Kesari WeeklyKesari

നോവല്‍ - ശ്രീജിത്ത് മൂത്തേടത്ത്‌

ജന്മരഹസ്യം തേടി

on 30 June 2017

കുടകിലേക്ക് മാഷും, സുഹൃത്തുക്കളും പലപ്പോഴും യാത്രപോകാറുണ്ടായിരുന്നു. സ്‌കൂളുപൂട്ടൂമ്പോള്‍, മിക്കവാറും വര്‍ഷങ്ങളില്‍ പലയിടങ്ങളിലേക്കും നടത്താറുള്ള വിനോദയാത്രകളിലൊന്നായേ ഈ യാത്രയേയും ഞാനും ആദ്യം കണ്ടിരുന്നുള്ളൂ. പക്ഷെ അവിടെയുള്ള കരുണാകരസ്വാമിയുമായുള്ള മാഷുടെ ബന്ധത്തെക്കുറിച്ച് ഞാനറിഞ്ഞത് മാഷ് മരിച്ചതിനുശേഷം ഏകദേശം രണ്ടുവര്‍ഷങ്ങള്‍ കഴിഞ്ഞാണ്. ഇവിടെ ഫറോക്കില്‍ താമസിക്കുന്നൊരു ഗോപാലക്കുറുപ്പാണ് എന്നോട് ആ കാര്യം പറഞ്ഞത്. പറഞ്ഞതിന്റെ നിജസ്ഥിതിയറിയാന്‍ മാഷുടെ പഴയ സുഹൃത്തുക്കളായിരുന്ന പീറ്റയില്‍ കൃഷ്ണനെയും, നെല്ലിയുള്ളതില്‍ മുകുന്ദനേയുമൊക്കെ ഞാന്‍ ബന്ധപ്പെട്ടുനോക്കി. മാഷുടെ കൂടെ കുടകിലേക്കുള്ള യാത്രകളില്‍ ഒരുമിച്ചുണ്ടാവാറ് ഈ കൃഷ്ണനും, മുകുന്ദനുമൊക്കെയായിരുന്നെന്നു കേട്ടിരുന്നു. പക്ഷെ അവര്‍ക്കൊന്നും അങ്ങിനെയൊരു സ്വാമിയെക്കുറിച്ചൊന്നും ഒരറിവുമില്ലായെന്നാണവര്‍ പറഞ്ഞത്. അതില്‍പ്പിന്നെ അതിന്റെ പിന്നാലെയുള്ള എന്റെ അന്വേഷണവും ഞാന്‍ അവസാനിപ്പിച്ചു. അങ്ങിനെയിരിക്കെയാണ് ഇവിടെ ചാലപ്പുറത്ത് നാഢീജ്യോതിഷം എന്നും പറഞ്ഞൊരു വിദ്വാന്‍ ഭൂതവും, ഭാവിയും, വര്‍ത്തമാനവുമൊക്കെ പ്രവചിക്കുന്നുവെന്നും, കഴിഞ്ഞ ജന്മത്തിലെ കാര്യങ്ങളും, വരും ജന്മങ്ങളിലെ കാര്യങ്ങളുമൊക്കെ താളിയോലകള്‍ നോക്കി പറയുന്നുവെന്നുമൊക്കെ കേട്ടത്. 
നാഢീജ്യോതിഷത്തെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ടായിരുന്നു. പക്ഷെ അതിന്റെ വിശ്വാസ്യതയെത്രത്തോളമെന്നതിനെക്കുറിച്ച് വ്യക്തമായിപ്പറയാന്‍ സാധിക്കില്ലെന്നാണെനിക്കുതോന്നിയിട്ടുള്ളത്. പല സുഹൃത്തുക്കളും സത്യമാണെന്നും, അസത്യമാണെന്നും, അബദ്ധമാണെന്നും, വെറും തട്ടിപ്പാണെന്നുമൊക്കെയുള്ള അഭിപ്രായങ്ങള്‍ പറഞ്ഞുകേട്ടിട്ടുള്ളതിനാല്‍ രാമന്‍വക്കീലിനെപ്പോലൊരു വ്യക്തി നാഢീജ്യോതിഷത്തില്‍ വിശ്വാസമര്‍പ്പിക്കുന്നുവെന്നത് അമ്പരപ്പുളവാക്കി. പ്രായമാകുമ്പോഴാണല്ലോ ഇത്തരത്തിലുള്ള വിശ്വാസങ്ങള്‍ക്ക് മനുഷ്യന്‍ പിടികൊടുക്കുന്നതും, അതില്‍ ആശ്രയം കണ്ടെത്താന്‍ ശ്രമിക്കുന്നതുമെന്നോര്‍ത്ത് വക്കീലിന്റെ കാര്യത്തില്‍ സഹതാപത്തോടെ ഞാന്‍ അകമേ ചിരിച്ചു.
ഞാന്‍ പോയത് മാഷുടെ ജനനത്തീയതിയും, ജന്മനക്ഷത്രവും, സമയവുമൊക്കെയായിട്ടാണ്. സത്യചന്ദ്രന്‍ എന്നായിരുന്നു ആ ജ്യോതിഷിയുടെ പേര്. പേരും, ജനനസമയവും, നക്ഷത്രവും പറഞ്ഞു കൊടുത്തപ്പോള്‍ ജ്യോതിഷി അല്പസമയം കണ്ണടച്ചിരുന്ന് ധ്യാനിച്ചു. അയാളുടെ ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ കണ്ണുതുറക്കുമ്പോഴേക്കും ആകെ വിയര്‍ത്തുകുളിച്ചിരുന്നു.
ഇതാരാ? ആരുടെ ജാതകമാണിത്?
അയാളുടെ വെപ്രാളത്തോടെയുള്ള ചോദ്യത്തിന് എന്റെ സുഹൃത്തിന്റെതാണെന്നും ആള്‍ മരിച്ചുപോയെന്നും മറുപടി പറഞ്ഞപ്പോള്‍ മാത്രമാണ് അയാളൊന്ന് ശാന്തമായത്.
എനിക്കിദ്ദേഹത്തെക്കുറിച്ചൊന്നും പറയാനാവില്ല. കരുണാകരസ്വാമിയുടെ ആളല്ലേ ഇദ്ദേഹം?
അദ്ദേഹത്തിന്റെ ചോദ്യത്തില്‍ പകപ്പുണ്ടായിരുന്നു. ഞാന്‍ കാര്യങ്ങള്‍ വിശദമാക്കിയപ്പോള്‍ ജ്യോത്സ്യന്‍ കുടകിലെ കരുണാകരസ്വാമിയുടെ വിലാസം തന്നു. നേരിട്ടു ചെന്ന് കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ പറഞ്ഞു. അദ്ദേഹം പ്രതിഫലമൊന്നും വാങ്ങാന്‍ തയ്യാറായതുമില്ല. അതില്‍പ്പിന്നെയാണ് കാര്യങ്ങള്‍ അന്വേഷിക്കാനായി ഞാന്‍ നേരിട്ട് കുടകിലേക്കു പോയത്. കരുണാകരസ്വാമിയുടെ ആശ്രമം കണ്ടുപിടിക്കാന്‍ കുറേ ബുദ്ധിമുട്ടി. ഒറ്റപ്പെട്ടൊരു കുന്നിന്‍ മുകളിലായിരുന്നു ആശ്രമം. അങ്ങിനെയൊരാശ്രമം അവിടെയുണ്ടെന്ന് പരിചയമില്ലാത്ത ആര്‍ക്കും മനസ്സിലാകുകയുമില്ല. 
കുടകിനെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതേവരെ പോയിട്ടില്ല. പ്രകൃതിരമണീയമായ പ്രദേശമാണെന്നും, ഇഞ്ചിയും മറ്റും ധാരാളമായി കൃഷിചെയ്യുന്നയിടവുമാണെന്നൊക്കെ കേട്ടിട്ടുണ്ട്. കുടകില്‍ ഏക്കര്‍ക്കണക്കിന് സ്ഥലങ്ങള്‍ പാട്ടത്തിനെടുത്ത് വര്‍ഷാവര്‍ഷങ്ങളില്‍ കൃഷിയിറക്കാറുള്ളവരെക്കുറിച്ച് എവിടെയോ വായിച്ചതായോര്‍ക്കുന്നു. സന്ദര്‍ശനം നടത്തണമെന്നുദ്ദേശിച്ച് സാധിക്കാതെപോയ അനേകം സ്ഥലങ്ങളിലൊന്നാണ് കുടക്. രാമന്‍ വക്കീല്‍ കുടകുസന്ദര്‍ശനത്തെക്കുറിച്ചുള്ള അനുഭവകഥനം തുടര്‍ന്നു.
വളരെ സാധാരണക്കാരനായിരുന്നു കരുണാകരസ്വാമി. കാവിവസ്ത്രത്തിനു പകരം സാധാരണ മനുഷ്യരെപ്പോലെ മുണ്ടും ഷര്‍ട്ടുമായിരുന്നു ധരിച്ചിരുന്നത്. സ്വാമിയുമായി കുറേയധികം സംസാരിച്ചു. എന്നെ കാത്തിരിക്കുന്നതുപോലെയായിരുന്നു സ്വാമി സംസാരിച്ചത്. ഞാനങ്ങോട്ടു ചോദിക്കാതെ തന്നെ മാഷുടെ കാര്യങ്ങള്‍ സ്വാമി ഇങ്ങോട്ടു പറഞ്ഞു. പലപ്പോഴും അവിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നുവെന്നും, ഇവിടെ കുറ്റല്ലൂര്‍ മലയില്‍ നടക്കുന്ന സമരങ്ങളുടെ വിശേഷങ്ങള്‍ പറയാറുണ്ടായിരുന്നുവെന്നും പറഞ്ഞു. മാസ്റ്റര്‍ നയിക്കുന്ന സമരം വിജയിക്കാതെ പോകില്ലെന്നായിരുന്നു സ്വാമിയുടെ അഭിപ്രായം. മാസ്റ്റര്‍ ഇടപെടുന്ന ഒരു കാര്യവും വിജയിക്കാതിരിക്കില്ലത്രേ! അത് അദ്ദേഹത്തിന്റെ ജന്മരഹസ്യത്തിന്റെ ഭാഗമാണെന്നും സ്വാമി പറഞ്ഞു.
വക്കീല്‍ പറയുന്ന കാര്യങ്ങളെ ശ്രദ്ധയോടെ പിന്തുടരുമ്പോള്‍ എന്റെ തലയ്ക്കുള്ളില്‍ ഒരു കടന്നല്‍ക്കൂട്ടം മൂളിപ്പറക്കുകയായിരുന്നു. ഏതോ ഒരജ്ഞാതലക്ഷ്യത്തിലേക്കവ മൂളിപ്പറന്നുപോവുകയാണ്. വലിയകൂട്ടമായിപ്പറന്നുതുടങ്ങുന്ന അവ, നൊടിയിടയ്ക്കുള്ളില്‍ ഋജുരേഖകളായി പരിണമിക്കുകയും, പിന്നെയും കൂട്ടംതെറ്റി പരന്നുപറക്കുകയും ചെയ്യുന്നു. അവയുടെ കാതടപ്പിക്കുന്ന ചിറകടിമൂളിച്ച, കാതില്‍ പ്രകമ്പനങ്ങളുണ്ടാക്കുന്നു. ചോദിക്കാതിരിക്കാനായില്ല,
ജന്മ രഹസ്യമോ? അപ്പോള്‍?
എന്റെ ആകാംക്ഷയ്ക്കുമുന്നില്‍ വക്കീല്‍ പുഞ്ചിരിച്ചു. അദ്ദേഹം വീട്ടിന്നകത്തേക്കുപോയി ഒരു പുസ്തകമെടുത്തുകൊണ്ടുവന്നു തന്നു. കരുണാകരസ്വാമിയുടെ പുസ്തകമായിരുന്നു അത്. കര്‍മ്മ രഹസ്യവും, ജന്മരഹസ്യവും എന്നായിരുന്നു പുസ്തകത്തിന്റെ പേര്.
ഇതു വായിച്ചുനോക്കൂ. ജന്മരഹസ്യം എന്നതുകൊണ്ടുദ്ദേശിച്ചതെന്താണെന്നു മനസ്സിലാകും. 
ഞാന്‍ പുസ്തകം മറിച്ചുനോക്കി, ബാഗിനുള്ളിലേക്ക് തിരുകിവച്ചു. വക്കീലിന്റെ കുടകുയാത്രാവിവരണം തുടരട്ടെ എന്ന ഉദ്ദേശ്യത്തോടെയായിരുന്നു അത്. പക്ഷെ, വക്കീല്‍ പിന്നെ അതിനെക്കുറിച്ചൊന്നും സംസാരിക്കുകയുണ്ടായില്ല. 
കൂടുതല്‍ വിവരങ്ങള്‍ ഞാന്‍ പിന്നീട് പറയാം. ഏതായാലും നിങ്ങള്‍ വിവരങ്ങള്‍ അന്വേഷിക്കുന്ന വ്യക്തി ഒരു നിസ്സാരക്കാരനല്ലയെന്ന് മനസ്സിലാക്കുക. അതു തന്നെയായിരുന്നു കരുണാകരസ്വാമിയും എന്നോട് ആ സന്ദര്‍ശനത്തില്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ മറ്റൊരു സന്ദര്‍ശനത്തിലേ പറഞ്ഞുള്ളൂ. അതിനെക്കുറിച്ച് നമുക്ക് കൂടുതല്‍ പിന്നീട് സംസാരിക്കാം. ഒരു സാധാരണവ്യക്തിയെയെന്നതുപോലെ മാഷുടെ ചെയ്തികളെ വിലയിരുത്താതിരിക്കാന്‍ ശ്രമിക്കുക. അദ്ദേഹത്തിന്റെ ഓരോ പ്രവര്‍ത്തനങ്ങള്‍ക്കും ചില പ്രത്യേക ഉദ്ദേശ്യങ്ങളുണ്ടായിരുന്നു. ശരിക്കുമൊരു അവതാരപുരുഷനായിരുന്നു അദ്ദേഹം. അവതാര ലക്ഷ്യം പൂര്‍ത്തീകരിച്ചതിനു ശേഷം തന്നെയാണ് അദ്ദേഹം മരണം വരിച്ചതും. എല്ലാം നിങ്ങള്‍ക്ക് പിന്നീട് മനസ്സിലാകും. ഈശ്വരന്‍ അനുവദിക്കുകയാണെങ്കില്‍ നമുക്ക് വീണ്ടും കാണാം. ഇപ്പോള്‍ സമയമിരുട്ടാറായില്ലേ? എനിക്ക് ചില കാര്യങ്ങളുണ്ടായിരുന്നു. വിരോധമില്ലെങ്കില്‍...
വക്കീല്‍ എഴുന്നേറ്റു കഴിഞ്ഞിരുന്നു. ഇനിയും അവിടെ നില്‍ക്കുന്നതും, ചോദ്യങ്ങള്‍ ചോദിക്കുന്നതും അനൗചിത്യമാണ്. പിന്നീട് വീണ്ടും വരാമെന്നു പറഞ്ഞ് രാമന്‍ വക്കീലിന്റെ വീട്ടില്‍ നിന്നുമിറങ്ങി. 
(തുടരും)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments