Kesari WeeklyKesari

ലേഖനം..>>

പ്രചാരകത്വത്തിന്റെ പൂര്‍ണ്ണത--ശരത്ത് എടത്തില്‍

on 21 July 2017
Kesari Article

1931-ല്‍ ഡോക്ടര്‍ജി വനസത്യഗ്രഹസമയത്ത് ലക്ഷ്മണ്‍ പരംജ്‌പേയെ സര്‍സംഘചാലക് ചുമതല ഏല്‍പ്പിച്ചിരുന്നു. അപ്പാജിയും ദാദാറാവുവും മാര്‍ത്തണ്ഡ റാവുവും ഭയ്യാജി ദാണിയും ജയിലില്‍ ആയിരുന്നു. ഈ സമയത്ത് കൃഷ്ണറാവു മൊഹരീര്‍ ആപ്‌ടെജിയെക്കണ്ട് തങ്ങളും ഡോക്ടര്‍ജിയോടൊപ്പം ജയിലില്‍ പോകേണ്ടതിന്റെ ആവശ്യകതെയെക്കുറിച്ച് സംസാരിച്ചു. ഡോക്ടര്‍ജി ജയിലില്‍ കിടക്കുമ്പോള്‍ നാമിങ്ങനെ പുറത്തു ജീവിക്കുന്നത് ശരിയാണോ എന്നായിരുന്നു അദ്ദേഹത്തിന്റെ സംശയം. ആപ്‌ടെജി  വളരെ സമാധാനത്തോടെ അദ്ദേഹത്തോട് 60 സഞ്ചികള്‍ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഉടനെ തന്നെ ഈ സഞ്ചികള്‍ 60 ശാഖകളിലേക്ക്  കൊടുത്തയച്ച് അവരവരുടെ ധ്വജം ഇതില്‍ നിക്ഷേപിച്ചു തിരിച്ചു വരാന്‍ പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന എല്ലാ ശാഖകളും അവസാനിപ്പിച്ചിട്ടു മതി ജയില്‍ യാത്ര എന്നായി. ഒട്ടും വൈകാതെ കൃഷ്ണറാവുവിന് കാര്യം മനസിലായി. ആപ്‌ടെജി  കൂട്ടിച്ചേര്‍ത്തു, ഡോക്ടര്‍ജി ജയിലില്‍ ആയിരിക്കുമ്പോഴും അദ്ദേഹം ജീവനുതുല്യം സ്‌നേഹിക്കുന്ന ശാഖകള്‍ നില നിര്‍ത്തുക എന്നതാണ് നമ്മെ ഏല്‍പ്പിച്ച ചുമതല. അതാണ് നമ്മുടെ കടമയും. അതു നിര്‍വഹിക്കുന്നതിനിടയില്‍ വികാരങ്ങള്‍ക്ക് പ്രസക്തിയില്ല.  ആറുവര്‍ഷം പ്രായമായിരുന്ന സംഘത്തിന്റെ ദൈനംദിന കാര്യങ്ങളില്‍ മതിയായ പ്രവീണ്യം ഇല്ലാതിരുന്നിട്ടും സംഘപ്രവര്‍ത്തനം അനായാസം മുന്നോട്ടു കൊണ്ടുപോകാന്‍ പരംജ്‌പേജിയെ  സഹായിച്ച ആപ്‌ടെജിയുടെ സംഘാടനമികവിന് സാക്ഷ്യം വഹിക്കുകയായിരുന്നു ആ സമയത്ത്  നാഗ്പൂരും സംഘവും.
1931 ല്‍ ജോലി ഉപേക്ഷിച്ചതു മുതല്‍ ഇന്നത്തെ വ്യവസ്ഥയിലെ പ്രചാരകനെപ്പോലെ  സംഘപഥത്തില്‍ സക്രിയനായിരുന്ന ആപ്‌ടെജിയെ 1933-ല്‍ ഡോക്ടര്‍ജി യവത്മാളിലേക്ക് അയച്ചു. 1934 ലാണ് ഒരു തരത്തില്‍ പ്രചാരകവിന്യാസം സംഘത്തില്‍ നടക്കുന്നത്.   അന്ന് ആപ്‌ടെജിയെ ഖാന്‍ദേശിലേക്കും ദാദാറാവുവിനെ പൂനെയിലേക്കും ഗോപാല്‍ റാവു യെര്‍കുണ്ഡ് വാറിനെ സാംഗ്ലിയിലേക്കും ഡോക്ടര്‍ജി അയച്ചു.  അതിനു ശേഷം 1937-ല്‍ വിവിധ സംസ്ഥാനങ്ങളിലേക്ക് പഠനത്തിനായി അയച്ചിരുന്ന വിദ്യാര്‍ത്ഥികളുടെ അടുത്ത് പോയി അവരെ സഹായിക്കാനുള്ള ചുമതലയില്‍  ദാദാറാവുവിനൊപ്പം ബാബാസാഹബ് ആപ്‌ടെജിയെയും ഡോക്ടര്‍ജി നിയോഗിച്ചിരുന്നു. 
1935 മുതല്‍ ഒരു വര്‍ഷം ആപ്‌ടെജി പഞ്ചാബില്‍ പ്രചാരകനായിരുന്നു. ആ വര്‍ഷത്തെ സംഘ ശിക്ഷാവര്‍ഗ്ഗില്‍ പഞ്ചാബില്‍ നിന്നും ആദ്യമായി നാലു സ്വയംസേവകര്‍ പങ്കെടുത്തു. 
അസാമാന്യമായ ആകര്‍ഷണീയതയോടെ കഥ പറയുന്ന ശൈലി ആപ്‌ടെജിക്കുണ്ടായിരുന്നു. 1929-ല്‍ നടന്ന സംഘത്തിന്റെ ഒരു പ്രതിജ്ഞാപരിപാടിയില്‍ അദ്ദേഹമായിരുന്നു പ്രഭാഷണം നടത്തിയത്.  1927-ല്‍ സംഘത്തിന്റെ ആദ്യശിബിരം നടന്നപ്പോള്‍ രണ്ടര മാസം താമസിച്ചുകൊണ്ട് ശിബിരത്തിലെ ബൗദ്ധിക്  വിഭാഗത്തിന്റെ മുഴുവന്‍ ആവശ്യങ്ങളും നിറവേറ്റിയത് ആപ്‌ടെജിയായിരുന്നു. സ്വയം ഒരു ശിബിരം പോലും പൂര്‍ത്തിയാക്കാതിരുന്ന അദ്ദേഹത്തിന് ഡോക്ടര്‍ജി ശിബിരം പൂര്‍ത്തിയാക്കിയതിന്റെ സാക്ഷ്യപത്രം നല്‍കി. ഒരര്‍ത്ഥത്തില്‍ സംഘത്തിലെ  ആദ്യത്തെ അപ്രഖ്യാപിത ബൗദ്ധിക് പ്രമുഖ്.  സ്വയംസേവകരുടെ ബൗദ്ധികമായ വികാസം അദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിനായി സ്വയം എന്തു കഠിനപ്രയത്‌നം ചെയ്യാനും അദ്ദേഹത്തിന് മടിയില്ലായിരുന്നു. അദ്ദേഹത്തോടൊപ്പം താമസിച്ചിരുന്ന യാദവ്‌റാവു ജോഷിയുടെ പഠനകാര്യങ്ങളില്‍ പ്രത്യേകിച്ചും ഇംഗ്ലീഷ് പോലുള്ള വിഷയങ്ങളില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ വെച്ചിരുന്നു. പരീക്ഷാക്കാലത്ത് ഒരമ്മയെപ്പോലെ പുലര്‍ച്ചെ എഴുന്നേറ്റു ഭക്ഷണം തയ്യാറാക്കി വെക്കുമായിരുന്നു. ഗുരു സമര്‍ത്ഥ രാംദാസിന്റെ ദാസപ്രബോധനം വീരസവര്‍ക്കറുടെ ഗോമന്തക കാവ്യം എന്നിവ പാടികേള്‍പ്പിക്കുകയും പുലര്‍ച്ചെ 3 മണിക്ക് എഴുന്നേറ്റ് കൈയെഴുത്ത് പ്രതി ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് വായിക്കാനായി നല്‍കുകയും ചെയ്തിരുന്നു. ആദ്യകാലത്ത് ആശയപരമായ  വ്യക്തതക്കുറവ് മികച്ച  കാര്യകര്‍ത്താക്കള്‍ക്ക് പോലും ഒരു സമസ്യയായിരുന്നു. ആപ്‌ടെജി ഇതിനൊരു പരിഹാരമായിരുന്നു. സംഘത്തെ സജ്ജനസമക്ഷം അവതരിപ്പിക്കുവാനുള്ള അറിവും ധൈര്യവും ഭാവുറാവു ദേവറസ്ജി ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ സ്വായത്തമാക്കിയത് ആപ്‌ടെജിയില്‍ നിന്നാണെന്ന് സ്വയം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ സമ്പര്‍ക്കശൈലിയെക്കാള്‍ മനോഹരമായിരുന്നു സംവാദശൈലി. ചിലപ്പോഴൊക്കെ തര്‍ക്കപങ്കാളി പറയുന്നത് മുഴുവനും നിശബ്ദനായി  കേട്ടുകൊണ്ടിരിക്കുന്ന ആപ്‌ടെജിയെക്കണ്ടാല്‍ അദ്ദേഹം ആ വാദങ്ങള്‍ അംഗീകരിച്ചു പിന്‍വാങ്ങുമെന്ന് തോന്നിപ്പോകും. എന്നാല്‍ അവസാനം വിഷയം മാറ്റി സഞ്ചരിച്ചു വീണ്ടും സംഘത്തില്‍ എത്തുമ്പോള്‍ അപ്പുറത്തിരിക്കുന്നയാള്‍ നിസ്സങ്കോചം സംഘത്തെ അംഗീകരിക്കുന്നതായിരുന്നു പതിവ്. പത്താംതരം  വരെ മാത്രമേ പഠിച്ചുള്ളൂവെങ്കിലും എം.എക്കാരുടെ ബുദ്ധിയാണ് അദ്ദേഹത്തിനെന്നു കൃഷ്ണറാവു മൊഹരീര്‍ പറയാറുണ്ട്. ചുരുക്കത്തില്‍ അദ്ദേഹം ബുദ്ധിജീവിയായിരുന്നു. എന്നാല്‍ വെറുതെ പുസ്തകം വായിച്ചും തര്‍ക്കവിതര്‍ക്ക ലോകങ്ങളില്‍ അലഞ്ഞുതിരിയുകയും ചെയ്തിരുന്ന ഒരു ബുദ്ധിജീവി ആയിരുന്നില്ല. ദിവസേന  മൈലുകള്‍ കാല്‍നടയായി നടന്നും പട്ടിണി കിടന്നും മുഖ്യശിക്ഷകന്മാരെയും കാര്യവാഹന്മാരെയും സൃഷ്ടിച്ചുകൊണ്ടിരുന്ന ബുദ്ധിജീവി. കാറ്റിനെയും കോളിനെയും വകവെക്കാതെ മുന്നോട്ടു കുതിച്ച കാര്യകര്‍ത്താവ്.
1942-ല്‍ ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ച സമയത്ത് ഇദ്ദേഹം ബീഹാര്‍  പ്രാന്തത്തില്‍ യാത്രയിലായിരുന്നു. അത്യന്തം പ്രക്ഷുബ്ധമായ അന്തരീക്ഷത്തിലായിരുന്നു പ്രവാസം. നാലോളം മുഖ്യപ്രദേശങ്ങളിലെ പ്രവാസം കാല്‍നടയായിട്ടായിരുന്നു. നിശ്ചയിച്ച ഒരു പരിപാടി പോലും റദ്ദാക്കുന്നത് അദ്ദേഹത്തിനിഷ്ടമല്ല. റോഡുമാര്‍ഗ്ഗം യാത്ര തടസ്സപ്പെട്ടപ്പോള്‍ ബെതിയയില്‍ നിന്നും പട്‌നയിലേക്ക് ജലമാര്‍ഗം പോകാന്‍ അദ്ദേഹം നിശ്ചയിച്ചു. ആഗസ്റ്റ് മാസമായതിനാല്‍ നദിയില്‍ വെള്ളം കൂടുതലായിരുന്നു. ഈ സാഹചര്യത്തില്‍ സ്വന്തം ജീവനും കൂടി അപായപ്പെടുത്തി  ഇത്രയും ദൂരം പോകാന്‍ ഒരു കടത്തുകാരനും തയ്യാറായില്ല. ആപ്‌ടെജിയുടെ നിര്‍ബന്ധത്തില്‍ സ്വയംസേവകര്‍ പതിനാലു രൂപയെന്ന കൂടിയ പ്രതിഫലത്തിനു ഗുസായിബാബാ എന്ന വൃദ്ധന്റെ തോണി തയ്യാറാക്കി. സഹയാത്രികന്‍  കാശിനാഥ് മിശ്ര യാത്ര തുടങ്ങുന്നതിന്റെ അല്പം മുമ്പുവരെ ആപ്‌ടെജിയെ വിലക്കി. നമുക്കിനിയും ഇതുപോലുള്ള ഒരുപാട് കാറ്റും കോളും തരണം ചെയ്യാനുണ്ട്, അതിനുള്ള പരിശീലനമായി കണക്കാക്കിയാല്‍ മതിയെന്നായിരുന്നു മറുപടി. ഗണ്ഡകിയുടെ ക്ഷോഭത്തെ വകവെക്കാതെ അവര്‍ യാത്ര തുടങ്ങി. ഒരു രാത്രി പിന്നിട്ട് തോണി ഗംഗാനദിയില്‍ പ്രവേശിച്ചു. ഗുസായി ബാബാ തോണി തുഴയുമ്പോള്‍ അദ്ദേഹത്തിന്റെ പത്തു വയസ്സുള്ള മകനും ആപ്‌ടെജിയും കൂടി കളിച്ചു ചിരിച്ചു കൊണ്ട് തോണിയിലെ വെള്ളം പുറത്തേക്ക് ഒഴുക്കിക്കളയുന്ന പണിയില്‍ മുഴുകി. മൂന്നാം ദിവസം തോണി ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോള്‍ ആപ്‌ടെജി ഗുസായി ബാബയെ കെട്ടിപ്പിടിച്ചു കൊണ്ട് തന്റെ തലപ്പാവൂരി അദ്ദേഹത്തിന് സമര്‍പ്പിച്ചു. ഗുസായി ബാബയും മകനും അദ്ദേഹത്തിന്റെ കാല്‍ തൊട്ടു വന്ദിച്ചു തിരിച്ചു പോയി. ആ വൃദ്ധന്റെ ധീരതയും പത്തു വയസ്സുകാരന്റെ സഹവര്‍ത്തിത്വവും നമുക്ക് മാതൃകയാണെന്ന് പറഞ്ഞ് അദ്ദേഹം പ്രവാസം തുടര്‍ന്നു. 
ഇതേ ദൃഢനിശ്ചയവും സ്ഥിരോത്സാഹവും കൊണ്ട് തന്നെയാണ് അദ്ദേഹം സിന്ധ് പ്രവിശ്യയിലെ സമ്പന്നനും അറിയപ്പെടുന്ന ബാരിസ്റ്ററുമായ  ഖാന്‍ചന്ദ് ഗോപാല്‍ദാസ് എന്ന പ്രമാണിയെ സംഘപഥത്തില്‍ എത്തിച്ചതും. ആരും പോകാന്‍ ഭയപ്പെടുന്ന വലിയ ബംഗ്ലാവില്‍ പോയി അദ്ദേഹത്തെ പരിചയപ്പെട്ടു. ആദ്യ സന്ദര്‍ശനത്തില്‍ സംഘത്തെക്കുറിച്ച് മതിപ്പുണ്ടാകാത്തതിനാല്‍ ഐ ആം വെരി സോറി എന്നു പറഞ്ഞു ബാരിസ്റ്റര്‍ പിന്മാറി. എന്നിട്ടും പ്രതീക്ഷ കൈവിടാതെ തുടരെത്തുടരെ അദ്ദേഹത്തെ സന്ദര്‍ശിച്ച് വശത്താക്കി. ഒടുവില്‍ അദ്ദേഹം പ്രാന്ത സംഘചാലകനുമായി.  
സംഘകാര്യപദ്ധതിയിലും ബൗദ്ധികവിഭാഗത്തിലും സഹപ്രവര്‍ത്തകരിലും ഉണ്ടായിരുന്ന പ്രത്യേക ശ്രദ്ധ പോലെ എടുത്തു പറയത്തക്കതായ മറ്റൊരു സവിശേഷത കൂടി അദ്ദേഹത്തിന് ഉണ്ടായിരുന്നു. കലര്‍പ്പില്ലാത്ത സംസ്‌കൃതസ്‌നേഹം.  സംഘശിക്ഷാ വര്‍ഗ്ഗില്‍ സംസ്‌കൃതം ഭാഷ ഉപയോഗിക്കുന്ന പതിവ് ആരംഭിച്ചത് അദ്ദേഹമാണ്. 1940-41 വര്‍ഷങ്ങളിലെ സംഘശിക്ഷാ വര്‍ഗില്‍ ഉപയോഗിക്കാനുള്ള അമൃതവചനങ്ങള്‍ ശ്രീധര്‍ ഭാസ്‌കര്‍ വെര്‍ണേക്കര്‍ജി മുഖേന സംസ്‌കൃതത്തില്‍ എഴുതി തയ്യാറാക്കി, അതു സ്വയം വായിച്ചു പഠിച്ചുകൊണ്ടാണ് അദ്ദേഹം സംസ്‌കൃതപഠനം ആരംഭിക്കുന്നത്. പിന്നീട് 1949ല്‍ നിരോധന കാലത്ത് റായ്പൂര്‍ ജയിലില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ സംസ്‌കൃതം ക്ലാസ് നടന്നു. അന്ന് ജയിലില്‍ സംസ്‌കൃതത്തില്‍ സംഭാഷണവും ആരംഭിച്ചു. ഇന്ന് ഒരു സംഘടന എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന സംസ്‌കൃതഭാരതിയുടെ സംസ്ഥാപനത്തില്‍ ആപ്‌ടെജിയുടെ പ്രേരണയുണ്ട്. ആപ്‌ടെജിയുടെ പ്രേരണയിലാണ് ശ്രീ.ഗിരിരാജ് ശര്‍മ്മ 'ഭാരതി സംസ്‌കൃതപത്രിക' തുടങ്ങിയത്. ആദ്യകാലത്ത് ഇതിനായി വരിക്കാരെ ചേര്‍ക്കുന്ന പ്രവര്‍ത്തനങ്ങളിലും ആപ്‌ടെജി നേരിട്ട് സമയം നല്‍കിയിരുന്നു.  ശ്രീധര്‍ ഭാസ്‌കര്‍ വെര്‍ണേക്കര്‍ജി ആരംഭിച്ച സംസ്‌കൃത വാരികയായ 'ഭവിതവ്യ'ത്തിന്റെയും പ്രേരണ ആപ്‌ടെജി തന്നെ. ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ ഇനി മുതല്‍ സംസ്‌കൃതത്തില്‍ മാത്രമേ സംസാരിക്കാന്‍ പാടുള്ളൂവെന്ന് അദ്ദേഹം വെര്‍ണേക്കര്‍ജിയെ ചട്ടം കെട്ടിയിരുന്നു. വെര്‍ണേക്കര്‍ജി 12 വര്‍ഷം അതു തുടരുകയും ചെയ്തു. ഒരു സംസ്‌കൃതവാരിക ആരംഭിക്കണമെന്ന ആശയം ആപ്‌ടെജി അദ്ദേഹത്തിന്റെ മുന്നില്‍ വെച്ചു. എന്നാല്‍ തനിക്ക് അതിനുള്ള ശേഷിയില്ലെന്നും സാമ്പത്തികമായി ഈ പദ്ധതി വിജയിക്കില്ലെന്നും പറഞ്ഞ അദ്ദേഹത്തെ  ശകാരവര്‍ഷത്തോടെയാണ് ആപ്‌ടെജി തിരുത്തിയത്.  പണമില്ലെങ്കില്‍ പിച്ചയെടുക്കണം എന്നായിരുന്നു ആപ്‌ടെജിയുടെ വാക്കുകള്‍. ഒടുവില്‍ ആപ്‌ടെജിയുടെ നിരാഹാരഭീഷണിക്ക് വഴങ്ങി തുടങ്ങിയ  വാരികയാണ് ഭവിതവ്യം. ജീവനോളം വിലമതിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംസ്‌കൃതപ്രിയം. 
അടിസ്ഥാന ആശയങ്ങളും  ആദര്‍ശവും പ്രകടമാക്കേണ്ട സാഹചര്യങ്ങളില്‍ ചിലപ്പോഴൊക്കെ രൂക്ഷമായി പ്രതികരിക്കുമെങ്കിലും അദ്ദേഹം പൊതുവെ കോമളഹൃദയനായിരുന്നു. സ്വന്തം ദുരനുഭവങ്ങള്‍ പറഞ്ഞുകൊണ്ട് ആരിലും നിരാശ പടര്‍ത്താതിരിക്കാന്‍ അദ്ദേഹം എപ്പോഴും ശ്രദ്ധിച്ചിരുന്നു. എന്നാല്‍ മറ്റുള്ളവരുടെ അത്തരം അനുഭവങ്ങള്‍ സ്വയം ഏറ്റെടുത്തുകൊണ്ട് അവരെ സമാധാനിപ്പിക്കുകയും ചെയ്യും. വെര്‍ണേക്കര്‍ജി ആദ്യമായി ഒരു പുസ്തകം രചിച്ചപ്പോള്‍ അതിന്റെ ഒന്നാം പുറത്തില്‍ ആപ്‌ടെജിക്കായി സമര്‍പ്പിച്ചുകൊണ്ടുള്ള കുറിപ്പ് കൊടുത്തു. അതു കണ്ട് അത്യന്തം ക്രുദ്ധനായ ആപ്‌ടെജി അദ്ദേഹത്തെ ശാസിച്ചു. ആരുടെ സമ്മതപ്രകാരമാണ് ഇതു ചെയ്തതെന്നു ചോദിച്ചു. അച്ഛനോട് മക്കള്‍ ഇത്തരം കാര്യങ്ങള്‍ക്ക് അനുവാദം വാങ്ങാറില്ല എന്ന മറുപടിയില്‍  അദ്ദേഹത്തിന് ശാന്തനാവേണ്ടി വന്നു. സമാനമായ സ്വാധീനമായിരുന്നു അദ്ദേഹം അക്കാലത്തെ കാര്യകര്‍ത്താക്കളില്‍  ചെലുത്തിയത്. നാഗ്പൂരിലെ മൌറിസ് കോളേജ് ഹോസ്റ്റലില്‍ അദ്ദേഹം സ്ഥിരസന്ദര്‍ശകനായിരുന്നു. 1935ല്‍ ഇത്തരമൊരു സന്ദര്‍ശനത്തിനിടെ  ലക്ഷ്മണ്‍ റാവു ഭിടെജിയുടെ സുഹൃത്തായിരുന്ന  ദേശ്പാണ്ഡെ എന്ന സോഷ്യലിസ്റ്റ്  വിദ്യാര്‍ത്ഥിയെ അദ്ദേഹം പരിചയപ്പെട്ടു. ക്രമേണ ദേശീയ അന്തര്‍ ദേശീയ കാര്യങ്ങളിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇവര്‍ തമ്മില്‍ ആത്മബന്ധം വളര്‍ന്നു. അങ്ങനെ ആപ്‌ടെജി ആ വിദ്യാര്‍ഥിയെ പ്രചാരകനാക്കി. കേരളമുള്‍പ്പെടുന്ന മദിരാശിയുടെ പ്രാന്തപ്രചാരകനായിരുന്ന ബാബാജി ദേശ്പാണ്ഡെ. അവസാന കാലത്തെ പ്രവാസത്തിനിയില്‍ 1972 ല്‍ കേരളത്തില്‍ വന്നു പാലക്കാട് സംഘശിക്ഷാവര്‍ഗ്ഗിലെ പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തിയിരുന്നു. വിഖ്യാത സാമൂഹ്യ പരിഷ്‌കര്‍ത്താവും സാഹിത്യ നായകനുമായ വി.ടി.ഭട്ടതിരിപ്പാടായിരുന്നു മുഖ്യാതിഥി. അങ്ങ് അസമിലേക്ക് യാത്ര ചെയ്യുന്നില്ലല്ലോ എന്ന പരാതിയുമായി അരികിലെത്തിയ അവിടുത്തെ പ്രവര്‍ത്തകര്‍ക്ക് മറുപടിയായി അടുത്ത ജന്മത്തില്‍ ഞാന്‍ അസമില്‍ പ്രചാരകനായി ജനിച്ചു അസമിന് വേണ്ടി പ്രവര്‍ത്തിക്കും എന്നു പറഞ്ഞു അവരെ ആശ്വസിപ്പിക്കാനും അദ്ദേഹം മറന്നില്ല. 1972 ജൂലായ് 27നു ഗുരുപൂര്‍ണ്ണിമ ദിവസം ഭൗതിക ലോകത്തോട് വിട പറഞ്ഞു.  ഋഷിവര്യനായ ഗുരുജിയുടെ മനസ്സിനെ ഇളക്കിയ മൂന്നു മരണങ്ങളില്‍ അവസാനത്തെതായിരുന്നു ഇത്. ആദ്യത്തേത് ഭയ്യാജി ദാണിയുടേതും രണ്ടാമത്തേത് ദീനദയാല്‍ ഉപാധ്യായയുടേതുമായിരുന്നു.
പൂര്‍വ്വാശ്രമം പറയാത്ത ഗന്ധര്‍വ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. സംഘപഥത്തില്‍ ഒരായിരം സഹോദരന്മാരോടൊപ്പം ജീവിച്ച ആപ്‌ടെജി അക്ഷരാര്‍ത്ഥത്തില്‍ ആദര്‍ശ പ്രചാരകനാണ്. സംഘകാര്യത്തിനിടെ ഇത്രമാത്രം കുടുംബത്തെ വിസ്മരിച്ച വ്യക്തി വേറെ കാണില്ല. പ്രചാരകനായതിനു ശേഷം തന്റെ നാല്‍പതു വര്‍ഷത്തെ ജീവിതത്തിനിടയില്‍ വീട് സന്ദര്‍ശിച്ചത് മൂന്നു തവണ മാത്രം. സന്ദര്‍ശിച്ചില്ലെന്നു  മാത്രമല്ല അവരെക്കുറിച്ച് ഓര്‍ത്തത് പോലുമില്ലെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. വിഖ്യാത എഴുത്തുകാരനായ ബാല്‍ശാസ്ത്രി ഹര്‍ദാസിന്റെ പത്‌നിയും ഡോ.ബി.എസ്.മൂംഝെയുടെ മകളുമായ ശ്രീമതി വീണാഹര്‍ദാസ്  ആപ്‌ടെജിയുടെ ഗാര്‍ഹികഋണത്യാഗത്തിന്റെ  ദൃക്‌സാക്ഷിയാണ്. വീണാ ഹര്‍ദാസിന്റെ അധ്യാപികയായിരുന്നു ആപ്‌ടെജിയുടെ സഹോദരി മഥുരാബായി. 1939 ല്‍ നേത്രരോഗം വന്നതിനെ തുടര്‍ന്ന് അവരെ സ്‌കൂളില്‍ നിന്നും നീക്കം ചെയ്തു. അപ്പോഴേക്കും ആപ്‌ടെജി പ്രചാരകനായിരുന്നു. ജോലിയും തുടര്‍ന്ന് വീടും  നഷ്ടമായതിനു ശേഷം  മഥുരാബായി വൃദ്ധമാതാവിനോടും അനുജനോടും ഒപ്പം ക്ഷേത്രമതിലിനകത്തായിരുന്നു താമസിച്ചത്. ഭജനകീര്‍ത്തനങ്ങള്‍ പാടി അവര്‍ കുടുംബം നോക്കി. വീണാഹര്‍ദാസ് ഒരിക്കല്‍ ക്ഷേത്രപരിസരത്തു പോയി അധ്യാപികയെ കണ്ടു നമസ്‌കരിച്ചിരുന്നു. പിന്നീട് അവര്‍ വിവാഹിതയായി നാഗ്പൂരില്‍ വന്നു. പിന്നീടൊരിക്കല്‍ ആപ്‌ടെജി വീണാഹര്‍ദാസിന്റെ വീട് സന്ദര്‍ശിച്ചപ്പോള്‍ രണ്ടും കല്‍പ്പിച്ച് അദ്ദേഹത്തോട് സഹോദരിയുടെ വിശേഷം ചോദിച്ചു. അപ്പോള്‍ സഹോദരിയെ എങ്ങനെ അറിയാം എന്ന ചോദ്യത്തിന് മറുപടിയായി അവര്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വിവരിച്ചു. പൊടുന്നനെ  അതീവ ദുഃഖിതനായി കാണപ്പെട്ട ആപ്‌ടെജി അപ്പോഴായിരുന്നു സ്വന്തം അമ്മയ്ക്കും സഹോദരിക്കും ഉണ്ടായ ഇത്തരം അനുഭവങ്ങളെക്കുറിച്ച് അറിയുന്നത് എന്നു  മനസ്സിലാക്കിയ വീണാഹര്‍ദാസ്, ആരുടേയും കരളലിയിപ്പിക്കുന്ന രീതിയിലാണ് ഈ സംഭവം  പിന്നീട് വിവരിച്ചത്. ഈ സമയത്തൊന്നും ആപ്‌ടെജി ഒരിക്കല്‍ പോലും  വീട്ടില്‍ പോയിരുന്നില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കിയ അവര്‍ ഈ സംഭവത്തിനു ശേഷം അദ്ദേഹത്തോടു തനിക്കുള്ള ആത്മീയബന്ധം വര്‍ദ്ധിച്ചുവെന്ന് കൂടി പറയുന്നു. പിന്നീട് രണ്ടു തവണ വീട്ടില്‍ പോയ സമയത്ത്, അതും സംഘപ്രവര്‍ത്തനത്തിലെ പ്രവാസത്തിനിടെ, സഹോദരിയും സഹോദരനും അദ്ദേഹത്തോട് വളരെ ദേഷ്യത്തോടെയാണ് പെരുമാറിയതെങ്കിലും  അവരുടെ മുഴുവന്‍ ശകാരവും സഹിച്ച്, ഭക്ഷണവും കഴിച്ച്, കൂടെ ഉണ്ടായിരുന്ന സ്വയംസേവകനെയും ആശ്വസിപ്പിച്ച് , പുഞ്ചിരിച്ചു കൊണ്ടായിരുന്നു ആപ്‌ടെജി പടിയിറങ്ങി വന്നത്. ഇങ്ങനെ സംഘപഥത്തില്‍ സ്വയമെരിഞ്ഞു തീരുമ്പോള്‍ സമ്പൂര്‍ണ്ണമായ ആത്മവിസ്മൃതി എന്ന ആദര്‍ശതത്വത്തിന്റെ ആള്‍രൂപമായിരുന്നു ആപ്‌ടെജിയെന്ന പ്രചാരകന്‍.
പ്രചാരകത്വത്തിന്റെ പൂര്‍ണ്ണത മൂന്ന് മാനസികാവസ്ഥകളുടെ സമന്വയത്തിലാണ്. അതാണ് ആപ്‌ടെജിയുടെ ജീവിതസാരാംശം. ഒന്നാമതായി വിട്ടുപോരുക എന്ന അവസ്ഥ. പ്രാദേശികവും കുലപരവും കുടുംബപരവുമായ സ്വത്വത്തെ വിട്ടുപോരുക എന്നത്. ഇതു ഭാരതത്തിനു സംഭാവന ചെയ്തത് സംഘമല്ല. സനാതനമായ  വേദാന്തദര്‍ശനമാണത്. സന്യാസപരമ്പരയിലൂടെ നമുക്കത് ചിരപരിചിതവുമാണ്. വീടുവിട്ടു പോന്നിട്ട് ഹിമാലയത്തിന്റെ ഗുഹാന്തരങ്ങളില്‍ സ്വമോക്ഷത്തിനു വേണ്ടി അടയിരിക്കാതെ സമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കണമെന്ന് കാലാന്തരത്തില്‍  സ്വാമി വിവേകാനന്ദന്‍ പറഞ്ഞു.  ഈ ആഹ്വാനത്തിന്റെ  പ്രായോഗികവല്‍ക്കരണമാണ്  സംഘം സംഭാവന ചെയ്ത രണ്ടാമത്തെ അവസ്ഥ. സമൂഹത്തില്‍ അലിഞ്ഞുചേരുക എന്നതാണത്. ഇതാണ് പ്രചാരകവൃത്തിയുടെ ആണിക്കല്ല്. ലൗകികജീവിതത്തില്‍ നിന്നും ഒട്ടലില്ലാതെ വിട്ടുപോരുകയെന്നതും  പിന്നീട് അങ്ങോട്ട് തിരിഞ്ഞു നോക്കാതിരിക്കുക എന്നതും, ഒരര്‍ത്ഥത്തില്‍ എളുപ്പമാണ്. എന്നാല്‍ സ്വത്വത്തെ മറന്ന് മറ്റൊരിടത്ത് മറ്റൊരാളായി അലിഞ്ഞു ജീവിക്കുക എന്നത് ഇത്തിരി കഠിനമാണ്. വീട് വിടുന്നതോടെയോ മറക്കുന്നതോടെയോ ഒരാള്‍ പ്രചാരകനാവുന്നില്ല. പകരം സംഘവുമായി ഒട്ടിനില്‍ക്കുന്ന ആയിരക്കണക്കിന് വീടുകളില്‍ അലിഞ്ഞു ചേരുന്നതോടെയാണ് അയാള്‍ പ്രചാരകനാവുന്നത്. അതായത്, വീട് വിട്ടാല്‍ മാത്രം പോരാ കാര്യാലയത്തില്‍ അലിഞ്ഞുചേരുക കൂടി വേണമെന്ന്. മൂന്നാമത്തെ അവസ്ഥ അത്യന്തം ശ്രമകരമാണ്. ഇപ്പറഞ്ഞ രണ്ടും ചെയ്താല്‍ പോരാ, പ്രചാരകനായി മരിക്കുക കൂടി വേണമെന്നുള്ള സ്വപ്‌നം മരണം വരെ പ്രചാരകനായി ജീവിക്കണം. ഇത് മൂന്നും ചേരുന്നതാണ് ആദര്‍ശ പ്രചാരകപദ്ധതിയെന്ന്  ആപ്‌ടെജിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. സംഘത്തിനു വേണ്ടി ആദ്യമായി ജോലി രാജിവെച്ച് സ്വത്വം വിട്ടിറങ്ങി വന്നത് ആപ്‌ടെജിയായിരുന്നല്ലോ. വീടുമറന്ന് സമ്പൂര്‍ണ്ണമായി സംഘത്തില്‍ അലിഞ്ഞു ചേര്‍ന്ന  ആദ്യസ്വയംസേവകനും അദ്ദേഹം തന്നെ. സംഘത്തിന്റെ പ്രചാരകന്‍ എന്ന നിലയില്‍ തന്നെ മരിക്കുവാനുള്ള ഭാഗ്യം ഉണ്ടാവണം എന്നത് കൊണ്ടാണ് ദാദാറാവു പരമാര്‍ത്ഥിനെ തിരിച്ചു കൊണ്ടുവന്നതെന്ന് പറഞ്ഞ് മൂന്നാമത്തെ ആശയവും വാക്കാല്‍ ആദ്യം സ്പഷ്ടമാക്കിയത് ആപ്‌ടെജി തന്നെ. ഇപ്രകാരം പ്രചാരകപദ്ധതിയുടെ തുടക്കക്കാരന്‍ എന്ന നിലയില്‍ മാത്രമല്ല പ്രചാരക മനഃസ്ഥിതിയുടെ ആവിഷ്‌കാരം നിര്‍വ്വഹിച്ച വ്യക്തി എന്ന നിലയിലും ആപ്‌ടെജി പ്രഥമപ്രചാരകന്‍ എന്ന വിശേഷണം അന്വര്‍ത്ഥമാക്കുന്നു. 
ഡോക്ടര്‍ജിയുടെ വ്യക്തിത്വമാണ് സംഘത്തിന്റെ സംഘടനാതത്വം. ഡോക്ടര്‍ജിയുടെ വ്യക്തിത്വമാവട്ടെ വര്‍ണ്ണനാതീതവും എന്നാല്‍ അനുകരണീയവുമാണ്. ഒട്ടേറെ ഗുണങ്ങളുടെയും തത്വങ്ങളുടെയും സഞ്ചയമാണ് ഡോക്ടര്‍ജി. അവയില്‍ നിന്നും പ്രചാരകത്വം എന്ന തത്വം മാത്രം സ്വാംശീകരിച്ച് സ്വന്തം ജീവിതത്തിലൂടെ സാക്ഷാത്കരിച്ച് സംഘത്തിനു സമര്‍പ്പിച്ച വ്യക്തിയാണ് ബാബാ സാഹബ് ആപ്‌ടെ എന്ന ഉമാകാന്ത് കേശവ് ആപ്‌ടെ.
അവലംബം 
1. ജീവന്‍ ദീപ് ജലെ-വിജയകുമാര്‍ 
2. ഡോക്ടര്‍ ഹെഡ്‌ഗേവാര്‍-ചാരിത്ര്  നാരായണ ഹരി പാള്‍ക്കര്‍ 
3. ശ്രീ ഗുരുജി ജീവചരിത്രം-ആര്‍. ഹരി, പുറം 581
4. അവിസ്മരണീയ ആപ്‌ടെജി- രാംശങ്കര്‍ അഗ്‌നിഹോത്രി,  
5. ബാബാ സാഹബ് ആപ്‌ടെ ജീവന്‍ ഓര്‍ കാര്യ- ചം.ഭ.ഭീംശിഖര്‍
6. സംഘസ്ഥാപകന്റെ കാലടിപ്പാടുകള്‍ - ആര്‍.ഹരി 
7. രാഷ്ട്ര സാധന-
8. ഡോക്ടര്‍ജി പ്രസംഗങ്ങള്‍ കത്തുകള്‍ - ബാബാ സാഹബ് ആപ്‌ടെ.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments