Kesari WeeklyKesari

മതമൗലികവാദി -പരമ്പര

റഷ്യന്‍ വിപ്ലവവും ഗാന്ധിജിയും--ഡോ. ഇ. ബാലകൃഷ്ണന്‍

on 03 November 2017

ഷ്യന്‍ വിപ്ലവത്തിന്റെ ആവേശമുള്‍ക്കൊണ്ടിട്ടാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഉണ്ടായത്. റഷ്യന്‍ ഭരണാധികാരത്തിന്റെ ബലത്തിലാണ് കോമിന്റേണ്‍ പ്രവര്‍ത്തിച്ചത്. കോമിന്റേണ്‍ നല്‍കിയ ആളും അര്‍ത്ഥവുമുപയോഗിച്ചാണ് ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി പലരും പ്രവര്‍ത്തിച്ചത്. 1931 അവസാനം ലണ്ടനിലെത്തിയ മഹാത്മജിയെ ഇംഗ്ലണ്ടിലെ ലേബര്‍ മന്ത്‌ലി എന്ന മാസികയുടെ പ്രവര്‍ത്തകര്‍ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. 1928ല്‍ കോമിന്റേണ്‍ തന്നെ ഗാന്ധിജിയുടെ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞിരുന്നുവല്ലോ. ലേബര്‍ മന്ത്‌ലി ഒരു കമ്മ്യൂണിസ്റ്റ് മാസികയായിരുന്നു. ഈ മാസികക്ക് ഗാന്ധിജി നല്‍കിയ പല മറുപടികളും പരിഹാസരൂപത്തില്‍ ഫ്രഞ്ച് ഇടതുപക്ഷ പ്രസിദ്ധീകരണങ്ങളില്‍ പോലും സ്ഥാനം പിടിച്ചിരുന്നു. സോവിയറ്റ് വ്യവസ്ഥ എന്നെങ്കിലും തകരുമെന്ന് കമ്മ്യൂണിസ്റ്റുകാര്‍ സ്വപ്‌നത്തില്‍ പോലും ചിന്തിച്ചു കാണുകയില്ല. പക്ഷെ സോവിയറ്റ് റഷ്യയുടെ പരാജയം 1932-ല്‍ ഗാന്ധിജി പ്രവചിച്ചത് യൂറോപ്പിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വലിയ പരിഹാസമായിരുന്നു. ചാള്‍സ് പെട്രാള്‍സ് എന്ന ഇടതുപക്ഷ പ്രവര്‍ത്തകന്‍ നടത്തിയ പ്രസ്തുത അഭിമുഖം തന്നെ ഏറെയും പരിഹാസങ്ങള്‍ നിറഞ്ഞതായിരുന്നു. സോവിയറ്റ് യൂനിയനെക്കുറിച്ചു ചോദിച്ചപ്പോള്‍ ഗാന്ധിജി പറഞ്ഞു:''സോവിയറ്റ് നേതാക്കള്‍ തന്നെ പറയുന്നു- സോവിയറ്റ് ഭരണം ബലപ്രയോഗത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന്. അതിന്റെ അന്തിമ വിജയത്തെക്കുറിച്ച് എനിക്ക് ബലമായ സംശയമുണ്ട്.'' (Labour Monthly April 1932)എത്ര അര്‍ത്ഥവത്തായ പ്രവചനം! പല ഇടതുപക്ഷപത്രങ്ങളും മുന്‍ പേജില്‍ പരിഹാസരൂപത്തിലാണ് ഈ വാചകങ്ങള്‍ ചേര്‍ത്തിരുന്നത്.

ഇ.എം.എസ്. ഗാന്ധിജിയെക്കുറിച്ച്; ഗാന്ധിജി  ഇ.എം.എസ്സിനെക്കുറിച്ചും

1932ല്‍ ദേശീയ പ്രസ്ഥാനത്തില്‍ ഒരു കോണ്‍ഗ്രസ് 'ഡിക്‌ടേറ്ററായി' (നേതാവായി) പ്രവേശിച്ച ഇ.എം.എസ് 1934ല്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റും പിന്നീട് 1935 അവസാനം മുതല്‍ കമ്മ്യൂണിസ്റ്റുമായി. കോണ്‍ഗ്രസ്സിനുള്ളില്‍ ശേഷിക്കെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയില്‍ അദ്ദേഹം പ്രവര്‍ത്തിക്കുകയും ഗാന്ധിയന്‍ നേതൃത്വത്തിനെതിരെ നിരന്തരമായി കോണ്‍ഗ്രസ്സിനുള്ളില്‍ പ്രചാരണം നടത്തുകയും ചെയ്തു. 1958ല്‍ പോലും തന്റെ വിമര്‍ശനങ്ങളെ പുനഃപരിശോധിക്കാന്‍ അദ്ദേഹം തയ്യാറായില്ല. 1958ല്‍ എഴുതിയ The Mahatma and the Ism എന്ന ഗ്രന്ഥത്തില്‍ ഗാന്ധിജിയെ വിലയിരുത്തിയത് ഇങ്ങിനെയാണ് ''ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ വിശ്വസ്തനായ പ്രജ എന്ന നിലയിലാണ് അദ്ദേഹം പെരുമാറിയിട്ടുള്ളത്''. (മലയാള പരിഭാഷ പേജ് 40-41) ഗ്രന്ഥകാരനെന്ന നിലയില്‍ ചെയ്തതിനേക്കാള്‍ ശക്തമായ വിമര്‍ശനമാണ് 1940-ല്‍  ഇ.എം.എസ് നടത്തിയിരുന്നത്. 1940 ജനുവരി 20ന് ഇ.എം.എസ് പുറപ്പെടുവിച്ച(മറ്റ് നാല്‌പേര്‍ കൂടി പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും പ്രസ്താവന ഇ.എം.എസ്സിന്റേതായിരുന്നു) പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു:

''(സ്വാതന്ത്ര്യസമരം) സമരം കഴിയുന്നത്ര നീട്ടിക്കൊണ്ടുപോവുക, അവസാനം സമരം തുടങ്ങേണ്ടിവരികയാണെങ്കില്‍ അതിന്റെ ശക്തി കഴിയുന്നത്ര കുറയ്ക്കുക, വിപ്ലവകരമായ ശക്തികളെയെല്ലാം അതില്‍ നിന്നകറ്റി നിര്‍ത്തുക, സത്യഗ്രഹത്തിന്റെ അവിഭാജ്യവും അവസാനപരിണാമവുമായ സന്ധിക്ക് വഴിയൊരുക്കുക (ഇതാണ് ചര്‍ക്കാ പരിപാടി) (മാതൃഭൂമി ദിനപത്രം, ജനുവരി 20, 1940).

ഗാന്ധിജിയെ ശക്തമായി വിമര്‍ശിക്കുന്ന ഈ പ്രസ്താവന ഏതാണ്ട് ഒരു ലേഖനം പോലെയാണ്. ഈ പ്രസ്താവനയ്ക്ക് ഗാന്ധിജി തന്നെ മറുപടി പറയുകയുണ്ടായി.

പ്രസ്താവനയുടെ ഇംഗ്ലീഷ് പരിഭാഷ നല്‍കിയശേഷം ഗാന്ധിജിതന്നെ ഹരിജന്‍ വാരികയിലെഴുതി:''കോണ്‍ഗ്രസ്സിന്റെ രക്ഷാധികാരികള്‍ ചെയ്തത് പോലെ തങ്ങളുടെ പടനായകന്മാരെ അവഹേളിക്കുന്ന ഭടന്മാര്‍ കടുത്ത രാജ്യദ്രോഹമാണ് ചെയ്യുന്നത്. എന്തുകൊണ്ടെന്നാല്‍ സാധിക്കുമെങ്കില്‍ സ്വന്തം പടനായകന്മാരെ ഭടന്മാരുടെ ദൃഷ്ടിയില്‍ നിന്ദ്യരാക്കിത്തീര്‍ക്കാന്‍ പോലും അവര്‍ പരിശ്രമിച്ചേക്കും. കോണ്‍ഗ്രസ്സിന്റെ കാര്യപരിപാടിയില്‍ വിശ്വാസമില്ലെങ്കില്‍ ആ പാര്‍ട്ടിയില്‍ തന്നെ നില്‍ക്കാതെ അതില്‍ നിന്ന് രാജിവെച്ച് രാജ്യത്തെ തങ്ങള്‍ വിശ്വസിക്കുന്ന പ്രവൃത്തി മാര്‍ഗ്ഗത്തിലേക്ക് പരിവര്‍ത്തനത്തിന് ശ്രമിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ഈ മാന്യന്മാരുടെ അന്തസ്സിനും ധൈര്യത്തിനും അതായിരുന്നു ചേര്‍ന്നത്. (Collected works of Mahatma Gandhi Vol.77, page 258-59) ഈ നീണ്ട കുറിപ്പ് മുഴുവന്‍ ഇവിടെ ഉദ്ധരിക്കുന്നില്ല. പക്ഷെ ഒരു കാര്യം തീര്‍ച്ചയാണ്. പ്രസ്താവനയില്‍ ഒപ്പുവെച്ചാല്‍ കടുത്ത രാജ്യദ്രോഹമാണ് ചെയ്യുന്നതെന്ന് ഗാന്ധിജി പറഞ്ഞു. അദ്ദേഹത്തെ നിന്ദിക്കുക വഴി രാജ്യത്തിന്റെ സമരശേഷിയെ നശിപ്പിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇവര്‍ക്ക് അന്തസ്സോ ധൈര്യമോ ഇല്ലെന്ന് ഗാന്ധിജിതന്നെ പരോക്ഷമായി സൂചിപ്പിക്കുകയും ചെയ്തു.

ഗാന്ധിയന്‍തന്ത്രത്തിന് എതിരായ അട്ടിമറി

ഗാന്ധിയന്‍ തന്ത്രത്തിന്റെ പ്രധാന കാതല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ അദ്ദേഹം ലോകത്തിലെ ഏറ്റവും വലിയ ബഹുജനപ്രസ്ഥാനത്തെ ഉണ്ടാക്കി എന്നതാണ്. ഇതിനേക്കാള്‍ വലിയൊരു ബഹുജനപ്രസ്ഥാനം അതുവരെ ലോകം കണ്ടിട്ടില്ലെന്ന് പ്രസിദ്ധ മാര്‍ക്‌സിസ്റ്റ് ചരിത്രകാരനായ ബിപിന്‍ചന്ദ്ര തന്നെ തന്റെ India's Struggle for Independence എന്ന ഗ്രന്ഥത്തില്‍ സമ്മതിക്കുന്നുണ്ട്. ഗാന്ധിയന്‍ തന്ത്രത്തിന്റെ കാതലായി അദ്ദേഹം കാണുന്നത് struggle - True - Struggle (STS) തന്ത്രമാണ്. ഒരര്‍ത്ഥത്തില്‍ ഇ.എം.എസ്. പറഞ്ഞതും അതുതന്നെ. മാര്‍ക്‌സിസ്റ്റ് ചിന്താധാരയില്‍ മുഴുവന്‍ ഈ ''സമരം - സന്ധി - സമരം'' വ്യാപിച്ച് കിടക്കുന്നു. നേരത്തെ സൂചിപ്പിച്ച 'ലേബര്‍ മന്ത്‌ലി' മുഖാമുഖത്തിലും ഈ ആശയമുണ്ട്.

ഗാന്ധിജിയുടെ ചര്‍ക്കാസിദ്ധാന്തത്തിനും, ഹരിജന്‍ സേവക്കും ഒക്കെ എതിരായി ധാരാളം വിമര്‍ശനങ്ങളുണ്ടായിട്ടുണ്ട്. പക്ഷെ സൂക്ഷ്മ വിശകലനത്തില്‍ ഗാന്ധിയുടെ പരിപാടിയിലാകെ ഒരു തന്ത്രം കിടപ്പുണ്ട്. ഖാദി, ഹരിജന്‍ സേവ, ഹിന്ദു-മുസ്ലീം മൈത്രി, രാഷ്ട്രഭാഷാ പ്രചരണം ഇതെല്ലാം ഗാന്ധിജിയുടെ നിര്‍മ്മാണ പരിപാടികളായിരുന്നു. ഈ നിര്‍മ്മാണ പരിപാടികള്‍ തികച്ചും നിയമപരവും അഹിസാത്മകവുമാണ്. ഗാന്ധിജിയുടെ സമരത്തിന് മൂന്നു ആരോഹണ ഘട്ടങ്ങളാണ് ഉണ്ടായിരുന്നത്. നിസ്സഹകരണപ്രസ്ഥാനം, ഉപ്പുസത്യഗ്രഹം, ക്വിറ്റിന്ത്യാപ്രസ്ഥാനം. ഈ ആരോഹണഘട്ടങ്ങള്‍ക്കായി തയ്യാറെടുക്കാനുള്ള ദൈനംദിന 'ഡ്രില്‍' ആയിരുന്നു ഈ നിര്‍മ്മാണ പരിപാടി. സമാധാനഘട്ടത്തില്‍ നിര്‍മ്മാണ പരിപാടികളിലേര്‍പ്പെടുക, അനുയോജ്യമായ കാലത്ത് സമരാരോഹണമുണ്ടാക്കുക - ഇതായിരുന്നു ആ തന്ത്രത്തിന്റെ ഒരുവശം. ബ്രിട്ടീഷ് ഇന്ത്യയിലെ നിയമവാഴ്ചയുടെ പഴുതുകള്‍ ഗാന്ധിജി സമരത്തിനുള്ള അവസരങ്ങളാക്കി. ഇത് നിരന്തര സമരമല്ല. ക്ഷമാപൂര്‍വ്വമായ തയ്യാറെടുപ്പുകളാണ്. പ്രത്യാക്രമണത്തിന് ഒരവസരവും കൊടുക്കാതെയായിരുന്നു ഗാന്ധിജിയുടെ മുന്നേറ്റം. 1922-ല്‍ ചൗരിചൗരാ സംഭവത്തോടുകൂടി ഗാന്ധിജി നിസ്സഹകരണപ്രസ്ഥാനം പിന്‍വലിച്ചപ്പോള്‍ അദ്ദേഹം തന്റെ സമരത്തിന്റെ നിയമസാധുതയേയും ധാര്‍മ്മികസാധുതയേയും സംരക്ഷിക്കുകയായിരുന്നു. സമരം തുടര്‍ന്നിരുന്നുവെങ്കില്‍ ശക്തമായ ബ്രിട്ടീഷ് പ്രത്യാക്രമണം ഉണ്ടാകുമായിരുന്നു.  അതിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് പ്രാപ്തവുമായിരുന്നു. വിമോചനസൈന്യത്തിന് അത് നാശമാകുമായിരുന്നു. സമരം പിന്‍വലിക്കുക വഴി സമരസൈന്യത്തെ നിലനിര്‍ത്തി; നിര്‍മ്മാണ പരിപാടികളിലൂടെ അതിനെ പുനഃരുജ്ജീവിപ്പിച്ചു പുതുജീവന്‍ നല്‍കി. ഉപ്പുസത്യഗ്രഹവേളയിലും സമരം ശക്തികുറഞ്ഞു എന്നു തോന്നിയ ഉടന്‍ പിന്മാറി വീണ്ടും നിര്‍മ്മാണ പരിപാടിയിലേക്ക് തിരിഞ്ഞു. ഇപ്പോള്‍ നിരന്തര ഉപയോഗത്തിലിരിക്കുന്ന 'സുസ്ഥിര' പദം ഇതുമായി യോജിപ്പിച്ചാല്‍ നമുക്ക് 'സുസ്ഥിരസമരം' ലഭിക്കും. ഓരോ പിന്മാറ്റവും കരുത്താര്‍ജ്ജിക്കാനുള്ള പിന്മാറ്റമാണ്. ഓരോ ഘട്ടത്തിലും സമരത്തിന്റെ സാധുത (Legitimacy) ഗാന്ധിജിയുടെ പക്ഷത്തായിരുന്നു. Semi authoritarian (അര്‍ദ്ധഫാസിസ്റ്റ് എന്ന ബിപിന്‍ ചന്ദ്ര വിശേഷിപ്പിക്കുന്ന ബ്രിട്ടീഷ് ഭരണത്തിന്റെ ബാക്കി അര്‍ദ്ധഭാഗമായ നിയമവാഴ്ചയും പൗരാവകാശങ്ങളും ഗാന്ധിയന്‍ സമരമുറക്ക് അസ്ഥിവാരം നല്‍കി. ബലപ്രയോഗം കൂടാതെ സുസ്ഥിരമായ മാറ്റം എങ്ങിനെ ഉണ്ടാക്കാമെന്ന പുതിയ കണ്ടുപിടുത്തം തന്നെയായിരുന്നു ഈ തന്ത്രം.

1940 സപ്തംബര്‍ 15ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ നടത്തിയ സമരപരിപാടി ഈ ശക്തമായ തന്ത്രത്തെ അട്ടിമറിക്കാനുള്ള പ്രായോഗികശ്രമമായിരുന്നു. രണ്ടാംലോകമഹായുദ്ധം നടന്നുകൊണ്ടിരിക്കയായിരുന്നു. ഇന്ത്യക്ക് അടുത്തൊന്നും സ്വാതന്ത്ര്യം നല്‍കാന്‍ ഇടയില്ല എന്ന് ഇന്ത്യാസെക്രട്ടറിയായിരുന്ന അമറി പ്രഭു പ്രസ്താവിച്ചു. ഈ പ്രസ്താവനയില്‍ പ്രതിഷേധിക്കാന്‍ ഗാന്ധിജിയും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയും ആവശ്യപ്പെട്ടു. പക്ഷെ പ്രതിഷേധം സമാധാനപരമായിരിക്കണമെന്ന് പ്രത്യേകം നിഷ്‌കര്‍ഷിച്ചു. എന്നാല്‍ കമ്മ്യൂണിസ്റ്റ്  നിയന്ത്രണത്തിലായിരുന്ന 'കമ്മ്യൂണിസ്റ്റ് കെ.പി.സി.സി.' രഹസ്യമായി ആയുധങ്ങളേന്തിയാണ് പ്രകടനം നടത്തിയത്. അവര്‍ പോലീസിനെ കടന്നാക്രമിച്ചു. അപ്രതീക്ഷിതമായ ആക്രമണത്തിനിരയായ പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇത് ചൗരിചൗരയില്‍ സംഭവിച്ചതുപോലുള്ള യാദൃച്ഛിക സംഭവമായിരുന്നില്ല. മുന്‍കൂട്ടി തയ്യാറാക്കി നടത്തിയ അരങ്ങറ്റമായിരുന്നു. ഗാന്ധിജി കണ്ണിലെ കൃഷ്ണമണിപോലെ സൂക്ഷിച്ച സ്വാതന്ത്ര്യസമരത്തിന്റെ സാധുതയെ തകര്‍ക്കുന്ന അട്ടിമറിയായിരുന്നു. ഗാന്ധിജി കമ്മ്യൂണിസ്റ്റുകാര്‍ പ്രചരിപ്പിച്ചതുപോലെ സന്ധികളുടെ നേതാവല്ല, ക്ഷമാപൂര്‍വ്വമായ തയ്യാറെടുപ്പിന്റേയും ശക്തമായ ബഹുജനസമരത്തിന്റേയും നേതാവായിരുന്നു. അതുകൊണ്ടാണ് ഗാന്ധിജിക്ക് ഇത്തരമൊരു പ്രസ്ഥാനം ഉണര്‍ത്തികൊണ്ടു വരാന്‍ കഴിഞ്ഞത്.

ഗാന്ധിജിയെ വിലയിരുത്തുന്ന കാര്യത്തില്‍ കമ്മ്യൂണിസ്റ്റുകാരില്‍ അച്യുതമേനോന്‍ മാത്രമാണ് തികഞ്ഞ സത്യസന്ധത പുലര്‍ത്തിയത്. അവസാന കാലത്തെഴുതിയ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞു: ''നമ്മള്‍ ഗാന്ധിജിയുടെ സമരത്തെക്കുറിച്ച് സര്‍വ്വ അവിശ്വാസങ്ങളും പ്രചരിപ്പിച്ചു; പക്ഷെ അദ്ദേഹം കാട്ടിയ മാര്‍ഗ്ഗത്തിലൂടെ തന്നെ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.'' ഈ സത്യസന്ധത മറ്റു കമ്മ്യൂണിസ്റ്റുകാരും പുലര്‍ത്തിയിരുന്നുവെങ്കില്‍, ഭാവി പരിപാടിക്ക് അതൊരു ക്രിയാത്മക തുടക്കം അവര്‍ക്കു നല്‍കും എന്നു വ്യക്തമാണ്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments