Kesari WeeklyKesari

ലേഖനം..

ഹൈക്കോടതി വിധി അനാരോഗ്യകരം---പി.ശ്യാംരാജ്

on 27 October 2017
Kesari Article

കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനം നിര്‍ത്തലാക്കണം എന്ന ഹൈക്കോടതി വിധി ഒട്ടും സ്വീകാര്യമല്ല. ഈ വിധി നിഷ്‌കര്‍ഷിക്കുന്നത് കേവലം സംഘടനാ പ്രവര്‍ത്തനം നിര്‍ത്തലാക്കണമെന്ന് മാത്രമല്ല, കലാലയങ്ങള്‍ക്കു മുന്നില്‍പോലും അവകാശങ്ങള്‍ക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യാന്‍ പാടില്ല എന്നതാണ്.
കടല്‍വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കി സമരം ചെയ്ത ഗാന്ധിജിയുടെ നാട്ടില്‍, വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിനായി അന്ന് നിലനിന്ന നിയമങ്ങളെ വെല്ലുവിളിച്ച് വില്ലു വണ്ടിയാത്ര നടത്തിയ അയ്യന്‍ങ്കാളിയുടെ നാട്ടില്‍, മാറുമറയ്ക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുകയും സംഘടിക്കുകയും ചെയ്തവരുടെ നാട്ടില്‍, സകല അവകാശങ്ങളും സംരക്ഷിക്കാനായി എസ്.എന്‍.ഡി.പിയും, സാധുജനപരിപാലനസംഘവും എന്‍.എസ്എസ്സും ഒക്കെ രൂപീകരിച്ച്, നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ ഘോഷയാത്രയില്‍ എക്കാലത്തും മുന്‍ നിരയില്‍ നിന്ന് നയിച്ചിട്ടുള്ള അതേ കേരളത്തില്‍ തന്നെയാണ് വിദ്യാര്‍ത്ഥികള്‍ അവകാശത്തിനായി സംഘടിക്കാനും സമരം ചെയ്യാനും പാടില്ല എന്ന വിധി ഉണ്ടായിരിക്കുന്നത്.
തൊഴിലാളി ജോലി ചെയ്താല്‍ മതി സമരം ചെയ്യേണ്ട, കര്‍ഷകര്‍ വയലില്‍ പണിയെടുത്താല്‍ മതി സമരം ചെയ്യേണ്ട എന്നൊക്കെ ഒരു കാലത്ത് ജന്മിമാര്‍ ആജ്ഞാപിച്ചതിന്റെ തനിയാവര്‍ത്തനമാണ്, വിദ്യാര്‍ത്ഥികള്‍ പഠിച്ചാല്‍ മതി, സമരം ചെയ്യേണ്ട എന്ന വിധിയിലൂടെ ബഹുമാനപ്പെട്ട ഹൈക്കോടതി പൊതു സമൂഹത്തിന് നല്‍കിയത്. പഠിക്കാന്‍ കഴിവില്ലാത്തവനാണ് രാഷ്ട്രീയത്തില്‍ പോകേണ്ടത് എന്ന ധ്വനി സാമൂഹ്യ പ്രവര്‍ത്തനത്തിനുവേണ്ടി ജീവിതം ഹോമിച്ച നൂറുകണക്കിന് സ്വാതന്ത്ര്യസമരസേനാനികളേയും സാമൂഹിക പ്രവര്‍ത്തകരേയും മാതൃകയാക്കി പൊതുരംഗത്തേക്കിറങ്ങുന്ന യുവാക്കളെ ആശയക്കുഴപ്പത്തിലാക്കുന്നതാണ്. സ്വന്തം കാര്യം മാത്രം നോക്കി സ്വാര്‍ത്ഥമതികളായി വിദ്യാര്‍ത്ഥികള്‍ മറണമെന്ന സൂചന, കേരളത്തിന്റെ പരമോന്നത നീതി പീഠത്തില്‍ നിന്നുതന്നെയുണ്ടായത് നിരാശാജനകമാണ്.
സ്വാതന്ത്ര്യസമരകാലത്ത് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ പഠനമുപേക്ഷിച്ച് തെരുവിലിറങ്ങിയതിന്റെ ഫലമായാണ് ഇന്ന് നാം ആസ്വദിക്കുന്ന ഈ സ്വാതന്ത്ര്യം നമുക്ക് ലഭിച്ചത്. സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ മികച്ച വിദ്യാഭ്യാസം ലഭിച്ച മോഹന്‍ദാസ് കരംചന്ദ്ഗാന്ധി ദക്ഷിണാഫ്രിക്കയില്‍ അഭിഭാഷകനായി സുഖജീവിതം നയിച്ചിരുന്നെങ്കില്‍ ഗാന്ധിജി എന്ന രാഷ്ട്രപിതാവിനെ നമുക്ക് ലഭിക്കുമായിരുന്നില്ല. സുഭാഷ്ചന്ദ്രബോസും ഭഗത്‌സിംഗും ബാലഗംഗാധാര തിലകനും ഒക്കെ വിദ്യാഭ്യാസമില്ലാത്തതുകൊണ്ടല്ലല്ലോ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചത്.
കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യാന്‍ പാടില്ല എന്ന വിധിയില്‍ ബഹുമാനപ്പെട്ട ഹൈക്കോടതി ഉദ്ധരിച്ചത്, ഭരണഘടനാ ശില്‍പിയായ ഡോ. ബി.ആര്‍. അംബേദ്കര്‍ 1949 നവംബര്‍ 25ന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലെ ചില വരികളാണ്. അതില്‍ ഡോ. അംബേദ്കര്‍ ഇങ്ങനെ സൂചിപ്പിച്ചിരുന്നു. ''ഭരണഘടനാപരമായ സംരക്ഷണം നിലനില്‍ക്കുന്നിടത്തോളം കാലം പൗരന്മാര്‍ സത്യഗ്രഹം, അക്രമ സമരങ്ങള്‍ എന്നിവയില്‍ നിന്നും പിന്മാറേണ്ടതുണ്ട്. എപ്പോഴാണ് ഭരണഘടനാപരമായ സംരക്ഷണം ലഭിക്കാതെ വരുന്നത്, അപ്പോള്‍ മാത്രമാണ് ഇത്തരം സമരങ്ങള്‍ അവകാശ സമരങ്ങളായി സാധൂകരിക്കപ്പെടുന്നത്.''
അങ്ങനെ നോക്കുകയാണെങ്കില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ക്ക് ഭരണഘടനാപരമായ സംരക്ഷണം എല്ലാ അര്‍ത്ഥത്തിലും ലഭിക്കേണ്ടതുണ്ട്. ആ സംരക്ഷണം യഥാര്‍ത്ഥത്തില്‍ ലഭിക്കാതെ വരുമ്പോഴാണ് വിദ്യാര്‍ത്ഥികള്‍ക്ക് സമരത്തിന് ഇറങ്ങേണ്ടിവരുന്നത്. കഴിഞ്ഞവര്‍ഷം വരെ രണ്ടരലക്ഷവും അഞ്ചുലക്ഷവുമായിരുന്ന എം.ബി.ബി.എസ് മെഡിക്കല്‍ ഫീസ് ഇത്തവണ പതിനൊന്നര ലക്ഷമായി മാറിയിരിക്കുന്നു. എം.ബി.ബി.എസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് പതിനൊന്നര ലക്ഷം ഫീസ് വാങ്ങാമെന്ന് വിധിച്ചത് ബഹുമാനപ്പെട്ടെ സുപ്രീം കോടതിയാണ്. മാനേജ്‌മെന്റുകള്‍ ഈ വിധി സമ്പാദിച്ചത്, കഴിഞ്ഞ വര്‍ഷം വരെ പത്ത് ലക്ഷം രൂപ ഫീസായി വാങ്ങിയിരുന്നു എന്ന് സുപ്രീംകോടതിയെ കബളിപ്പിച്ചാണ്. അപ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ തന്ത്രപൂര്‍വ്വം മൗനം ഭജിച്ച് അവര്‍ക്ക് പിന്തുണ നല്‍കി. അതായത് മുമ്പേ സൂചിപ്പിച്ച ഭരണഘടനാപരമായ സംരക്ഷണം നല്‍കേണ്ട പരമോന്നത നീതിപീഠം പോലും കബളിപ്പിക്കപ്പെട്ടിരിക്കുന്നു. ഇവിടെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങള്‍ക്കായി സമരമല്ലാതെ മറ്റേത് മാര്‍ഗ്ഗങ്ങളാണ് ഉള്ളത്?
കേരളത്തിലെ കലാലയങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ പീഢനങ്ങള്‍ക്ക് ഇരയാവുന്നു, അവര്‍ ആത്മഹത്യ ചെയ്യുന്നു. ജിഷ്ണുവിനും, അമ്മ മഹിജയ്ക്കും എന്തു നീതിയാണ് ഭരണഘടനാപരമായി ലഭിച്ചത്? അവിടെ മറ്റൊരു ജിഷ്ണു ഇനിയും ഉണ്ടാവാതിരിക്കാന്‍ സമരം ചെയ്യുകയല്ലാതെ മറ്റെന്തു വഴികളാണ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നിലുള്ളത്?
വര്‍ഷാവര്‍ഷം കേരളത്തില്‍ ബസ്സ് ഫീസ് വര്‍ദ്ധിപ്പിക്കുമ്പോഴും കേരളത്തിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സഞ്ചരിക്കാനുള്ള സ്റ്റുഡന്റ് ടിക്കറ്റ് (എസ്.ടി) വര്‍ദ്ധിപ്പിക്കാന്‍ ബസ്സുടമകള്‍ തയ്യാറാവാത്തത് ഒരു തരത്തില്‍ കേരളത്തിലെ വിദ്യാര്‍ത്ഥി സമരങ്ങളെ ഭയന്നിട്ടു തന്നെയാണ്. ഓരോ വര്‍ഷവും പാഠപുസ്തകം കൃത്യമായെത്തുന്നതും എഞ്ചിനീയറിംഗ് കോളേജുകളില്‍ ഇടിമുറികള്‍ ഉണ്ടാവാത്തതും വിദ്യാര്‍ത്ഥി സംഘടനകള്‍ കേരളത്തില്‍  കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതുകൊണ്ടുതന്നെയാണ്.
പ്രതികരണശേഷിയില്ലാത്ത, ഒന്നുറക്കെ ചിരിക്കാനോ കരയാനോ വയ്യാത്ത ജീവനുള്ള കമ്പ്യൂട്ടറുകളെ സൃഷ്ടിക്കുന്ന മാനേജ്‌മെന്റു നിലപാടുകള്‍ക്ക് കൂട്ടു നില്‍ക്കുന്ന ഈ വിധിന്യായങ്ങളെ പ്രബുദ്ധരായ വിദ്യാര്‍ത്ഥി സമൂഹം അംഗീകരിക്കാന്‍ സാധ്യതയില്ല. സമരവും നവോത്ഥാനവും ഇഴചേര്‍ന്നു കിടക്കുന്ന കേരളചരിത്ര പുസ്തകത്തില്‍ ഇനിയും നൂറുകണക്കിന് സമരങ്ങള്‍ എഴുതിച്ചേര്‍ക്കുക തന്നെ വേണം. സംഘടനാ പ്രവര്‍ത്തനവും സമരങ്ങളും നിര്‍ത്തലാക്കണമെന്ന വിധിയില്‍ കോടതി ഉദ്ധരിച്ച ഡോ. അംബേദ്കര്‍ പോലും സിവില്‍ സര്‍വീസ് ഉദ്യോഗം വലിച്ചെറിഞ്ഞ് സമരരംഗത്തേക്ക് കടന്നുവന്ന മഹാനാണ്. സത്യഗ്രഹം പോലുള്ള സമരങ്ങളെ ബ്രിട്ടീഷ് ഭരണകൂടം പോലും തള്ളിപ്പറയാത്ത ഈ നാട്ടിലാണ് സ്വാതന്ത്ര്യാനന്തരം കോടതി തള്ളിപ്പറഞ്ഞിരിക്കുന്നതെന്നത് വിരോധാഭാസമാണ്.  സംഘടിക്കാനും അഭിപ്രായം പറയാനുമുള്ള മനുഷ്യാവകാശത്തിന്റെ നിഷേധം തന്നെയാണ് കോടതിവിധിയിലൂടെ വെളിവാക്കിയിരിക്കുന്നത്. ഏതൊരു ജീവിയും അവന്റെ അവകാശങ്ങള്‍ക്കും നിലനില്‍പ്പിനുംവേണ്ടി സംഘടിക്കുക തന്നെ ചെയ്യും. 
എന്നാല്‍ വിദ്യാര്‍ത്ഥി സമരത്തിന്റെ മറവില്‍ അനാവശ്യ പ്രശ്‌നങ്ങളുണ്ടാക്കി രാഷ്ട്രീയക്കാര്‍ക്ക് മുതലെടുപ്പ് നടത്താനുള്ള അവസരങ്ങള്‍ ഉണ്ടാക്കിക്കൊടുക്കുന്നത് തടയപ്പെടേണ്ടതാണ്. വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ പൊതുസമൂഹത്തിന് വെറുപ്പുളവാക്കുന്ന രീതിയില്‍ അധഃപതിപ്പിച്ചതില്‍ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് വിശിഷ്യ എസ്.എഫ്.ഐക്കുള്ള പങ്ക് വലുതാണ്. അക്രമങ്ങളും നശീകരണങ്ങളും വെല്ലുവിളികളും മാത്രമായി വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തെ മാറ്റിത്തീര്‍ത്തത് എസ്.എഫ്.ഐയാണ്. ഇതില്‍ നിന്നും വ്യത്യസ്തമായി ഭാവാത്മകവും നിര്‍മ്മാണാത്മകവുമായ പ്രവര്‍ത്തനമാണ് ആവശ്യം. അതാണ് വിദ്യാര്‍ത്ഥികളുടെ പരിവര്‍ത്തനത്തിനും ഉന്നമനത്തിനും കാരണമാകുന്നത്.
(എ.ബി.വി.പി സംസ്ഥാന 
സെക്രട്ടറിയാണ് ലേഖകന്‍)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments