Kesari WeeklyKesari

കവിത

റെവന്യുആര്‍ട്ട് -അജിതന്‍ ചിറ്റാട്ടുകര

on 21 July 2017

ര പൂര്‍ത്തിയായി
ഇനി ചായം കൊടുക്കണം
അതിനായി 
ബ്രഷ് കൈയിലെടുത്തപ്പോഴാണ്
ആ അത്ഭുതം സംഭവിച്ചത്
അവിടവിടെ
വെള്ളമുണ്ടായിരുന്ന പുഴ
പൊടുന്നനെ
കാന്‍വാസില്‍ നിന്നും ഒഴുകിപ്പോയി
കുന്നുകള്‍ തന്നത്താനിടിഞ്ഞ്
ടിപ്പര്‍ലോറിയില്‍ കയറി
അതിശീഘ്രം പാഞ്ഞു പോയി
മരങ്ങള്‍
സ്വയം വേരുകളറുത്ത്
മില്ലുകളിലേക്ക്
മുടന്തി മുടന്തി നടന്നു പോയി
മൃഗങ്ങള്‍
തള്ളി വന്ന കരച്ചിലോടെയും
അമര്‍ത്തിയ മുരള്‍ച്ചയോടെയും
വിരണ്ടോടി
കാട്ടുതീയില്‍ പോയി സമാധിയായി
പക്ഷികള്‍
തൂവലുകള്‍ പറിച്ചിട്ട്
മുറിവുകളില്‍ മസാലയും
മുളകും പുരട്ടി
വറചട്ടികളിലേക്കു പറന്നു പോയി
ഒടുവിലായി ഞാന്‍ വരച്ചിരുന്നത്
കുറേ
കറുത്ത മനുഷ്യരെയായിരുന്നു.
അവര്‍ വീട് വിട്ട്
ഉടുത്ത തുണിയോടെ
പെരുവഴിയിലേക്കോടി മറഞ്ഞു
എങ്കിലും
ഞാന്‍ വരക്കാത്ത
കുറേ കുറിമാനങ്ങളും
ചുവപ്പുനാടയും
ആരുടെയൊക്കെയോ ഒപ്പുകളും
സീലും
കാന്‍വാസില്‍ തെളിഞ്ഞു വന്നു.
അതില്‍ ചായം കൊടുക്കാന്‍
ബ്രഷ് കൈയിലെടുത്തപ്പോഴാണ്
എവിടെ നിന്നോ വന്ന
രണ്ട് കൊമ്പനാനകള്‍
എന്റെ ഇടവും വലവും വന്നു നിന്ന്
തുമ്പിക്കൈയുയര്‍ത്തി
എന്നെ അഭിവാദ്യം ചെയ്യാന്‍ തുടങ്ങിയത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments