Kesari WeeklyKesari

ബാലഗോകുലം

സ്വച്ഛഭാരത മഹായജ്ഞംവി.എന്‍.എസ്. വടക്കേമഠം

on 03 November 2017


ഭാരത രാജ്യസുരക്ഷയൊരുക്കാന്‍ 
ധീരതയാര്‍ന്ന പ്രയത്‌നം വേണം
സേവനമായ ശുചിത്വം കൊണ്ടേ
പാവനമായിത്തീരൂ ദേശം
നരജാതിക്കൊരു ഭീഷണിയാണേ
ഖരമാലിന്യ കുമ്പാരങ്ങള്‍
ശീലം നമ്മുടെ സംസ്‌കാരത്തിന്‍ 
വേലയതാണെന്നോര്‍മ്മിക്കേണം
ചൊട്ട മുതല്‍ക്കേ ചുടലവരേയ്ക്കും
ചിട്ടകള്‍ നമ്മള്‍ക്കുണ്ടാകേണം
വീടും തൊടിയും പാടവുമൊക്കെ
പാടവമോടേ സംരക്ഷിക്കാം
നാടും തോടും നഗരവുമെല്ലാം
മോടിയിലാക്കണമെന്നു ധരിക്കൂ
കുടിവെള്ളത്തിനു ദൂഷ്യം വരുവാ-
നിടയാകാതവ സൂക്ഷിക്കേണം
വായുവതേറെ പ്രാധാന്യത്തോ-
ടായുസ്സുശോഭനമാക്കും നൂനം
ഈശന്‍ തന്നൊരു പഞ്ചഗുണത്തിനു
നാശം വരുവാനവസരമരുതേ
കാലം കലിയുഗമെന്നതു സത്യം
മൂല്യത്തോടവനോക്കീടേണം
മാമുനിമാരവരേകിയ ദൗത്യം
നമ്മള്‍ക്കെന്നും രക്ഷയതേകും
പഞ്ചാമൃതമായ് നമ്മള്‍ക്കേകിയ
സഞ്ചയസുകൃതം ഭൂഷണമാണേ
ഖരമാലിന്യ നിരയ്‌ക്കൊരു നാശം
വരുവാനായി പ്പദ്ധതി തീര്‍ക്കാം
മഹിളാ വര്‍ഗ്ഗ സുശാക്തീകരണം
മഹിമ വളര്‍ത്തും ഭാരതമെങ്ങും
നൂതനമായൊരു രത്‌നംപോലെ
ചേതനമാക്കുക നാകം തീര്‍ക്കാന്‍
ലോകത്തിന്നൊരു സ്വപ്നസമാനം
പാകം തികയും നമ്മുടെ ദേശം
എന്തു വിലയ്ക്കും നമ്മളു നേടും
സാന്ത്വന സന്ധികളൊക്കെ ജയിക്കും
ചിന്തയിലിന്ത്യയ്ക്കഭിമാനിയ്ക്കാം
സന്തതമെത്ര വിചിത്രമുദാത്തം!
താഴെത്തട്ടു മുതല്‍ക്കു തുടങ്ങീ-
ട്ടൂഴം പോലവ മറ്റുള്ളോര്‍ക്കും
ഈശ്വര സൃഷ്ടങ്ങള്‍ക്കീലോകം
പേശലമത്രേ സംശയമില്ലാ
ദുഷ്‌കൃതമൊക്കെയൊടുക്കാനായി
സംസ്‌കൃതിയെത്തുണയാക്കിയെടുക്കാം
ജീവിത നൗകയെ മാറ്റിപ്പുതിയൊരു
ഭാവന നല്‍കിപ്പരിപാലിയ്ക്കാം
തരിശു കിടക്കും ഭൂമികളെല്ലാം
തെരയണമതിലും കൃഷി ചെയ്യേണം
ഭീഷണിയെല്ലാം ധ്വംസിക്കാനായ്
ഭൂഷണമായ പ്രതിജ്ഞയെടുക്കാം
ആര്‍ഷപുരാതന സംസ്‌കാരത്തിന്‍
ഭാഷകളൊക്കെ മിനുക്കിയെടുക്കാം
സ്വര്‍ഗ്ഗത്തിന്റെ മഹത്വം പുതിയൊരു
വര്‍ഗ്ഗത്തിന്നായ് വീതം വയ്ക്കാം
നൂലാമാലകളെല്ലാം തന്നെ
കാലം മാറ്റി മറിക്കും നൂനം
ഭാരതയജ്ഞം പരിപാലിക്കാന്‍
ധീരതയോടേ മുന്നേറുക നാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments