Kesari WeeklyKesari

അനുസ്മരണം

സര്‍വ്വസ്വവും സമര്‍പ്പിച്ച മാതൃകാ സ്വയംസേവകന്‍ (എ.വി.ഭാസ്‌കര്‍ജിയെ വിദ്യാഭാരതി ദേശീയ സഹ കാര്യദര്‍ശി

on 27 October 2017

രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ പരിവാര്‍ പ്രസ്ഥാനത്തില്‍ വിദ്യാഭ്യാസ രംഗത്തെ സംഘടനയാണ് വിദ്യാഭാരതി അിഖിലഭാരതീയ ശിക്ഷാസംസ്ഥാന്‍. അതിന്റെ കേരള ഘടകമായ ഭാരതീയ വിദ്യാനികേതന്റെ സ്ഥാപകനും ജീവാത്മാവും പരമാത്മാവും മാത്രമല്ല സ്വജീവിതം ഹോമിച്ച മഹത്വത്തിനുടമയായിരുന്നു ഒക്‌ടോബര്‍ 20ന് അന്തരിച്ച എ.വി.ഭാസ്‌കര്‍ജി. ഭാരതീയ വിദ്യാനികേതനെ അക്ഷരാര്‍ത്ഥത്തില്‍ കേരള വ്യാപകമായി, കടലോരങ്ങളിലും, ഗ്രാമങ്ങളിലും, നഗരങ്ങളിലും, മലയോരങ്ങളിലും, മാത്രമല്ല വനപ്രദേശത്തെ കോളനികളിലും പാവപ്പെട്ടവന്റെ മക്കള്‍ക്കും ദേശീയ സാംസ്‌ക്കാരിക വിദ്യാഭ്യാസം ലഭിക്കണമെന്ന ആഗ്രഹത്തോടെ വളര്‍ത്തിയ മഹാത്മാവാണ് അദ്ദേഹം.
ഏതാണ്ട് രണ്ടു വര്‍ഷമായി ദേഹാസ്വാസ്ഥ്യം കാരണം വിശ്രമജീവിതത്തില്‍ പാലക്കാട്, കല്ലേക്കാട് ഭാരതീയ വിദ്യാനികേതന്‍ വിദ്യാഭ്യാസ സമുച്ചയത്തിലെ കേശവമന്ദിരത്തിലും കഴിഞ്ഞ കുറച്ചു മാസങ്ങളായി എറണാകുളം അമൃതാ ആശുപത്രിയിലും, സുധീന്ദ്ര മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലുമായി ചികിത്‌സയിലായിരുന്നു.
ഏറണാകുളത്തിന്റെ ഹൃദയഭാഗത്ത് തിരുമല ദേവസ്വം ക്ഷേത്ര റോഡില്‍ അറിയപ്പെടുന്ന സമ്പന്ന കുടുംബമായ അറക്കപ്പറമ്പില്‍ വാസുദേവഷേണായിയുടേയും, ലക്ഷ്മീബായിയുടെയും മകനായ എ.വി.ഭാസ്‌ക്കരന്‍ സമര്‍ത്ഥനായ വിദ്യാര്‍ത്ഥിയായിരുന്നു. സെന്റ് ആല്‍ബര്‍ട്ട് ഹൈസ്‌ക്കൂളിലും, മഹാരാജാസ് കോളേജില്‍ നിന്നും യഥാക്രമം സെക്കന്ററി വിദ്യാഭ്യാസവും, ബിരുദവും നേടിയതിനുശേഷം വിദ്യാഭ്യാസകാലത്ത് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ദേശീയ സാംസ്‌ക്കാരിക, സേവന പ്രസ്ഥാനമായ രാഷ്ട്രീയ സ്വയം സേവകസംഘവുമായി ബന്ധപ്പെടുകയും വളരെ പെട്ടെന്നു തന്നെ ഇതാണ് തന്റെ ദൗത്യമെന്നു മനസ്സിലാക്കി സംഘത്തിന്റെ സജീവ പ്രവര്‍ത്തകനായി മാറുകയും ചെയ്തു.
ഇതിനു പ്രധാന കാരണം 1940 കളില്‍ രാഷ്ട്രീയ സ്വയം സേവകസംഘത്തിന്റെ ദ്വിതീയ സര്‍സംഘചാലകനായ പരമ പൂജനീയ ഗുരുജി ഗോള്‍വള്‍ക്കറുടെ നിര്‍ദ്ദേശമനുസരിച്ച് മുംബൈയില്‍നിന്നും കേരളത്തിലേക്കു വന്നു. എറണാകുളത്ത് പ്രചാരകനായ സ്വര്‍ഗ്ഗീയ ഭാസ്‌ക്കര്‍ റാവുവിന്റെ സമ്പര്‍ക്കവും, സാമീപ്യവുമാണെന്നതില്‍ തര്‍ക്കമില്ല. സംഘപ്രവര്‍ത്തനത്തിന് അനുകൂല സാഹചര്യമായിരുന്നില്ല കുടുംബത്തില്‍ നിന്നു ലഭിച്ചത്. എങ്കിലും വീട്ടുകാരുടെയും സംഘത്തിന്റെയും ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിച്ച് രണ്ടിടത്തും വിജയിച്ച വ്യക്തിത്വത്തിനുടമയാണ് ഭാസ്‌ക്കര്‍ജി.
ആറര പതിറ്റാണ്ടായി തന്റെ ജീവിതം സംഘകാര്യത്തിനായി മാറ്റിവെച്ച ഭാസ്‌ക്കര്‍ജി അവസാന നിമിഷംവരെയും സംഘനിര്‍ദ്ദേശമനുസരിച്ചാണ് ജീവിച്ചത്. രണ്ടര പതിറ്റാണ്ട് സംഘപ്രവര്‍ത്തനത്തില്‍ തന്നെ പ്രചാരകനായി ഏതാണ്ട് കേരളം മുഴുവനായി തന്റെ കര്‍മ്മ ക്ഷേത്രമാക്കി പ്രവര്‍ത്തിക്കാന്‍ സാധിച്ചിട്ടുണ്ട്.
1979 മുതല്‍ 2017 വരെ മൂന്നര പതിറ്റാണ്ടിലേറെ സംഘനിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തനം, വിദ്യാഭ്യാസ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത ആദര്‍ശ നിഷ്ഠ, അചഞ്ചലമായ ദേശീയ ബോധം,  മികവുറ്റ സംഘടനാപാടവം, സമാനതകളില്ലാത്ത ദേവീ ഉപാസകന്‍, സമര്‍പ്പണത്തിന് ഉദാത്തമായ മാതൃക, തനിക്ക് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങള്‍ ആരുടെ മുന്നിലും യുക്തിസഹജമായി അവതരിപ്പിക്കാനും ബോധ്യപ്പെടുത്താനുമുള്ള കഴിവ്. ഇങ്ങിനെ നിരവധി വിശേഷണങ്ങള്‍ ഭാസ്‌ക്കര്‍ജിയുടെ പ്രത്യേകതയാണ്.
വിദ്യാഭ്യാസ രംഗത്തും, ദേശീയ സാംസ്‌ക്കാരിക വിദ്യാഭ്യാസത്തിനും തഴച്ചു വളരാനുള്ള സാധ്യത ഏറെയാണെന്ന് തെളിയിച്ച അത്ഭുത പ്രതിഭാസമാണ് ഭാസ്‌ക്കര്‍ജി. അസാധ്യമാണെന്ന് തോന്നുന്ന കാര്യങ്ങള്‍ക്ക് സംഘം ചുമതലപ്പെടുത്തുന്ന വ്യക്തിയാണ് ഭാസ്‌ക്കര്‍ജി. മെക്കാളെ പുത്രന്മാരും, മദ്രസാ പുത്രന്മാരും, മാര്‍ക്‌സ് പുത്രന്മാരും കേരള വിദ്യാഭ്യാസ രംഗത്ത് ആധിപത്യം സ്ഥാപിച്ചുകഴിഞ്ഞ സമയത്താണ് വിദ്യാഭാരതിയുടെ പ്രവര്‍ത്തനത്തിന് സ്വര്‍ഗ്ഗീയ ഭാസ്‌ക്കര്‍ റാവുജി ഭാസ്‌ക്കര്‍ജിയെ ചുമലപ്പെടുത്തുന്നത്. വിദ്യാഭ്യാസരംഗത്തെക്കുറിച്ച് സൂക്ഷ്മമായ അദ്ധ്യയനം നടത്തി ചിട്ടയായ അദ്ധ്യാപക പരിശീലനത്തോടെ തുടങ്ങിയ ഭാരതീയവിദ്യാനികേതന്‍ പ്രവര്‍ത്തനം കേരളത്തില്‍ ഇന്നു ശക്തമാണ്. ദേശീയതലത്തില്‍തന്നെ കേരളത്തിലെ പ്രവര്‍ത്തനം ശ്രദ്ധേയമാക്കാന്‍ ഭാസ്‌ക്കര്‍ജിക്ക് സാധിച്ചു. കേരളത്തിലെ വിദ്യാനികേതന്റെ അദ്ധ്യാപക പരിശീലനം സമാനതകളില്ലാത്തതാണ്. കേരളത്തിലുടനീളം 400ല്‍ പരം വിദ്യാലയങ്ങള്‍, പാലക്കാട് ബി.എഡ്. കോളേജ്, വ്യാസ വുമണ്‍സ് കോളേജ്, കമ്പ്യൂട്ടര്‍ പരിശീലന കേന്ദ്രം, യോഗ കേന്ദ്രം, സായിയുടെ അംഗീകാരമുള്ള കളരി കേന്ദ്രം ഇവയൊക്കെ ഭാസ്‌ക്കര്‍ജിയുടെ നേതൃത്വത്തില്‍ സഹപ്രവര്‍ത്തകരായ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ കേരളത്തില്‍ നടപ്പിലാക്കി. പ്രവര്‍ത്തകര്‍ക്ക് സമയാസമയം പ്രേരണയും, ഉത്‌സാഹവും, സ്‌നേഹവും, ലാളനയും, ശാസനയും നല്‍കി സമാജത്തിന്റെ സഹായത്തോടെയാണിതെല്ലാം നേടിയെടുത്തത്.
എനിക്ക് മാന്യ ഭാസ്‌ക്കര്‍ജിയുമായുള്ള പരിചയവും ബന്ധവും നാലര പതിറ്റാണ്ടായുള്ളതാണ്. ഞാന്‍ 1972 ല്‍ എറണാകുളം മട്ടാഞ്ചേരിയിലുള്ള ടി.ഡി.ഹൈസ്‌ക്കൂളില്‍ നടന്ന കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദശദിന ശിബിരത്തില്‍ വെച്ചാണ് ഭാസ്‌ക്കര്‍ജിയെ ആദ്യമായി കാണുന്നതും,പരിചയപ്പെടുന്നതും. 3 വര്‍ഷങ്ങള്‍ക്കുശേഷം അടിയന്തരാവസ്ഥ കാലഘട്ടത്തില്‍ ഒളി പ്രവര്‍ത്തനത്തിന്റെ നേതൃത്വവുമായി മലബാറില്‍ വന്ന കൃഷ്ണന്‍ നമ്പൂതിരി എന്ന ഭാസ്‌ക്കര്‍ജി ഞങ്ങളുടെ വീട്ടിലെ ഒരംഗമായിരുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന എന്റെ അമ്മാവനും, വീടിനു മുന്നിലെ കുടുംബക്ഷേത്രമായ മഹാദേവ ക്ഷേത്രവും കൃഷ്ണന്‍ നമ്പൂതിരിക്ക് സുരക്ഷിത താവളമായിരുന്നു. വീട്ടില്‍ നിന്നും പലഭാഗത്തേക്കും കൃഷണന്‍ നമ്പൂതിരിയെസുരക്ഷിതമായി എത്തിക്കേണ്ട ചുമതല കോളേജ് വിദ്യാര്‍ത്ഥിയും എ.ബി.വി.പി. പ്രവര്‍ത്തകനുമായ എന്റെ ചുമതലയായിരുന്നു. പിന്നീട് ഭാസ്‌ക്കര്‍ജിയുടെ നിര്‍ദ്ദേശമനുസരിച്ച് വിദ്യാര്‍ത്ഥികളുടെ ഒരുബാച്ചുമായി അടിയന്തിരാവസ്ഥക്ക് എതിരായി സത്യഗ്രഹം ചെയ്തു. 6മാസം ജയില്‍വാസം അനുഷ്ഠിക്കാനുള്ള ഭാഗ്യവും ഭാസ്‌ക്കര്‍ജി കാരണമാണ് ലഭിച്ചത്. പിന്നീട് 1980 വരെ സംഘപ്രവര്‍ത്തനത്തില്‍ ഒരുമിച്ചു പ്രവര്‍ത്തിച്ച ഭാസ്‌ക്കര്‍ജി പരിവാര്‍ പ്രസ്ഥാനമായ ഭാരതീയ വിദ്യാനികേതന്‍ പ്രവര്‍ത്തനങ്ങളിലേക്കു നിയോഗിക്കപ്പെട്ടു. ഞാന്‍ സംഘപ്രവര്‍ത്തനത്തിനായി പഞ്ചാബിലേക്കും പോകേണ്ടി വന്നു. 1991 ല്‍ പഞ്ചാബില്‍ നിന്നും തിരിച്ചെത്തിയ എന്നെ സംഘം, ഭാസ്‌ക്കര്‍ജിയെ സഹായിക്കാന്‍ വിദ്യാനികേതനില്‍ നിയോഗിച്ചു. കഴിഞ്ഞ രണ്ടര പതിറ്റാണ്ടായി ഭാസ്‌ക്കര്‍ജിയുടെ കൈകള്‍ക്ക് ശക്തി പകര്‍ന്നുകൊണ്ട് ഭാസ്‌ക്കര്‍ജിയുടെ  സന്തത സഹചാരികളായി ഞാനും, ശ്രീ.എ.സി.ഗോപിനാഥനും (സംഘപ്രചാരകനും, വിദ്യാഭാരതി ക്ഷേത്രീയ സംഘടനാകാര്യദര്‍ശിയും) ഭാരതീയ വിദ്യാനികേതനെ കേരള വ്യാപകമായി വളര്‍ത്താന്‍ കൂടെ സഹായിച്ചു. സംഘടനാ പ്രവര്‍ത്തനത്തിനിടയിലും മുടക്കം കൂടാതെ നടത്തിയ ദേവീ ഉപാസന സമാനതകളില്ലാത്തതാണ്. തന്റെ ആരോഗ്യ ദേവതയായ ബാലാസരസ്വതിയെ പല തവണയായി സ്വപ്‌നദര്‍ശനം നടത്താന്‍ സാധിച്ചതായി പറയാറുള്ള ഭാസ്‌ക്കര്‍ജിയുടെ സാന്നിധ്യം പ്രവര്‍ത്തനത്തിന് പ്രചോദനമായിരുന്നു. ഞാന്‍ ആദ്യമായി വിദ്യാനികേതനില്‍ പ്രവര്‍ത്തനത്തിന് വന്ന 1991 ല്‍ ആ വര്‍ഷത്തെ മധ്യവേനലവധികാല ദ്വിമാസ അദ്ധ്യാപക പരിശീലനത്തിന്റെ ചുമതല ഭാസ്‌ക്കര്‍ജി എന്നെ ഏല്‍പ്പിച്ചു. തൃശൂര്‍ ജില്ലയിലെ ചേര്‍പ്പ് ഹൈസ്‌ക്കൂളില്‍ ഏപ്രില്‍ ഒന്നു മുതല്‍ മെയ് മുപ്പതുവരെ നടന്ന ദ്വിമാസ അദ്ധ്യാപക പരിശീലനത്തിനു വന്നത് 104 മഹിളകളായിരുന്നു. ജീവിതത്തില്‍ ആദ്യമായി 2 മാസം നീണ്ടു നില്‍ക്കുന്ന മഹിളകളുടെ ശിബിരം വിജയകരമാക്കാന്‍ സംഘടനയില്‍ നവാഗതനായ എനിക്ക് സാധിച്ചത് മാന്യ ഭാസ്‌ക്കര്‍ജിയുടെ ശിബിരത്തിലെ സ്ഥിരമായ സാന്നിധ്യം കൊണ്ട് മാത്രമാണ്. സ്‌നേഹവും, ശാസനയും, ഉപദേശവും നല്കി ഉദാഹരണത്തിലൂടേയും, ഞങ്ങളെ വളര്‍ത്തിയ, സംഘടനയെ വളര്‍ത്തിയ, ഭാസ്‌ക്കര്‍ജി കൂടെ ഇല്ലല്ലോ എന്നത് പറഞ്ഞറിയിക്കാന്‍ പറ്റാത്ത വേദനയുണ്ടാക്കുന്നതാണെങ്കിലും ഭാസ്‌ക്കര്‍ജി ചിരപ്രേരണാ ദീപമായി എന്നെന്നും മുന്നിലുണ്ടാകും എന്ന ഉത്തമ വിശ്വാസമുണ്ട്.
ദേശീയ, സാംസ്‌ക്കാരിക, വിദ്യാഭ്യാസ, ആദ്ധ്യാത്മിക രംഗത്ത് വ്യക്തമായ ദിശാബോധമുള്ള ഭാസ്‌ക്കര്‍ജി നമ്മെ വിട്ടുപിരിഞ്ഞെങ്കിലും ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷാവധി പ്രവര്‍ത്തകരുടെ മനസ്സിലും, വിദ്യാനികേതന്‍ സ്ഥാപനങ്ങളില്‍ സേവന മനോഭാവത്തോടെ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പതിനായിരങ്ങളുടെ ഹൃദയത്തിലും ഭാസ്‌ക്കര്‍ജി എന്ന തേജസ്വി അനശ്വരനായിരിക്കുമെന്നതില്‍ സംശയമില്ല.
സ്വര്‍ഗ്ഗീയ ഭാസ്‌ക്കര്‍ജിയുടെ പാദാരവിന്ദങ്ങളില്‍ സാഷ്ടാംഗ പ്രണാമങ്ങള്‍ അര്‍പ്പിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments