Kesari WeeklyKesari

-ലേഖനം-

വേങ്ങരയുടെ പാഠം ഭീകരവാദത്തിന്റെ വളര്‍ച്ച --ജി.കെ. സുരേഷ് ബാബു

on 03 November 2017

വേങ്ങര നിയമസഭാ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നു ദിവസങ്ങളായി. പ്രതീക്ഷിച്ചതുപോലെ മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി കെ.എന്‍.എ ഖാദര്‍ വിജയിച്ചു. രണ്ടാംതവണയും ഭാഗ്യപരീക്ഷണം നടത്തിയ സി.പി.എമ്മിന്റെ അഡ്വ. പി.പി. ബഷീര്‍ പരാജയം ഏറ്റുവാങ്ങി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രംഗത്തില്ലാതിരുന്ന എസ്.ഡി.പി.ഐ മൂന്നാംസ്ഥാനത്ത് എത്തി. മൂന്നാംസ്ഥാനത്തായിരുന്ന ബി.ജെ.പി നാലാം സ്ഥാനത്തേക്ക് പോയി. യഥാര്‍ത്ഥത്തില്‍ ആരാണ് വിജയിച്ചത്? യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ മുസ്ലീംലീഗിന്റെ കെ.എന്‍.എ ഖാദര്‍ 23,310 വോട്ടിനാണ് വിജയിച്ചത്. കഴിഞ്ഞ തവണത്തേക്കാള്‍ വോട്ടും ഭൂരിപക്ഷവും കുറഞ്ഞു. അതുകൊണ്ടുതന്നെ യു.ഡി.എഫിന്റെ വിജയം വിജയമല്ലെന്നാണ് ഇടതുപക്ഷത്തിന്റെ വിലയിരുത്തലും പ്രസ്താവനയും. ഇടതുമുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കൂടി. ബി.ജെ.പിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ വോട്ട് കുറഞ്ഞു. 

യു.ഡി.എഫിന്റെ തകര്‍ച്ചയേക്കാളും ഇടതുമുന്നണിക്ക് വോട്ട് കൂടിയതിനേക്കാളും ചിലരെങ്കിലും ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചത് ബി.ജെ.പിക്ക് വോട്ട് കുറഞ്ഞതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസനമന്ത്രവും  അമിത്ഷായുടെ തിരഞ്ഞെടുപ്പ് തന്ത്രവും കുമ്മനം രാജശേഖരന്റെ കേരള രക്ഷായാത്രയും ഒന്നും തന്നെ വേങ്ങരയില്‍ ഏശിയില്ലെന്നും ബി.ജെ.പി തകര്‍ന്നടിഞ്ഞുവെന്നും ചില മാധ്യമങ്ങളും പ്രചരിപ്പിച്ചു. പക്ഷേ, വേങ്ങരയിലെ തിരഞ്ഞെടുപ്പുഫലം ഉയര്‍ത്തുന്ന യഥാര്‍ത്ഥ ഭീഷണി എന്താണെന്ന് കണ്ടെത്തുന്നതിലും വിലയിരുത്തുന്നതിലും മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഫലപ്രദമായി മുന്നേറിയോ എന്നകാര്യത്തില്‍ സംശയമുണ്ട്. വേങ്ങരയില്‍ ഇടതുമുന്നണിക്ക് രാഷ്ട്രീയ നേട്ടമോ യു.ഡി.എഫിന് രാഷ്ട്രീയ പരാജയമോ ഉണ്ടായിട്ടില്ല. ഉണ്ടായത് ഇസ്ലാമിക ഭീകരവാദത്തിന്റെ ധ്രുവീകരണമാണ്. കേന്ദ്രഭരണവും അഖില കേസും അടക്കമുള്ളവ ഉയര്‍ത്തിക്കാട്ടി ഇസ്ലാമിക ഭീകരതയ്ക്ക് വേരോട്ടമുണ്ടാക്കാന്‍ എസ്.ഡി.പി.ഐ നടത്തിയ ശ്രമം ഒരു പരിധിവരെയെങ്കിലും വിജയിച്ചതിന്റെ നേര്‍ക്കാഴ്ചയാണ് വേങ്ങരയില്‍ ഉണ്ടായത്. 

വേങ്ങര നിയമസഭാമണ്ഡലം ഉണ്ടായതു മുതല്‍ ഇതുവരെ എം.എല്‍.എ ആയിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വ്യക്തിപ്രഭാവമുള്ള ആളായിരുന്നില്ല കെ.എന്‍.എ ഖാദര്‍ എന്ന ചില കോണ്‍ഗ്രസ് നേതാക്കളുടെ വിശകലനവും ശരിയല്ല. ഇത് ഭൂരിപക്ഷം കുറഞ്ഞതിന് ഒരു മുന്‍കൂര്‍ ജാമ്യം മാത്രമായിരുന്നു. ഒരുപക്ഷെ, പി.കെ. കുഞ്ഞാലിക്കുട്ടിയേക്കാള്‍ വ്യക്തിപ്രഭാവമുള്ളയാള്‍ കെ.എന്‍.എ. ഖാദര്‍ തന്നെയായിരുന്നില്ലേ. എ.ഐ.എസ്.എഫിലും പിന്നീട് സി.പി.ഐയിലും പ്രവര്‍ത്തിച്ച കെ.എന്‍.എ ഖാദര്‍ പിന്നീടാണ് മുസ്ലീംലീഗില്‍ എത്തിയത്. 1984 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറത്തെ ഇടതുമുന്നണി തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ച ഖാദര്‍ 1987 ലാണ് മുസ്ലീംലീഗില്‍ എത്തിയത്. കോഴിബിരിയാണിയും അത്തര്‍ പൂശലും മറ്റ് ചുറ്റിക്കളികളും ഒക്കെക്കൊണ്ട് എന്നും മൊഞ്ചുള്ള ഇശല്‍രാവുകള്‍ തേടുന്ന പതിവ് മുസ്ലീംലീഗ് രാഷ്ട്രീയത്തിലേക്ക് ഖാദര്‍ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെ പെണ്‍വാണിഭം അടക്കമുള്ള ഒരു ആരോപണവും ഖാദറിനെതിരെ ഉയര്‍ന്നിട്ടുമില്ല. മുസ്ലീം ജനസാമാന്യത്തിനിടയില്‍, ലീഗ് നേതാവെന്ന നിലയില്‍, ലീഗിന്റെ എല്ലാമെല്ലാം എന്ന നിലയില്‍ കുഞ്ഞാലിക്കുട്ടിക്കുള്ള സ്വാധീനം ഒരുപക്ഷെ, കെ.എന്‍.എ ഖാദറിന് ഉണ്ടാവില്ല. പക്ഷേ, വ്യക്തിപരമായി മറ്റേത് ലീഗ് നേതാവിനെക്കാളും മുകളില്‍ തന്നെയാണ് ഖാദറിന്റെ സ്ഥാനം. ഖാദറിനെ സ്ഥാനാര്‍ത്ഥിയാക്കി നിര്‍ത്തുമ്പോള്‍ മണ്ഡലത്തിലുണ്ടായ രാഷ്ട്രീയമായ അടിയൊഴുക്കുകള്‍ മനസ്സിലാക്കുന്നതിലും പ്രതിരോധിക്കുന്നതിലും യു.ഡി.എഫും ലീഗും പരാജയപ്പെട്ടു. ആ പരാജയമാണ് വേങ്ങരയില്‍ നിഴലിച്ചത്. 

രാഷ്ട്രീയമായ നീക്കങ്ങളും വര്‍ഗ്ഗീയ പ്രചാരണവുമാണ് വേങ്ങരയെ സ്വാധീനിച്ചതെന്ന് സുവ്യക്തമാണ്. 2011 ലാണ് വേങ്ങര നിയമസഭാമണ്ഡലം ഉണ്ടായത്. 1,44,304 വോട്ടുകളാണ് അത്തവണ മണ്ഡലത്തില്‍ ഉണ്ടായിരുന്നത്. 99,384 വോട്ടുകള്‍ രേഖപ്പെടുത്തിയ തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് 63,138 വോട്ടുകളാണ് ലഭിച്ചത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ കെ.പി. ഇസ്മായിലിന് 24,901 വോട്ടുകളും ബി.ജെ.പിയിലെ സുബ്രഹ്മണ്യന് 3,417 വോട്ടുകളും എസ്.ഡി.പി.ഐയിലെ അബ്ദുള്‍ മജീദിന് 4,683 വോട്ടും ലഭിച്ചു. 38,237 വോട്ടായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. 

2016 ലെ തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി 72,181 വോട്ടും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ പി.പി. ബഷീര്‍ 34,124 വോട്ടും ബി.ജെ.പിയുടെ പി.ടി.ആലി ഹാജി 7055 വോട്ടും എസ്.ഡി.പി.ഐയുടെ കല്ലന്‍ അബൂബക്കര്‍ മാസ്റ്റര്‍ 3,049 വോട്ടും നേടി. പക്ഷേ അക്കുറി പി.ഡി.പിക്കും വെല്‍ഫെയര്‍ പാര്‍ട്ടിക്കും വെവ്വേറെ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. പി.ഡി.പിയുടെ സുബൈര്‍ സ്വബാഹി 1864 വോട്ടും വെല്‍ഫെയര്‍ പാര്‍ട്ടിയുടെ സുരേന്ദ്രന്‍ കരിപ്പുഴ 1472 വോട്ടും നേടിയിരുന്നു. വോട്ട് കൂടിയിട്ടും ഈ തിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 38,057 ആയി കുറഞ്ഞു. കുറവ് വളരെ വലുതല്ല. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം കുഞ്ഞാലിക്കുട്ടിക്ക് ഒപ്പമായിരുന്നു. 2016 ലെ തിരഞ്ഞെടുപ്പിലും ഇടതുമുന്നണിയുടെ വോട്ട് കൂടിയിരുന്നു. 2011 ല്‍ നേടിയ 24,901 വോട്ട് 2016 ആയപ്പോഴേക്കും 34,124 ആയി കൂടി. 2017 ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.കെ. കുഞ്ഞാലിക്കുട്ടി 73,804 വോട്ടുകളാണ് നേടിയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എം.പി. ഫൈസല്‍ 33,275 വോട്ടും ബി.ജെ.പിയുടെ ശ്രീപ്രകാശ് 5,952 വോട്ടുമാണ് നേടിയത്. 40,529 വോട്ടായിരുന്നു ഈ തിരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം. എസ്.ഡി.പി.ഐക്ക് ഈ തിരഞ്ഞെടുപ്പില്‍  സ്ഥാനാര്‍ത്ഥി ഉണ്ടായില്ല. 

2014 ല്‍ ഇ. അഹമ്മദ് നേടിയ 42,632 വോട്ടിന്റെ ഭൂരിപക്ഷം മറികടക്കാന്‍ കുഞ്ഞാലിക്കുട്ടിക്ക് ആയില്ല. ഇ. അഹമ്മദ് 60,323 വോട്ടാണ് നേടിയത്. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.കെ. സൈനബ 17691 വോട്ടും ബി.ജെ.പിയുടെ ശ്രീപ്രകാശ് 5638 വോട്ടുമാണ് നേടിയത്. എസ്.ഡി.പി.ഐയുടെ നസറുദ്ദീന്‍ എളമരം 9058 വോട്ട് നേടിയിരുന്നു. കുഞ്ഞാലിക്കുട്ടി ലോക്‌സഭയിലേക്ക് ജയിച്ചതിനെ തുടര്‍ന്നാണ് വേങ്ങരയില്‍ ഉപതിരഞ്ഞെടുപ്പ് വന്നത്. ഈ തിരഞ്ഞെടുപ്പില്‍ ആകെ 1,70,006 വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 1,22,623 വോട്ടുകളാണ് ആകെ രേഖപ്പെടുത്തിയത്. കെ.എന്‍.എ ഖാദറിന് 65,227 വോട്ടുകള്‍ ലഭിച്ചു. ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി.പി. ബഷീറിന് 41,917 വോട്ടുകളും എസ്.ഡി.പി.ഐയുടെ കെ.സി. നസീറിന് 8,648 വോട്ടുകളും ബി.ജെ.പിയുടെ കെ. ജനചന്ദ്രന്‍ മാസ്റ്റര്‍ക്ക് 5,728 വോട്ടുകളുമാണ് ലഭിച്ചത്. ലീഗ് വിമതല്‍ ഹംസയാകട്ടെ 502 വോട്ട് നേടി  നോട്ടയ്ക്കും പിന്നില്‍ 442 വോട്ടുകളോടെയാണ് ഏറ്റവും അവസാനമെത്തിയത്. കുഞ്ഞാലിക്കുട്ടി 2017 ല്‍ നേടിയ 40,529 വോട്ടില്‍ നിന്ന് 14,747 വോട്ടാണ് കെ.എന്‍.എ ഖാദറിന് ഭൂരിപക്ഷം കുറഞ്ഞത്. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയതിനേക്കാള്‍ 8,577 വോട്ട് യു.ഡി.എഫിന് മൊത്തം കുറഞ്ഞു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 6,954 വോട്ടും 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 4,904 വോട്ടും യു.ഡി.എഫിന് കുറഞ്ഞു. മണ്ഡലം രൂപീകരിച്ചതിനുശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 2,089 വോട്ടും യു.ഡി.എഫിന് കുറഞ്ഞു. 

മണ്ഡലം നിലവില്‍ വന്നതിനുശേഷം യു.ഡി.എഫ് നേടിയ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണ് ഇത്തവണ കൈവരിച്ചത്. നേരത്തെ നടന്ന തിരഞ്ഞെടുപ്പുകളില്‍ പാര്‍ലമെന്റിലും നിയമസഭയിലുമടക്കം ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം 38,057 ആയിരുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും വലിയ രണ്ടാമത്തെ ഭൂരിപക്ഷമായിരുന്നു കുഞ്ഞാലിക്കുട്ടി കൈവരിച്ച 38,237 വോട്ട്. 2017 ല്‍ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടന്നപ്പോഴും വേങ്ങരയിലാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നേടിയത്. 40,529 വോട്ട്. ഓരോ തിരഞ്ഞെടുപ്പിനുശേഷവും ഇടതുമുന്നണിയുടെ വോട്ട് കൂടുന്നുണ്ടായിരുന്നു. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മാത്രമാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി താഴേക്ക് പോയത്. മണ്ഡലത്തിലെ മുസ്ലീം ഭൂരിപക്ഷ സാധ്യത മുതലെടുക്കാന്‍ യു.ഡി.എഫും ലീഗും നടത്തിയ മതാധിഷ്ഠിത പ്രചാരണമായിരുന്നു കാരണം. 2014 ല്‍ ഇ. അഹമ്മദിനെതിരെ മത്സരിച്ചത് സി.പി.എം നേതാവ് പി.കെ. സൈനബയായിരുന്നു. തട്ടമിടാതെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പി.കെ. സൈനബ മതത്തിന് എതിരാണെന്നും മതവിശ്വാസിയല്ലെന്നും മണ്ഡലത്തിലുടനീളം ലീഗുകാര്‍ പ്രചരിപ്പിച്ചു. തട്ടമിടാത്ത സ്ഥാനാര്‍ത്ഥി മണ്ഡലത്തിലുടനീളം പ്രചരണം നടത്തിയപ്പോള്‍ ലീഗുകാരുടെ മതവിരുദ്ധ എന്ന പ്രചാരണം ശരിക്കും ഏറ്റു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി നേടിയ 24,901 വോട്ട് പി.കെ. സൈനബ മത്സരിച്ചപ്പോള്‍ 17,691 ആയി കുറഞ്ഞു. 2017 ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനേക്കാള്‍ ഈ തിരഞ്ഞെടുപ്പില്‍ പി.പി. ബഷീര്‍  8,642 വോട്ടുകള്‍ കൂടുതല്‍ നേടി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 7,793 വോട്ടുകള്‍ പി.പി. ബഷീര്‍ ഇത്തവണ അധികം നേടി. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 24,226 വോട്ടും ബഷീര്‍ അധികം നേടി.

2017 ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിനേക്കാള്‍ 224 വോട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോള്‍ ബി.ജെ.പിക്ക് കുറഞ്ഞത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ആലി ഹാജി 7,055 വോട്ട് നേടിയിരുന്നു. 2017 ലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ശ്രീപ്രകാശ് 5,952 വോട്ടാണ് നേടിയത്. ഇതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ 5,728 ആയി കുറഞ്ഞത്. എസ്.ഡി.പി.ഐക്ക് ആകട്ടെ, വീണ്ടും മൂന്നാംസ്ഥാനം തിരിച്ചുപിടിക്കാനായി. മണ്ഡലം രൂപീകരിച്ച 2011 ല്‍ എസ്.ഡി.പി.ഐ തന്നെയാണ് മൂന്നാം സ്ഥാനത്ത് ഉണ്ടായിരുന്നത്. ബി.ജെ.പിയുടെ സുബ്രഹ്മണ്യന് 3,417 വോട്ടും എസ്.ഡി.പി.ഐയുടെ അബ്ദുള്‍ മജീദിന് 4,683 വോട്ടുമാണ് ലഭിച്ചത്. 2016 ലെ  നിയമസഭാ തിരഞ്ഞെടുപ്പ് ആയപ്പോള്‍ മുസ്ലീം സമുദായാംഗവും ബി.ജെ.പി ന്യൂനപക്ഷ മോര്‍ച്ചാ നേതാവുമായ ആലി ഹാജിയെ സ്ഥാനര്‍ത്ഥിയാക്കിയപ്പോള്‍ ബി.ജെ.പി വോട്ട് 7,055 ആയി ഉയര്‍ന്നു. അത്തവണ എസ്.ഡി.പി.ഐയുടെ വോട്ട് 3,049 ആയി നാലാം സ്ഥാനത്തേക്ക് പോയി. 2014 ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നസറുദ്ദീന്‍ എളമരത്തെ സ്ഥാനാര്‍ത്ഥിയാക്കി എസ്.ഡി.പി.ഐ വീണ്ടും മൂന്നാംസ്ഥാനം തിരിച്ചുപിടിച്ചു. 9,058 വോട്ട് എളമരം പിടിച്ചപ്പോള്‍ ബി.ജെ.പിയുടെ ശ്രീപ്രകാശിന് 5,638 വോട്ട്  മാത്രമേ ലഭിച്ചുള്ളൂ. 

വേങ്ങര മണ്ഡലത്തിലെ ജനസംഖ്യാ വിന്യാസവും സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. 76 ശതമാനം മുസ്ലീങ്ങളും 23-24 ശതമാനം ഹിന്ദുക്കളും അടങ്ങിയതാണ് മണ്ഡലം. 33,000 വരുന്ന ഹിന്ദു ജനസംഖ്യയില്‍ ഏതാണ്ട് 23,000 വോട്ടുകളാണ് രേഖപ്പെടുത്തിയത്. മുസ്ലീം വോട്ടുകളില്‍ ബി.ജെ.പിക്ക് അനുകൂലമായ വോട്ടുകള്‍ തീരെ കുറവാണ്. പോള്‍ ചെയ്ത ഹിന്ദു വോട്ടുകളില്‍ മാത്രമാണ് ബി.ജെ.പിയുടെ സാധ്യതകള്‍ നിലനിന്നിരുന്നത്. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും യു.ഡി.എഫ് നേട്ടമുണ്ടാക്കിയെങ്കിലും ആറിടത്തും കഴിഞ്ഞ തവണത്തേതിനേക്കാള്‍ ഭൂരിപക്ഷം കുറഞ്ഞു.

വേങ്ങരയില്‍ ഇടതുമുന്നണിയും വലതുമുന്നണിയും എസ്.ഡി.പി.ഐയും പ്രചരണത്തില്‍ ഒരേപോലെ കേന്ദ്രീകരിച്ചത് ബി.ജെ.പിയെ ആയിരുന്നു. ബി.ജെ.പി ന്യൂനപക്ഷ വിരുദ്ധരാണെന്നും നരേന്ദ്രമോദി ഗുജറാത്തില്‍ മുസ്ലീങ്ങളെ വംശഹത്യ നടത്തിയെന്നും ബീഫ് കഴിക്കുന്നതിന് മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയശേഷം നിരോധനം കൊണ്ടുവന്നു എന്നും ഈ രണ്ടു മുന്നണികളും എസ്.ഡി.പി.ഐയും ഒരേപോലെ പ്രചരിപ്പിച്ചു. ഗോസംരക്ഷകരും പശുക്കടത്തുകാരും തമ്മിലുള്ള പ്രശ്‌നം ബി.ജെ.പിയുടേതാക്കി മാറ്റി. 76 ശതമാനം ന്യൂനപക്ഷങ്ങളുള്ള ഈ മണ്ഡലത്തില്‍ ബിജെ.പി വിരുദ്ധ പ്രചരണം ശക്തമാക്കുന്നതിനൊപ്പം തീവ്ര ഇസ്ലാമിക മൗലികവാദവും തീക്ഷ്ണമായി പ്രചരിക്കപ്പെട്ടു. ഇടതു-വലതു മുന്നണികള്‍ ഒരേപോലെ ബി.ജെ.പി വിരുദ്ധ പ്രചാരണം ആളിക്കത്തിച്ചപ്പോള്‍ അത് ഒരു പരിധിവരെ ഇടതുമുന്നണിക്ക് അനുകൂലമായി. അഴിമതിക്കഥകളിലൂടെ സ്വതേ ദുര്‍ബ്ബലമായ കോണ്‍ഗ്രസ്സിന് ബി.ജെ.പിയെ പ്രതിരോധിക്കാന്‍ ആകില്ലെന്ന ഇടതുമുന്നണിയുടെ പ്രചാരണത്തിന് മണ്ഡലത്തില്‍ കൂടുതല്‍ വിശ്വാസ്യത കിട്ടി. അതേസമയം തന്നെ ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ നിഷ്ഠൂരമായി വധിക്കുന്നതിനെതിരെയും കേരളത്തിലെ ഇസ്ലാമിക-ജിഹാദി ഭീകരതയ്ക്ക് എതിരെയും കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ നടത്തിയ ജനരക്ഷാ യാത്രയും പ്രതിലോമപരമായാണ് മുസ്ലീം ജനസാമാന്യം സ്വീകരിച്ചത്. ആര്‍.എസ്.എസ്സിനെയും ബി.ജെ.പിയെയും നേരിടാന്‍ സി.പി.എമ്മിന് മാത്രമേ കഴിയൂ എന്ന സന്ദേശം തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം ഇടതുമുന്നണി നല്‍കി. പൊതുവെ ദുര്‍ബ്ബലമായ യു.ഡി.എഫിനു പകരം ഇടതുമുന്നണിയാണ് ഭേദമെന്ന പ്രതീതി മണ്ഡലത്തിലെ ഭൂരിപക്ഷ വിഭാഗമായ മുസ്ലീങ്ങള്‍ക്കുണ്ടായി. ഇടതുപക്ഷ മുഖ്യധാരയിലൂടെ സി.പി.എമ്മിലേക്ക് നുഴഞ്ഞുകയറാന്‍ ഇസ്ലാമിക മതമൗലികവാദികള്‍ നടത്തുന്ന ശ്രമം കൂടി ആയപ്പോള്‍ ഇടതുമുന്നണിയുടെ വോട്ടില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായി. കഴിഞ്ഞ തവണത്തേക്കാള്‍ ആറു ശതമാനം വോട്ടാണ് ഇടതുമുന്നണിക്ക് ഇക്കുറി കൂടിയത്. ആറ് പഞ്ചായത്തുകളിലുമായി രണ്ട് ബൂത്തുകളില്‍ മാത്രമായിരുന്നു കഴിഞ്ഞ തവണ ഇടതുമുന്നണി മുന്നില്‍ എത്തിയിരുന്നത്. ഇക്കുറി എല്ലാ പഞ്ചായത്തുകളിലെയും ചില ബൂത്തുകളില്‍ ഇടതുമുന്നണി മുന്നിലെത്തി. മലപ്പുറം ജില്ലയില്‍ അടുത്തിടെ നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പുകളിലും ഇതേ പ്രതിഭാസം ആവര്‍ത്തിച്ചിരുന്നു. തീവ്ര ഇസ്ലാമിക സംഘടനകളില്‍നിന്ന് സി.പി.എമ്മിലേക്കുള്ള ചേക്കേറലും അതിന് സി.പി.എം നല്‍കുന്ന സര്‍വ്വാത്മനായുള്ള പിന്തുണയും ഇതിന് അനുകൂല ഘടകമായി. 

ഇതിന് എരിതീയില്‍ എണ്ണ പകരാന്‍ എസ്.ഡി.പി.ഐക്കും കഴിഞ്ഞു. കൊടിഞ്ഞി ഫൈസല്‍ വധവും അഖില കേസും മണ്ഡലത്തിലുടനീളം വീടുവീടാന്തരം അവര്‍ പ്രചരണത്തിന് ഉപയോഗിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ സാധാരണ പാവപ്പെട്ട മുസ്ലീങ്ങളെ ലക്ഷ്യമിട്ട് ലാപ്‌ടോപ്പുകളിലും ടാബ്‌ലറ്റുകളിലും വീഡിയോ ദൃശ്യവുമായാണ് എത്തിയത്. ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത കൊടിഞ്ഞി ഫൈസലിനെ വധിച്ചത് ആര്‍.എസ്.എസ്സുകാരാണ് എന്ന് പ്രതികളുടെ ദൃശ്യങ്ങളടക്കം കാട്ടിക്കൊടുത്ത് പ്രചാരണം നടത്തി. ഫൈസല്‍ വധക്കേസിലെ പ്രതി ബിപിനെ വധിച്ച് തിരിച്ചടിക്കാനായത് നേട്ടമായി അവര്‍ ഉയര്‍ത്തിക്കാട്ടി. അഖിലയെ മതപരിവര്‍ത്തനം ചെയ്തതും അതിനെതിരെയുണ്ടായ കോടതി നടപടികളും സുപ്രീം കോടതിയിലെ കേസ് നടത്തിപ്പും അഖിലയെ കാണാന്‍ വൈക്കത്തെ വീട്ടിലെത്തിയ മത തീവ്രവാദ സംഘടനകളില്‍ പെട്ടവരെ കാണാന്‍ അനുവദിക്കാതിരുന്നതും ഒക്കെത്തന്നെ പ്രചാരണവിഷയമായി. ഇതൊക്കെ പാവപ്പെട്ട സാധാരണ മുസ്ലീങ്ങള്‍ക്കിടയില്‍ നരേന്ദ്രമോദി സര്‍ക്കാരിന് എതിരെയും ബി.ജെ.പിക്ക് എതിരെയും ഭയവും  ആശങ്കയും വിദ്വേഷവും ജനിപ്പിക്കാന്‍ മാത്രമാണ് ഇടയാക്കിയത്. 

അതേസമയം ജനരക്ഷായാത്ര കൂടി തുടങ്ങിയതോടെ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കളില്‍ ഭൂരിപക്ഷവും ജാഥയുടെ ചുമതലയിലേക്ക് പോയി. തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന കുടുംബയോഗങ്ങളില്‍ നരേന്ദ്രമോദിയുടെ വികസന അജണ്ടയും മറ്റുമാണ് പ്രധാനമായും പ്രചരണവിഷയമായത്. ഇടതുപക്ഷവും ജിഹാദികളും കൈകോര്‍ത്തുള്ള ഭീകരതയെക്കുറിച്ച് ജനരക്ഷാ യാത്രില്‍ ഉടനീളം ഉയര്‍ന്ന പ്രചാരണം മുസ്ലീം മതവിഭാഗത്തിന്റെ അഭയകേന്ദ്രം മുസ്ലീംലീഗും യു.ഡി.എഫും അല്ല, ഇടതുമുന്നണിയും സി.പി.എമ്മും ആണെന്ന ഇടതുമുന്നണിയുടെ പ്രചാരണത്തിന് ആക്കം കൂട്ടുന്നതുമായി. കുഞ്ഞാലിക്കുട്ടിയുടെ രാജിയും ഈ ഉപതിരഞ്ഞെടുപ്പും ജനങ്ങളുടെ മേല്‍ മുസ്ലീംലീഗ് അടിച്ചേല്‍പ്പിച്ചതാണെന്ന ഇടതുമുന്നണി പ്രചാരണവും യു.ഡി.എഫ് ഘടകകക്ഷികള്‍ തമ്മിലുള്ള ചേരിപ്പോരും യൂത്ത് ലീഗ് അടക്കം കെ.എന്‍.എ ഖാദറിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ പരസ്യമായി രംഗത്തുവന്നതും ഇടതുമുന്നണിക്ക് അനുകൂലമായ ചലനങ്ങള്‍ ഉണ്ടാക്കി. ഇടതുമുന്നണി മാത്രമാണ് ന്യൂനപക്ഷത്തിന്റെ അത്താണി എന്ന പ്രതീതി സൃഷ്ടിക്കാന്‍ അവര്‍ ശ്രമിച്ചപ്പോള്‍ മുസ്ലീങ്ങളുടെ അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയും ഗോവധവും ബീഫ് നിരോധനവും ഒക്കെ എസ്.ഡി.പി.ഐയും വ്യാപകമായി ഭീതിയുണര്‍ത്തുംവിധം പ്രചരിപ്പിച്ചു. ഇടതുമുന്നണി വിജയിച്ചില്ലെങ്കിലും അവര്‍ ഗണ്യമായ നേട്ടമുണ്ടാക്കി. ഇസ്ലാമിക ഭീകരതയുടെ നീരാളിപ്പിടുത്തത്തിലേക്ക്, വിളക്കിലേക്ക് പറന്നടുക്കുന്ന ഈയാംപാറ്റയെപ്പോലെ സി.പി.എമ്മും ഇടതുമുന്നണിയും നടന്നുനീങ്ങുകയാണ്. സി.പി.എമ്മിനെ സംബന്ധിച്ചിടത്തോളം ന്യൂനപക്ഷ വര്‍ഗ്ഗീയത സ്വന്തം കാര്യത്തിന് ഉപയോഗിക്കാനുള്ള ഒരു പരീക്ഷണമോ  നാഴികക്കല്ലോ മാത്രമാണ് വേങ്ങര തിരഞ്ഞെടുപ്പ്. 

എന്നാല്‍ പാരമ്പര്യവോട്ടുകള്‍ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് മുസ്ലീം ലീഗ് സംസ്ഥാന നേതൃയോഗത്തിന്റെ വിലയിരുത്തല്‍. മന്ത്രിസഭ ഒരുമിച്ച് വേങ്ങരയില്‍ എത്തിയിട്ടും ഇത്രയേ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളൂ എന്ന് ലീഗ് നേതൃത്വം വിലയിരുത്തി. ഫാസിസത്തെ ലീഗ് നേരിടുന്ന രീതി ശരിയാണെന്നും നിഷ്പക്ഷ വോട്ടുകള്‍ കുറഞ്ഞതിനെക്കുറിച്ച് ബൂത്ത്തലത്തില്‍ ജില്ലാസമിതി വിലയിരുത്തുമെന്നും സംസ്ഥാന നേതൃയോഗം വ്യക്തമാക്കി. അതേസമയം തന്നെ ലീഗ് സംസ്ഥാന നേതൃത്വത്തിനെതിരെ യൂത്ത്‌ലീഗിന്റെ സംസ്ഥാന നേതൃയോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നു. അതേസമയം പോള്‍ ചെയ്ത ഹിന്ദു വോട്ടിന്റെ അഞ്ചിലൊന്നെങ്കിലും നേടിയ ബി.ജെ.പി ഹിന്ദു ധ്രുവീകരണത്തിന്റെ സാധ്യതകളും ഈ തിരഞ്ഞെടുപ്പില്‍ മുന്നോട്ട് വയ്ക്കുന്നു. പ്രചരണപ്രവര്‍ത്തനത്തിലുണ്ടായ കാലതാമസവും വീഴ്ചകളും കൂടി ബി.ജെ.പിക്ക് വോട്ട് കുറയാനുള്ള സാഹചര്യം ഒരുക്കിയെന്ന വാദം തള്ളാനാകില്ല. വിഷലിപ്തമായ പ്രചാരണത്തിലൂടെ ന്യൂനപക്ഷ മനസ്സുകളില്‍ അന്ധമായ ബി.ജെ.പി - ഹിന്ദു വിരോധം കുത്തിവെയ്ക്കാനാണ് എസ്.ഡി.പി.ഐയും യു.ഡി.എഫും എല്‍.ഡി.എഫും ശ്രമിച്ചത്. ന്യൂനപക്ഷങ്ങളുടെ ഈ ആശങ്ക ദൂരീകരിക്കാനുള്ള പ്രവര്‍ത്തന പദ്ധതികള്‍ ഈ മേഖലയിലെങ്കിലും അനിവാര്യമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments