Kesari WeeklyKesari

ലേഖനം..>>

ബദ്രിലാല്‍ ദരെ സാത്വിക സംഘവ്രതി-- ശരത്ത് എടത്തില്‍

on 30 June 2017
Kesari Article

രുപതാം നൂറ്റാണ്ടിന്റെ ആദ്യദിനത്തില്‍ (1.1.1901) ഉജ്ജയിനിയിലെ ബഡനഗറിലാണ് ദാ-സാഹബ് എന്ന പേരില്‍ അറിയപ്പെട്ട  ബദ്രി പ്രസാദ് ദവെ ജനിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അധ്യാപകനായും വിദ്യാഭ്യാസ നിരീക്ഷകനായും പ്രവര്‍ത്തിച്ചെങ്കിലും, സാമാജിക കാര്യങ്ങളില്‍ സമയം നല്‍കാനാവില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം ജോലി രാജിവെച്ചു കൃഷി ചെയ്യാന്‍ തുടങ്ങി.  മുന്‍കൂട്ടി നിശ്ചയിച്ചതുപോലെയുള്ള ഒരസാധാരണ തീരുമാനമായിരുന്നു അത്. ഒരു ജന്മികുടുംബത്തിലെ ആളായിരുന്നെങ്കിലും കര്‍ഷകരോട് മക്കളോടുള്ള സ്‌നേഹത്തോടെയായിരുന്നു   എക്കാലത്തും അദ്ദേഹം പെരുമാറിയിരുന്നത്. കൃഷിയില്‍ വലിയ മെച്ചമില്ലാതിരുന്ന സമയത്തുപോലും അദ്ദേഹം കര്‍ഷകരോട് അധികാരത്തിന്റെയോ ചൂഷണത്തിന്റെയോ സ്വരം ഉപയോഗിച്ചിരുന്നില്ല. ഇല്ലായ്മയിലും സന്തുഷ്ടിയോടെ ജീവിക്കാനുള്ള മനസ് അദ്ദേഹത്തിനുണ്ടായിരുന്നു.
1946-ല്‍ ഗേരുവാ എന്ന രോഗം വന്ന് ഗോതമ്പ് കൃഷി നശിച്ചപ്പോള്‍ ദാ സാഹബ് ഗ്രാമത്തിന്റെ മുഴുവന്‍ രക്ഷകനായി. സാമ്പത്തികസ്ഥിതി തകരാറിലായെങ്കിലും മുഴുവന്‍ ഗ്രാമീണരെയും അദ്ദേഹം തന്റെ കുടുംബത്തെയെന്നപോലെ സംരക്ഷിച്ചു. തൊട്ടടുത്ത വര്‍ഷം ഭാരതത്തിന്റെ സ്വാതന്ത്ര്യപ്രാപ്തിയോടു കൂടി അദ്ദേഹത്തിന് ഭൂമിയും നഷ്ടമായി. സമൂഹത്തിലെ ഉന്നതരുമായി അടുത്ത ബന്ധമുണ്ടായിരുന്നിട്ടും അദ്ദേഹം തന്റെ കഷ്ടപ്പാടിനിടയില്‍ ആരെയും ബുദ്ധിമുട്ടിച്ചില്ല . ആരുടെയെങ്കിലും ശുപാര്‍ശ കൊണ്ട് മക്കള്‍ക്ക് ജോലി ലഭിക്കുമായിരുന്നു. അതിനുമദ്ദേഹം  ശ്രമിച്ചില്ല. ആര്‍ക്കെങ്കിലും കഷ്ടത അനുഭവപ്പെട്ടാല്‍ തന്റെ സ്ഥിതി പോലും നോക്കാതെ അവരെ സഹായിക്കുക എന്നത് അദ്ദേഹത്തിന്റെ സഹജ സ്വഭാവമായിരുന്നു. നുരിയാ നദിയുടെ തീരത്ത് താമസിച്ചിരുന്ന മുസ്ലീം സഹോദരന്മാര്‍ വെള്ളപ്പൊക്കമുണ്ടാകുന്ന സമയത്ത് ഇദ്ദേഹത്തിന്റെ വീട്ടിലായിരുന്നു ശരണം പ്രാപിച്ചിരുന്നത്. ചുരുക്കത്തില്‍ ജാതിമതഭേദമന്യേ എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമസാത്വികനായിരുന്നു ദാ സാഹബ്.
ഇതിനിടയില്‍ 1946-ല്‍ കോണ്‍ഗ്രസ്സിലൂടെ ബഡനഗര്‍ നഗരസഭയുടെ അധ്യക്ഷനായും, അടുത്ത വര്‍ഷം ഗ്വാളിയോറിനെ പ്രതിനിധീകരിച്ച് നിയമസഭാംഗമായും തിരെഞ്ഞെടുക്കപ്പെട്ടു. എന്നാല്‍  കോണ്‍ഗ്രസ്സിന്റെ  പുതിയ രാഷ്ട്രീയനയങ്ങളുമായി തന്റെ സ്വഭാവം ഒത്തുപോകില്ലെന്ന് മനസ്സിലാക്കിയ അദ്ദേഹം യാതൊരു മടിയും കൂടാതെ കോണ്‍ഗ്രസ്സില്‍ - ഉണ്ടായിരുന്ന പദവികളോടെ നിയമസഭാംഗത്വം ഉപേക്ഷിച്ചു. ഇതിനിടയില്‍ ഭയ്യാജി ദാണി, ഏകനാഥ റാനഡെ, ബാബാ സാഹബ് ആപ്‌ടെ എന്നിവരുമായൊക്കെയുള്ള സമ്പര്‍ക്ക ഫലമായി അദ്ദേഹം സംഘപ്രവര്‍ത്തനത്തില്‍ എത്തി. ഒരു രാഷ്ട്രീയ നേതാവായും ജനപ്രതിനിധിയായും പ്രവര്‍ത്തിച്ച് പ്രസിദ്ധി നേടിയ ശേഷമായിരുന്നു അദ്ദേഹം സംഘചുമതല ഏറ്റെടുത്തത്. ആദ്യം നഗര്‍ കാര്യവാഹായി പ്രവര്‍ത്തിച്ചുതുടങ്ങിയ അദ്ദേഹം അധികം വൈകാതെ തന്നെ  വിഭാഗ് സംഘചാലക്  ആയി തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1951-ല്‍ ജനസംഘം രൂപീകരിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രഥമ സംസ്ഥാന അധ്യക്ഷനായി. രാജനൈതിക മേഖലയിലാണ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും അദ്ദേഹത്തിന്റെ മനസു അടര്‍ത്തി മാറ്റാനാവാത്ത വിധം സംഘപഥത്തില്‍  ലയിച്ചുപോയിരുന്നു.  രാഷ്ട്രീയ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ യഥാര്‍ത്ഥത്തില്‍ സാത്വികനായിരുന്ന അദ്ദേഹത്തിന് ശരിക്കും വെല്ലുവിളി ഉയര്‍ത്തി. 1954-ല്‍ സംഘത്തിലേക്കു തന്നെ തിരിച്ചുവന്ന അദ്ദേഹം പിന്നീട് പ്രാന്തസംഘചാലകന്റെ ചുമതലയിലാണ് പ്രവര്‍ത്തിച്ചത്. ഒരുപക്ഷെ സംഘചരിത്രത്തില്‍ ഇങ്ങനെയൊരു കാര്യകര്‍ത്താവ്  വേറെയുണ്ടാവില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവി വഹിച്ചതിന് ശേഷം വീണ്ടും ഒരേ നിസ്സംഗതയോടെ സംഘപഥത്തില്‍ സക്രിയനായി പ്രാന്തത്തിന്റെ സംഘചാലകനാവുകയെന്ന പ്രക്രിയയ്ക്കിടയില്‍ അസാമാന്യമായ മനസ്സൊതുക്കം  കൈവരിക്കണമല്ലോ. തിരിച്ചായിരുന്നെങ്കില്‍ എളുപ്പമെന്ന് ഏതൊരു സന്യാസിയും ചിന്തിച്ചുപോകുന്ന ഇന്നത്തെ സാഹചര്യത്തില്‍  ദാ സാഹബിന്റെ ഈ പഴയ ഉദാഹരണം  അത്യന്തം മികവുറ്റതാണ്. 
ഈ സാത്വിക സ്വഭാവം അദ്ദേഹത്തിന്റെ സ്വയംസേവകത്വത്തിന് ഒരലങ്കാരമായിരുന്നു. വീട്ടിലെ ചെലവു ചുരുക്കിയാണ് സംഘപ്രവര്‍ത്തനത്തിനു വേണ്ടിയുള്ള പണം മിച്ചം പിടിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നപ്പോഴും അദ്ദേഹം സംഘകാര്യത്തിനു വേണ്ടിയുള്ള പ്രവാസം അവസാനിപ്പിച്ചിരുന്നില്ല. പലപ്പോഴും  റെയില്‍വേസ്റ്റേഷനില്‍ നിന്നും വീട്ടിലേക്കും കാര്യാലയങ്ങളിലേക്കും കാല്‍നടയായിട്ടാണ് അദ്ദേഹം സഞ്ചരിച്ചിരുന്നത്.
1948-ലെ നിരോധന സമയത്ത്  44 സഹപ്രവര്‍ത്തകരോടൊപ്പം അദ്ദേഹവും ജയിലിലടയ്ക്കപ്പെട്ടു. 1953-ല്‍ കശ്മീര്‍ വിഘടനവാദികള്‍ക്കെതിരെ ഡോ.ശ്യാമപ്രസാദ് മുഖര്‍ജി സമരം നയിച്ചപ്പോള്‍ ഇദ്ദേഹം ഡല്‍ഹിയില്‍ പോയി അറസ്റ്റു വരിച്ച് ജയിലിലായി. 1975-ല്‍ അടിയന്തരാവസ്ഥയിലും അദ്ദേഹം മിസാതടവുകാരനായിരുന്നു. 
നഗരസഭ, നിയമസഭ എന്നിവിടങ്ങളില്‍ അംഗമായിരുന്ന കോണ്‍ഗ്രസ്സുകാരന്‍ സംഘപഥത്തിലെത്തി, നഗര്‍-ജില്ലാ  ചുമതലകള്‍ വഹിച്ച്, വീണ്ടും രാജനൈതികരംഗത്ത് പോയി പിന്നെയും തിരിച്ചുവന്ന് പ്രാന്തചുമതല വരെ വഹിച്ചു. എന്നിട്ടും  അദ്ദേഹം പറയാറുള്ളത് സ്വയംസേവകത്വമാണ് ഏറ്റവും വലിയ ചുമതലയെന്നാണ്. പ്രായംകൂടി സംസ്ഥാനതലത്തില്‍ യാത്ര ചെയ്യാന്‍ വയ്യാത്ത അവസരമായപ്പോള്‍  ഇന്‍ഡോറിലെ പണ്ഡിറ്റ് രാംനാരായണ ശാസ്ത്രിയെ പ്രാന്ത ചുമതലയേല്‍പ്പിച്ചു ദാ സാഹബ് ഉജ്ജയിനി വിഭാഗ് സംഘചലകനായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി.  ഏവര്‍ക്കും പ്രിയനായ ആ സാത്വികസംഘവ്രതി 1993 ജനുവരി 26-നു, തൊണ്ണൂറ്റി രണ്ടാം വയസ്സില്‍  ഇഹലോകവാസം വെടിഞ്ഞു. 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments