Kesari WeeklyKesari

മതമൗലികവാദി -പരമ്പര

ധര്‍മ്മവും മാറുന്ന കാലവും-ആര്‍.ഹരി

on 21 July 2017

ളരെവളരെ സൂക്ഷിച്ചില്ലെങ്കില്‍ വൈദികസനാതനധര്‍മ്മത്തിന്റെ കടയ്ക്കല്‍ കോടാലി വെയ്ക്കുന്ന മഹാഭയങ്കരമായ അനാചാരം ആചാരത്തിന്റെ പേരില്‍ തന്ത്രിസമ്മതത്തോടുകൂടി നമുക്കുള്ളില്‍ കടന്നുവരാന്‍ സാദ്ധ്യതയുണ്ട്. അതിന്റെ ചെറിയൊരു ശംഖുവിളി ഉയര്‍ന്നതും അമര്‍ന്നതും ഒരുമിച്ചായിരുന്നു. മഹാഭാഗ്യം! ക്ഷേത്രത്തെ സ്ഥാപനമാക്കിച്ചുരുക്കുന്ന പാളം തെറ്റിയ മനസ്സാണ് അതിനു പിന്നില്‍. ക്ഷേത്രവരുമാനം കൂട്ടാന്‍ വേണ്ടി പലതരം നിരക്കിലുള്ള പലതരം 'ദര്‍ശനം' ഏര്‍പ്പെടുത്തുന്ന പദ്ധതിയെക്കുറിച്ചാണ് പറഞ്ഞത്. ഈ മഹാപരാധം തുടങ്ങിവെച്ചത് തിരുപ്പതി വെങ്കിടാചലപതിക്ഷേത്രമാണെന്ന് എന്റെ എളിയ ബുദ്ധിയില്‍ തോന്നുന്നു. എന്നാല്‍ അവിടത്തെ തന്ത്രിയടക്കമുള്ള വ്യവസ്ഥാവിഭാഗത്തെക്കൊണ്ട് ഭഗവാന്‍ വെങ്കടേശ്വരന്‍ ഒരു സത്യം ഭംഗ്യന്തരേണ പറയിച്ചു! അവിടെ പണമടച്ചു ലഭ്യമാകുന്ന നാനാവിധ ദര്‍ശനങ്ങളല്ലാതെ എല്ലാവര്‍ക്കുമായി സൗജന്യം ലഭിക്കുന്ന ദര്‍ശനത്തിന്റെ പേരാണ് 'ധര്‍മ്മദര്‍ശനം!' അപ്പോള്‍ സൗജന്യമല്ലാത്ത അന്യദര്‍ശനങ്ങളോ? ഉത്തരം സ്വയം മന്ത്രിക്കുക! അതാണ് ദൈവത്തിന്റെ കളി. യൂറോപ്പില്‍, മദ്ധ്യയുഗത്തില്‍ അന്നത്തെ പോപ്പുമാര്‍ പാപം എഴുതിത്തള്ളാന്‍ രാജാക്കന്മാരിലും നാടുവാഴികളിലും വന്‍കിടപ്രഭുക്കളിലും നിന്ന് ഭീമമായ തുകകള്‍ വസൂലാക്കുന്ന പതിവുണ്ടായിരുന്നു. 'പാപ്പല്‍ ഇന്‍ഡല്‍ജന്‍സ്' എന്നാണ് അതിനു പറഞ്ഞിരുന്നത്. മതസങ്കേതങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെടുമ്പോള്‍ മുന്‍വാതിലിലില്‍ക്കൂടി തന്നെ കടന്നുവരുന്ന ഒരു വൈകൃതമാണത്. അന്നത്തിനും വൈദ്യത്തിനും വിദ്യയ്ക്കും ആരില്‍നിന്നും പ്രതിഫലം കൈപ്പറ്റാതെ വളര്‍ന്ന ഒരു സംസ്‌കാരത്തിനാണ് ഈ ഗതി വന്നിരിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ കഷ്ടം തോന്നുന്നു.
ആറാമതായി, ആചാരമെന്നു പറയുന്ന പൊതുവാക്കില്‍ സമുദായത്തിനുള്ള പ്രാധാന്യവും സ്ഥാനവുമാണ്. ആചാരത്തില്‍ തന്ത്രിയുടെ സ്ഥാനം പ്രധാനമായും ശ്രീകോവിലിനുള്ളില്‍ എന്നപോലെ സമുദായത്തിന്റെ സ്ഥാനം ശ്രീകോവിലിനുപുറത്താണ്. തന്ത്രി തന്റെ അനുഷ്ഠാനകര്‍ത്തവ്യങ്ങള്‍ ആത്മാര്‍ത്ഥമായി അകത്തു നിര്‍വ്വഹിക്കുമ്പോള്‍ ഭക്തന്മാര്‍ അവരുടെ കര്‍ത്തവ്യം പുറത്തുനിന്നു നിര്‍വ്വഹിക്കുന്നു. അകത്ത് ഉച്ചരിക്കപ്പെടുന്ന മന്ത്രങ്ങളെ ഭക്തന്മാരും പുറത്തു വിളിച്ചു പറയുന്ന ഭക്തിപൂര്‍വ്വമുദ്രാവാക്യങ്ങളെ തന്ത്രിയും ശ്രദ്ധിക്കാറില്ല, ശ്രദ്ധിക്കേണ്ടതുമില്ല. അകത്തുള്ളവര്‍ അകത്ത്, പുറത്തുള്ളവര്‍ പുറത്ത് - അതാണ് സ്ഥിതി. ഇവിടെയാണ് സാമൂഹ്യപ്രവര്‍ത്തകരുടെ പ്രാധാന്യവും പങ്കാളിത്തവും പൊട്ടിവിടരുന്നത്. ഹിന്ദുവിന്റെ ക്ഷേത്രമെന്നു പറയുന്ന പവിത്രകേന്ദ്രത്തില്‍ ഹിന്ദുവായ ഏവനും പ്രവേശനമില്ല - ഈ സ്ഥിതിയാണ് സ്വാമി വിവേകാനന്ദനെ വേദനിപ്പിച്ചത്, നാരായണഗുരുദേവനെ വേദനിപ്പിച്ചത്, ഗാന്ധിജിയെ വേദനിപ്പിച്ചത്, തിരുവിതാംകൂര്‍ മഹാരാജാവിനെ വേദനിപ്പിച്ചത്. അതുകൊണ്ടാണ് പ്രജകളോട് തനിക്കുള്ള കടപ്പാടിന്റെ പേരില്‍ തിരുമനസ്സ് പറഞ്ഞത്. ''ഈശ്വരന്റെ  ഇരിപ്പിടങ്ങളായ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കളില്‍ ഒരു വലിയ വിഭാഗത്തിനു അനേകനൂറ്റാണ്ടുകളായി പ്രവേശനമില്ലായിരുന്നു....... മനുഷ്യരാശിയോടു ചെയ്യുന്ന അനീതിയാണ് അത് എന്നു നമുക്കു തോന്നി.'' വിളംബരത്തിന്റെ പശ്ചാത്തലം വിവരിച്ച ആ അരുളപ്പാടില്‍ നടപ്പുള്ള ആചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ഒന്നും തന്നെ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ഊന്നല്‍ മുഴുവന്‍ മനുഷ്യസമുദായത്തിനോട് കാണിക്കേണ്ട നീതിയെക്കുറിച്ചായിരുന്നു. 
'മഹദഭിപ്രായങ്ങളി'ല്‍ അച്ചടിച്ചു പ്രസിദ്ധം ചെയ്ത അഭിപ്രായങ്ങളെ വിലയിരുത്തി വിശകലനം ചെയ്യുക. തന്ത്രി-ഊരാണ്മസമൂഹം സ്വന്തം ദൃഷ്ടി അമ്പലമെന്ന സ്ഥാപനത്തിന്റെ ആനമതിലുകള്‍ക്കുള്ളില്‍ ഒതുക്കിനിര്‍ത്തിയപ്പോള്‍ പ്രജാവത്സലനായ ഭൂമിപാലകന്‍ സ്വന്തം ദൃഷ്ടി ഹതഭാഗ്യരായ, അനീതിക്കിരയായ സമൂഹത്തില്‍ ഉറപ്പിച്ചു. സമൂഹത്തിനുവേണ്ടി അമ്പലമോ അമ്പലത്തിനുവേണ്ടി സമൂഹമോ എന്ന പ്രശ്‌നമുയര്‍ന്നാല്‍ സമൂഹത്തിനുവേണ്ടി അമ്പലം എന്നതായിരിക്കണം നിലപാട്.
വാസ്തവത്തില്‍ സമൂഹമാണ് അമ്പലം നിര്‍മ്മിക്കുന്നത്. നിര്‍മ്മിക്കപ്പെട്ട അമ്പലം സമൂഹത്തെ സംസ്‌കാരസമ്പന്നമാക്കുന്നു. എന്നുവെച്ച് അമ്പലമല്ല സമൂഹത്തെ നിര്‍മ്മിക്കുന്നത്. സത്യസ്ഥിതി മറിച്ചാണ്. വേദര്‍ഷികളാണ് ഭാരതസമൂഹത്തില്‍ അദ്ധ്യാത്മപ്രകാശത്തിനു തിരികൊളുത്തിയത്. എന്നാല്‍ അന്ന് അമ്പലങ്ങളുണ്ടായിരുന്നില്ല, സമൂഹമുണ്ടായിരുന്നു. രാമായണകാലത്തും അമ്പലങ്ങള്‍ പ്രചാരത്തിലുണ്ടായിരുന്നില്ല, ഋഷിവാടങ്ങളുണ്ടായിരുന്നു. മഹാഭാരതത്തില്‍, വനവാസകാലത്തെ പന്ത്രണ്ടുവര്‍ഷങ്ങളില്‍ പാണ്ഡവന്മാരുടെ വിസ്തൃതതീര്‍ത്ഥാടനവേളകളില്‍ അവര്‍ ക്ഷേത്രദര്‍ശനം ചെയ്തതായി വ്യാസന്‍ പറയുന്നില്ല. അന്നും പ്രായേണ ക്ഷേത്രങ്ങള്‍ ഇല്ലായിരുന്നു എന്നര്‍ത്ഥം. ശതാബ്ദങ്ങള്‍ കഴിഞ്ഞാണ് അദ്ധ്യാത്മത്തിലടിയുറച്ചു മുന്നോട്ടുപോയ സമൂഹം അമ്പലങ്ങള്‍ സൃഷ്ടിച്ചത്. 
ആദ്ധ്യാത്മികപ്രയാണത്തില്‍ ക്ഷേത്രങ്ങള്‍ സ്ഥാപിക്കേണ്ടത് ആവശ്യമായി സമൂഹത്തിനു തോന്നി. അതനുസരിച്ച് ക്ഷേത്രങ്ങളുണ്ടായി. പിന്നീടവ ശാസ്ത്രീയമായ അടിസ്ഥാനത്തില്‍ വളര്‍ന്നുവികസിച്ചു. ഈ സത്യം ഓര്‍മ്മ വെച്ചിട്ടുവേണം സമൂഹവുമായി ബന്ധപ്പെട്ടുകിടക്കുന്ന ക്ഷേത്രാചാരത്തെക്കുറിച്ച് ചിന്തിക്കാന്‍. സാമൂഹ്യപരിഷ്‌ക്കര്‍ത്താക്കള്‍ അതിനെക്കുറിച്ചു ചിന്തിച്ചു, യാഥാസ്ഥിതികര്‍ അതിന്റെ നേര്‍ക്കു കണ്ണടച്ചുവെന്ന് ഭഗിനി നിവേദിത എഴുതാന്‍ അതാണ് കാരണം.
ഇതിനൊന്നാന്തരംദൃഷ്ടാന്തം മഹാത്മജി തന്നെയാണ്. ഭാരതജനതയെ ഒന്നായുണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുന്ന മഹായജ്ഞത്തില്‍ ഏര്‍പ്പെട്ടിരുന്ന അദ്ദേഹമാണ് താഴ്ന്നവരായി കരുതപ്പെട്ടിരുന്ന ജനവിഭാഗത്തെ 'ഹരിയുടെ ജനങ്ങള്‍' എന്നു വിളിച്ച് അവര്‍ക്ക് വൈക്കം സത്യഗ്രഹത്തിലും ഗുരുവായൂര്‍ സത്യഗ്രഹത്തിലും കൂടി സമത്വവും മാന്യതയും നേടിക്കൊടുക്കാന്‍ പ്രേരണ നല്‍കിയത്. മനുഷ്യമനസ്സിനെക്കുറിച്ചുള്ള മഹാത്മജിയുടെ അവഗാഹവും സംഘടനാപാടവവും സഹാനുഭൂതിയും പ്രയോഗമതിത്വവുമെല്ലാം നമുക്ക് മനസ്സിലാകുന്നത് ചിത്തിരതിരുനാളിന്റെ ഐതിഹാസികവിളംബരത്തെ തുടര്‍ന്നാണ്. വിളംബരം ജനതാതലത്തില്‍ ഫലവത്താകണമെങ്കില്‍ അതിനു യുക്തമായ കര്‍മ്മപരിപാടിയും കൂടി ആവശ്യമാണെന്നു ആ അപാരമനഃശാസ്ത്രജ്ഞന്‍ കണ്ടു. തിരുവിതാംകൂറിനെ പുതിയ തീര്‍ത്ഥാലയമെന്നു വിശേഷിപ്പിച്ച് അടങ്ങിയിരിക്കാതെ ആ കര്‍മ്മയോഗി അറുപത് ദിവസങ്ങള്‍ തികയുന്നതിനുമുമ്പ് തിരുവനന്തപുരത്തെത്തി. ആ എട്ടുപത്തു ദിവസത്തെ പരിപാടി തന്റെ അനുയായികളായ മേല്‍ജാതിക്കാരേയും കീഴ്ജാതിക്കാരേയും കൂട്ടി സാര്‍വ്വത്രികപ്രവേശം ലഭിച്ച ക്ഷേത്രങ്ങളില്‍ 'രഘുപതി രാഘവ രാജാറാം' എന്ന നാമാവലിയും ചൊല്ലി ദേവദര്‍ശനം നടത്തുകയെന്നതായിരുന്നു. രാഷ്ട്രീയം ഒട്ടും കലരാത്ത സന്ദര്‍ശനമായിരുന്നു അത്. ഉല്‍പതിഷ്ണുക്കളില്‍ അഹങ്കാരവും  അമിതാവേശവും വളരാതെ നോക്കാനും യാഥാസ്ഥിതികരില്‍ ദ്വേഷവും പകയും പുകയാതെ നോക്കാനും ഇരുകൂട്ടരിലും 'സംഗച്ഛധ്വം സംവദധ്വം' എന്ന സമന്വയമനസ്സ് വളര്‍ത്താനും മഹാത്മജി നടത്തിയ പദയാത്രകളായിരുന്നു ആ സന്ദര്‍ശനം. ഇന്നത്തെ രാഷ്ട്രീയഭാഷയില്‍ പറഞ്ഞാല്‍ 'സദ്ഭാവനായാത്ര.' ആരുടെയെങ്കിലും മനസ്സില്‍ പ്രതിക്രിയാത്മകമായി പൂജാനുഷ്ഠാനങ്ങളോട് അവജ്ഞയുണ്ടാകാന്‍ മഹാത്മജി അനുവദിച്ചില്ല. സമാജത്തിനെ അവഗണിച്ചുകൊണ്ടുള്ള ആചാരഭാഗങ്ങള്‍ അലംഘ്യമാണെന്നു കരുതാതെ മാറ്റുന്നത് ആശാസ്യവും അഭിലഷണീയവുമാണെന്ന് കാണിച്ചുകൊടുക്കുകയും ചെയ്തു.
ചുരുക്കത്തില്‍, വിശേഷിച്ചും വികാരങ്ങള്‍ വളരെ ശക്തിപ്പെട്ടു നില്‍ക്കുന്ന മതമേഖലയില്‍ ബഹുവിധമാനങ്ങളുള്ള ആചാരങ്ങളടങ്ങുന്ന - ഒറ്റ വാക്കില്‍ സാമാന്യമായി പറയുന്ന - മതാചാരങ്ങള്‍ ലംഘിച്ചു കൂടാ, മതാചാര്യന്മാര്‍ക്കല്ലാതെ മറ്റുള്ളവര്‍ക്കെല്ലാം, കോടതിക്കുപോലും അവിടം ബാലികേറാമലയാണ് എന്ന് ശാഠ്യം പിടിക്കുന്നതില്‍ യുക്തിക്കുറവുണ്ട്.
മനുഷ്യസമൂഹം കരിങ്കല്ല് കൊണ്ടു ഭംഗിയായി പടവുകള്‍ കെട്ടി ഭദ്രമാക്കിയ ആറാട്ടുകുളമല്ല. അതൊരു നദിയാണ്. ഒഴുകുക, ഒഴുകി പുതുമ നിലനിര്‍ത്തുക, മലയില്‍ മഴ പെയ്യുമ്പോള്‍ കലങ്ങിയൊഴുകുക, മലയില്‍ മഴ തോരുമ്പോള്‍ കലക്കം വിട്ടൊഴുകുക എന്നതൊക്കെയാണ് അതിന്റെ പ്രകൃതം. എന്നും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് സമൂഹം. എന്നുമെന്നും ഗമിച്ചുകൊണ്ടിരിക്കുന്നതുകൊണ്ടാണ് ലോകത്തെ 'ജഗത്ത്' എന്നു വിളിക്കുന്നത്. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മനുഷ്യത്വത്തെ കാത്തുസൂക്ഷിക്കുന്ന മാറാത്ത മൂല്യങ്ങളുണ്ട്. അവയെ കേടുവരാതെ കാത്തുരക്ഷിക്കാന്‍ അടിസ്ഥാനപരമായ ആചാരങ്ങള്‍ ഉരുത്തിരിയുന്നു. അവയുടെ കൂട്ടായ പേരാണ് ധര്‍മ്മം. എന്നാല്‍ ഈ മൂലാചാരത്തെ പുഷ്ടിപ്പെടുത്താന്‍ കാലദേശാനുസൃതം പല പല ഉപ-ആചാരങ്ങള്‍ ഉയര്‍ന്നുവരും. അവയ്ക്കു നനയ്ക്കുന്ന വെള്ളത്തിന്റേയും ഇടുന്ന വളത്തിന്റേയും പ്രാധാന്യമേയുള്ളു. അവയ്ക്ക് തായ്‌വേരിന്റെ സ്വത്വമില്ല. അതുകൊണ്ട് മതാചാരത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മതപ്രവര്‍ത്തകരും മതനേതാക്കന്മാരും സാമൂഹ്യപ്രവര്‍ത്തകരും അതിനെ ശാസ്ത്രബുദ്ധ്യാ വിശകലനം ചെയ്യണം. ഇന്നലത്തെ ആചാരം ഇന്ന് അനാചാരമായിത്തീരാം. അത് കാലേക്കൂട്ടി തിരിച്ചറിയാനുള്ള വിവേകം നേതൃത്വത്തിനു വേണം. 'കാലത്തിന്റെ മാറ്റമനുസരിച്ച് ധര്‍മ്മം അധര്‍മ്മമായും അധര്‍മ്മം ധര്‍മ്മമായും മാറാം, അതാണ് കാലത്തിന്റെ വിശേഷത' എന്ന് ഭീഷ്മര്‍ യുധിഷ്ഠിരനെ ഉപദേശിക്കുന്നുണ്ട്. അതെല്ലാം അറിഞ്ഞും കണ്ടും കൊണ്ടാണ് തുടക്കത്തില്‍ പറഞ്ഞതുപോലെ കാളിദാസമഹാകവി അരുളിയത്. 'പഴയതായതുകൊണ്ട് മാത്രം ഒരു കാര്യം എന്നും എന്തിനും കൊള്ളുമെന്നു കരുതരുത്, പുതിയതായതുകൊണ്ട് ഒരിക്കലും കൊള്ളില്ല എന്നു തള്ളിക്കളയുകയുമരുത്.' പണ്ട് 'അക്കാലത്ത് കൊള്ളാമായിരുന്നു. എന്നാല്‍ കാലം മാറിയ ഇക്കാലത്ത് അത് മാറിയില്ലെങ്കില്‍ അത് നാടിനേയും നാട്ടുകാരേയും ദുഷിപ്പിക്കും' എന്നു ടെന്നിസണ്‍ പറഞ്ഞത്. സമുദായപ്രവര്‍ത്തകരുടെ സവിശേഷശ്രദ്ധ പതിയേണ്ട പാത്രങ്ങളാണിവ.
ഇതുതന്നെയാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ മൂന്നാം സര്‍സംഘചാലക് ബാളാസാഹേബ് ദേവറസ് സ്വയംസേവകരോട് ഉപദേശിച്ചതും. 'മുത്തശ്ശന്‍ കുഴിപ്പിച്ച കിണറാണെ'ന്നു പറഞ്ഞ് അതിലെ ഉപ്പുവെള്ളം കുടിക്കുന്നത് ബുദ്ധിമോശമാണെന്നദ്ദേഹം പറഞ്ഞു. അദ്ദേഹം ഉദ്ധരിച്ച സുഭാഷിതമിതായിരുന്നു:-
''താതസ്യ കൂപോയമിതിബ്രുവാണഃ
ക്ഷാരം ജലം കാപുരുഷാഃ പിബന്തി.''
(തുടരും)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments