Kesari WeeklyKesari

വാര്‍ത്ത

പരമേശ്വര്‍ജി നവതി ആഘോഷത്തിന് ഉജ്ജ്വല പരിസമാപ്തി

on 03 November 2017
Kesari Article


തിരുവനന്തപുരം: കേരളത്തിന്റെ ധൈഷണിക - സാംസ്‌കാരിക രംഗത്ത് സൂര്യതേജസ്സായി ജീവിച്ച ഋഷി സമാനനായ പി. പരമേശ്വര്‍ജിയുടെ നവതി ആഘോഷ പരിപാടിയുടെ സമാപനം മലയാളിക്ക് എന്നെന്നും ഓര്‍മ്മിക്കാനുള്ള ഉജ്ജ്വല മുഹൂര്‍ത്തമായി.
ആധുനിക കേരളം കണ്ട അതുല്യ സംഘാടകനും രാഷ്ട്രപുനര്‍നിര്‍മ്മാണം ലക്ഷ്യമാക്കിയ രാഷ്ട്രീയസ്വയംസേവകസംഘത്തിന്റെ മുതിര്‍ന്ന പ്രചാരകനും കവി, ഗ്രന്ഥകാരന്‍, പ്രഭാഷകന്‍ തുടങ്ങി എണ്ണമറ്റ വിശേഷണങ്ങള്‍ക്കുടമയുമായ പി. പരമേശ്വര്‍ജിയുടെ ഒരു വര്‍ഷം നീണ്ടുനിന്ന നവതിആഘോഷങ്ങളുടെ സമാപനമായിരുന്നു ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 22, 23, 24 തീയതികളില്‍ തിരുവനന്തപുരത്ത് നടന്നത്. ഒക്‌ടോബര്‍ 24ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മുഖ്യാതിഥിയായി എത്തിപ്പെട്ടതോടെ പരിപാടിക്ക് തുടക്കം കുറിച്ചു. 
ചടങ്ങില്‍ ഓ. രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മോഹന്‍ജി ഭാഗവത് പരമേശ്വര്‍ജിയെ പൊന്നാട ചാര്‍ത്തി ആദരിച്ചു. ശ്രീരാമകൃഷ്ണമഠം പ്രസിഡന്റ് സ്വാമി സദ്ഭവാനന്ദ, സുരേഷ്‌ഗോപി എം.പി., ഡോ.എം. ലക്ഷ്മീകുമാരി, കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് നീലകണ്ഠന്‍ മാസ്റ്റര്‍, ഗുരുരത്‌നം ജ്ഞാനതപസ്വി, കവി പി. നാരായണക്കുറുപ്പ് എന്നിവര്‍ ആശംസാപ്രസംഗം നടത്തി. പരമേശ്വര്‍ജിയുടെ ലേഖനസമാഹാരത്തിന്റെ പ്രകാശനം ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ. സജിനാരായണന് നല്‍കി ഡോ. മോഹന്‍ ഭാഗവത് നിര്‍വ്വഹിച്ചു. പുസ്തകത്തെ ഡോ. ലക്ഷ്മി കുമാരി പരിചയപ്പെടുത്തി. പരമേശ്വര്‍ജി എഴുതിയ 'വാടാത്ത നിശാഗന്ധി' എന്ന കവിത ഡോ. ലക്ഷ്മിദാസ് ആലപിച്ചു.
വനിതാസമ്മേളനം, വിദ്യാഭ്യാസ സമ്മേളനം, സാംസ്‌കാരിക സംഗമം എന്നിങ്ങനെ ദേശീയതയുടെ നിലപാട് തറയില്‍ ഊന്നി നിന്നുകൊണ്ടുള്ള അപൂര്‍വ്വവും അസുലഭവുമായൊരു നവതി ആഘോഷം. ദേശീയവും അന്തര്‍ദ്ദേശീയവുമായ തലത്തില്‍ പ്രശസ്തരായ വ്യക്തികള്‍ പങ്കെടുത്ത സമ്മേളനങ്ങള്‍ മൂന്നും പ്രൗഢഗംഭീരമായ സദസ്സ്‌കൊണ്ടും ശ്രദ്ധേയങ്ങളായിരുന്നു. 
'ആഗോളീകരണ കാലഘട്ടത്തിലെ സ്ത്രീകള്‍' എന്ന വിഷയത്തില്‍ ഒക്‌ടോബര്‍ 20ന് നടന്ന വനിതാസമ്മേളനം ചിന്തോദ്ദീപകമായിരുന്നു. കേരള സര്‍വ്വകലാശാലയില്‍ ബയോടെക്‌നോളജി വിഭാഗം അദ്ധ്യക്ഷയായിരുന്ന ഡോ. വി. തങ്കമണി അദ്ധ്യക്ഷയായിരുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ വികസനത്തിലൂടെ ലോകം ഒരു ഗ്രാമമായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ വിവരസാങ്കേതിക വിദ്യയിലൂടെ അത്ഭുതാവഹമായ വേഗതയില്‍ സമഗ്രഹമായ അറിവ് നേടാന്‍ ഇന്ന് കഴിയും. അത് പ്രയോജനപ്പെടുത്തിക്കൊണ്ട് സ്ത്രീശാക്തീകരണം യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട്. സ്ത്രീശാക്തീകരണത്തിലൂടെയേ കുടുംബവും അതിലൂടെ സമൂഹവും ശാക്തീകരിക്കപ്പെടുകയുള്ളൂ. വളര്‍ന്നുവരുന്ന തന്റെ മകളെ എല്ലാ അര്‍ത്ഥത്തിലും തനിക്കറിയാമെന്നവകാശപ്പെടാന്‍ സാധിക്കാത്ത ഈ കാലത്ത് സ്ത്രീശാക്തീകരണം കൂടുതല്‍ ശ്രദ്ധയോടെ സാധ്യമാവേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സര്‍ സി.പി. രാമസ്വാമി അയ്യരുടെ ചെറുമകളും രാമസ്വാമി അയ്യര്‍ ഫൗണ്ടേഷന്‍, ചെന്നൈ അദ്ധ്യക്ഷയും, ഐസിഎച്ച്ആര്‍ മെമ്പറുമായ ഡോ. നന്ദിതാ കൃഷ്ണയാണ് വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്തത്. സ്ത്രീശാക്തീകരണമെന്നത് ഭാരതത്തില്‍ പുതിയ ആശയമല്ലെന്നും ലോകം മുഴുവന്‍ സ്ത്രീ ഉപഭോഗവസ്തുവായിരുന്നപ്പോള്‍ സതിയും സാവിത്രിയും ശാക്തീകൃത സ്ത്രീത്വത്തിന്റെ ഭാരതീയ ഉദാഹരണങ്ങളാണ്. ഉപനിഷത്തുകളിലെ മൈത്രേയി, ഗാര്‍ഗി തുടങ്ങിയ ബ്രഹ്മവാദിനികള്‍, രാജകുമാരിമാരായ സീത, ദ്രൗപദി തുടങ്ങിയവരും അതാത് കാലഘട്ടത്തില്‍ ഉന്നത വിദുഷികളും കരുത്തുറ്റവരുമായ സ്ത്രീരത്‌നങ്ങളായിരുന്നു. പ്രാതഃസ്മരണീയരായ കന്യകമാരാണ് അഹല്യ, ദ്രൗപദി, കുന്തി, താര, മണ്ഡോദരി എന്നിവര്‍. ചിലപ്പതികാരത്തിലെ കണ്ണകിയും ബുദ്ധസന്യാസിനിയായിരുന്ന മണി മേഘലയും ജ്വലിക്കുന്ന വനിതകളാണ്.
അമ്പ, കാരായ്ക്കല്‍ അമ്മൈയാര്‍, ആണ്ടാള്‍, ലല്ലേശ്വരി എന്നിവര്‍ ശ്രദ്ധേയരായ കവയത്രിമാരായിരുന്നു. കോലമെഴുത്ത്, രംഗോലി, പൂക്കളം, ബീഹാര്‍ പെയ്ന്റിംഗ് തുടങ്ങിയവ ഭാരതീയ കുടുംബിനികള്‍ നേതൃത്വം കൊടുത്ത ചിത്രകലകളാണ്. അമ്മയില്‍ നിന്ന് മകളിലേക്ക് എന്ന തരത്തില്‍ പരമ്പരാഗതമായി തുടരുന്നതാണീ കലകള്‍ എന്നും ഉദ്ഘാടന പ്രസംഗത്തില്‍ ഡോ. നന്ദിതാകൃഷ്ണ പറഞ്ഞു.
കന്യാകുമാരി വിവേകാനന്ദകേന്ദ്രം വൈസ്.പ്രസിഡന്റ് പത്മശ്രീ. നിവേദിതാ ദിഡെയുടെ മുഖ്യപ്രഭാഷണം വിജ്ഞാനപ്രദവും പ്രചോദകവുമായി. ആഗോളവല്‍ക്കരണം ഭാരതത്തെ സംബന്ധിച്ചിടത്തോളം പുത്തന്‍ ആശയമല്ല. 'വിശ്വം ഭവത്യേകനീഡം.' എന്ന് ഉദ്‌ഘോഷിച്ചവരാണ് നാം. ആ പക്ഷിക്കൂടിന്റെ നേതൃസ്ഥാനത്ത് അമ്മയായിരുന്നു. എന്നാല്‍ ഇന്നത്തെ ആഗോളവല്‍ക്കരണത്തി ല്‍ സ്ത്രീ വില്‍പ്പനച്ചരക്കായി അധഃപതിച്ചതായും നിവേദിതാദിഡെ പറഞ്ഞു.
സമ്മേളനത്തില്‍ ഡോ. അശ്വതി രചിച്ച 'അപൂര്‍വ്വ ഹൃദയസംവാദം' എന്ന പുസ്തകം പ്രകാശനം ചെയ്തു. ഡോ. ഒ. സംഗീത പുസ്തകാവതരണം നടത്തി. ഭാരതീയ വിചാരകേന്ദ്രം ഉപാധ്യക്ഷ ഡോ.എസ്. ഉമാദേവി സ്വാഗതം ആശംസിച്ചു.
തുടര്‍ന്ന് 'സ്ത്രീശാക്തീകരണവും തൊഴിലിടങ്ങളിലെ സങ്കീര്‍ണതകളും' എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. ശ്യാമളാ രാജലു വിഷയം അവതരിപ്പിച്ചു. വേദേതിഹാസകാലഘട്ടത്തിലെ ശക്തരായ സ്ത്രീസമൂഹം ചരിത്രകാലഘട്ടത്തില്‍ പിടിച്ചടക്കലും കടന്നുകയറ്റവും മൂലം പുരുഷമേധാവിത്വത്തിന്‍ കീഴില്‍ അഭയം കണ്ടെത്തുകയായിരുന്നു. അവിടെ വീരമാതാക്കളും വീരാംഗനകളും ഉണ്ടായിരുന്നു എന്നതാണ് ഭാരതത്തിന്റെ പുണ്യം. എങ്കിലും പര്‍ദ്ദയും സതിയും എടുത്തണിയാന്‍ നിര്‍ബന്ധിതരായ അരക്ഷിതാവസ്ഥയും അവിടെ കാണാം.
സ്വാതന്ത്ര്യസമരകാലത്തും സ്ത്രീശക്തി മോശമായിരുന്നില്ല. ശാരദാദേവിയും ഝാന്‍സിറാണിയും, കസ്തൂര്‍ഭായിയും സരോജിനിനായിഡുവും മറ്റും അവിടെയുണ്ട്. എന്നാല്‍ സ്വാതന്ത്ര്യാനന്തരഭാരതത്തില്‍ താരതമ്യേന സ്ത്രീ ശക്തി പിന്നോട്ടടിക്കുന്നത് കാണാം. തൊഴില്‍ മേഖല തുറന്നെങ്കിലും കുടുംബ ശൈഥില്യവും പീഡനങ്ങളും അവളെ ഭയപ്പെടുത്തുന്നു. കാരണം യഥാര്‍ത്ഥ ഗുരുവിന്റേയും യഥാര്‍ത്ഥ നായകരുടേയും യഥാര്‍ത്ഥ നേതാക്കളുടേയും അഭാവമാണ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും ഭാര്യമാര്‍ അക്ഷരാര്‍ത്ഥത്തില്‍ സഹധര്‍മ്മിണികളായി ഉയരലുമാണ് പ്രശ്‌നത്തിന് പരിഹാരം. 'സ്ത്രീമനസ്സ്-പാരമ്പര്യം, ആധുനികത, എന്ന വിഷയത്തിലും ചര്‍ച്ച നടന്നു. സ്മിതാ വത്സലന്‍, ഡോ. എസ്. ശ്രീകലാദേവി, ഡോ. ശരദാമുരളീധരന്‍, പത്മാ ചന്ദ്രന്‍ എന്നിവരും വിവിധ വിഷയങ്ങളില്‍ ചര്‍ച്ച നയിച്ചു.
ഒക്‌ടോബര്‍ 23ന് നടന്ന ദേശീയ വിദ്യാഭ്യാസ സെമിനാര്‍ ഏറെ ശ്രദ്ധപിടിച്ചുപറ്റി. ഭാരതീയ വിചാരകേന്ദ്രം അദ്ധ്യക്ഷന്‍ എം. മോഹന്‍ദാസിന്റെ അധ്യക്ഷതയില്‍ മാനവവിഭവശേഷി സഹമന്ത്രി ഡോ. സത്യപാല്‍ വേദത്തിലെ രാഷ്ട്രഗീതം പാടി വിചാര സഭ ഉദ്ഘാടനം ചെയ്തു. 1835ല്‍ ഭാരതത്തില്‍ നിലവിലുള്ള സമാനതകളില്ലാത്ത ധാര്‍മ്മിക വിദ്യാഭ്യാസത്തെ തകര്‍ക്കേണ്ടതിന്റെ അനിവാര്യത ചൂണ്ടിക്കാണിച്ചുകൊണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മെക്കാളെ നടത്തിയ പ്രസംഗത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടാണദ്ദേഹം തന്റെ പ്രസംഗം ആരംഭിച്ചത്. ഒരു നൂറ്റാണ്ട് കൊണ്ട് ഭാരതീയ പരമ്പരാഗത വിദ്യാഭ്യാസ സംവിധാനത്തിന്റെ അലകും പിടിയും മാറ്റി ബ്രിട്ടീഷ് വിധേയത്വമുള്ള തലമുറകളെ വളര്‍ത്തിയെടുക്കുന്നതില്‍ ഇംഗ്ലീഷുകാര്‍ ഏറെക്കുറെ വിജയിച്ചു. ദൗര്‍ഭാഗ്യവശാല്‍ സ്വാതന്ത്ര്യം നേടി 70 വര്‍ഷത്തിന് ശേഷവും ഈ സ്ഥിതി മാറിയില്ലെന്ന് തന്നെയല്ല, നമ്മുടെ  സര്‍വ്വകലാശാലകളില്‍ രാജ്യദ്രോഹികള്‍ വളര്‍ന്ന് വരികയും ചെയ്യുന്നു. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയര്‍ത്തുന്നതിനെക്കുറിച്ചാണ് നാം ചര്‍ച്ച ചെയ്യുന്നത്. പ്രതിവര്‍ഷം 40000 പിഎച്ച്ഡി നല്‍കപ്പെടുന്ന ഇന്ത്യയില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പഠനങ്ങള്‍ വളരെ വളരെ കുറവാണ്. അതേ അവസരത്തില്‍ പ്രാഥമിക വിദ്യാഭ്യാസത്തിന്റെ സ്ഥിതിയെന്താണ്? മൂല്യച്യുതിയില്‍ നിന്നും സമൂഹത്തെ മോചിപ്പിക്കാനാവശ്യമായ ധാര്‍മ്മിക പഠനം പ്രാഥമികതലത്തില്‍ നടക്കേണ്ടതുണ്ട് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തുടര്‍ന്ന് മുഖ്യപ്രഭാഷണം നടത്തിയ ഐ.സിഎസ്.എസ്.ആര്‍ ചെയര്‍മാന്‍ ഡോ. ബ്രിച്ച് ബിഹാരികുമാര്‍ 4/5 വയസ്സില്‍ പ്രസരിപ്പുള്ള തുടുത്ത മുഖവുമായി വിദ്യാലയാങ്കണത്തിലേക്ക് ഓടിയണയുന്ന വിദ്യാര്‍ത്ഥി, പതിനഞ്ച് ഇരുപത് വര്‍ഷത്തിന് ശേഷം വിദ്യാഭ്യാസം അവസാനിച്ച് പുറത്ത് വരുമ്പോള്‍ നിരാശയും അപകര്‍ഷതാബോധവും ഉല്‍ക്കണ്ഠയും കൊണ്ട് കരുവാളിച്ച് കുനിഞ്ഞ മുഖവുമായാണ് വരുന്നത് എന്ന് ചൂണ്ടിക്കാട്ടി. ആത്മവിശ്വാസം ഒട്ടുമില്ലാത്ത അവരാണ് നമ്മുടെ ഇന്നത്തെ പരാജിത വിദ്യാഭ്യാസത്തിന്റെ മുഖമുദ്ര. നട്ടുച്ചക്കും കത്തിക്കൊണ്ടിരിക്കുന്ന ഇലക്ട്രിക് ബള്‍ബുകളും ഒഴുകിക്കൊണ്ടിരിക്കുന്ന പൈപ്പ് വെള്ളവും കണ്ടാല്‍ ഓഫ് ചെയ്യാനുള്ള പൗരബോധമെങ്കിലും ഉള്ളൊരു തലമുറ നമുക്കുണ്ടാവേണ്ടതുണ്ട്. യൂറോ അമേരിക്കന്‍ വിദഗ്ദ്ധരില്‍ നിന്ന് മോചനം നേടി സാമൂഹ്യബോധവും രാഷ്ട്രബോധവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാനുതകുന്ന വിദ്യാഭ്യാസം നടപ്പിലാക്കിക്കൊണ്ടാണ് നാം നവതിയുടെ നിറവിലുള്ള പരമേശ്വര്‍ജിയെ ആദരിക്കേണ്ടത് എന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.
പിന്നീട് സംസാരിച്ച റിച്ചാര്‍ഡ് ഹെ എം.പി, ഇതുവരെയുള്ള പരാജയത്തിന് ആരെയും കുറ്റപ്പെടുത്തുന്നില്ല എന്നും ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ 2017 ഡിസംബര്‍ മാസത്തോടെ പുതിയൊരു വിദ്യാഭ്യാസനയം അവതരിപ്പിക്കുന്നുണ്ടെന്നും പറഞ്ഞു. 2020 ഓടെ കരിക്കുലം ഉള്‍പ്പെടെ പരിഷ്‌കരിക്കപ്പെട്ട ജീവിതഗന്ധിയും അന്താരാഷ്ട്രനിലവാരമുള്ളതുമായ സാര്‍വത്രിക വിദ്യാഭ്യാസം അവതരിപ്പിക്കപ്പെടും. ദക്ഷിണേഷ്യയിലെ ഉന്നത വിദ്യാഭ്യാസ ഹബ് ആയി മാറാനുള്ള എല്ലാ യോഗ്യതയും ഭാരതത്തിനുണ്ട്. ഇന്ത്യ അവസരങ്ങളുടെ നാടായി അനതി വിദൂരഭാവിയില്‍ മാറും എന്നത് നിസ്തര്‍ക്കമാണെന്ന റിച്ചാര്‍ഡ് ഹെ എം.പിയുടെ പ്രഖ്യാപനം കരഘോഷങ്ങളോടെയാണ് സദസ്സ് സ്വീകരിച്ചത്. 
തുടര്‍ന്ന് സംസാരിച്ച പ്രജ്ഞാപ്രവാഹ് അഖില ഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍ 'രാഷ്ട്രം മിഥ്യയോ യാഥാര്‍ത്ഥ്യമൊ' എന്ന കാര്യത്തില്‍ സംശയാലുക്കളാണ് ഇന്ന് നിലവിലുള്ള ഉന്നത വിദ്യാഭ്യാസത്തിന്റെ ഉല്‍പ്പന്നങ്ങളെന്ന്  ചൂണ്ടിക്കാട്ടി. ഇരുപത്, ഇരുപത്തഞ്ച് വര്‍ഷത്തിന് ശേഷം ഇന്ത്യ ഇന്നത്തെ പോലെ നിലവിലുണ്ടാവില്ല എന്നും അത് അനവധി കഷ്ണങ്ങളായി ചിന്നിച്ചിതറുമെന്നും നവ മാര്‍ക്‌സിയന്‍, ജിഹാദി ചിന്തകന്‍മാര്‍ ഉറച്ചു വിശ്വസിക്കുകയും അതിനായി ഗൂഢാലോചന നടത്തുകയും ചെയ്യുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മധ്യപ്രദേശില്‍ 'പ്രജ്ഞാപ്രവാഹി' ന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞു. അവിടെ നടന്ന ഭൂമിപൂജക്ക് നേതൃത്വം നല്‍കിയത് ഒരു വനവാസി മൂപ്പനാണ്. അദ്ദേഹം അവരുടെ ഭാഷയില്‍ ആലപിച്ച ഒരു പാട്ടിന്റെ അര്‍ത്ഥം അന്വേഷിച്ചപ്പോള്‍ മനസ്സിലായി, ഭാരതത്തിലെ എല്ലാ പ്രദേശങ്ങളെയും ജനതകളെയും പരാമര്‍ശിക്കുന്ന ഒരു രാഷ്ട്ര ഗീതമാണത് എന്ന്. പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടില്‍ ആ പൂജാരി വിദ്യാസമ്പന്നനല്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യ എച്ച്‌ഐവി ഇരയായ ഫൂക്കോ ആണ് നവ ഇടതുപക്ഷ മാനവിക ചിന്തകന്‍മാരുടെ പ്രേരണാസ്രോതസ്സ്. ഫൂക്കോയെയും ഗ്രാംസിയെയും പഠിക്കുന്നത് തെറ്റല്ല. എന്നാല്‍ വിവേകാനന്ദനെയും അരവിന്ദനെയും തിലകനെയും ടാഗൂറിനെയും ഗാന്ധിജിയെയും പഠിക്കാതിരിക്കുന്നത് തെറ്റാണ്. ഭൂമി, ജലം, അഗ്നി, വായു എന്നീ ഗ്രീക്ക് മൂലക ചതുഷ്ടയത്തിലധിഷ്ഠിതമായ ചിന്തകള്‍ ചര്‍ച്ച ചെയ്യുന്നു, മുംബൈ ഐഐടിയിലെ മാനവിക പഠനത്തിന്റെ സിലബസ് 'ഞമറശരമഹ റശരെീൃലെ മയീൗ േരീഹീിശമഹ ീെരശല്യേ  ചീി ആൃമവാശി മുുൃീരവ'ശീര്‍ഷകത്തിലുള്ള ആ പാഠ്യപദ്ധതിയില്‍ പക്ഷെ ഭാരതീയപഞ്ചഭൂത സിദ്ധാന്തത്തെക്കുറിച്ച് അറിഞ്ഞിട്ടേയില്ല. രാഷ്ട്രവിരുദ്ധരും  ശിഥിലീകരണശക്തികളുമായ നവ ഇടതുപക്ഷ ചിന്തകന്‍മാരാല്‍ അധിനിവേശിതമാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസരംഗം. എന്ത് വിലകൊടുത്തും ഇതവസാനിപ്പിച്ചേ മതിയാകൂ എന്നും നന്ദകുമാര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡോ. മധുസൂദനന്‍ പിള്ള സ്വാഗതവും ഡോ. ശിവപ്രസാദ് കൃതജ്ഞതയും രേഖപ്പെടുത്തി.
പിന്നീട് നടന്ന സഭയില്‍ ' ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്‌കാരങ്ങളും വെല്ലുവിളികളും' എന്ന വിഷയമാണ് ചര്‍ച്ച ചെയ്തത്. ഭാ.വി.കേ. ഉപാധ്യക്ഷന്‍ ഡോ. ജയപ്രസാദിന്റെ അധ്യക്ഷതയില്‍, കേരളാ യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ് വൈസ് ചാന്‍സലര്‍ പ്രൊഫ. രാമചന്ദ്രന്‍ വിഷയം അവതരിപ്പിച്ചു.
'സാമൂഹിക ശാസ്ത്ര ഗവേഷണത്തിലെ കാലിക പ്രശ്‌നങ്ങള്‍' എന്ന വിഷയം ചര്‍ച്ച ചെയ്ത സമാപനസഭയില്‍ ബിവികെ ഉപാധ്യക്ഷന്‍ ഡോ. സി.ഐ.ഐസക് അധ്യക്ഷനായിരുന്നു. ഐസിഎസ്എസ്ആര്‍ മെമ്പര്‍ സെക്രട്ടറി പ്രൊഫ. വീരേന്ദ്രകുമാര്‍ മല്‍ഹോത്ര മുഖ്യപ്രഭാഷണം നടത്തി. കെ.സി. സുധീര്‍ ബാബു സ്വാഗതവും കെ.വി. രാജശേഖരന്‍ നന്ദിയും പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments