Kesari WeeklyKesari

ലേഖനം**

ദയവായി ഈ ബോറടി നിറുത്തണം--സി.പി. നായര്‍

on 03 November 2017

രോഗവും വാര്‍ദ്ധക്യവും മൂലം തീരെ അവശനാകുന്നതുവരെ ഒരിക്കലും മുടങ്ങാതെ മുഖ്യമന്ത്രി കരുണാകരന്‍ എല്ലാ മലയാളമാസവും ഒന്നാം തീയതി കൃത്യമായി ശ്രീഗുരുവായൂരപ്പനെ ദര്‍ശിക്കാനെത്തുമായിരുന്നു. ഞങ്ങളുടെ ഓണാട്ടുകരയിലെ പാവപ്പെട്ട ഭക്തജനങ്ങള്‍ അതേ കൃത്യതയോടും വിശ്വാസദാര്‍ഢ്യത്തോടും കൂടി 'മാസത്തൊഴീലിന്' എല്ലാ മലയാളമാസവും ഓച്ചിറയും ചെട്ടികുളങ്ങരയും മണ്ണാറശ്ശാലയും സന്ദര്‍ശിക്കാറുണ്ട്.

ഏതാണ്ട് ഇതേ കൃത്യയോടെ എല്ലാമാസവും ദല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ (ബിസിനസ് ക്ലാസ്സില്‍ എന്നു പറയേണ്ടല്ലൊ - സ്വന്തം കീശയില്‍ നിന്നല്ലല്ലൊ വിമാനക്കൂലി കൊടുക്കുന്നത്!) കേരളത്തില്‍ പറന്നെത്തി വിവരദോഷികളായ നമ്മെയൊക്കെ (ചില ചാനല്‍ക്കുട്ടികള്‍ പറയുന്നതുപോലെ) 'ഭോതവല്‍ക്കരിക്കാന്‍' ശ്രമിക്കുന്ന ചില സ്ഥിരം വിശ്വസാഹിത്യകാരന്മാരും സാംസ്‌കാരിക മഹാനായകന്മാരും ദാര്‍ശനികോത്തമന്മാരുമുണ്ട് (അവര്‍ക്ക് സ്തുതിയായിരിക്കട്ടെ!). പക്ഷേ ഒന്നുണ്ട്. മുകളില്‍ സൂചിപ്പിച്ച ഭക്തജനങ്ങള്‍ക്കില്ലാത്ത, പ്രത്യയ ശാസ്ത്രാധിഷ്ഠിതമായ ഒരുതരം കടുത്ത വീറുംവാശിയും ഈ പ്രതിമാസസന്ദര്‍ശകര്‍ക്കുണ്ടെന്നു ചൂണ്ടിക്കാണിക്കേണ്ടിയിരിക്കുന്നു. അരനൂറ്റാണ്ടുമുമ്പുവരെ (മധ്യതിരുവിതാംകൂറിലെ ഗ്രാമങ്ങളില്‍ വിശേഷിച്ചും) പാതയോരത്തുനിന്നു വഴിപോക്കരെ നോക്കി, ''പാപികളേ! അണലിസന്തതികളേ! സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കയാല്‍ മാനസാന്തരപ്പെടുവിന്‍! എന്ന് അലറി വിളിച്ചിരുന്ന ഉപദേശികളുണ്ടായിരുന്നു. ഏതാണ്ട് അവരുടെ ശൈലിയില്‍, കിട്ടുന്ന സകല വേദികളിലും (സ്ഥിരം അഭിമുഖങ്ങളുള്‍പ്പെടെ) വിളിച്ചുകൂവി കേരളത്തിലെ പരീശരും ചുങ്കക്കാരും എടത്തൂട്ടുകാരുമായ നമ്മെയൊക്കെ മാനസാന്തരപ്പെടുത്തുവാനാകുന്നു ഈ മഹാഗുരുക്കളുടെ എഴുന്നള്ളത്ത്.

പക്ഷെ ഈ ഗുരുഭൂതന്മാരുടെ ചതുരവടിവിലുള്ള അടിമുടി കൃത്രിമമായ ശൈലിയും, സ്ഥിരം പ്രമേയങ്ങളും, എന്തിന്, വാക്യങ്ങള്‍ പോലും ആവര്‍ത്തനവിരസതയുടെ കനത്ത ദുഃസ്വാദ് ഉദ്യമിക്കുന്നു എന്നു പറയാതെ വയ്യ. എല്ലാവരും പറയുന്നത് ഒന്നുതന്നെ. എല്ലാവര്‍ക്കും 'ഫാഷിസം' ആണു സ്ഥിരം വിഷയം ('നിയോഫാഷിസം' എന്നായാല്‍ ഏറെ വിശേഷം!) മുക്കുമുട്ടെ ശാപ്പാടടിച്ചു മുണ്ടുരിഞ്ഞു തലവഴി മൂടിപ്പുതച്ചു കൂര്‍ക്കം വലിച്ചുറങ്ങുന്ന പാമരശിരോമണികളായ നമ്മെ (ഗീതയില്‍ ഭഗവാന്‍ പറയുന്നതുപോലെ, ''തേഷാമേവാനുകമ്പാര്‍ത്ഥം!'') തട്ടിയുണര്‍ത്തുകയും, അതിന്റെ അത്യാസന്നവും അതിഭയങ്കരവുമായ ആപത് സാധ്യതകളെക്കുറിച്ച് ഉദ്‌ബോധിപ്പിക്കുകയുമാകുന്നു ആചാര്യന്മാരുടെ 'ചരിത്രപരമായ' കര്‍ത്തവ്യം. ഈ മഹാത്മാക്കള്‍ അസഹിഷ്ണുത, ബഹുസ്വരത (2014 മുതല്‍ ശ്രേഷ്ഠഭാഷയില്‍ പ്രചാരത്തില്‍ വന്ന പ്രയോഗം) എന്നൊക്കെ കമ്പോടുകമ്പു പ്രയോഗിക്കുന്നു. പുട്ടിന് ഇടയ്ക്കിടെ തേങ്ങാപ്പീര വയ്ക്കുന്നതുപോലെ. കനയ്യാകുമാറിനെയും വെമുലയെയും ഇടയ്ക്കിടയ്ക്ക് അനുസ്മരിക്കാതെ വയ്യ. ഗൗരിലങ്കേഷ്, ശന്തനു ഭൗമിക്ക്, കെ.ജെ. സിങ്ങ്, പെരുമാള്‍ മുരുകന്‍, കാഞ്ചാ ഐലയ്യാ എന്നീ പേരുകള്‍ ഉദ്ധരിക്കുന്നു. ഉഗ്രമായ വായ്ത്താരി മുഴക്കുന്നു. ഒരു സാമ്പിള്‍ ഇങ്ങനെ:

''ജനാധിപത്യത്തിന്റെ വിപരീതമാകുന്നു ഫാസിസം (അതു ഞങ്ങളെ പഠിപ്പിക്കാന്‍ മാഷ് ദല്‍ഹിയില്‍ നിന്നു കഷ്ടപ്പെട്ട് ഇവിടെ വരെ വരേണ്ടിയിരുന്നോ?) മതാധിപത്യവും ധനാധിപത്യവും എല്ലാം ചേര്‍ന്നതാണ് ഫാസിസം. അന്ധമായ പാരമ്പര്യ ആരാധനയും ആധുനികതയുടെ പൂര്‍ണ്ണമായ നിരാസവും ചിന്താശൂന്യമായ പ്രവൃത്തികളും സംസ്‌കാരത്തോടുള്ള പുച്ഛവും (എന്റെ പൊന്നിന്‍ കുരിശു മുത്തപ്പാ!) അതിന്റെ മുഖമുദ്രയാകുന്നു. അവര്‍ നാനാത്വത്തെ നിരസിക്കുന്നു. (''നേഹ നാനാസ്തി കിഞ്ചന'' എന്ന് പണ്ട് ഒരു മഹര്‍ഷി പറഞ്ഞതോര്‍മ്മയുണ്ടോ?) വൈവിധ്യത്തെ ഭയപ്പെടുന്നു. ശത്രുവിന്റെ ശക്തിയെ വര്‍ദ്ധിപ്പിച്ചുകാണിക്കുന്നു'' (മതി, ശ്വാസംമുട്ടുന്നു! ഏതായാലും അടുത്ത വാചകമേളയില്‍ വരുമെന്നുറപ്പ് - സാംസ്‌കാരിക നായകനുവേണ്ടതും അതാണല്ലൊ!)

തീര്‍ന്നില്ല. 'വാക്കിനെ ഭയക്കുന്ന കൊടും വര്‍ഗ്ഗീയതയെ (എന്നുവച്ചാല്‍ സംഘപരിവാര്‍!) ഘോരഘോരം അപലപിക്കുന്നു. പ്രത്യേകിച്ചു പറയേണ്ടതില്ല - നിരന്തരമായി ഇങ്ങനെ പുലഭ്യം പറയുന്നത് (ചരിത്രപരമായ ദൗത്യം നിര്‍വഹിക്കുകയാണ്, ഓര്‍ത്തോണം!) ആരെയാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കൊക്കെ അറിയാം - പ്രധാനമന്ത്രി നരേന്ദ്രമോദിയും അദ്ദേഹം സാരഥ്യം വഹിക്കുന്ന സര്‍ക്കാരും അദ്ദേഹത്തിന്റെ രാഷ്ട്രീയകക്ഷി നേടിവരുന്ന അപ്രതീക്ഷിതമായ ജനപ്രീതിയും തന്നെ ഇരകള്‍!

ഈ മഹാജ്ഞാനികളോട് ഏറ്റവും വിനയത്തോടെ, ഭയഭക്തി ബഹുമാനങ്ങളോടെ, പഴമനസ്സില്‍ തോന്നുന്ന ചില സംശയങ്ങള്‍ ഉണര്‍ത്തിച്ചു കൊള്ളട്ടെ:

1. 2014 മേയ് മാസം 26-ാം തീയതി മുതല്‍ മാത്രമാണോ ഭാരതത്തിലേക്കു ഫാഷിസവും അസഹിഷ്ണുതയും മറ്റു കൊടുംതിന്മകളും സമസ്തപാപങ്ങളും മലവെള്ളപ്പാച്ചില്‍ പോലെ ഇരച്ചുകയറി വന്നത്? അതിനുമുമ്പ് ആറുപതിറ്റാണ്ട് ഈ രാജ്യം ഭരിച്ച 'ഇത്തിരി ബല്യ' കക്ഷിയുടെ കാലത്ത് ഈ  ഈതിബാധകളൊക്കെ പാതാളത്തിലായിരുന്നോ?

2. കേന്ദ്ര സെക്രട്ടേറിയറ്റിലിരിക്കുന്ന കൊടും ഫാസിസ്റ്റും അങ്ങേരുടെ കക്ഷിയും വരാന്‍ പോകുന്ന 2019ലെ തിരഞ്ഞെടുപ്പില്‍ തറപറ്റിയെന്നിരിക്കട്ടെ. അതോടെ ഫാഷിസവും അസഹിഷ്ണുതയും മറ്റുംമറ്റും അന്തര്‍ദ്ധാനം ചെയ്യുമോ? ഇന്ത്യാരാജ്യം മധുരമനോഹരമനോജ്ഞ ചൈന പോലെ ആകുമോ?

3. ജവാഹര്‍ലാലിന്റെയും ഇന്ദിരയുടെയും  അടല്‍ബിഹാരിയുടെയും കസേരയില്‍ കടന്നിരിക്കുവാന്‍, മഹാഗുരോ, ആരാണോ ഇവിടെയുള്ളത്?  അതാണല്ലൊ സായിപ്പു പറയുന്ന '64 മില്യന്‍ ഡോളര്‍ ക്വസ്റ്റ്യന്‍'!

പരസ്യചിത്രങ്ങളിലെ മോഡലുകളെപ്പോലെ ഒന്നിടവിട്ട ആഴ്ചകളില്‍ ദാര്‍ശനിക - ബുദ്ധിജീവി - അസ്തിത്വദുഃഖത്താടി വയ്ക്കുകയും വടിക്കുകയും പുനശ്ച താടിവയ്ക്കുകയും, ഇടയ്ക്കിടെ സുഖവാസത്തിന് നിഗൂഢതയുടെ പരിവേഷത്തോടുകൂടി അമേരിക്കയിലേക്കോ യൂറോപ്പിലേക്കോ മുങ്ങുകയും (അഹമ്മദ് നഗര്‍ ജയിലില്‍ തടവുപുള്ളിയായിരിക്കെ ഇന്ത്യയെ കണ്ടെത്തി, ആ ദര്‍ശനം അനശ്വരമായ ഒരു ഗ്രന്ഥത്തിലവതരിപ്പിച്ച മഹാനായ പൂര്‍വ്വികനെ പരിഹസിക്കുന്ന മട്ടില്‍) ശീതികരിച്ച കാളവണ്ടിയില്‍, മുമ്പിലും പുറകിലും കമാന്‍ഡോ സംഘങ്ങളാല്‍ പരിഷേവിതനായി, പാവപ്പെട്ട ഗ്രാമീണരെ കബളിപ്പിക്കാന്‍ ഇടയ്ക്കിടെ ഊരുചുറ്റുകയും ചെയ്യുന്ന, മഹാനായ ബാബാ സാഹേബ് അംബേദ്കര്‍ സ്വന്തം കൈകൊണ്ടെഴുതി പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ ഭരണഘടന ഒരിക്കല്‍പ്പോലും മറിച്ചുനോക്കാന്‍ മെനക്കെടാത്ത യുവരാജാവോ?

ഇദ്ദേഹത്തെക്കുറിച്ചു ദല്‍ഹിയില്‍ പ്രചാരത്തിലുള്ള ഒരു ഫലിതം ഓര്‍മ്മവരുന്നു. ഡൂണ്‍സ്‌കൂളിലോ മറ്റോ പഠിക്കുമ്പോള്‍ മാഷ് ചോദിച്ചത്രെ: ''ആരാണ് നമ്മുടെ രാഷ്ട്രപിതാവ്?'' 

ഒട്ടും വൈകാതെ ഏറ്റവും പിന്നിലിരുന്ന കഥാപുരുഷന്‍ ചാടിയെഴുന്നേറ്റ്  ചോദിച്ചത്രെ, ഒരു ക്വിസ് പരിപാടിയുടെ ശൈലിയില്‍: 

''സര്‍, വാട്ട് ആര്‍ ദ ഓപ്ഷന്‍സ്?''

(ഇപ്പോഴും അദ്ദേഹം അങ്ങിനെ ചോദിച്ചുകൂടെന്നില്ല!) 

പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍, ഗതികെട്ട് രാത്രി ഏറെ വൈകി പാടത്തിറങ്ങിയ രണ്ടു പാവപ്പെട്ട ദളിത് പെണ്‍കുട്ടികളെ മൃഗീയമായി ബലാല്‍സംഗം ചെയ്ത് പ്രാണന്‍ പോകുന്നതിനുമുമ്പ് ആ ഹതഭാഗ്യകളെ മരത്തില്‍ കെട്ടിത്തൂക്കിക്കൊന്ന ബദായൂണിലെ ഞെട്ടിക്കുന്ന വാര്‍ത്തകേട്ട്, അശ്ലീലമായി ഒരു കോട്ടുവാ വിട്ട് അന്തരീക്ഷമലിനീകരണം നടത്തി, മുമ്പിലിരിക്കുന്ന പാദസേവകപ്പരിഷകളോട്, ''അരേ, ആണ്‍പിള്ളേര്‍ എന്നും ആണ്‍പിള്ളേരായിരിക്കും, അതിലിത്ര വേവലാതിപ്പെടാനെന്ത്'' എന്ന് ഉദാസീനമായി പ്രതികരിച്ച യു.പി.യിലെ മുന്‍ ഗുസ്തിക്കാരനായ കിഴവനോ?

സകുടുംബം (അതില്‍ ബീഹാര്‍ ഉപമുഖ്യമന്ത്രിയായ മകനും പെടും) ആറായിരം കോടിരൂപയുടെ അഴിമതി നടത്തി സര്‍വ്വകാല റെക്കോര്‍ഡ് സൃഷ്ടിച്ച, ഭഗവാന്‍ ബുദ്ധനു ജ്ഞാനോദയമുണ്ടായ, അവിടുന്ന് ആദ്യത്തെ പ്രഭാഷണങ്ങള്‍ കൊണ്ടു ധന്യമാക്കിയ, വിഹാരം എന്ന ബീഹാറിനെ ഒരു നൂറ്റാണ്ടു പുറകോട്ടടിപ്പിച്ച കുടവയറന്‍ കപട സോഷ്യലിസ്റ്റോ?

തന്റെയും രാഷ്ട്രീയ ഗുരു കാന്‍ഷിറാമിന്റെയും തിരഞ്ഞെടുപ്പു ചിഹ്നമായ ആനയുടെയും ആയിരക്കണക്കിനു മാര്‍ബിള്‍ പ്രതിമകള്‍ നാടൊട്ടുക്കു സ്ഥാപിക്കാന്‍ രണ്ടായിരം കോടി രൂപ മുടിച്ചതിനു സുപ്രീംകോടതിയുടെ കടുത്ത ശകാരം ഏറ്റുവാങ്ങിയ ബഹന്‍ജി മായാവതിജിയോ?

ഇവരില്‍ ആരാണ് 2019ല്‍ ഭാരതഭാഗ്യവിധാതാവാകേണ്ടത്? ഉപദേശിച്ചാലും മഹാഗുരുക്കന്മാരേ!

4. ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ പതിമൂന്നിലും ഇന്നു ഫാഷിസ്റ്റുകളാണു ഭരണത്തില്‍. അവിടെയൊക്കെ എങ്ങനെയാണു ശുദ്ധീകരണം നടത്തുന്നത്? അവരെയൊക്കെ തല്ലിയോടിച്ചു ചാണകവെള്ളം തളിച്ചോ? (ഓ, തെറ്റിപ്പോയി! പശുവിന്റെ പേരു പറയുന്നതു പോലും ഫാഷിസ്റ്റ് വര്‍ഗ്ഗീയതയാണല്ലൊ!)

മഹജ്ഞാനികളോട് അതിവിനീതമായ ഒരപേക്ഷ. വല്ല കമ്പൂച്ചിയന്‍ സാഹിത്യമോ സോമാലിയന്‍ സാഹിത്യമോ ടാന്‍സാനിയന്‍ സാഹിത്യമോ പഠിക്കുകയോ, വല്ല പുരസ്‌കാരമോ വിശിഷ്ടാംഗത്വമോ കുറഞ്ഞപക്ഷം ഒരു വിദേശ പര്യടനമോ വഹിച്ചെടുക്കാന്‍ ശ്രമിക്കുകയോ മറ്റോ ചെയ്ത് ഒതുങ്ങിക്കഴിഞ്ഞുകൂടേ? അതിനുപകരം ഒറ്റയായും കൂട്ടായും നിരന്തരം നടത്തിവരുന്ന അന്തസ്സാര ശൂന്യമായ ഈ ബോറടി, നിരര്‍ത്ഥകമായ ഈ വാഗാടോപം, മുദ്രാവാക്യസാഹിത്യത്തെക്കാള്‍ തരംതാണ ഈ പുലഭ്യം പറച്ചില്‍, ഇതൊന്നവസാനിപ്പിച്ചുകൂടേ? ചിന്താശക്തിയും വിവേചന പാടവവും ചരിത്രബോധവും ഇനിയും നശിച്ചിട്ടില്ലാത്ത കേരളത്തിലെ ജനങ്ങളെ ഇനിയെങ്കിലും വെറുതെ വിട്ടേക്കണം - പ്ലീസ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments