Kesari WeeklyKesari

അനുസ്മരണം

ശരീഅത്ത് കടുംപിടുത്തം മണ്ണിലും പെണ്ണിലും --സെയ്ത് മുഹമ്മദ്

on 30 June 2017

രീഅത്ത് നിയമങ്ങള്‍ക്കനുസരിച്ചായിരിക്കണം മുസ്ലീങ്ങള്‍ ജീവിക്കേണ്ടതെന്നും കുടുംബ പ്രശ്‌നങ്ങള്‍ മഹല്ലുകളുടേയും മതനേതാക്കളുടേയും നേതൃത്വത്തിലാണ് പരിഹരിക്കപ്പെടേണ്ടതെന്നും അത്തരമൊരു സാഹചര്യത്തിലേ മുസ്ലിം സമുദായത്തില്‍ സന്തുഷ്ടകുടുംബങ്ങളുണ്ടാവുകയുള്ളൂവെന്നും മുത്തലാഖ് പ്രശ്‌നത്തില്‍ തീര്‍പ്പ് കല്‍പ്പിക്കുന്നത് തങ്ങളുടെ പരമാധികാരമാണെന്നും മുസ്ലിം വ്യക്തി നിയമബോര്‍ഡ് സത്യവാങ്മൂലത്തിലൂടെ സുപ്രീംകോടതിയെ ബോധിപ്പിച്ചിരിക്കയാണ്. ഊരുവിലക്ക് ഒരു ക്രിമിനല്‍ കുറ്റകൃത്യമാണെന്ന് അറിയാതെയാണാവൊ അവരീ സത്യവാങ്മൂലം തയ്യാറാക്കിയത്?
ക്രിമിനല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കാനിവര്‍ക്ക് ആരാണാവൊ അധികാരം നല്‍കിയിരിക്കുന്നത്? ഈ സത്യവാങ്മൂലം തന്നെ കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണവര്‍ ബോധിപ്പിച്ചിരിക്കുന്നത്. എന്തായാലും മുത്തലാഖ് പ്രശ്‌നത്തില്‍ വ്യക്തിനിയമ ബോര്‍ഡിന്റെ നിലപാടല്ല കോടതിക്കറിയേണ്ടത്. ഈ നിയമം കൊണ്ട് ദുരിതങ്ങള്‍ അനുഭവിക്കുന്നവരുടെ വാക്കുകളാണ് കോടതി കേള്‍ക്കേണ്ടത്. അതല്ലാതെ സുപ്രീം കോടതിയെക്കാള്‍ വലിയ പരമോന്നത കോടതിയാണൊ മുസ്ലിം വ്യക്തിനിയമബോര്‍ഡ്? ഖുര്‍ആന്‍ അനുവദിച്ച വിവാഹം സുപ്രീംകോടതി തന്നെ മുമ്പ് നിരോധിച്ചത് ഈ ബോര്‍ഡിന്റെ അനുവാദത്തോടെയല്ല. പ്രത്യേകിച്ച് ഈ വിധി 2/230-ാം വചനപ്രകാരം ഖുര്‍ആന്‍ വിരുദ്ധമാകുമ്പോള്‍! ഇക്കാലത്ത് ചടങ്ങ് വിവാഹം പുനഃസ്ഥാപിക്കണമെന്ന് പറയുന്നവരെ ഊളമ്പാറയിലേക്കയക്കണമെന്നെ ആധുനികമനുഷ്യന്‍ പറയൂ.
തലാഖ് പ്രശ്‌നം മുസ്ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് തീരാദുരിതങ്ങളുണ്ടാക്കുന്ന നിയമമാണ്. അതിലെ യഥാര്‍ത്ഥ പ്രശ്‌നം തലാഖിന്റെ എണ്ണം എത്ര എന്നുള്ളതല്ല. തലാഖ് ഒന്നൊ, രണ്ടൊ, മൂന്നൊ എന്നതുമല്ല. യാതൊരു കാരണവും കൂടാതെ ഒരു പ്രത്യേക രേഖയും തയ്യാറാക്കാതെ ഇഷ്ടംപോലെ പുരുഷന് തോന്നിയ ഏത് സമയത്തും മൊഴിചൊല്ലി ഭാര്യമാരെ ഒഴിവാക്കാനുള്ള പരമാധികാരമായിരുന്നു ശരീഅത്തിലുണ്ടായിരുന്നത്. അതാണ് യഥാര്‍ത്ഥ വില്ലന്‍.
മുസ്ലിം സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം തലാഖിന്റെ എണ്ണത്തിലല്ല. ഭാര്യയെയൊ, ഭാര്യയുടെ ആള്‍ക്കാരേയൊ മുന്‍കൂട്ടി അറിയിക്കാതെയുള്ള അകാരണമായ തലാഖാണ് പ്രശ്‌നം. അതുകൊണ്ടുതന്നെ തലാഖ് ഏകപക്ഷീയമായ തീരുമാനമായി മാറുന്നു. വ്യക്തമായ കാരണങ്ങളില്ലാത്ത കേസ്സുകളിലൊന്നും തലാഖ് അനുവദിച്ചുകൂടാ. ആ കാരണങ്ങള്‍ കുടുംബകോടതിക്ക് ബോധ്യപ്പെടുകയും ചെയ്യണം. അതേ നിയമം തന്നെയായിരിക്കണം സ്ത്രീകളുടെ വിഷയത്തിലും സ്വീകരിക്കേണ്ടത്. എന്നാല്‍ സ്ത്രീകളുടെ ഫസ്ഖ് നിയമത്തില്‍ ആ നീതി അവര്‍ക്ക് കിട്ടുന്നില്ല. ഇഷ്ടംപോലെ കെട്ടാനും തോന്നുമ്പോള്‍ ഒഴിവാക്കാനും ഖുറാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ ശരീഅത്ത് നിയമത്തില്‍ ഖുറാനിലെ നിബന്ധനകളൊന്നും എഴുതിച്ചേര്‍ക്കാതെ പുരുഷന്മാര്‍ക്കനുകൂലമായി ക്രോഡീകരിച്ചതുകൊണ്ടാണ് ആ നിയമങ്ങളൊക്കെ ദുരുപയോഗം ചെയ്യാന്‍ അവസരം കിട്ടിയിരുന്നത്. 
വിവാഹമോചന നിയമത്തിലെ ഖുറാനിലെ നിബന്ധനകളൊക്കെ ഒഴിവാക്കിയാണ് ഖലീഫ ഉമര്‍ മുത്തലാഖ് അനുവദിച്ചത്. ഒറ്റ അവസരത്തില്‍ മൂന്ന് തലാഖും ഒന്നിച്ചു ചെയ്യാമെന്ന നിയമമാണത്. എന്നാല്‍ ഖുറാനിലെ 4/24-ാം വചനത്തില്‍ അനുവദിക്കുന്ന മുത്ത്അ വിവാഹ സമ്പ്രദായം നിര്‍ത്തലാക്കിയതും ഈ ഖലീഫ തന്നെയായിരുന്നു. അതിനുള്ള കാരണം മറുനാടുകളില്‍ നിന്ന് വന്ന ചില അമുസ്ലീം വ്യക്തികള്‍ മദീനയിലെത്തി മുത്ത്അ വിവാഹം നടത്താന്‍ തീരുമാനിച്ചപ്പോഴാണത്. എന്നാല്‍ ഖലീഫ അലിയുടെ കാലത്ത് അത് പുനഃസ്ഥാപിക്കുകയുണ്ടായി. നബിയും ഖലീഫമാരുമൊക്കെ നിയമങ്ങള്‍ കൊണ്ടുവന്നത് സാഹചര്യത്തിനനുസരിച്ചായിരുന്നു എന്ന് കാണാം.
യുദ്ധനിയമംകൊണ്ടുവന്നത് ഹിജ്‌റ 2-ാംവര്‍ഷമാണ്. മദീനയുടെ ഭരണാധികാരം കൈപിടിയിലെത്തിയപ്പോഴാണ് ശത്രുക്കളെ തിരിച്ചടിക്കാന്‍ ശക്തിനേടിയത്. അതുവരെ മതത്തില്‍ നിര്‍ബ്ബന്ധമില്ലെന്ന നിലപാടാണുണ്ടായിരുന്നത്. യുദ്ധനിയമം പ്രഖ്യാപിച്ചതോടെ മുന്‍നിയമങ്ങളൊക്കെ തള്ളിക്കളഞ്ഞുകൊണ്ടാണ് ഇസ്ലാം മാത്രമെ സത്യമുള്ളൂവെന്നും ബാക്കിയുള്ള ആശയങ്ങളെല്ലാം സത്യനിഷേധമാണെന്നും സത്യനിഷേധം ഇല്ലാതാകുംവരെ ഇസ്ലാംമതം മാത്രമായിത്തീരുന്നതുവരെ സത്യനിഷേധികളോടെല്ലാം യുദ്ധംചെയ്ത് ഇസ്ലാമിക സാമ്രാജ്യം കെട്ടിപ്പടുക്കണമെന്നുമാണ് 2/193ലും 3/89ലും ഖുര്‍ആന്‍ തുറന്നുപറയുന്നത്. ആ അടിസ്ഥാനത്തിലാണ് നബിയും അനുയായികളും 8 വര്‍ഷത്തിനുള്ളില്‍ 75ലധികം യുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത് ഭരണം സ്ഥാപിച്ചത്.
മുസ്ലിം പുരുഷന്മാരെല്ലാം ഒരു മാസം നിര്‍ബ്ബന്ധ സൈനിക സേവനം ചെയ്യണമെന്നും അതിന് ശാരീരികമായി കഴിവില്ലാത്തവര്‍ പകരം ഒരാളെ പറഞ്ഞയച്ചു കൊടുക്കാന്‍ ചെലവ് കൊടുക്കണം, അതല്ലെങ്കില്‍ നല്ലൊരു തുക സംഭാവന കൊടുക്കുകയും ചെയ്യണം. ഇതെല്ലാം ജിഹാദിന്റെ ആദ്യകാലത്തെ നിയമങ്ങളായിരുന്നു. തുര്‍ക്കിയിലെ ഇസ്ലാമിക സാമ്രാജ്യം തകര്‍ന്ന് ഭരണം അത്താതുര്‍ക്ക് എന്ന കമാല്‍പാഷ ഏറ്റെടുത്തതോടെയാണ് ജിഹാദ് നയം തിരുത്താന്‍ തുര്‍ക്കിയിലെ മതനേതൃത്വം തയ്യാറാകേണ്ടിവന്നത്. യുദ്ധസമയത്ത് നമസ്‌കാരംപോലും ഒഴിവാക്കാനുള്ള അവകാശമാണുണ്ടായിരുന്നത്. അതായത് ജിഹാദിന് നമസ്‌കാരത്തെക്കാള്‍ പ്രാധാന്യം കൊടുത്തിരുന്നു എന്നര്‍ത്ഥം. ജനാധിപത്യ സര്‍ക്കാരുകള്‍ രൂപംകൊണ്ടതോടെയാണ് ജിഹാദ് നയം തിരുത്താന്‍ പല ഇസ്ലാമികഭരണങ്ങളും തയ്യാറായത്.
ഇന്ന് മണ്ണും പെണ്ണും വിഷയത്തില്‍ മാത്രമെ ശരീഅത്ത് നിയമത്തില്‍ ഭേദഗതി പാടില്ലെന്ന കുടുംപിടുത്തമുള്ളൂ. അത് ദായക്രമത്തിലും ബഹുഭാര്യത്വാനുവാദ നിയമത്തിലുമാണ്. ഈ പുരുഷമേധാവിത്വ നിയമം നിലനിര്‍ത്തിയാലേ മതം ഉപജീവനമാര്‍ഗ്ഗമായി സ്വീകരിച്ചവര്‍ക്ക് കാര്യമുള്ളൂ. ഇന്ന് എല്ലാ സമുദായക്കാരും ബഹുഭാര്യത്വാനുവാദം തള്ളിക്കളയാന്‍ തയ്യാറായിട്ട് പോലും മുസ്ലിം സമുദായം മാത്രം മുഖംതിരിച്ചു നില്‍ക്കുന്നത് ഖുറാനില്‍ ആ നിയമാനുവാദമുള്ളതുകൊണ്ടാണ്.
എന്നാല്‍ ഖുറാന്‍ പ്രകാരം എല്ലാവര്‍ക്കും ബഹുഭാര്യാത്വം സ്വീകരിക്കാനുള്ള അവകാശമില്ല. ബഹുഭാര്യത്വം സ്വീകരിക്കുന്നവര്‍ക്ക് തുല്യനീതിയോടെ ഭാര്യമാരെ നോക്കാന്‍ കഴിയണമെന്ന നിബന്ധനകൂടിവെച്ചിട്ടുണ്ട്. അന്ന് യുദ്ധം കൊണ്ട് ഒരുപാട് പേര്‍ വിധവകളായതുകൊണ്ട് അവരെ സംരക്ഷിക്കാന്‍ വേണ്ടി ആയിരുന്നു. സാഹചര്യം മാറിയപ്പോള്‍ ആ നിയമം തിരുത്തുകയും ചെയ്തു. ലോകത്തില്‍ ആരുവിചാരിച്ചാലും ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ തുല്യനീതിയോടെ നോക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ് നല്‍കിയാണത് തിരുത്തിയത്. അതിന്റെ അര്‍ത്ഥം ബഹുഭാര്യാത്വനിയമം തന്നെ അപ്രായോഗികമാണെന്ന് തന്നെയാണ്.
എന്നാല്‍ പുരുഷമേധാവിത്വത്തിന്റെ വക്താക്കള്‍ ശരീഅത്ത് നിയമങ്ങള്‍ ക്രോഡീകരിച്ചപ്പോള്‍ ബഹുഭാര്യത്വം സ്വീകരിക്കാന്‍ ആരുടെയും സമ്മതമൊ, നിബന്ധനകളൊ നോക്കേണ്ടതില്ലെന്ന സൂചനയാണ് നല്‍കുന്നത്. അതിനവര്‍ ചൂണ്ടിക്കാണിക്കുന്നത് 4/3-ാം വചനമാണ്. ''നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക. എന്നാല്‍ അവര്‍ക്കിടയില്‍ നീതിപുലര്‍ത്താനാവില്ലെന്ന് നിങ്ങള്‍ ഭയപ്പെടുകയാണെങ്കില്‍ ഒരുവളെ മാത്രം വിവാഹം കഴിക്കുക.'' ആ വചനം തന്നെയാണ് ബഹുഭാര്യത്വനിയമത്തിന്റെ ആണിക്കല്ല്.
50 വക്ത് നമസ്‌കാരമായിരുന്നു അല്ലാഹു ആദ്യം ശരീഅത്തില്‍ ഉള്‍പ്പെടുത്തിയിരുന്നത്. അത് അഞ്ചാക്കി ചുരുക്കിയത് നബിയുടെ നിര്‍ദ്ദേശപ്രകാരമായിരുന്നു. അതുപോലെ ആദ്യകാലത്തുണ്ടായിരുന്ന ഒരുപാട് നിയമങ്ങള്‍ നബി തന്നെ പരിഷ്‌ക്കരിപ്പിച്ചിട്ടുണ്ട്. കമാല്‍പാഷയാണ് തുര്‍ക്കിയില്‍ ശരീഅത്ത് കുടുംബനിയമങ്ങള്‍ ആധുനിക കുടുംബ വ്യവസ്ഥയാക്കി മാറ്റിയത്. അതൊന്നും പൊതുജനങ്ങളുടെ ഹിതം നോക്കിയായിരുന്നില്ല. 
കാലഹരണപ്പെട്ട മുത്തലാഖ് നിയമങ്ങളടക്കം പല ശരീഅത്ത് നിയമങ്ങളും ഭേദഗതി ചെയ്യുന്നതിനോട് മുസ്ലിം ഭൂരിപക്ഷവും അനുകൂലിക്കാത്തത് മതനേതൃത്വം അവരെ ആ രൂപത്തില്‍ വളര്‍ത്തിയെടുത്തതുകൊണ്ടാണ്. കാലം മാറിയപ്പോള്‍ മുത്തലാഖിനെപ്പോലുള്ള നിയമങ്ങള്‍ പരിഷ്‌ക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായി തോന്നിയതുകൊണ്ട് തന്നെയാണ് മുസ്ലിം വ്യക്തിനിയമബോര്‍ഡിന് തലകുനിക്കാനിടയായത്. ഇത്തരം അനീതികള്‍ ഭേദഗതി ചെയ്യാന്‍ മുന്‍കയ്യെടുത്ത ആദ്യത്തെ പ്രധാനമന്ത്രി മോദിയാണ്. മതനേതാക്കളും ഭരണകര്‍ത്താക്കളും മതത്തിനുള്ളിലെ അനാചാരങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ തയ്യാറായാലേ ഏത് സമുദായവും രക്ഷപ്പെടുകയുള്ളൂ. അല്ലാത്തിടത്തോളം കാലം സ്ത്രീസമൂഹം പുരുഷന്റെ ഭോഗവസ്തുമാത്രമായി ചുരുങ്ങും.
ഇക്കാരണങ്ങളൊക്കെ മനസ്സിലാക്കിയിട്ടാവണം മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് മുത്തലാഖ് നിയമം ഭേദഗതി ചെയ്യാന്‍ തയ്യാറായത്. ഇത്തരം മാറ്റങ്ങള്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്. അത് പുരുഷമേധാവിത്വനിയമങ്ങള്‍ റദ്ദ് ചെയ്യാന്‍ കൂടി ആവേണ്ടിയിരുന്നു. മതനേതാക്കള്‍ സമുദായത്തെ നയിക്കേണ്ടത് മുന്നോട്ടാണ്. ഇരുണ്ടയുഗത്തിലേക്കല്ല. ആത്മീയ അന്ധവിശ്വാസങ്ങളെ നിരുത്സാഹപ്പെടുത്തിക്കൊണ്ട് ഭൗതിക കാഴ്ചപ്പാട് സ്വീകരിക്കാന്‍ തയ്യാറായാലെ മതാന്ധതയില്‍ നിന്ന് മനുഷ്യനുണരുകയുള്ളൂ.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments