Kesari WeeklyKesari

അനുസ്മരണം

ചെമ്പടയുടെ ജൂതവിദ്വേഷവും അസഹിഷ്ണുതയും-ഡോ. ബി.എസ്. ഹരിശങ്കര്‍

on 21 July 2017

ഭാരത പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇസ്രായേല്‍ സന്ദര്‍ശനവും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മോദിക്ക് നല്‍കിയ സ്‌നേഹ നിര്‍ഭരമായ വരവേല്പും ഇവിടുത്തെ ഇടതുപക്ഷത്തെ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ പ്രകടിപ്പിച്ച ഊഷ്മളത ഔപചാരികമായിരുന്നില്ല. അതിന് ഒരു സഹസ്രാബ്ദത്തിലേറെ പഴക്കമുണ്ടെന്ന വസ്തുത ഇടതുപക്ഷം വിസ്മരിക്കുകയോ ബോധപൂര്‍വ്വം തമസ്‌കരിക്കുകയോ ചെയ്തു.
ഒരു സഹസ്രാബ്ദം മുമ്പ് തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷത്തിന്റെ ഗതിവേഗതയില്‍ കൊടുങ്ങല്ലൂര്‍ വന്നിറങ്ങിയ ജൂതസംഘത്തെ നയിച്ചത് വ്യാപാരമേഖലയിലെ അതികായനായിരുന്ന ജോസഫ് റബ്ബാനായിരുന്നു. അവരെ സ്വീകരിച്ച് വാണിജ്യ മേഖലയിലെ എല്ലാ സഹായങ്ങളും നല്‍കിയത് ചേര സാമ്രാട്ടായ ഭാസ്‌കര രവിവര്‍മ്മനാണ്. ചെമ്പേടുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഈ ചരിത്രസംഭവത്തിന്റെ പതിപ്പാണ് പ്രധാനമന്ത്രി മോദി ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. തങ്ങളുടെ മതവിശ്വാസത്തിലും ആചാരങ്ങളിലും അടിയുറച്ച് നില്‍ക്കെതന്നെ ഭാരതത്തോടുള്ള ഐക്യദാര്‍ഢ്യത്തില്‍ ഒരു വിള്ളലും ജൂതസമൂഹം വരുത്തിയില്ല. കൊടുങ്ങല്ലൂരുമായുള്ള ജൂതന്മാരുടെ അഭേദ്യബന്ധം പഴയ കയ്‌റോ നഗരത്തിലെ ജനീസാ രേഖകളില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. പതിനെട്ടാം നൂറ്റാണ്ടുവരെ കേരളത്തിലുണ്ടായിരുന്ന ജൂതസമൂഹം അടിയന്തരഘട്ടങ്ങളില്‍ കൊച്ചി രാജ്യത്തിന്റെ സാമ്പത്തിക സ്രോതസ്സായിരുന്നു.
1828ല്‍ മുംബെയില്‍ എത്തിച്ചേര്‍ന്ന ഷെയ്ഖ് ഡേവിഡ് സസൂണ്‍ എന്ന ജൂതവ്യാപാരി വസ്ത്രവ്യാപാര - റിയല്‍എസ്റ്റേറ്റ് മേഖല കെട്ടിപ്പടുത്ത ലോകത്തിലെ ഏറ്റവും സമ്പന്ന ജൂതരില്‍ ഒരാളായിരുന്നു. ഭാരത സൈന്യത്തിന്റെ പൂര്‍വ്വമേഖലയുടെ അധിപനായിരുന്ന ജെ.എഫ്.ആര്‍. ജേക്കബ് എന്ന ജൂതന്‍ രാഷ്ട്രത്തിന്റെ സുരക്ഷയെ അതീവ ജാഗ്രതയോടെ നിരീക്ഷിച്ച അപൂര്‍വ്വം വ്യക്തിത്വങ്ങളിലൊരാളായിരുന്നു. 1971ലെ ഇന്തോ-പാക് യുദ്ധത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ച ജേക്കബ് ഭാരത വിജയത്തിന് നല്‍കിയ സംഭാവന ആര്‍ക്കും വിസ്മരിക്കാനാവില്ല. ഇത് ജൂത സമൂഹവും ഭാരതവുമായുള്ള ചരിത്രകാലബന്ധത്തില്‍ ചിലതു മാത്രം.
ഇടതുപക്ഷത്തിന്റെ ജൂതവിരോധവും അസഹിഷ്ണുതയും ആഗോളതലത്തില്‍ പ്രകടമാണ്. 2016 ഫെബ്രുവരിയില്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല ലേബര്‍ ക്ലബ് കോ ചെയര്‍സ്ഥാനം വഹിച്ച അലക്‌സ് ഷാല്‍മെഴ്‌സ് യൂറോപ്പിന്റെ അന്ധമായ ജൂതവിരോധത്തില്‍ പ്രതിഷേധിച്ച് രാജിവയ്ക്കുകയുണ്ടായി. ഓക്‌സ്‌ഫോര്‍ഡ് ഓറിയല്‍ കോളേജ് വിദ്യാര്‍ത്ഥിയായ ഷാല്‍മേഴ്‌സ് ഇടതുപക്ഷ വിദ്യാര്‍ത്ഥികളുടെ കടുത്ത ജൂതവംശവിരോധത്തില്‍ പ്രതിഷേധിച്ചാണ് രാജി നല്‍കിയത്.
പലസ്തീനെ വിഭജിച്ച് ഇസ്രായേല്‍ രൂപീകരിക്കുവാന്‍ എല്ലാ പിന്തുണയും നല്‍കിയത് ജോസഫ് സ്റ്റാലിനും സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായിരുന്നു. മധ്യേഷ്യയില്‍ നിന്ന് ബ്രിട്ടനെ പുറത്താക്കാനും നവ ജൂതരാഷ്ട്രം കമ്മ്യൂണിസ്റ്റ് സ്വാധീനത്തിലാക്കുവാനും ലക്ഷ്യമിട്ടായിരുന്നു ഈ നീക്കം. സോവിയറ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്യോഗിക അംഗീകാരം ലഭിച്ച ഇസ്രായേല്‍ കമ്മ്യൂണിസ്റ്റ് ഘടകമായിരുന്നു 'രാകാഹ്'. ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗണ്‍സിലില്‍ സ്റ്റാലിന്റെ പ്രതിനിധിയായ ആന്‍ഡ്രെയ് ഗ്രോമിക്കോ പാലസ്തീന്‍ വിഭജനത്തെ പിന്തുണച്ച് പറഞ്ഞത് ഇസ്രായേല്‍ രൂപീകരണം ആവാസസ്ഥാനമില്ലാതെ അലയുന്ന അന്താരാഷ്ട്ര ജൂതസമൂഹത്തിന്റെ ന്യായമായ ആവശ്യമായിട്ടായിരുന്നു. സ്റ്റാലിന്‍ സോവിയറ്റ് നിര്‍മ്മിതമായ മെസ്സര്‍ സ്‌കമിറ്റ് വിമാനങ്ങളും ആയുധങ്ങളും ഇസ്രായേലിന് സമ്മാനിച്ചു. 1948 ലെ അറബ് - ഇസ്രായേലി യുദ്ധത്തില്‍ കമ്മ്യൂണിസ്റ്റ് റഷ്യ ഇസ്രായേലിന്  പിന്തുണ നല്‍കി.
പക്ഷെ സ്റ്റാലിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് ഇസ്രായേല്‍ അതിന്റെ അസ്തിത്വം നിലനിര്‍ത്തി. കമ്മ്യൂണിസ്റ്റ് റഷ്യയുടെ സ്വാധീനത്തിന് വഴങ്ങാനോ മാര്‍ക്‌സിയന്‍ പ്രത്യയശാസ്ത്രം സ്വീകരിക്കുവാനോ ഇസ്രായേല്‍ തയ്യാറായില്ല. അന്നു തുടങ്ങിയതാണ് ആഗോള കമ്മ്യൂണിസ്റ്റുകളുടെ ജൂത വിരോധവും ഇസ്രായേലിനോടുള്ള അസഹിഷ്ണുതയും. 1948ല്‍ സോവിയറ്റ് യൂണിയന്‍ സന്ദര്‍ശിച്ച ഇസ്രായേല്‍ അംബാസിഡര്‍ ഗൊല്‍ഡാ മെയറിനെ അഭിവാദ്യം ചെയ്യാനെത്തിയ ജൂത ജനസഞ്ചയത്തെ അഞ്ചാം പത്തികളെന്നും ബൂര്‍ഷ്വാ ദേശീയവാദികളെന്നും സ്റ്റാലിന്‍ മുദ്രകുത്തി. 1948ല്‍ ജൂത ഫാസിസ്റ്റ്‌വിരുദ്ധ കമ്മറ്റി അധ്യക്ഷനായ സോളമന്‍ മിഖായേലിനെ സോവിയറ്റ് രഹസ്യപോലീസ് മിന്‍സ്‌കിന്‍ കൊല ചെയ്തു.
ജൂത നിയന്ത്രണത്തിലായിരുന്ന റഷ്യന്‍ തിയേറ്ററുകളും സ്‌കൂളുകളും വായനശാലകളും അച്ചടികേന്ദ്രങ്ങളും സ്റ്റാലിന്‍ അടച്ചുപൂട്ടിച്ചു. നിരവധി ജൂതരെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് വിക്ടര്‍ കൊമോരോവാണ് ഇതിന് നേതൃത്വം നല്‍കിയത്. ഓരോ ജൂതനും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ വക്താവാണെന്ന് 1952ല്‍ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. പ്രസ്തുത വര്‍ഷം തന്നെ സോവിയറ്റ് കമ്മ്യൂണിസ്റ്റ് ഭരണകൂടം ജൂതരെ കശാപ്പ് ചെയ്തു. ആയിരക്കണക്കിന് ജൂതരെ കൂട്ടക്കൊല ചെയ്ത നടപടിക്രമങ്ങളില്‍ ചെക്കോസ്ലോവാക്കിയയിലെ സ്ലാന്‍സ്‌കി വിചാരണയും വധിക്കപ്പെട്ട കവികളുടെ രാത്രിയും ഡോക്‌ടേഴ്‌സ് പ്ലോട്ടും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കുപ്രസിദ്ധ ജൂത പീഡനങ്ങളാണ്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ തുടച്ചു നീക്കാനെന്ന വ്യജേന 1961-64 വരെ റഷ്യയില്‍ നടന്ന പാര്‍ട്ടി പ്രചരണം നിരവധി ജൂതന്മാരെ കൊള്ളയടിച്ച ശേഷം കശാപ്പ് ചെയ്തു. 
പലസ്തീനിലെ യാസ്സര്‍ അരാഫത്ത് ചെഗുവേരയുടെ പുതിയ അവതാരമായി മാറി. എഴുപതുകളില്‍ ഉടനീളം പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ അഴിച്ചുവിട്ട യൂറോപ്യന്‍ വിരുദ്ധ ഭീകര ആക്രമണങ്ങളും കൊലപാതകങ്ങളും ജൂതരെ ലക്ഷ്യമിട്ടായിരുന്നു. ജര്‍മ്മനിയിലെ 'ചെമ്പട' പോലുള്ള യൂറോപ്പിലെ ഇടതുഭീകര സംഘടനകള്‍ക്ക് പലസ്തീനില്‍ പരിശീലനം ലഭിക്കുകയും അവരുടെ ആക്രമണങ്ങള്‍ക്ക് അതിശക്തമായ പിന്തുണ നല്‍കുകയും ചെയ്തു. ഹമാസ്, പലസ്തീനിയന്‍ ഇസ്ലാമിക ജിഹാദ്, അല്‍അക്‌സാ മാര്‍ട്ട്യേഴ്‌സ് ബ്രിഗേഡ്, പോപ്പുലര്‍ റെസിസ്റ്റന്‍സ് കമ്മറ്റി, ഡെമോക്രാറ്റിക് ഫ്രണ്ട് ഫോര്‍ ദി ലിബറേഷന്‍ ഓഫ് പലസ്തീന്‍, പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍, പോപ്പുലര്‍ ഫ്രണ്ട് - ജനറല്‍ കമാന്‍ഡ് എന്നിവ പ്രധാന ഇസ്ലാമിക് - ഇടതു തീവ്ര സംഘടനകളാണ്.
ഉഗ്രവാദികളുടെ പരിശീലനത്തിനും മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രപഠനത്തിനുമായുള്ള സുപ്രധാന കേന്ദ്രം ക്യൂബയായിരുന്നു. 1979 ഏപ്രിലില്‍ പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ദി ലിബറേഷന്‍ ഓഫ് പലസ്തീനിന്റെ ഉഗ്രവാദ പരിശീലനത്തിന് ക്യൂബയില്‍ സജ്ജീകരണങ്ങള്‍ ഒരുക്കാന്‍ ധാരണയായി.
ക്യൂബന്‍-പലസ്തീന്‍ തീവ്രവാദ പരിശീലനത്തിനും ആക്രമണങ്ങള്‍ക്കും പ്രത്യയശാസ്ത്ര പിന്തുണയും നവവ്യാഖ്യാനങ്ങളും നല്‍കിയത് ഇടതുസഹയാത്രികരായ മൂന്നാം ലോകവാദികളും പോസ്റ്റ് കൊളോണിയല്‍ വാദികളുമായിരുന്നു. ഭീകര ആക്രമണങ്ങള്‍  ജനകീയ ജനാധിപത്യ സമരങ്ങളും വിമോചന പ്രസ്ഥാനങ്ങളുമായി വ്യാഖ്യാനിക്കപ്പെട്ടു. ഇടതു പ്രത്യയശാസ്ത്രത്തിനു വഴങ്ങാത്ത ഇസ്രായേലിനെ അമേരിക്കയുടെ നവസാമ്രാജ്യ പദ്ധതിയായി വിശേഷിപ്പിച്ചു. 2014ലെ ഗാസായുദ്ധത്തെ പലസ്തീനില്‍ നടന്ന നരഹത്യയായി ചിത്രീകരിക്കുവാന്‍ ഇടത് എന്‍.ജി.ഓകളും മീഡിയകളും മുന്നിട്ടിറങ്ങി.
പെറി ആന്‍ഡേഴ്‌സണ്‍ 2015 നവംബറില്‍ 'ന്യൂ ലഫ്റ്റ് റിവ്യു'വിലെഴുതിയ മുഖപ്രസംഗത്തില്‍ ജൂതരെ ഇസ്രായേലില്‍ നിന്ന് കുടിയിറക്കണമെന്നാവശ്യപ്പെട്ടു. 2009നു ശേഷം യൂറോ - അമേരിക്കന്‍ ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത ശത്രു ബെഞ്ചമിന്‍ നെതന്യാഹുവാണ്. ബ്രിട്ടനിലെ ലേബര്‍ പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തത് പലസ്തീന്‍ ഉഗ്രഭീകരവാദികളെ പരസ്യമായി പിന്തുണച്ച ജെറമി കോര്‍ബിനെയാണെന്ന വസ്തുത ഇടതു നിലപാട് വ്യക്തമാക്കുന്നു. പലസ്തീന്‍ സന്ദര്‍ശിക്കാതെ ഇസ്രായേലുമായി ഉടമ്പടികള്‍ ഒപ്പിട്ട് ഒരു സഹസ്രാബ്ദത്തിലേറെയുള്ള ബന്ധത്തിന് പുതിയ മുഖം നല്‍കിയ ഭാരത നിലപാട് ഇടതുപക്ഷത്തെ തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.
ദില്ലിയിലെ ഖാന്‍ മാര്‍ക്കറ്റിന് സമീപമുള്ള ജൂതദേവാലയത്തിലെ റാബി ഏഴിക്യല്‍ മലേക്കാറിന് ഇസ്രായേല്‍ ഹൃദയസ്പന്ദനമാണ്. ഭാരതം ജീവരക്തവും. അദ്ദേഹത്തിന്റെ വാക്കുകളില്‍ ഇവിടുത്തെ ജൂതസമൂഹം ഭാരതത്തിന് പ്രഥമഗണന നല്‍കുന്നു. മതം രണ്ടാമത്തെ സ്ഥാനത്താണ്. ഭാരതം അസഹിഷ്ണുതയുടെ നാടാണെന്ന് പ്രചരണം നടത്തുന്ന ഇടതു-ലിബറല്‍ ശക്തികള്‍ക്ക് ഇത് മുഖത്തടിയാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments