Kesari WeeklyKesari

നോവല്‍ - ശ്രീജിത്ത് മൂത്തേടത്ത്‌

കയ്യേറ്റത്തിന്റെ ചരിത്രം

on 03 November 2017

ഭക്ഷണം കഴിച്ച്, കുറച്ചുസമയംകൂടെ സവിതയുടെ വീട്ടില്‍ത്തന്നെ വിശ്രമിച്ചു. അവള്‍ വരാന്‍ ചിലപ്പോള്‍ സന്ധ്യയാവും. രാത്രിയായെന്നും വരാം. അവളുടെയച്ഛന്റെകൂടെയല്ലേ പോയിരിക്കുന്നത്. പേടിക്കാനില്ല. ഏതായാലും ആ സമയത്തിനുള്ളില്‍ ഇവിടുള്ള മറ്റുവീടുകളിലൊക്കെ ഒന്നു പോകാമെന്നുകരുതി ജാനുവേടത്തിയോട് യാത്രപറഞ്ഞിറങ്ങി.

സൂക്ഷിച്ച്‌പോണേ മോനേ. മയപെയ്തതുകൊണ്ട് നല്ല വഴ്ക്കല്ണ്ട്.

ജാനുവേടത്തിയുടെ മുന്നറിയിപ്പ് ശരിയാണെന്ന് മുറ്റത്തുനിന്നും പറമ്പിലേക്കിറങ്ങുമ്പോള്‍ത്തനെ മനസ്സിലായി. ഒരു മരച്ചില്ലയില്‍ പിടികിട്ടിയില്ലായിരുന്നുവെങ്കില്‍ വീണുപോയേനെ. കാലുതെന്നി വഴുക്കിപ്പോയി. പിന്നില്‍ ജാനുവേടത്തി നിന്നു ചിരിക്കുന്നു. ചമ്മലൊതുക്കി, ശ്രദ്ധിച്ചു നടന്നു. ആദ്യം പെരുന്നന്‍ ചന്തുവേട്ടന്റെ വീട്ടിലേക്കുതന്നെ പോകാം. ചന്തുവേട്ടന്റെ മകന്‍ ജയനവിടെയുണ്ടാകും. കുറച്ചുസമയം സംസാരിച്ചിരിക്കാം. ജയനാണ് കുറ്റല്ലൂര്‍ ട്രൈബല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ കാര്യങ്ങള്‍ നോക്കിനടത്തുന്നത്. റോഡിന്റെ പണിയും മറ്റും കഴിഞ്ഞതിനാല്‍ ചിലപ്പോള്‍ വിശ്രമത്തിലായിരിക്കും. ഒരു നിമിഷംപോലും പാഴാക്കാന്‍ തയ്യാറില്ലാത്ത ആശ്രാന്ത പരിശ്രമശാലിയാണ് ജയന്‍. ജയന്റെ പരിശ്രമഫലമായാണ് ഭാസ്‌കരന്‍മാസ്റ്ററുടെ മരണത്തോടെ നിലച്ചുപോയിരുന്ന ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കഴിഞ്ഞതും, ഇപ്പോള്‍ സജീവമായിരിക്കുന്നതും. ജയനില്‍നിന്നും സമരചരിത്രങ്ങള്‍ ഒന്നുകൂടെ കേള്‍ക്കാം. മുമ്പ് പലപ്പോഴും പറഞ്ഞുകേട്ടിട്ടുണ്ടെങ്കിലും വീണ്ടും വീണ്ടും കേള്‍ക്കുമ്പോള്‍ പുതിയകാര്യങ്ങള്‍ പലപ്പോഴും അറിയാന്‍ കഴിയുന്നുണ്ട്.

ജയന്‍ വീട്ടില്‍ത്തന്നെയുണ്ടായിരുന്നു.

ആരിത്? സുദീപ് സാറോ? വാ.. വാ.. കയറിയിരിക്ക്..

ജയന്‍ കോലായയില്‍ കസേരനീക്കിയിട്ടുകൊണ്ട് പറഞ്ഞു. 

ജയനിന്നെങ്ങോട്ടും പോയില്ലേ?

ഇല്ല സാറേ.. റോഡിന്റെ പണി കഴിഞ്ഞേപ്പിന്നെ എങ്ങോട്ടും പോയില്ല. നല്ല ക്ഷീണണ്ട്. 

പുതിയ പണിയൊന്നുമായില്ലേ സൊസൈറ്റിക്ക്?

പണിയൊക്കെയ്ണ്ട്. അട്ത്തയാഴ്ച നാദാപുരത്ത് ഒരു പണീണ്ട്. റോഡിന്റെ തന്ന്യാ. നാദാപുരത്ത്ന്ന് ഇയ്യങ്കോട്ടുവഴി കല്ലാച്ചിക്ക്ള്ള റോഡിന്റെ പണി തൊടങ്ങണം. സാറിനെന്താ കുടിക്കാന്‍ മാണ്ടേ? ചായ്യോ? വെള്ളോ?

ഇപ്പം തല്‍ക്കാലം ഒന്നും വേണ്ട. ഇപ്പോ ചോറുണ്ടതേയുള്ളൂ.

ഏട്ന്നാ ചോറ് കഴിച്ചേ?

ഇവിടെത്തിയപ്പോ. നമ്മുടെ കേളപ്പേട്ടന്റെ വീട്ടീന്ന്. ജാനുവേടത്തി നല്ല മീന്‍കറീം ചോറും ഉണ്ടാക്കിവെച്ചിരുന്നു. ഞാന്‍വരുമെന്നറിഞ്ഞതുമാതിരി.

മീന്‍കറ്യോ? ഏട്ന്നാ മീന്‍ കിട്ട്യതോളീ?

പുഴമീനാണെന്നാ പറഞ്ഞത്. തോട്ടില്‍നിന്നോമറ്റോ പിടിച്ചതാണത്രെ. നല്ല രുചിയുണ്ടായിരുന്നു.

സാറിപ്പോ വന്നതിനെന്തെങ്കിലും ഉദ്ദേശ്യംണ്ടോ? അതോ വെറ്‌തെ വന്നതോ? ഞാന്‍ വെറ്‌തെ ചോദിച്ചതാട്ടോ.

പ്രത്യേകിച്ച് ഉദ്ദേശ്യമൊന്നും പറയാനില്ല. എന്നാല്‍ ഉദ്ദേശ്യമില്ലെന്നും പറയാന്‍ പറ്റില്ല. പഴയ കഥകളൊക്കെ ഒന്നുകൂടെ കേള്‍ക്കണമെന്നു തോന്നി. എല്ലാവരെയും ഒന്നുകൂടെ കാണണമെന്നും തോന്നി.

എല്ലാരെയും കാണാനാണോ? അതോ, പ്രത്യേകിച്ചാരെയെങ്കിലും കാണാനാണോ?

ജയന്‍ ചുഴിഞ്ഞുനോക്കിക്കൊണ്ട് ചോദിക്കുന്നു. ചുണ്ടിന്റെ കോണില്‍ നേരിയ ചിരി. ഏതുനിമിഷവും ഒരുപൊട്ടിച്ചിരിയായി വികാസംപ്രാപിക്കാന്‍ തയ്യാറായിക്കൊണ്ട് അത് തത്തിനില്‍ക്കുന്നു.

ജയനെന്താ അങ്ങിനെ ചോദിച്ചെ?

ഹേയ്.. ഒന്നൂല്ല. വെറ്‌തെ ചോദിച്ചൂന്നേയ്ള്ളൂ. സാറ് വെറ്‌തെയങ്ങിനെ വരില്ലല്ലോ എന്ന് തോന്നി.

സവിതയുമായുള്ള ബന്ധം ജയനറിയാം. അതേക്കുറിച്ചുതന്നെയാണ് ജയന്‍ അര്‍ത്ഥമാക്കുന്നത്. പക്ഷെ, തത്കാലം അക്കാര്യം സംസാരിക്കാതിരിക്കുന്നതാണ് ബുദ്ധി. കുറച്ച് ഗൗരവംപിടിക്കുന്നതാണ് നല്ലതെന്നു തോന്നി.

ജയനങ്ങിനെ തോന്ന്യോ? ഇപ്പോ ഞാന്‍ വന്നതിഷ്ടപ്പെട്ടിട്ടില്ലായിരിക്കും ല്ലേ? എന്നാല്‍ ഞാന്‍ പോയേക്കാം.

ഞാന്‍ ഗൗരവംവിടാതെ എഴുന്നേറ്റു. ജയന്‍ ആകെ പരിഭ്രമിച്ചതുമാതിരിയായി. തമാശ കാര്യമായെടുത്തുവോയെന്ന പേടിയോടെ അയാള്‍ ഇരുന്നിടത്തുനിന്നുമെഴുന്നേറ്റുവന്നെന്റെ കൈപിടിച്ചു.

സാറ് പോകല്ലേ. ഞാനൊരു തമാശ പറഞ്ഞതല്ലേ? സാറിനിത്തരവേഗം ദേഷ്യം പിടിക്ക്വോ? എന്നോട് പൊറ്ക്ക്.

ഊം.. പൊറുത്തു. ജയനായതുകൊണ്ടുമാത്രം പൊറുത്തു. 

കനത്ത മുഖത്തോടെ ഞാന്‍ വീണ്ടും കസേരമേലമര്‍ന്നു. അതുകാണേണ്ടതാമസം നേരത്തെ ജയന്റെ ചുണ്ടിന്‍കോണില്‍ എന്തിനുംതയ്യാറായിനിന്നിരുന്ന ചിരി പൊട്ടിച്ചിതറി. ജയന്‍ തലയറഞ്ഞുചിരിച്ചു.

സാറെന്തൊര് മന്ഷ്യനാ. ഇങ്ങനെ ദേഷ്യം വെര്വോ? മന്ഷ്യന്‍മാര്‍ക്ക്?

ദേഷ്യംപിടിപ്പിച്ചാല്‍പ്പിന്നെ ദേഷ്യംവെരാതെ?

സാറ് തല്‍ക്കാലം ഈ മുറുക്കാന്‍ തിന്ന്. എന്നിറ്റ് പറയാം ബാക്കി. 

ജയന്‍ മുറുക്കാന്‍ചെല്ലം എന്റെ മുന്നിലേക്കുനീക്കിവെച്ചു. നല്ല തളിര്‍വെറ്റില, പുകയില, അടയ്ക്ക, ചുണ്ണാമ്പ്. നാലുംകൂട്ടി മുറുക്കി മുറ്റത്തിന്നതിരിലേക്ക് നീട്ടിവലിച്ചു തുപ്പി, ചുണ്ടും മുഖവും തുടച്ച് വീണ്ടും കസേരയില്‍ വന്നിരുന്നപ്പോഴേക്കും ജയന്‍ കുറ്റല്ലൂര്‍ ചരിത്രം പറയാനാരംഭിച്ചുകഴിഞ്ഞിരുന്നു. പഴയകാലത്ത് ഈ പ്രദേശത്തിന്റെയാകെ ഉടമകള്‍ കുറിച്ച്യവിഭാഗത്തില്‍പ്പെട്ട ആദിവാസികളായിരുന്നു. ആയഞ്ചേരിക്കോവിലകത്തുനിന്നും അവര്‍ക്കായി പതിച്ചുനല്‍കിയതായിരുന്നുവത്രെ ഈ ഭൂമിയൊന്നാകെ. കാടും, മലയുമായിക്കിടന്നിരുന്ന ഭൂമിയില്‍ കൃഷിചെയ്ത് ആദായമുണ്ടാക്കിയെടുത്ത കുറിച്ച്യരില്‍നിന്നും സൂത്രത്തില്‍ ഭൂമി തട്ടിയെടുത്ത കയ്യേറ്റക്കാര്‍ പിന്നീടവരെ അതേഭൂമിയിലെ പണിക്കാരാക്കിമാറ്റുകയായിരുന്നുവത്രെ. ഭൂമിയുടെ കൈയ്യേറ്റമെന്നതിന് ജയന്റെ ആഭിപ്രായത്തില്‍ നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇന്ന് നാട്ടുകാര്‍ കൈവശംവെച്ചനുഭവിക്കുന്ന ഭൂമിവാതുക്കലങ്ങാടിമുതലിങ്ങോട്ടുള്ള ഭൂമിയുടെയെല്ലാം അവകാശികള്‍ ഒരുകാലത്ത് കുറിച്ച്യരായിരുന്നു. അവരുടെ വാസകേന്ദ്രവും മലയടിവാരങ്ങളിലും ഇടനാട്ടിലുമായിരുന്നു. ഇന്ന് ഭൂമിവാതുക്കലില്‍ പ്രധാന ക്ഷേത്രമായി വികസിച്ചുവന്നിരിക്കുന്ന ഭൂമിവാതുക്കല്‍ അമ്പലപ്പറമ്പ് ഭഗവതീക്ഷേത്രം ഒരുകാലത്ത് കുറിച്ച്യരുടെ ആരാധനാകേന്ദ്രമായിരുന്നു. ഇടനാട്ടില്‍ അവര്‍ കൃഷിചെയ്തിരുന്ന കാര്‍ഷികവിളകളുടെ സംരക്ഷണത്തിനായും, നാടിന്റെ സുരക്ഷയ്ക്കായും ഭഗവതിയെ ആരാധിച്ചിരുന്നവരായിരുന്നു കുറിച്ച്യര്‍. ആയഞ്ചേരിക്കോവിലകത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ക്ഷേത്രത്തില്‍ ആരാധനാസ്വാതന്ത്ര്യമുണ്ടായിരുന്ന, ക്ഷേത്രത്തിന്റെ സംരക്ഷണചുമതല നിര്‍വ്വഹിച്ചിരുന്ന കുറിച്ച്യര്‍ പിന്നീട് കാലാന്തരത്തില്‍ ഇടനാട്ടുഭൂമിയിലെ മറ്റുവിഭാഗങ്ങളുടെ, പ്രധാനമായും മുസ്ലിംങ്ങളുടെ കൈയ്യേറ്റത്തെത്തുടര്‍ന്ന് വിലങ്ങാട്ടേക്കും, പിന്നീട് കുറ്റല്ലൂര്‍ മലയിലേക്കും പിന്‍വാങ്ങുകയായിരുന്നു. കരുകുളത്തെ ചേലാലക്കാവും ഒരുകാലത്ത് കുറിച്ച്യരുടെ പ്രധാന ആരാധനാകേന്ദ്രമായിരുന്നു.

ആയിടയ്ക്കാണ് വിലങ്ങാട്ടുപ്രദേശത്ത് തെക്കുനിന്നും ക്രിസ്ത്യാനികളുടെ കുടിയേറ്റമുണ്ടാകുന്നത്. വിലങ്ങാട്ടെ ക്രിസ്ത്യന്‍ കുടിയേറ്റം ഗോത്രവര്‍ഗ്ഗജനതയുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. അതേവരെ ഇടനാട്ടുകൃഷികളില്‍ വ്യാപൃതരായ കുറിച്ച്യര്‍ക്ക് സ്വന്തം ഭൂമി ഉപേക്ഷിച്ച് മലമുകളിലേക്ക് പിന്‍വാങ്ങേണ്ടിവന്നു. അത് അവരുടെ ജീവിതശൈലിയില്‍ത്തന്നെ മാറ്റങ്ങളുണ്ടാക്കുകയും, സാമ്പത്തികവ്യവസ്ഥതന്നെ തകര്‍ക്കുകയും ചെയ്തു. ഒരുകാലത്ത് ഇടനാട്ടുകൃഷിയുടെ അമരക്കാരായി ആയഞ്ചേരിക്കോവിലകത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന പ്രദേശങ്ങളിലെ കാര്‍ഷികസമ്പദ്‌വ്യവസ്ഥയെ നിയന്ത്രിച്ചിരുന്നവര്‍ക്ക് ഉള്‍ക്കാടുകളിലേക്കു പിന്‍വാങ്ങേണ്ടിവന്നു. ദാരിദ്ര്യമെന്തെന്നറിയാതെ, വനവിഭവങ്ങളും കാര്‍ഷികവിഭവങ്ങളും ഒരേപോലെയുപയോഗിച്ചും, നാട്ടുപാഠശാലകളില്‍നിന്നും വിദ്യാഭ്യാസം നേടുകയും, ഭൂമിവാതുക്കല്‍ വാണീഭഗവതീക്ഷേത്രത്തിലെ പാഠ്യശാലകയില്‍ മികവുതെളിയിക്കുകയും ചെയ്തിരുന്നവര്‍ പിന്നീട് നിരക്ഷരരായ കാട്ടുവാസികളായി മുദ്രചാര്‍ത്തപ്പെട്ടു. 

നാട്ടുവൈദ്യവും, കാട്ടുവൈദ്യവും ഒരേപോലെയറിയാവുന്ന, നാട്ടറിവുകളുടെയും, കാട്ടറിവുകളുടെയും സമ്മേളനമായിരുന്ന ആദിവാസി വിജ്ഞാനീയത്തിന്റെ പാഠശാലകൂടിയായിരുന്നു ഭൂമിവാതുക്കല്‍ വാണീഭഗവതിയുടെ സന്നിധി. കുറിച്ച്യമൂപ്പന്‍മാരില്‍നിന്നും കാട്ടറിവുകളും, നാട്ടറിവുകളും, പഠിച്ചെടുക്കാനുള്ള അവസരം ഈ പാഠശാലയിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടായിരുന്നു. വാണീദേവിയുടെ ചൈതന്യം ഈ പ്രദേശത്തിന്റെ സാംസ്‌കാരികമായ ഉന്നതിക്കും, വൈജ്ഞാനികവളര്‍ച്ചയ്ക്കും സഹായകമാവുകയും ചെയ്തു. വൈദ്യശാസ്ത്രത്തേയും, കാലാവസ്ഥാനിരീക്ഷണത്തേയുമൊക്കെ അത് സമ്പന്നമാക്കിയിരുന്നു. പ്രദേശത്തെ കാര്‍ഷിക സമൃദ്ധിക്ക് ഈ വിജ്ഞാനീയങ്ങള്‍ അത്യന്താപേക്ഷിതവുമായിരുന്നു. ഓരോ പുല്‍ക്കൊടിയിലും, ചെടിയിലും ഔഷധമൂല്യങ്ങള്‍ അടങ്ങിയിരിക്കുന്നുവെന്നും, ഏത് മാരകരോഗങ്ങള്‍ക്കും പരിഹാരമായുപയോഗിക്കാവുന്ന ഔഷധങ്ങള്‍ ഇവിടെയുണ്ടായിരുന്നുവെന്നും ജയന്‍ സാക്ഷ്യപ്പെടുത്തുന്നു. മുന്‍തലമുറയില്‍നിന്നും ലഭിച്ച വിവരങ്ങളുടെയടിസ്ഥാനത്തിലാണ് ജയന്‍ ഈ കാര്യങ്ങള്‍ സമര്‍ത്ഥിക്കുന്നത്. 

ഇതിനൊക്കെ എന്താ തെളിവ് എന്നുചോദിച്ചാല്‍ എന്റെ കൈയ്യില്‍ രേഖകളൊന്നും എടുത്തുകാണിക്കാനില്ല. എനിക്ക് എന്റെയച്ഛനില്‍നിന്നും കിട്ടിയ വിവരങ്ങളാണ് ഞാന്‍ പറഞ്ഞത്. സാറിന് വിശ്വസിക്കണമെങ്കില്‍ വിശ്വസിക്കാം. 

ഞാന്‍ ചെറിയൊരു സംശയം പ്രകടിപ്പിച്ചപ്പോള്‍ ജയന്‍ തീര്‍ത്തുപറഞ്ഞു. ജയന്‍ പറയുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും തെളിവുണ്ടോയെന്ന എന്റെ ചോദ്യം ഞാന്‍ അയാളെ അവിശ്വസിക്കുകയാണോയെന്ന് അയാളില്‍ സംശയമുണര്‍ത്തിയിട്ടുണ്ടെന്നു തോന്നുന്നു. സ്വന്തം പാരമ്പര്യത്തെക്കുറിച്ച് ആത്മാഭിമാനത്തോടെ സംസാരിക്കുന്ന ആ ചെറുപ്പക്കാരനെ വിഷമിപ്പിച്ചതില്‍ എനിക്ക് നിരാശതോന്നി. കഷ്ടം. അങ്ങിനെയൊരു ചോദ്യം വേണ്ടിയിരുന്നില്ല. മറ്റെവിടെനിന്നും ലഭ്യമാകാന്‍ സാധ്യതയില്ലാത്ത വിവരങ്ങളാണ് ഈ ചെറുപ്പക്കാരനില്‍നിന്നും ലഭിക്കുന്നത്. ഈ വാമൊഴിച്ചരിത്രം രേഖപ്പെടുത്തിവെക്കേണ്ടതുണ്ട്. അത് ജയനില്‍നിന്നും പരമാവധി ശേഖരിച്ചെടുക്കുകതന്നെവേണം. അത്യാവശ്യം വിദ്യാഭ്യാസമുള്ള ജയനെ വെറുതെ അവിശ്വസിക്കേണ്ടതില്ല. ഞാന്‍ വീണ്ടും ജയനെ ചരിത്രകഥനത്തിനായി നിര്‍ബ്ബന്ധിച്ചു.

* * *

ഹാരിത്? എപ്പോ വന്നു?

പിന്നില്‍നിന്നും സവിതയുടെ ശബ്ദം കേട്ടപ്പോള്‍ അമ്പരന്നുപോയി. ഇവളെപ്പോള്‍ വന്നു? ഏതുവഴിവന്നു? ജയന്റെ വീട്ടിലേക്ക് മുന്നിലുള്ള കുന്നുകയറിവരികയല്ലാതെ മറ്റുവഴികളുള്ളതായി അറിയില്ല. ചിലപ്പോള്‍ പിന്നാമ്പുറത്തുകൂടെ മറ്റുവഴികളുണ്ടായിരിക്കാം. ചുറ്റുമതിലുകളോ, വേലികളോ, തടസ്സങ്ങളോയില്ലാതെ, അതിരുകളേതെന്നുപോലും തിരിച്ചറിയാനാവാതെ ഒന്നായിക്കിടക്കുകയാണല്ലോ ഇവിടെ ഭൂമി. ഇവിടുത്തെ മനുഷ്യരുടെ മനസ്സിന്റെ പ്രതീകംകൂടിയാണ് ഈ ഒന്നുചേര്‍ന്നുകിടക്കല്‍. മറ്റെവിടെയാണെങ്കിലും, അവകാശത്തര്‍ക്കങ്ങളോ, വാദങ്ങളോ ഉണ്ടാവേണ്ടതാണ്. പക്ഷെ ഇവിടെ ഭൂമിയുടെ ഉടമസ്ഥാവകാശത്തിന് പ്രാധാന്യം നല്‍കാതെ മണ്ണില്‍ പണിയെടുക്കുകയും, അന്നന്നത്തെ അന്നത്തിനുള്ള വക കണ്ടെത്തുകയും മാത്രം ചെയ്യുന്ന നിസ്വാര്‍ത്ഥമതികളാണല്ലോ ഉള്ളത്. ജയന്റെ സാന്നിദ്ധ്യം സവിതയെ ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് അവളുടെ മുഖത്തെ പരിഭ്രമത്തില്‍നിന്നും മനസ്സിലാകുന്നുണ്ട്. ഞങ്ങള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ജയന് അറിവുണ്ടെന്നകാര്യം അവള്‍ക്കുമറിയാമെന്നുതോന്നുന്നു.

സവിത പോയ കാര്യമെന്തായി? ഇന്ന് രാത്രിയേയെത്താന്‍ സാധ്യതയുള്ളൂവെന്നാണല്ലോ കേട്ടത്? നേരത്തെ കഴിഞ്ഞോ ഇന്റര്‍വ്യൂയും, സര്‍ട്ടിഫിക്കറ്റ് പരിശോധനയുമൊക്കെ?

എന്റെ ചോദ്യത്തിന് മറുപടിനല്‍കാതെ പരുങ്ങിനില്‍ക്കുകയാണവള്‍. ജയന്റെ പാതിചിരിയോടെയുള്ള നോട്ടത്തിനുമുന്നില്‍ തലകുനിച്ച്, നിലത്ത് നഖംകൊണ്ട്‌കോറുന്ന അവളെക്കാണാന്‍ ഇപ്പോള്‍ കൂടുതല്‍ ഭംഗിയുണ്ട്. ഇളം നീലനിറമുള്ള ചുരിദാറാണവള്‍ ധരിച്ചിരിക്കുന്നത്. ആ നിറത്തില്‍ അവള്‍ കൂടുതല്‍ സുന്ദരിയാണെന്ന് പറയാന്‍ തോന്നിയെങ്കിലും ജയന്റെ സാന്നിദ്ധ്യം അനുവദിച്ചില്ല.

അച്ഛനെവിടെ? വീട്ടിലാണോ?

എന്റെ ചോദ്യത്തില്‍ ഞെട്ടി, മുഖമുയര്‍ത്തി, അവള്‍ ജയനോടായി പറഞ്ഞു.

ജയേട്ടാ, ശാന്തേച്ചിയും, കുട്ട്യേളും ഏടപ്പോയി?

ഇഞ്ഞി ആദ്യം സുദീപ്‌സാറിന്റെ ചോദ്യത്തിനുത്തരം പറ. അച്ഛന്‍ പൊരേല്‌ണ്ടോ?

ഊം.. ചായകുടിച്ചിറ്റ് ഇങ്ങോട്ട് വെരാംന്ന് പറഞ്ഞിട്ട്ണ്ട്.

മറ്റൊന്നും പറയാന്‍ നില്‍ക്കാതെ അവള്‍ മുറ്റത്തേക്കിറങ്ങി വീടിനുപിന്നിലേക്കു നീങ്ങി. ജയന്റെ ഭാര്യ ശാന്തയേയും, കുട്ടികളേയും അന്വേഷിച്ചാണ് പോക്ക് എന്ന ഭാവത്തിലായിരുന്നു നടത്തം. പക്ഷെ അത് ഞങ്ങളുടെ മുന്നില്‍നിന്നുമുള്ളൊരു രക്ഷപ്പെടലായിരുന്നു. അവളുടെ നടത്തംകണ്ടപ്പോള്‍ ജയന്‍ ഉച്ചത്തില്‍ ചിരിച്ചു.

നാണിച്ചുപോയി പെണ്ണ്. എനക്ക് എല്ലാം അറിയാംന്ന് ഓള്‍ക്കറിയാം.

എന്ത്?

എന്റെ ചോദ്യത്തിന് മറുപടിയായി ഒരു കുസൃതിച്ചിരിയെറിഞ്ഞുതന്നതല്ലാതെ മറുപടിയൊന്നും തന്നില്ല ജയന്‍. അയാള്‍ എഴുന്നേറ്റ് വീടിന്നകത്തേക്കുപോയപ്പോള്‍ ഞാന്‍ മുറ്റത്തേക്കും വീടിന്റെ പിന്നാമ്പുറത്തേക്കും എത്തിവലിഞ്ഞുനോക്കി. ഇല്ല. സവിതയവിടെയൊന്നുമില്ല. പിണങ്ങിയിട്ടുണ്ടാകുമോ? ഹേയ്.. എന്തിനുപിണങ്ങണം? വലിയ സന്തോഷത്തിലായിരിക്കും ഇങ്ങോട്ടോടിവന്നിട്ടുണ്ടാവുക. വന്നയുടനെയുള്ള സന്തോഷത്തോടെയുള്ള അന്വേഷണമായിരുന്നു ഹാരിത്? എപ്പോള്‍ വന്നു? എന്നത്. പക്ഷെ ജയനെക്കണ്ടപ്പോള്‍, അയാളുടെ നോട്ടംകണ്ടപ്പോള്‍ പരിഭ്രമിച്ചുപോയിട്ടുണ്ടാകും. ഒന്നും പറയാന്‍ സാധിച്ചില്ലല്ലോയെന്ന ചിന്ത മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു.

ഇതാണ് ഞാന്‍ പറഞ്ഞ ഇവിട്‌ത്തെ സ്ഥലത്തിന്റെ രേഖ. വെലങ്ങാട് മുതല്‍ മലമുടിവരെ ഞങ്ങളുടെ ഭൂമിയാണെന്നതിന് തെളിവുണ്ടിതില്‍. പക്ഷെ എങ്ങിനെ സര്‍ക്കാരിനെ ബോധ്യപ്പെടുത്തും എന്നറിയില്ല. മാഷക്കെല്ലാം അറിയാരുന്നു. മാഷ് ഇക്കാര്യത്തില്‍ കൊറേ മുന്നോട്ടുപോയതാ. പക്ഷെ മുഴുമിപ്പിക്കാനായില്ല.

ജയന്‍ അകത്തുനിന്നുമെടുത്തുകൊണ്ടുവന്ന പഴകിപ്പൊടിഞ്ഞുകൊണ്ടിരുന്നൊരു കടലാസുകെട്ട് കൈയ്യിലേക്കു തന്നു. സൂക്ഷ്മമായി കൈകാര്യംചെയ്യണമായിരുന്നു അത്. മുകളിലത്തെ കെട്ടഴിക്കുമ്പോള്‍ത്തന്നെ മേല്‍ക്കടലാസിന്റെ അരിക് മുറിഞ്ഞുപോന്നു. 

ശ്രദ്ധിച്ച്.. ഇത് പോയാല്‍ പോയി. ഇതിന്റെ കോപ്പിപോലും എട്ത്ത്‌വെച്ചിട്ടില്ല ആരും. ഇത് തന്നെ എനിക്ക് ഭാഗ്യത്തിന് കിട്ട്യതാ. ഒര്പാട് രേഖകള്ണ്ടായിര്ന്നു. പണ്ട് ആയഞ്ചേരികൊയ്‌ലോത്ത്‌നിന്നും ഞങ്ങളുടെ പൂര്‍വ്വികര്‍ക്ക് ഭൂമി ദാനമായിത്തന്നതിന്റെ രേഖകള്‍. പഴയ സമരത്തിന്റെ മുമ്പേത്തന്നെ അതെല്ലാം നഷ്ടപ്പെട്ടുപോയിരുന്നു. ആ സമയത്ത് ആ രേഖകള്ണ്ടായിര്‌ന്നെങ്കില് അന്ന് നടത്തിയ കേസിന്റെയൊപ്പം വെലങ്ങാടിന് മൊകളിലോട്ട് മുഴുവന്‍ ഭൂമിയും ഞങ്ങള്‍ക്ക് കിട്ടുമായിരുന്നു. പക്ഷെ സാധിച്ചില്ല. കൈയ്യിലുണ്ടായിരുന്ന രേഖകള്‍ വെച്ചാണ് അന്ന് കേസ് നടത്തിയത്. അതനുസരിച്ചുള്ളത് കിട്ടി. അത് അവസാനം കൈയ്യേറിയ വാണ്യേല്‌ള്ളൊരു മാപ്ല കൈയ്യേറിയ ഭൂമിയായിരുന്നു. അതിന്റെ  കാര്യംതന്നെ വലിയ രസാണ്.

(തുടരും)

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments