Kesari WeeklyKesari

ലേഖനം..

വഴിമാറിയൊഴുകുന്ന ചരിത്രം-ഷാബുപ്രസാദ്

on 21 July 2017
Kesari Article

രുപതാം നൂറ്റാണ്ടില്‍ ലോകത്തെ ഏറ്റവും വിസ്മയിപ്പിച്ച സമൂഹമേതെന്നു ചോദിച്ചാല്‍ ഒറ്റ ഉത്തരമേ നമുക്ക് പറയാനുണ്ടാകൂ. ഇസ്രായേല്‍. ഇപ്പോഴെന്നല്ല മാനവചരിത്രം മുഴുവന്‍ പരതിയാലും ഇതുപോലെ അതിജീവനത്വരയുള്ള മറ്റൊരു സമൂഹത്തെ കാണാന്‍ വിഷമമാണ്. 
ഇസ്രായേലിനെ കുറിച്ച് പഠിക്കുമ്പോള്‍ സ്വാഭാവികമായിതന്നെ കടന്നുവരേണ്ട ഒന്നാണല്ലോ ജൂതജനതയുടെ ചരിത്രവും. ഏകശിലാ രൂപത്തിലുള്ള സെമറ്റിക് വിശ്വാസങ്ങളിലധിഷ്ഠിതമായ സമൂഹങ്ങളില്‍ ലോകത്തിലേറ്റവും പഴക്കവും പാരമ്പര്യവും സംസ്‌കാരചിത്തരുമായ ജനതയാണ് ജൂതന്മാര്‍. ക്രിസ്തുവിന് പിന്നില്‍ ആയിരം വര്‍ഷത്തോളം നീണ്ട എഴുതപ്പെട്ട ചരിത്രം തന്നെയുണ്ട് ഇവര്‍ക്ക്. രണ്ടായിരത്തിയഞ്ഞൂറ് കൊല്ലമെന്ന നീണ്ട കാലയളവില്‍ തങ്ങള്‍ പിന്തുടര്‍ന്നുപോന്ന വിശ്വാസ പാരമ്പര്യങ്ങളെ ഇതുപോലെ ഹൃദയത്തിലേക്കാവാഹിച്ച് സംരക്ഷിച്ച സാമൂഹ്യവ്യക്തിത്വം കാത്തുസൂക്ഷിച്ച ഇതുപോലൊരു സമൂഹം മനുഷ്യ ചരിത്രത്തില്‍ അധികമില്ല.
ബൈബിളിലെ പഴയനിയമത്തിലെ അബ്രഹാമില്‍നിന്ന് തുടങ്ങുന്നതാണ് തങ്ങളുടെ വംശമെന്ന് ജൂതര്‍ വിശ്വസിക്കുന്നു. മെസപ്പൊട്ടോമിയയിലെ ഊര്‍ എന്ന പ്രദേശത്തുനിന്നും ഇന്നത്തെ ഇസ്രായേലായി മാറിയ പഴയ കാനാന്‍ ദേശത്തേക്ക് കുടിയേറിയ അബ്രഹാമില്‍ നിന്നാണ് യഹൂദരുടെ ചരിത്രം ആരംഭിക്കുന്നത്. അബ്രഹാമിന്റെ മകന്‍ ഇസഹാക്ക്, ഇസഹാക്കിന്റെ മകന്‍ യാക്കോബ്, യാക്കോബിന്റെ പന്ത്രണ്ട് മക്കള്‍..... അങ്ങിെനയങ്ങിനെ ആ ജനസമൂഹം വളര്‍ന്നു. അജ്ഞാതനായ ഒരു ശക്തിശാലിയുമായി മല്ലയുദ്ധത്തിലേര്‍പ്പെട്ട യാക്കോബിന്റെ പരാക്രമത്തില്‍ ആ മനുഷ്യന്‍ സംപ്രീതനായി. സാക്ഷാല്‍  ദൈവം തന്നെയായിരുന്നുവത്രെ അത്. ഈ കഥയുടെ അവസാനം പഴയ നിയമത്തിലെ ഉത്പത്തി പുസ്തകത്തില്‍ ഇങ്ങിനെ പറയുന്നു.
'അപ്പോള്‍ അവന്‍ പറഞ്ഞു, ഇനി മേല്‍ നീ യാക്കോബ് എന്നല്ല ഇസ്രായേല്‍ എന്ന് വിളിക്കപ്പെടും.  കാരണം നീ ദൈവത്തോടും മനുഷ്യനോടും മല്ലിട്ട് ജയിച്ചിരിക്കുന്നു.'അബ്രഹാമില്‍ തുടങ്ങി ദൈവം ഇസ്രയേല്‍ എന്ന് പേര് നല്‍കിയ യാക്കോബിലൂടെയാണ് പിന്നീടുള്ള മാനവചരിത്രം അത്ഭുതംകൂറി നോക്കിനിന്ന ആ ജനസമൂഹം ഉടലെടുക്കുന്നതും വളരുന്നതും. 
പിന്നീട് ഈജിപ്റ്റില്‍ താമസമാക്കിയ യാക്കോബിന്റെ പന്ത്രണ്ടു മക്കളുടെ അവകാശികള്‍ പന്ത്രണ്ട്  ഗോത്രങ്ങളായി വളര്‍ന്നു. അക്കാലത്ത് തന്നെയാണ് അവരുടെ പീഡന ചരിത്രം ആരംഭിക്കുന്നത്. ഈജിപ്റ്റിലെ ഫറോവയായിരുന്ന റാംസെസ് രണ്ടാമനായിരുന്നു അവരെ അടിമകളാക്കി പീഡിപ്പിച്ചിരുന്നത്. ഈജിപ്റ്റിലെ പിരമിഡുകളുടെ നിര്‍മ്മാണത്തില്‍ ഏറ്റവമധികമുപയോഗിക്കപ്പെട്ടത്  ഈ യഹൂദരായ അടിമകളായിരുന്നു. പീഡനം അതിരില്ലാതെ തുടര്‍ന്നപ്പോഴാണ് മോശയുടെ  (മോസസ്) നേതൃത്വത്തില്‍ ഇസ്രായേല്‍ ജനത ഈജിപ്റ്റില്‍ നിന്ന് രക്ഷപ്പെട്ട്  തങ്ങളുടെ മാതൃദേശമായ കാനാനിലേക്ക് മടങ്ങിയത്. ഇത് പഴയ നിയമത്തിലെ പുറപ്പാട് പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ടെന്‍ കമാന്റെ്‌സ് സിനിമ കണ്ടവര്‍ക്ക് ഓര്‍മ്മയുണ്ടാകും. തന്റെ ജനതയെ നയിച്ച് കൊണ്ട് ചെങ്കടലിന്റെ തീരത്തെത്തിയ മോശ ദൈവത്തോട് പ്രാര്‍ഥിക്കുന്നതും ചെങ്കടല്‍ പിളര്‍ന്നു മാറുന്നതുമായ വിഖ്യാതമായ രംഗം.
ശക്തമായ ഒരു മതവിഭാഗമെന്ന നിലയില്‍ ജൂതര്‍ക്ക് ഒരു ഐകരൂപ്യവും കാഴ്ചപ്പാടുമുണ്ടായത് വിഖ്യാതമായ ഈ പലായനത്തോടെയാണ്. ദുരിതപൂര്‍ണമായ യാത്രയും വര്‍ഷങ്ങളോളം മരുഭൂമികളിലെ അലഞ്ഞുതിരിയലുമെല്ലാം അവരില്‍ ആത്മീയതയുടെ വെളിച്ചം നിറച്ചിരിക്കണം. ഒടുവില്‍ ദൃഢചിത്തരായ ആ ജനത കാനാന്‍ ദേശം കീഴടക്കുക തന്നെ ചെയ്തു. പന്ത്രണ്ട് ഗോത്രങ്ങള്‍ക്കുമായി ഭൂമി പങ്കിട്ട് യാതൊരു തര്‍ക്കങ്ങളുമില്ലാതെ ജീവിച്ചു. ഗോത്രങ്ങളുടെ ഭരണാധിപന്മാരെ വിളിച്ചിരുന്നത് തന്നെ ന്യായാധിപന്മാര്‍ എന്നായിരുന്നു.
പിന്നീട് വന്ന പോരാട്ടങ്ങളുടെയും അധിനിവേശങ്ങളുടെയും നൂറ്റാണ്ടുകളില്‍ അസീറിയ, ബാബിലോണിയ തുടങ്ങിയവരുടെ പടയോട്ടങ്ങളില്‍ ഛിന്നഭിന്നമായ ജൂതസമൂഹം ഡേവിഡ്, സോളമന്‍ രാജാക്കന്മാരുടെ കാലത്ത് വീണ്ടും ഉയിര്‍ത്തെഴുന്നേറ്റു. പിന്നീടാണ് ക്രിസ്തുവിന്റെ ജനനവും രക്തസാക്ഷിത്വവുമൊക്കെ ഉണ്ടാകുന്നത്. ക്രിസ്തുവിനെ കുരിശിലേറ്റിയവര്‍ എന്ന ദുഷ്‌പേരുമായി അവര്‍ വീണ്ടും വേട്ടയാടപ്പെട്ടു. ക്രിസ്ത്യന്‍ സഭയും റോമാ സാമ്രാജ്യവും കരുത്താര്‍ജ്ജിച്ച ആദ്യ നൂറ്റാണ്ടുകളില്‍ തന്നെ വിശുദ്ധ കാനാന്‍ ദേശത്ത് നിന്നും ജൂതര്‍ നിഷ്‌കാസിതരായി ചിതറിപ്പോയി. സോളമന്‍ രാജാവ് പണികഴിപ്പിച്ച ജെറുസലേമിലെ രണ്ടാം ക്ഷേത്രം തകര്‍ക്കപ്പെട്ടു. അതിന്റ പടിഞ്ഞാറേ മതില്‍ മാത്രമേ അവശേഷിച്ചുള്ളൂ.
പിതൃദേശത്ത് നിന്നും ആട്ടിയിറക്കപ്പെട്ട ജൂതര്‍ പിന്നീടു നേരിട്ടത് പീഡനങ്ങളുടെ നൂറ്റാണ്ടുകളാണ്. യൂറോപ്പിലും റഷ്യയിലും ലാറ്റിന്‍ അമേരിക്കയിലുമെല്ലാം ആ സമൂഹത്തെ  അങ്ങേയറ്റം നികൃഷ്ടമായാണ് കൈകാര്യം ചെയ്തത്. സ്വതസിദ്ധമായ ബുദ്ധിസാമര്‍ത്ഥ്യവും കര്‍മ്മകുശലതയും കാരണം, എവിടെച്ചെന്നാലും പ്രാമുഖ്യം നേടിയെടുക്കുന്ന അവരുടെ സവിശേഷതയും ഇതിനൊരു കാരണമായിട്ടുണ്ട്.
എന്നാല്‍ ഭാരതത്തില്‍ എത്തിപ്പെട്ട ജൂതരുടെ കാര്യം അത്ഭുതാവഹമാം വിധം വ്യത്യസ്തമായിരുന്നു. സോളമന്‍ രാജാവിന്റെ കാലത്ത് തന്നെ കച്ചവടത്തിനു വേണ്ടി കൊടുങ്ങല്ലൂരില്‍ കപ്പലിറങ്ങിയ ജൂതരില്‍ ചിലര്‍ മടങ്ങിപ്പോയിരുന്നില്ല. സഹിഷ്ണുതയും സമ്പത്‌സമൃദ്ധിയും ഉയര്‍ന്ന സാംസ്‌കാരിക ബോധവുമുള്ള ഈ നാടിനെ വിട്ടുപോകാന്‍ അവര്‍ താത്പര്യം കാട്ടിയിട്ടുണ്ടാകില്ല. പിന്നീട്, പ്രവാസത്തിന്റെ ഭാഗമായും ധാരാളം ജൂതര്‍ ഇവിടെ എത്തി. അവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനും, ആരാധന നടത്താനുമുള്ള എല്ലാ അവകാശങ്ങളും നല്‍കപ്പെട്ടു. മട്ടാഞ്ചേരി സിനഗോഗില്‍ സൂക്ഷിച്ചിട്ടുള്ള ചെമ്പേടുകള്‍ ഇതിനേറ്റവും വലിയ തെളിവാണ്. അന്നത്തെ രാജാവ് ഭാസ്‌കര രവിവര്‍മ്മന്‍, ജൂത നേതാവായ ജൊസഫ് റബ്ബാനു നല്‍കിയ അധികാര പത്രമാണ് ഈ ചെമ്പോലകള്‍. 
തിയഡോര്‍ ഹെര്‍സല്‍, നതാം ബിംബോം, എലിസര്‍ ബെന്‍ യഹൂദ, ഡേവിഡ് ബെന്‍ഗൂറിയന്‍ തുടങ്ങിയ യുഗപുരുഷന്മാരുടെ ശ്രമവും നേതൃശേഷിയുമാണ് സിയോണിസ്റ്റ് പ്രസ്ഥാനത്തെ ആധുനിക ഇസ്രായേല്‍ എന്ന സ്വപ്‌നത്തിലേക്ക് കൈപിടിച്ച് നടത്തിയത്. ഏറെക്കുറെ അസാധ്യമായ ആ സ്വപ്നം 1948 മേയ് 14നു യാഥാര്‍ത്ഥ്യമാകുമ്പോള്‍ ആരും ആ ചെറിയ രാഷ്ട്രത്തിന് ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ആയുസ്സ് കല്പിച്ചിരുന്നില്ല. പക്ഷെ ഭീകരമായ പ്രവാസ പീഡനങ്ങള്‍, അറുപത്തേഴു ലക്ഷം ജൂതര്‍ കൊല്ലപ്പെട്ട ഹിറ്റ്‌ലറുടെ ഹോളോകോസ്റ്റ് എന്നിവയൊക്കെ കടന്നുവന്ന അവരുടെ അതിജീവനത്വര ഏതു വെല്ലുവിളിയെക്കാളും വലുതായിരുന്നു.
ദല്‍ഹിയുടെ മാത്രം വലിപ്പമുള്ള ആ കൊച്ചു രാജ്യത്തിനുമേല്‍ പാഞ്ഞടുത്ത അറബിരാജ്യങ്ങളെ പലപ്രാവശ്യം തകര്‍ത്തെറിഞ്ഞു വെന്നിക്കൊടി പാറിക്കാന്‍ അവര്‍ക്ക് കഴിഞ്ഞത് ഈ പറഞ്ഞ അതിജീവനത്വരയും നിശ്ചയദാര്‍ഢ്യവും കൊണ്ടാണ്.
1948ല്‍ ആധുനിക ഇസ്രായേല്‍ ജനിച്ച നിമിഷം മുതല്‍ അവര്‍ ഏറ്റവുമധികം ആഗ്രഹിച്ച സൗഹൃദം ഭാരതവുമായി ആയിരുന്നു. അതിന്റെ കാരണം മേല്‍പ്പറഞ്ഞതൊക്കെ തന്നെ. പക്ഷേ ഭാരതസര്‍ക്കാര്‍ ജൂതരാഷ്ട്രത്തെ അംഗീകരിക്കാന്‍ വീണ്ടും മൂന്നു വര്‍ഷമെടുത്തു. ഇസ്രായേലിലേക്ക് കുടിയേറാന്‍ തയ്യാറായി നില്‍ക്കുന്ന ഇവിടുത്തെ ജൂതരെ എത്രയും പെട്ടെന്ന് കപ്പല്‍ കയറ്റാനുള്ള സൗകര്യത്തിനു വേണ്ടി, 1951 ലാണ് മുംെബെയില്‍ ഒരു കോണ്‍സുലേറ്റ് തുടങ്ങാന്‍ അനുമതിയായത്. 
പലസ്തീന്‍ പ്രശ്‌നത്തിനു പരിഹാരം കാണണം എന്ന നിലപാടിനൊപ്പം ഇസ്രായേലിന്റെ അസ്തിത്വത്തെയും പാരമ്പര്യത്തെയും മഹാത്മാഗാന്ധി അംഗീകരിക്കുകയും ശ്ലാഘിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷേ മഹാത്മജിയുടെ ഈ നിലപാടിനു വിരുദ്ധമായി സ്വാതന്ത്ര്യത്തിന്റെ ആദ്യദശകങ്ങളില്‍ ഭാരതം സ്വീകരിച്ച വികലവും കപടവുമായ വിദേശനയത്തിന്റെ ഫലമായി  ഇസ്രായേലുമായി നല്ലൊരു ബന്ധം സാധ്യമായില്ല. അവരുമായി യുദ്ധത്തിലേര്‍പ്പെട്ട അറബിരാജ്യങ്ങളെ പിണക്കിയാല്‍ നമുക്കാവശ്യമുള്ള എണ്ണ കിട്ടാതെ വന്നാലോ എന്ന ഭയവും, ഇവിടുത്തെ മുസ്ലീം ന്യൂനപക്ഷങ്ങളുടെ സംഘടിത വോട്ടുബാങ്കില്‍ ഉള്ള താത്പര്യവുമായിരുന്നു ഇതിനു കാരണം. നമുക്ക് അറബികളുടെ എണ്ണ എത്രത്തോളം പ്രധാനമാണോ അതിനേക്കാള്‍ അവര്‍ക്ക് പ്രധാനമാണ് ഭാരതവുമായുള്ള കച്ചവടം. അതുകൊണ്ടുതന്നെ ഭാരതത്തിനുള്ള എണ്ണ തരാതിരിക്കാന്‍ അവര്‍ക്കാവില്ല എന്ന സാമാന്യ യുക്തി പോലും അക്കാലത്തെ സര്‍ക്കാരിനുണ്ടായില്ല. ഭാരതത്തിനു കിഴക്കോട്ടു തിരിഞ്ഞാല്‍ ആദ്യം കാണുന്ന സമ്പൂര്‍ണ്ണ ജനാധിപത്യ രാജ്യമാണ് ഇസ്രായേല്‍ എന്ന പരിഗണന പോലും നാല്‍പ്പത്തിയഞ്ചു വര്‍ഷത്തോളം ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ നമുക്കുണ്ടായില്ല എന്നത് അത്ഭുതകരമാണ്. 
സര്‍ക്കാരിനെ നയിച്ച കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് മാത്രമല്ല, ന്യൂനപക്ഷ പ്രീണനം മുഖമുദ്രയാക്കിയ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇസ്രായേലും പലസ്തീനും എന്നും വോട്ടു കറക്കുന്ന പശുക്കള്‍ മാത്രമായിരുന്നു.
നെഹ്‌റു കുടുംബം അധികാരത്തില്‍ നിന്നൊഴിഞ്ഞു നിന്ന ഉദാരവല്‍ക്കരണത്തിന്റെ ജനാലകള്‍ മലര്‍ക്കെ തുറന്ന പി.വി നരസിംഹറാവു പ്രധാനമന്ത്രിയായ 1992 ലാണ് ഭാരതം ഇസ്രായേലുമായി പൂര്‍ണതോതില്‍ നയതന്ത്രബന്ധം ആരംഭിക്കുന്നത്.
ആ സമയത്ത് രസകരമായ ഒരു സംഭവം ഉണ്ടായി. ദല്‍ഹിയില്‍ ഇസ്രായേല്‍ എംബസി സ്ഥാപിക്കാന്‍ സ്ഥലമന്വേഷിച്ച് നടന്നപ്പോള്‍ അവര്‍ ഒരു ആവശ്യം മുമ്പോട്ടുവെച്ചു. അവര്‍ക്ക് 1948 ലെ നിരക്കില്‍ സ്ഥലം ലഭ്യമാക്കണം എന്നതായിരുന്നു അത്. അന്തംവിട്ട് നിന്ന ഇന്ത്യന്‍ അധികൃതരോട് അവര്‍ പറഞ്ഞ മറുപടി ശ്രദ്ധിക്കേണ്ടതാണ്. സ്വതന്ത്ര ഇസ്രായേല്‍ പിറന്ന 1948 ല്‍ തന്നെ, അവര്‍ നയതന്ത്രബന്ധം ഉണ്ടാക്കാന്‍ ഏറ്റവും ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത രാജ്യമായിരുന്നു ഭാരതം. ഭാരതം മുഖംതിരിച്ച് നിന്നതുകൊണ്ട് മാത്രമാണ് അത് നടക്കാതെ പോയത്. അതുകൊണ്ട് തന്നെ എത്ര വൈകിയാലും 1948 ലെ നിരക്കിന് സ്ഥലം ലഭിക്കേണ്ടത് അവരുടെ ധാര്‍മികമായ അവകാശമാണ് എന്നായിരുന്നു ആ മറുപടി. 
ആ പ്രശ്‌നം എങ്ങിനെയാണ് പരിഹരിച്ചതെന്നറിയില്ല. പക്ഷെ അതുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ട്. പാര്‍ലമെന്ററി ജനാധിപത്യം പിന്തുടരുന്ന സ്വാഭാവിക മിത്രങ്ങളായ രണ്ട് രാജ്യങ്ങളെ അകറ്റിനിര്‍ത്തിയ മത-സാമൂഹ്യ സ്വാര്‍ത്ഥതകള്‍ നമ്മുടെ രാജ്യത്തെ എത്ര മാത്രം കാര്‍ന്നു തിന്നിരുന്നു എന്നതാണ് അതില്‍ ഏറ്റവും പ്രധാനം. ഒരു ദശാബ്ദത്തിന്റെ ഇടവേളയ്ക്ക് ശേഷം വീണ്ടും നെഹ്‌റു കുടുംബം ഭാരതത്തിന്റെ കടിഞ്ഞാണേന്തിയപ്പോഴും പണ്ട് പിന്‍തുടര്‍ന്നിരുന്ന അതേ സമീപനമാണ് ഇസ്രായേലിനോട് കാട്ടിയത്. നമ്മുടെ മാധ്യമങ്ങളില്‍ നിറഞ്ഞ് നിന്നത് മുഴുവന്‍ മധ്യേഷ്യയില്‍ ഇസ്രായേല്‍ ഉള്‍പ്പെട്ട  സംഘര്‍ഷങ്ങളിലെ ദാരുണ ദൃശ്യങ്ങള്‍ മാത്രമായിരുന്നു. ഒരു തെമ്മാടിരാഷ്ട്രം എന്ന പ്രതിച്ഛായ, നിലനില്‍പ്പിനു വേണ്ടി പൊരുതുന്ന ആ കൊച്ച് രാജ്യത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഭാരതത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും മാധ്യമങ്ങളും നടത്തിയതും നടത്തിക്കൊണ്ടിരിക്കുന്നതും. 
കാര്യങ്ങള്‍ ഇങ്ങിനെയൊക്കെയാണങ്കിലും ആവശ്യമുള്ള സന്ദര്‍ഭങ്ങളിലൊക്കെ ഭാരതത്തെ കൈയ്യയച്ചു സഹായിക്കാന്‍ അവര്‍ എന്നും മുന്നിലുണ്ടായിരുന്നു. പാകിസ്ഥാന്റെ ആണവ ബോംബ് നിര്‍മ്മിച്ച കഹൂട്ട ആണവനിലയം, ഓപ്പറേഷന്‍ ഓപ്പറ മാതൃകയില്‍ തകര്‍ക്കാന്‍ അവര്‍ തയ്യാറായിരുന്നു. പക്ഷേ വിമാനങ്ങള്‍ക്ക് ഇന്ധനം നിറക്കാന്‍ ഒരു ഇടത്താവളമായി ഭാരതത്തിന്റെ വ്യോമകേന്ദ്രങ്ങള്‍ അനുവദിക്കപ്പെട്ടില്ല. അന്നത് നടന്നിരുന്നങ്കില്‍, പാകിസ്ഥാന്‍ ഒരിക്കലും ഒരു ആണവ ശക്തിയാകുമായിരുന്നില്ല. അതുപോലെ 1999 ലെ കാര്‍ഗില്‍ യുദ്ധത്തില്‍, ഉയരത്തില്‍ ഇരിക്കുന്ന  ശത്രുക്കളുടെ വിവരങ്ങള്‍ ലഭിക്കാന്‍, ജിപിഎസ് വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അമേരിക്ക അത് നിഷേധിച്ചു. അതുകൊണ്ട് തന്നെ യുദ്ധത്തിന്റെ ആദ്യദിനങ്ങളില്‍ നമ്മുടെ നാശനഷ്ടം വളരെ കനത്തതായിരുന്നു. അപ്പോള്‍ ഉപഗ്രഹ ചിത്രങ്ങളും ആയുധങ്ങളുമായി നമ്മെ സഹായിക്കാന്‍ ഇസ്രായേല്‍ ഉണ്ടായിരുന്നു. അവര്‍ നല്‍കിയ ലേസര്‍ ഗൈഡട് ബോംബുകളുടെ കൃത്യതയാണ് കാര്‍ഗിലിന്റെ ഉയരങ്ങളില്‍ തമ്പടിച്ച പാക് പടയെ നാമാവശേഷമാക്കിയത്.  
  ഇക്കാരണങ്ങള്‍ കൊണ്ടൊക്കെത്തന്നെയാണ് ചരിത്രത്തിലാദ്യമായി  ഇസ്രായേല്‍ സന്ദര്‍ശിക്കുന്ന ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു, 'എഴുപത് വര്‍ഷമായി ഞങ്ങള്‍ കാത്തിരിക്കുന്നു'എന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വികാരനിര്‍ഭരമായി പറഞ്ഞത്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ നീളുന്ന പാരമ്പര്യങ്ങള്‍ പങ്കുവെക്കുന്ന രണ്ടു ജനാധിപത്യ സമൂഹങ്ങള്‍ക്കിടയില്‍ ഇത്രനാളും സ്വാര്‍ത്ഥ രാഷ്ട്രീയ കുടിലതകള്‍ തടസ്സം നിന്നതിന്റെ മുഴുവന്‍ പരിഭവവും അദ്ദേഹത്തിന്റെ വാക്കുകളിലുണ്ടായിരുന്നു.
മറ്റൊരു അതിപ്രധാന കാര്യം കൂടി ശ്രദ്ധിക്കേണ്ടതാണ്. 1992 മുതല്‍ പലപ്രാവശ്യം ഭാരത രാഷ്ട്രീയ നേതൃത്വത്തിന്റെ പ്രതിനിധികള്‍ ഇസ്രായേല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തങ്ങള്‍ പിന്തുടരുന്ന ന്യൂനപക്ഷ പ്രീണനത്തെ ഊട്ടിയുറപ്പിക്കാന്‍ പലസ്തീന്‍ ആസ്ഥാനമായ റാമല്ലയില്‍ കൂടി ചെന്ന്, പലസ്തീന്‍ തീവ്രവാദികളെ പിന്തുണക്കുന്ന പതിവുണ്ടായിരുന്നു. ഈ കീഴ്‌വഴക്കവും നരേന്ദ്ര മോദി മാറ്റിമറിച്ചു. ആദ്യമായാണ് ഒരു ഇന്ത്യന്‍ നേതാവ് ഇസ്രായേല്‍ സന്ദര്‍ശിക്കുമ്പോള്‍ റാമല്ലയില്‍ പോകാതെ മടങ്ങുന്നത്. അതിനര്‍ത്ഥം നമ്മള്‍ പലസ്തീന്‍ പ്രശ്‌നത്തെ അവഗണിക്കുന്നു എന്നല്ല, പകരം, വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പുകള്‍ക്ക് വിട്ടുകൊടുക്കാനുള്ളതല്ല അന്താരാഷ്ട്ര ബന്ധങ്ങള്‍ എന്ന വ്യക്തമായ സന്ദേശമാണ് ഇത് നല്‍കുന്നത്.
ഭീകരപ്രവര്‍ത്തനത്തിന്റെ ഇരകളെന്ന നിലയില്‍ ഭാരതവും ഇസ്രായേലും പങ്കുവെക്കുന്ന വെല്ലുവിളികളും സമാനമാണ്. പതിറ്റാണ്ടുകളായി ഭീകരപ്രവര്‍ത്തനത്തെ എങ്ങിനെ ഫലപ്രദമായി  കൈകാര്യം ചെയ്യണമെന്നു പലവട്ടം ഇസ്രായേല്‍ തെളിയിച്ചിട്ടുണ്ട്. രാജ്യസുരക്ഷയുടെ പ്രശ്‌നമാകുമ്പോള്‍ അവിടെ മനസ്സാക്ഷിയോ മനുഷ്യാവകാശാമോ ഒന്നും അവര്‍ക്ക് പ്രശ്‌നമല്ല. രാജ്യത്തിനു നേരെ വരുന്ന വെല്ലുവിളികളെ എവിടെയും കടന്നുചെന്ന് അരിഞ്ഞു വീഴ്ത്താനും കൊന്നുതള്ളാനും അവര്‍ ഒരു മടിയും കാട്ടിയിട്ടില്ല.അതുകൊണ്ട് മാത്രമാണ് അവരിന്നും നിലനില്‍ക്കുന്നത്. ഉരുക്കുമുഷ്ടി ഉപയോഗിച്ച് അടിച്ചമര്‍ത്തിയ പഞ്ചാബ് ഭീകരവാദം നമുക്കും പറയാനുണ്ട്.
1992ല്‍ നയതന്ത്രബന്ധം സ്ഥാപിച്ചതിനു ശേഷം ഇരുരാജ്യങ്ങളും  തമ്മിലുള്ള പ്രതിരോധ ഇടപാടുകള്‍ നല്ല നിലയില്‍ തന്നെ വളര്‍ന്നു. ഇസ്രായേലിന്റെ ബാരക്ക് മിസ്സൈലുകള്‍ ഇന്ന് നമ്മുടെ സേനയുടെ ഒരു പ്രധാനപ്പെട്ട ഘടകമാണ്. ശത്രുതാവളങ്ങളെ നിരീക്ഷിക്കാനുള്ള പൈലറ്റില്ലാ വിമാനങ്ങള്‍ അഥവാ ഡ്രോണുകളുടെ സാങ്കേതികവിദ്യയില്‍ അവര്‍ അദ്വിതീയരാണ്. ഇവയും ഇപ്പോള്‍ വേ്യാമസേനയുടെ അവിഭാജ്യഘടകമാണ്.
ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇസ്രായേലിന്റെ ഒരു സൈനിക ഉപഗ്രഹം നമ്മുടെ വിശ്വസ്ത ബഹിരാകാശ വാഹനമായ പി.എസ്.എല്‍.വി.ഉപയോഗിച്ച് വിക്ഷേപിച്ചത്. മറ്റ് രാജ്യങ്ങളുടെ സൈനിക ഉപഗ്രഹങ്ങള്‍ പൊതുവേ ഒരു ബഹിരാകാശ ഏജന്‍സിയും വിക്ഷേപിക്കാറില്ല. എന്നാല്‍ അതുവരെ നാസയെ ആശ്രയിച്ചുകൊണ്ടിരുന്ന ഇസ്രായേല്‍ ഭാരതത്തെ സമീപിച്ചതും നാമത് ഏറ്റെടുത്തതും വിക്ഷേപണത്തിന്റെ ചെലവ് കുറവുകൊണ്ട് മാത്രമല്ല. ഇരുരാജ്യങ്ങളും തമ്മിലുള്ള വിശ്വാസത്തിന്റെ ആഴംകൊണ്ട് കൂടിയാണ്.
ഇക്കഴിഞ്ഞ, പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനത്തിനു കേവലം ഒരു അന്താരാഷ്ട്ര നടപടിയേക്കാള്‍ ഉയര്‍ന്ന മാനങ്ങളുണ്ട്. വളരെ പെട്ടെന്ന് ആഴത്തിലുള്ള സൗഹൃദങ്ങള്‍ ഉണ്ടാക്കാനും നിലനിര്‍ത്താനും അതിനെ രാജ്യതാത്പര്യങ്ങള്‍ക്ക് അനുകൂലമായി ക്രിയാത്മകമായി ഉപയോഗിക്കാനുമുള്ള നരേന്ദ്രമോദിയുടെ പലവട്ടം തെളിയിക്കപ്പെട്ട കഴിവ് ഇവിടെയും തെളിഞ്ഞു കണ്ടു. അങ്ങിനെയും കൂടിയാണ് ഈ സന്ദര്‍ശനം ചരിത്രമായത്. പ്രതിരോധ ഇടപാടുകള്‍ക്ക് പുറമേ, ഇസ്രായേലിന്റെ വിഖ്യാതമായ കാര്‍ഷിക സാങ്കേതികവിദ്യകള്‍, കടല്‍വെള്ളത്തില്‍ നിന്നും ശുദ്ധജലം ഉണ്ടാക്കുന്ന സാങ്കേതികവിദ്യകള്‍ തുടങ്ങി നമുക്കാവശ്യമുള്ള പലതും നടപ്പാകാന്‍ പോകുന്നു. പകരമായി ഇസ്രായേലിന്റെ വാര്‍ത്താവിനിമയ, സൈനിക ഉപഗ്രഹങ്ങള്‍ ശ്രീഹരിക്കോട്ടയില്‍ നിന്നും ബഹിരാകാശം പൂകും. അങ്ങിനെ സമസ്ത മേഖലയിലും സമഗ്രമായ ഒരു ഭാവി തന്നെ വരച്ചിട്ടു കൊണ്ടാണ് നരേന്ദ്രമോദി ടെല്‍അവീവില്‍ നിന്നും വിമാനം കയറിയത്.
മോദിയുടെ ഓരോ വിദേശ സന്ദര്‍ശനവും ഓരോ പ്രതിഭാസങ്ങളായതിനു പിന്നില്‍ മേല്‍പ്പറഞ്ഞ നയതന്ത്ര ചാതുര്യം ഉണ്ട്. അതുകൊണ്ട് തന്നയാണ്, ഇസ്രായേലുമായും, അറബിരാജ്യങ്ങളുമായും, അമേരിക്കയുമായും ,റഷ്യയുമായുമൊക്കെ സന്ദര്‍ഭം ആവശ്യപ്പെടുന്ന രീതിയില്‍ ഇടപെടാനും ബന്ധങ്ങളില്‍ പുതിയ വഴിത്താരകള്‍ തുറക്കാനും കഴിയുന്നത്. നമ്മുടെ നിലപാടുകളില്‍ ഉറച്ച് നിന്നുകൊണ്ട് തന്നെ ലോകരാഷ്ട്രങ്ങളുടെ ബഹുമാനം പിടിച്ചുപറ്റാനുള്ള ഈ അദ്വിതീയമായ കഴിവിന്റെ കുറവുകൊണ്ടാണ് ഇക്കാലമത്രയും സംശയത്തിന്റെയും പ്രീണനത്തിന്റെയും നയതന്ത്രം നമുക്ക് ചുമക്കേണ്ടിവന്നത്.
ഇതിനെക്കാളൊക്കെ പ്രധാനം, ഭാരതം, അമേരിക്ക, ഇസ്രായേല്‍, റഷ്യ  എന്നിവരടങ്ങിയ വലിയൊരു തന്ത്രപ്രധാനമായ സഖ്യം ഉരുത്തിരിഞ്ഞു വരുന്നു എന്നതാണ്. പാകിസ്ഥാന്‍, ചൈന,ഉത്തരകൊറിയ, ചില അറബ് രാജ്യങ്ങള്‍ അടങ്ങിയ ഒരു ഗൂഢസഖ്യം ഇപ്പോള്‍ നിലവിലുള്ള സ്ഥിതിക്ക്, ജനാധിപത്യ രാജ്യങ്ങളുടെ ഒരു തന്ത്രപ്രാധാന കൂട്ടായ്മയാണ് ഭാരതത്തിന്റെ കാര്‍മികത്വത്തില്‍ രൂപപ്പെടുന്നത്. ഇത് ലോകത്തിന്റെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ നൂറ്റാണ്ടില്‍ ജര്‍മ്മനി, ഇറ്റലി, ജപ്പാന്‍ കൂട്ടുകെട്ടിനെതിരെ എല്ലാ അഭിപ്രായവ്യത്യാസങ്ങളും മറന്ന് സഖ്യകക്ഷികള്‍ ഒരുമിച്ച് നിന്നതിനു സമാനമാണിത്. അതിനു ഒരു രാസത്വരകമാകാന്‍ കഴിയുന്നു എന്നതാണ് ഭാരതം ലോകത്തിനു നല്‍കുന്ന ഏറ്റവും വലിയ പ്രതീക്ഷ.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

1 Comments

Avatar
Japs
19 hours 46 minutes ago

A very nice article..........Israel and india are made for each other