Kesari WeeklyKesari

നോവല്‍ - ശ്രീജിത്ത് മൂത്തേടത്ത്‌

ദ്രുതമാകുന്ന ചങ്കിടിപ്പ്-ശ്രീജിത്ത് മൂത്തേടത്ത്

on 21 July 2017

നേരത്തെ ബസ്സില്‍വെച്ചുകണ്ട ക്രുദ്ധമുഖത്തെക്കുറിച്ചാണ് നാരായണേട്ടന്‍ പറയുന്നതെന്നു മനസ്സിലായി. മുമ്പൊരിക്കല്‍ കുറ്റല്ലൂര്‍ മലയില്‍വെച്ച് അയാളെ കണ്ടിരുന്നു. അന്ന് പുതിയ റോഡിന്റെ ടാറിംഗ് ജോലികള്‍ നടന്നുകൊണ്ടിരിക്കെ, പണി തടയാനും, തൊഴിലാളികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനും ചിലര്‍ എത്തിയിരുന്നു. ഗുണ്ടകളാണെന്നാണ് കേട്ടത്. കക്കട്ടില്‍നിന്നോ, കൈവേലിയില്‍നിന്നോ വന്ന ഗുണ്ടകളായിരുന്നുവത്രേ! അന്ന് അയാളായിരുന്നു ആ സംഘത്തിന് നേതൃത്വം നല്‍കിയതും, തൊഴിലാളികളോട് കയര്‍ത്തു സംസാരിച്ചതും, മര്‍ദ്ദിച്ചതുമൊക്കെ. ആദിവാസി സഹോദരന്മാര്‍ ഒന്നിച്ചുനിന്ന് ചെറുത്തതുകൊണ്ടാണവര്‍ക്ക് തിരിച്ചുപോവേണ്ടിവന്നത്. മനോജ് എന്നായിരുന്നോ അയാളുടെ പേര്? കുറ്റല്ലൂരിലേക്ക് പുതിയ ഗവണ്‍മെന്റ് കേന്ദ്രത്തില്‍ അധികാരത്തില്‍വന്നതില്‍പ്പിന്നെയനുവദിച്ച റോഡിന്റെ പണിനടന്നുകൊണ്ടിരിക്കെയായിരുന്നു സംഘര്‍ഷത്തിനാസ്പദമായ സംഭവം നടന്നത്. റോഡുപണിയേറ്റെടുത്തിരുന്നത് മുമ്പ് ഭാസ്‌കരന്‍മാസ്റ്റരും മറ്റും രൂപംകൊടുത്ത, ആദിവാസിസഹോദരങ്ങള്‍ നേതൃത്വം കൊടുക്കുന്ന ട്രൈബല്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയായിരുന്നു. പദ്ധതി പ്രഖ്യാപിച്ച്, ടെന്‍ഡര്‍ വിളിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി നേതൃത്വം കൊടുക്കുന്ന, നാദാപുരം മേഖലയിലെ ഒട്ടുമിക്ക മരാമത്തുപണികളുടെയും കരാര്‍ജോലികളേറ്റെടുത്തു നടത്തിയിരുന്ന വലിയൊരു കോണ്‍ട്രാക്ട്കമ്പനിയും കുറ്റല്ലൂരിലേക്കുള്ള റോഡുപണിക്കായി ടെന്‍ഡര്‍ സമര്‍പ്പിച്ചിരുന്നു. ട്രൈബല്‍ സൊസൈറ്റിയുടെ ടെന്‍ഡര്‍ നിലനില്‍ക്കുന്നതുകൊണ്ട് സ്വാഭാവികമായും പുറമേനിന്നുള്ളൊരു കമ്പനിക്ക് ടെന്‍ഡര്‍ കിട്ടിയതുമില്ല. അതില്‍പ്പിന്നെയായിരുന്നു ഏതുവിധേനയും റോഡുപണി തടസ്സപ്പെടുത്താനുള്ള ശ്രമവുമായി കമ്മ്യൂണിസ്റ്റുപാര്‍ട്ടിക്കാര്‍ ഗുണ്ടകളെയിറക്കിയത്. പക്ഷെ ഈ ആക്രമണങ്ങളെ മുന്‍കൂട്ടിക്കണ്ടിരുന്ന ആദിവാസിയുവാക്കള്‍ ചെറുത്തുനിന്നതിനാല്‍, അവരുടെയുദ്ദേശം നടന്നില്ലായെന്നുമാത്രം.
ആ അടികൊണ്ട വയസ്സന്‍ പറഞ്ഞ കൈവേലിയിലെ കല്ല്യാണബസ്സിലെ ബലാല്‍സംഗത്തിന്റെ കഥയില്ലേ? ഈ മനോജാണ് അതിലെ ഒന്നാംപ്രതി. ഓനിത്രനാളും ജയിലിലും, പിന്നെ ഒളിവിലുമായിരുന്നു.
അന്ന് കുറ്റല്ലൂരില്‍ റോഡ് തൊഴിലാളികളെ തടയാന്‍ വന്നത് ഇയാളല്ലേ?
നാരായണേട്ടനുമുണ്ടായിരുന്നു ആ സംഭവം നടക്കുമ്പോള്‍ കുറ്റല്ലൂരില്‍.
അതന്നെ. ഓന്‍തന്നെയാ മനോജ്. അന്ന്മുതലാ ഓന്‍ പരസ്യായിറ്റ് നടക്കാന്‍ തൊടങ്ങ്യേ. ഓന്റെ ചെങ്ങായിമാരായ ചെല തെമ്മാടികളുംണ്ട് ഇന്ന് ആ ബസ്സില്. എവിട്ന്നാ അയിറ്റ്ങ്ങള് കേറ്യതെന്നറിയൂല്ല. എന്തോ കൊഴപ്പത്തിനുള്ള പൊറപ്പാടാ. അല്ലാണ്ട് എല്ലാരുംകൂടെ ഒര് ബസ്സില് കേറൂല്ല. അതുകൊണ്ടാ ഞാന്‍ എറങ്ങിക്കളഞ്ഞേ. മനസ്സിലായോ?
നാരായണേട്ടന്‍ അപകടം മുന്നില്‍ക്കണ്ട്, തന്ത്രപൂര്‍വ്വം ബസ്സില്‍നിന്നും ഇറങ്ങിയതാണെന്നു മനസ്സിലായപ്പോള്‍, ഇതേവരെ ബസ്സില്‍നിന്നുമിറങ്ങിയതിന് നാരായണേട്ടനെ പഴിപറഞ്ഞുകൊണ്ടിരുന്ന ഞാന്‍ അദ്ദേഹത്തെ മനസ്സാ അഭിനന്ദിച്ചു. എന്തുകുഴപ്പാണാവ്വോ മനോജും കൂട്ടരും ഉണ്ടാക്കാന്‍ പോകുന്നത്?
നാരായണേട്ടാ, എന്തായിരുന്നു ആ കൈവേലിയിലെ കല്യാണബസ്സില്‍വെച്ചുനടന്ന സംഭവം?
ഇത്തര വല്യ പത്രക്കാരനായിറ്റ് ഇഞ്ഞി അതിനെപ്പറ്റി കേട്ടിട്ടില്ലേ? നാട്ട്വാര്ക്ക് മുഴുനറിയുന്ന കാര്യാണല്ല അത്?
അതിന് ഞാന്‍ ഈ നാട്ടുകാരനല്ലല്ലോ നാരായണേട്ടാ. ഇവിടുത്തെ പ്രാദേശിക വാര്‍ത്തകളൊന്നും കോഴിക്കോട് ടൗണിലെ എഡിഷനുകളിലുണ്ടാവില്ലല്ലോ.
നാരായണേട്ടനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചു.
ന്നാ ഞാന്‍ പറഞ്ഞേരാം. നാട്ടില് വല്ല്യ ഒച്ചപ്പാടുണ്ടാക്കിയ സംഭവാ. കമ്മ്യൂണിസ്റ്റ് കോട്ട്യാ കൈവേലീന്നു പറഞ്ഞാല്. മോസ്‌കോന്നാ അവിട്‌ള്ളോര് പറയ്യാ. അവിട്‌ത്തെ പാര്‍ട്ടി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയാ ഈ മനോജന്‍. ഓന്റേം കൂട്ടുകാര്‌ടേം തെമ്മാടിത്തരംകൊണ്ട് രണ്ടാളാ ആത്മഹത്യചെയ്യേണ്ടിവന്നേ. ആത്മഹത്യാണോ, അടിച്ചുകൊന്ന് കെട്ടിത്തൂക്ക്യതാന്നോന്ന് ആരക്കറിയ്യാം? നാദാപുരത്തെ പിടിച്ചുകുലുക്കിയ സംഭവമായിരുന്നു കൈവേലിയിലെ ബലാത്സംഗവും, തുടര്‍ന്നുണ്ടായ ആത്മഹത്യകളും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രാദേശികനേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ക്രൂരത മനുഷ്യമനസ്സാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.
നാരായണേട്ടന്‍ ചെറിയൊരു മുഖവുരയോടെ കൈവേലിസംഭവം വിവരിക്കാന്‍ തുടങ്ങി.
ദൂരെനിന്നാരോ ടോര്‍ച്ചുമിന്നിച്ചുകൊണ്ട് വരുന്നുണ്ട്. നാരായണേട്ടന്‍ പൊടുന്നനെ നിന്നു. ആ മുഖത്ത് ഭീതി നിഴലിക്കുന്നുണ്ട്. പെട്ടെന്നെന്റെ കൈപിടിച്ചു. 
ബാ..
ഒരിടവഴിയിലേക്കു കയറിനിന്നു.
അവിടിരുന്നോ. മൂത്രൊഴിക്ക്വാന്ന് വിചാരിച്ചോട്ടെ...
നാരായണേട്ടന്‍ മുണ്ട് മടക്കിക്കുത്തി കയ്യാലയോടഭിമുഖമായി കുന്തിച്ചിരുന്നു. അതുപോലെ ചെയ്യാനല്ലാതെയെനിക്ക് നിവൃത്തിയില്ലായിരുന്നു. അപ്പോഴേക്കും ടോര്‍ച്ചുമിന്നിച്ചുവന്നയാള്‍ അടുത്തെത്തിക്കഴിഞ്ഞിരുന്നു. എന്റെ നെഞ്ചിടിപ്പുകൂടുന്നു. കാലുകള്‍ വിറയ്ക്കുന്നു. ഇപ്പോള്‍ വീണുപോകുമോ, ഇങ്ങിനെ കുന്തിച്ചിരുന്ന് ശീലമില്ല. കാലിന്റെ മസിലുകള്‍ക്ക് വല്ലാത്ത വലിച്ചില്‍. വേദന. അവര്‍ രണ്ടുപേരുണ്ട്. പൊടുന്നനെയവര്‍ നിന്നു. ഞങ്ങളിരിക്കുന്ന ഇടവഴിയിലേക്ക് ടോര്‍ച്ചടിച്ചുനോക്കുകയാണവര്‍.
ആ..
അവരിലൊരാള്‍ പറഞ്ഞു.
ആ..
നാരായണേട്ടന്‍ ഇരുന്നുകൊണ്ടുതന്നെ പ്രതികരിച്ചു. ആ ശബ്ദത്തിന് വിറയലുണ്ടായിരുന്നു. 
ആരാദ്?
ഞാളാ..
എന്താവ്‌ടെ പരിപാടി?
മൂത്രിക്ക്ാ...
ആരാ..?
ഞാളാ..
അവര്‍ പോകുന്നില്ല. നാരായണേട്ടന്റെ മറുപടിയില്‍ തൃപ്തരായില്ലെന്നതുപോലെ ഒന്നുകൂടെ ടോര്‍ച്ചടിച്ചുനോക്കി, അവര്‍ കുറച്ചുനേരം കാത്തുനിന്നു. നാരായണേട്ടന്‍ എഴുന്നേല്‍ക്കാന്‍ ഭാവമില്ല. അവര്‍ ഒരുപ്രാവശ്യംകൂടെ ഞങ്ങളുടെനേര്‍ക്ക് ടോര്‍ച്ചടിച്ചുനോക്കിയതിനുശേഷം പരസ്പരമെന്തോ സംസാരിച്ച് ചിരിച്ചുകൊണ്ട് നടന്നുപോയി. അവര്‍ കുറച്ചകലെയെത്തിയെന്നു മനസ്സിലായപ്പോള്‍ നാരായണേട്ടന്‍ എഴുന്നേറ്റു.
വാ.. പോരി..
എന്നെ വിളിച്ചെഴുന്നേല്‍പ്പിച്ചു. എന്റെ കാല്‍ത്തുടയുടെ മസിലുകള്‍ വലിഞ്ഞുമുറുകി എനിക്കു നടക്കാന് പറ്റുന്നുണ്ടായിരുന്നില്ല. എങ്കിലും നീട്ടിവലിച്ച് നാരായണേട്ടന്റെയൊപ്പമെത്താനായി ഞാന്‍ ഞൊണ്ടിനടന്നു. വെളിച്ചമില്ലാതിരുന്നതിനാല്‍ നടക്കുന്നവഴിയിലെ ഉരുളന്‍കല്ലുകളുടെ കൂര്‍ത്തുമൂര്‍ത്തഭാഗങ്ങളില്‍ ചിവിട്ടിക്കഴിയുമ്പോഴുള്ള കാലുപിളര്‍ന്നുപോകുന്ന വേദനയറിയുമ്പോള്‍ മാത്രമേ, കല്ലില്‍ച്ചവിട്ടിയാണ് നടക്കുന്നതെന്നു മനസ്സിലാകൂ. നാരായണേട്ടന് നല്ല പരിചയമുള്ള വഴിയാണെന്നു തോന്നുന്നു. അനായാസമായാണദ്ദേഹം മുന്നോട്ടുനീങ്ങുന്നത്. കൂര്‍ത്തകല്ലുകളില്‍ ചവിട്ടാതെ, തെന്നിത്തെന്നി, ഇടത്തോട്ടും, വലത്തോട്ടും ചാടിക്കൊണ്ടുള്ള നടത്തം. പരിചയസമ്പന്നനായൊരു നര്‍ത്തകനെപ്പോലെ മുന്നോട്ടുനീങ്ങുന്ന നാരായണേട്ടനെയനുകരിച്ച്, അദ്ദേഹം നീങ്ങുന്ന വഴിയിലൂടെ ഞാന്‍ നടക്കാന്‍ ശ്രമിച്ചിട്ടും ഇടക്കിടെ കല്ലുകളില്‍ ചവിട്ടിപ്പോകുന്നു. എന്നില്‍നിന്നും അറിയാതെ ശൂ.. വെന്ന ശബ്ദമുയര്‍ന്നുപോകുന്നു. താഴെയിരുളിലേക്ക് കണ്ണുനട്ടുനടക്കുന്നതിനാല്‍ മുന്നിലെ ഇടംവലം കുത്തനെനില്‍ക്കുന്ന കൊള്ളുകളില്‍നിന്നും വഴിക്കുതടസ്സമുണ്ടാക്കിക്കൊണ്ട് പടര്‍ന്നുനില്‍ക്കുന്ന കാട്ടപ്പച്ചെടികളുടെയും, ഐരാണിച്ചെടികളുടെയും കൊമ്പുകളില്‍ത്തട്ടി ഇടയ്ക്കിടെ ഞാന്‍ വീഴാന്‍ നോക്കുന്നു.
നോക്കി നടക്ക് സുദീപാ..
നാരായണേട്ടന്‍ ശബ്ദം അടക്കിപ്പിടിച്ച് അപ്പോഴൊക്കെ എന്നെ ശാസിക്കുന്നു. സാധാരണശബ്ദത്തില്‍ സംസാരിക്കാന്‍ പോലും എന്തിനാണ് നാരായണേട്ടനിങ്ങിനെ ഭയപ്പെടുന്നതെന്നെനിക്ക് മനസ്സിലായില്ല. 
എന്തിനാ നാരായണേട്ടനിങ്ങിനെ പേടിക്കുന്നത്?
എന്റെ ചോദ്യത്തിന് പ്ശ്... എന്നൊരു ശബ്ദവും, ശബ്ദമുണ്ടാക്കരുതെന്ന ആംഗ്യവുമായിരുന്നു മറുപടി.
എന്തിനാ പേടിക്ക്ന്നതെന്നോ? നേരത്തെ ബസ്സില് കണ്ട മനോജന്‍ ആരാന്നാ വിചാരിച്ചേ? ഓന്‍ നാട്ടിലെറങ്ങീട്ട്‌ണ്ടെന്ന് പറഞ്ഞാല്, ആരെയെങ്കിലും വെട്ടാനോ കുത്താനോ ആയിരിക്കൂന്ന് ഒറപ്പാ.
എന്റെ മനസ്സില്‍ തീകോരിയിടുകയാണ് നാരായണേട്ടന്‍. രാത്രിക്ക് തണുപ്പുകൂടിവരുന്നു. ചുറ്റിലും ചീവീടുകളുടെയും, തവളകളുടെയും കരച്ചില്‍ പെരുകി. രാത്രിയുടെ സംഗീതാത്മകതയ്ക്ക് താളമിടുന്ന എണ്ണമറ്റ ചെറുജീവികളുടെ കണ്ഠങ്ങളില്‍ നിന്നും വായ്ത്താരികളൊഴുകി. തോറ്റംപാട്ടുപോലെയുയരുന്ന ആ സംഗീതത്തിന് മനസ്സിലെ ഭയത്തെ ആളിക്കത്തിക്കാനുള്ള കെല്‍പ്പുണ്ട്. എന്റെ ചങ്കിടിപ്പിനെ ദ്രുതമാക്കുവാനുള്ള ആക്കമുണ്ട്. ഞാന്‍ നെഞ്ചത്ത് കൈവച്ചുനോക്കി. പ്ടപ്പ്..പ്ടപ്പ്..പ്ടപ്പ്.. അതിവേഗം മിടിക്കുകയാണ് നെഞ്ച്. മിനിട്ടില്‍ എഴുപത്തിരണ്ടെന്ന സാധാരണകണക്കുവെട്ടിച്ച് അത് ഇരുന്നൂറോ, ഇരുന്നൂറ്റിയമ്പതോ ആയിമിടിക്കുന്നു. എന്റെ നെഞ്ച് പൊട്ടിപ്പോകുമോ? ഞാന്‍ ഭയപ്പെട്ടു.
നാരായണേട്ടന്‍ കൈവേലിസംഭവത്തിന്റെ കാര്യം പറഞ്ഞില്ലല്ലോ.
ഞാന്‍ ഓര്‍മ്മിപ്പിക്കേണ്ടതാമസം നാരായണേട്ടന്‍ വീണ്ടുമൊന്നു പരുങ്ങി.
ആരും കേള്‍ക്കാണ്ട് പറേണ്ട സംഗത്യാ അത്.
ശബ്ദം കുറച്ചുകൊണ്ട് നാരായണേട്ടന്‍ പറഞ്ഞപ്പോള്‍ എനിക്കു സംശയം തോന്നി.
അതിന് ഇപ്പോള്‍ നമ്മള്‍ രണ്ടുപേര്‍ മാത്രല്ലേയുള്ളൂ?
അങ്ങിനെ പറഞ്ഞിട്ട് കാര്യല്ല. ഇവിട്‌ത്തെ കൊള്ളിനും, കൊള്ളിലെ പുല്ലിനും, ചെടികള്‍ക്കുംപോലും കാതുണ്ടാവും. അവര് ആരോടൊക്കെയാ എന്തൊക്കെയാ പറഞ്ഞ്വോട്ക്ക്വാന്നു പറയാന്‍ പറ്റൂല്ല. ഞാനീപ്പറേന്ന കാര്യങ്ങള്‍ ഇഞ്ഞി പത്രത്തിലൊന്നും എഴ്തര്ത് കേട്ടോ?
മുഖവുരയോടെ നാരായണേട്ടന്‍ കൈവേലി ബലാത്സംഗകഥ വിവരിക്കാന്‍ തുടങ്ങി.
(തുടരും)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments