Kesari WeeklyKesari

കവിത

മനസാ സ്മരാമി--ഡോ. അമ്പലപ്പുഴ ഗോപകുമാര്‍

on 30 June 2017

കാരണജലധിയിലരയാലിലയില്‍
കാല്‍വിരലുണ്ടുകളിച്ചുനടക്കും
കാര്‍മുകില്‍വര്‍ണ്ണാ കണ്ണാ നീയെന്‍
കാതരമാനസ സാഗരസാന്ദ്ര-
തരംഗാവലിയില്‍ കളിയാടിടുമോ?
പ്രേമവിശുദ്ധിയില്‍ വാര്‍ത്തൊരുമാമക
ഹൃദയം കൃഷ്ണാ, നിന്‍കളിയോടം
നീയേ നല്‍കിയതെങ്കിലുമതില്‍നിന്‍-
പാദസരോജം പതിയുന്നീലെ
ന്നാകില്‍ ജന്മം ശ്യാമാകലിതം!
നാരായണ പരമാനന്ദാ തവ
നാനാഭാവകഥ, ചരിതോത്സവ
മാരാണറിയാതുള്ളിവിടെങ്കിലു
മാരായുകയാണെങ്ങുംനിന്‍മഹി-
മാനം ഭക്തപരായണരിന്നും...
നീയേ സത്യം ജ്ഞാനമനന്തം
നിത്യംശുദ്ധം ദീപ്തമചിന്ത്യം
നീയേ സ്‌നേഹനിലാമഴ പെയ്യും
മായാമാധവനാപദ്ബാന്ധവ-
നാലോലായതനീരജനയനന്‍...
നീയല്ലാതിവിടില്ലില്ലെങ്ങും
നീയില്ലാതിവിടില്ലില്ലൊന്നും
നീയേ സര്‍വ്വചരാചരഭൂത
നിധാനസ്വരൂപവിധാതാവെന്നും
അറിയുന്നെങ്കിലു, മറിയാതറിയാ-
തരയാലിലയൊന്നടരുമ്പോഴും
പീലിക്കതിരൊളി തെളിയുമ്പോഴും
ഈറല്‍ക്കുഴല്‍വിളിയുയരുമ്പോഴും
തരളിതമാമെന്‍ മനസ്സില്‍ നറുംചിരി
ഊറിവരും മുഖകാന്തിയൊടങ്ങനെ
ബാലമുകുന്ദന്‍, കാല്‍വിരലുണ്ണും
പീലിക്കണ്ണന്‍, മാലേയക്കുളി-
രോലും ശീതസമീരണനായെന്‍
പ്രാണനിലലിയാനൊഴുകിവരുന്നു!
നേരായാമധുമധുരാകാരം
മായാതങ്ങനെയുള്ളില്‍നിറയ്ക്കാ-
നായാല്‍ ജന്മം സാര്‍ത്ഥകമതിനായ്
ആയര്‍കോനേ അന്‍പുറ്റവനേ
നീയേ കനിയുക, നീരദവര്‍ണ്ണാ...

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments