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഒരു ഓര്‍ഡിനന്‍സിലൂടെ ദേവസ്വം ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമായി കുറച്ച്, നിലവിലുള്ള ബോര്‍ഡിനെ പിരിച്ചുവിട്ടത് സര്‍ക്കാരിന്റെ സ്വന്തം സ്ഥാപിത താല്പര്യം സംരക്ഷിക്കുന്നതിനു വേണ്ടിയാണ്. ജനാധിപത്യത്തില്‍ അഞ്ചുവര്‍ഷത്തെ കാലാവധിയുടെ സൗകര്യവും സൗജന്യവുമെല്ലാം അനുഭവിക്കുന്നവരാണ് ദേവസ്വം ബോര്‍ഡിന് രണ്ടുവര്‍ഷം മാത്രം കാലാവധി നിശ്ചയിച്ച് ക്ഷേത്രങ്ങളുടെ ഭരണപരമായ പുരോഗതിക്ക് തടസ്സം നില്‍ക്കുന്നത്.
അഴിമതിയുടെയും ധൂര്‍ത്തിന്റെയും പര്യായമായി മാറിയിട്ടുണ്ട് ഇന്ന് ദേവസ്വം ബോര്‍ഡുകള്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും നല്‍കാന്‍ പണമില്ലാതിരിക്കെ ബോര്‍ഡംഗങ്ങളുടെ സുഖസഞ്ചാരത്തിനുവേണ്ടി 23 ലക്ഷം രൂപയിലധികം വിലവരുന്ന രണ്ടു കാറുകളാണ് വാങ്ങാന്‍ പോകുന്നത്. സംസ്ഥാനത്തെ ട്രഷറികള്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ശബരിമലയില്‍ ലഭിക്കുന്ന പണം പൂര്‍ണ്ണമായും സര്‍ക്കാര്‍ കൈയടക്കിയാലും അത്ഭുതപ്പെടാനില്ല. തീര്‍ത്ഥാടനകാലം തുടങ്ങി നാലുദിവസം പിന്നിട്ടപ്പോള്‍ തന്നെ ശബരിമലയിലെ വരുമാനം 15.91 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ ദിവസങ്ങളിലെ വരുമാനം 10.77 കോടി രൂപയായിരുന്നു. വരുമാനത്തില്‍ വര്‍ദ്ധനവുണ്ടായിട്ടും ഭക്തര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നത് ഖേദകരമാണ്. കടംകൊണ്ട് പൊറുതിമുട്ടിയ കെ.എസ്.ആര്‍.ടി.സി പോലും അധികചാര്‍ജ്ജ് ഈടാക്കി അയ്യപ്പഭക്തരെ ചൂഷണം ചെയ്യുകയാണ്. ശബരിമലയില്‍ എത്തുന്ന ധനത്തിന്റെ നല്ലൊരു പങ്കും സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലേക്കാണ് പോകുന്നത്.
ക്ഷേത്ര ഭണ്ഡാരങ്ങളില്‍ ഭക്തജനങ്ങള്‍ ധനം നിക്ഷേപിക്കുന്നത് മഹത്തായ സങ്കല്പത്തോടുകൂടിയാണ്. ആരാധനയുടെ ഭാഗമായി നടത്തുന്ന ഈ സമര്‍പ്പണം ഹിന്ദുസമൂഹത്തിന്റെ പുരോഗതിക്കുവേണ്ടിയാണ് ഉപയോഗിക്കപ്പെടേണ്ടത്. അഴിമതിയും ധൂര്‍ത്തും ഇല്ലാതാക്കി ലാളിത്യത്തിന്റെയും ആദ്ധ്യാത്മികതയുടെയും സേവനത്തിന്റെയും ഒരന്തരീക്ഷം ക്ഷേത്രങ്ങളില്‍ ഉണ്ടാകണമെങ്കില്‍ കേവലം ഭണ്ഡാരത്തില്‍ കണ്ണുംനട്ട് ക്ഷേത്രഭരണത്തിനെത്തുന്ന രാഷ്ട്രീയക്കാരില്‍ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കേണ്ടതുണ്ട്. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കുന്ന ഇതേ കാലത്താണ് തിരുപ്പതിയിലെ മെച്ചപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഒരു പത്രം പരമ്പര പ്രസിദ്ധീകരിച്ചത്. പത്തു വര്‍ഷം കഴിഞ്ഞാലുള്ള അവസ്ഥയെകുറിച്ച് ചിന്തിച്ച് ഇപ്പോഴേ ആസൂത്രണം നടത്തുന്ന അവിടുത്തെ സംവിധാനം ശബരിമലയുടെ കാര്യത്തിലും മാതൃകയായി സ്വീകരിക്കാവുന്നതാണ്. ക്ഷേത്രഭരണം ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്ത് മതേതര സര്‍ക്കാര്‍ ഈ രംഗത്തുനിന്നു പിന്മാറുകയെന്നതു മാത്രമാണ് ശാശ്വതമായ പ്രശ്‌നപരിഹാരം. അതുനേടിയെടുക്കാനുള്ള കരുത്ത് ആര്‍ജ്ജിക്കുകയെന്നതാണ് ഇന്ന് കേരളത്തിലെ ഹിന്ദുക്കള്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments