Kesari WeeklyKesari

ലേഖനം..>>

അങ്കോര്‍വോട്ട് കംബോഡിയയിലെ ഭാരതം-ഡോ. സി.പി. സതീഷ്

on 03 November 2017

ഭാരതത്തില്‍ നിന്നും അയ്യായിരത്തിലധികം കിലോമീറ്ററുകള്‍ ദൂരെ തെക്ക് കിഴക്കേഷ്യയില്‍, തായ്‌ലാന്‍ഡിന്റെയും വിയറ്റ്‌നാമിന്റെയും മദ്ധ്യത്തില്‍ കിടക്കുന്ന പട്ടിണിപ്പാവങ്ങളുടെ അവികസിത രാജ്യമായ കംബോഡിയയിലെ സിയെംറിപ്പ് പട്ടണത്തിനരികിലുള്ള അങ്കോര്‍വോട്ട് ക്ഷേത്രം ഇന്ന് വിനോദസഞ്ചാരികളുടെ ഏറ്റവും ഇഷ്ടഇടമാണ്. 2015ല്‍ 'ലോണ്‍ലി പ്ലാനറ്റിന്റെ' അഞ്ഞൂറ് ജനപ്രിയ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാമത് അങ്കോര്‍ വോട്ട് ക്ഷേത്രമായിരുന്നു. 2017ല്‍ 'ട്രിപ്പ് അഡ്‌വൈസര്‍' ഈ ക്ഷേത്രത്തിന് ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ വിനോദസഞ്ചാരകേന്ദ്രമെന്ന അംഗീകാരം കൊടുത്തിരിക്കുന്നു. തലസ്ഥാനനഗരിയായ നോംപെനില്‍ നിന്നും മൂന്നൂറ്റിയമ്പത് കിലോമീറ്റര്‍ ദൂരമുള്ള സിയെംറിപ്പ് പട്ടണത്തിന്റെ പ്രാന്തപ്രദേശത്തെ കേവലം ഒരു പുരാതന ഹിന്ദുക്ഷേത്രം മാത്രമാണ് അങ്കോര്‍ വോട്ട്. നൂറ്റി അമ്പത്തിനാല് ചതുരശ്ര മൈലില്‍ആയിരത്തിനടുത്തു മറ്റ് പുരാതന ഹിന്ദു, ബുദ്ധ ക്ഷേത്രങ്ങളുണ്ടെന്ന് പറഞ്ഞാല്‍ അതിശയിക്കരുത്. ഭാരതത്തിലെ വാരാണസിക്കോ, അയോദ്ധ്യക്കോ, വൃന്ദാവനത്തിനോ അവകാശപ്പെടാന്‍ കഴിയാത്ത അത്ര വാസ്തുശില്പഭംഗി ഉറങ്ങിക്കിടക്കുന്ന ഈ ക്ഷേത്രനാഗരികത പടിഞ്ഞാറുനിന്നും, ജപ്പാന്‍, ചൈന മുതലായ രാജ്യങ്ങളില്‍ നിന്നും വരുന്ന ലക്ഷക്കണക്കിന് സഞ്ചാരികളെ തെല്ലൊന്നുമല്ല ആകര്‍ഷിക്കുന്നതും അതിശയിപ്പിക്കുന്നതും.
അങ്കോര്‍ വോട്ടിന്റെ ചരിത്രം ആരംഭിക്കുന്നത് 9-ാം നൂറ്റാണ്ട് മുതലാണ്. അത് വരെ അനേകം നാട്ടുരാജ്യങ്ങളായി ചിതറിക്കിടന്ന ഖമര്‍ പ്രദേശത്ത് യുവാവായ ജയവര്‍മ്മന്‍ രണ്ടാമന്‍ രാജാവ് വലിയൊരു സാമ്രാജ്യം സ്ഥാപിക്കുകയും സാമ്രാജ്യാധിപനായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ആദ്യം റൊളൗസും, പിന്നീട് കുലെന്‍ മലനിരകളും തന്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനമാക്കി. വലിയൊരു നദിയാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന അങ്കോര്‍ പ്രദേശം ജലസമൃദ്ധികൊണ്ടും, മത്സ്യസമ്പത്തുകൊണ്ടും ഫലഭൂയിഷ്ടമായ മണ്ണ് കൊണ്ടും അനുഗ്രഹീതമാണ്. ഒരു ഭാരതീയ ചുവയുള്ള സ്ഥലനാമവും, രാജാവിന്റെ പേരും ആദ്യമായി ഖമര്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത് 6-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതലാണ് (5-ാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യയിലെ പല്ലവരാജവംശത്തിന്റെ പിന്‍മുറക്കാരാണിവര്‍ എന്നു ശിലാലിഖിതങ്ങളില്‍ നിന്നും വ്യക്തമാകുന്നതായി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്.) ഭാവപുര എന്നൊരു പട്ടണവും, ഭാവവര്‍മ്മന്‍ ഒന്നാമന്‍ എന്നൊരു രാജാവും ആ കാലത്ത് അവിടെയുണ്ടായിരുന്നു. ചൈനക്കാരുടെ ആധിപത്യത്തിന് ശേഷം പുരാതന ഭാരതവുമായുള്ള കച്ചവടസമ്പര്‍ക്കം ഖമര്‍ പ്രദേശത്തെ വലിയ അളവില്‍ സ്വാധീനിക്കുകയും മാറ്റിമറിക്കുകയും ചെയ്തു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഖമറുകളുടെ സംസ്‌കാരികവും മതപരവുമായ ജീവിതത്തില്‍ നിര്‍ണ്ണായകമായ ബന്ധങ്ങള്‍ ഈ രാജപരമ്പര അരക്കിട്ടുറപ്പിച്ചതിന്റെ തെളിവുകള്‍ ഇന്ന് വരെ അവിടെ ദര്‍ശിക്കാന്‍ പറ്റും. ഇത്തരത്തില്‍ വലിയ സ്വാധീനവും ആദരവും പിടിച്ചുപറ്റിയ രാജാക്കന്മാരാണ് ഭാവവര്‍മ്മന്‍ ഒന്നാമന്‍, മഹേന്ദ്രവര്‍മ്മന്‍, ഇസാനവര്‍മ്മന്‍ ഒന്നാമന്‍, ഭാവവര്‍മ്മന്‍ രണ്ടാമന്‍, ജയവര്‍മ്മന്‍ രണ്ടാമന്‍. ഖമറുകളുടെ മതവിശ്വാസങ്ങള്‍, (ഇന്ന് ബുദ്ധമതക്കാര്‍) ആചാരങ്ങള്‍, കല, പ്രതിമ/വിഗ്രഹനിര്‍മ്മാണം, വാസ്തുശില്പം മുതലായ സര്‍വ്വമേഖലകളിലും  ഒരു ദക്ഷിണഭാരതസ്വാധീനം വളരെ പ്രകടമാണ്. ഏറ്റവും മികച്ച ഉദാഹരണം, ഹിന്ദുപുരാവൃത്ത/ഇതിഹാസങ്ങളിലെ അപ്‌സരസ്സുകളെ പോലെയുള്ള കംമ്പോഡിയന്‍ അപ്‌സരക്ക് അവരുടെ സാംസ്‌കാര ജീവിതത്തിലുള്ള സ്ഥാനമാണ്. 'റോബം തെപ് അപ്‌സര' എന്നാണ് കബോഡിയയുടെ/ ഖമറുകളുടെ ശാസ്ത്രീയ നൃത്തരൂപത്തിന്റെ നാമം.
എ.ഡി 790-835 കാലഘട്ടത്തില്‍ ഭരിച്ച ജയവര്‍മ്മന്‍ രണ്ടാമന്‍ മുതല്‍ 1327ല്‍ ഭരണം തുടങ്ങിയ ജയവര്‍മ്മന്‍ പരമേശ്വരവരെ ആറ് നൂറ്റാണ്ടുകള്‍ ഈ രാജവംശം ഖമര്‍ പ്രദേശം ഭരിച്ചു. ഈ രാജാക്കന്മാരെല്ലാം നൂറുകണക്കിനു ഹിന്ദുക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയോ, പുനര്‍ നിര്‍മ്മിക്കുകയോ ചെയ്തിട്ടുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമായി കണക്കാക്കുന്ന അങ്കോര്‍ വോട്ടിന്റെ നിര്‍മ്മാണം 1113-1150 കാലഘട്ടത്തില്‍ ഭരിച്ച സൂര്യവര്‍മ്മന്‍ രണ്ടാമന്‍ എന്ന ചക്രവര്‍ത്തിക്കവകാശപ്പെട്ടതാണ്. ഈ രാജവംശത്തിന്റെ ആധിപത്യവും സ്വാധീനവും ഏറ്റവും ഉച്ചസ്ഥായിയില്‍ വര്‍ത്തിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു.
ഇന്ത്യന്‍ രാജാക്കന്മാരുടെ അളവറ്റ സമ്പത്ത് അവരുടെ ദൈവങ്ങളുടെ കൃപയാല്‍ ഉളവായതാണെന്നും, അത് ദൈവങ്ങള്‍ തന്നെ സംരക്ഷിക്കുന്നതാണെന്നും ഉള്ള വിശ്വാസം പ്രദേശവാസികളില്‍ പ്രബലമായിരുന്നു. അങ്ങനെ ഖമറുകളും ചാംസും (തദ്ദേശീയ ജനവിഭാഗങ്ങള്‍) തങ്ങളുടെ അമ്പലങ്ങളില്‍ പരമശിവനെയും മഹാവിഷ്ണുവിനെയും ശ്രീബുദ്ധനെയും തങ്ങളുടെ ദൈവങ്ങളുടെ കൂടെ പ്രതിഷ്ഠിക്കാന്‍ തുടങ്ങി. എങ്കിലും വിപുലമായ ഹിന്ദു ആചാരങ്ങളും, വേദോപനിഷദ് ദര്‍ശനങ്ങളും സങ്കീര്‍ണ്ണമായ മതതര്‍ക്കശാസ്ത്രങ്ങളും ഒന്നും തന്നെ അവിടെ ഒരു കാലത്തും നിലനിന്നിരുന്നില്ല.
ക്ഷേത്രങ്ങള്‍ എല്ലാം കൊത്തുപണികളാല്‍ സമ്പന്നവും സമൃദ്ധവുമാണ്. എഴുനൂറു മുതല്‍ ആയിരം വരെ വര്‍ഷങ്ങള്‍ക്ക് ശേഷവും നശിക്കാതെ കിടക്കുന്ന ക്ഷേത്രങ്ങള്‍ വളരെ ഉയര്‍ന്ന സാങ്കേതികവിദ്യയാലും കെട്ടിടനിര്‍മ്മാണനൈപുണ്യത്താലും, വാസ്തുവിദ്യയുടെ ഏറ്റവും ഉന്നതമായ സൗന്ദര്യബോധത്താലും നിര്‍മ്മിക്കപ്പെട്ടതാണ്. ഇഷ്ടിക, ചെങ്കല്ല്, മണല്‍ക്കല്ല് മുതലായവ കൊണ്ടുണ്ടാക്കിയതാണ് ക്ഷേത്രങ്ങള്‍. കല്ലുകള്‍ കൂട്ടിയോജിപ്പിക്കാന്‍ സസ്യങ്ങളുടെ മിശ്രിതമാണുപയോഗിച്ചത്. ഇത് കല്ലുകള്‍ തമ്മിലുള്ള വിടവ് യോജിക്കുന്ന സ്ഥാനം തിരിച്ചറിയാന്‍ പറ്റാത്ത രീതിയില്‍ ശക്തിയും, സൗന്ദര്യവും പ്രദാനം ചെയ്യാന്‍ ഉപകരിച്ചു.
അങ്കോര്‍ വോട്ടിന്റെ ഒരു ഇടനാഴിയുടെ ചുമര്‍ മുഴുവനായും മഹാഭാരതകഥ അതീവഭംഗിയോട് കൂടി കൊത്തിവെച്ചിട്ടുണ്ട്. രാമായണം, ഭാഗവതം, മറ്റ് ഹിന്ദുപുരാണകഥകള്‍ തുടങ്ങിയവ അങ്കോര്‍ വോട്ടില്‍ മാത്രമല്ല വിവിധ ക്ഷേത്രങ്ങളിലും കാണാം. ശിവലിംഗവും നാഗതലകളും പാലാഴിമഥനവും ക്ഷേത്രങ്ങളില്‍ മാത്രമല്ല, വഴിയോരങ്ങളിലെല്ലാം കാണാം. കംസവധം, കാളീയമര്‍ദ്ദനം, ഗോവര്‍ദ്ധനപര്‍വ്വതംപൊക്കി കാലികളെ സംരക്ഷിക്കുന്നത്, ശിവതാണ്ഡവം, ഇന്ദ്രന്‍, ഗണേശന്‍, അഗ്നി, കുബേരന്‍, സൂര്യന്‍, വരുണന്‍, യമന്‍ തുടങ്ങിയ സര്‍വ്വ പുരാണകഥാപാത്രങ്ങളെയും സന്ദര്‍ഭങ്ങളും അവിടെ എല്ലായിടത്തും കാണാം. ശ്രീ ബുദ്ധന്‍ അങ്കോര്‍ പ്രദേശത്തു സര്‍വ്വവ്യാപിയാണ്.
നോം പെന്നിലെ കേംടെസോള്‍ (CAMTESOL) എന്ന അന്തര്‍ദേശീയ ഇംഗ്ലീഷ് ഭാഷാ സെമിനാറും കഴിഞ്ഞാണ് ഞാനും എന്റെ സുഹൃത്തും ഇവിടെയെത്തുന്നത്. രണ്ട് ദിവസം കൊണ്ട് ഞങ്ങള്‍ക്ക് ഒന്നും പൂര്‍ണ്ണമായി തൃപ്തിയോടുകൂടി കണ്ട് തീര്‍ക്കാന്‍ പറ്റിയില്ലെങ്കിലും ബാഹുബലി സിനിമകണ്ടതുപോലെ, ഏതോ ഒരദ്ഭുതലോകത്തുനിന്നും പുറത്തിറങ്ങിയ പ്രതീതിയാണ് തോന്നിയത്. 
ലക്ഷക്കണക്കിനു മലയാളികളും ഇതര ഭാരതീയരും തൊട്ടടുത്തുള്ള തായ്‌ലാന്റിലെ പട്ടയകടല്‍തീരത്തും ബേങ്കോക്കിലും ഉലാത്തുമ്പോള്‍ കേവലം വിരലിലെണ്ണാവുന്ന ഭാരതീയരെ മാത്രമാണ് ഞങ്ങള്‍ക്കവിടെ കാണാന്‍ സാധിച്ചത് എന്നതു കൗതുകകരമായ വസ്തുതയാണ്. പോള്‍പോട്ട് എന്ന ക്രൂരനായ കമ്മ്യൂണിസ്റ്റ് ഏകാധിപതിയുടെ കാല്‍നൂറ്റാണ്ടിലധികം നീണ്ട ഭരണം, രാജ്യത്തെ ജനങ്ങളിലെ 25%ത്തെ കൊന്നൊടുക്കുകയും അവരെ പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും പടുകുഴിയില്‍ വീഴ്ത്തുകയും ചെയ്തു. കംബോഡിയ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത് പുരാതന ഹിന്ദുക്ഷേത്രങ്ങളിലൂടെയാണെന്നതില്‍ ഭാരതത്തിന് അഭിമാനിക്കാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments