Kesari WeeklyKesari

ബാലഗോകുലം

തൊപ്പിക്കുടയും കുണ്ടന്‍ കുടയും--പ്രകാശന്‍ ചുനങ്ങാട്‌

on 30 June 2017

പാടത്ത് വെള്ളം കെട്ടിനിറുത്തുന്നതുകൊണ്ട് ഒരു വട്ടം പൂട്ടിയെത്തുമ്പോഴേക്കും കൊഴുത്ത ചേറു നിറയും കണ്ടങ്ങളില്‍. ശര്‍ക്കരപ്പായസം പോലെ. ചേറ്റില്‍ നടക്കാന്‍ നല്ല പ്രയാസമാണ് കന്നുകള്‍ക്ക്. മുടിങ്കോലുകൊണ്ട് പ്‌ടേ പ്‌ടേ എന്ന് അടി വീഴും കന്നുകളുടെ മുതുകത്ത്. പാവം കന്നുകള്‍. കന്നുകളും കന്നുപൂട്ടുകാരും ചേറ്റില്‍ കുളിച്ചിട്ടുണ്ടാവും. വെളുത്ത ഉടുമുണ്ട് തലയില്‍ കെട്ടി, ചേറ്റില്‍ മുങ്ങിയ തോര്‍ത്തുമുണ്ട് മാത്രം ഉടുത്താണ്  കന്നുപൂട്ടുകാര്‍ പോത്തുകളുടെ പിന്നാലെ കരിയില്‍ പിടിച്ചു നടക്കുന്നത്. 

മടിയന്‍ പോത്തിനെ നുകത്തിന്റെ ഇടത്തു ഭാഗത്താണത്രെ കെട്ടുക. ഉഷാറു കാണിക്കുന്ന പോത്തായിരിക്കും വലത്തു ഭാഗത്ത്. മുടിങ്കോലുകൊണ്ട് അടി മുഴുവന്‍ കിട്ടുന്നത് മടിയന്‍ പോത്തിനായിരിക്കും. മുത്തശ്ശിയാണ് ഇതൊക്കെ അപ്പുവിനു പറഞ്ഞു കൊടുക്കുന്നത്. 

''രണ്ടിനേം ഇടത്തും വലത്തും കെട്ടാം''

അമ്മ ഇടയ്ക്കു പറയുന്നതു കേള്‍ക്കാം. ഏട്ടന്റേയും അപ്പുവിന്റേയും കാര്യമാണ് അമ്മ 

പറയുന്നത്. അപ്പു ആലോചിച്ചു നോക്കിയിട്ടുണ്ട്: അപ്പോള്‍ ആരെയായിരിക്കും വലത്തു കെട്ടുക. ഏട്ടനാണല്ലോ ഉഷാറു കൂടുതല്‍. ഏട്ടനെ വലത്തു കെട്ടിയാല്‍ ഇടത്ത് അപ്പുവിനെ. ഈശ്വരാ. 

കണ്ടം രണ്ടുമൂന്നു ചാലു* പൂട്ടിക്കഴിഞ്ഞാല്‍ കരിയഴിച്ചുവെച്ച് നുകത്തില്‍ മരം കെട്ടും. ഒരു മരപ്പലക. അതാണ് മരം. മരം കെട്ടിയാണ് കണ്ടം നിരത്തി ഒപ്പമാക്കുന്നത്. നിരത്തിക്കഴിഞ്ഞ കണ്ടത്തിലേക്ക് ചേന്ദന്‍ ഞാറ്റുമുടികള്‍ വീശിയെറിയുന്നു. പെണ്ണുങ്ങളാണ് ഞാറു നടാന്‍ കണ്ടത്തിലിറങ്ങുക. കുനിഞ്ഞു നിന്നുകൊണ്ടു വേണം ഞാറു നടാന്‍. ആണുങ്ങള്‍ക്ക് അങ്ങനെ കുറേ നേരം കുനിഞ്ഞു നില്‍ക്കാന്‍ പറ്റില്ലത്രെ. നട്ടു നട്ട് പിന്നാക്കം പിന്നാക്കം പോരുന്നതു കാണാന്‍ നല്ല രസമാണ്. മഴയുണ്ടെങ്കില്‍ ഞാറു നടുന്നവരുടെ മുതുകത്ത് കുണ്ടന്‍കുടയുണ്ടാവും. കുണ്ടന്‍കുട കമിഴ്ത്തിയാല്‍ ആളെ കാണില്ല.  രണ്ടു കാലു മാത്രം കാണാം. ആണുങ്ങള്‍ക്ക് തൊപ്പിക്കുടയാണ്. ചേന്ദനും ചെള്ളിക്കും തൊപ്പിക്കുടയുണ്ട്. ഒരു കുഞ്ഞുതൊപ്പിക്കുട കിട്ടിയാല്‍ എത്ര നന്നായിരിക്കും! ഒന്നേട്ടനും ഒന്ന് അപ്പുവിനും.

തൊപ്പിക്കുടയുടെ കാര്യം അമ്മയോടു പറയാന്‍ തുടങ്ങിയിട്ട് ദിവസം കുറെയായി. നാരായണന്‍ വരട്ടേ എന്ന് അമ്മ പകുതി സമ്മതം മൂളിയിട്ടുണ്ട്. പാണന്‍ നാരായണനാണ് ഓണത്തിന് കാലുള്ള പട്ടക്കുട വെയ്ക്കുന്നത്. ഓണത്തിന് കുട വെയ്ക്കുന്നത് അവരുടെ സമുദായക്കാരുടെ അവകാശമാണത്രെ. മഹാബലിക്കും തൃക്കാക്കരയപ്പനും വെവ്വേറ വേണം കുട. മഴ കൊള്ളാതിരിക്കാനാണ് കുട ചൂടിക്കുന്നത്. കുട വെച്ചതിന് നാരായണന് നെല്ലളവുണ്ട്.

വേണമെങ്കില്‍ തൊപ്പിക്കുടയും കുണ്ടന്‍കുടയും നാരായണന്‍ ഉണ്ടാക്കും. തൊപ്പിക്കുടയ്ക്കും കുണ്ടന്‍കുടയ്ക്കും കാശു വേറെ കൊടുക്കണം. സാധാരണ കരിമ്പനയുടെ പട്ടകൊണ്ടല്ലത്രെ കുട കെട്ടുന്നത്. അതിന് കുടപ്പനയുടെ പട്ടതന്നെ വേണമെന്നാണ് മുത്തശ്ശി പറഞ്ഞത്. പടിഞ്ഞാറെത്തൊടിയില്‍ കുടപ്പനയുണ്ട്. കരിമ്പന പോലെ കുടപ്പന ഉയരത്തില്‍ വളരില്ല. മണ്ണില്‍നിന്ന് കുറച്ചു പൊങ്ങി അങ്ങനെ നില്‍ക്കും. അത്രതന്നെ. എന്നാലും കരിമ്പനയുടെ 

പട്ടയേക്കാള്‍ വലിപ്പമുണ്ടാവും 

കുടപ്പനയുടെ പട്ടയ്ക്ക്.

പണിതീര്‍ച്ച ദിവസം പണിക്കാര്‍ക്ക് സദ്യയുണ്ട്. ഊണു കഴിക്കാന്‍ ചെള്ളിയേയും വിളിക്കും അമ്മ. സദ്യയുണ്ണാന്‍ ശിവരാമേട്ടനും വരും. 

നട്ടു കഴിഞ്ഞാല്‍പ്പിന്നെ പാടത്തു വെള്ളം വറ്റാതെ നോക്കേണ്ടത് 

ചേന്ദനാണ്. 

''നട്ടൊണങ്ങ്യേ ഞാറും പെറ്റൊണങ്ങ്യേ പെണ്ണും നന്നാവില്ല''

മുത്തശ്ശി പറയുന്നത് മുഴുവന്‍ മനസ്സിലാവില്ല. മുത്തശ്ശി വിവരിച്ചു തരും:

''നട്ടു കേറിക്കഴിഞ്ഞാ കണ്ടത്തിലെപ്പഴും വെള്ളം നിക്കണം. അല്ലെങ്കില്‍ കണ്ടം കട്ട കീറില്ലെ. പിന്നെ വെള്ളം കിട്ടീട്ടും കാര്യണ്ടാവില്ല. ചെടിക്ക് ശക്തില്ല്യാത്തോണ്ട് നെല്ല് പൊട്ടിച്ചെനച്ചു വളരില്ല. അതുപോലേണ് പ്രസവിച്ചു കെടക്കണ പെണ്ണുങ്ങള്. ദിവസേന കുളുര്‍ക്കനെ എണ്ണ തേച്ചു കുളിക്കണം. നന്നായിട്ട് ആഹാരം കഴിക്കണം. ഇല്ലെങ്കിലോ പെറ്റെണീറ്റാ ആരോഗ്യണ്ടാവില്ല''

ചില കൊല്ലങ്ങളില്‍ തുലാവര്‍ഷം ചതിക്കുമെന്നാണ് മുത്തശ്ശി പറഞ്ഞത്. വെള്ളത്തിനു വലിവു തുടങ്ങിയാല്‍ പാടത്ത് ബഹളം തുടങ്ങുകയായി. രാത്രി കാലങ്ങളില്‍ തെക്കേപ്പാടത്തുള്ള കൃഷിക്കാര്‍ വടക്കേപ്പാടത്തുനിന്ന് വെള്ളം തുറന്നു കൊണ്ടു പോവാന്‍ വരും. ആ ദിവസങ്ങളില്‍ ചേന്ദന്‍ കോലായിലാണ് കിടക്കാറ്. മണ്ണിട്ടു തൂര്‍ത്ത കഴായ തുറന്ന് ആരെങ്കിലും വെള്ളം കൊണ്ടുപോകുന്നുണ്ടോ എന്നു നോക്കാന്‍.  

വലിയ കണ്ടത്തിന്റെ വടക്കേയരികില്‍ ഒരു കുണ്ടന്‍ കിണറുണ്ട്. അറ്റ വേനക്കാലത്തും ഒരാള്‍ക്കു വെള്ളമുണ്ടാവും ആ കൊക്കരിണിയില്‍. നെല്ല് പൊട്ടിലും കതിരുമാവുന്ന സമയത്ത് മഴയില്ലെങ്കില്‍ കണ്ടം കട്ട കീറും. കട്ട കീറാതിരിക്കണമെങ്കില്‍ കൊക്കരിണിയില്‍ ഏത്തം പൂട്ടണം. കൊക്കരിണിയില്‍ ഏത്തം പൂട്ടുന്നതും തേവുന്നതും ചേന്ദനാണ്. കയ്യൊഴിവിന് മുണ്ടിയും കൂടും ഏത്തം പിടിക്കാന്‍. മഴയുണ്ടെങ്കിലേ തോട്ടരികിലെ കണ്ടം ഉണങ്ങാതെ കിട്ടൂ.  എന്നാലും വെള്ളത്തിനു വലിവുള്ള കൊല്ലം അധികം മേനി വിളയുമെന്നാണ് മുത്തശ്ശി 

പറയുന്നത്. 

(തുടരും)

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments