Kesari WeeklyKesari

-ലേഖനം-

സര്‍ഗാത്മകതയുടെ പരമാവധിയും അനുമതിയില്ലായ്മയുടെ വേദനകളും-ജയനാരായണന്‍ വി.

on 21 July 2017

ലച്ചിത്രകാരന്മാരുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാനും അത് കണ്ട് കോള്‍മയിര്‍കൊള്ളാനും അനുമതിയില്ലാതെയാണ് ജൂണ്‍ 16 മുതല്‍ 20 വരെ തിരുവനന്തപുരത്ത് നടന്ന പത്താമത് രാജ്യാന്തര ഹ്രസ്വ ചലച്ചിത്ര മേളയ്ക്ക് തിരശ്ശീലവീണത്. ചലച്ചിത്രകാരന്മാരുടെ സര്‍ഗാത്മകത പ്രകടിപ്പിക്കാന്‍ പരമാവധി അവസരങ്ങള്‍ ഒരുക്കുമെന്ന് മേള ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു. അനുമതി ലഭിക്കാത്ത നാല് ഡോക്യുമെന്ററികള്‍ക്ക് പ്രദര്‍ശനാനുമതി വേണമെന്ന അക്കാദമി ചെയര്‍മാന്റെ ആവശ്യം 'പരമാവധി' എന്ന പരിധിയെ അതിലംഘിക്കുന്നതായിരുന്നു എങ്കിലും ജെ.എന്‍.യു. സമരത്തിന്റെയും കാശ്മീര്‍ പ്രശ്‌നത്തിന്റെയും കഥകള്‍ പറയുന്ന ഡോക്യുമെന്ററികള്‍ ഉള്‍പ്പെടെയുള്ളവ പ്രദര്‍ശിപ്പിക്കുന്നതിനായി ഹൈക്കോടതിയെ സമീപിച്ച് വിഷയത്തോടുള്ള 'പ്രതിബദ്ധത' തെളിയിക്കാന്‍ സംഘാടകര്‍ അവസാനനിമിഷംവരെ ആഞ്ഞുശ്രമിച്ചു. ഹര്‍ജിയില്‍ 10 ദിവസത്തിനകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് കോടതി വിധിച്ചിരിക്കുന്നു. അനുകൂലവിധിയെങ്കില്‍ വീണ തിരശ്ശീല വീണ്ടും പൊക്കികാണിക്കാം. പ്രതികൂലമെങ്കില്‍ ഇപ്പോള്‍ നടത്തിവരുന്ന പണികള്‍ തുടരാം. രണ്ടായാലും വിജയം ഒരേകക്ഷിയില്‍തന്നെ വന്നുചേരുന്ന കേസ്! രാജ്യത്തിന്റെ നിയമസംവിധാനങ്ങള്‍ സര്‍ഗാത്മകസ്വാതന്ത്ര്യത്തിന് കനത്ത വെല്ലുവിളിയുയര്‍ത്തുന്നതായി ചിത്രീകരിക്കണമല്ലോ...!
സര്‍ഗാത്മകതയുടെ പേരില്‍ എന്തും ആവിഷ്‌ക്കരിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കുമില്ല. ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചാല്‍പോലും ഫൈന്‍ നല്‍കേണ്ടിവരുന്ന നാടാണ് നമ്മുടേത്. എന്റെ സഞ്ചാരസ്വാതന്ത്ര്യത്തെയാണ് നിങ്ങള്‍ തടയുന്നതെന്ന് വാഹനപരിശോധകരോട് പറഞ്ഞാലുളള അവസ്ഥ എന്താകും? 
യാഥാര്‍ത്ഥ്യങ്ങള്‍ വെളിപ്പെടുത്താതെ വസ്തുതകള്‍ വളച്ചൊടിച്ചും നിറംപുരട്ടിയും അതിവൈകാരികതയോടെയും പ്രേക്ഷകരിലേക്ക് പകരാന്‍ ദൃശ്യമാധ്യമത്തിലൂടെ കഴിയും. ചരിത്രത്തിന്റെ ശരിയായ ആവിഷ്‌ക്കാരമല്ല മറിച്ച് ചരിത്രത്തോട് സംവിധായകന്റെ (എഴുത്തുകാരന്റെ) നിലപാട് മാത്രമാകും ഇത്തരത്തില്‍ ആവിഷ്‌ക്കരിക്കപ്പെടുക. എം.ടി.യുടെ രണ്ടാമൂഴം മഹാഭാരതമെന്നപേരില്‍ അവതരിപ്പിക്കാന്‍ കഴിയാത്തതും ഇതുകൊണ്ടുതന്നെ. പ്രദര്‍ശനാനുമതി നിഷേധിച്ച ചിത്രങ്ങള്‍ യു-ട്യൂബ് പോലുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെ കാഴ്ചക്കാരിലെത്തിക്കാന്‍ തുനിഞ്ഞാല്‍ രാജ്യത്തെ പരമാവധി ശിക്ഷയാകും അവരെ കാത്തിരിക്കുന്നുണ്ടാവുക.
2016 ഏപ്രില്‍ ഒന്നുമുതല്‍ അനുമതിയില്ലാതെ ഓഫീസില്‍ ഹാജരാകാതിരുന്നതിന്റെയും ഏപ്രില്‍ 15-ന് അനുമതിയില്ലാതെ ഹാജരായതിന്റെയും പേരില്‍ ചെയര്‍മാന്‍ കമലിന്റെ കോടതി 2016 സെപ്റ്റംബര്‍ എട്ടാം തീയതി ചലച്ചിത്ര അക്കാദമി സര്‍വ്വീസില്‍നിന്ന് എന്നെ നീക്കംചെയ്ത് ഉത്തരവായപ്പോള്‍ 'അനുമതി' എന്ന വാക്കിന് സര്‍ഗ്ഗാത്മകസ്വാതന്ത്ര്യത്തെ മാത്രമല്ല തൊഴിലെടുത്ത് ജീവിക്കാനുള്ള ഒരുവന്റെ അവകാശത്തെപ്പോലും ഇല്ലാതാക്കാനാകുമെന്ന് ഈയുള്ളവന്‍ അനുഭവിച്ചറിഞ്ഞിരുന്നു. അക്കാദമിക് സര്‍ഗ്ഗാത്മകതയുടെ തെളിവുകളായി രേഖകളെല്ലാം ഞാന്‍ ഡോക്കുമെന്റ് ചെയ്ത് സൂക്ഷിച്ചിട്ടുമുണ്ട്. നടപടി പുനഃപരിശോധിക്കണമെന്ന ദയാഹര്‍ജിയില്‍ ഒന്‍പത് മാസങ്ങള്‍ പിന്നിട്ടതിനുശേഷവും ഒരു മറുപടിപോലും ഉണ്ടായിട്ടുമില്ല.
പറയുകയോ എഴുതുകയോ ചെയ്യുന്ന വാക്കുകളിലോ ചിഹ്നങ്ങളിലോ ദൃശ്യവത്കരണംകൊണ്ടോ രാജ്യത്തിനെതിരെ വെറുപ്പോ വിദ്വേഷമോ വളര്‍ത്തുന്നത് രാജ്യദ്രോഹമാണ്. അനുമതി ലഭിക്കാത്ത ഡോക്യുമെന്ററികളിലെ പ്രതിപാദ്യം ഇവയൊന്നുമല്ലെന്ന ഉറച്ച വിശ്വാസമാണ് അക്കാദമിയെ നീതിതേടി ഹൈക്കോടതിയെ സമീപിക്കാന്‍ പ്രേരിപ്പിച്ചത്. സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചതിനായി നിരത്തുന്ന കാരണങ്ങള്‍ അക്കാദമിക്ക് സ്വീകാര്യമല്ല. ചലച്ചിത്രമേളകളില്‍ സെന്‍സറിങ്ങിന്റെ ആവശ്യമില്ലെന്നും അക്കാദമി കരുതുന്നു. 'അനുമതി' എന്ന വാക്കിനോടുള്ള അലര്‍ജികാരണം അവാര്‍ഡ് പരിഗണനയ്ക്ക് സെന്‍സര്‍ബോര്‍ഡിന്റെ അനുമതിപത്രം വേണമെന്ന അവാര്‍ഡ് ചട്ടങ്ങളിലെ നിബന്ധനപോലും അക്കാദമി അടുത്തവര്‍ഷംമുതല്‍ എടുത്തുകളഞ്ഞേക്കാം. അഴിമതിയല്ല അനുമതിയാണ് ഇന്നത്തെ മുഖ്യപ്രശ്‌നം. 
ജീവപര്യന്തം തടവും പിഴയും, പിഴ അടച്ചില്ലെങ്കില്‍ മൂന്നുവര്‍ഷംകൂടി തടവും എന്നതാണ് രാജ്യദ്രോഹത്തിനുള്ള പരമാവധി ശിക്ഷ. അക്കാദമിയിലെ ആര്‍ക്കെങ്കിലുമൊക്കെ ജാതകത്തില്‍ ഇത്തരമൊരുശിക്ഷ അനുഭവിക്കുന്നതിനുള്ള യോഗമുണ്ടെങ്കില്‍ പിന്നെ പറഞ്ഞിട്ടുകാര്യമില്ല. 
ജനങ്ങളുടെ ആസ്വാദനശേഷിയെ പരിപോഷിപ്പിക്കാനായി രൂപീകരിച്ച ചലച്ചിത്ര അക്കാദമി അതിന് വിരുദ്ധമായാണ് ഇന്ന് പ്രവര്‍ത്തിച്ചുവരുന്നതെന്നാണ് ബോധപൂര്‍വ്വം  ആസൂത്രണംചെയ്യുന്ന ഇത്തരം വിവാദങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
(ചലച്ചിത്ര അക്കാദമി മുന്‍ ഉദ്യോഗസ്ഥനാണ് ലേഖകന്‍)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments