Kesari WeeklyKesari

വാര്‍ത്ത

സമാധാനം തേടി ഒരു സംവാദം

on 14 July 2017
Kesari Article

കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിലെ അറുംകൊലകള്‍ക്കറുതി വരുത്തി സമാധാനം പുനഃസ്ഥാപിക്കാനുള്ള പരിശ്രമത്തിന്റെ ഫലമായി ദേശീയ ഇംഗ്ലീഷ്‌വാരികയായ ഓര്‍ഗനൈസര്‍ ജൂലായ് 1 ന് കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാര്‍ വളരെയേറെ പുതുമയുള്ളതും സാരഗര്‍ഭവുമായി. കഴിഞ്ഞ 50 വര്‍ഷമായി കേരളത്തില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അറുതി വരുത്താന്‍ ക്രിയാത്മകമായ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനാണ് ഇത്തരമൊരു മുന്‍കൈ എടുക്കലെന്ന് ആമുഖ പ്രസംഗത്തില്‍ വാരിക എഡിറ്ററായ പ്രഫുല്ല കേത്ക്കര്‍ സൂചിപ്പിക്കുകയുണ്ടായി.
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ തായ്‌വേര് ആന്തരിക ശുദ്ധിയും ആദ്ധ്യാത്മിക അച്ചടക്കവുമാണെന്നും ആയതില്‍ ഇന്ത്യക്ക് തന്നെ മാതൃകയായ സ്ഥലമാണ് കേരളമെങ്കിലും ഇപ്പോള്‍ ഇവിടെ അരങ്ങേറുന്നത് ജനാധിപത്യധ്വംസനമാണെന്നും ബി.ജെ.പി. ദേശീ യ വൈസ്പ്രസിഡന്റ് ഡോ.വിനയ സഹസ്രബുദ്ധേ എം.പി ഉദ്ഘാടനഭാഷണത്തില്‍ സൂചിപ്പിച്ചു. ആശയവൈരുദ്ധ്യത്തെ തൊട്ടുകൂടായ്മയായി കാണുന്നത് നിര്‍ത്തേണ്ടതും  അക്രമസംസ്‌കാരം ഉപേക്ഷിക്കേണ്ടതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് സംസാരിച്ച മുന്‍ പി.എസ്.സി. ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ കണ്ണൂരില്‍ അക്രമമുണ്ടാക്കുന്നത് ഒട്ടു മുക്കാലും തൊഴില്‍രഹിതരായവരാണെന്നും വികസനം മാത്രം മുദ്രവാക്യമായി മുന്നേറിയാല്‍ അക്രമത്തിന് സാധ്യത കുറയുമെന്നും പ്രസ്താവിച്ചു.
 സഹിഷ്ണുത ജീവിതവ്രതമാകുന്നിടത്തേ സമാധാനം പുലരൂ എന്ന് അധ്യക്ഷഭാഷണം നടത്തിയ ചരിത്രകാരന്‍ ഡോ.എം.ജി.എസ്.നാരായണന്‍ സൂചിപ്പിച്ചു. നമ്മുടെ വാക്കുകള്‍ അക്രമത്തിന് പ്രേരണ നല്‍കുന്നുണ്ടോ എന്ന് ഓരോരുത്തരും പരിശോധിക്കേണ്ടതായുണ്ട്. സമാധാനം പറഞ്ഞാല്‍ പോരാ. ആയത് ചിന്തിച്ച് പ്രവര്‍ത്തിക്കണം അദ്ദേഹം പറഞ്ഞു.
മാധ്യമചര്‍ച്ച കോളമിസ്റ്റ് എം.ഡി. നാലപ്പാട്ട്  നയിച്ചു. 1920 - 1930 കാലഘട്ടത്തില്‍ യൂറോപ്പിലുണ്ടായ അസ്വാസ്ഥ്യങ്ങള്‍ക്ക് കാരണമായത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ തുടക്കം മുതല്‍ ഇടപെട്ട് സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് സംസാരിച്ച പ്രസ് അക്കാദമി മുന്‍ ചെയര്‍മാന്‍ എന്‍.പി. രാജേന്ദ്രന്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് അറുതിവരുത്തുവാന്‍ ഗവണ്‍മെന്റ് ശക്തമായ നിലപാടെടുക്കണമെന്ന് ചൂണ്ടിക്കാട്ടി. ഈ അക്രമങ്ങളില്‍ സാമൂഹ്യവിരുദ്ധശക്തികളുണ്ടെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.  എന്നാല്‍ ഊര്‍ജ്ജം നഷ്ടപ്പെട്ട പലരും ഇന്ന് ജീവനോപാധിയില്ലാതെ നരകിക്കുകയാണ്. അക്രമത്തിന് ഇറങ്ങി തിരിക്കുന്നവര്‍ ഇത് കാണുന്നും പഠിക്കുന്നുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 
മാധ്യമങ്ങള്‍ സത്യസന്ധതക്ക് വില കല്‍പിക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്ന് ചാനല്‍ അവതാരകന്‍ ടി.ജി. മോഹന്‍ദാസ് അഭിപ്രായപ്പെട്ടു. ദല്‍ഹിയിലെ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്ന അക്രമപരമ്പരകള്‍ക്ക് മാധ്യമകൂട്ടായ്മ ഒരു കാരണമായി എന്നത് വസ്തുതയാണ്. മാറാട് കലാപം തണുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങി വിജയം കാണാന്‍ സാധിച്ചിടത്ത്, യെച്ചൂരിപോലും പേരെടുത്ത് പറയാത്ത പ്രതിഷേധക്കാര്‍ ആര്‍.എസ്.എസ് ആണ് എന്നെഴുതണമെന്ന് പ്രചരിപ്പിച്ച മാധ്യമ ദുരന്ധരന്മാര്‍ എന്ത് സാമൂഹ്യപ്രതിബദ്ധതയാണ് പുലര്‍ത്തുന്നത് എന്ന് അദ്ദേഹം ചോദിച്ചു. ബീഫ് കഴിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ സര്‍ക്കാരിന് ജനങ്ങളുടെ ഭക്ഷണത്തില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് പറയുന്നത് തെറ്റാണ്. നല്ല ഉപ്പ് ഇന്ന് കിട്ടാനില്ല. എല്ലാം അയഡൈസ്ഡ് ഉപ്പാണ്. എനിക്ക് നല്ല ഉപ്പ് വേണമെന്ന് പറഞ്ഞാല്‍ സാധിക്കാത്തത് സര്‍ക്കാരിടപെടല്‍ കൊണ്ടാണ്. എത്രയോ സംസ്ഥാനങ്ങള്‍ ബീഫ് നിരോധിച്ചത് നിയമം കൊണ്ടാണ്. യഥാര്‍ത്ഥ വസ്തുത മറച്ചുവെച്ച് ഇല്ലാത്ത കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് ഇതുകൊണ്ടാണ് കൊലപാതകങ്ങള്‍ നടക്കുന്നത് എന്ന് പറയുന്ന അനേകം ഉദാഹരണങ്ങള്‍ ഉണ്ട്. മാധ്യമങ്ങള്‍ ചിലരുടെ കുഴലൂത്തുകാരായും മാധ്യമപ്രഭുക്കള്‍ രാഷ്ട്രീയഭിക്ഷാംദേഹികളായും മാറുന്നതിനുപകരം സത്യസന്ധമായ മാധ്യമപ്രവര്‍ത്തനം ആര്‍ജ്ജിക്കാന്‍ ഇവര്‍ തയ്യാറാവണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിമിഷനേരം കൊണ്ട് ലക്ഷങ്ങളിലേക്ക് തെറ്റായ സന്ദേശം നല്‍കി വെറുപ്പിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്ന സമൂഹമാധ്യമങ്ങള്‍ നിയന്ത്രിക്കപ്പെടേണ്ടതാണെന്ന് മാധ്യമ പ്രവര്‍ത്തകന്‍ റെജി അഭിപ്രായപ്പെട്ടു. ഇവയിലെ പല വാര്‍ത്തകളും കെട്ടിച്ചമക്കുന്നതും കൂട്ടിച്ചേര്‍ക്കുന്നതുമാണെന്ന തിരിച്ചറിവ് നമുക്ക് വേണമെന്ന് അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ റീജ്യണല്‍ ഡയറക്ടറായിരുന്ന കെ.കെ. മുഹമ്മദ്, മുന്‍പോലീസ് സൂപ്രണ്ട് സുഭാഷ് ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
ഉച്ചക്ക് നടന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഡോ.സ്വപന്‍ദാസ് ഗുപ്ത നേതൃത്വം നല്‍കി. രാഷ്ട്രീയമത്സരം ജനാധിപത്യത്തിന്റെ അനിവാര്യഘടകമാണ്. ഇത് തരംതാണ് അക്രമരാഷ്ട്രീയമാവുന്നത് ജനാധിപത്യത്തിന്റെ ധ്വംസനവുമാണെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം വരുന്നതിന് മുമ്പുള്ള അവസ്ഥയാണ് അക്രമം.  അക്രമം ഏറ്റവും വിലകുറഞ്ഞ കാര്യമാണ്. പരിമിതികളില്‍ നിന്ന് കരുത്തുതേടുന്നതാണ് ജനാധിപത്യം. ബ്രിട്ടീഷുകാരുടെ തോക്കിന് മുമ്പില്‍ ആയുധമില്ലാത്ത ജനമാണ് പടപൊരുതിയത്. ഇവിടെ കണ്ണൂര്‍ ചെങ്കോട്ടയാണെന്ന് പറയുമ്പോള്‍ പശ്ചിമബംഗാളിലും ഇതുപോലെ ചെങ്കോട്ടകള്‍ ഉണ്ടായിരുന്നു എന്ന് ഓര്‍ക്കുന്നത് നല്ലതാണ്.  അതിന്റെ ഇന്നത്തെ അവസ്ഥയെന്താണെന്ന് കാണണം. അന്ന് അത് സൃഷ്ടിച്ചവര്‍ പടിക്ക് പുറത്തായി. കണ്ണൂരിലെ സമാധാനശ്രമം ജനാധിപത്യസമരമാണെന്നും ഇത് ചെറുതും നല്ലതുമായ തുടക്കമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സാമൂഹ്യപശ്ചാത്തലത്തില്‍ രാഷ്ട്രീയ അക്രമം കൊണ്ടുവന്നതാരാണെന്ന് പഠിക്കണമെന്ന് ബിജെപി നേതാവ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള സൂചിപ്പിച്ചു. 1950 മുതല്‍ 1970 വരെ കേരളത്തില്‍ ആര്‍.എസ്.എസ്, ജനസംഘം എന്നീ സംഘടനകള്‍ വളരെ ദുര്‍ബ്ബലമായിരുന്നു. അന്ന് നടന്ന അക്രമങ്ങള്‍ വിമോചന സമരം വരെ കൊണ്ടെത്തിച്ചതും ക്രമസമാധാനത്തിന്റെ പേരില്‍ മന്ത്രിസഭ പിരിച്ചുവിട്ടതും ഓര്‍ക്കണം. കേരളത്തിലെ രാഷ്ട്രീയ അക്രമങ്ങളില്‍ വിധിന്യായങ്ങളില്‍ വരെ ഗൂഢാലോചന നടത്തിയത് വെളിപ്പെടുത്തപ്പെട്ടിട്ടുണ്ട്. 57 ന് മുമ്പ് ആസിഡ്ബള്‍ബും വാരിക്കുന്തവും രാഷ്ട്രീയത്തിനുപയോഗിച്ചവരാണ് ഉത്തരവാദികള്‍. പാര്‍ട്ടികോടതിയും അവിടെ ലോക്കല്‍ കമ്മറ്റി സെക്രട്ടറി സമന്‍സ് അയച്ച ചരിത്രവും കേരളത്തിനുണ്ട്. കോടതിയലക്ഷ്യക്കുറ്റത്തിന് കോടതി കയറാത്ത ഏതെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവുണ്ടോ? 
എതിരാളിയെ മാനിക്കുന്ന ജനാധിപത്യം സ്വാംശീകരിക്കണം. 27 ഓളം കൊലപാതകക്കേസുകളില്‍ കോണ്‍ഗ്രസ്സാണ് പ്രതികള്‍ എന്നത് ഇത് വെറും രണ്ട് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കാര്യമല്ല എന്നതിന്റെ തെളിവല്ലെ എന്നും അദ്ദേഹം ചോദിച്ചു. ഖാലിസ്ഥാന്‍ വാദം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോള്‍ പഞ്ചാബില്‍ ആര്‍.എസ്.എസ്. ശാഖയില്‍ കയറി 12 യുവാക്കളെ കൊന്നപ്പോള്‍ പോലും സമാധാനം കൈവിടരുതെന്ന് ആഹ്വാനം ചെയ്ത പ്രസ്ഥാനമാണ് ആര്‍.എസ്.എസ്. അതിന്റെ ഫലമാണ് ഇന്ന് പഞ്ചാബിലെ ഹിന്ദു - സിഖ് ഐക്യം. ഇവിടെ ഇരുസംഘടനകളേയും തുലാസിലിട്ട് തുലനം ചെയ്യുകയാണ് മറ്റുള്ളവര്‍. തുലനം ചെയ്യാന്‍ പോയാല്‍ ഏതര്‍ത്ഥത്തിലും അക്രമത്തിന്റെ തുലാസ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭാഗത്ത് തൂങ്ങിനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തുടര്‍ന്ന് സംസാരിച്ച സി.എം.പി കോഴിക്കോട് ജില്ലാ സെക്രട്ടറി നാരായണന്‍കുട്ടി സി.പി.എം. അക്രമത്തിന്റെ കുതന്ത്രമൊരുക്കിയപ്പോള്‍ സംഘപരിവാര്‍ അതില്‍ വീണുപോയതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണമെന്ന് സൂചിപ്പിച്ചു. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജനാധിപത്യത്തില്‍ വിശ്വസിക്കുന്നില്ല. ഇലക്ഷന്‍ സമയത്തെ ബൂത്ത് പിടുത്തവും കള്ളവോട്ടും മാത്രം മതി ഇതിന് തെളിവായിട്ടെന്നും അദ്ദേഹം പറഞ്ഞു.
തങ്ങളുടെ അപചയം എത്രമാത്രം വ്യക്തമാക്കപ്പെടുമെന്ന് ഭയപ്പെടുന്നതുകൊണ്ടാണ്  സംവാദത്തില്‍ മറ്റ് രാഷ്ട്രീയകക്ഷികള്‍ എത്താതിരുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി പി.സി. തോമസ് പറഞ്ഞു. ഇതേ മാനസികനിലയാണ് ജി.എസ്.ടി. പ്രഖ്യാപനത്തില്‍ നിന്നും വിട്ട് നില്‍ക്കാന്‍ അവരെ പ്രേരിപ്പിച്ചത്. നല്ലതിനോട് ചേരായ്മ. രാഷ്ട്രീയ നീചത്വത്തെ ജനങ്ങളംഗീകരിക്കില്ല എന്നതിന്റെ തെളിവാണ് ഇന്നത്തെ കേന്ദ്രഭരണമെന്നും പി.സി. തോമസ് ചൂണ്ടിക്കാട്ടി.
പരസ്പരം അടുത്തിരിക്കാനും സംസാരിക്കാനും ഇഷ്ടപ്പെടാത്തവര്‍ വെട്ടിക്കൊല്ലാന്‍ മടിക്കില്ലെന്ന് രാഷ്ട്രീയസ്വയംസേവകസംഘം സഹപ്രാന്തകാര്യവാഹ് എം.രാധാകൃഷ്ണന്‍ പറഞ്ഞു. സംഘപരിവാര്‍ ആശയത്തെ ആശയംകൊണ്ട് നേരിടാന്‍ സാധിക്കാത്തതിനാലാണ് ആയുധം കൊണ്ട് നേരിടുന്നത്. അടിസ്ഥാനജനവിഭാഗങ്ങളായ തൊഴിലാളികളും, കൂലിപ്പണിക്കാരുമായ അവര്‍ പ്രതികരിക്കുന്നതിന് ഒരു പൊതു സ്വഭാവമുണ്ട്. കേരളത്തില്‍ ഒരു കൊലപാതകവും ആര്‍.എസ്.എസ്. നേതൃത്വം ആസൂത്രണം ചെയ്തിട്ടില്ല. അക്രമത്തിനിരയാകുന്നവര്‍ക്ക് നീതി കിട്ടാതെ വരുമ്പോള്‍ അവരുടെ രീതിയനുസരിച്ച് പ്രതികരിക്കുന്നു. അങ്ങിനെ സംഭവിച്ചുപോകുന്നതാണ് പല തിരിച്ചടികളും. 
ചര്‍ച്ചകള്‍ ഇതിന് മുമ്പും നടന്നിട്ടുണ്ട്. പി.പരമേശ്വര്‍ജി, ഇ.എം.എസ് എന്നിവര്‍ ഒരുമിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ മുതലായവര്‍ പങ്കെടുത്ത ചര്‍ച്ച കൊച്ചിയില്‍ നടന്നതിന്റെ പിറ്റേ ദിവസമാണ് യുവമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷന്‍ കെ.ടി. ജയകൃഷ്ണന്‍മാസ്റ്റര്‍ ക്ലാസ് മുറിയില്‍ കൊല്ലപ്പെടുന്നത്. ഇതില്‍ ചില മാധ്യമങ്ങള്‍ പ്രതികരിച്ചതെങ്ങിനെയാണെന്നോര്‍ക്കണം. സമൂഹം കൊലപാതകിയുടെ പക്ഷത്താണെന്നമട്ടില്‍, ആര്‍.എസ്.എസ്സുകാര്‍ കൊല്ലപ്പെടേണ്ടവരാണെന്ന മട്ടിലായിരുന്നില്ലേ പ്രതികരണം. ആര്‍.എസ്.എസ്സിന്റെ സ്വഭാവം അടിസ്ഥാനപരമായി സ്‌നേഹവും സമാധാനവുമാണ്. ആര്‍.എസ്.എസ് നയിച്ച ഒരു ജനകീയപ്രക്ഷോഭത്തിലും അക്രമമുണ്ടായിട്ടില്ല. നിലക്കല്‍, അങ്ങാടിപ്പുറം, ആറന്മുള ഒരു സമരവും അക്രമാസക്തമായില്ല. മറുഭാഗത്ത് സംഘര്‍ഷം, കൊലപാതകം, നുണപ്രചരണം ഇവ നടന്നതിന് ധാരാളം തെളിവുകള്‍ നിരത്താന്‍ സാധിക്കും രാധാകൃഷ്ണന്‍ പറഞ്ഞു. 
സമാപനസഭയില്‍ ഭാരത് പ്രകാശന്‍ ട്രസ്റ്റ് ചെയര്‍മാന്‍ അഡ്വ. അലോക്കുമാര്‍ സംസാരിച്ചു ശങ്കരന്‍ ദ്വിഗ്‌വിജയം നേടിയത് മേധാശക്തികൊണ്ടാണെന്നും അതുവരെയുള്ള പല ധാരണകളും തിരുത്തിയത് ആശയസംവാദം കൊണ്ടാണെന്നും അദ്ദേഹം പറ ഞ്ഞു. സ്വാമി ദയാനന്ദന്‍ കാശിവിശ്വനാഥ ക്ഷേത്രത്തിലെ ശിവലിംഗം പുറത്തെ ചവിട്ട് കല്ലിന്റെ അര്‍ദ്ധഭാഗമാണെന്ന് പറഞ്ഞപ്പോഴും നമ്മുടെ നാട്ടില്‍ സംഘര്‍ഷമുണ്ടായിട്ടില്ല. വിശ്വമാനവികതയുടെ സാഹോദര്യസന്ദേശവുമായി ശ്രീനാരായണഗുരുദേവന്‍ വന്നപ്പോഴും ആശയസംഘട്ടനം മാത്രമെ നടന്നുള്ളൂ. അതിനാല്‍ സാമൂഹ്യപരിഷ്‌കരണം ആശയസംവാദ നിബിഢമാക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സമാധാന ശ്രമങ്ങള്‍ക്ക് 
മുഖം തിരിച്ച് രാഷ്ട്രീയകക്ഷികള്‍

കോഴിക്കോട്: കണ്ണൂരില്‍ നടക്കുന്ന അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും അവസാനമുണ്ടാകണമെന്ന് നിരന്തരം പ്രസ്താവനകളിറക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍, അതില്‍ ആത്മാര്‍ത്ഥതയില്ലെന്ന് തെളിയിക്കുന്നതാണ് സമാധാന ചര്‍ച്ചയ്ക്കു നേരെയുള്ള മുഖംതിരിക്കല്‍. ചര്‍ച്ച നടന്നാല്‍ അതിന്റെ നേട്ടം ആര്‍.എസ്. എസ്സിനായിരിക്കും എന്ന വില കുറഞ്ഞ ചിന്താഗതിയാണ് ഇത്തരത്തിലൊരു ക്രിയാത്മകമായ ഇടപെടലില്‍ നിന്നും ഈ സംഘടനകളെ പിന്തിരിപ്പിക്കാന്‍ കാരണമായത്. കേരളത്തിന് വിശിഷ്യ കണ്ണൂരിന്, ശാപമായി മാറിയ രാഷ്ട്രീയ അക്രമങ്ങള്‍ക്ക് പരിഹാരം തേടിയാണ് ദേശീയ ഇംഗ്ലീഷ് വാരികയായ ഓര്‍ഗനൈസര്‍ മുന്‍കൈയെടുത്ത് സംവാദത്തിന് തുടക്കമിട്ടത്.  കി ലെമൃരവ ീള ുലമരല (സമാധാനം തേടി) എന്ന പേരില്‍ നടത്തിയ സംവാദത്തിന് ബി.ജെ.പി, കോണ്‍ഗ്രസ്, സി.പി. എം, സി.പി. ഐ, മുസ്ലീംലീഗ് കേരള കോണ്‍ഗ്രസ്, സി.എം.പി,  ജനതാദള്‍ തുടങ്ങിയ സംഘടനകളുടെ സംസ്ഥാന നേതൃത്വത്തെ വാരികയുടെ മുഖ്യപത്രാധിപര്‍ പ്രഫുല്ല കേത്ക്കറും ഡയറക്ടര്‍ ഇ.എന്‍. നന്ദകുമാറും നേരിട്ട് കാണുകയും പരിപാടിയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. 
കെ.പി.സി.സി അധ്യക്ഷന്‍ എം. എം. ഹസ്സനും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പൂര്‍ണ്ണപിന്തുണയും സാന്നിധ്യവും വാഗ്ദാനം ചെയ്തിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാകട്ടെ പ്രതിനിധിയുടെ പങ്കാളിത്തം ഉറപ്പു നല്‍കിയിരുന്നു. മുസ്ലീംലീഗ് നേതാവ് എം.കെ. മുനീര്‍ നിസ്സംശയം തന്റെ സാന്നിധ്യം പ്രഖ്യാപിച്ചു. സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും സംഘടനയുടെ പ്രാതിനിധ്യം വാഗ്ദാനം ചെയ്തു. മറ്റു കക്ഷികളും സഹകരണം ഉറപ്പു നല്‍കി.
എന്നാല്‍ പരിപാടിയുടെ രണ്ടു ദിവസം മുമ്പെ മുസ്ലീംലീഗ് നേതാവ് എം.കെ. മുനീര്‍ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ താന്‍ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചു. കൊല്ലുന്നതും ചാകുന്നതും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ട ആളുകളായതുകൊണ്ട് സംഘര്‍ഷം നിലനില്‍ക്കുന്നത് തങ്ങള്‍ക്ക് ഗുണം ചെയ്യും എന്ന ചിന്തയായിരിക്കാം സമാധാന ശ്രമത്തില്‍ നിന്ന് അകാരണമായി പിന്‍മാറാന്‍ അദ്ദേഹത്തിന് പ്രേരണയായത്. അതിന് ചില മത-വര്‍ഗ്ഗീയ സംഘടനകളുടെ ഇടപെടലുകളും കാരണമായി. 
മുസ്ലീംലീഗിന്റെ പ്രഖ്യാപനം തങ്ങള്‍ക്കു വീണുകിട്ടിയ അവസരമായി സി.പി.എം. കണ്ടു. അക്രമത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായ സി.പി.എം ലീഗിനെ പിന്‍താങ്ങിക്കൊണ്ട് ചര്‍ച്ചയില്‍ നിന്നും പിന്‍വാങ്ങി. സംഘര്‍ഷം നിലനില്‍ക്കേണ്ടത് തങ്ങളുടെ ആവശ്യമാണെന്ന തിരിച്ചറിവാണ് സി.പി.എമ്മിനെ ചര്‍ച്ചയില്‍ നിന്നും പിന്‍തിരിയാന്‍ പ്രേരിപ്പിച്ചത്. അവസാന നിമിഷം വരെ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ച കോണ്‍ഗ്രസ് ഈ സംഭവങ്ങള്‍ക്കൊടുവില്‍ തങ്ങള്‍ക്ക് സ്വന്തമായ നിലപാടുകളോ, തീരുമാനങ്ങളോ ഇല്ലെന്ന് വെളിവാക്കുന്ന രീതിയില്‍ ചര്‍ച്ചയില്‍ നിന്നും പിന്‍മാറി. ഇതിലൂടെ സി.പി.എമ്മിന്റെ ബി ടീം മാത്രമാണ് തങ്ങളെന്ന് അവര്‍ തെളിയിച്ചു.
ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍, മുന്‍ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ പത്രപ്രവര്‍ത്തകന്‍ എന്‍.പി. രാജേന്ദ്രന്‍, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ മുന്‍ ഡയറക്ടര്‍ കെ.കെ. മുഹമ്മദ്, സാഹിത്യകാരന്‍ ഡോ. ആര്‍സു, റിട്ട. പോലീസ് സൂപ്രണ്ടുമാരായ സുഭാഷ് ബാബു, എന്‍.പി. ബാലകൃഷ്ണന്‍, ഡോ. കെ.എം. പ്രിയദര്‍ശന്‍ലാല്‍, ഡോ. ഉള്ളൂര്‍ പരമേശ്വരന്‍, ടി.ജി. മോഹന്‍ദാസ് തുടങ്ങി സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചര്‍ച്ചയില്‍ പങ്കാളികളായി തങ്ങളുടെ അഭിപ്രായങ്ങള്‍ പങ്കുവെച്ചു. സ്വപന്‍ദാസ് ഗുപ്ത, എം.ഡി നാലപ്പാട്, അലോക് കുമാര്‍ വിനയ് സഹസ്രബുദ്ധെ തുടങ്ങയ പ്രമുഖരും സംവാദത്തില്‍ പങ്കാളികളായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments