Kesari WeeklyKesari

അഭിമുഖം

സായാഹ്ന സ്വപ്നങ്ങള്‍ -പ്രൊഫ.സി.ചന്ദ്രമതി

on 30 June 2017

വിടചൊല്ലല്‍ എപ്പോഴും വേദനാജനകമാണ്. മക്കളുടെ താല്‍ക്കാലിക വിടവാങ്ങലുകള്‍ പോലും ടെന്‍ഷന്‍ ഉണ്ടാക്കാറുണ്ട്. മുപ്പത്തിരണ്ടുവര്‍ഷം ജോലി ചെയ്ത കോളേജിനോടു വിടപറയുമ്പോഴുള്ള മാനസിക സംഘര്‍ഷം ഊഹിക്കാവുന്നതേയുള്ളു.
എന്തിന് വിഷമിക്കണം? ഓരോന്നിനും ഓരോകാലം. തളിര്‍ക്കാനും കൊഴിയാനുമൊക്കെ. ജോലിയില്‍ പ്രവേശിച്ചപ്പോള്‍മുതല്‍ അറിയാവുന്ന കാര്യമല്ലേ, ഒരുനാള്‍ ഈ കോണ്‍ട്രാക്ട് അവസാനിക്കുമെന്ന്?
വനജു സ്വയം ചോദിച്ചുകൊണ്ടിരുന്നു. എങ്കിലും..... ഇത്രയും കാലം തന്റെ വായുവും വെളിച്ചവുമായിരുന്ന സ്ഥാപനം. അതിനോടാണ് വിട പറയേണ്ടത്. ഉള്‍ത്തേങ്ങലില്ലാതെ തനിക്കതിന് കഴിയുമോ?
മുന്‍ വര്‍ഷങ്ങളില്‍ റിട്ടയര്‍ ചെയ്തവരുടെ പ്രതികരണം ഓര്‍ത്തപ്പോള്‍ അവളുടെ മനസ്സ്അസ്വസ്ഥമായി. സെന്റിമെന്റ്‌സിന് ഒരു വിലയും കല്‍പ്പിക്കാത്ത ആളായിരുന്നു പ്രൊഫ. ശിവദാസന്‍. അദ്ദേഹത്തില്‍ നിന്നും നിര്‍വ്വികാരമായ മറുപടി പ്രഭാഷണം പ്രതീക്ഷിച്ചവര്‍ അമ്പരന്നുപോയി.
''എല്ലാവര്‍ക്കും നന്ദി''. വിതുമ്പുന്ന ചുണ്ടുകള്‍ക്ക് കൂടുതല്‍ സംസാരിക്കാന്‍ സാധിച്ചില്ല.
''സെന്റോഫിന് ഇരുന്നുകൊടുക്കുന്നത് വല്ലാത്ത ഒരനുഭവമാ. ഹോട്ട്‌സീറ്റില്‍ ഇരിക്കുന്നതുപോലെ''. അദ്ദേഹം പിന്നീടു പറഞ്ഞു.
വാസന്തിടീച്ചറിന്റെ ഇടറിയ ശബ്ദവും കണ്ണീരില്‍ കുതിര്‍ന്ന വാക്കുകളും വനജയുടെ ഓര്‍മ്മയിലെത്തി.
''ഇത് വേണ്ടെന്ന് വയ്ക്കരുതോ?'' എന്ന വനജയുടെ ചോദ്യത്തിന് ഒരദ്ധ്യാപകന്‍ പറഞ്ഞ മറുപടി.
''അത് ശരിയല്ല. സെന്റോഫ് വേദനാജനകവും അതേസമയം ഹൃദ്യവുമാണ്. ഓര്‍മ്മയില്‍ സൂക്ഷിക്കാനുള്ള മയില്‍പ്പീലിത്തുണ്ടുകള്‍! ഇങ്ങനെയുള്ള ചടങ്ങുകളില്ലെങ്കില്‍ മനുഷ്യബന്ധങ്ങളുടെ അര്‍ത്ഥം തന്നെ നഷ്ടപ്പെടുകയില്ലേ?''
പക്ഷേ.... തന്റെ ജീവിതം ദു:ഖപൂര്‍ണമാക്കിയ ആ സെന്റോഫ്.... അതിന്റെ ഓര്‍മ്മ വനജയെ തളര്‍ത്തി. തന്റെ ഭര്‍ത്താവിന് മറ്റൊരു കമ്പനിയില്‍ ഉയര്‍ന്ന പദവിയിലുള്ള ജോലിലഭിച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ നല്‍കിയ സെന്റോഫ് പരമ്പര! സ്‌നേഹത്തിന്റെ വീര്‍പ്പുമുട്ടലില്‍ ആ ഹൃദയമിടിപ്പ് നിന്നു പോയില്ലേ?
ഇതൊക്കെ വെറും ചടങ്ങുകളാണെന്നും പ്രശംസകള്‍ പൊള്ളയായ വാക്കുകളാണെന്നും ഹാര്‍ട്ട് പേഷ്യന്റായ അമ്മ അതൊന്നും ഗൗരവമായിട്ടെടുക്കരുതെന്നും മകള്‍ ഫോണിലൂടെ ഉപദേശിച്ചു. ചടങ്ങുകള്‍ക്കപ്പുറം ഒന്നുമില്ലെന്ന് തനിയ്ക്കുമറിയാം. ചെറിയ സെന്റോഫുകള്‍ പലതു കഴിഞ്ഞു. സ്വന്തം ഡിപ്പാര്‍ട്ട്‌മെന്റ്, സംഘടന, വിദ്യാര്‍ത്ഥികള്‍....
റിട്ടേണ്‍പാര്‍ട്ടികളും കൊടുത്തുകഴിഞ്ഞു. വാട്‌സാപ്പിലും ഫെയ്‌സ്ബുക്കിലും ഫോട്ടോകളും വന്നു.
ഇനിയുള്ളത് ജനറല്‍ സെന്റോഫാണ്.
ഒരു കാരണവശാലും ഇമോഷണല്‍ ആവുകയില്ല എന്ന ദൃഢനിശ്ചയത്തോടെയാണ് വനജ സമ്മേളനത്തിന് എത്തിയത്.
ആശംസാപ്രഭാഷകരുടെ നീണ്ടനിര. പിരഞ്ഞു പോകുന്ന ഓരോ വ്യക്തിയുടെയും സേവനങ്ങളെ ഊഷ്മളമായ വാക്കുകളില്‍ വരച്ചുകാട്ടി. ഓര്‍മ്മയുടെ പൂര്‍വ്വപര്‍വ്വങ്ങളിലേക്കുള്ള പടിയിറക്കം.
ആശംസകളുടെയും അഭിനന്ദനങ്ങളുടെയും കുളിര്‍മഴ ആസ്വദിച്ച മൂന്നുപേരുണ്ടായിരുന്നു. റിട്ടയര്‍ ചെയ്യുന്നതിന്റെ പിറ്റേ ദിവസം മുതല്‍ സ്വാശ്രയകോളജുകളുടെ തലവന്മാരായി പോകുന്ന രണ്ട് അദ്ധ്യാപകരും പേരക്കുട്ടിയെ നോക്കാനായി മകളോടൊപ്പം അമേരിക്കയിലേക്ക് പറക്കാനിരിക്കുന്ന ഒരു അദ്ധ്യാപികയും.
വനജയുടെ ഊഴം വന്നപ്പോള്‍ ഉപദേശങ്ങളുടെ പെരുമഴ.
''തനിച്ചുള്ള ജീവിതം ടീച്ചറിന്റെ ആരോഗ്യത്തിന് നന്നല്ല. ഇനിയെങ്കിലും മകളുടെ കൂടെ പോയി താമസിക്കണം''.
സ്വച്ഛമായ ഗ്രാമീണാന്തരീക്ഷത്തിലുള്ള സ്വര്‍ഗതുല്യമായ തന്റെ വീട് ഉപേക്ഷിച്ചിട്ട് നഗരത്തിലെ തീപ്പെട്ടിക്കൂടുപോലെയുള്ള ഫ്‌ളാറ്റില്‍ ചേക്കേറണമെന്നോ? വനജയുടെ ഉള്ളൊന്നു പിടഞ്ഞു.
മുഖത്തെ ഭാവമാറ്റം കണ്ടിട്ടാവാം, സാന്ത്വനത്തിന്റെ കുളിര്‍കാറ്റായ മറ്റൊരാള്‍-
''മരുമകന്റെ കൂടെ ജീവിക്കേണ്ട ഗതികേടൊന്നും ടീച്ചറിനു വന്നിട്ടില്ല. ഭാഗ്യവതിയല്ലേ! മകന്റെ കൂടെ വിദേശത്തൊക്കെ കറങ്ങാമല്ലോ!''
ചെറുപ്പകാലത്തുപോലും യാത്ര ഇഷ്ടപ്പടാതിരുന്ന താന്‍ വയസ്സുകാലത്ത് അഭയം തേടി വിദേശത്ത് അലയണമെന്നോ? വനജയുടെ മനസ് ഓളങ്ങളില്‍പ്പെട്ട ചെറുതോണിയായി.
''മക്കളെ ആശ്രയിക്കരുത്. സ്വന്തം വീട്ടില്‍ത്തന്നെ കഴിയണം. കൂട്ടിന് ഹോംനഴ്‌സിനെ വച്ചാല്‍മതി''.
നാളിതുവരെ പരസഹായമില്ലാതെ ജീവിച്ച തനിക്ക് നാളെമുതല്‍ ഹോംനഴ്‌സിന്റെ സഹായം വേണ്ടിവരുമെന്നോ? വനജയുടെ മനസ്സില്‍ അസ്വസ്ഥതയുടെ ഒരു കരട് കുടുങ്ങി. തന്റെ ഭാവിയെക്കുറിച്ച് തന്നെക്കാള്‍ ഉല്‍ക്കണ്ഠ സഹപ്രവര്‍ത്തകര്‍ക്കാണല്ലോ!
മൂകസഹനങ്ങള്‍ക്ക് വിധിക്കപ്പെട്ട ജീവിതം തുടങ്ങിയിട്ട് വര്‍ഷം നാലായി. വിധിയുമായി ഒരു വിധം പൊരുത്തപ്പെട്ടുകഴിഞ്ഞു. പരിശീലനം കൊണ്ട് കയ്പും മധുരമായി മാറുമല്ലോ. ഏകാന്തത പരിചയമായിരിക്കുന്നു.
ഭാര്യയുടെ ഇഷ്ടം സര്‍വ്വപ്രധാനമായി കരുതുന്ന മകന്‍- അമ്മയുടെ കൈയില്‍ നിന്ന് ഉരുളകിട്ടാതെ ഊണുകഴിക്കാത്തവന്‍. ഇപ്പോള്‍ ഭാര്യ വിളമ്പിയാലേ ഊണിനു രുചിയുള്ളൂ.
ഭര്‍ത്താവിനെ പിരിഞ്ഞ്, അമ്മയുടെ കൂടെ ഒരു ദിവസം പോലും നില്‍ക്കാന്‍ താല്‍പര്യമില്ലാത്ത മകള്‍ അമ്മയുടെ ചൂടുകിട്ടാതെ ഉറക്കം വരില്ലെന്ന് പറഞ്ഞത് ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടാവുമോ?
മക്കളുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കനുസരിച്ച് ജീവിതം പാകപ്പെടുത്തുമ്പോള്‍ സ്വന്തം സ്വപ്നങ്ങള്‍ ഹോമിക്കപ്പെടുന്നതിന്റെ വേദന..
നാളെ മുതല്‍ ഏകാന്തതയുടെ ദൈര്‍ഘ്യം വര്‍ദ്ധിക്കുമെന്ന സത്യം മനസ്സിലാക്കുന്നു. പക്ഷേ വിധവയുടെ റിട്ടയര്‍മെന്റ് ആഗോള പ്രശ്‌നമാകുമെന്ന് കരുതിയില്ല. സഹപ്രവര്‍ത്തകരുടെ പൊള്ളയായ സഹതാപം താങ്ങാനാവുന്നില്ല. എങ്ങനെയെങ്കിലും ഇതൊന്നവസാനിച്ചെങ്കില്‍ എന്നാശിച്ചു.
മറുപടി പ്രസംഗത്തിനായി ക്ഷണിക്കപ്പെട്ടപ്പോള്‍ സംഭരിച്ചുവച്ചിരുന്ന ധൈര്യമെല്ലാം ചോര്‍ന്നുപോകുന്നതറിഞ്ഞു.
പാടില്ല, തന്റെ പാരവശ്യം ഇവരുടെ മുന്നില്‍ പ്രകടിപ്പിക്കാന്‍ പാടില്ല.
ഒരു ചെറുപുഞ്ചിരിയോടെ വനജ പ്രസംഗം ആരംഭിച്ചു.
''എന്റെ റിട്ടയര്‍മെന്റ് ജീവിതത്തെക്കുറിച്ച് എന്റെ സുഹൃത്തുക്കള്‍ക്ക് ഇത്രയധികം ഉല്‍ക്കണ്ഠയുണ്ടെന്നറിഞ്ഞതില്‍ സന്തോഷം. ആ സന്തോഷത്തിന്റെ വീര്‍പ്പുമുട്ടലിലാണ് ഞാനിപ്പോള്‍. നിങ്ങളുടെ വിലയേറിയ ഉപദേശങ്ങള്‍ക്ക് നന്ദി. വിശ്രമജീവിതം ഫലപ്രദമായി എങ്ങനെ വിനിയോഗിക്കാമെന്ന് കുറച്ചുനാളായി ഞാനും ചിന്തിക്കുകയായിരുന്നു. ''പൂക്കാതിരിക്കാനെനിക്കാവതില്ല'' എന്ന അയ്യപ്പപണിക്കര്‍ സാറിന്റെ കാവ്യവരികള്‍ ഓര്‍ക്കുമ്പോള്‍ ജീവിതസായാഹ്നത്തിലും പലതും കഴിയുമെന്ന വിശ്വാസം.
സാഹിത്യരംഗത്ത് സജീവമാകാനാണ് എന്റെ തീരുമാനം. എന്റെ അഭ്യുദയകാംക്ഷികളായ നിങ്ങളെല്ലാവരും എന്റെ സൃഷ്ടികള്‍ വായിക്കുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് എനിക്കുറപ്പുണ്ട്''.
പ്രസംഗം ഒരു നിമിഷം നിര്‍ത്തി, വനജ സദസ്സിനെ വീക്ഷിച്ചു.
തന്റെ രചനകളെ ക്രൂരമായി വിമര്‍ശിക്കുന്ന പലരും കൂട്ടത്തിലുണ്ട്. ഗൗരവം സ്ഫുരിക്കുന്ന ആ മുഖങ്ങളില്‍ പരിഹാസച്ചിരി. മറ്റു മുഖങ്ങളില്‍ നിസ്സംഗത.
വനജയുടെ മുഖത്ത് ചിരി പടര്‍ന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments