Kesari WeeklyKesari

മുഖലേഖനം

ഭാരത്- ഇസ്രായേല്‍ ഭായി ഭായി ---കാളിയമ്പി

on 21 July 2017
Kesari Article

''സഹിഷ്ണുതയും സാര്‍വലൗകിക സ്വീകാര്യവും രണ്ടും ലോകത്തിനുപദേശിച്ച മതത്തിന്റെ അനുയായി എന്നതില്‍ ഞാന്‍ അഭിമാനിക്കുകയാണ്. ഞങ്ങള്‍ സാര്‍വലൗകിക സഹിഷ്ണുതയില്‍ വിശ്വസിക്കുക മാത്രമല്ല സര്‍വ്വമതങ്ങളും സത്യമെന്ന് സ്വീകരിക്കുകകൂടി ചെയ്യുന്നു. ലോകത്തിലുള്ള സര്‍വ മതങ്ങളിലേയും സര്‍വ്വരാജ്യങ്ങളിലേയും പീഡിതര്‍ക്കും ശരണാര്‍ത്ഥികള്‍ക്കും അഭയമരുളിയതാണെന്റെ ജനത എന്നതില്‍ ഞാന്‍ അഭിമാനിയ്ക്കുന്നു. റോമന്‍ മര്‍ദ്ദനം മൂലം യഹൂദരുടെ പുണ്യക്ഷേത്രം തകര്‍ത്ത് തരിപ്പണമാകപ്പെട്ട ആ കൊല്ലം തന്നെ ദക്ഷിണഭാരതത്തില്‍ വന്ന് അഭയം പ്രാപിച്ച ആ ഇസ്രായേല്‍ വര്‍ഗ്ഗത്തിന്റെ അതിപവിത്രമായ തിരുശേഷിപ്പ് ഞങ്ങളുടെ അങ്കതലത്തില്‍ സംഭൃതമായിട്ടുണ്ടെന്ന് നിങ്ങളോട് പറയാന്‍ എനിയ്ക്ക് അഭിമാനമുണ്ട്.'' 

ആയിരത്തിയെണ്ണൂറ്റിത്തൊണ്ണൂറ്റിമൂന്ന് സപ്തംബര്‍ പതിനൊന്നിന് ചിക്കാഗോയില്‍ വച്ചുനടന്ന ലോകമതസമ്മേളനത്തില്‍ ഭാരതത്തില്‍നിന്നൊരു നരേന്ദ്രന്‍ പറഞ്ഞ വാക്കുകളാണിത്. ഭാരതത്തിന്റെ മഹിമ, ആര്‍ഷപുരാതന സംസ്‌കൃതിയുടെ മഹിമ വിശ്വ സംസ്‌കാര വേദിയില്‍ പുത്തന്‍ യാഗാശ്വമായി വീണ്ടും ലോകം കീഴടക്കാന്‍ ദിഗ് വിജയത്തിനായിക്കുതിച്ചു തുടങ്ങിയത് അന്നാണ്. വിവേകാനന്ദവാണികളായി ഈ മഹത് സംസ്‌കാരത്തെ അത്ഭുതത്തോടെ ലോകം കണ്ടുതുടങ്ങിയത് അന്നാണ്.

അന്നുവരെ കൊളോണിയല്‍ അധിനിവേശക്കാര്‍ മനഃപൂര്‍വം ഇകഴ്ത്തിയും കള്ളപ്രചരണങ്ങള്‍ നടത്തിയും ലോകത്തിനു മുന്നില്‍ വെറും അപരിഷ്‌കൃതരായി ചിത്രീകരിച്ചിരിക്കുകയായിരുന്നു ഭാരതത്തെ. ലോകം മുഴുവനുമെടുത്ത് നോക്കിയാല്‍ കലാസാംസ്‌കാരികതയുടെ, നാഗരികതയുടെയൊക്കെ ഉത്തുംഗോദാഹരണങ്ങളായി ഇന്ന് വാഴ്ത്തപ്പെടുന്ന ഭാരതത്തിന്റെ സംഭാവനകളെപ്പോലും വികലമായ വായനകളാലും കപടയുക്തികളാലും ഇകഴ്ത്താന്‍ കൊളോണിയല്‍ തമ്പുരാക്കന്മാര്‍ നിരന്തരം ശ്രമിച്ചുപോന്നു. 

''അങ്ങേയ്ക്ക് സ്വാഗതം, എന്റെ മിത്രമേ. ഞങ്ങള്‍ അങ്ങയെ ഒരുപാട് കാലമായി കാത്തിരിക്കുകയായിരുന്നു. സത്യം പറഞ്ഞാല്‍ ഞങ്ങളേതാണ്ട് എഴുപത് കൊല്ലമായി അങ്ങയെ കാത്തിരിക്കുന്നു. തീര്‍ച്ചയായും ചരിത്രപ്രാധാന്യമുള്ള ഒരു സന്ദര്‍ശനമാണിത്, കാരണം ആദ്യമായാണ് ഒരു ഭാരത പ്രധാനമന്ത്രി ഇവിടം സന്ദര്‍ശിയ്ക്കുന്നത്. ഞങ്ങളങ്ങയെ തുറന്ന കൈകളുമായി സ്വാഗതം ചെയ്യുന്നു. ഞങ്ങള്‍ ഭാരതത്തെ അത്രയേറെ സ്‌നേഹിക്കുന്നു.'' 

ആ പഴയ നരേന്ദ്രന്‍, വിവേകാനന്ദസ്വാമികള്‍, അന്ന് ചിക്കാഗോയില്‍ സൂചിപ്പിച്ച, പുണ്യക്ഷേത്രം റോമാക്കാര്‍ തകര്‍ത്തപ്പോള്‍ യഹൂദിയായില്‍ നിന്ന് അഭയാര്‍ത്ഥികളായി ഓടിയെത്തി നമ്മുടെ ദക്ഷിണഭാരതത്തിന്റെ അങ്കതലത്തില്‍ സംഭൃതമാക്കപ്പെട്ട, നമ്മള്‍ കാത്തുരക്ഷിച്ചുവന്ന ജനതയുടെ, ഇസ്രായേല്‍ ജനതയുടെ ഇന്നത്തെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഇരു കൈകളും വിടര്‍ത്തി ആശ്ലേഷിച്ചുകൊണ്ട് പുതിയൊരു നരേന്ദ്രനോട് പറഞ്ഞതാണിത്. 

ലോകത്തിന്റെ ഓരോരോ കോണുകളിലേയ്ക്കും ചിതറപ്പെട്ട് പ്രവാസികളായി ആയിരക്കണക്കിനു കൊല്ലം കഴിച്ചുകൂട്ടിയ ആ ഇസ്രായേല്‍ ജനത അനുഭവിച്ച ക്രൂരതകള്‍ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ല. യൂറോപ്പിലും ആഫ്രിക്കയിലും മധ്യപൂര്‍വേഷ്യയിലുമെല്ലാം അവരെ ഓരോരോ കാരണങ്ങള്‍ പറഞ്ഞു വേട്ടയാടി. അപ്പോഴെല്ലാം പക്ഷേ ഭാരതം അവരെ നമ്മുടെ സ്വന്തം സ്വത്തായിക്കരുതി സംരക്ഷിച്ചു. ബാഗ്ദാദില്‍ നിന്നു മുതല്‍ ആഫ്രിക്കയില്‍ നിന്നു വരെ മതവൈരത്തില്‍ നിന്ന് രക്ഷ തേടി ജൂത ജനത ഭാരതത്തില്‍ അഭയം തേടിയിട്ടുണ്ട്. ഇവിടെ അവര്‍ ഈ നാടിന്റെ ഉപ്പായിത്തീര്‍ന്നു. അവരെ ഭാരതം സ്വന്തമായിക്കരുതി സര്‍വ്വതും നല്‍കി. 

അതുകൊണ്ട് തന്നെയാകണം ഭാരതവുമായി ആ ജനതയ്ക്ക് ഇത്രയധികം അടുപ്പം തോന്നുന്നത്. പഴയതുമാതിരി ചിതറപ്പെട്ട ഒരു ജനതയല്ല അവരിന്ന്. ലോകത്തിലെത്തന്നെ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രമാണിന്ന് ഇസ്രായേല്‍. തങ്ങളില്‍ നിന്ന് തട്ടിയെടുക്കപ്പെട്ട സ്വന്തം ദേശത്തെ തിരിച്ചുപിടിച്ച് അവിടെ എഴുപത് കൊല്ലം കൊണ്ട് ബുദ്ധിയും അധ്വാനവും കര്‍മ്മകുശലതയും കൊണ്ടുമാത്രം ഒരു വികസിത രാഷ്ട്രത്തെ കെട്ടിപ്പടുത്ത ചരിത്രം സമാനതകളില്ലാത്തതാണ്.

ഏതാണ്ട് ആധുനിക ഭാരതമുണ്ടായതിനോടൊപ്പം തന്നെ ജനിച്ചതാണ്  ആധുനിക ഇസ്രായേലും. എന്നാല്‍ അവരുമായി നമ്മള്‍ പൂര്‍ണ്ണ നയതന്ത്ര ബന്ധങ്ങളുണ്ടാക്കിയിട്ട് ഏതാണ്ട് ഇരുപത്തഞ്ച് വര്‍ഷങ്ങളാകുന്നതേ ഉള്ളൂ. 'ഭാരതത്തിന്റെ രഹസ്യക്കാരിയാണ് ഇസ്രായേല്‍' ഒരിയ്ക്കല്‍ ഒരു പ്രമുഖ പത്രപ്രവര്‍ത്തകന്‍ അഭിപ്രായപ്പെട്ടു. ഇസ്രായേലുമായി നെഹ്രു കുടുംബ രാഷ്ട്രീയം ഉണ്ടാക്കിവച്ചിരുന്ന ബന്ധത്തെ അങ്ങനെയല്ലാതെ വിശേഷിപ്പിക്കുക സാധ്യമല്ല. അവരുടെ സകല സഹായവും സകല തുറകളിലും നമ്മള്‍ നേടിയിരുന്നു. രഹസ്യാന്വേഷണ ഏജന്‍സികള്‍ മുതല്‍ കാര്‍ഷിക സാങ്കേതികവിദ്യയില്‍ വരെ. നമ്മളും തിരികെ സഹകരിച്ചു. പക്ഷേ പരസ്യമായി ആ ബന്ധം അംഗീകരിക്കാന്‍ നമ്മള്‍ തയ്യാറല്ലായിരുന്നു.

അതിനു പ്രധാന കാരണമായി പറയുന്നത് പലസ്തീന്‍ വാദികളുമായി നമുക്കുള്ള അടുപ്പമായിരുന്നു. പാലസ്തീന്‍ വാദികളോട് അടുപ്പമുണ്ടാവുകയും ഇസ്രായേല്‍ പലസ്തീന്‍ പ്രശ്‌നം സമാധാനപൂര്‍ണ്ണമായി തീരുമാനിക്കുകയും വേണമെന്നതിന് എന്തിനാണ് ഇസ്രായേലിനെ ഒഴിച്ചുനിര്‍ത്തുന്നത്? ഭാരതത്തെ നിരന്തരം ഉപദ്രവിയ്ക്കുന്ന, കാശ്മീരില്‍ ഭീകരവാദികള്‍ക്ക് ചെല്ലും ചെലവും കൊടുത്ത് ഭാരതത്തെ ആക്രമിക്കുവാന്‍ തുനിഞ്ഞിറങ്ങിയിരിക്കുന്ന പാകിസ്ഥാന്‍ എന്ന രാജ്യത്തോട് പലസ്തീന് അല്‍പ്പം പോലും വിരോധമില്ലല്ലോ? എന്ന് മാത്രമല്ല, പാകിസ്ഥാനുമായി പലസ്തീന് നമ്മളുടേതിനേക്കാള്‍ അടുപ്പമാണ്. ലോകത്താദ്യമായി പലസ്തീന്‍ എംബസി തുടങ്ങിയത് പോലും പാകിസ്ഥാനിലാണ്. ഭാരതത്തിന് അതുകൊണ്ട് ഒരു കുഴപ്പവുമുണ്ടായില്ലല്ലോ.

അപ്പോള്‍ കാര്യങ്ങള്‍ ലളിതമാണ്.പലസ്തീനിനു പാകിസ്ഥാനുമായി നയതന്ത്രബന്ധങ്ങളാവാം. അതിലുപരി സൗഹൃദമാകാം. അവര്‍ക്ക് ഭാരതത്തിന്റെ സഹായം സ്വീകരിക്കുകയും ചെയ്യാം. അതേസമയം പലസ്തീനു വേണ്ടി ഭാരതം ഇസ്രാേയലുമായി നയതന്ത്രബന്ധങ്ങള്‍ പോലും പാടില്ല എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?

യുക്തി വളരെ ലളിതമാണ്. അത് വോട്ടുബാങ്ക് പ്രീണന രാഷ്ട്രീയമാണ്. പലസ്തീന്‍ പ്രശ്‌നം ഒരു മുസ്ലിം പ്രശ്‌നമായും അതുവഴി ഇസ്രായേലിനെ മുസ്ലീങ്ങളുടെ ശത്രുരാജ്യമായും കമ്യൂണിസ്റ്റുകാര്‍ മുതല്‍ ഇസ്ലാമിസ്റ്റുകള്‍ വരെയുള്ള ഭീകരവാദികള്‍ ചിത്രീകരിച്ചു വച്ചിരിക്കുകയാണ്. ഇവിടത്തെ സാധാരണ മുസ്ലീങ്ങള്‍ക്ക് അങ്ങനെ വ്യത്യാസങ്ങളൊന്നുമില്ല, അതിന്റെ ആവശ്യവുമില്ല. ഇസ്രാേയലിനുള്ളില്‍ തന്നെ ജനാധിപത്യപരമായി ജീവിക്കുന്ന ഇരുപത് ശതമാനത്തോളം വരുന്ന അറബ് മുസ്ലിം ജനതയുണ്ടെന്നും അവര്‍ ലോകത്തിലേറ്റവും മികച്ച സൗകര്യങ്ങളോടെ തങ്ങളുടെ ജീവിതവും അവകാശങ്ങളുമായി ജീവിക്കുന്നെന്നും ആരും കാണുന്നതുമില്ല. പൂര്‍ണ്ണമായും ജനാധിപത്യരാജ്യമായ ഇസ്രായേലില്‍ ജനാധിപത്യപ്രക്രിയയില്‍ ആ അറബ് വംശജര്‍ക്കും തുല്യാവകാശങ്ങളാണുള്ളത്. വിദ്യാഭ്യാസപരമായും സാമൂഹിക ഔന്നത്യത്തിലും ലോകത്തെ മറ്റേതൊരു മുസ്ലിം സമൂഹത്തേയുംകാള്‍ ഉന്നതിയിലാണ് ഇസ്രായേലിലെ മുസ്ലീങ്ങള്‍ ജീവിക്കുന്നത്. അവര്‍ക്കില്ലാത്ത ദേഷ്യം ഇസ്രായേലെന്ന രാഷ്ട്രത്തോട് ഇങ്ങ് കിഴക്ക് കിടക്കുന്ന ഭാരതത്തിലെ അവരുമായി യാതൊരു ബന്ധവുമില്ലാത്ത മുസ്ലിം സമൂഹത്തിനുണ്ടാകേണ്ട കാര്യമെന്താണ്? 

അപ്പോള്‍ യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു കാര്യമേ ഇല്ല. ഉണ്ടെന്ന് പറഞ്ഞ് പേടിപ്പിച്ച് ആ പേടിയുടെ വില്‍പ്പനക്കാരാവുകയാണ് വോട്ടുബാങ്ക് രാഷ്ട്രീയം കളിക്കുന്ന സെക്യുലറുകള്‍ എന്ന് അവകാശപ്പെടുന്ന നെഹ്രു കുടുംബരാഷ്ട്രീയവും അവരുടെ പ്രചാരണവിഭാഗമായി വര്‍ത്തിക്കുന്ന ഇടതുപക്ഷരാഷ്ട്രീയവും ഇന്ന് വരെ ചെയ്തിരുന്നത്.  

1947ല്‍ ഇസ്രായേല്‍ പലസ്തീന്‍ വിഭജനത്തിനെതിരായാണ് ഭാരതം ഐക്യരാഷ്ട്രസഭയില്‍ വോട്ടുചെയ്തത്. അതുപക്ഷേ ഇനിയും മതാടിസ്ഥാനത്തിലൊരു രാഷ്ട്രവിഭജനത്തെ എതിര്‍ക്കുന്നു എന്ന വാദം കൊണ്ടാവാം. എന്നാല്‍ 1949ല്‍ ഇസ്രായേലിനെ ഐക്യരാഷ്ട്രസഭയില്‍ അംഗമാക്കുന്നതിനേയും ഭാരതം എതിര്‍ത്തു. തികച്ചും നാണം കെട്ട ഒരു നടപടിയായിരുന്നു അത്. വീര സവര്‍ക്കര്‍ അന്ന് ആ നടപടിയെ നിശിതമായി വിമര്‍ശിച്ചിരുന്നു. പരമപൂജനീയ ഗുരുജിയ്ക്കും ഇസ്രായേല്‍ ദേശീയതയോടും ജൂതന്മാര്‍ക്ക് അവരുടെ മാതൃഭൂമിയിലുള്ള അവകാശത്തോടും അനുകൂലമായ നിലപാടായിരുന്നു. പക്ഷേ നയതന്ത്രമേഖലയില്‍ ഭാരതത്തെ നാണംകെട്ട നിലപാടുകളിലേയ്ക്ക് എന്നും തള്ളിവിട്ടിരുന്ന നെഹ്രുവിയന്‍ രാഷ്ട്രീയം അതൊന്നും ശ്രദ്ധിച്ചതേയില്ല. നമുക്കൊരു നിലപാട്‌പോലും ഇല്ലായിരുന്നു എന്നതായിരുന്നു നെഹ്രുവിയന്‍ നയങ്ങളുടെ പൊള്ളത്തരം. 

ഇസ്രായേല്‍ എന്ന രാഷ്ട്രത്തെ അംഗീകരിച്ചാല്‍ അറബ് ലോകം ഭാരതത്തെ ഒറ്റപ്പെടുത്തുമോ എന്നായിരുന്നു നെഹ്രുവിന്റെ ഏറ്റവും വലിയ വേവലാതി. 1950 ല്‍ എഴുതിയ ഒരു കത്തില്‍ അദ്ദേഹമത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ''അറബ് രാഷ്ട്രങ്ങളുടെ വികാരങ്ങള്‍ ഹനിക്കപ്പെടുമോ എന്ന പേടി മൂലമാണ് ഭാരതം ഇസ്രായേലിനെ ഔദ്യോഗികമായി അംഗീകരിയ്ക്കാതിരുന്നത്,''നെഹ്രു എഴുതി. പുറമേ വലിയ നിഷ്പക്ഷത പാലിച്ചുകൊണ്ട് ചേരിചേരാ നയങ്ങളും പഞ്ചശീലവുമൊക്കെയായി നില്‍ക്കുന്ന നെഹ്രുവിയന്‍ നയതന്ത്രം എത്രത്തോളം ദുര്‍ബലവും അടിസ്ഥാനമില്ലാത്തതുമായിരുന്നെന്ന് ഇത് തെളിയിക്കുന്നു. ചേരിചേരാനയത്തെ പിന്നീട്  സോവിയറ്റ് യൂണിയന്റെ വിടുപണി ചെയ്യുവാനാണ് ഉപയോഗിച്ചതെന്നുകൂടി മനസ്സിലാക്കുമ്പോള്‍ അതിലെ ഇരട്ടത്താപ്പ് വ്യക്തമാകും.  

എന്തായാലും അങ്ങനെയായിരുന്നു 1991 വരെയെങ്കിലും ഭാരതത്തിന്റെ നയതന്ത്രം. 1991 ആയപ്പോഴേയ്ക്കും കാര്യങ്ങള്‍ക്ക് അല്‍പ്പം മാറ്റം വന്നു. പി വി. നരസിംഹറാവു അധികാരത്തിലേറി. നരസിംഹറാവു ഗവണ്മെന്റും തുടര്‍ന്ന് വന്ന വാജ്‌പേയ് ഗവണ്മെന്റും ഇസ്രായേലുമായുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കി. 1992ല്‍ നരസിംഹറാവു ഇസ്രായേലുമായി പൂര്‍ണ്ണമായ നയതന്ത്രബന്ധങ്ങളുണ്ടാക്കിയെങ്കിലും ഇസ്രായേല്‍ രാഷ്ട്രവുമായി പൂര്‍ണ്ണമായും സഹകരിക്കാന്‍ ഒരുക്കമായിരുന്നില്ല. അന്ന് വിദേശകാര്യമന്ത്രിയായിരുന്ന അര്‍ജുന്‍ സിങ്ങ് ഇസ്രാേയല്‍ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ സാങ്കേതികസഹായം ചെയ്യാമെന്ന് സമ്മതിച്ച വ്യോമഗതാഗത ഇടപാട് നിരസിക്കുക പോലും ചെയ്യുകയുണ്ടായി അന്നത്തെ ഗവണ്മെന്റ്. 

പക്ഷേ 1998ല്‍ എ.ബി. വാജ്‌പേയ് മന്ത്രിസഭ അധികാരത്തിലെത്തിയപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. 2000 മാണ്ടില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന എല്‍.കെ.അദ്വാനിയും വിദേശകാര്യമന്ത്രിയായിരുന്ന ജസ്വന്ത് സിങ്ങും ഇസ്രായേല്‍ സന്ദര്‍ശിച്ചു. 2003ല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ഭാരതത്തിലുമെത്തി. സിവില്‍ വ്യോമയാന  ഇടപാടല്ല, തന്ത്രപ്രധാനമായ രാജ്യരക്ഷാ ഇടപാടുകള്‍ വരെ നമ്മള്‍ അന്ന് ഇസ്രാേയലുമായുണ്ടാക്കി. ഭാരതവും വാഗ്ദത്തഭൂമിയുമായുള്ള ബന്ധത്തില്‍ വലിയൊരു കുതിച്ചുചാട്ടമായിരുന്നത്.

മോദിജിയുമായി ചേര്‍ന്ന് പത്രപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ''ഞാന്‍ രാവിലെ യോഗാഭ്യാസം ചെയ്യുമ്പോള്‍ താലാസനത്തിനായി വലത്തേയ്ക്ക് തല തിരിച്ചാല്‍ ആദ്യം കാണുന്ന ജനാധിപത്യരാഷ്ട്രം ഭാരതമാണ്. അതുപോലെ പ്രധാനമന്ത്രി മോദി വസിഷ്ടാസനം ചെയ്യുവാന്‍ ഇടത്തേയ്ക്ക് തല തിരിക്കുമ്പോള്‍ ആദ്യം കാണുന്ന ജനാധിപത്യ രാഷ്ട്രം ഇസ്രായേലും'' ഒരല്‍പ്പം തമാശമട്ടിലാണത് പറഞ്ഞതെങ്കിലും അതില്‍ വലിയൊരു കാര്യമുണ്ട്. ഭാരതത്തിന്റെ പടിഞ്ഞാറുഭാഗത്തുള്ള ആദ്യത്തെ ജനാധിപത്യ രാഷ്ട്രം ഇസ്രാേയലാണ്. മറ്റെല്ലാ രാജ്യങ്ങളും ഏതെങ്കിലും രീതിയിലുള്ള ഏകാധിപത്യ രാഷ്ട്രങ്ങളോ രാജാധികാരമോ ആണ്. അതുകൊണ്ട് തന്നെ ഇത് രണ്ട് ജനാധിപത്യരാജ്യങ്ങള്‍ തമ്മിലുള്ള വലിയൊരു ബന്ധമാണ്.

മറ്റു ചിലര്‍ പറയുന്നത് ഇസ്രായേലുമായി ബന്ധമുണ്ടാക്കിയാല്‍ അറബ് രാജ്യങ്ങളും ഭാരതവുമായി വ്യാപാരബന്ധങ്ങളുള്ളതില്‍ വിള്ളലുകളുണ്ടാവും എന്നാണ്. ആദ്യമേ തന്നെ പറയാം അറബ് രാജ്യങ്ങള്‍ക്ക് ഭാരതത്തിനെയാണ് തിരിച്ചല്ല ആവശ്യം. ഭാരതവുമായി വ്യാപാര ബന്ധങ്ങളുണ്ടാക്കാന്‍ ലോകം മുഴുവന്‍ നിരന്ന് നില്‍ക്കുകയാണ്. ഭാരതത്തിന്റെ പ്രധാന കയറ്റുമതി പങ്കാളിയായ യുഎഈ എന്ന അറബ് രാജ്യത്തില്‍ നിന്നു തന്നെയാണ് വലിയൊരു പങ്ക് ഇറക്കുമതിയും ഭാരതം നടത്തുന്നത്. ഈ അറബ് രാജ്യങ്ങളില്‍ മിക്കതിനും ഇസ്രയേലുമായിത്തന്നെ ശക്തമായ വ്യാപാരബന്ധങ്ങളുണ്ട് എന്നതും മറക്കരുത്. 

ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്‍ (ഛകഇ) എന്ന ഇസ്ലാമിക രാജ്യങ്ങളുടെ സംഘടന നിലവില്‍ വന്നയന്ന് മുതല്‍ ഭാരതതാല്‍പ്പര്യങ്ങള്‍ക്കെതിരേ അതിനെ ഉപയോഗിക്കാന്‍ പാകിസ്ഥാന്‍ ശ്രമിച്ചുവരികയാണ്. അതിനു കൂടെ നില്‍ക്കുകയല്ലാതെ അതിനെ ശക്തമായി എതിര്‍ക്കാനോ ഭാരതത്തിനു വേണ്ടി നിലയുറപ്പിക്കാനോ ഇപ്പറയുന്ന ഒരു രാഷ്ട്രവും ആ വേദിയിലുണ്ടായിട്ടില്ല. എന്ന് മാത്രമല്ല, പാകിസ്ഥാന്‍ നടത്തുന്ന കപടപ്രചരണങ്ങളുടെ ഭാഗമായി കാശ്മീരില്‍ ഭാരതം മനുഷ്യാവകാശലംഘനം നടത്തുന്നുവെന്ന ആരോപണങ്ങളുമായൊക്കെ അവര്‍ രംഗത്ത് വന്നിട്ടുമുണ്ട്. 

''അറബ് ലോകം നമുക്കെന്താണ് തന്നത്?'' ഒരിക്കല്‍ ഭാരത നയതന്ത്രജ്ഞനായ ജ്യോതീന്ദ്ര നാഥ് ദീക്ഷിത് ചോദിച്ചു. ''അവര്‍ കാശ്മീരിനു വേണ്ടി നമ്മോടൊപ്പം നിന്നോ? അവര്‍ കിഴക്കന്‍ പാകിസ്ഥാന്‍ ആപത്ഘട്ടത്തില്‍ നമ്മുടെ കൂടെയുണ്ടായിരുന്നുവോ?''

അതുകൊണ്ട് തന്നെ ഇതൊരു പുത്തന്‍ നയതന്ത്ര നീക്കമാണ്. ഭാരതത്തിന് ആരും ശത്രുക്കളല്ല. എല്ലാവരുമായും സൗഹാര്‍ദ്ദത്തില്‍ പുലര്‍ന്നുപോകാന്‍ നമ്മള്‍ ആഗ്രഹിക്കുന്നു. ഒപ്പം നമ്മളെ ആപത്തില്‍ സഹായിച്ചിട്ടുള്ള രാജ്യങ്ങളുമായി ശക്തമായ സൗഹൃദവും നമ്മള്‍ ആഗ്രഹിക്കുന്നു. ഇസ്രായേല്‍ അതുമാതിരിയൊരു രാജ്യമാണ്.

1971ല്‍ പാകിസ്ഥാനുമായി യുദ്ധമുണ്ടായ സമയത്തും ഭാരതത്തിന് ഇസ്രായേല്‍ ആയുധങ്ങള്‍ തന്ന് സഹായിച്ചിരുന്നു എന്ന വാര്‍ത്ത ഈയിടെയാണ് പുറത്ത് വന്നത്. ആയുധങ്ങള്‍ കൊടുത്തയച്ചതിനു ശേഷം ഇസ്രായേല്‍ പ്രധാനമന്ത്രിയായിരുന്ന ഗോള്‍ഡ മെയര്‍ ഒരു കുറിപ്പു അന്നത്തെ ഭാരതപ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയ്ക്ക് കൊടുത്തയച്ചു. ഇസ്രായേലുമായി ഭാരതം നയതന്ത്രബന്ധങ്ങള്‍ സ്ഥാപിയ്ക്കണമെന്നായിരുന്നു ആ കുറിപ്പില്‍. നമ്മളത് പരിഗണിച്ചതുപോലുമില്ല. പക്ഷേ വീണ്ടും 1999ല്‍ പാകിസ്ഥാന്‍ കാര്‍ഗില്‍ യുദ്ധമുണ്ടാക്കിയപ്പോള്‍ അതായിരുന്നില്ല ഗതി. വാജ്‌പേയ് സര്‍ക്കാര്‍ ഇസ്രായേലുമായി വളരെയടുത്ത ബന്ധമായിരുന്നു അന്ന് ഉണ്ടാക്കിയിരുന്നത്. കാര്‍ഗില്‍ യുദ്ധത്തിന്റെ ഒരു സമയത്ത് ഭാരതസൈന്യം വളരെയേറെ വിഷമിച്ചിരുന്നു. കൊല്ലങ്ങളായി പാകിസ്ഥാന്‍ നമ്മളറിയാതെ ബങ്കറുകളും ക്യാമ്പുകളും തീര്‍ത്തിരുന്നത് ഭേദിക്കുക കഠിനമായിത്തീര്‍ന്നു. ഒപ്പം അമേരിയ്ക്കയോട് അടുപ്പമുണ്ടായിരുന്ന പാകിസ്ഥാനെ സഹായിക്കാന്‍ പല പ്രതിരോധ ഇടപെടലുകള്‍ അമേരിയ്ക്കന്‍ ചേരിയിലുള്ള രാജ്യങ്ങള്‍ മനപ്പൂര്‍വം വൈകിപ്പിക്കുകയും ചെയ്തു. ശത്രുവിന്റെ സ്ഥാനം കൃത്യമായി അറിയാനാകുന്ന ജി. പി. എസ് സാങ്കേതികവിദ്യ ഭാരതവുമായി പങ്കുവയ്ക്കാന്‍ അമേരിയ്ക്കയും വിസമ്മതിച്ചു.

പക്ഷേ ആ വിഷമഘട്ടത്തില്‍ അമേരിക്കന്‍ വിലക്കിനെപ്പോലും മറികടന്ന് ഇസ്രായേല്‍ നമ്മുടെ രക്ഷയ്‌ക്കെത്തി. ലേസര്‍ ഗൈഡഡ് മിസൈലുകളും, ആളില്ലാ വിമാനങ്ങളും മുതല്‍ തോക്കുകളും തിരകളും വരെ ഭാരതസൈന്യത്തിനായി ഇസ്രായേല്‍ എത്തിച്ചുതന്നു. ആ ആയുധങ്ങളുടെയും സാങ്കേതികതയുടേയും ശക്തിയിലാണ് പാകിസ്ഥാനെ ആ യുദ്ധത്തില്‍ നമ്മള്‍ തറപറ്റിച്ചത്.

അത്തരമൊരു രാജ്യവുമായുള്ള നയതന്ത്രബന്ധത്തിലെ ഏറ്റവും വലിയൊരു നാഴികക്കല്ലായി ഈ സന്ദര്‍ശനമെങ്ങനെയാണ് മാറുന്നത്? ആദ്യമായി ഒരു ഭാരതപ്രധാനമന്ത്രി അവിടം സന്ദര്‍ശിക്കുന്നു എന്നത് മാത്രമല്ല കാര്യം. അത് പലസ്തീന്‍ എന്ന ഘടകത്തെ ഭാരതവും ഇസ്രായേലുമായുള്ള ബന്ധത്തില്‍ നിന്നെടുത്തു മാറ്റിയത് കൊണ്ടുകൂടിയാണ്. സാധാരണയായി ഭാരതത്തില്‍ നിന്നുള്ള ആരെങ്കിലും ഇസ്രായേല്‍ സന്ദര്‍ശിച്ചാല്‍ പലസ്തീനിന്റെ ഭാഗമായ റമല്ലയിലും ചെന്നതിനു ശേഷമേ അവിടുന്ന് പോകാറുണ്ടായിരുന്നുള്ളൂ. മിക്ക ലോകനേതാക്കളും അതുമാതിരി തന്നെയാണ് ചെയ്യുക.  ഇസ്രായേല്‍ - പലസ്തീന്‍ എന്ന് ചേര്‍ത്തായിരുന്നു നയതന്ത്രബന്ധങ്ങളെപ്പോലും നമ്മള്‍ വിളിച്ചിരുന്നത്. ആ ചേര്‍ക്കലാണിവിടെ എടുത്ത് മാറ്റിയത്. ഒട്ടുകുറിയെ എടുത്ത് മാറ്റല്‍ (റലവ്യു വലിമശേീി)എന്നാണതിനെ ഇസ്രേയല്‍ മാധ്യമങ്ങള്‍ വിളിച്ചത്. അതുകൊണ്ടുകൂടിയാണ് ഇസ്രായേലുമായുള്ള ഈ ബന്ധം ചരിത്രപ്രധാനമാകുന്നത്.

തന്ത്രപ്രധാനമായ ഏഴു കരാറുകളിലാണ് ഭാരതവും ഇസ്രായേലും ഈ സമയത്ത് ഒപ്പുവച്ചത്. വ്യവസായങ്ങള്‍ക്കു വേണ്ട ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും സാങ്കേതിക സഹായത്തിനുമായുള്ള നാല്‍പ്പത് ദശലക്ഷം ഡോളറിന്റെ കരാറും ഉപഗ്രഹവിക്ഷേപണത്തിനായുള്ള കരാറുകളും അതില്‍പ്പെടും. കൃഷി, വാര്‍ത്താവിനിമയ രംഗത്തെ സാങ്കേതികവിദ്യ എന്നിവയില്‍ ഇസ്രാേയല്‍ ലോകത്തില്‍ തന്നെ മുന്നില്‍ നില്‍ക്കുന്ന രാഷ്ട്രമാണ്. വരണ്ടുണങ്ങിയ ജലദൗര്‍ലഭ്യമുള്ള ദേശമായതിനാല്‍ ജലവിനിയോഗത്തിലും ജലവിഭവസംരക്ഷണത്തിലും അതിശയിപ്പിക്കുന്ന കാര്യക്ഷമത അവരുടെ  സാങ്കേതികവിദ്യയ്ക്കുണ്ട്. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍ നമ്മള്‍ വ്യാപകമായി ഉപയോഗിക്കുന്ന തുള്ളിനനയുടെ സാങ്കേതികവിദ്യ അവരുടെ കണ്ടുപിടിത്തമാണ്. 

ഇരുരാജ്യങ്ങളിലെയും പ്രധാനമന്ത്രിമാര്‍ ഓള്‍ഗാ കടല്‍ക്കരയിലൂടെ കടല്‍വെള്ളം ശുദ്ധീകരിച്ചുപയോഗിക്കാനാവുന്ന മൊബൈല്‍ പ്‌ളാന്റ് ഓടിച്ചുപോകുന്ന ചിത്രങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ എല്ലാവരും കണ്ടതാണ്. അത്തരത്തിലുള്ള സാങ്കേതികവിദ്യകള്‍ വരള്‍ച്ച മൂലം ദുരിതമനുഭവിക്കുന്ന കുടിവെള്ളക്ഷാമമുള്ള നമ്മുടെ രാജ്യത്തില്‍ ഉപയോഗിക്കുന്നതിനുള്ള കരാറുകളും പ്രധാനമന്ത്രി ഒപ്പുവച്ചിട്ടുണ്ട്. കാര്‍ഷിക സാങ്കേതികവിദ്യയില്‍ ഇസ്രയേലുമായി കുറച്ചുനാളുകളായിത്തന്നെ നമ്മള്‍ സഹകരിച്ചു പ്രവര്‍ത്തിയ്ക്കുന്നുണ്ട്. അതിന്റെ മുന്നോട്ടുപോക്കിനായുള്ള കരാറുകളും നമ്മള്‍ ഒപ്പുവച്ചു. ഏതാണ്ട് ഇരുനൂറ്റിയമ്പത് കോടി ഡോളറിന്റെ പ്രതിരോധ കരാറുകളാണ് ഈ വര്‍ഷമാദ്യം ഇസ്രായേല്‍ ഗവണ്മെന്റിന്റെ ഇസ്രായേല്‍ എയര്‍ക്രാഫ്റ്റ് ഇന്‍ഡസ്ട്രീസുമായി നമ്മള്‍ ഒപ്പുവച്ചത്. പ്രതിരോധരംഗത്ത് ഒരുപാടുകാലം മുന്നേ തന്നെ ഏറ്റവും വിശ്വസ്തരായ പങ്കാളിയാണ് ഭാരതത്തിന് ഇസ്രായേല്‍.  

ഇസ്രായേല്‍ സ്‌പേസ് ഏജന്‍സിയും നമ്മുടെ ഐ എസ് ആര്‍ ഓ യും തമ്മില്‍ 2003 മുതലേ സഹകരിച്ചു പ്രവര്‍ത്തിക്കുകയാണ്. ഇസ്രോയേലിന്റെ പല ഉപഗ്രഹങ്ങളും നമ്മുടെ പി.എസ്.എല്‍.വി.  ഉപയോഗിച്ച് വിക്ഷേപിച്ചിട്ടുണ്ട്. ഭാരതത്തിന്റെ ചന്ദ്രയാന്‍ പരിപാടിയില്‍ പങ്കുചേരുന്നതിനും ഇസ്രായേല്‍ സന്നദ്ധത കാട്ടിയിട്ടുണ്ട്. ചെറു ഉപഗ്രഹങ്ങളെ ശൂന്യാകാശത്ത് കൃത്യമായി ഗതിനിയന്ത്രണം ചെയ്യുന്നതിനുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യയായ ഇലട്രിക് പ്രൊപ്പല്‍ഷനില്‍ ഇരുരാജ്യങ്ങളും തമ്മില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനസമയത്ത് കാരാറൊപ്പുവച്ചിട്ടുമുണ്ട്. 

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞതുപോലെ അമേരിക്കയിലെ കമ്പ്യൂട്ടര്‍ വ്യവസായകേന്ദ്രമായ സിലിക്കണ്‍ വാലിയില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന ഭാഷകള്‍ ഹീബ്രുവും ഹിന്ദിയുമാണ്. ഭാരതത്തിലേയും ഇസ്രായേലിലേയും വിദഗ്ദ്ധരാണ് ഇന്ന് ലോകമെമ്പാടുമുള്ള മിക്ക വിവരസാങ്കേതികവിദ്യ വ്യവസായത്തിന്റേയും നെടുംതൂണ്‍. സിലിക്കണ്‍ വാലി, ബംളുരു, ടെല്‍ അവീവ് എന്നിവിടങ്ങളില്‍ പ്രമുഖമായ വിവര സാങ്കേതികവിദ്യ കമ്പനികളെ കൂട്ടിച്ചേര്‍ത്തൊരു സാങ്കേതികവ്യവസായ ത്രികോണം (ഠലരവിീഹീഴ്യ ശിറൗേെൃ്യ ൃേശമിഴഹല)  ഉണ്ടാക്കിയെടുക്കുന്നതിനെപ്പറ്റി ഭാരതീയരും ഇസ്രായേലികളുമായ അമേരിക്കന്‍ വ്യവസായികള്‍ ഈ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ആലോചിച്ചുവരികയാണ് എന്ന് ഇസ്രാേയലിലെ ജറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തുകൊണ്ടും ഇരുരാജ്യങ്ങള്‍ക്കും ഭൗതികമായി ഒരു വലിയ കുതിച്ചുകയറ്റത്തിന് ഈ സൗഹൃദം കാരണമാകും എന്ന് സംശയമില്ല.

ഭാരതമെന്ന പോലെ ചൈനയും ഇസ്രായേലില്‍ നിന്ന് ആയുധങ്ങള്‍ വാങ്ങുന്ന ഒരു രാജ്യമാണ്. ഒരുപക്ഷേ ഭാരതത്തേക്കാള്‍ കൂടുതല്‍. ചൈനയുടെ കാര്യത്തില്‍ ഇസ്രായേലിനു ചില പരിമിതികളുണ്ട്. ഇസ്രായേലും അമേരിക്കയും പല പ്രതിരോധ ഗവേഷണങ്ങളിലും പങ്കാളിയാണ്. അമേരിക്കയെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ സഹകരണത്തിലുണ്ടാക്കിയ ഒരു പ്രതിരോധ സാങ്കേതികവിദ്യ ചൈനയിലെത്തിച്ചേരുന്നത് സ്വയം കുഴി തോണ്ടുന്നത് പോലെയാണ്. പല സമയത്തും അമേരിയ്ക്ക ഇസ്രായേലിനോട് തങ്ങളുടെ ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ചൈനയുമായുള്ള ചില കരാറുകളില്‍ നിന്ന് മുന്‍ കാലങ്ങളില്‍ അമേരിക്കയുടെ ഇടപെടല്‍ കാരണം ഇസ്രായേലിനു പിന്മാറേണ്ടിയും വന്നിട്ടുണ്ട്. ഭാരതവുമായാകുമ്പോള്‍ അങ്ങനെയൊരു പ്രശ്‌നം ഉദിക്കുന്നതേയില്ല എന്നത് ഇസ്രായേലിനെ സംബന്ധിച്ചിടത്തോളം വളരെ ആശ്വാസകരമാണ്.

ഇക്കാര്യത്തില്‍ ചൈനയ്ക്ക് ഒട്ടും തന്നെ സന്തോഷകരമായ നിലപാടല്ല. പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനം നടക്കുന്ന വേളയില്‍ത്തന്നെ ഒരു പ്രകോപനവുമില്ലാതെ അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും അനാവശ്യ വാക്‌പ്പോരുകള്‍ക്ക് ഇടവരുത്തുകയും ചെയ്തത് തന്നെ അവരുടെ അക്കാര്യത്തിലുള്ള അങ്കലാപ്പ് കാരണമാണെന്ന് ചില പ്രതിരോധ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ചൈനയുടെ അടിമകളായ ഇവിടത്തെ കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റുകള്‍ അവരവര്‍ക്ക് കിട്ടിയ ജോലിപോലും നേരേ ചൊവ്വേ ചെയ്യാതെ വിദേശകാര്യനയങ്ങളില്‍ ഉപദേശവും ഫെയ്‌സ്ബുക്ക് പോസ്റ്റുകളുമായി വന്നതും മറ്റൊന്നല്ല തെളിയിക്കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ ഇറക്കിയ പ്രസ്താവന വായിച്ചു നോക്കിയാല്‍ തലക്കെട്ടില്‍ സിപിഎം എന്ന് പറഞ്ഞിട്ടില്ലായിരുന്നെങ്കില്‍ അത് പാകിസ്ഥാന്റെ ഔദ്യോഗിക പ്രസ്താവനയായാണ് തോന്നുക. 

ഇസ്രാേയലില്‍നിന്ന് 

പഠിക്കാനുള്ളത്?

ഭാരത പ്രധാനമന്ത്രിയുടെ ഇസ്രായേല്‍ സന്ദര്‍ശനസമയത്ത് നമ്മള്‍ അല്‍പ്പമൊന്ന് ചിന്തിക്കേണ്ടതുണ്ട്. തലതിരിഞ്ഞ നെഹ്രുവിയന്‍  നയങ്ങള്‍ കൊണ്ട് വികസനപാതയില്‍ ദശാബ്ദങ്ങള്‍ പിറകിലായിപ്പോയ ഭാരതത്തിന്  ഏതാണ്ട് നമ്മോടൊപ്പം ജനിച്ച ഇസ്രയേലെന്ന രാജ്യത്തില്‍ നിന്ന് മറ്റെന്തെങ്കിലും പഠിക്കാനുണ്ടോ? ചുറ്റിനും ഏതുനിമിഷവും ആക്രമിക്കാന്‍ വെമ്പിനില്‍ക്കുന്ന ആഭ്യന്തരവും ബാഹ്യവുമായ ഭീഷണികളുടെ നടുവില്‍ ധൈര്യസമേതം അതിനെയൊക്കെ നേരിട്ട ഇസ്രായേലിന്റെ പാഠം മാത്രമല്ല, ശാസ്ത്രവും സാങ്കേതികവിദ്യയും ശക്തിയാക്കി ലോകശക്തിയായി മുന്നിട്ടുനില്‍ക്കുന്ന ഒരു ഇസ്രാേയലിന്റെ ചിത്രവും നമ്മള്‍ കാണേണ്ടതുണ്ട്.

ഇസ്രാേയലിനെ അതിന്റെ അയല്‍ രാജ്യങ്ങളായ,  പ്രകൃതിവിഭവങ്ങളുടെ ധാരാളിത്തത്താല്‍ അതിസമ്പന്നമായ അറബ് രാജ്യങ്ങളോടൊപ്പവും കൂടെ ഇസ്രായേലിന്റെ കൂടെ ജനിച്ച ഭാരതവുമായും ശാസ്ത്ര സാങ്കേതികതയിലെ മുന്നേറ്റത്തിന്റെ കാര്യത്തില്‍ ഒന്ന് താരതമ്യപ്പെടുത്തി നോക്കാം. അതി സമ്പന്നമായ സൗദി അറേബ്യയുടെ ആഭ്യന്തര വളര്‍ച്ചാ നിരക്കിന്റെ (ജി.ഡി.പി. ) യുടെ വെറും 0.05 ശതമാനം പണം മാത്രമാണ് 2008ല്‍ ശാസ്ത്രത്തിനും സാങ്കേതികവിദ്യയ്ക്കുമായി നീക്കിവച്ചത്. ഇറാന്‍ 0.67 ശതമാനവും ചൈന 1.46 ശതമാനവും വരുമാനം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവച്ചു. ഭാരതം 0.841 ശതമാനം ജി.ഡി.പി. ആണ് ശാസ്ത്ര സാങ്കേതിക ഗവേഷണങ്ങള്‍ക്കായി ചിലവിട്ടത്.  അതേ സമയം ഇസ്രായേല്‍ അവരുടെ വാര്‍ഷിക വരുമാനത്തിന്റെ 4.33 ശതമാനം ഗവേഷണപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുന്നു. 

2013ല്‍ പുറത്തിറങ്ങിയ ഗവേഷണ പ്രബന്ധങ്ങളുടെ കാര്യം നോക്കുകയാണെങ്കില്‍ ചൈനയില്‍ നിന്ന് ഏതാണ്ട് നാലു ലക്ഷത്തിലധികം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭാരതത്തില്‍ നിന്ന് ഏതാണ്ട് ഒരു ലക്ഷത്തിനടുത്തും. ഇറാനില്‍ നിന്ന് മുപ്പത്തീരായിരവും ഇസ്രായേലില്‍ നിന്ന് പതിനോരായിരവും ഗവേഷണ പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൗദി അറേബ്യയില്‍ എണ്ണായിരത്തില്‍ത്താഴെയും. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഭാരതത്തേക്കാളും ഇറാനേക്കാളുമൊക്കെ എത്രയോ മുന്നിലാണ്  ഇസ്രായേലില്‍ നിന്നുള്ള ഗവേഷണപ്രബന്ധങ്ങള്‍ എന്ന് ആലോചിക്കണം. ഒരു കോടിയില്‍ത്താഴെ മാത്രമാണ് ഇസ്രായേലിലെ ജനസംഖ്യ.

ശാസ്ത്ര സാങ്കേതികവിദ്യകളിലെ നോബേല്‍ സമ്മാനജേതാക്കളുടെ എണ്ണം നോക്കിയാല്‍ ഇസ്രായേല്‍ ലോകത്തെ ആദ്യ പതിനഞ്ച് രാജ്യങ്ങളില്‍ വരും. (മറ്റു രാജ്യങ്ങളില്‍ നിന്ന് നോബല്‍ സമ്മാനം നേടിയ ജൂതന്മാരുടെ കണക്കെടുക്കുന്നില്ല). ഭാരതത്തില്‍ വിദ്യാഭ്യാസം നേടിയ ശേഷം മറ്റു രാജ്യങ്ങളില്‍ കുടിയേറി നൊബേല്‍ സമ്മാനം നേടിയ ഒരുപാട് ശാസ്ത്രജ്ഞരുണ്ടെങ്കിലും നൊബേല്‍ സമ്മാനത്തിന്റെ കാര്യത്തിലും നമ്മള്‍ ഒരുപാട് പിന്നോക്കമാണ്. ഏതെങ്കിലും ഒരു സമ്മാനമാണ് ശാസ്ത്ര പുരോഗതിയുടെ അളവുകോല്‍ എന്ന് തീര്‍ച്ചയായും കരുതാനാവില്ല. എങ്കിലും നിഷ്പക്ഷമായി ചിന്തിക്കുമ്പോള്‍ അതും നമ്മള്‍ കണക്കിലെടുക്കണം. 

അതുകൊണ്ടു തന്നെ കേവലമായ സത്യാന്വേഷണത്തിനുനേരെ നമ്മള്‍ പിന്‍തിരിഞ്ഞ് നില്‍ക്കരുത്. ശാസ്ത്രവും വിജ്ഞാനവും ആരുടേയും കുത്തകയല്ല. അത് പാശ്ചാത്യവുമല്ല. ശാസ്ത്രം മനുഷ്യരാശിയുടെ മുഴുവനുമാണ്. ഒരു അഞ്ഞൂറുകൊല്ലം നമ്മള്‍ ക്രൂരമായ അധിനിവേശശക്തികളുടെ കീഴില്‍ അമര്‍ന്നുപോയി എന്നുള്ളത് കൊണ്ട് അല്‍പ്പം പിറകിലായിപ്പോയെന്നേ ഉള്ളൂ.  ശാസ്ത്രചരിത്രത്തില്‍ ആ അഞ്ഞൂറു  കൊല്ലം ഒന്നുമല്ല. ശാസ്ത്രവും സാങ്കേതികവിദ്യയുമെല്ലാം ഈ കിഴക്കില്‍ നിന്നുണ്ടായതാണ്. ഇവിടെയാണതിനി മുന്നോട്ടുപോകേണ്ടതും.

കൊള്ളയടിച്ചും പറ്റിച്ചും കൊണ്ടുപോയ സാമ്രാജ്യങ്ങളെല്ലാം അസ്തമിയ്ക്കുമ്പോള്‍ അതിജീവിക്കേണ്ടത് ഇവിടെത്തന്നെയുണ്ടായിരുന്ന ഈ വേരുറച്ച സംസ്‌കാരങ്ങളാണ്. 

ദേശീയതയുടെ നയതന്ത്രം

റോമന്‍ അധിനിവേശത്തിനു മുന്നേ തന്നെ അധിനിവേശ ശക്തികളാല്‍ കൈയ്യേറ്റം ചെയ്യപ്പെട്ട് ലോകമെമ്പാടും ചിതറിയോടേണ്ടി വന്നവരാണ് ഇസ്രേയല്‍ ജനത. തങ്ങളുടെ നഷ്ടമായ രാഷ്ട്രം തിരികെ ലഭിക്കണമെന്ന അടങ്ങാത്ത അദമ്യമായ ആഗ്രഹം എത്രയോ ആയിരം കൊല്ലങ്ങളായി അവര്‍ മനസ്സില്‍ സൂക്ഷിച്ചുവച്ചു. ഗോവയില്‍ നിന്ന് ക്രിസ്ത്യന്‍ പോര്‍ച്ചുഗീസ് മതപീഡനവും കൂട്ടക്കൊലകളും സഹിയ്ക്കവയ്യാതെ ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്ക് ചിതറിയോടിയ കൊങ്ങിണി സമൂഹവും കാശ്മീരില്‍ നിന്ന് ഇസ്ലാമിക തീവ്രവാദികളുടെ കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടോടി താഴ്‌വര വിട്ട് ഇന്നും അഭയാര്‍ത്ഥികളായിക്കഴിയുന്ന കാശ്മീരി ഹിന്ദുക്കളും അത്തരം പലായനങ്ങള്‍ക്കുദാഹരണമായി ആധുനിക ഭാരതത്തില്‍ത്തന്നെയുണ്ട്. 

ലോകത്തെ ഏറ്റവും സംസ്‌കാരസമ്പന്നരായ ജനത ജീവിക്കുന്നു എന്ന് പേരുകേട്ട പാരീസില്‍പ്പോലും ജൂതര്‍ക്ക് സമാധാനമായി ജീവിക്കാനാവുന്നില്ല എന്ന വലിയൊരു നിരാശാബോധത്തില്‍ നിന്നാണ് സയണിസത്തിന്റെ പിതാവായ തിയൊഡോര്‍ ഹേര്‍ട്‌സല്‍ തങ്ങള്‍ക്ക് നഷ്ടമായ യഹൂദിയായിലേയ്ക്ക് തിരികെപ്പോകണമെന്നും അവിടെയൊരു  ജൂതരാഷ്ട്രം സ്ഥാപിക്കണമെന്നും ആഗ്രഹിച്ചത്. ജൂത ദേശീയവാദത്തിന്റെ അലയൊലികള്‍ യൂറോപ്പിലെ ജൂതര്‍ക്കിടയില്‍ പടര്‍ന്നപ്പോഴേയ്ക്കും ജര്‍മ്മനിയില്‍ അതിക്രൂരമായ രീതിയില്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്യാന്‍ തുടങ്ങിയിരുന്നു. ഹിറ്റ്‌ലറെപ്പോലെയും നാസികളേപ്പോലെയുമുള്ള അതിക്രൂരന്മാര്‍ ചെയ്ത് കൂട്ടിയ മനുഷ്യമനസ്സാക്ഷി മരവിച്ചുപോകുന്ന ആ കൂട്ടക്കൊലകളില്‍ നിന്ന് രക്ഷപെട്ട് ബാക്കിയായ ജൂതന്മാര്‍ക്ക് ഇസ്രായേലിലേയ്ക്ക് തിരിച്ചു പോവുകയല്ലാതെ മറ്റു വഴികളൊന്നും തന്നെയില്ലായിരുന്നു. 

''ഇസ്രായേല്‍ ദേശം ജൂതന്മാരുടെ ജന്മസ്ഥലമാണ്. അവരുടെ ആത്മീയവും മതപരവും രാഷ്ട്രീയവുമായ അസ്തിത്വം ഇവിടെയാണ് ഉരുത്തിരിഞ്ഞത്. അവരുടെ രാഷ്ട്രപദവി ഇവിടെയാണുരുത്തിരിയപ്പെട്ടത്...ബലാല്‍ക്കാരമായി ഈ ദേശത്തുനിന്നും പ്രവാസികളാക്കപ്പെട്ടെങ്കിലും കൂട്ടം പിരിഞ്ഞുപോയ സമയമെല്ലാം ഈ ജനത വിശ്വാസം വെടിയാതെ സ്വദേശത്തിലേയ്ക്ക് എന്നെങ്കിലും തിരികെവരാനാകണമേയെന്നും അവരുടെ രാഷ്ട്രീയസ്വാതന്ത്ര്യം പുനരുദ്ധരിക്കാനാകണേയെന്നും പ്രാര്‍ത്ഥിച്ചുകൊണ്ടേയിരുന്നു''

1948 മെയ് 14ന്  ഇസ്രായേലെന്ന രാഷ്ട്രം സ്ഥാപിച്ചുകൊണ്ടുള്ള പ്രഖ്യാപനത്തില്‍ നിന്നെടുത്ത ചെറിയൊരു ഭാഗമാണിത്. ആയിരക്കണക്കിനു കൊല്ലങ്ങളായി സ്വദേശത്തുനിന്നു പറിച്ചെറിയപ്പെട്ട, പീഡിപ്പിക്കപ്പെട്ട ഒരു ജനതയുടെ ശബ്ദമതിലുണ്ട്. ഒരു രാഷ്ട്രസങ്കല്‍പ്പത്തെ, ദേശീയതയെ എത്രയോ ലളിതമായി അവതരിപ്പിച്ചിരിക്കുന്നു. ഒരു ദേശത്തോട് സാംസ്‌കാരികമായും ആത്മീയമായും രാഷ്ട്രീയമായുമുള്ള താദാത്മ്യപ്പെടല്‍. അതൊരു മതാടിസ്ഥാനത്തിലുള്ള ഐക്യപ്പെടലല്ല. സാംസ്‌കാരികമായ ഐക്യപ്പെടലാണ്. തങ്ങളുടെ ജീവനത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഭൂമിക വേറെവിടെയുമുണ്ടാവില്ലയെന്ന തിരിച്ചറിവ്. 

അഞ്ഞൂറു കൊല്ലം മുന്നേ കേരളത്തിലെ ഗുരുപവനപുരിയിലിരുന്നൊരു മഹാത്മാവ് പാടി. ആയിരക്കണക്കിനു കൊല്ലങ്ങളായി ഈ നാടിന് നിറവും മണവുമായിത്തീര്‍ന്ന ഒരുപാട് കൃതികളിലുള്ള ആശയമായിരുന്നുവത്. 

 

ഭൂപത്മത്തിനു കര്‍ണ്ണികയായിട്ടു

ഭൂധരേന്ദ്രനതിലല്ലോ നില്ക്കുന്നു.

ഇതിലൊമ്പതു ഖണ്ഡങ്ങളുണ്ടല്ലോ

അതിലുത്തമം ഭാരതഭൂതലം......

അതില്‍ വന്നൊരു 

        പുല്ലായിട്ടെങ്കിലും

ഇതുകാലം ജനിച്ചുകൊണ്ടീടുവാന്‍

യോഗ്യത വരുത്തീടുവാന്‍ തക്കൊ        രു ഭാഗ്യം പോരാതെ പോയല്ലോ 

                          ദൈവമേ!

   ഭാരതഖണ്ഡത്തിങ്കല്‍ പിറന്നൊരു

മാനുഷര്‍ക്കും കലിക്കും നമസ്‌കാരം!

ഒരു പുല്ലായെങ്കിലും ഈ ഭാരതഭൂദേശത്ത് വന്ന് പിറക്കാനുള്ള ഭാഗ്യം ഇല്ലാതെ പോയല്ലോ ദൈവമേ എന്ന് ഭൂമിയില്‍ മാത്രമല്ല സകല ലോകങ്ങളിലുമുള്ളവര്‍ക്ക് തോന്നുന്നു എന്ന് അതിയായ ഭക്തിയോടുകൂടി പൂന്താനം നമ്പൂതിരിയെന്ന മഹാത്മാവ് പാടിയിരിയ്ക്കുന്നതില്‍ക്കുറഞ്ഞൊന്നുമല്ല തങ്ങളുടെ സാംസ്‌കാരിക ഭൂമികയോട് ജൂതന്മാര്‍ക്കും തോന്നുന്ന വികാരം. അതുകൊണ്ടുകൂടിത്തന്നെയാവും ഇസ്രയേല്‍ ജനതയും ഭാരതവും തമ്മില്‍ ഇത്രയേറേ സ്‌നേഹാദരങ്ങള്‍ നിലവിലുള്ളതും.

പക്ഷേ പുത്തന്‍ കപടപ്രചരണങ്ങളില്‍ പുരോഗമനാശയങ്ങളുടേ മേല്‍മൂടിയണിഞ്ഞ് ഈ ദേശീയവികാരത്തെ ഇകഴ്ത്താന്‍ കമ്മ്യൂണിസ്റ്റുകാര്‍ മുതല്‍ ഇസ്ലാമിസ്റ്റുകള്‍ വരെയുള്ളവര്‍ മത്സരമാണ്. അവര്‍ക്ക് അവരവരുടെ മതമാണ് സ്വദേശത്തേക്കാള്‍ വലുത്. അത് കമ്മ്യൂണിസ്റ്റ് മതമായാലും മൗദൂദിസവും വഹാബിസവുമായാലും. അതുകൊണ്ട് തന്നെ എന്തുവിലകൊടുത്തും ഏതുതരം ദേശീയതയേയും ഇകഴ്ത്തിക്കെട്ടുകയെന്നത് അവരുടെ പ്രധാന അജണ്ടയാണ്. 

കമ്യൂണിസ്റ്റുകാരുടേ ദേശീയസങ്കല്‍പ്പം വളരെ വിചിത്രമാണ്. അധികാരത്തിലെത്തുന്നതു വരെ അവര്‍ക്ക് ദേശീയതയെന്നാല്‍ തീര്‍ത്തും അലര്‍ജിയുണ്ടാക്കുന്നതാണ്. സാംസ്‌കാരിക ഏകതയോട് ചേര്‍ന്ന് നിന്ന് ജനത ഒരുമിക്കുന്നത് തടയിട്ടാലേ അവര്‍ക്ക് തൊഴിലാളിയും ബൂര്‍ഷ്വായും പെറ്റിബൂര്‍ഷ്വായുമായി ജനങ്ങളെ തമ്മിലടിപ്പിച്ച് വര്‍ഗ്ഗസമരങ്ങള്‍ സിദ്ധാന്തിക്കാനാകുകയുള്ളൂ. അതുകൊണ്ടുതന്നെ ദേശീയതയെന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് തുള്ളല്‍പ്പനി പിടിച്ച പോലെയാണ്. അതിനെതിരേ സകലസമയത്തും അവര്‍ ഇന്റര്‍നാഷണലിസവും തൊഴിലാളിവര്‍ഗ്ഗം ഒരുമിക്കേണ്ടതിനെപ്പറ്റിയും മറ്റും വാചാടോപം നടത്തും. അവര്‍ പക്ഷേ എവിടെയൊക്കെ അധികാരത്തിലെത്തിയിട്ടുണ്ടോ അവിടെയെല്ലാം ബഹുസ്വരതയെ തകര്‍ക്കാനുള്ള സകല നടപടികളും തുടങ്ങും. അധികാരത്തിലെത്തിയാല്‍ തൊഴിലാളികള്‍ അടിമകളും കമ്മ്യൂണിസ്റ്റുകാര്‍ ഉടമകളുമാകും.

റഷ്യയില്‍ അവര്‍ റഷ്യക്കാരല്ലാത്ത കവികളുടെയും കലാകാരന്മാരുടെയുമെല്ലാം കൃതികള്‍ ചുട്ടുകരിച്ചു. ജോര്‍ജ്ജിയ, ഉക്രൈന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ തനത് സംസ്‌കാരത്തെ പൂര്‍ണ്ണമായും ഇല്ലാതെയാക്കാനുള്ള നടപടികള്‍ തുടങ്ങി. തൊഴിലാളി സമരങ്ങള്‍ ക്രൂരമായി അടിച്ചമര്‍ത്തി സമരക്കാരെ കൊന്നുതള്ളി. നിര്‍ബന്ധപൂര്‍വം അവര്‍ കൃത്രിമമായി പടച്ചുണ്ടാക്കിയ ഒരു കപട കമ്മ്യൂണിസ്റ്റ് ദേശീയത ജനങ്ങളില്‍ കുത്തിവയ്ക്കാന്‍ ആരംഭിച്ചു. പണ്ട് കേരളത്തില്‍ ലഭ്യമായ പഴയ സോവിയറ്റ് യൂണിയന്‍ പുസ്തകങ്ങള്‍ വായിച്ചുനോക്കിയിട്ടുള്ളവര്‍ക്കറിയാം എത്രത്തോളം ആ കപടദേശീയത മനുഷ്യരില്‍ കുത്തിവയ്ക്കാന്‍ അവര്‍ കഥകളേയും കവിതകളേയുമൊക്കെ ആശ്രയിച്ചിരുന്നെന്ന്. ആ കഥകളും കവിതകളും വായിച്ച് ലോകത്തിന്റെ ഇങ്ങേയറ്റത്തുള്ള ഇന്നാട്ടില്‍ പോലും, റഷ്യയുമായി പൊതുവായി യാതൊരു സാംസ്‌കാരിക കൊടുക്കല്‍ വാങ്ങലുകളുമില്ലായിരുന്ന ഈ കൊച്ചു കേരളത്തില്‍ പോലും റഷ്യയിലെ ദേശീയതയെ സ്വന്തം ദേശീയതയേക്കാള്‍ വലുതായിക്കണ്ട് ആള്‍ക്കാര്‍ ജീവിക്കാന്‍ തുടങ്ങി എന്നതാലോചിക്കുമ്പോഴേ ആ പ്രചാരണത്തിന്റെ തീവ്രത നമുക്ക് ബോധ്യമാകൂ. 

ചൈനയിലും വ്യത്യാസമല്ല, പിടിച്ചെടുക്കപ്പെട്ട ജനതയുടെ, തോല്‍പ്പിയ്ക്കപ്പെട്ട ജനതയുടെ ദേശീയതയുടെ കാര്യം വരുമ്പോഴേ അവര്‍ക്കും ഈ പ്രശ്‌നമുള്ളൂ. ടിബറ്റന്‍ സാംസ്‌കാരിക ദേശീയതയെ പൂര്‍ണ്ണമായും നിരാകരിച്ച് ആ ഭൂഭാഗത്തെ ഇന്ന് ഏതാണ്ട് ചൈനാവല്‍ക്കരിച്ചുകഴിഞ്ഞു. ഫാസിസ്റ്റ് എന്ന് വിളിയ്ക്കപ്പെടുന്ന രാജ്യത്തേക്കാള്‍ കപട പ്രൊപ്പഗാണ്ടകളും തീവ്രദേശീയവാദവുമാണ് ചൈനയിലിന്നുള്ളത്. 

അതിനെയൊക്കെ ന്യായീകരിക്കുന്നവര്‍ക്ക് സ്വന്തം നാടിന്റെ ആയിരത്താണ്ടുകള്‍ നീണ്ടുനില്‍ക്കുന്ന ദേശീയതയെപ്പറ്റി പറയുമ്പോള്‍ മാത്രം ലിബറലിസവും ഇന്റര്‍നാഷണലിസവും പുറത്തുവരും.

ഇതുമാതിരിയാണ് ഇസ്ലാമികവാദികളുടേ ദേശീയതയോടുള്ള എതിര്‍പ്പും. തദ്ദേശീയമായ സകലതിനേയും എതിര്‍ക്കുന്നതിന് അവരുപയോഗിക്കുന്ന ആയുധമാണീ ദേശീയതയോടുള്ള എതിര്‍പ്പ്. അതേ സമയം അറബിസംസ്‌കാര പ്രചരണത്തില്‍ അവര്‍ അറബികളേക്കാള്‍ രാജഭക്തി കാട്ടും. സ്വന്തമായി മഹത്തായ സംസ്‌കാരങ്ങളുണ്ടായിരുന്ന ഈജിപ്റ്റും പേര്‍ഷ്യയും മുതല്‍ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ആഫ്രിക്കന്‍ രാജ്യങ്ങളുമുള്‍പ്പെടെ പൂര്‍ണ്ണമായും അറബിക്‌വല്‍ക്കരിച്ചു കഴിഞ്ഞു.വന്‍ ജനപഥമായിരുന്ന ഗാന്ധാരത്തിന്റേയും പിരമിഡുകളുടെ ഈജിപ്റ്റിന്റേയും സംസ്‌കാരം ഇന്ന് ഒന്നും തന്നെ ബാക്കിയില്ല. അവിടെയാണ് ഇവര്‍ ദേശീയതയെ എതിര്‍ക്കുന്നതിലെ ഇരട്ടത്താപ്പിരിക്കുന്നത്. സ്വന്തം ദേശീയതയേയും സംസ്‌കാരത്തേയും ത്യജിച്ചിട്ട് വേറൊരുതരം കപട വൈദേശിക സംസ്‌കാരത്തെ പുണരുകയാണ് അവര്‍ ചെയ്യുന്നത്. അത് അവരുടെ മതത്തിന് ആവശ്യമുള്ളതുമല്ല.  സ്വന്തം സംസ്‌കാരം നിലനിര്‍ത്തി ജീവിക്കുന്ന ഒരുപാട് മുസ്ലിം സമൂഹങ്ങള്‍ ലോകമെമ്പാടുമുണ്ട്. പക്ഷേ ഈ മൗദൂദിവല്‍ക്കരണവും വഹാബിവല്‍ക്കരണവും കൂടെക്കൊണ്ടുവരുന്നത് അറേബ്യവല്‍ക്കരണമാണ്.  

അവിടെയാണ് വീണ്ടും ഇസ്രായേലിന്റെ പ്രസക്തി. പൂര്‍ണ്ണമായും ജനാധിപത്യവും മതേതരമൂല്യങ്ങളും കാത്തുരക്ഷിച്ചു തന്നെയാണ് ആ രാഷ്ട്രം പടുത്തുയര്‍ത്തിയിരിക്കുന്നത്. അതേ സമയം തങ്ങളുടെ സാംസ്‌കാരികഭൂമികയുടെ നിലനില്‍പ്പില്‍ അവര്‍ക്ക് സംശയങ്ങളൊന്നുമില്ലാ താനും. അതുകൊണ്ടുകൂടിത്തന്നെയാണ് ലോകം മുഴുവന്‍ തകര്‍ന്നടിഞ്ഞ കമ്യൂണിസ്റ്റ് മതത്തിനും ഭീകരതയെ ആയുധമാക്കി ജനങ്ങളെ ബന്ദിയാക്കി വിലപേശുന്ന മൗദൂദിയന്‍ വഹാബിയന്‍ ഭീകരവാദികള്‍ക്കും ഒരുപോലെ ഭാരതവും ഇസ്രായേലുമായുള്ള ബന്ധം വേദനയുണ്ടാക്കുന്നത്. അവരുടെ ഇരട്ടത്താപ്പുകള്‍ ഉണര്‍ന്നെണീറ്റു കഴിഞ്ഞ ഈ ഭാരതത്തില്‍ ഇനിയും വിലപ്പോവുകയില്ലെന്ന് അവര്‍ മനസ്സിലാക്കുന്നുണ്ട്. 

പക്ഷേ എന്തൊക്കെ കുപ്രചരണങ്ങളുണ്ടായാലും എന്തൊക്കെ ഉമ്മാക്കികള്‍ കാട്ടിയാലും ഹിന്ദുവും ക്രിസ്ത്യനും മുസ്ലീമും ബൗദ്ധനും സിഖുകാരനും പാര്‍സിയും എല്ലാമടങ്ങുന്ന യഥാര്‍ത്ഥ ഭാരതീയന്‍ അവന്റെ സാംസ്‌കാരിക ഔന്നത്യത്തെ, അവന്റെ സാംസ്‌കാരികത്തനിമയെ സര്‍വദാ പുണര്‍ന്നുകൊണ്ട് ഇന്നാട്ടില്‍ ധീരമായിത്തന്നെ നിലനില്‍ക്കും. 

അവലംബിച്ച കൃതികള്‍

1. Abhyankar, Rajendra (March 2012). 'The Evolution and Future of India-Israel Relations'  The S. Daniel Abraham Center for International and Regional Studies. The Harold Hartog School of Government and Policy, Tel Aviv University, Tel Aviv.

2. Blarel,  Nicolas , 2014 The Evolution of India's Israel Policy: Continuity, Change, and Compromise Since 1922, The Oxford International Relations in South Asia Series., Oxford University Press. 

3.Kumaraswamy, P. R. (January 1995). 'India's Recognition of Israel, September 1950'. Middle Eastern Studies. Taylor & Francis, 31 (1): 124-138

4.Kumaraswamy,, P. R., 2010. India's Israel Policy. 1st ed. New York: Columbia University Press.

5.Raghavan, Srinath, 2013. 1971 A Global History of the Creation of Bangladesh. 1st ed. Massachusetts, United States: Harvard University Press.

6.Reece, Jones, 2012. Border Walls: Security and the War on Terror in the United States, India, and Israel. 1st ed. London: Zed Books.

7.Weil, Shalva, 2003. India's Jewish Heritage: Ritual, Art and Life-Cycle. 1st ed. Mumbai: The Marg Foundation.

Website/News Portals

1.Aishwarya Sahai. 2016. India's Mistress: Israeli-Indian Illusive Relations. [ONLINE] Available at: http://natoassociation.ca/indias-mistress-israeli-indian-illusive-relations/. [Accessed 7 July 2017].

2. Alvite Singh Ningthoujam. 2013. Return of Israel's Arms Sales Diplomacy? [Online] Available at: http://www.jpost.com/Opinion/Op-Ed-Contributors/Return-of-Israels-arms-sales-diplomacy-317587. [Accessed 7 July 2017].

3.Arlosoroff , Meirav. 2017. Wake Up, Israel! Indian PM Narendra Modi's Visit Will Make History [ONLINE] Available at: http://www.haaretz.com/israel-news/.premium-1. 798101

4.Gili Cohen  et al, 2017. India and Israel's Largest Aerospace Company to Broaden Cooperation [ONLINE] Available at: http://www.haaretz.com/israel-news/business/1.799788

5.Herb Keinon. 2017. India's Modi Looks Beyond defence Ties On Eve Of Historic Israel Visit. [Online] Available At: http://www.jpost.com/israel-news/modi-looks-beyond-defense-deals-on-eve-of-israel-visit-498624. [Accessed 7 July 2017].

6.Imtiaz Ahmad. 2017. Pak media on Modi's Israel visit: Need to checkmate India's aggressive moves. [ONLINE] Available at: http://www.hindustantimes.com/world-news/pm-modi-s-visit-to-israel-viewed-with-suspicion-by-pakistani-media/story-vNUjedbxlr5c8 9tzhpGFxK.html. [Accessed 7 July 2017].

7.Ishku, Michael (Winter 2011). 'India's Israel Policy (review)'. Middle East Journal. Middle East Institute. 65 (1)

8.Kumaraswamy, P. R. (January 1995). 'India's Recognition of Israel, September 1950'. Middle Eastern Studies. Taylor & Francis, Ltd. 31 (1): 124-138

9.Opall-Rome, Barbara; Jayara man, K.S. 2005. Israel Chooses Indian PSLV To Launch New Spy Satellite. [ONLINE] Available at: https://www.space.com/1777-israel-chooses-indian-pslv-launch-spy-satellite.html. [Accessed 7 July 2017]

10. Panter-Brick, Simone (January 5, 2009). 'Gandhi's Views on the Resolution of the Conflict in Palestine: A Note'. Middle Eastern Studies. Routledge. 45 (1): 127-133. 

11.Pfeffer, Anshel (December 1, 2008). 'Israel-India relations / Strong, but low-key'. Haaretz. [Accessed 7 July 2017]

12.The Guardian Datablog. 2017. India's trade: full list of exports, imports and partner countries. [ONLINE] Available at: https://www.theguardian.com/news/datablog/2013/feb/22/cameron-india-trade-exports-imports-partners. [Accessed 7 July 2017].

13. The Times if Israel. 2017. In visit focused on economy, Netanyahu, Modi quietly talk terror. [ONLINE] Available at: http://www.timesofisrael.com/invisit focused on economy-netanyahu-modi quietly talkterror/. [Accessed 7 July 2017].

14.World Bank Data. 2017. Worldbank Databank. [ONLINE] Available at: http://data.worldbank.org. [Accessed 7 July 2017].

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments