Kesari WeeklyKesari

മതമൗലികവാദി -പരമ്പര

ഭരണകൂടത്തിന്റെ നിലപാടുകള്‍

on 30 June 2017

ടക്കും തെക്കുമുള്ള സനാതനികടുംപിടുത്തക്കാരുടെ നിലപാടുകള്‍ നോക്കുമ്പോള്‍ ഒരുകാര്യം കണ്ണില്‍ പെടുന്നു. വടക്കുള്ള, സാമൂതിരിയുടെ ചോദ്യാവലിക്കുള്ള ഉത്തരങ്ങളില്‍ ബന്ധപ്പെട്ടവര്‍ തങ്ങളുടെ നിലപാടുകള്‍ സ്വന്തം സ്ഥാപനവിഷയത്തിലൊതുങ്ങിനിന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും മറുവശത്തുള്ളവരുടെ അസ്തിത്വത്തെ ഹീനമായി അപലപിക്കുന്നില്ല. എന്നാല്‍ തെക്കുഭാഗത്തു കടക്കുമ്പോള്‍ നിലപാട് കര്‍ക്കശമാകുന്നു, അവര്‍ണ്ണര്‍ ഹിന്ദുക്കളല്ലെന്നും മതം മാറിയാല്‍ ഹിന്ദുസമൂഹത്തിന് യാതൊരു ഹാനിയുമില്ലെന്നുവരെ പറഞ്ഞെത്തുന്നു.  ആയിരക്കണക്കിനാളുകളുടെ ഒപ്പുകള്‍ സംഘടിപ്പിക്കാന്‍ കൂട്ടായ ശ്രമം നടത്തിയ ആ കാലയളവില്‍ അതിന്റേതായ കാളകൂടവും അന്നത്തെ സമാജാന്തരംഗത്തില്‍ നിശ്ചയമായും പരന്നിട്ടുണ്ടാകണം. പെരുംകടലിനടിത്തട്ടിലെ ബഡവാഗ്നിപോലെ അത് ഇന്നും എരിയുന്നതായി കാണാം. അത് മാറിക്കിട്ടാന്‍ പ്രസംഗങ്ങളും കൂട്ടായ്മകളും മാത്രം പോരാ. പിന്നെയോ, സംഘശാഖപോലെയുള്ള പ്രവര്‍ത്തനനൈരന്തര്യത്തില്‍കൂടി കരുപ്പിടിപ്പിച്ചെടുക്കുന്ന ദീര്‍ഘകാലസംസ്‌ക്കരണപ്രക്രിയയില്‍ കൂടിയേ കഴിയൂ.
അസുഖകരമായ രണ്ടാമതൊരു സത്യം നമ്മുടെ കണ്‍മുന്നില്‍ വരുന്നു. വര്‍ഷങ്ങളായി നാടിന്റെ മണ്ണില്‍ വേരുറച്ചു സ്ഥാപനവല്‍ക്കരിക്കപ്പെട്ട പരമ്പരാഗതഹൈന്ദവമഠങ്ങള്‍ ഉല്‍പതിഷ്ണുത്വത്തിന്റെ നേര്‍ക്കു മുഖംതിരിച്ച് കാലഹരണപ്പെട്ട മാമൂലുകളെ അള്ളിപ്പിടിക്കുന്നതായി കാണാം. ഇവിടേയും ആചാരത്തിന്റേയും സനാതനത്വത്തിന്റേയും ശുദ്ധശാസ്ത്രത്തിന്റേയും പേരില്‍ കാമകോടി, ശൃംഗേരി, പുരി മഠാധിപന്മാരും കാശിയിലെ വര്‍ണ്ണാശ്രമസമാജും അതുപോലുള്ള സനാതനധര്‍മ്മസഭകളുമെല്ലാം സാര്‍വ്വത്രികക്ഷേത്രപ്രവേശത്തിന് പ്രതികൂലമായിരുന്നു. തമിള്‍നാട്ടിലേയും ആന്ധ്രാപ്രദേശത്തിലേയും മഹാരാഷ്ട്രയിലേയും സ്വാമിയാര്‍മഠങ്ങളുടെ നിലപാടുകളിതുതന്നെയായിരുന്നു. ഗോവയിലെ റോമന്‍ കത്തോലിക്കാമിഷണറിമാരുടെ പള്ളിപ്പിടുത്തത്തില്‍നിന്നു കുതറിച്ചാടി കടല്‍ താണ്ടി വന്ന ഗൗഢസാരസ്വതരുടെ മഠാധിപതിമാര്‍ കൂടെവന്ന ഭൃത്യജാതികള്‍ക്ക് പുതുതായി സ്ഥാപിച്ച ക്ഷേത്രങ്ങളില്‍ തുല്യപ്രവേശം കൊടുത്തില്ല. ഇവര്‍ക്കെല്ലാം ആത്മാര്‍ത്ഥതയോ ഹൃദയത്തില്‍ അലിവോ ഇല്ലെന്നു കരുതാനാവില്ല. എന്നാല്‍ സംഭവിച്ചത് ഒന്നു മാത്രമാണ്. മാറിക്കൊണ്ടിരിക്കുന്ന സമൂഹത്തില്‍ മാറാതെ എന്നുമെന്നും നിലനില്‍ക്കുന്ന മൂല്യങ്ങളെ പുതിയ സാഹചര്യത്തില്‍ മുഴച്ചുനില്‍ക്കാത്തവിധം സന്നിവേശിപ്പിക്കുന്നതില്‍  അവരുടെ ദൃഷ്ടി പതിഞ്ഞില്ല. ആ വശത്തേയ്ക്ക് ബുദ്ധി വ്യാപരിപ്പിക്കണമെന്ന് അവര്‍ക്ക് തോന്നിയതുമില്ല.
സമൂഹത്തിന്റെ ആ ആവശ്യം ഏറ്റെടുത്തത് ഉള്‍വിളിയനുസരിച്ച് മഹായതികളായുയര്‍ന്ന വിഭൂതിഗണമാണ്. അതില്‍ ദയാനന്ദസരസ്വതി, ശ്രീരാമകൃഷ്ണപരമഹംസര്‍, സ്വാമി വിവേകാനന്ദന്‍, സ്വാമി പ്രണവാനന്ദന്‍, ശ്രീനാരായണഗുരുദേവന്‍, വൈകുണ്ഠ സ്വാമികള്‍, ബംഗാളില്‍നിന്നും കേരളത്തിലെത്തിയ നിര്‍മ്മലാനന്ദസ്വാമികള്‍, രമണമഹര്‍ഷി, സ്വാമി രാമതീര്‍ത്ഥന്‍, ചിന്മയാനന്ദ സ്വാമികള്‍ മുതലായവരുണ്ട്, വിശാലഭാരതത്തിലെ ഓരോ പ്രവിശ്യയിലും പ്രസിദ്ധരായ ഗുരുദേവന്മാരുണ്ട്. അവരാണ് സത്യത്തില്‍ ആധുനികഹൈന്ദവനവോത്ഥാനത്തിന്റെ നടുനായകന്മാര്‍, പരമ്പരാഗത മഠാധിപതികളല്ല.
ഇവിടെ പ്രാസംഗികമായി ഒരു കാര്യം പ്രത്യേകം പറയേണ്ടിയിരിക്കുന്നു. മേല്‍ ചൂണ്ടിക്കാണിച്ച അസാംഗത്യത്തിനു വിരാമമിട്ടത് 1966 ജനുവരി 22-23-24 തീയതികളില്‍ പ്രയാഗയില്‍ കുംഭമേളയ്ക്കിടയില്‍ സമ്മേളിച്ച വിശ്വഹിന്ദുസമ്മേളനമായിരുന്നു. ശരിക്കും അമൃതൊഴുകിയ കുംഭമേളയായിരുന്നു അത്. ഇംഗ്ലീഷില്‍ പറയുന്ന 'ഐസ് ബ്രേക്കിംഗ്' സമ്മേളനം! അതുതൊട്ട് ഹൈന്ദവധാര്‍മ്മികകാര്യങ്ങളില്‍ പരമ്പരാഗതസന്ന്യാസിമാരും ഉന്മുഖരായിത്തുടങ്ങി, മുന്‍നിരയില്‍ വരാന്‍ വൈമനസ്യം കാണിക്കാതെയായി. ചിലരെ സംബന്ധിച്ചു പഴയ ശീലങ്ങള്‍ ഇനിയും വിട്ടുമാറാന്‍ പ്രയാസം!
മൂന്നാമതൊരു സത്യം. ഇതിനു സമാന്തരമായിരുന്നു ആഭിജാത്യര്‍ക്കിടയിലെ ചേരിതിരിവ്. മഹാത്മാഗാന്ധിജിയുടേയും ഹിന്ദുമഹാസഭയുടേയും ബ്രഹ്മസമാജം, ആര്യസമാജം,  ശ്രീരാമകൃഷ്ണാശ്രമം മുതലായ അഭിനവപ്രസ്ഥാനങ്ങളുടേയും സ്വാധീനം മൂലം പൊതുരംഗത്തുവന്ന എല്ലാ കുലീനരും ആഭിജാതരും കീഴ്‌മേല്‍ജാതിയില്ലാതെ പരക്കേ ഉല്‍പതിഷ്ണുക്കളായിരുന്നു. ക്ഷേത്രപ്രവേശകാര്യത്തില്‍ മഹാരാഷ്ട്രയിലെ എം. എസ്. അണേ, എന്‍. സി. കേള്‍ക്കര്‍, തമിള്‍നാട്ടിലെ സി. രാജഗോപാലാചാരി, രംഗഅയ്യര്‍, ഡോക്ടര്‍ സുബ്ബരായര്‍,  കേരളത്തിലെ കെ. പി. കേശവമേനോന്‍, കുറൂര്‍ നമ്പൂതിരിപ്പാട്, മന്നത്ത് പദ്മനാഭന്‍, പാലക്കാട് താരക്കാട് കൃഷ്ണയ്യര്‍ മുതലായവരെല്ലാം ഈ വകുപ്പില്‍പ്പെട്ട ക്ഷേത്രപ്രവേശപക്ഷക്കാരായിരുന്നു. എന്നാല്‍ ബ്രിട്ടീഷുകാരുടെ സൗജന്യത്താലോ കാരുണ്യത്താലോ ആഭിജാത്യം കൈവന്ന പുത്തന്‍കൂറ്റുകാരും, നാടുവാഴിത്തവും ജന്മിത്തവും വഴി അഭിജാതരായംഗീകരിക്കപ്പെട്ട പഴമക്കാരും ക്ഷേത്രപ്രവേശപ്രതികൂലികളായിരുന്നു. ഇക്കൂട്ടരില്‍പ്പെട്ടവരായിരുന്നു കൊല്ലങ്കോട് വാസുദേവരാജ, പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ചന്‍, പലപല ജന്മി നമ്പൂതിരിപ്പാടുമാര്‍ മുതലായവര്‍. ആദ്യത്തെ കൂട്ടര്‍ക്കുള്ള അംഗീകാരം കര്‍മ്മാര്‍ജ്ജിതമായിരുന്നെങ്കില്‍ രണ്ടാമത്തെ കൂട്ടരുടേത് പരമ്പരാഗതമോ സമ്മാനിതമോ ആയിരുന്നു. ആ തരവ്യത്യാസം അവരുടെ നിലപാടിലും പ്രതികരണത്തിലും പ്രതിബിംബിച്ചു. ആദ്യത്തെ കൂട്ടരുടെ നിലപാടിനു പിന്‍ബലം അവര്‍ക്കു ജനമദ്ധ്യത്തില്‍ നിന്നുണ്ടായ അനുഭവങ്ങളായിരുന്നു. രണ്ടാം കൂട്ടരുടേത് തങ്ങളുടെ സ്ഥാനവും പ്രമാണിത്തവുമായിരുന്നു. ഇരുകൂട്ടര്‍ക്കിടയിലും അപവാദങ്ങളില്ലെന്നല്ല. 
ഈ പരിതഃസ്ഥിതിയിലാണ് ഗുരുവായൂര്‍ ക്ഷേത്രപ്രവേശനകാര്യത്തില്‍ വിദേശിഭരണകൂടത്തിന്റെ ഗവര്‍ണ്ണര്‍ക്കും തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശനകാര്യത്തില്‍ മഹാരാജാവിനും നിയമപരമായ നിലപാട് എടുക്കേണ്ടി വന്നത്. ബ്രിട്ടീഷ് ഭരണകൂടത്തിന് തീരുമാനമെടുക്കുക എളുപ്പമായിരുന്നു. 'നേറ്റീവു'കളുടെ മതകാര്യങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയാണ് ഒരു പരിഷ്‌കൃതഭരണസംവിധാനത്തിന്റെ ഉദാരനയം എന്നു പറഞ്ഞുകൊണ്ട് തല്‍സ്ഥിതി തുടരാനനുവദിക്കുന്നതായിരുന്നു അവരുടെ നയം. വൈദ്യര്‍ കല്പിച്ചതും രോഗി ഇച്ഛിച്ചതും പാല്‍ എന്ന യുക്തിയനുസരിച്ച് അത് മലബാറിലെ യാഥാസ്ഥിതികര്‍ക്കും ഗുരുവായൂര്‍ പാല്‍പ്പായസം പോലെ പത്ഥ്യമായി. ഇനി, നിര്‍മ്മലാനന്ദസ്വാമികളേയും പാലക്കാട്ടിലെ താരക്കാട് കൃഷ്ണയ്യരേയും പോലുള്ളവര്‍  ആശങ്കപ്പെട്ടതനുസരിച്ച് താഴ്ന്ന ജാതിക്കാര്‍ ക്രൈസ്തവമിഷണറിമാരുടെ പിന്നാലെ പോയെന്നുവന്നാല്‍ അതുകൊണ്ട് യാഥാസ്ഥിതികര്‍ക്ക് നഷ്ടബോധമില്ലായിരുന്നു. മറുവശത്ത് വിദേശക്രൈസ്തവഭരണകൂടത്തിന് ആ 'ബോണസ്' കൈനീട്ടി സ്വീകരിക്കുന്നതിനു വൈമനസ്യവുമില്ലായിരുന്നു. 'പോത്തിന്റെ ചൊറിച്ചിലും മാറി കാക്കയുടെ വിശപ്പും തീര്‍ന്നു' എന്ന സ്ഥിതിവിശേഷം! ചുരുക്കത്തില്‍ ഗുരുവായൂര്‍ ക്ഷേത്രസത്യഗ്രഹം കെട്ടടങ്ങി. ബാഹ്യദൃഷ്ടിയില്‍ അത് വിജയിച്ചില്ല. അതിനു പിന്നേയും ഒരു വ്യാഴവട്ടത്തിലുമധികകാലം കാത്തിരിക്കേണ്ടി വന്നു. ഭാരതസ്വാതന്ത്ര്യത്തിന്റെ അരുണോദയം പരത്തിയ പുതിയ വെട്ടത്തില്‍ യാമങ്ങള്‍ മുമ്പുണ്ടായിരുന്ന ഇരുട്ട് പ്രമേയമോ, പ്രകടനമോ, പ്രക്ഷോഭമോ കൂടാതെ പ്രതിഷേധമോ പ്രതിരോധമോ ഇല്ലാതെ നീങ്ങുകയും ഗുരുവായൂരിലെ മാത്രമല്ല ഭാരതമാസകലമുള്ള സകല ക്ഷേത്രങ്ങളും ഉച്ചനീചഭേദമെന്യേ എല്ലാവര്‍ക്കുമായി തുറന്നുകിട്ടുകയും ചെയ്തു. ആരും തന്നെ ക്ഷേത്രങ്ങള്‍ അടച്ചുപൂട്ടി കാശിക്കുപോയതായറിവില്ല!
തിരുവിതാംകൂറിലെ സ്ഥിതി വ്യത്യസ്തമായിരുന്നു. നാട്ടുരാജ്യമായിരുന്ന അവിടത്തെ രാജാവും പ്രജകളുമായുള്ള ബന്ധം ദേശീയ സംസ്‌ക്കാരത്തിന്റെ ഭാഗമായിരുന്നു. ഉരുത്തിരിഞ്ഞുവന്ന സ്ഥിതിവിശേഷത്തെ രാജാവിന് എളുപ്പത്തില്‍ അവഗണിക്കുവാന്‍ കഴിയുമായിരുന്നില്ല. തന്റെ പ്രജകളില്‍ നല്ലൊരു ഭാഗം ദ്രുതഗതിയില്‍ മതംമാറുന്നതായി കാണാന്‍ കണ്ണില്‍ എണ്ണ ഒഴിക്കേണ്ടിയിരുന്നില്ല. ഒപ്പംതന്നെ, അവര്‍ക്കിടയില്‍ ഭാവാത്മകമായി സനാതനധര്‍മ്മവിശ്വാസം കൂടിവരുന്നതായും അവര്‍ സ്വന്തമായി വൈദിക-താന്ത്രികതലത്തിലുള്ള ക്ഷേത്രങ്ങള്‍ സ്ഥാപിച്ചു വരുന്നതായും കാണാന്‍ ക്ലേശിക്കേണ്ടിയിരുന്നില്ല. മാത്രമല്ല, പ്രായപൂര്‍ത്തിവന്നു ഭരണം കയ്യേല്‍ക്കുമ്പോള്‍ പൊതുഹിന്ദുക്കളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാന്‍ ഏര്‍പ്പാടുണ്ടാക്കാമെന്ന മൗനസമ്മതം അദ്ദേഹത്തില്‍നിന്നു മഹാത്മജി പ്രഥമസമാഗമത്തില്‍ കൈപ്പറ്റി കഴിഞ്ഞിരുന്നു. കാര്യാനുകൂലമെന്നോണം വൈസ്‌റോയി കൗണ്‍സിലിലംഗവും വേദാന്തദര്‍ശനപടുവും അഭിഭാഷകവിദ്വാനും ഭരണപ്രവീണനും ഉല്‍പതിഷ്ണുവുമായ ഒരു ധുരന്ധരനെ - സി. പി. രാമസ്വാമി അയ്യരെ-സചിവോത്തമനായും കിട്ടിക്കഴിഞ്ഞിരുന്നു.
ഈ സമയത്താണ് തിരുവിതാംകൂര്‍ ഗസറ്റ് ചോദ്യാവലിക്കു കുര്യാപ്പള്ളി മുതല്‍ കന്യാകുമാരി വരെയുള്ള ക്ഷേത്രമുടമസ്ഥസംഘക്കാരുടെ പരദ്വേഷമിശ്രിതമായുള്ള പ്രതികരണം. നടപ്പാചാരത്തിന്റെ പേരില്‍ തന്ത്രിമാരുടേയും ഊരാണ്മക്കാരുടേയും ഓതിക്കന്മാരുടേയും കുലീനന്മാരുടേയും രേഖപ്പെടുത്തിയ കടുത്ത വിരോധം. ബൃഹസ്പതിവചനം, വിഷ്ണുസംഹിത, ഭൃഗുസംഹിത, വൈഖാനസാഗമം, തത്ത്വപ്രദീപിക, പാശുപതം, ഭഗവദ്ഗീത, മനുസ്മൃതി, ഹാരിതസ്മൃതി, സംവര്‍ത്തസ്മൃതി, ദേവലസ്മൃതി, ബൗധായനസ്മൃതി, പരാശരസ്മൃതി മുതലായവ പ്രമാണങ്ങളായി ഉദ്ധരിച്ചുകൊണ്ടുള്ള 540ഉം, 2500 ഉം, 10000 ഉം പേര്‍ ഒപ്പിട്ട നെടുംനിവേദനങ്ങള്‍! ഒപ്പിട്ടവരെല്ലാം മേല്‍പ്പറഞ്ഞ പ്രമാണഗ്രന്ഥങ്ങള്‍ വായിച്ചുനോക്കിയുണ്ടാകുമോ എന്ന സംശയമവശേഷിക്കുന്നു. വിദ്വാനായ ദിവന്‍ജിയെങ്കിലും അത് വായിച്ചു മനസ്സിലാക്കാതിരിക്കില്ലെന്നു അവര്‍ കരുതിയിട്ടുണ്ടാകണം!
വാസ്തവത്തില്‍ പ്രജാവത്സലനായ ഒരു മഹാരാജാവ് എത്രമാത്രം മാനസികസമ്മര്‍ദ്ദമനുഭവിച്ചിട്ടുണ്ടാകണം! കിരീടം ചൂടുന്ന തലയ്ക്കുള്ളില്‍ കൊടുങ്കാറ്റു വീശുമെന്നു പറയുന്നതെത്ര ശരി! എന്നാല്‍ മഹാത്മാവായ അവിടുന്നു അന്തരീക്ഷത്തെ സധീരം നേരിട്ടു. ക്ഷതത്തില്‍നിന്നു ത്രാണനം ചെയ്യുന്ന ക്ഷത്രിയനായ ആ ധീരോദാത്തന്‍ ഇച്ഛാശക്തിയും ക്രിയാശക്തിയും ജ്ഞാനശക്തിയും കൂട്ടിപ്പിരിച്ച ത്രിവേണീസംഗമശക്തിയോടെ മുന്നോട്ടുനീങ്ങി. യൗവ്വനം മൊട്ടിട്ടു വിരിഞ്ഞ 24-ാം വയസ്സില്‍ ബാലരാമവര്‍മ്മ തിരുമനസ്സ് തന്റെ തീരുമാനത്തിന്റെ പശ്ചാത്തലം പരസ്യമാക്കി. ''നാം നമ്മുടെ കര്‍ത്തവ്യം നിര്‍വ്വഹിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഈശ്വരന്റെ ഇരിപ്പിടങ്ങളായ ക്ഷേത്രങ്ങളില്‍ ഹിന്ദുക്കളില്‍ ഒരു വലിയ വിഭാഗത്തിന് അനേകനൂറ്റാണ്ടുകളായി പ്രവേശനമില്ലായിരുന്നു. അത്തരം ഒരു നിരോധനം കൊണ്ട് ഒരു കാലത്ത് വല്ല ഉപയോഗവുമുണ്ടായിരുന്നിരിക്കാമെങ്കിലും ഇപ്പോള്‍ അതുകൊണ്ട് പുരോഗതിയല്ല, പ്രതിബന്ധം മാത്രമാണ് ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ കാലങ്ങളില്‍ അതുകൊണ്ടുണ്ടായ പ്രയോജനം എന്തുതന്നെയായിരുന്നാലും മനുഷ്യരാശിയോടുചെയ്യുന്ന ഒരു അനീതിയാണതെന്നു നമുക്കു തോന്നി. ഹിന്ദുമതത്തില്‍ ഒരു കളങ്കമായിരുന്നു അതെന്നുള്ളതു സ്പഷ്ടമാണ്. അതുകൊണ്ട് നാം വിളംബരം പുറപ്പെടുവിച്ചു.''
(തുടരും)

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments