Kesari WeeklyKesari

അഭിമുഖം

ആറ്റപാടത്തെ കാറ്റ് നല്‍കുന്ന പ്രതീക്ഷകള്‍--അനില്‍ ദേവസ്സി

on 14 July 2017

പ്രകാശന്റെ മോന്‍ നവീനാണ് എന്നെ വിളിച്ചത്. ''സാര്‍ വരണം. സാര്‍ ഉറപ്പായിട്ടും വരണം.'' 
പ്രകാശനും ക്ഷണിച്ചു.
''താന്‍ വാടോ, പഴയപോലെ ഒന്നു കൂടാം.''
പ്രകാശന്റെ സ്‌നേഹം നിറഞ്ഞ ക്ഷണം നിരസിക്കാനായില്ല. അത്ര വലിയ ആത്മബന്ധമാണ് ഞങ്ങള്‍ക്കിടയില്‍. മുംബൈയിലെ തിരക്കില്‍ നിന്നും ഒരു ബ്രേക്ക് ഞാനും ആഗ്രഹിച്ചിരുന്നതാണ്.അങ്ങനെ ഞങ്ങളവിടെ കൂടി. എന്നെ അത്ഭുതപ്പെടുത്തിക്കളഞ്ഞു അവര്‍. പണ്ട് ഞാനും പ്രകാശനും കൂട്ടുകാരുമൊക്കെ ഓടി കളിച്ചിരുന്ന ആറ്റപാടത്തായിരുന്നു ഞങ്ങളാ രാത്രി തമ്പടിച്ചത്. ജനിച്ച മണ്ണിലേക്ക് മടങ്ങിയെത്തിയ ആത്മസംതൃപ്തി എന്റെയുള്ളില്‍ നിറഞ്ഞു.
''ആറ്റപാടം ഞാനങ്ങു വാങ്ങി.''
പ്രകാശന്‍ മോന്റെ തോളില്‍ തട്ടിക്കൊണ്ട് പറഞ്ഞു.
ന്യൂജനറേഷന്‍ കുട്ടികള്‍ മോശമല്ലാത്ത പ്രതീക്ഷകള്‍ നല്‍കുന്നുണ്ടെന്നു ഞാന്‍ പ്രകാശനെ ഓര്‍മ്മപ്പെടുത്തി.
ഞാന്‍ ആറ്റപാടത്തേക്ക് കണ്ണുകളോടിച്ചു. നിറയെ മരങ്ങള്‍, പച്ചക്കറികള്‍, കിളികളുടെ മനോഹരമായ സംഗീതം, വലിയൊരു ആല്‍മരം, അതിനോടു ചേര്‍ന്ന് ചെറിയൊരു കാവും കുളവും. പ്രകൃതി അണിഞ്ഞൊരുങ്ങി നില്‍ക്കുകയാണ്.
''അമ്പാട്ടീ... കാത്തോളണേ... ആവൊന്നും വരുത്തല്ലേ....''
പണ്ട് സ്‌കൂളിലേക്കുള്ള നടത്തത്തില്‍ ആറ്റപാടത്തെ കാവെത്തുമ്പോള്‍ അറിയാതെ മനസ്സ് മന്ത്രിച്ചിരുന്നു. കാവും കാവിലമ്മേം ആലും ആല്‍ത്തറേം കാലം കടമെടുത്തുപോയിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അതേ കുഞ്ഞുകുട്ടിയുടെ നൈര്‍മ്മല്ല്യത്തോടെ അമ്പാട്ടിയെ വിളിച്ച് പ്രാര്‍ത്ഥിച്ചു ഞാന്‍.
അന്നൊരു ദിവസം മുഴുവന്‍ ഞങ്ങള്‍ ആറ്റപാടത്തു തന്നെയായിരുന്നു. അവിടെയിരുന്നു പാട്ടുകള്‍ പാടിയും കുളത്തില്‍ മുങ്ങിക്കുളിച്ചും ചക്കേം മാങ്ങേം പേരയ്ക്കായും പറിച്ച് പങ്കിട്ട് തിന്നും ഞാന്‍ എന്തെന്നില്ലാത്ത സന്തോഷത്തിന്റെ നിലാവില്‍ ഉറങ്ങാതെ കിടന്നു.
പിറ്റേന്നും മുംബൈയിലേക്കുള്ള എന്റെ ട്രെയിന്‍ ടിക്കറ്റ്  നവീന്‍ കൊണ്ട് വന്നു തന്നു. വീണ്ടും തിരക്കുകളുടെ ലോകത്തേക്കുള്ള എന്‍ട്രി കാര്‍ഡ്.
''സാര്‍ ഇടയ്ക്കിടെ ഇവിടെ വരണംട്ടൊ. ഇനി വരുമ്പോള്‍ ഫാമിലിയെം കൂട്ടണം. മുംബൈയിലുള്ള സുഹൃത്തുക്കളോടും പറയൂ.''
നവീന്‍ അവന്റെ പഴ്‌സില്‍ നിന്നും വിസിറ്റിങ്ങ് കാര്‍ഡെടുത്ത് എനിക്ക് നേരെ നീട്ടി. വാഴയില പോലത്തെ പേപ്പര്‍. അതില്‍ നിറയെ കണിക്കൊന്ന വാരി വിതറിയ പോലത്തെ അക്ഷരങ്ങള്‍ - നവീന്‍ പ്രകാശന്‍, ഡയറക്ടര്‍, ആറ്റപാടം റിസോര്‍ട്ട്.
റെയില്‍വേ സ്റ്റേഷനിലേക്ക് ആറ്റപാടം കടന്ന് പോകുമ്പോള്‍ ഞാന്‍ ഒരു വട്ടം കൂടി തിരിഞ്ഞു നോക്കി. വലിയ കെട്ടിടങ്ങള്‍ മുളച്ചുപൊന്താന്‍ തുടങ്ങിയിട്ടുണ്ട്. അതിന്റെയൊക്കെ മുന്നില്‍ ഒരു ആമുഖമെന്നോണം ആറ്റപാടത്തെ പുനഃസൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. പച്ചപ്പുത്തേടിയാണല്ലോ ആളുകളിപ്പോള്‍ ഇറങ്ങുന്നത്. നിലനിന്നിരുന്ന അവസ്ഥയെ തുടച്ചുമാറ്റി അവിടെ കൃത്രിമമായി സന്തോഷം കെട്ടിപ്പൊക്കാനാണിപ്പോള്‍ എല്ലാവരുടേയും ശ്രമം. ഒറിജിനലിനെ വെല്ലുന്ന ഡ്യുപ്ലിക്കേറ്റ് മുഖങ്ങളാണെങ്ങും. ബിസിനസ് മൈന്റോടെയാണെങ്കിലും ആറ്റപാടത്തെ പുനഃസൃഷ്ടിക്കാനുള്ള നവീന്റെ മനസ്സിനെ അഭിനന്ദിക്കണമെന്നു തോന്നി. മനസ്സില്‍ പച്ചപ്പുനിറച്ചുകൊണ്ട് ഞാന്‍ കണ്ണുകളടച്ച് കാറിന്റെ സീറ്റിലേക്ക് പതിയെ ചാഞ്ഞിരുന്നു. ആറ്റപാടത്തെ മണ്ണും നനവും പടര്‍ന്ന വേരുകളോടെ ഒരു ചാമ്പയ്ക്കാ തൈ അപ്പോഴും എന്റെ കയ്യിലുണ്ടായിരുന്നു. മുംബൈയിലെ തിരക്കുപിടിച്ച ജീവിതത്തിനിടയില്‍ ആറ്റപാടവുമായുള്ള ആത്മബന്ധം നിലനിര്‍ത്താന്‍ ഞാന്‍ ചോദിച്ചുവാങ്ങിയ ഒരു കുഞ്ഞു ചാമ്പയ്ക്കാ തൈ. പറിച്ചുനട്ടാല്‍ കിളിര്‍ക്കുമോയെന്നറിയില്ല. തന്റെ ജീവിതം പോലെ വാടിക്കുഴയുമോയെന്നും അറിയില്ല. എങ്കിലും ഞാന്‍ അതിന്റെ തണ്ടില്‍ മുറുകെപ്പിടിച്ചിരുന്നു.
ആ തൈയ്‌ക്കൊപ്പം ആറ്റപാടം റിസോര്‍ട്ടെന്നെഴുതിയ വലിയ ബോര്‍ഡും കടന്ന് ആറ്റപാടത്തിന്റെ ഭൂതകാലങ്ങളില്‍ നിന്നും കാറ്റ് എനിക്കൊപ്പം കൂടി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

1 Comments

Avatar
Anitha Vijay taliparamba
20 hours 55 minutes ago

oru kulirmayulla kunji kadha...... Thank you..