Kesari WeeklyKesari

മുഖലേഖനം

വിശ്വംഭരം-എസ്.രമേശന്‍നായര്‍

on 03 November 2017
Kesari Article

സ്മൃതി ഓര്‍മ്മ മാത്രമല്ല. അത് അനുഭവത്തില്‍ നിന്ന് ഉണ്ടാകുന്ന അറിവുകൂടിയാണ്. അത് ഒരു ആചാരപദ്ധതിയാണ്. നമ്മുടെ ധര്‍മ്മസംഹിതകളുടെ സമാഹൃതിയാണ്. ജീവിതത്തിന്റെ നിയമവൃത്ത വ്യവസ്ഥയാണ്. ശ്രുതികളും സ്മൃതികളും നമ്മുടേതാണ്. അഥവാ നമ്മള്‍ അത്തരം വ്യവസ്ഥകളുടെ വരമ്പിലൂടെ ശ്രദ്ധയോടെ സഞ്ചരിക്കേണ്ടവരാണ്. -സ്മൃതികളില്‍ ഒന്നുമാത്രമാണ് മനുസ്മൃതി. സ്മൃതികാരന്‍ എന്നു പറഞ്ഞാല്‍ ന്യായജ്ഞന്‍, ധര്‍മ്മശാസ്ത്രകര്‍ത്താവ്. അഥവാ, യാജ്ഞവല്‍ക്യന്‍.
പേരുപറഞ്ഞ് തീര്‍ക്കാവുന്നതല്ല മഹാഗുരുക്കന്മാരുടെ നിരന്തര പരമ്പര. 'വന്ദേ ഗുരുപരമ്പരാം'. അവരെ നാം അറിയുന്നില്ല എന്നത് നമ്മുടെ പരിമിതി. അവര്‍ നമുക്കുവേണ്ടി അവശേഷിപ്പിച്ചുപോയത് അറിവിന്റെ അനന്തമായ ആകാശവിസ്തൃതി. അപരിമേയ ഹരിതസമൃദ്ധമായ ഒരു ഭൂവിസ്തൃതി!
ഗുരുക്കന്മാര്‍ ശതസഹസ്രം കോടി കരിക്കട്ടകളുടച്ച് ഒരു വജ്രമണി കണ്ടെത്തും. അതു ലോകം തിളക്കുന്ന അപൂര്‍വ്വതയ്ക്ക് നിത്യമൂല്യമാവും. മഹത്വമാകും. നമ്മുടെ ഇരുട്ടിനു വെളിച്ചം പകരാന്‍ ഒരു വജ്രമണി പോരാ. ഒരായിരം കോടി പോരാ. അയുതായുതം സൂക്ഷ്മ സൂര്യമണിമൊട്ടുകള്‍ പോരാ. അത്രയ്ക്കുണ്ട് ഈ കാലം കുടഞ്ഞിടുന്ന ഇരുട്ട്. അതുകൊണ്ട് നമ്മള്‍ ചോദിച്ചുകൊണ്ടേയിരിക്കും.
'ഇരുള്‍ക്കരിക്കട്ടകള്‍ കൂട്ടിയിട്ട-
തിടിച്ചുവൈരപ്പൊടി ചിന്നിടും നീ
മഹത്വമേ, മൃത്യുവില്‍ നിന്നെനിയ്‌ക്കെ-
ന്നനശ്വരത്വത്തെയെടുത്തു കാട്ടും?'
തീര്‍ച്ചയായും മഹത്വം വല്ലപ്പോഴുമൊരിക്കല്‍ അത്തരം വജ്രമണികളിലൊന്നിനെ ഉയര്‍ത്തിക്കാട്ടുകതന്നെ ചെയ്യും. ആ മുഹൂര്‍ത്തത്തില്‍ നമ്മള്‍ കണ്ണടച്ചുപോകുന്നതുകൊണ്ട് ആ മിന്നല്‍പ്പൂവെട്ടം വിരിഞ്ഞതു നമ്മള്‍ കണ്ടില്ല എന്നുതന്നെ വരും. നമ്മള്‍ അറിഞ്ഞാലും അറിഞ്ഞില്ലെങ്കിലും ആ ആകാശപ്രഭാതപ്രചണ്ഡ  പ്രതിഭാസങ്ങള്‍ വിശ്വം ഭരിക്കും. അങ്ങനെ വീണുപോകുന്ന പൂക്കളില്‍ ഓരോന്നിന്റെയും പേരില്‍ പ്രകൃതി പ്രത്യാശിക്കും.
'സല്‍പ്പുഷ്പമേ, ഇവിടെ മാഞ്ഞു സുമേരുവിന്മേല്‍
കല്പദ്രുമത്തിനുടെ കൊമ്പില്‍ വിരിഞ്ഞിടാം നീ'
എന്ന്.
വിരിയും. അങ്ങനെ വിരിഞ്ഞ, ധ്രുവന്‍ ഉള്‍പ്പെടെയുള്ള എത്രയെത്ര  നക്ഷത്രനിത്യതകളാണ് ആകാശരാത്രികളില്‍ പദയാത്ര നടത്തി നമുക്കുവേണ്ടി അര്‍ത്ഥപ്രകാശം വ്യാഖ്യാനിച്ചുതരുന്നത്! ഇനി, അതിലൊരു നക്ഷത്രത്തെ വിശ്വംഭരനക്ഷത്രം എന്നു പേരെടുത്തു വിളിക്കാന്‍ നമ്മുടെ അല്പജ്ഞത അനുവദിക്കുകയില്ല. അഹന്ത അതിനു സമ്മതിക്കില്ല. അവിവേകം അതു തടസ്സപ്പെടുത്താതിരിക്കുകയില്ല. കാരണം എന്തെന്നോ? ആ ആളെ നമുക്കറിയാമായിരുന്നു. അടുത്ത് ഇടപഴകാന്‍ കഴിയുമായിരുന്നു. മാറ്ററിയാതെ വിലയിടാനുള്ള ഉത്സാഹം അമിതമായിരുന്നു. 'അതിപരിചയാദവജ്ഞ' എന്നാണനുഭവം. പരിചയക്കൂടുതല്‍ കൃത്യമായ മൂല്യനിര്‍ണ്ണയത്തിന് തടസ്സമാണ്. മൂല്യം തിട്ടപ്പെടുത്തേണ്ട വസ്തുവിനോട് നമുക്ക് അവജ്ഞപോലും തോന്നും. അതുകൊണ്ട് അന്യാധീനപ്പെടുന്ന വിലയിരുത്തല്‍ അപൂര്‍ണ്ണമാവും. അന്ധന്മാര്‍ ആനയെക്കണ്ടതുപോലെയാകും.
കണ്ണുള്ളപ്പോള്‍ കാഴ്ചയുടെ വില അറിയില്ല. ഹിമാലയത്തിനോടു ചേര്‍ന്നുനില്‍ക്കുന്ന ഒരാള്‍ അതിന്റെ പൊക്കം അറിയുന്നില്ല.
നമ്മള്‍ ഓര്‍ക്കുകയാണ് നമ്മില്‍നിന്ന് വിട്ടുപിരിഞ്ഞുപോയ ഒരാളെ. സത്യത്തില്‍ ഇരുണ്ടുപോവുകയാണ് നമ്മുടെ നാളെ. 
ആലപ്പുഴ ജില്ലയ്ക്കും തുറവൂരിനു പ്രത്യേകിച്ചും മാത്രമല്ല നഷ്ടം. ആരൊക്കെ മലയാളികളായി എവിടെയൊക്കെയുണ്ടോ, അവിടെയൊക്കെയുണ്ട് ഈ നഷ്ടം.
ഇടശ്ശേരിയുടെ അമ്മ നെഞ്ചുപൊട്ടി പൂതത്തിനോടു പറയുംപോലെ നമുക്കും പറഞ്ഞുനോക്കാം. കേരളം മുഴുവന്‍ വിഴുങ്ങുന്ന മരണത്തിന്റെ അഴിമതിപ്പൂതമേ, നീ എല്ലാം വിഴുങ്ങിയ്‌ക്കോ. മാര്‍ത്താണ്ഡം കായല്‍ മുഴുവന്‍ വിഴുങ്ങിയ്‌ക്കോ. മാത്തൂര്‍ ദേവസ്വം ഭൂമി മുഴുവന്‍ വിഴുങ്ങിയ്‌ക്കോ. ആലപ്പുഴ മൊത്തമായി വിഴുങ്ങിയ്‌ക്കോ. അതില്‍പ്പെട്ട തുറവൂര്‍ ഗ്രാമത്തെ വിഴുങ്ങിയ്‌ക്കോ. പക്ഷേ ആ ചിപ്പിയില്‍ വിളഞ്ഞ വിശ്വംഭരമുത്തിനെ മാത്രം ഞങ്ങള്‍ക്കു തിരികെത്താ.
അനിവാര്യതയാണ് മരണം എന്നു സമാധാനിക്കാം. അതു ശരീരത്തിന്റെ പ്രകൃതിയാണെന്നു കാളിദാസനു വ്യാഖ്യാനിക്കാം. ജീവിതം വികൃതിമാത്രമാണെന്ന് അനുബന്ധമുരയ്ക്കാം.
- ഇതൊക്കെ പിന്നീട് എപ്പോഴോ പറയേണ്ട സമാധാനവാക്യങ്ങള്‍ മാത്രം!
ഇപ്പോള്‍?
ഷേക്‌സ്പിയര്‍ നാടകമായ ജൂലിയസ് സീസറിന്റെ നഷ്ടമോര്‍ത്ത് മാര്‍ക്ക് ആന്റണി ഉദീരണം ചെയ്തതുപോലെ, 'If you have tears, shed them out now'.
നിങ്ങള്‍ക്കു കണ്ണീരുണ്ടെങ്കില്‍, അതിപ്പോള്‍ പൊഴിക്കുക.
സമാധാനിക്കാനും സമാധാനിപ്പിക്കാനും ഒരുപാടു ന്യായങ്ങള്‍ പറയാം. 'World is a stage and we men and women are actors' എന്ന് ഷേക്‌സ്പിയറിനു പറയാം. 'ലോകം രംഗം നരന്മാര്‍ നടര്‍ - ഇതുവളരെസ്സാരമാം തത്ത്വം' എന്ന് അനാഗതശ്മശ്രുവായ വി.സി. ബാലകൃഷ്ണപ്പണിക്കര്‍ക്ക് പോലും പറയാം. ഒന്നും നമ്മുടെ കയ്യിലല്ല. പിന്നില്‍ ഒരു സൂത്രധാരനുണ്ട്. 'തന്തിരുഹസ്തത്തിലാണു നാം കാണുമീ യന്ത്രചിത്രത്തിന്റെ സൂത്രത്തിരിപ്പുകള്‍' എന്ന് കുഞ്ഞിരാമന്‍ നായര്‍ക്കു കൈമലര്‍ത്താം. 'ഉണ്ടായിരിക്കാം ഇനിയും പിറപ്പ്' എന്നു നാലപ്പാടനു പ്രത്യാശിക്കാം. അന്ന് ഒപ്പം നമ്മളും ഉണ്ടായിരിക്കും എന്നതിന് എന്താണ് ഒരുറപ്പ്?
'ഉറങ്കുവതുപോലും ചാക്കാട് - ഉറങ്കി
വിഴിപ്പതുപോലും പിറപ്പ്' 
എന്ന് നിര്‍വ്വചിച്ച് സമവായം പുലര്‍ത്തുന്നു 
                              'തിരുക്കുറള്‍'. 
'ഉറക്കത്തിലാഴലാം മരണം - ഉറങ്ങി
എണീല്‍ക്കുന്നതത്രേ ജനനം...'
- ഉറങ്ങാത്ത ഒരു മനസ്സിന്റെ അക്ഷരജാഗ്രതയെക്കുറിച്ച് ഇതുപോലും നമുക്കു വിശ്വസിക്കുവാന്‍ പ്രയാസം.
അല്ലെങ്കിലും ഇതിലും വലിയ സമാധാനങ്ങള്‍ പറഞ്ഞിട്ടല്ലേ ഗീതാകാരന്‍ അര്‍ജ്ജുനന്റെ കയ്യില്‍ അമ്പെടുത്തുകൊടുത്തത്?
'അര്‍ജ്ജുനാ, ഈ ആത്മാവിനെ ആയുധങ്ങള്‍ മുറിവേല്‍പ്പിക്കുന്നില്ല. അഗ്നി ദഹിപ്പിക്കുന്നില്ല. വെള്ളം ദ്രവമാക്കിത്തീര്‍ക്കുന്നില്ല. വായു ശോഷിപ്പിക്കുന്നില്ല...' ഇതില്‍ക്കൂടുതല്‍ പറഞ്ഞുതരാന്‍ തുറവൂര്‍ വിശ്വംഭരന്‍ എന്ന മഹാഭാരതവ്യാഖ്യാതാവ് ഇന്നു നമ്മോടൊപ്പമില്ല.
മുഷിഞ്ഞ വസ്ത്രം മാറ്റി പുതുമയോടെ തിരിച്ചുവരാന്‍ അദ്ദേഹം അണിയറയിലേയ്ക്കു പോയിരിക്കുന്നു. എന്തു കാര്യം? - തിരിച്ചുവരുമ്പോള്‍ നമ്മള്‍ ഇവിടെ ഉണ്ടായിരിക്കുമോ?
ചില പേരുകളില്‍ അര്‍ത്ഥത്തിന്റെ വേരുകള്‍ ആഴത്തിലുള്ള ചേരുവകളായിച്ചേര്‍ന്ന് തിളക്കമുണ്ടാക്കും. എല്ലാറ്റിലുമില്ല. പല കോടികളില്‍ ഒരെണ്ണത്തിന്. എല്ലാ ചിപ്പിയിലും മുത്തുണ്ടാവുന്നില്ല. അമൃതാനുഗ്രഹപ്പെരുമഴയിലെ ഒരുതുള്ളി,  ഒരേയൊരു തുള്ളി, സ്വര്‍ഗ്ഗീയയാദൃശ്ചികതയോടെ ഏതൊരു ചിപ്പിയില്‍ കടന്നുവീഴുന്നുവോ, അതില്‍ മാത്രമേ മുത്തുവിളയൂ. അതിന്റെ വില നമുക്കറിയില്ല. വിശ്വംഭരപദത്തിന്റെ വില നമുക്കറിയില്ല.
സൂര്യവംശകുലഗുരു ഋഷിസത്തമ വസിഷ്ഠന്‍ ഒരു കുഞ്ഞിനെ മടിയിലിരുത്തി പേരു വിളിച്ചു - 'രാമന്‍!'
ഇവന്‍ ലോകത്തെയാകെ രമിപ്പിക്കും. ധര്‍മ്മത്തെ രക്ഷിക്കും. അധര്‍മ്മത്തിന്റെ പത്തുതലകളെയും വധിക്കും. 'രമന്തേ യോഗിനേ യസ്മിന്‍ രാമ ഇത്യഭിധീയതേ...' യോഗികളെപ്പോലും മനസ്സില്‍ രമിപ്പിക്കുന്നവന്‍.
ചന്ദ്രവംശകുലഗുരു മഹര്‍ഷി ഗര്‍ഗ്ഗന്‍ ഒരു അമാവാസിയെ മടിയിലിരുത്തി. കൃഷ്ണന്‍ എന്നു പേരുവിളിച്ചു. അവന്‍ ഈ പ്രപഞ്ചം മുഴുവന്‍ പാല്‍ക്കടലാക്കി. 
അമരകോശവും സിദ്ധരൂപവും ശ്രീരാമോദന്തവുമൊക്കെയായിരുന്നു പണ്ട് വിദ്യാഭ്യാസ ഞാറുനടീലിന്റെ അടിസ്ഥാനം. ഇന്ന് സ്ഥാനത്തും അസ്ഥാനത്തുമുള്ള അടിയും അടിതെറ്റലുമൊക്കെയായിരിക്കുന്നു അടിസ്ഥാന വിദ്യാഭ്യാസം. 
അമരകോശത്തില്‍ കുട്ടിക്കാലത്തു കണ്ട് മനസ്സിലുറച്ച ഭൂമിപ്പേരാണ് വിശ്വംഭരാ. 
'ഭൂര്‍ഭൂമിരചലാനന്താ
രസാ വിശ്വംഭരാസ്ഥിരാ.'
വിശ്വത്തെ ഭരിക്കുന്നവന്‍ വിശ്വംഭരന്‍. വിശ്വംഭരന്‍ വിഷ്ണു. ഭൂമി വിഷ്ണുപത്‌നി. ഇതൊക്കെ ഭൂമിയുള്ളിടത്തോളം നിലനില്‍ക്കേണ്ട പേരുകള്‍. വിശ്വമുണ്ടെങ്കില്‍ അത്രത്തോളം വിശ്വംഭരനുമുണ്ട്.
മരണം ദുര്‍ബ്ബലം. സ്വന്തം നിലയ്ക്കു പഴികേള്‍ക്കുവാനുള്ള കരുത്തുപോലും അതിനില്ല. ബ്രഹ്മപുത്രിയായ പിംഗള കേശിനിയായി ആരോഗ്യനികേതനത്തില്‍ വന്നുപോകുന്ന ആ കഥാപാത്രം എത്രമേല്‍ പരാധീനം! അതുകൊണ്ടാകാം, 'മരണമേ, നീ അത്രയ്‌ക്കൊന്നും അഹങ്കരിക്കണ്ടാ' എന്ന് ആംഗലേയ കവി ജോണ്‍ ഡോണ്‍ പറഞ്ഞത്.
'Death, Be not proud.'
മരണമേ - വിധി, രോഗം, അപകടം, രാജകോപം, യാദൃച്ഛികത്വം, വിഷം, യുദ്ധം, മദ്യം, സ്തംഭനം, സംഘര്‍ഷം, സംഘട്ടനം, ചതി, പ്രകൃതിക്ഷോഭം, ശത്രുബാധ ഇവയില്‍ ഒന്നിന്റെയെങ്കിലും സഹായമില്ലാതെ, നിനക്കു സ്വന്തമായി എന്തു ചെയ്യുവാന്‍ കഴിയുന്നു? ഇല്ല. മരണത്തിനു മാത്രമായി ആരെയും തോല്പിക്കാന്‍ കഴിയില്ല. മരണം തന്നെയാണു തോല്‍ക്കുന്നത്. വിശ്വംഭരപ്രതിഭ തന്നെയാണ് ജയിക്കുന്നത്. 
'And Death shall be no more;
Death, thou shalt die!'
ചിലേടത്തൊക്കെ, മരണപ്പെടുന്ന ആളല്ല മരിക്കുന്നത്. അവിടെ മരിക്കുന്നത് മരണം തന്നെയാണ്. 
അവസാനമറിയാത്ത ഒരു യാത്രയായിരുന്നു അത്. വനങ്ങള്‍ ഹരിതനിബിഡങ്ങളും തമാലനീലസാന്ദ്രങ്ങളുമായിരിക്കുന്നു. നിലാവ് അനന്തമായി പടര്‍ന്നു നിറയുന്നു. ലക്ഷ്യം ദൂരെയെങ്ങോ ഒളിഞ്ഞുനിന്നു മാടി വിളിക്കുന്നു. അദ്ദേഹത്തെപ്പോലൊരാള്‍ക്ക് എങ്ങനെ അടങ്ങി ഇരിക്കാനാവും. ബ്രൗണിംഗ് പറഞ്ഞതുപോലെ, യാത്ര അവസാനിക്കുന്നില്ല. തുടങ്ങുന്നേയുള്ളൂ, തുടരുന്നേയുള്ളൂ. And miles to go. ദൂരങ്ങള്‍ ഏറെ താണ്ടാനുണ്ട്. അദ്ദേഹം പോയിരിക്കുന്നു. തിര്‍ച്ചയായും തിരികെ വരും. അതുവരെയുള്ള ഈ ശൂന്യതയില്‍ നമുക്കെന്തു ചെയ്യാന്‍ പറ്റും? കാത്തിരിപ്പിന് എത്ര കാലം? ചെയ്യാവുന്നത് ഒന്നേയുള്ളൂ. അദ്ദേഹത്തിന്റെ ആത്മാവ് അനശ്വരതയില്‍ വിലയംകൊണ്ടിരിക്കുന്നു. അതിന്റെ പേരില്‍ പ്രാര്‍ത്ഥിക്കുക. മാര്‍ക്ക് ആന്റണിയുടെ വാക്കുകള്‍ ഓര്‍ക്കുമെങ്കില്‍, നിങ്ങള്‍ക്കു കണ്ണീരുണ്ടെങ്കില്‍, ഒരു തുള്ളി ഇപ്പോള്‍ പൊഴിക്കുക. അതാവട്ടെ ആ ജ്ഞാനതാപസനുളള അഞ്ജലി.

അറിവുകള്‍ അനുഗമിച്ച ഒരാള്‍ -മുരളി പാറപ്പുറം
തികച്ചും അപ്രതീക്ഷിതമായാണ് 'ജന്മഭൂമി' ചീഫ് എഡിറ്റര്‍ക്ക് ആ കത്ത് ലഭിച്ചത്. താങ്കളുടെ പത്രത്തില്‍ എന്നെ വിമര്‍ശിച്ച് വിശ്വംഭരന്‍ എന്നൊരാള്‍ എഴുതുന്നുണ്ട്. അത് നിര്‍ത്തണം. അല്ലാത്തപക്ഷം എനിക്ക് എല്‍. കെ. അദ്വാനിയോട് പരാതിപ്പെടേണ്ടിവരും. ഇതായിരുന്നു കത്തിന്റെ ചുരുക്കം. കത്ത് ലഭിച്ചയാള്‍ വി.എം.കൊറാത്ത് ആയിരുന്നു. കത്തെഴുതിയതാവട്ടെ സാഹിത്യവിമര്‍ശനം ദന്തഗോപുരങ്ങളില്‍ നിന്ന് സാധാരണ വായനക്കാരിലേക്ക് ഇറക്കിക്കൊണ്ടുവന്ന 'സാഹിത്യവാരഫല'ക്കാരന്‍ സാക്ഷാല്‍ എം. കൃഷ്ണന്‍ നായരും.
കൊറാത്ത് സാര്‍ ചീഫ് എഡിറ്ററായിരിക്കെ അദ്ദേഹത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങി, അന്ന് എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായിരുന്ന പ്രൊഫ. തുറവൂര്‍ വിശ്വംഭരന്‍ 'ജന്മഭൂമി' വാരാദ്യപ്പതിപ്പില്‍ 'സാഹിത്യ ചിന്തകള്‍' എന്നൊരു പംക്തി എഴുതിക്കൊണ്ടിരുന്നു. വലിയ എഴുത്തുകാരെന്ന് പറയപ്പെടുന്നവരെ വിരുദ്ധോക്തിയുടെയും വിശിഷ്ടമായ നര്‍മത്തിന്റെയും അകമ്പടിയോടെ ഈ പംക്തിയില്‍ കടിച്ചുകുടഞ്ഞു. വിശ്വസാഹിത്യകാരന്മാര്‍ക്കുപോലും അളന്നുതൂക്കി മാര്‍ക്കിടുകയും, തുടക്കക്കാരായ എഴുത്തുകാരെയും വിമര്‍ശനത്തിന്റെ ചാട്ടവാറടിയേല്‍പ്പിക്കുകയും ചെയ്തുപോന്നിരുന്ന കൃഷ്ണന്‍ നായര്‍ക്കു നേരെയും വിശ്വംഭരന്‍ മാഷ് നിരന്തരം ചാട്ടുളി പായിച്ചതാണ് പ്രശ്‌നമായത്.
ആയിടെയായിരുന്നു കൃഷ്ണന്‍ നായര്‍ക്ക് രാംനാഥ് ഗോയങ്ക അവാര്‍ഡ് ലഭിച്ചത്. ദല്‍ഹിയിലെ ചടങ്ങില്‍ എല്‍. കെ. അദ്വാനിയാണ് അവാര്‍ഡ് സമ്മാനിച്ചത്. അവാര്‍ഡ് തുകയായി തനിക്ക് ലഭിച്ച ഒരു ലക്ഷത്തെക്കാള്‍ താന്‍ വിലമതിക്കുന്നത് ചടങ്ങില്‍ അദ്വാനി തനിക്കു നല്‍കിയ 'നമസ്‌തെ' ആണെന്ന് തിരിച്ചെത്തിയശേഷം കൃഷ്ണന്‍ നായര്‍ സാഹിത്യവാരഫലത്തില്‍ എഴുതുകയുണ്ടായി. ഈ പശ്ചാത്തലമാണ് 'സാഹിത്യചിന്തകളി'ല്‍ തന്നെ വിമര്‍ശിക്കുന്നത് നിര്‍ത്തിയില്ലെങ്കില്‍ അദ്വാനിയോട് പരാതിപ്പെടുമെന്ന് കൃഷ്ണന്‍ നായര്‍ പറയാന്‍ കാരണം.
സാഹിത്യചിന്തകളിലെ അസഹ്യമായ വിമര്‍ശനങ്ങള്‍ക്ക് പലപ്പോഴും രൂക്ഷമായ പ്രതികരണങ്ങളുമുണ്ടായി. എന്നാല്‍ ഇവയ്‌ക്കൊന്നും മറുപടി പറയുന്ന ശീലം പംക്തികാരന് ഇല്ലായിരുന്നു.  വിമര്‍ശിച്ചുള്ള കത്തുകള്‍ക്ക് ഒരിക്കല്‍ മാത്രം മറുപടി പറഞ്ഞു-  ആവര്‍ത്തിക്കില്ല എന്ന മുന്നറിയിപ്പോടെ. കത്തുകളയയ്‌ക്കേണ്ടത് തനിക്കല്ല, പത്രാധിപര്‍ക്കാണെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇ.എം.എസ്.നമ്പൂതിരിപ്പാട് സാമ്പത്തിക അഴിമതികളൊന്നും നടത്തിയിട്ടില്ലെങ്കിലും വലിയ സാംസ്‌കാരിക അഴിമതി നടത്തിയ ആളാണെന്നുള്ള വിമര്‍ശനത്തോട് പ്രതികരിച്ചുകൊണ്ടുള്ളതായിരുന്നു ഒരു കത്ത്. ''കമ്യൂണിസ്റ്റ് ആചാര്യനായ ഇഎംഎസിന്റെ വാലില്‍ കെട്ടാനുള്ള യോഗ്യതപോലും താങ്കള്‍ക്കില്ല'' എന്ന വായനക്കാരന്റെ പരിഹാസം ഒരു കത്തിലുണ്ടായിരുന്നു. ''ഇഎംഎസിന് മറ്റ് പല യോഗ്യതകളുമുള്ളതായി അറിയാം, പക്ഷെ അദ്ദേഹത്തിന് വാലുള്ളതായി ഇപ്പോഴാണറിയുന്നത്'' എന്ന മറുപടിയില്‍ ആ ഇഎംഎസ് ഭക്തന് കിട്ടേണ്ടത് കിട്ടിയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
എം.കൃഷ്ണന്‍നായരുടെ 
രണ്ടാമത്തെ കത്ത് 
വര്‍ഷങ്ങള്‍ക്കുശേഷം എം. കൃഷ്ണന്‍ നായരുടെ തന്നെ മറ്റൊരു കത്ത് 'ജന്മഭൂമി' ചീഫ് എഡിറ്ററെ തേടിയെത്തി. സാഹിത്യവാരഫലത്തിന്റെ തെരഞ്ഞെടുത്ത ലക്കങ്ങള്‍ സമാഹരിച്ച് കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച തടിച്ച പുസ്തകവും ഒപ്പുമുണ്ടായിരുന്നു. പുസ്തകം നിരൂപണം ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായിരുന്നു കത്ത്. ആയിരത്തിലേറെ പുറംവരുന്ന പുസ്തകം ആദ്യവസാനം വായിച്ച് എഴുതിയ നിരൂപണം 'കലാകൗമുദി' വാരികയാണ് പ്രസിദ്ധീകരിച്ചത്. മറ്റാരും കണ്ടെത്താതിരുന്ന സാഹിത്യവാരഫലത്തിന്റെ സൗന്ദര്യദര്‍ശനം  അതിലുണ്ടായിരുന്നു. ഈ നിരൂപണം എഴുതിയയാള്‍ കൃഷ്ണന്‍ നായര്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ് എല്‍. കെ. അദ്വാനിയോട് പരാതിപ്പെടുമെന്നു പറഞ്ഞ, 'സാഹിത്യ ചിന്തകളു'ടെ കര്‍ത്താവ് പ്രൊഫ. തുറവൂര്‍ വിശ്വംഭരനായിരുന്നു. അതിനകം അധ്യാപനത്തില്‍നിന്ന് വിരമിച്ച അദ്ദേഹം 'ജന്മഭൂമി'യുടെ മുഖ്യപത്രാധിപസ്ഥാനത്ത് എത്തിയിരുന്നു.
പല നിലയ്ക്കും പ്രക്ഷുബ്ധമായിരുന്നു അക്കാലമെങ്കിലും വിശ്വംഭരന്‍ മാഷ് അക്ഷോഭ്യനായിരുന്നു. സഹജമായ നിസ്സംഗതയോടും നര്‍മ്മബോധത്തോടുംകൂടി മാഷ് ചുമതലകള്‍ നിര്‍വഹിച്ചുപോന്നു. പത്രപ്രവര്‍ത്തനരംഗത്തെ പുതുമുഖമായാണ് പലരും മാഷിനെ കണ്ടത്. അത് പൂര്‍ണ്ണമായും ശരിയായിരുന്നില്ല. മഹാരാജാസില്‍നിന്ന് ഉന്നതബിരുദം നേടി അധ്യാപക ജോലിയില്‍ പ്രവേശിക്കുന്നതിന് മുന്‍പുള്ള ഇടവേളയില്‍ 'കേരളാ കൗമുദി'യിലെ പത്രാധിപസമിതിയംഗമായി മാഷ് പ്രവര്‍ത്തിച്ചിരുന്നു. 'കൗമുദി'യില്‍നിന്ന് ലഭിച്ച ആദ്യശമ്പളവുമായാണ് എസ്. ഗുപ്തന്‍ നായരെത്തേടി തിരുവനന്തപുരത്തെത്തി 'ഗുരുദക്ഷിണ' സമര്‍പ്പിച്ചത്. മഹാരാജാസിലെ പഠനകാലത്ത് ഫീസടയ്ക്കാന്‍ സഹായിച്ചതിന്റെ കടപ്പാട് തീര്‍ക്കുകയായിരുന്നു ആത്മകഥയായ 'മനസാസ്മരാമി'യില്‍ ഗുപ്തന്‍ നായര്‍ വിശേഷിപ്പിച്ച ഈ 'അപൂര്‍വശിഷ്യന്‍.' പാരലല്‍ കോളജില്‍ പഠിപ്പിച്ച് മകന്‍ സ്വന്തമായി സമ്പാദിക്കുന്നത് കുറച്ചിലായി കണ്ട അച്ഛനോട് പൊരുത്തപ്പെടാനാവാതെ അഭിമാനിയായ മകന്‍ തുറവൂരിലെ വീടുവിട്ടിറങ്ങിയിരുന്നു. എറണാകുളം ശിവക്ഷേത്രത്തില്‍ തങ്ങിയും, നിവേദ്യച്ചോറുണ്ടും കഴിഞ്ഞ മഹാരാജാസിലെ പഠനകാലത്താണ് പുസ്തകം വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയ മിടുക്കനായ വിദ്യാര്‍ത്ഥിയെ ഫീസ് നല്‍കി സഹായിച്ച് ഗുപ്തന്‍ നായര്‍ എന്ന ഗുരുനാഥന്‍ ക്ലാസിലേക്ക് തിരിച്ചുകൊണ്ടുവന്നത്.
സംസ്‌കൃത പണ്ഡിതനും വൈദ്യനും വിഷഹാരിയുമൊക്കെയായിരുന്ന അച്ഛന്‍ നെടുഞ്ചിറ വീട്ടില്‍ പത്മനാഭനെക്കുറിച്ചും അടുപ്പുമുള്ളവരോട് വിശ്വംഭരന്‍ മാഷ് രസകരമായി സംസാരിച്ചിരുന്നു. ശ്രീനാരായാണ ഗുരുദേവനുമായി ബന്ധമുള്ളയാളായിരുന്നു അച്ഛന്‍. ഒറ്റാലുപയോഗിച്ച് മീന്‍ പിടിക്കുന്ന പതിവുണ്ടെന്ന് ആരോ പറഞ്ഞറിഞ്ഞ ഗുരുദേവന്‍ ഇനി അത് ചെയ്യരുതെന്ന് വിലക്കി. എന്നാല്‍ ഇത് കാര്യമാക്കാതെ പിന്നീടും മീന്‍ പിടിക്കാന്‍ പോയെങ്കിലും ഒരൊറ്റയെണ്ണംപോലും കിട്ടുമായിരുന്നില്ല. തുറവൂരിലെ മാഷിന്റെ വീട്ടില്‍ കുളമുണ്ടായിരുന്നു. അതില്‍ നിറയെ മീനുകളും. കുട്ടിക്കാലത്ത് മാഷോ ജ്യേഷ്ഠനോ ചൂണ്ടയിട്ടാല്‍ മീന്‍ കൊത്തും. അച്ഛനാണെങ്കില്‍ ആ പരിസരത്തേക്കു പോലും മീന്‍ വരില്ല! ജീവന്‍മുക്തനായിരുന്ന ഗുരുദേവന്റെ അമാനുഷിക ശക്തി വിശേഷങ്ങളിലൊന്നായാണ് മാഷ് ഈ സംഭവത്തെ കണ്ടത്.ഗുരുദേവനുമായി ബന്ധപ്പെട്ട പുസ്തകങ്ങളിലൊന്നും രേഖപ്പെടുത്താത്ത ഇതുപോലുള്ള മറ്റ് സംഭവങ്ങളും മാഷ് പറയാറുണ്ട്.
വായിച്ചറിഞ്ഞ വിശ്വംഭരന്‍ മാഷിനെ വളരെ കഴിഞ്ഞാണ് ഈ ലേഖകന്‍ വീട്ടില്‍ച്ചെന്ന് നേരില്‍ കാണുന്നത്. 'തപസ്യ'യുടെ സംഘടനാ സെക്രട്ടറിയായിരുന്ന ആര്‍. സഞ്ജയനാണ് സംഘടനയുടെ നെടുംതൂണുകളിലൊന്നായ മാഷിന്റെ  വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്. പിന്നീട് പലപ്പോഴും പല കാര്യങ്ങള്‍ക്കുമായി പോയപ്പോഴൊക്കെ എറണാകുളം അയ്യപ്പന്‍കാവിലെ 'മഞ്ജുഷ' എനിക്ക് ഒരു വിസ്മയമായിരുന്നു. അവിടെ അതിഥികള്‍ക്കുള്ള മുറി നിറയെ മലയാളത്തിലും ഇംഗ്ലീഷിലും സംസ്‌കൃതത്തിലുമുള്ള അമൂല്യ ഗ്രന്ഥങ്ങളായിരുന്നു.  എല്ലാം വലിയ വിലയുള്ള മൗലിക ഗ്രന്ഥങ്ങള്‍. അറിവുകള്‍ക്ക് കാവലിരിക്കുന്ന ഒരാള്‍. മാഷിനോട് താരതമ്യപ്പെടുത്താവുന്ന ഒരു വായനക്കാരന്‍ വേറെയുണ്ടെന്ന് തോന്നുന്നില്ല. കാലാകാലങ്ങളില്‍ ഇറങ്ങുന്ന വിശിഷ്ട ഗ്രന്ഥങ്ങളുടെയെല്ലാം ആദ്യവായനക്കാരനായിരുന്നു മാഷ്. വരുമാനത്തിന്റെ നല്ലൊരു പങ്ക് ചെലവഴിച്ചത് പുസ്തകങ്ങള്‍ വാങ്ങിക്കൂട്ടാനായിരുന്നു. ഒരു പുരുഷായുസ്സുകൊണ്ട് വായിച്ചുതീര്‍ക്കാവുന്നതിലും എത്രയോ അധികമായിരുന്നു ഇത്. പക്ഷേ എല്ലാം  ആ മഹാമനീഷി വായിച്ചുതീര്‍ത്തു, ഹൃദിസ്ഥമാക്കി.
വാക്കുകളുടെ പ്രജാപതി
എല്ലാം അറിയുന്നതിലായിരുന്നു താല്‍പര്യം. എഴുതാന്‍ മടി കാണിച്ച മാഷ് പക്ഷേ സംസാര പ്രിയനായിരുന്നു. താല്‍പ്പര്യമുള്ളവരുമായി ഏത് വിഷയത്തെക്കുറിച്ചും വലിപ്പചെറുപ്പമില്ലാതെ സംവദിച്ചു. ക്ലാസ് മുറികളില്‍ തന്റെ ചിന്തകള്‍ ചോര്‍ന്നുപോകുന്നുവെന്ന് പരിഭവിച്ച നിരൂപകനായ ഒരു പ്രൊഫസര്‍ നമുക്കുണ്ടായിരുന്നു. എന്നാല്‍ ക്ലാസ് മുറിയിലും പുറത്തുമെല്ലാം ചിതറിവീണ ആശയങ്ങള്‍ തന്റേതായി രേഖപ്പെടുത്തണമെന്ന ചിന്തപോലും മാഷിന് ഉണ്ടായിരുന്നില്ല. ജ്ഞാനത്തിന്റെ ജലാശയം തേടിയെത്തുന്നവരെ ഒരിക്കലും നിരാശപ്പെടുത്തിയില്ല. സ്വകാര്യ സംഭാഷണങ്ങളിലൂടെ മാഷില്‍നിന്ന് ആശയങ്ങളും നര്‍മ്മങ്ങളും കഥകളും വാക്കുകള്‍പോലും സ്വന്തമാക്കി ചിലര്‍ പൊതുവേദിയില്‍ തങ്ങളുടേതായി അവതരിപ്പിക്കാറുണ്ട്.  ചിലപ്പോഴൊക്കെ മാഷും ഇതിന്റെ ശ്രോതാവായിരിക്കും. ഇങ്ങനെ ചെയ്യുന്നതില്‍ മാഷിന് യാതൊരു പരിഭവവും ഇല്ലായിരുന്നു.
വാക്കുകളുടെ പ്രജാപതിയായിരുന്ന മാഷിന് മലയാളംപോലെ സംസ്‌കൃതവും മാതൃഭാഷയായിരുന്നു.  ഇംഗ്ലീഷിനു പുറമെ ലാറ്റിനും ഗ്രീക്കുമൊക്കെ അറിയാമായിരുന്നതിനാല്‍ വാക്കുകളുടെ മേച്ചില്‍പ്പുറങ്ങളായിരുന്നു മാഷിന്റെ എഴുത്തും സംഭാഷണങ്ങളും പ്രസംഗങ്ങളും.  'മഹാഭാരത ദര്‍ശനം പുനര്‍വായന' എന്ന ഗ്രന്ഥത്തിന്റെ ഓരോ താളിലും നവംനവങ്ങളായ വാക്കുകള്‍ കോരിച്ചൊരിഞ്ഞിരിക്കുകയാണ്. 'വോട്ട് ബാങ്ക്' എന്ന് ആദ്യമുപയോഗിച്ചത് കര്‍ണാടകയിലെ നരവംശശാസ്ത്രജ്ഞനായിരുന്ന എം.എന്‍. ശ്രീനിവാസ് ആണെന്ന് വായിച്ചിട്ടുണ്ട്. 'ദുഷ്ടലാക്ക്' എന്ന പദം കണ്ടുപിടിച്ചത് പി. ഗോവിന്ദപ്പിള്ളയാണെന്ന് പറയാറുണ്ട്. മുന്‍പ് ആരും പ്രയോഗിച്ചിട്ടില്ലാത്ത എത്രയോ വാക്കുകളാണ് മാഷ് പുതുതായി കണ്ടെത്തിയിട്ടുള്ളത്. 'മഹാഭാരത ദര്‍ശന'ത്തില്‍ നൂറുകണക്കിന്  സമസ്തപദങ്ങള്‍ മാഷ് ഉപയോഗിച്ചിട്ടുള്ളതറിയുമ്പോള്‍, കൊച്ചുഭാഷയായ മലയാളത്തിന്റെ അനന്തസാധ്യതയാണ് വെളിപ്പെടുന്നത്. ഒരു വാക്കിനെക്കുറിച്ചുതന്നെ മണിക്കൂറുകളോളം വിശദീകരിക്കാനുള്ള വിസ്മയാവഹമായ ഭാഷാജ്ഞാനമുണ്ടായിരുന്നു മാഷിന്. യഥാര്‍ത്ഥത്തില്‍ മാഷ് ഭാഷാ പണ്ഡിതനായിരുന്നില്ല, ഭാഷാ ശാസ്ത്രജ്ഞനായിരുന്നു. ഈ നിലയ്ക്കുള്ള മാഷിന്റെ പ്രതിഭയെ വേണ്ടപോലെ ഉപയോഗിക്കാതെ പോയത് മലയാളത്തിന്റെ മഹാനഷ്ടങ്ങളിലൊന്നാണ്. 
''മഹാഭാരതം പുനര്‍വായന' എന്ന ഒരൊറ്റകൃതിയേ മാഷിന്റേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളൂ. വിശിഷ്ടമായ ഈ രചനയുണ്ടായതുപോലും തികച്ചും യാദൃച്ഛികമായാണ്. 'സമകാലിക മലയാളം' വാരികയുടെ പത്രാധിപരായിരുന്ന എസ്. ജയചന്ദ്രന്‍ നായര്‍ മഹാഭാരതം സംബന്ധിച്ച ചില സംശയങ്ങള്‍ മാഷിനോട് ചോദിക്കുകയുണ്ടായി. മറുപടിയില്‍ പ്രചോദിതനായ ജയചന്ദ്രന്‍ നായര്‍, എങ്കില്‍പ്പിന്നെ ഒരു ലേഖന പരമ്പര എഴുതിക്കൂടെ എന്ന നിര്‍ദ്ദേശം വച്ചു. മാഷിനും അത് സമ്മതമായി തോന്നി. അന്ന് മലയാളം വാരികയിലുണ്ടായിരുന്ന ചിരകാല സുഹൃത്തായിമാറിയ ശിഷ്യന്‍ എം.വി.ബെന്നിയും ഇതിന് പ്രേരിപ്പിച്ചു. മഹാഭാരതത്തെ ഉപജീവിച്ച്, ആ ഗ്രന്ഥം പ്രതിനിധാനം ചെയ്യുന്ന ധാര്‍മികമായ മൂല്യബോധത്തെ വികലമാക്കി അവതരിപ്പിക്കുന്ന കൃതികളോടുള്ള കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചുപോന്നിരുന്ന മാഷ,് വ്യാസഭാരതത്തിന്റെ സത്യം ആവര്‍ത്തിച്ചുറപ്പിക്കാനുള്ള അവസരമായി ഇതിനെ കണ്ടു. 
പൗരാണിക ഋഷിമാര്‍ ശാസ്ത്രജ്ഞരായിരുന്നുവെന്ന് അവരുടെ സംഭാവനകളെ ആസ്‌ട്രോ ഫിസിക്‌സിന്റെ മേഖലയിലെ കണ്ടെത്തലുകളുമായി താരതമ്യം ചെയ്ത് തര്‍ക്കശുദ്ധമായി മാഷ് സ്ഥാപിക്കുമായിരുന്നു. പ്രബന്ധങ്ങള്‍, പ്രസംഗങ്ങള്‍, ലേഖനങ്ങള്‍, സംഭാഷണങ്ങള്‍ (ഭാരതദര്‍ശനം ടി.വി പരിപാടി) എന്നിവകളിലൂടെ വിജ്ഞാനത്തിന്റെ ഒരു പ്രപഞ്ചംതന്നെ മാഷ് സൃഷ്ടിച്ചിട്ടുണ്ട്. ഇവ സമാഹരിക്കപ്പെട്ടാല്‍ മാറിയ സാഹചര്യത്തില്‍ ഭാരതീയ സംസ്‌കാരത്തിന്റെ കാന്തിയും ശോഭയും വര്‍ധിക്കുന്ന ഗ്രന്ഥപരമ്പരതന്നെ ലഭിക്കും.(ഉള്ളടക്കം ഡിജിറ്റലൈസ് ചെയ്തിട്ടുള്ള 'കേസരി' വാരികയ്ക്ക് ഇക്കാര്യത്തില്‍ വലിയ സംഭാവന നല്‍കാനാവും) വാല്മീകി രാമായണത്തെക്കുറിച്ചും ഉള്‍ക്കാഴ്ചകള്‍ നിറഞ്ഞ എണ്ണമറ്റ ലേഖനങ്ങള്‍ മാഷ് എഴുതിയിട്ടുണ്ട്. 'മഹാഭാരത ദര്‍ശനം' പോലെ ഭഗവദ്ഗീതയെക്കുറിച്ചും ഒരു ഗ്രന്ഥത്തിന്റെ പണിപ്പുരയിലായിരുന്നു മാഷ്. ചോദിക്കുമ്പോഴൊക്കെ എഴുതിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു മറുപടി.  അത് പൂര്‍ത്തിയായിക്കാണണം. ദാര്‍ശനിക സാഹിത്യത്തിന്റെ മേഖലയില്‍ മലയാള ഭാഷയ്ക്ക് ലഭിക്കാവുന്ന ഏറ്റവും ഉല്‍കൃഷ്ടമായ രചനയായിരിക്കും ഇത്.
പ്രഭാഷണ കലയിലെ അജാതശത്രു തന്നെയായിരുന്നു മാഷ്. അര്‍ത്ഥഗരിമയാര്‍ന്ന വാക്കുകള്‍ കുലംകുത്തിയൊഴുകുന്ന ആശയത്തിന്റെ മഹാപ്രവാഹമാണത്. ദീര്‍ഘതമസ്സും ദറിദയും, ആനന്ദവര്‍ധനനും അരിസ്റ്റോട്ടിലും, നാരായണഗുരുവും കീര്‍ക്കഗോറും, ബ്രട്ടന്റ്‌റസ്സലും ബര്‍ണാഡ്ഷായും ബ്രട്ടോള്‍ഡ് ബ്രഹ്ത്തുമൊക്കെ നിറയുന്ന വിജ്ഞാന സ്‌ഫോടനങ്ങളായിരുന്നു ഓരോ പ്രസംഗങ്ങളും. പാശ്ചാത്യ-പൗരസ്ത്യ ദര്‍ശനങ്ങളില്‍ ഒരേപോലെ ആണ്ടുമുങ്ങിയിരുന്ന മാഷിനോട് വാദിച്ചു ജയിക്കാന്‍ ആര്‍ക്കുമാവില്ല. പ്രതിയോഗികള്‍ നിലംപരിശാക്കപ്പെട്ട വേദികള്‍ നിരവധിയാണ്. ഒരിക്കല്‍ പെരുമ്പാവൂര്‍ 'ഫാസ്' ഓഡിറ്റോറിയത്തില്‍ തങ്ങളുടെ മതമേധാവിത്വം സ്ഥാപിച്ചെടുക്കുകയെന്ന ദുരുദ്ദേശ്യത്തോടെ സംഘടിപ്പിക്കപ്പെട്ട സംവാദത്തില്‍ എതിരാളികളെ അസ്തപ്രജ്ഞരാക്കിക്കളഞ്ഞ മാഷ്, അനുകൂലികളെയും അമ്പരപ്പിച്ചു. ''എന്നാലും ഇത്രയും പ്രതീക്ഷിച്ചതല്ല'' എന്ന് ആ പരിപാടിയില്‍ പങ്കെടുത്ത പണ്ഡിതശ്രേഷ്ഠനായിരുന്ന മൃഡാനന്ദ സ്വാമി പറയുന്നതിന് ഞാന്‍ സാക്ഷിയാണ്.
സൗഹൃദത്തിന്റെ വന്മരം
സൗഹൃദത്തിന്റെ വന്മരമായിരുന്നു വിശ്വംഭരന്‍ മാഷ്. ശാഖോപശാഖകളായി വളര്‍ന്ന് താങ്ങും തണലുമൊരുക്കിയ വന്മരം. ആശയപരമായ ഭിന്നതകളോ രാഷ്ട്രീയമായ ചേരിതിരിവുകളോ ഇക്കാര്യത്തില്‍ ബാധകമായിരുന്നില്ല. അരാജകവാദികള്‍പോലും മാഷിനെ അംഗീകരിച്ചു, ആദരിച്ചു. അകാലത്തില്‍ പൊലിഞ്ഞ പ്രതിഭാശാലിയായിരുന്നല്ലോ ടിആര്‍ എന്ന് അറിയപ്പെട്ട ടി. രാമചന്ദ്രന്‍. അപാരമായ സര്‍ഗശേഷിയാല്‍ അനുഗ്രഹിക്കപ്പെട്ടവനായിട്ടും മദ്യത്തിന്റെ നീരാളിപ്പിടുത്തത്തില്‍ അമര്‍ന്നുപോയ ടിആര്‍ ആരോട്, എവിടെ, എങ്ങനെ പെരുമാറുമെന്ന് ആര്‍ക്കും പ്രവചിക്കാനാവുമായിരുന്നില്ല. മഹാരാജാസിലെ ഈ സഹപ്രവര്‍ത്തകന്‍ ഒരുപക്ഷേ വിശ്വംഭരന്‍ മാഷിനെ മാത്രമാണ് അനുസരിച്ചത്. ഇടയ്ക്കിടെ പ്രകോപിതനാവുന്ന ടിആറിനെ ശാന്തനാക്കാന്‍ 'ആശാന്‍' എന്ന് അദ്ദേഹം സ്‌നേഹാദരങ്ങളോടെ വിളിച്ചിരുന്ന മാഷ് വേണമായിരുന്നു. ടിയാറുമായി ബന്ധപ്പെട്ട് തലതല്ലി ചിരിച്ചുപോകുന്ന നിരവധി സംഭവങ്ങള്‍ മാഷ് പറയുമായിരുന്നു.
വ്യക്തിവിദ്വേഷം പാടില്ലെന്നത് മാഷിന്റെ വിശ്വാസസംഹിതയുടെ ഭാഗമായിരുന്നു. മലയാളത്തിലെ ചില മഹാസാഹിത്യകാരന്മാരുടെ 'മാസ്റ്റര്‍ പീസ്' എന്ന് പറയാവുന്ന രചനകളോട് മാഷിന് തീവ്രവിയോജിപ്പായിരുന്നു. എന്തുകൊണ്ടാണിതെന്ന് പല വേദികളിലും ഈ കൃതികളെ കീറിമുറിച്ച് ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. അപ്പോഴും ഇവയുടെ രചയിതാക്കളോട് തെല്ലും നീരസമുണ്ടായിരുന്നില്ല. ഈ രചനകളെ വിമര്‍ശിച്ചെഴുതാന്‍ ആധികാരികമായ കേന്ദ്രങ്ങളില്‍നിന്നുതന്നെ ആവശ്യമുയര്‍ന്നിട്ടും  രചയിതാക്കളുടെ വ്യക്തിപരമായ അഭ്യര്‍ത്ഥന മാനിച്ച് മാഷ് എഴുതാതിരുന്നിട്ടുണ്ട്. മാഷിന്റെ 'മഹാഭാരത ദര്‍ശനം' പ്രകാശനം ചെയ്യാനെത്തിയത് ഇവരിലൊരാളാണ്. ആഴമില്ലാത്ത ചില വിമര്‍ശനങ്ങള്‍ ആ അവസരത്തില്‍ അദ്ദേഹം ഉന്നയിച്ചെങ്കിലും, അനൗചിത്യമാകുമെന്നതിനാല്‍ ഗ്രന്ഥകാരനെന്ന നിലയ്ക്ക് ഈ വേദിയില്‍ താന്‍ മറുപടി പറയുന്നില്ല എന്നതായിരുന്നു മാഷിന്റെ നിലപാട്. താന്‍ വിമര്‍ശിക്കപ്പെടുന്നതില്‍ യാതൊരു വൈഷമ്യവും മാഷിന് ഉണ്ടായിരുന്നില്ല. വിമര്‍ശനങ്ങള്‍ അവസാനിക്കുന്നിടത്തുനിന്നാണല്ലോ മാഷ് എഴുതിത്തുടങ്ങുക.
എന്റെ ഏത് സംശയങ്ങളും മാഷ് തീര്‍ത്തുതരുമായിരുന്നു. എപ്പോള്‍ വേണമെങ്കിലും വിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. ലാന്റ്‌ഫോണിലൂടെ മാത്രം സംസാരിക്കാന്‍ കഴിയുന്ന പരിമിതി ആദ്യകാലത്തുണ്ടായിരുന്നെങ്കിലും മൊബൈല്‍ വന്നതോടെ അതും മാറി. 'എന്തുണ്ട് മുരളീ?' എന്നാവും ഫോണെടുത്താല്‍ ആദ്യം ചോദിക്കുക. അറിയേണ്ട കാര്യം ചോദിച്ചാല്‍ യാതൊരു വൈമനസ്യവുമില്ലാതെ പറഞ്ഞുതുടങ്ങും. എത്രസമയമെടുത്താലും പ്രശ്‌നമില്ല. 'അമൃത' ടിവിയില്‍ 'ഭാരതദര്‍ശന'ത്തിന്റെ ചിത്രീകരണമുള്ളപ്പോള്‍ മാത്രമായിരുന്നു ഇതിന് കഴിയാതിരുന്നത്. അപ്പോഴും ആവുന്നത്ര പറയാതിരിക്കില്ല.
കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ 'മഹര്‍ഷി ബദ്രായന്‍ വ്യാസ് സമ്മാന്‍' പുരസ്‌കാരത്തിനായുള്ള വ്യക്തിവിവരങ്ങള്‍ സാക്ഷ്യപ്പെടുത്തി വാങ്ങുന്നതിനായിരുന്നു ഏറ്റവും അവസാനം വിശ്വംഭരന്‍ മാഷിനെ വീട്ടില്‍ ചെന്നു കണ്ടത്. പിറ്റേദിവസം ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ചുള്ള മൂന്നുദിവസത്തെ പ്രഭാഷണ പരമ്പരയ്ക്ക് പോകേണ്ടതാണ്. അതിന്റെ തിടുക്കമോ തയ്യാറെടുപ്പോ ഒന്നും കാണുന്നില്ല. 'അത് നാളെയാണ്, പോകണം' എന്നുമാത്രം പറഞ്ഞു. പതിവുപോലെ ദീര്‍ഘമായി സംസാരിച്ചാണ് അന്നും ഞാന്‍ മടങ്ങിയത്. അന്നുകണ്ട സ്ഥിതപ്രജ്ഞന്റെ മുഖമായിരുന്നു 2017 ഒക്‌ടോബര്‍ 20-ലെ അന്ത്യയാത്രയിലും.
ആരായിരുന്നു ഈ അദ്ഭുത മനുഷ്യന്‍ എന്ന് നിര്‍വചിക്കുക പ്രയാസമാണ്. എങ്കിലും ഒന്നുപറയാം, അദ്ദേഹത്തില്‍ ഒരു നാരായണഗുരുവുണ്ടായിരുന്നു; നാറാണത്തു ഭ്രാന്തനും. പ്രപഞ്ചത്തെ അറിഞ്ഞ ഗുരുവിന്റെ മൗനമന്ദഹാസവും, ഐഹികജീവിതത്തിന്റെ അര്‍ത്ഥശൂന്യതയറിഞ്ഞ ആ ഭ്രാന്തന്റെ പൊട്ടിച്ചിരിയും മാറിമാറി പ്രത്യക്ഷപ്പെടുമായിരുന്ന മുഖം. അടുത്തറിയുന്നവരുടെ മനസ്സില്‍നിന്ന് അത് ഒരിക്കലും മായില്ല.

 

കാലത്തിന്റെ ഉത്തരം  -എം. സതീശന്‍

ര്‍ജുനന്‍ സംശയാകുലനായിരുന്നു. 'സംശയാത്മാ വിനശ്യതി' എന്ന് ഭഗവാന്‍ അവനെ ഉത്തേജിതനാക്കി. അര്‍ജുനന്‍ ക്ലീബനായിരുന്നു. 'ക്ലൈബ്യം മാ' എന്ന് ഭഗവാന്‍ അവനെ ഉത്സുകനാക്കി. അര്‍ജുനന്‍ തളര്‍ന്നിരുന്നു. 'ഉത്തിഷ്ഠ പരന്തപ' എന്ന് ഭഗവാന്‍ അവനെ ഊര്‍ജ്ജസ്വലനാക്കി. ഓരോ വാക്കിലും തിളയ്ക്കുന്ന ഉന്മേഷത്തിനുമേല്‍ മമതയുടെ മേഘപടലങ്ങള്‍ തൊട്ടടുത്ത ക്ഷണം വന്നുമൂടുകയും അര്‍ജുനന്‍ പിന്നെയും സംശയാത്മാവാകുകയും ചെയ്തു. 

യുദ്ധക്കളത്തിലായിരുന്നു അവന്‍. തോല്‍വി മരണമാണെന്ന് തികഞ്ഞ അറിവുണ്ടായിട്ടും പിന്‍തിരിഞ്ഞോടിയാലോ എന്ന്  അവന്‍ ആകുലപ്പെട്ടു. ഉറ്റവരെയും ഉടയവരെയും മാത്രമേ അവന് അവിടെ കാണാനാകുമായിരുന്നുള്ളൂ. അവരില്ലാത്ത രാജ്യം നേടുന്നതിനേക്കാള്‍ ഭേദം തെണ്ടലാണെന്ന് അവന്‍ സ്വന്തം സ്വാര്‍ത്ഥത്തിന് തറവാടിത്തഘോഷണം കൊണ്ട്, അച്ഛനപ്പൂപ്പന്മാരോടുള്ള കടപ്പാടും ബാധ്യതയും ഓര്‍ത്ത് വിലപിച്ചു. ഭഗവാന്‍ അവന്റെ വിചാരത്തെ കശ്മലമെന്ന് വിളിച്ചു. വിളറി വെളുത്ത് ആയുധം വലിച്ചെറിഞ്ഞ് തേര്‍ത്തട്ടിലിരുന്ന അര്‍ജുനന്‍ അതിനുപറഞ്ഞ ന്യായവാദങ്ങളെ അനാര്യമെന്നും അകീര്‍ത്തികരമെന്നും വിളിച്ച് നാണംകെടുത്തി..... 

അര്‍ജുനന്‍ ശിഷ്യനായി... സംശയങ്ങള്‍ ചോദ്യങ്ങളായി. ഭഗവാന്‍ ഉത്തരമായി. ഓരോ ഉത്തരവും ചോദ്യങ്ങളായി പുനരവതരിച്ചു. കര്‍മ്മവും മര്‍മ്മവും കര്‍മ്മസന്യാസവും സ്ഥൈര്യവും ബുദ്ധിയും ജീവിതവികാസവും സമഗ്രധര്‍മ്മബോധവും ഉത്തരങ്ങളായി ഒഴുകിക്കൊണ്ടേയിരുന്നു. ഒടുവില്‍ ഭഗവാന്‍ സ്വയം ഉത്തരമായി അവനുമുന്നിലുയര്‍ന്നു. അണ്ഡകടാഹങ്ങള്‍ പീതാംബരം ചുറ്റി നീലമയില്‍പ്പീലിചൂടി അവനു മുന്നില്‍ നിറഞ്ഞുനിന്നു. എല്ലാ ചോദ്യങ്ങളും ആ ഉത്തരത്തില്‍ ലയിച്ചുചേര്‍ന്നു. ഇന്നലത്തെയും ഇന്നത്തെയും നാളത്തെയും ചോദ്യങ്ങള്‍.... എത്രയെത്ര തലമുറകളുടെ ചോദ്യങ്ങള്‍.... ആ ഉത്തരം എല്ലാ ചോദ്യങ്ങളെയും അസ്തമിപ്പിച്ചു. ആ ഉത്തരത്തിലേക്കുള്ള വഴി തേടിയവരെയെല്ലാം ഭഗവാന്‍ വിസ്മയിപ്പിച്ചുകൊണ്ടേയിരുന്നു. 

തുല്യനിന്ദാ സ്തുതിര്‍മൗനിയായി ഉത്തരങ്ങളുടെ മഹാസാഗരം ഉള്ളിലൊളിപ്പിച്ച് അവന്‍ ഓരോ കാലത്തിലും എത്തിക്കൊണ്ടേയിരുന്നു. അവിടെയെത്തുമ്പോള്‍ ചോദ്യങ്ങള്‍ പകച്ചുനില്‍ക്കും. തേടിയലഞ്ഞ ഉത്തരം മനുഷ്യാകാരം പൂണ്ട് മുന്നില്‍ നില്‍ക്കും.... അടുത്തുചേര്‍ന്നുനിന്ന് നോക്കിയാല്‍ നമുക്ക് അത് കാണാനാകും. ഉറക്കെയുള്ള പൊട്ടിച്ചിരിയില്‍, വാക്കിലൊളിപ്പിച്ച നിഗൂഢനര്‍മ്മങ്ങളില്‍, ആകാശവും കടലും അതിരിടാത്ത പ്രപഞ്ചത്തിന്റെ വിജ്ഞാന വാഗ്മയങ്ങളില്‍ നമുക്ക്  ആ ഗീതാകാരനെ നേരിട്ട് അനുഭവിക്കാനാകും. ചോദ്യങ്ങള്‍ ചെറുതോടുകളായി, കുഞ്ഞരുവികളായി, പുഴകളായി, പ്രളയമായി ഉത്തരത്തിന്റെ ആ മഹാസാഗരത്തില്‍ വിലയം പ്രാപിക്കും. പിന്നെ മൗനം, നിതാന്ത ശാന്തത....

പ്രപഞ്ചത്തിന്റെ ആദിമധ്യാന്തങ്ങള്‍ കണ്ടവനോടാണ് അടുക്കുന്നതെന്ന് അറിഞ്ഞുകൊള്ളണം എന്ന് വിശ്വംഭരന്‍ മാഷ് അല്പം നാടകീയമായി പറഞ്ഞുനിര്‍ത്തുമ്പോള്‍ അതില്‍ നര്‍മ്മം കണ്ട് ആര്‍ത്തുചിരിച്ചവരുണ്ട്. അടിമുടി വ്യാകരണത്തെറ്റുകള്‍ നിറഞ്ഞ ഈ കാലഘട്ടത്തിന്റെ ഉടല്‍വടിവ് നേരെയാക്കുകയായിരുന്നു അനുദിനം വളരുന്ന പുസ്തകക്കൂമ്പാരങ്ങള്‍ക്കിടയിലിരുന്ന് മാഷ്. മൂര്‍ച്ചയുള്ള പരിഹാസത്തിന്റെ അകമ്പടിയോടെ കാലത്തെ അദ്ദേഹം തിരുത്തിക്കൊണ്ടേയിരുന്നു. തിരുത്തലിന്റെ ആ കരുത്തിനെ ഭയന്നിരുന്ന മഹാരഥന്മാര്‍ പലരും വിമര്‍ശനങ്ങള്‍ക്കുമുന്നില്‍നിന്ന് പലായനം ചെയ്തു. 

അദ്ദേഹത്തിന്റെ എഴുത്തിനെ, പ്രസംഗത്തെ, വര്‍ത്തമാനത്തെയൊക്കെ അവര്‍ വല്ലാതെ ഭയന്നു. ആ സാന്നിധ്യമൊന്നുകൊണ്ടുമാത്രം പലരും എലിമാളങ്ങളിലഭയം തേടി. പണ്ഡിതന്മാരെന്ന് നടിച്ചുനടന്നവര്‍, പൗണ്ഡ്രകവേഷം കെട്ടിയാടിയവര്‍, മാനവികതയുടെ ആട്ടിന്‍തോലണിഞ്ഞവര്‍ സത്യത്തിന്റെ മഹാപ്രകാശം അരങ്ങിലെത്തിയപ്പോള്‍ മൗനികളായി. കുട്ടിക്കൃഷ്ണമാരാരിലൂടെ മാത്രം മഹാഭാരതത്തെ അറിയാന്‍ വിധിക്കപ്പെട്ട ഒരു തലമുറയ്ക്ക് മുന്നിലേക്ക് വ്യാസജന്മം പോലെ മാഷ് വന്നു. ആദ്യം സമകാലിക മലയാളത്തിലെ പരമ്പരയായും പിന്നെ അമൃത ടിവിയിലെ ഭാരതദര്‍ശനമായും.... കേരളത്തിലങ്ങോളമിങ്ങോളമുള്ള പ്രഭാഷണവേദികളില്‍ മാഷ് ധര്‍മ്മത്തിന്റെ ഒറ്റസൂര്യനായി ഉദിച്ചു. കെട്ടുകഥകള്‍ കെടുത്തിക്കളഞ്ഞ ധര്‍മ്മപ്രകാശത്തെ ഒരു തലമുറയുടെ ജീവിതത്തിലേക്കും ആദര്‍ശത്തിലേക്കും സംക്രമിപ്പിച്ചു. എഴുതിയതെല്ലാം ചേര്‍ത്ത് പുസ്തകമാക്കിയപ്പോള്‍ പ്രസാധകവേഷമിട്ടെത്തിയവര്‍ ആരും അത് വായിക്കാതിരിക്കാന്‍ മാത്രമെന്ന വണ്ണം ഒന്നോ രണ്ടോ പതിപ്പില്‍ അവസാനിപ്പിച്ചു. മറച്ചുപിടിക്കാനും അവഗണിക്കാനും സംഘടിതശ്രമമുണ്ടായിട്ടും ആ പ്രകാശത്തില്‍ അഭയം തേടി അനേകായിരങ്ങള്‍ എത്തിക്കൊണ്ടേയിരുന്നു.  

വിവാദകലുഷിതമായ സംവാദമേഖലകളില്‍ നിര്‍ഭയനായി തലയെടുത്തുനിന്ന കുലപര്‍വതമായിരുന്നു മാഷ്. ഏത് ധാര്‍ഷ്ട്യവും അറിയാതെ തലകുനിച്ചുപോകുന്ന അറിവിന്റെ ആഢ്യത്വം. അതുകൊണ്ടാണ് അദ്ദേഹം പലപ്പോഴും അവസാന വാക്കായത്. ഏത് കൊലകൊമ്പനും ആ സാന്നിധ്യത്തില്‍ അവിശ്വസനീയമായ മെരുക്കം പ്രകടിപ്പിക്കുന്നതിന്റെ രഹസ്യവും മറ്റൊന്നായിരുന്നില്ല. 

കേരളത്തിലെ ഒരു പത്രമുതലാളിക്കെതിരെ തത്വമസീകാരന്‍ യുദ്ധപ്രഖ്യാപനം നടത്തിയ കാലം. എറണാകുളം രാജേന്ദ്രമൈതാനത്താണ് പോര്‍മുഖം. അദ്ധ്യക്ഷനാകാന്‍ വിശ്വംഭരന്‍ മാഷ് തന്നെ വേണമെന്ന് അഴീക്കോടിന് നിര്‍ബന്ധം. പൊരുത്തം കുറവാണല്ലോ എന്ന് മാഷ് ഒഴിഞ്ഞപ്പോള്‍ അഴീക്കോട് പറഞ്ഞത് ഇങ്ങനെ, 'ആ പൊരുത്തക്കുറവ് എനിക്ക് അന്തസ്സാണ്. അനിഷേധ്യനാണ് അദ്ധ്യക്ഷന്‍ എന്ന പ്രൗഢിയേ ആ സമ്മേളനത്തിന് ആവശ്യമുള്ളൂ....' മൈതാനം നിറഞ്ഞ ജനാവലിയെ സാക്ഷി നിര്‍ത്തി നടന്ന സമ്മേളനത്തില്‍ മാഷ് രസികനായി, ആ പ്രസംഗം തുടങ്ങിയതിങ്ങനെ, 'ഒരിക്കല്‍ പ്രേംനസീര്‍ ദല്‍ഹിയില്‍ മലയാളികളുടെ ഒരു പരിപാടിയില്‍ സംസാരിക്കവേ പറഞ്ഞു, ഇപ്പോള്‍ മലയാളത്തില്‍ സുകുമാര്‍ അഴീക്കോട് എഴുതിയ തത്വമസി എന്ന ഒരു നോവല്‍ പ്രചരിക്കുന്നു, ചങ്ങമ്പുഴയുടെ രമണന് ശേഷം ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത്  ആ പുസ്തകമാണത്രേ...' സദസ് അമ്പരന്നു, അഴീക്കോടിന്റെ ഗഹനചിന്താധാരയെ നോവലെന്ന് പരിഹസിച്ചത് കടന്ന കയ്യാണെന്ന് പലരും അടക്കം പറഞ്ഞു, മാഷ് നിര്‍ത്തിയില്ല, 'ഞാന്‍ ഈ പറഞ്ഞതിന്റെ അര്‍ത്ഥം ഉപനിഷത്ത് സാരത്തെ രമണനെപ്പോലെ സരളമായി പ്രതിപാദിക്കാന്‍ കഴിയുന്ന പ്രതിഭയാണ് അഴീക്കോട് എന്നാണ്. ഞാന്‍ കേട്ടത് ഇപ്പോള്‍ അദ്ദേഹം വന്ന ഈ വാഹനം ആ പുസ്തകത്തിന്റെ റോയല്‍റ്റിയുടെ സമ്പാദ്യമാണെന്നാണ്.' ചിരി മുഴങ്ങിയ സദസ്സിനൊപ്പം അഴീക്കോടും ചേര്‍ന്നു. അനിഷേധ്യനാണ് വിശ്വംഭരന്‍ മാഷെന്ന അഴീക്കോടിന്റെ അടയാളപ്പെടുത്തലിന് കാലം അടിവരയിട്ട എത്രയോ സന്ദര്‍ഭങ്ങള്‍......

രാവണനും ദുര്യോധനനും ഹിറ്റ്‌ലറും സ്റ്റാലിനും  കമ്മ്യൂണിസ്റ്റുകളായിരുന്നുവെന്ന് ഉറക്കെ വിളിച്ചുപറയാന്‍ കേരളത്തില്‍ അങ്ങനെയൊരാളേ പിറന്നുള്ളൂ. കൃഷ്ണനാണ് ആദ്യത്തെ കമ്മ്യൂണിസ്റ്റെന്ന് ജീവനകലയുടെ ആചാര്യന്‍ ശ്രീശ്രീ രവിശങ്കര്‍ പ്രസ്താവിച്ചുകണ്ടപ്പോള്‍ ആചാര്യന് കൃഷ്ണനെയും അറിയില്ല, കമ്മ്യൂണിസ്റ്റിനെയും അറിയില്ല എന്നായിരുന്നു മറുപടി. മതപരിവര്‍ത്തനത്തിന്റെ പേരില്‍ ക്രൈസ്തവമിഷണറിമാരെ ആക്ഷേപിക്കുന്നവര്‍ അവര്‍ നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളെക്കാണാതെപോകരുതെന്ന് വിമര്‍ശനമുണ്ടായപ്പോള്‍ ഫൈവ്സ്റ്റാര്‍ ഹോട്ടലുകാരന്‍ അന്നദാനം നടത്തുകയാണെന്ന് വിവരമുള്ളവര്‍ പറയാറില്ലെന്നായിരുന്നു മാഷിന്റെ പരിഹാസം. 

സത്യം പറയേണ്ടിടത്ത് വിവാദങ്ങളെ ഭയക്കാതെ തല ഉയര്‍ത്തിപ്പിടിച്ച് അദ്ദേഹം അത് പറഞ്ഞു. ഓണവും വാമനനും മഹാബലിയും വിവാദത്തിന്റെ മത, കക്ഷി സംവാദങ്ങളിലാണ്ടുമുങ്ങിയ  പുതിയകാലത്തിനും എത്രയോ മുമ്പേ മാഷ് അത് പറഞ്ഞുവെച്ചു. മഹാബലിയെന്നത് ഒരു വ്യക്തിയുടെ പേരല്ല, ചരിത്രഗതിയില്‍ തുടരെത്തുടരെ ആവര്‍ത്തിക്കപ്പെടുന്ന മര്‍ദ്ദകമായ ഭരണസംവിധാനമാണെന്ന് പറയാന്‍ അദ്ദേഹത്തിന് മുന്നില്‍ വ്യാസനുണ്ടായിരുന്നു. 'അവിടെ ഒറ്റ നോട്ടത്തില്‍ എല്ലാം ഭദ്രമായിരിക്കും, രണ്ടാമതൊരു നോട്ടം അവിടെയാരും പ്രതീക്ഷിക്കപ്പെടുന്നില്ല; അനുവദിക്കപ്പെടുകയുമില്ല.' മഹാബലിയെക്കുറിച്ച് മാഷ് വരച്ചുകാട്ടിയ ചിത്രം ഭീകരമായിരുന്നു, ''വാള്‍ത്തലപ്പില്‍ ആയുധശാല കൊണ്ടുനടക്കുന്നവന്‍, അമ്പിന്‍മുന കൊണ്ട് ഭരണതന്ത്രമെഴുതുന്നവന്‍, നിയമസംഹിതയില്‍ സ്വേച്ഛാധിപത്യത്തിന്റെ വിഷം കലക്കിയവന്‍, കപടമായ സമൃദ്ധിയുടെ ഉദാരനായ ദാതാവ്. സര്‍വസമൃദ്ധിയെന്നത് സ്വാതന്ത്ര്യത്തിന്റെ മൃത്യുകാണ്ഡമാണ്. മഹാബലിയെന്നത് ഏകീകൃതമായ ഭൗതികാധികാരത്തിന്റെ വിവേകരഹിതമായ പ്രയോഗമാണ്, എക്കാലത്തെയും സ്വേച്ഛാധിപത്യത്തിന്റെ ചിരപ്രതീകമാണ്..... വാമനനോ അടിമത്തത്തിന്റെ ഭോജനാലയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ യജ്ഞശാലയിലേക്ക് ഒരു ജനതയെ നയിച്ച ചരിത്രനിയോഗവും....'' മാഷ് ഇങ്ങനെ കുറിച്ചത് വിവാദവ്യവസായികള്‍ കാണാതെ പോയതല്ല, വാക്കിന്റെ തീക്ഷ്ണമായ പ്രയോഗം തീര്‍ത്ത ഉഷ്ണക്കാറ്റില്‍ തങ്ങള്‍ കരിഞ്ഞുപോകുമോ എന്ന ഭയമായിരുന്നു അവര്‍ക്ക്. മുട്ടിനോക്കാന്‍ പോലും മുട്ടുവിറയ്ക്കുമായിരുന്നു ആ അല്പബുദ്ധികള്‍ക്ക്.

അകലെ നിന്നുനോക്കിയവര്‍ക്ക് ഹിമാലയം പോലെ അപ്രാപ്യനായി തലയെടുത്തുനിന്നു അദ്ദേഹം. അടുത്തുചെന്നവര്‍ക്ക് നനവൂറുന്ന വാത്സല്യമായി കിനിഞ്ഞിറങ്ങുന്ന പുണ്യഗംഗയായി. മൂര്‍ച്ചയുള്ള വാക്കുകള്‍ക്ക് പിന്നില്‍ നിറഞ്ഞ സ്‌നേഹത്തിന്റെ കടലൊന്നാകെ അലയടങ്ങി കുടിയിരുന്നു. 

മാഷ് നിറഞ്ഞ കാലം വല്ലാത്തതായിരുന്നു. ആ കാലത്തെക്കുറിച്ച് മാഷ് പല വേദികളിലും വിളിച്ചുപറഞ്ഞു. ധര്‍മ്മം കെട്ടുപോയ കാലത്തിന്റെ ദുസ്സഹമായ ഗതിയെപ്പറ്റി ഇരുകൈകളും തലയ്ക്കുമുകളിലുയര്‍ത്തി പ്രപഞ്ചത്തോട് വിളിച്ചുപറഞ്ഞ വ്യാസനെപ്പോലെ അദ്ദേഹം അത് ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. അധര്‍മ്മത്തെ ധര്‍മ്മമെന്ന് വാഴ്ത്തുകയും അധര്‍മ്മികള്‍ ധര്‍മ്മപ്രഭാഷണം നടത്തുകയും ചെയ്യുന്ന തലതിരിഞ്ഞ കാലം. അധര്‍മ്മികളുടെ പോര്‍വഴികള്‍ക്ക് അസത്യത്തിന്റെ കരങ്ങള്‍ ചൂട്ടുകറ്റ കത്തിക്കുന്ന കാലം. എല്ലാ ഇരുട്ടിനെയും ഇല്ലാതാക്കാനുള്ള ഒറ്റമൂലി കരഗതമാക്കിയ ആചാര്യന്‍. പണ്ഡിതപ്രമാണികളും സംഘടിത മാധ്യമങ്ങളും അധികാരകേന്ദ്രങ്ങളും തമസ്‌കരിക്കാന്‍ പരിശ്രമിച്ചിട്ടും അദ്ദേഹം കൃഷ്ണദൗത്യം കലികാലത്തും നിറവേറ്റുകയായിരുന്നു.

എനിക്ക് ഗുരുവായിരിക്കുന്നു വിശ്വംഭരന്‍ എന്ന് പൊതുവേദിയില്‍ വിളിച്ചുപറഞ്ഞത് മഹാരാജാസില്‍ അദ്ദേഹത്തെ മലയാളം പഠിപ്പിച്ച പ്രൊഫ:എം. ലീലാവതിയാണ്. ആത്മാഭിമാനം എന്ന വാക്കിന്റെ പരുക്കന്‍ ഭാവത്തിന് വിശ്വംഭരന്‍ എന്നാണ് പേരെന്ന് കുറിച്ചത് പ്രൊഫ:എസ്. ഗുപ്തന്‍നായരാണ്. പഠിക്കുന്ന കാലത്തെ പട്ടിണിമാറ്റാനും പരീക്ഷയ്ക്ക്  ഫീസ് കെട്ടാനും സഹായിച്ചതിന് അക്കാലത്ത് കേരളകൗമുദിയില്‍ ലഭിച്ച താല്‍ക്കാലിക ജോലിയില്‍ നിന്ന് ലഭിച്ച ആദ്യവരുമാനം ഗുരുദക്ഷിണ എന്ന രൂപത്തില്‍ മടക്കിയേല്‍പിച്ച തന്റെ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 'മനസാ സ്മരാമി' എന്ന പ്രൊഫ:ഗുപ്തന്‍നായരുടെ ആത്മകഥ പുറത്തിറങ്ങിയപ്പോള്‍ മാഷ് ചിരിച്ചുകൊണ്ട് പറഞ്ഞത്, 'ഇതൊക്കെ ഇങ്ങനെ എഴുതുമെന്ന് അന്നേ എനിക്കറിയാമായിരുന്നു' എന്നാണ്. 

അദ്ദേഹം പട്ടിണിക്കാരനായിരുന്നില്ല. ഇല്ലായ്മ അദ്ദേഹം സ്വയം സ്വീകരിച്ചതാണ്. ആ കൈക്കുടന്നയില്‍ അറിവിന്റെ കടലിനെ ആവാഹിച്ചൊതുക്കിയതെങ്ങനെ എന്ന് ഒരിക്കല്‍ ജിജ്ഞാസുവായപ്പോള്‍, അദ്ദേഹം അല്പനേരത്തെ മൗനത്തിന് ശേഷം പറഞ്ഞത്, 'ഇഷ്ടപ്പെട്ട ആഹാരം കഴിക്കാനുള്ള ആര്‍ത്തിയാണ് അതിന് കാരണം എന്നായിരുന്നു. അത് ബാലപാഠമാണ്. സിദ്ധരൂപവും അമരകോശവുമെല്ലാം നാക്കില്‍ വാക്കുറയ്ക്കുന്നതിനുമുമ്പേ മനസ്സില്‍ കുടിയിരുത്തണമെന്ന് വാശിയുള്ള ഒരു അച്ഛന്റെ മകനായിരുന്നു അദ്ദേഹം. മൂന്നര, നാല് വയസ്സുള്ളപ്പോള്‍ മുതല്‍.... മനപ്പാഠമാക്കിയില്ലെങ്കില്‍ പട്ടിണിയായിരുന്നു ശിക്ഷ. കുട്ടിക്കാലത്ത് താന്‍ മോഹിച്ച, രുചിയുള്ള ആഹാരങ്ങള്‍ അച്ഛന്‍ തനിക്ക് മുന്നിലിരുന്ന് കഴിച്ചു. ഗണിതവും ജ്യോതിഷവും സംസ്‌കൃതവും ഗുളികകളാക്കി തനിക്കുനേരെ നീട്ടി. പഠിക്കാഞ്ഞാല്‍ കസേരക്കാലില്‍ കെട്ടിയിടും, തല്ലും. വല്ലാതെ വെറുത്തുപോയ ആ ബാല്യത്തിന്റെ പേരാണ് തുറവൂര്‍ വിശ്വംഭരന്‍ എന്നത്. ഒരിക്കലും മുതിരാത്ത അറിവിന്റെ ബാല്യം. അന്ന് പഠിച്ചതിന്റെ പുറത്ത് കെട്ടിപ്പടുത്തതാണ് ഇക്കാണുന്ന ഹിമാലയമെന്ന് ഓര്‍ത്തപ്പോള്‍ വിസ്മയം തോന്നി.

ആ അറിവിന് അതിര് നിശ്ചയിക്കാന്‍ കരുത്തുള്ളവരുണ്ടായില്ല. മഹാഭാരതത്തിലെയും രാമായണത്തിലെയും കഥകള്‍ കേട്ടുകൊണ്ടിരിക്കെത്തന്നെ നമ്മുടെ മനസ്സിനെയും ചിന്തകളെയും ഞൊടിനേരംകൊണ്ട് ഗ്രീക്ക്, റോമന്‍ ഇതിഹാസങ്ങളുടെ ഊടുവഴികളിലേക്കും അദ്ദേഹം കൊണ്ടുപോയി. കലയും സാഹിത്യവും  ഭാഷാശാസ്ത്രവും മാത്രമല്ല. ശാസ്ത്രവും ഗണിതവും തുടങ്ങി അറിവ് ഏത് തുരുത്തിലുണ്ടോഅതെല്ലാം കോര്‍ത്തെടുത്ത് ഓര്‍മ്മയുടെ അന്തര്‍വാഹിനിയില്‍ നിക്ഷേപിച്ചിരുന്നു അദ്ദേഹം. പരതലുകളില്ലാതെ അത് ആ നാവിന്‍തുമ്പിലേക്ക് ഓരോ സമയത്തും ഒഴുകിവന്നുകൊണ്ടേയിരുന്നു.

മാരാരും ആരാധകരും കൊട്ടിപ്പാടിയ പാട്ടുകളില്‍ വില്ലന്‍മാര്‍ നായകരാവുകയും രാവണനും ദുര്യോധനനും ആരാധ്യരാവുകയും ചെയ്ത കാലം. അതിന്റെ പിന്നാമ്പുറങ്ങളില്‍ അലഞ്ഞുതിരിഞ്ഞ രണ്ടാമൂഴക്കാര്‍ ജ്ഞാനപീഠത്തമ്പുരാന്മാരായ കാലം.... വ്യാസനും വാല്‍മീകിയും വിശ്വംഭരന്‍മാഷിലൂടെ സ്വയം പ്രതിരോധം തീര്‍ത്തു. 'ദ്രോണരുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ ഏകലവ്യന്റെ വിരലല്ല തലയറുത്ത് വാങ്ങുമായിരുന്നു'വെന്ന് എത്ര ഊറ്റത്തോടെ വിളിച്ചു പറഞ്ഞു ആ ആചാര്യന്‍. കര്‍ണ്ണനും ഭീഷ്മരും അനുതാപം അര്‍ഹിക്കുന്നവരേയല്ല എന്ന് അനേകായിരങ്ങളുടെ മനസ്സില്‍ ഉറച്ചുപോയ വിഗ്രഹങ്ങളെ അദ്ദേഹം വ്യാസധര്‍മ്മത്തിന്റെ നീതികൂടം കൊണ്ട് തകര്‍ത്തുകളഞ്ഞു. ധര്‍മ്മമേ രാമന്‍ ചെയ്യൂ എന്ന മുനിവാക്യങ്ങളെ രാമന്‍ ചെയ്യുന്നതെന്തും ധര്‍മ്മമായിരിക്കും എന്ന് ചോദ്യങ്ങള്‍ക്കിടയില്ലാത്തവിധം പ്രഖ്യാപിച്ചു. ആവശ്യപ്പെട്ടിരുന്നെങ്കില്‍ സീതയെ രാമന്റെ മുന്നിലെത്തിക്കാന്‍ കരുത്തുണ്ടായിരുന്ന ബാലിയെ എന്തിന് ഒളിച്ചുനിന്നുകൊന്നു എന്ന തര്‍ക്കബുദ്ധികളുടെ ചോദ്യത്തെ, 'അനിയന്റെ ഭാര്യയെ വെറുതെ വിടാത്തവന്‍ അന്യന്റെ ഭാര്യയെ എങ്ങനെ കാണുമെന്ന് അറിയാത്ത വിഡ്ഢിയായിരുന്നില്ല രാമനെ'ന്ന ഉത്തരം കൊണ്ട് മുക്കിക്കളഞ്ഞു അദ്ദേഹം.

എഴുത്തച്ഛന്റെ ഭാഷ ക്ലിഷ്ടമാകയാലാണ് അദ്ദേഹം ചങ്ങമ്പുഴയെപ്പോലെ ജനപ്രിയനാകാതിരുന്നതെന്ന പുരോഗമനക്കാരന്റെ കുത്തുവാക്കിനെ

'ദേവനികേത ഹിരണ്മയ മകുടം 

മേവീ ദൂരെ ദ്യുതി വിതറി

പൊന്നിന്‍കൊടിമരമുകളില്‍ 

ശബളിത സന്നോജ്ജ്വലമൊരു കൊടിപാറി

നീലാരണ്യ നിചോള നിവേഷ്ടിത 

നീഹാരാര്‍ദ്രമഹാദ്രികളില്‍ 

കാല്യല സജ്ജല കന്യക കനകക്കതിരുകള്‍ കൊണ്ടൊരു കണിവെയ്‌ക്കെ....... 

എന്നിങ്ങനെ ചങ്ങമ്പുഴയുടെ മനസ്വിനി നീട്ടിച്ചൊല്ലി നിഘണ്ടു നോക്കാതെ അര്‍ത്ഥം പറയാന്‍ അദ്ദേഹം വെല്ലുവിളിച്ചു. എഴുത്തച്ഛന്റെ 'നിറന്ന പീലികള്‍ നിരക്കവെ കുത്തി' എന്ന കൃഷ്ണസ്തുതി ചൊല്ലിക്കേള്‍പ്പിച്ച് അവരുടെ വായടപ്പിച്ചു. മലയാളം മണിപ്രവാളത്തിന്റെ അശ്ലീലത്തില്‍ മുങ്ങിത്താണപ്പോള്‍ രാമനാമം കൊണ്ട് ഭാഷയെ ശുദ്ധീകരിച്ച സാമൂഹ്യവിപ്ലവകാരിയാണ് എഴുത്തച്ഛനെന്നും ആ പേര് പലരെയും പൊള്ളിക്കുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പറഞ്ഞു.

മാഷിന്റെ സാന്നിധ്യത്തിന്റെ കരുത്തില്‍ കേരളത്തിലെ ഒരു കഥാകാരന്‍ സാഹിത്യഅക്കാദമിയുടെ തലപ്പത്തിരിക്കുന്നതൊക്കെ ആറാട്ടുമുണ്ടന്മാരാണെന്ന് പ്രഖ്യാപിച്ചു. മറ്റൊരാള്‍ രണ്ടാമൂഴത്തിലേത് ഭീമസേനനല്ല, ഭീമസേനന്‍നായരാണെന്ന് സധൈര്യം വിളിച്ചുപറഞ്ഞു. സത്യത്തിന്റെ തീക്ഷ്ണമായ പ്രകാശം പകര്‍ന്ന ഊര്‍ജ്ജമായിരുന്നു അത്.

കലയുടെയും സംസ്‌കാരത്തിന്റെയും സാഹിത്യത്തിന്റെയും സംരക്ഷണത്തിന് കോട്ടകെട്ടിയ തപസ്യ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനസപര്യയില്‍ അമരക്കാരനായിരുന്നു മാഷ്.  ആ ധര്‍മ്മസൂര്യന്റെ വെളിച്ചത്തിലാണ് തപസ്യ ഇത്രകാലം നടന്നത്. തപസ്യക്ക് അത് ആദര്‍ശത്തിന്റെ പേരാണ്. കേരളത്തിന്റെ സംസ്‌ക്കാരവും സാഹിത്യവും ധര്‍മ്മ വിരുദ്ധരുടെ കൈപ്പിടിയിലെ ആയുധങ്ങളാക്കപ്പെടുന്നതിലെ അമര്‍ഷം തപസ്യയുടെ വേദികളില്‍ നിരന്തരം അദ്ദേഹം ആവര്‍ത്തിച്ചു. മൂന്ന് മഹാതീര്‍ത്ഥാടനങ്ങളില്‍ സംഘാടകനായും വഴികാട്ടിയായും അദ്ദേഹം തപസ്യയെ നയിച്ചു. കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ മഹാകവി അക്കിത്തം നയിച്ച ഐതിഹാസികമായ സാംസ്‌ക്കാരിക തീര്‍ത്ഥയാത്രയായിരുന്നു ആദ്യത്തേത്. തപസ്യയുടെ രജതജയന്തികാലത്ത് അനന്തപുരം മുതല്‍ അനന്തപുരി വരെ നടത്തിയ ജ്യോതിര്‍ഗമയ തീര്‍ത്ഥയാത്രയായിരുന്നു രണ്ടാമത്തേത്. സഹ്യാദ്രീതീരം വഴിയും സാഗരതീരം വഴിയും കേരളത്തെയാകെ വലം വെച്ച സാംസ്‌ക്കാരികതീര്‍ത്ഥയാത്രയായിരുന്നു മൂന്നാമത്തേത്. 

കടലാഴമുള്ള വാക്കുകളിലൂടെ മാഷ് ആ യാത്രകളുടെ കരുത്തായി, നിലപാടായി. മൂന്നാമത്തെ യാത്ര കന്യാകുമാരിയില്‍ നിന്ന് പുറപ്പെട്ട് നെയ്യാറ്റിന്‍കരയിലെത്തി സി.വി. രാമന്‍പിള്ളയുടെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹത്തിന് സട കുടഞ്ഞുണര്‍ന്ന ഒരു സിംഹത്തിന്റെ ഭാവമായിരുന്നു. മലയാള സാഹിത്യത്തില്‍ ആണൊരുത്തനായി വാണവന്റെ ജന്മഗൃഹത്തിലേക്ക് തല ഉയര്‍ത്തിക്കടന്നുചെല്ലണം 'തപസ്യ' എന്നായിരുന്നു മാഷിന്റെ വാക്കുകള്‍. മണ്‍ചെരാതുകളില്‍ ദീപപ്രഭ ചൊരിഞ്ഞ വീടിന്റെ കോലായയില്‍ കയറിനിന്ന് അദ്ദേഹം സിവിയുടെ ഭാഷയെ വാക്കിലേക്ക് ആവാഹിച്ചു. അത്ഭുതകരമായിരുന്നു ആ രൂപപരിണാമം. കോണിപ്പടികള്‍ക്ക് കീഴെ മാറിനിന്ന് കുളികഴിഞ്ഞെത്തുന്ന വേലക്കാരിയെ കടന്നുപിടിക്കുന്ന പൈങ്കിളികള്‍ അരങ്ങുവാണ മലയാളസാഹിത്യത്തിന്റെ അധപ്പതനത്തെ ചൂണ്ടി മാഷ് ഗര്‍ജ്ജിച്ചു. സി.വി. രാമന്‍പിള്ളയുടെ താന്‍പോരിമയാര്‍ന്ന കഥാപാത്രങ്ങളിലൂടെ മിന്നല്‍പ്പിണര്‍പോലെ പാഞ്ഞു. അനുഭവമായിരുന്നു ഒപ്പം നടന്നവര്‍ക്കെല്ലാം അദ്ദേഹം.

ഇതിഹാസങ്ങളും പുരാണങ്ങളും തോന്നുംപടി വ്യാഖ്യാനിക്കുന്ന പുതുകാലപ്രവണതകള്‍ അദ്ദേഹത്തിന്റെ അകം പൊള്ളിച്ചു. എല്ലാ ജില്ലയിലും ഇതിഹാസത്തിന്റെ നേര് തെരയുന്ന സംവാദസഭകള്‍ക്ക് തപസ്യ നേതൃത്വം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞുകൊണ്ടേയിരുന്നു. അത് കാലത്തിന്റെ ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭഗവത്ഗീതയുടെ സമ്പൂര്‍ണ വ്യാഖ്യാനമായിരുന്നു മറ്റൊരു ലക്ഷ്യം. അത് എഴുതിത്തുടങ്ങിയിരുന്നു. മുഗള്‍സരായിയില്‍ തെറിച്ചുവീണ ചോരത്തുള്ളിയില്‍ നിന്ന് ഊര്‍ജ്ജം നടി ഒരു രാഷ്ട്രം അതിന്റെ ഭാവിയെ കരുപ്പിടിപ്പിക്കുന്നതിന്റെ ആവേശത്തിലായിരുന്നു മാഷ്. രാജ്യം ഒരു ഭരണാധികാരിയെ അനുഭവിച്ചുതുടങ്ങിയിരിക്കുന്നു എന്ന് അദ്ദഹം പറഞ്ഞു. ഏകാത്മമാനവദര്‍ശനം കേരളത്തിന്റെ പ്രശ്‌നങ്ങളുടെ ഏകപരിഹാരമാകുമെന്ന് മാഷ് വിശ്വസിച്ചു. അത് എല്ലാവര്‍ക്കും പകരണമെന്ന് ആഗ്രഹിച്ചു. അങ്ങനെയങ്ങനെ പലതും പകുതിവഴിയില്‍ നിര്‍ത്തി മാഷ് പടിയിറങ്ങി. നിഴലായവര്‍ക്ക് നിലാവായി ഒരു ജീവിതം. 

 പോരാളിയായും തേരാളിയായും രാജാവായും ഭിക്ഷാടകനായും കൂട്ടുകാരനായും ആചാര്യനായും കുട്ടിക്കിടാവായും വിരാഡ്‌രൂപിയായും ധര്‍മ്മവിജയത്തിനായി പകര്‍ന്നാട്ടം നടത്തിയ ഭഗവാന്റെ പേരാണ് വിശ്വംഭരന്‍. പ്രപഞ്ചധര്‍മ്മത്തിന്റെ നിലനില്പിനായുള്ള സംഘടിതമുന്നേറ്റത്തിന് തേര്‍തെളിക്കുകയായിരുന്നു അന്ന് ഗീതാകാരന്‍. അധര്‍മ്മികള്‍ക്ക് നേരിന്റെ ആ ശംഖകാഹളത്തെ ഭയമായിരുന്നു. ധര്‍മ്മപക്ഷത്തെ ഇല്ലാതാക്കാന്‍ അവര്‍ എടുത്തുപയോഗിക്കാത്ത ആയുധങ്ങള്‍ ഉണ്ടായിരുന്നില്ല.  എല്ലാ കപടവേഷങ്ങളെയും ഇല്ലാതാക്കാന്‍പോന്ന നേരിന്റെ പ്രകാശമാണ് ധര്‍മ്മരക്ഷയ്ക്ക് തേര്‍തെളിക്കുന്നതെന്ന് കാലം അവര്‍ക്ക് കാട്ടിക്കൊടുത്തു. 

വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്ന് മാഷ് എപ്പോഴും ഓര്‍മ്മിപ്പിച്ചു. 'ധര്‍മ്മത്തിന്റെ രാജപാതയാണ് വിജയത്തിേലക്കുള്ള സുഗമമായ മാര്‍ഗം. ആ പര്യടനത്തിലെ ശരണമന്ത്രം വിപ്ലവത്തിന്റേതല്ല, ശാന്തിയുടേതാണ്. ലോകചരിത്രം സര്‍വസമത്വത്തിന്റെ മഹാവിപ്ലവത്തെ ദുസ്സഹമായ രാജഭരണങ്ങളുടെ അന്ത്യയാമത്തില്‍ സ്വപ്‌നം കണ്ടിട്ടുള്ളതല്ലാതെ ഇന്നേവരെ ആ സര്‍വാഭീഷ്ടദായിനിയെ നേരിട്ട് കണ്ടിട്ടില്ല. നിലവിലുള്ള ഭരണത്തെ കടന്നാശ്ലേഷിക്കാനുള്ള അധികാരവിടന്മാരുടെ ബലാത്സംഗശ്രമമായല്ലാതെ വിപ്ലവത്തെ കാണുകവയ്യ.' പുരോഗമനവാദത്തിന്റെ കെട്ടുകാഴ്ചകള്‍ക്കുമുമ്പില്‍ കൂവിയാര്‍ത്തുനടക്കുന്ന മദ്യപസംഘത്തിന്റെ പാരഡിപ്പാട്ടുകാര്‍ ഇങ്ങനെയൊരാള്‍ക്കുമുന്നില്‍ നിവര്‍ന്നൊന്നുനില്‍ക്കാന്‍ തന്നെ ഭയപ്പെട്ടുപോകുമെന്നുറപ്പല്ലേ.... 

വിശ്വംഭരന്‍ മാഷ് കേരളത്തിന്റെ സാമൂഹ്യജീവിതത്തില്‍ ആത്മീയസ്വാതന്ത്ര്യത്തിന്റെ വഴിതെളിച്ചിട്ടാണ് മടങ്ങുന്നത്. അടിമത്തത്തിന്റെ ഭോജനാലയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ യജ്ഞശാലയിലക്ക് ധര്‍മ്മത്തിന്റെ ഒരു രാജപാത.... അതൊരു തുടര്‍ച്ചയാണ്. കാലവും പ്രപഞ്ചവും ആവശ്യപ്പെടുന്ന നിയതിയുടെ തുടര്‍ച്ച. കാലം തന്നെ വലിയൊരു ചോദ്യമായി അവശേഷിക്കുമ്പോഴും ഇതാ ഉത്തരം ഇവിടെയുണ്ട് എന്ന് ചൂണ്ടിക്കാട്ടി സഫലമായ ഒരു മടക്കയാത്ര. ആരൊക്കെയോ ചേര്‍ന്ന് അസത്യത്തിന്റെ കരിങ്കല്‍പ്പാളികള്‍ കൊണ്ടടച്ചുകളഞ്ഞ നേരിന്റെ ഗുഹാമുഖം ജ്ഞാനതപസ്സുകൊണ്ട് അദ്ദേഹം തുറന്നിട്ടിരിക്കുന്നു. ആ വഴിയെ സഞ്ചരിച്ചെത്തുന്നവര്‍ക്ക് വിശ്വംഭരിക്കുന്ന സത്യത്തെ കാണാം, അനുഭവിക്കാം, അതില്‍ വിലയം പ്രാപിക്കാം. അല്ലെങ്കിലോ...... 

അര്‍ജുനനോട് ഭഗവാന്‍ പറഞ്ഞു, 'യഥേച്ഛസി തഥാ കുരു.' പിന്നെ ധര്‍മ്മവിജയത്തിലേക്ക് ഞാണ്‍ വലിച്ചുമുറുക്കുകയായിരുന്നു പാര്‍ത്ഥന്‍. അവിടെ സംശയങ്ങളുണ്ടായിരുന്നില്ല. ചോദ്യങ്ങളും. 

ഉത്തരം മാത്രം വിശ്വരൂപമാര്‍ജ്ജിച്ച് നിലകൊണ്ടിരുന്നു.....

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments