Kesari WeeklyKesari

ലേഖനം**

പുണ്യപാപകര്‍മ്മങ്ങളും ഫലങ്ങളും--ഡോ. എം. കെ. വത്സന്‍

on 30 June 2017

ന്താണ് കര്‍മ്മം? ഏതാണ് പുണ്യകര്‍മ്മം? ഏതാണ് പാപകര്‍മ്മം? ഇതിന്റെ ഫലങ്ങള്‍ എന്തൊക്കെയാണ്. പാപകര്‍മ്മങ്ങള്‍ക്ക് ദേഷഫലവും സല്‍ക്കര്‍മ്മങ്ങള്‍ക്ക് നല്ല ഫലവും കിട്ടും എന്നാണല്ലോ സങ്കല്പവും വിശ്വാസവും. എന്നാല്‍ വൈരുദ്ധ്യം എന്നു പറയാം; ദുഷ്ടന്‍ പനപോലെ വളരുകയും, നല്ല പ്രവൃത്തികള്‍ ചെയ്തവര്‍ നരകിച്ചു മരിക്കുന്നതും നാം കാണാറുണ്ട്. എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു... ഓ... ആര്‍ക്കറിയാം എന്നു പറഞ്ഞ് നമ്മള്‍ നെടുവീര്‍പ്പിടുകയും ചെയ്യുന്നു.
എന്താണ് കര്‍മ്മം അഥവാ പ്രവൃത്തി (Action) എന്നു പറഞ്ഞാല്‍ ശരീരം കൊണ്ടുചെയ്യുന്ന അദ്ധ്വാനത്തെയാണ് കര്‍മ്മം എന്നു വ്യാഖ്യാനിക്കുന്നത്. എന്നാല്‍ അതുമാത്രമാണോ കര്‍മ്മം. മനസ്സുകൊണ്ടും, വാക്കുകൊണ്ടും ചെയ്യുന്ന അദ്ധ്വാനങ്ങളും കര്‍മ്മം തന്നെയാണല്ലോ. ഒന്നും ചെയ്യാതിരുന്നാലും മനസ്സ് എപ്പോഴും എന്തെങ്കിലും വിചാരിച്ചും, സങ്കല്പിച്ചുകൊണ്ടും ഇരിക്കും. സങ്കടം, സന്തോഷം, ദേഷ്യം, അസൂയ, വിഷമം, സ്‌നേഹം, കോപം ഇങ്ങനെ നിരവധി ഭാവങ്ങള്‍ മനസ്സിലൂടെ കടന്നുപോയിക്കൊണ്ടിരിക്കും. ഇത്തരം ഭാവങ്ങള്‍ ഉണ്ടാവുകയും, ഇല്ലാതാവുകയും ചെയ്യുന്നതിന് ENERGY അഥവാ ഊര്‍ജ്ജം ആവശ്യമാണ്. ശാസ്ത്രീയമായി നോക്കുമ്പോള്‍ ഊര്‍ജ്ജം വിനിമയം ചെയ്യും. ഏതു സംഭവവും പ്രയത്‌നമാണ് അഥവാ കര്‍മ്മമാണ്. കായികമായി ഒന്നും ചെയ്യാതിരിക്കുമ്പോഴും മനസ്സ് പ്രവര്‍ത്തിച്ചുകൊണ്ടേ ഇരിക്കുന്നു. മനസ്സുകൊണ്ടു നിര്‍വ്വഹിക്കുന്ന എല്ലാ സംഭവങ്ങളും കര്‍മ്മം തന്നെ ആണ്.
യഥാര്‍ത്ഥത്തില്‍ ഏതൊരു പ്രവൃത്തിയുടേയും ആരംഭം മനസ്സില്‍നിന്നാണ്. മനസ്സില്‍ തോന്നുന്നു, വാക്കിലൂടെ പുറത്തുവരുന്നു, ശരീരത്തിലൂടെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരുന്നു. മനസ്സാ വാചാ കര്‍മ്മണാ എന്നു പറയുന്നത് ഇതിനെയാണ്.
വാക്ക് അഥവാ ശബ്ദം ജീവജാലങ്ങളില്‍ ജന്തുക്കള്‍ക്കുമാത്രം ഉരുത്തിരിഞ്ഞുവന്ന അനുഗ്രഹം ആണ്. സസ്യങ്ങള്‍ക്ക് ജീവനുണ്ടെങ്കിലും യാതൊരു സസ്യവും സ്വയം ശബ്ദം ഉണ്ടാക്കാറില്ല. ജന്തുലോകത്തിലെ ഏറ്റവും താഴെക്കിടയിലുള്ള ജീവികള്‍ക്കും ശബ്ദം ഉണ്ടാക്കാന്‍ അറിയില്ല. ഷഡ്പദങ്ങളും, അതിനു മുകളില്‍ വരുന്ന  ജീവ വര്‍ഗ്ഗങ്ങള്‍ക്കും ആണ് ശബ്ദം സൃഷ്ടിക്കാനാകുന്നത്. മനുഷ്യന് ഈ ശബ്ദത്തെ വാക്കുകളിലൂടെ അര്‍ത്ഥപൂര്‍ണ്ണമായി കൈകാര്യം ചെയ്യാനും സാധിക്കും. ഓരോ ശബ്ദത്തിനും അര്‍ത്ഥവും രൂപവും ഉണ്ട്. അതുകൊണ്ടാണ് ശബ്ദം അഥവാ വാക്ക് ഉപയോഗിക്കുമ്പോള്‍ വളരെ കരുതലോടെ വേണം എന്നുപറയുന്നത്. അര്‍ത്ഥവും രൂപവും കൂടാതെ ശബ്ദവും ധ്വനിയും ഉണ്ട്. സന്ദര്‍ഭം അനുസരിച്ച് ഓരോ വാക്കിനും അര്‍ത്ഥവ്യത്യാസവും വരുന്നു. പറയുന്ന വാക്കുകള്‍ രൂക്ഷമാകാതേയും കേള്‍ക്കുന്നവരെ കുത്തിനോവിക്കാതേയും പറയാന്‍ നമ്മള്‍ ശീലിക്കേണ്ടിയിരിക്കുന്നു. ഓരോ വാക്കും ഉച്ചരിക്കുന്നതിനു മുമ്പ് വളരെ ആലോചിക്കണം. അന്യരെ മുറിവേല്‍പ്പിക്കാത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ പഠിക്കണം. ശബ്ദത്തിന് നല്ലതും ചീത്തയും ഉണ്ട് എന്നര്‍ത്ഥം. അര്‍ത്ഥവും രൂപവും സങ്കല്‍പിച്ച് മനസ്സ് കേന്ദ്രീകരിച്ച് ഉരുവിടുന്ന വാക്കുകള്‍ ആണ് മന്ത്രങ്ങള്‍. അവയ്ക്ക് അപാരമായ ശക്തിയും ഉണ്ട്. വാക്കുകള്‍ക്ക് യുദ്ധവും അതുപോലെ സമാധാനവും ഉണ്ടാക്കാന്‍ പറ്റും.
ശത്രുസംഹാരഹോമം എന്ന വഴിപാട് അമ്പലങ്ങളില്‍ സര്‍വ്വസാധാരണമാണല്ലോ. നമ്മുടെ ശത്രുവിനെ സംഹരിക്കാന്‍ അല്ലെങ്കില്‍ ഒതുക്കാന്‍വേണ്ടി ചെയ്യുന്ന ഹോമം അതെന്നായിരിക്കും പലരുടെയും ധാരണ. 
എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് നമ്മുടെ ശത്രുക്കള്‍. നമുക്കുചുറ്റുമുള്ള സഹജീവികളാണോ? ഒരിക്കലും അല്ല എന്ന തിരിച്ചറിവ് വളരെ അനിവാര്യമായ കാലഘട്ടമാണിത്. പരസ്പരം കൊണ്ടും കൊടുത്തും അല്ലാതെ ഈ കാലഘട്ടത്തില്‍ ഒരുനിമിഷംപോലും ജീവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല. പിന്നെ ആരാണ് ശത്രു? യഥാര്‍ത്ഥ ശത്രു നമ്മുടെ മനസ്സാണ്. മനസ്സിലെ കാമം, മോഹം, ക്രോധം എന്ന മൂന്നു ഭാവങ്ങള്‍ നമ്മുടെ ശത്രുവാണ്.
കാമം എന്നാല്‍ ലൈംഗികത (Sex) എന്നല്ല അര്‍ത്ഥം. ഭൗതികവസ്തുക്കളോടും ലൗകികസുഖങ്ങളോടും തോന്നുന്ന നിയന്ത്രിക്കാനാവാത്ത, ആഗ്രഹങ്ങളെയാണ് കാമം എന്നുപറയുന്നത്. ഉപഭോഗ സമൂഹത്തില്‍ എത്ര കിട്ടിയാലും ആഗ്രഹം അഥവാ കാമം അടങ്ങുന്നില്ല. ഒരാഗ്രഹം സാധിച്ചാല്‍ മനസ്സ് അതിനോട് ഒട്ടിനില്ക്കുന്നതു കാണാം. ഈ ഒട്ടലിനെയാണ് ഇഷ്ടം എന്നുപറയുന്നത്. ഇഷ്ടം തോന്നാത്തതിനെ മനസ്സ് ഉപേക്ഷിക്കുന്നു. ഇഷ്ടം തോന്നിയാലോ വീണ്ടും വീണ്ടും അതു കിട്ടാന്‍ ആഗ്രഹിക്കുന്നു. ഈ ആഗ്രഹം നിയന്ത്രിക്കാന്‍ പറ്റാതെ വരുമ്പോള്‍ അതിനെ മോഹം എന്നുപറയാം. മോഹം തോന്നിയാല്‍ ആ വസ്തു കിട്ടിയില്ലെങ്കില്‍ സങ്കടം, വിഷമം, ദുഃഖം ഉണ്ടാകുന്നു. എത്രത്തോളമാണോ മോഹം അത്രത്തോളം മോഹഭംഗവും, അതില്‍നിന്നു ഉണ്ടാകുന്ന ദുഃഖവും ഉണ്ടാകുന്നു. ദുഃഖം നമ്മുടെ പ്രവൃത്തികളെ പ്രതികൂലമായി ബാധിക്കുന്നു. സങ്കല്പത്തിന് യാതൊരുവിധ ഗുണവും പ്രദാനം ചെയ്യുന്നില്ല. സന്തോഷം നല്‍കുന്ന ഉണര്‍വും ഊഷ്മളതയും ദുഃഖത്തിന്റെ വിരസതയും രണ്ടാണല്ലോ. മോഹത്തിന്റെ മൂര്‍ദ്ധന്യത്തില്‍ ഭ്രാന്തിന്റെ അവസ്ഥയിലെത്തുന്നു. അത് ക്രോധത്തിലേക്കു നയിക്കുന്നു. മോഹിച്ച ആളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചാല്‍ അയാളെ കൊല്ലുന്ന തരത്തിലേക്ക് ക്രോധം കൊണ്ടെത്തിക്കും. ശത്രുസംഹാരം കൊണ്ട് ഉദ്ദേശിക്കുന്നത് മനസ്സിലെ ആഗ്രഹം, മോഹം, ക്രോധം എന്നിവയെ നിയന്ത്രിച്ച് ഉന്മൂലനം ചെയ്ത് ശാന്തത കൈവരിക്കുക എന്നതാണ്. മനസ്സില്‍ എപ്പോഴും വൈരുദ്ധ്യാത്മക ചിന്തകള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? സര്‍ഗ്ഗാത്മക ചിന്തകള്‍ (Positive) ചിന്തിക്കുകയാണല്ലോ നല്ലത്. എന്നിട്ടും ഇടക്കിടക്ക് അധമമായ ഋണാത്മകമായ (Negative) ചിന്തകള്‍ക്ക് മനസ്സ് വഴിമാറാറുണ്ടല്ലോ. ആരാണ് അതിനു പ്രേരിപ്പിക്കുന്നത്.
ചിലര്‍ പറയുന്നു മനസ്സിന്റെ സ്വഭാവം അഥവാ ജന്മവാസന ആണ് അതെന്ന്. വാസന അഥവാ കിേെശിര േഎന്നുപറഞ്ഞാല്‍ എന്താണ്? മുന്‍ജന്മങ്ങളില്‍ നിന്ന് സ്വരുക്കൂട്ടിവച്ച അറിവുകള്‍ ഒരു പ്രേരണയും കൂടാതെ മുന്‍കൂട്ടി ആലോചിക്കാതെ പെട്ടെന്നു പ്രകടിപ്പിക്കുന്നതാണ് വാസന. പക്ഷിക്കുഞ്ഞ് പറക്കുന്നത് അതിന് ആര്‍ജ്ജിതമായ ജന്മവാസന കൊണ്ടാണ്. മനുഷ്യന്‍ പറക്കാതിരിക്കുന്നത് അത്തരം വാസനകള്‍ ജന്മനാ ആര്‍ജ്ജിതമല്ലാത്തതുകൊണ്ടാണ്. മനുഷ്യസ്വഭാവത്തിലും ഇതു കാണാം. മുന്‍കോപം, വിഷാദം, നീചപ്രവൃത്തികളോടുള്ള ആഭിമുഖ്യം, സര്‍ഗ്ഗാത്മക പ്രവൃത്തി അങ്ങിനെ പലതും ജന്മാര്‍ജ്ജിതമാണ്. ഒരുവന്റെ ചിന്തയും സങ്കല്പങ്ങളും  പ്രവൃത്തികളും അവരില്‍ ഉള്ള വാസനാഗുണംപോലെ ഇരിക്കും. വളരുന്ന ചുറ്റുപാടുകള്‍ ജന്മവാസനകള്‍ക്ക് വളംവയ്ക്കുന്നുണ്ട്. പാട്ടുകാരന്‍ സാധകം ചെയ്താല്‍ കൂടുതല്‍ നന്നായി പാടാനാകും. ജന്മവാസന എങ്ങിനെ ഉണ്ടായി എന്ന സംശയം ഉണ്ടാകുന്നു. വാസനയും, പ്രപഞ്ചസത്തയിലുള്ള ഗുണവും തമ്മില്‍ ബന്ധമുണ്ട്. ഈ കാണുന്ന, അറിയപ്പെടുന്ന പ്രപഞ്ചം അതിന്റെ ആദിമരൂപമായ സത്തയില്‍നിന്ന്, ബ്രഹ്മത്തില്‍ നിന്ന് പരബ്രഹ്മത്തില്‍നിന്ന്, ഉരുത്തിരിഞ്ഞുവന്നതാണല്ലോ. ബ്രഹ്മം പ്രപഞ്ചമായി പരിണമിക്കുന്നതുതന്നെ മൂന്നു ഗുണങ്ങളായിട്ടാണ്. അതിനെ സ്വത്വം, തമസ്സ്, രജസ്സ് എന്നിങ്ങനെ പറയുന്നു. ഓരോന്നിന്റേയും ഗുണങ്ങള്‍ വെച്ച് അവയെ വ്യാഖ്യാനിക്കാം.
സ്വത്വഗുണം: അറിവ്, ജ്ഞാനം, പ്രകാശം, നന്മ, ശാന്തത, ദൈവികം, സത്യം എന്നീ ഗുണങ്ങളാണ്.
രജസ്സ്: രജോഗുണം. കര്‍മ്മനിരതന്‍, പ്രവൃത്തികൊണ്ട് ഭൗതിക നേട്ടങ്ങളുണ്ടാക്കി, ലൗകിക സുഖത്തില്‍ ഏര്‍പ്പെടുന്നവന്‍, രാജാവ്. ഊര്‍ജസ്വലതയുടെ ലക്ഷണമാണ് രജോഗുണം. 
തമോഗുണം: ഇരുട്ട്, അജ്ഞാനം, ഹിംസ, കോപം, പിശാച്, ജഢത്വം, ഹീനപ്രവൃത്തികള്‍ ഇതൊക്കെയാണ് തമോഗുണം.
പ്രപഞ്ചസത്ത ഈ ഗുണത്രയങ്ങളോടെ തുടങ്ങി നാം കാണുന്ന പ്രപഞ്ചമായി പരിണമിച്ചു എന്നു പറയുന്നതിന് വല്ല ശാസ്ത്രത്തിന്റെയും അടിത്തറ ഉണ്ടോ?... ഉണ്ടല്ലോ...
തുടക്കം അതിലോലമായ വളരെ സൂക്ഷ്മമായ തരംഗങ്ങളാണ്. എല്ലാ തരംഗങ്ങളും ഊര്‍ജ്ജമാണ്. ആകാശം അഥവാ ടുമരല എന്നാല്‍  ശൂന്യത എന്നാണ് ധാരണ. എന്നാല്‍ അതിലോലമായ തരംഗങ്ങള്‍ ഉണ്ട്. ഇീാെശര ഞമ്യ െഎന്നാണ് അതിനെ പറയുക. പ്രപഞ്ചോല്പത്തിയ്ക്ക് ആദ്യമുണ്ടായ തരംഗങ്ങളായാണ് ശാസ്ത്രജ്ഞര്‍ അതിനെ അടയാളപ്പെടുത്തിയിട്ടുള്ളത്. ടിവി കാണുമ്പോള്‍ പിക്ചര്‍ വരുന്നതിനുമുമ്പ് സ്‌ക്രീനില്‍ കാണുന്ന ചില ചലനങ്ങള്‍ ഇതിന്റെ തെളിവാണ്. വേദങ്ങളില്‍ ബി.സി. 3000 നുമുമ്പ് ഈ ചിന്താപദ്ധതി ഉരുത്തിരിഞ്ഞിരുന്നു. ഈ തരംഗങ്ങള്‍ കാലാന്തരത്തില്‍ കൂടിച്ചേര്‍ന്നാണ് അഗ്നി, വായു, വെള്ളം, മൂലകങ്ങള്‍ എന്നിവ ഉണ്ടായത്. മൂലകങ്ങള്‍ കൂടിച്ചേര്‍ന്നാണ് ഭൂമിയില്‍ സൂര്യന്റെ സഹായത്തോടെ ജീവജാലങ്ങളും മനുഷ്യനും ഉണ്ടായത്. ചുരുക്കത്തില്‍ ഊര്‍ജ്ജ തരംഗങ്ങള്‍ കൂടിച്ചേര്‍ന്ന് മൂലകങ്ങളും പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും മനുഷ്യനും ഉണ്ടായി.
മനുഷ്യനെ നിര്‍മ്മിച്ച മൂലകങ്ങളുടെ സ്വഭാവവും  അവയുടെ കൂടിച്ചേരലും മനുഷ്യന്റെ സ്വഭാവത്തിലും കാണാം. സ്വഭാവം നിശ്ചയിക്കുന്നത് ജീനുകളാണ്. ജീന്‍ എന്ന വസ്തു ഇത്തരം മൂലകങ്ങളുടെ സംഘാതമാണ്. മാത്രമല്ല കാലാന്തരത്തില്‍ പരിണമിച്ച് ഉണ്ടായതും ആണ്. ഇക്കാര്യം ചാള്‍സ് ഡാര്‍വിന്‍ പറയുന്നതിനും എത്രയോ നൂറ്റാണ്ടു മുമ്പേ ഭാരതത്തില്‍ പുരാണത്തില്‍ പറഞ്ഞുവച്ചിട്ടുണ്ട്. ദശാവതാര കഥ സൂക്ഷ്മമായി പഠിച്ചാല്‍  പരിണാമസൂത്രം വ്യക്തമാകും.
മേല്പുത്തൂര്‍ ഭട്ടതിരിപ്പാടിനോട് മത്സ്യം തൊട്ടുകൂട്ടുക എന്നു പറഞ്ഞതിന്റെയും അദ്ദേഹം അതിന്റെ സാരാംശം ഗ്രഹിച്ച് നാരായണീയം എഴുതിയതിന്റെയും പൊരുള്‍ ഇതുതന്നെയാണ്.
ത്രിഗുണാത്മകമാണ് പ്രകൃതിയും മനുഷ്യനും. അതില്‍ ഗുണങ്ങളുടെ അളവ് കൂടിയും കുറഞ്ഞും ഇരിക്കും. സ്വാതിക ഗുണം കൂടുതല്‍ ഉള്ള ആള്‍ ജ്ഞാനിയും, പൊതുവെ ശാന്തനും ആയിരിക്കും. ഏതു സ്വാത്വികവും രജോ, തമോ ഗുണങ്ങളും ചെറിയ തോതില്‍ ഉണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ തമോഗുണത്തിനാകും പ്രഭാവം. അതുകൊണ്ടാകാം എത്ര വലിയ സാത്വികനും ചിലപ്പോഴെങ്കിലും അധമ കര്‍മ്മങ്ങള്‍ക്ക് വഴിപ്പെടുന്നത്. നമ്മള്‍ അവരെ കുറ്റംപറയുന്നതും. അങ്ങിനെ നോക്കുമ്പോള്‍ ഒരാളുടെ സ്വഭാവത്തെ നിയന്ത്രിക്കുന്നത് ത്രിഗുണാത്മകമായ മൂലകങ്ങളുടെ ഏറ്റക്കുറച്ചിലാണെന്ന് കാണാം. അതുതന്നെയാണ് അവന്റെ വാസനാഗുണവും. ഇത് വ്യക്തമായി തിരിച്ചറിയുന്ന വ്യക്തിക്ക് നിരന്തരമായ പരിശ്രമത്തിലൂടെ ചീത്ത വാസനയെ ക്ഷയിപ്പിച്ച് സാത്വികഭാവത്തിലേക്ക് ഉയരാം. ജ്ഞാനികളില്‍ നിന്നോ ഗ്രന്ഥങ്ങളില്‍ നിന്നോ ഇത്തരം അറിവുകള്‍ സമ്പാദിക്കുകയും ആവാം.
പ്രായോഗിക ജീവിതത്തില്‍ ഏതു കര്‍മ്മമാണ് ഉത്തമമായിട്ടുള്ളത്? വാക്കുകൊണ്ടോ മനസ്സുകൊണ്ടോ പ്രവൃത്തികൊണ്ടോ നമ്മുടെ അന്തരീക്ഷത്തെയോ, ജീവജാലങ്ങളെയോ, ജീവനില്ലാത്ത വസ്തുക്കളെയോ നശിപ്പിക്കാതിരിക്കുന്നത് ഉത്തമ കര്‍മ്മവും നശിപ്പിക്കുന്നത് നീചകര്‍മ്മവുമാണ്. സൃഷ്ടി നല്ലതും നശീകരണം ചീത്തയുമാണ്.
എന്നിരുന്നാലും എല്ലാ കര്‍മ്മത്തിലും തിന്മയും നന്മയുമുണ്ട്. (For every action there is an equel and opposite reaction) അനുകൂലവും പ്രതികൂലവുമായ ഫലങ്ങള്‍ സഞ്ചിതമായി കിടക്കുകയും അനുകൂലമായ സാഹചര്യങ്ങളില്‍ പ്രകടമാവുകയും ചെയ്യും. ഈ ജന്മത്തിലല്ലെങ്കില്‍ ജന്മജന്മാന്തരങ്ങളിലൂടെ അടുത്ത തലമുറയിലൂടെ അതിന്റെ ഫലം വന്നുചേരും. അതു നല്ലതാവാം. അല്ലെങ്കില്‍ ചീത്തയാവാം. പരിണാമശാസ്ത്രവും ഇതുതന്നെയാണ് പറഞ്ഞുവെക്കുന്നത്.
നന്മതിന്മകളുടെ ഫലം ഉടനെ കിട്ടണമെന്നില്ല. ഫലസിദ്ധിക്ക് അനുകൂലസാഹചര്യം അത്യന്താപേക്ഷിതമാണ്. അതുവരെ കര്‍മ്മഫലങ്ങള്‍ സഞ്ചിതമായി, നിദ്രയിലാണ്ടുകിടക്കും. പാപി പനപോലെ വളരുന്നതിന്റെയും നല്ലവന്‍ നരകിക്കുന്നതിന്റെയും പൊരുള്‍ ഇതാണ്. ഭൗതിക സുഖങ്ങള്‍ക്ക് പ്രപഞ്ച ചൈതന്യം നമ്മള്‍ കല്പിച്ചുകൊടുക്കുന്ന യാതൊരു സ്ഥാനത്തെയും കല്‍പിക്കുന്നില്ല.
ഇങ്ങനെ വരുമ്പോള്‍ ഒരു സംശയം തോന്നാം. ഏതു കര്‍മ്മത്തിലും നന്മതിന്മകള്‍ അടങ്ങിയിട്ടുണ്ട്. കര്‍മ്മം ചെയ്താല്‍ അതിന്റെ പാപപുണ്യങ്ങള്‍ സഞ്ചിതമായി കിടന്ന് പിന്നീട് അതിന്റെ ഫലം അനുഭവിക്കും എന്നുമാണല്ലോ പറഞ്ഞുവെക്കുന്നത്. അപ്പോള്‍ ഒരു കര്‍മ്മവും ചെയ്യാതിരുന്നാല്‍ പാപപുണ്യങ്ങളില്‍നിന്ന് രക്ഷപ്പെടാമല്ലോ...?
നല്ല ആശയമായി തോന്നാമെങ്കിലും സത്യം ഇതല്ല. യഥാര്‍ത്ഥ ജ്ഞാനം  അഥവാ അറിവുണ്ടാവണമെങ്കില്‍ രണ്ടു കാര്യങ്ങള്‍ നിര്‍ബന്ധമാണ്. ഒന്ന്, കര്‍മ്മം ചെയ്യുക, കര്‍മ്മത്തിലൂടെ മാത്രമേ ബോധമണ്ഡലത്തില്‍ യഥാര്‍ത്ഥ ജ്ഞാനമുണ്ടാവുകയുള്ളൂ. കര്‍മ്മം ചെയ്യുമ്പോള്‍ മനസ്സില്‍ അര്‍പ്പണബോധം (ഭക്തി) ഉണ്ടാവണം. അല്ലാതെ ലാഭമോഹങ്ങള്‍ ഉണ്ടാകാന്‍ പാടില്ല. ഇതിനെയാണ് നിഷ്‌കാമ കര്‍മ്മം എന്നു പറയുന്നത്. ചെയ്യുന്ന പ്രവൃത്തിയില്‍ ബന്ധം വെക്കാതെ പൂര്‍ണമായും അര്‍പ്പണ മനോഭാവത്തോടെ ദൈവേച്ഛ നടപ്പാക്കുന്നു എന്ന സങ്കല്പത്തില്‍ ചെയ്യുമ്പോള്‍ പാപവും പുണ്യവും ദൈവത്തിനു പോകുന്നു. കര്‍മ്മം ചെയ്യുന്ന ആള്‍ ദൈവത്തോട് അഥവാ പ്രപഞ്ച ചൈതന്യത്തോട് അടുക്കുന്നു. അതാണ് മനുഷ്യന്റെ ജീവിതലക്ഷ്യം. യഥാര്‍ത്ഥ ജ്ഞാനം കൈവരിക്കുക. അതിനായി നിരന്തരം കര്‍മ്മം ചെയ്യുക, ചെയ്യുന്ന കര്‍മ്മങ്ങള്‍ ഈശ്വരോന്മുഖമായിരിക്കുക.. സൃഷ്ടിക്കുക... നശിപ്പിക്കാതിരിക്കുക.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments