Kesari WeeklyKesari

ലേഖനം..

ലൗജിഹാദിന്റെ ഇര വെളിപ്പെടുത്തുന്നു

on 30 June 2017
Kesari Article

ലൗജിഹാദിന്റെ ഇര 
വെളിപ്പെടുത്തുന്നു

ലൗജിഹാദ് സംഘപരിവാറിന്റെ കള്ളപ്രചരണമെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക്മാത്രമല്ല, സ്‌നേഹം നടിച്ച് മതംമാറ്റി ഇസ്ലാമിക ഭീകരവാദത്തിന്റെ ഇരകളെ സൃഷ്ടിക്കുന്ന ഗൂഢാലോചനക്കാര്‍ക്ക് മതേതരത്വത്തിന്റെ പേരില്‍ സംരക്ഷണമൊരുക്കുന്നവര്‍ക്കും മുമ്പില്‍ ചെര്‍പ്പുളശ്ശേരി സ്വദേശിനി ആതിര സ്വന്തം അനുഭവം തുറന്നുവെക്കുന്നു. മറുനാടന്‍ മലയാളിയോട് ആതിര വെളിപ്പെടുത്തിയ തന്റെ അനുഭവങ്ങള്‍ ഇവിടെ ആവര്‍ത്തിക്കുകമാത്രമാണ് കേസരി ചെയ്യുന്നത്.
താന്‍ ജോലി ചെയ്യാന്‍ എത്തിയ സ്ഥാപനത്തിന്റെ ഉടമയില്‍ നിന്ന് നിഷ് ഓഫ് ട്രൂത്തിന്റെ നൗഫല്‍ കുരുക്കള്‍ എന്റെ നമ്പര്‍ സംഘടിപ്പിച്ച് വിളിക്കുകയായിരുന്നു. ഇസ്ലാം മതത്തെ ഏറെ ഇഷ്ടപ്പെട്ട എന്നെ, ഒരു ജിഹാദിയെക്കൊണ്ട് വിവാഹം കഴിപ്പിച്ച് യമനിലേക്ക് കടത്തുന്നതിനായി എമര്‍ജന്‍സി പാസ്‌പോര്‍ട്ട് എടുപ്പിക്കുകയും, ധൃതി പിടിച്ച് ആയിഷയാക്കി മാറ്റിയതിനും പിന്നിലെ ബുദ്ധികേന്ദ്രം നൗഫലാണ്. വീട്ടുകാരുടെ എതിര്‍പ്പോടെ മതം മാറുമ്പോള്‍ വിവാഹം കഴിക്കണം എന്ന് എന്നെ ഏറെ നിര്‍ബന്ധിച്ചു.
അതിനായി ഒരു മുജാഹിദുകാരന്‍ നൗഫലിന്റെ നിര്‍ദ്ദേശപ്രകാരം എന്റെ പിന്നാലെ പ്രണയം നടിച്ച് കൂടിയിരുന്നു. അന്ന് ഞാന്‍ വിവാഹത്തിന് സമ്മതം മൂളിയിരുന്നേല്‍ ഇന്ന് ഹാദിയയായ അഖിലയുടെ അവസ്ഥ ആകുമായിരുന്നുവെന്നും ആദ്യമായി തുറന്നു പറഞ്ഞു.
ആയിഷ ആയതിങ്ങനെയെന്ന് ആതിര പറയുന്നു..
ബിബിഎ പഠനത്തിന് ശേഷം പെരിന്തല്‍മണ്ണയിലെ ഡി.എല്‍.എസ് എന്ന സ്ഥാപനത്തില്‍ ഒരു ജോലിക്കായി പോയി. ഇന്റര്‍വ്യൂവിനിടെ എന്റെ വായില്‍ നിന്ന് 'ഇന്‍ഷാ അള്ളാ' എന്ന വാക്ക് വീണുപോയി. അപ്പോളാണ് ഹിന്ദുവായ താങ്കള്‍ എങ്ങനെയാണ് ഇങ്ങനെ പറയുന്നതെന്ന് എംഡി തൗഫീഖ് ചോദിക്കുന്നത്. താന്‍ ഭൂരിഭാഗവും മുസ്ലിം വിദ്യാര്‍ത്ഥികള്‍ ഉള്ള സ്‌കൂളിലും കോളേജിലുമാണ് പഠിച്ചതെന്നും, ഇസ്ലാം മതത്തെ തനിക്ക് ഇഷ്ടമാണെന്നും ഞാന്‍ പറഞ്ഞു. ഇതോടെ അവിടെ ജോലി നല്‍കാമെന്ന് അയാള്‍ ഉറപ്പ് തന്നു. മതത്തെക്കുറിച്ച് കൂടുതലായി പഠിക്കാനുള്ള സൗകര്യവും ഇവിടെ ചെയ്ത് തരുമെന്നും അവര്‍ വാഗ്ദാനം ചെയ്തു.
ജോലിയ്ക്ക് കയറി എതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാന്യമായ സംസാരത്തോടെ, നമസ്‌ക്കാരം ചൊല്ലി നൗഫല്‍ കുരുക്കള്‍ എന്റെ ഫോണിലേക്ക് വിളിച്ചു. തൗഫീക്ക് പറഞ്ഞിട്ടാണ് വിളിക്കുന്നതെന്ന് പറഞ്ഞതോടെ ഞാന്‍ സംസാരിക്കാന്‍ തയ്യാറായി. ഇസ്ലാം മതത്തെ ഇഷ്ടമുള്ള ഹിന്ദു പെണ്‍കുട്ടിയെ പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷം എന്ന് പറഞ്ഞ് അദ്ദേഹം അടുത്തുകൂടി. അന്നു തന്നെ, ഇസ്ലാം മതം സ്വീകരിക്കുന്നതിനുള്ള രീതികളെക്കുറിച്ചും, മുസ്ലിം യുവാവിനെ വിവാഹം കഴിക്കണമെന്നും നിര്‍ബന്ധിച്ചു. വീട്ടുകാരുടെ പിന്തുണയില്ലാതെ ജീവിക്കണമെങ്കില്‍ മുസ്ലിം യുവാവിനെ വിവാഹം ചെയ്യണമെന്ന് അയാള്‍ പറഞ്ഞു. ഇസ്ലാം മതത്തിലേക്ക് വരുന്ന കുട്ടികളെ വിവാഹം ചെയ്യാന്‍ ഇഷ്ടപ്പെടുന്ന കുറേ ചെറുപ്പക്കാര്‍ തന്റെ കൂടെയുണ്ടെന്നും അയാള്‍ പറഞ്ഞു. ഇപ്പോള്‍ എനിക്ക് കല്ല്യാണത്തിന് താല്‍പര്യം ഇല്ലെന്ന് പറഞ്ഞ് ഫോണ്‍ വെച്ചു.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അയാള്‍ ഓഫീസില്‍ വന്നു. വലിയ ജുബ്ബയും പാന്റസും, താടി നീട്ടി വളര്‍ത്തി, മീശയില്ലാതെ, തലയില്‍ കെട്ടുമായി ഒരു ജെന്റില്‍മാന്‍. അദ്ദേഹം എനിക്ക് തരാന്‍ ഒരുപാട് ഇസ്ലാം മതവുമായി ബന്ധപ്പെട്ട ബുക്കുകളുമായാണ് വന്നത്. തൗഫീദ്, ഇസ്ലാം മതത്തിലെ സ്ത്രീകള്‍, പ്രവാചകന്റെ ജീവചരിത്രം അങ്ങനെ പതിനഞ്ചോളം ബുക്ക് നൗഫല്‍ കൊണ്ടുവന്ന് തന്നു. അധികമൊന്നും അന്ന് സംസാരിച്ചില്ല. വീട്ടില്‍ പോയി ആരും കാണാതെ ഞാന്‍ ബുക്‌സ് ഒക്കെ വായിക്കാന്‍ തുടങ്ങി. ബുക്‌സ് വായിക്കുമ്പോള്‍ ഓരോ ദിവസവും നരകത്തെക്കുറിച്ച് ഓര്‍ത്തും, ശിര്‍ക്ക് ചെയ്യുന്നതിനുള്ള ശിക്ഷയെക്കുറിച്ചും, കാഫിറുകള്‍ക്കുള്ള ശിക്ഷയെക്കുറിച്ചെല്ലാം വായിച്ച് ഒരുപാട് പേടി തോന്നി. അച്ഛനും അമ്മയും ഇസ്ലാമില്‍ വിശ്വസിക്കാതെ കാഫിറുകളായി മരിച്ച് പോകുമല്ലോ, അവരെ എങ്ങനെയെങ്കിലും ഇസ്ലാം മതത്തിലേക്ക് കൊണ്ടുവരണമെന്നും അന്നാണ് തോന്നലുണ്ടായത്.
താന്‍ യമനില്‍ പോയി മതപഠനം നടത്തിയിട്ടുള്ള ആളാണെന്ന് നൗഫല്‍ ഒരു ദിവസം എന്നെ വിളിച്ചപ്പോള്‍ പറഞ്ഞു. യഥാര്‍ത്ഥ മതപഠനം ഉള്ളത് യമനിലാണ്. അത് യമനില്‍ പോയി തന്നെ പഠിക്കണമെന്നും നൗഫല്‍ പറഞ്ഞു. അത് കേട്ടപ്പോള്‍ എനിക്കും താല്‍പര്യം തോന്നി, യമനില്‍ പോകണം മതത്തെക്കുറിച്ച് കൂടുതല്‍ പഠിക്കണം എന്നൊക്കെ. നബിയുടെ പാരമ്പര്യക്കാരൊക്ക യമനിലാണെന്നാണ് അയാള്‍ പറഞ്ഞത്. അങ്ങനെ നൗഫലാണ് എനിക്ക് എമര്‍ജന്‍സി പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നത്. ഇത് എനിക്കറിയില്ലായിരുന്നു. ഓഫീസിലെ ഒരു ആവശ്യത്തിനായി പാസ്‌പോര്‍ട്ട് വേണമെന്ന് അച്ഛനോട് കള്ളം പറഞ്ഞപ്പോള്‍ വെരിഫിക്കേഷന് അച്ഛനും വന്നു. മതം മാറണമെങ്കില്‍ സ്വന്തം ഇഷ്ടപ്രകാരമാണ് മാറുന്നതെന്നുള്ള സത്യവാങ്മൂലം വേണം. ഇത് തയ്യാറാക്കാനായി നൗഫലും അവരുടെ ഭാര്യയും കൂടി കാറില്‍ മഞ്ചേരി സത്യസരണിയില്‍ പോയി.
അവിടെ ചെന്നയുടനെ മമ്മൂട്ടി ഹാജിയെന്നൊരാള്‍ എന്നോട് ചോദിച്ചു വീട്ടില്‍ ആര്‍എസ്എസ് കാരായി ആരെങ്കിലുമുണ്ടോയെന്ന്. ഞാന്‍ പറഞ്ഞു ഇല്ല. രണ്ട് പെണ്‍കുട്ടികളാണ് ഞങ്ങള്‍. അച്ഛന് പ്രത്യേകിച്ച് രാഷ്ടീയമൊന്നും ഇല്ല. എങ്കിലും കോണ്‍ഗ്രസ്സിന് വോട്ട് ചെയ്യുന്നവരാണ് എന്ന്. അങ്ങനെ അവിടെ നിന്ന് അഡ്വ. സാങ്‌സണ്‍ വഴി അഫിഡവിറ്റ് തയ്യാറാക്കി പേര് മാറ്റി അയിഷ എന്ന് സ്വീകരിച്ചു. അന്നു മുതല്‍ അയിഷ എന്നായിരുന്നു നൗഫലും മറ്റും വിളിച്ചിരുന്നത്.
റംദാന്‍ മാസം ആരംഭിക്കുന്ന ഘട്ടമായപ്പോള്‍ എത്രയും പെട്ടെന്ന് സത്യസരണിയില്‍ എത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. അതെല്ലാം പ്ലാന്‍ ചെയ്യുന്നതിനായി പെരിന്തല്‍മണ്ണയിലുള്ള എസ്.ഡി.പി.ഐ നേതാവ് ഷംസുവിന്റെ വീട്ടിലേക്ക് എന്നെ കൂട്ടിക്കൊണ്ട് പോയി. ഞാനും നൗഫലും നൗഫലിന്റെ ഭാര്യയുമായാണ് പോയത്. അവിടെവച്ചാണ് ജൂണ്‍ 13 ന് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ പ്ലാന്‍ ചെയ്തത്. അവിടെ സംസാരിക്കുന്നതിനിടയില്‍, മമ്മൂട്ടി സാഹിബ് പറഞ്ഞു, സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് എസ്.ഐയ്ക്കും സി.ഐയ്ക്കും ലെറ്റര്‍ എഴുതി പോസ്റ്റ് ചെയ്യണം എന്ന്. 
നൗഫല്‍ ഗള്‍ഫില്‍ പോയതിന് ശേഷം വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ മതിയെന്നായിരുന്നു പ്ലാനിംങ്. എന്നെ കൂട്ടാന്‍ എവിടെയാണ് വന്നുനില്‍ക്കുകയെന്നും നാളെ കോടതിയില്‍ എത്തിയാല്‍ എന്തൊക്കെ ചെയ്യണമെന്നുമെല്ലാം അവിടെ നിന്നാണ് പഠിപ്പിച്ച് തന്നത്. അങ്ങനെ പ്ലാന്‍ ചെയ്തത് പ്രകാരം ജൂണ്‍ 13 ന് ഞാന്‍ വീട് വിട്ടു.
വീട്ടില്‍ നിന്ന് ഇറങ്ങിയതിന് ശേഷം നേരത്തെ പ്ലാന്‍ ചെയ്തത് പ്രകാരം മുനിസിപ്പാലിറ്റിയുടെ മുന്നില്‍ കാത്തുനിന്നു. ഉടനെതന്നെ അവര്‍ വന്നു. അവര്‍ എന്നെ കാറില്‍ കയറ്റി പെരിന്തല്‍മണ്ണയിലെ ഷംസുവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ നിന്നും വീണ്ടും പോസ്റ്റ് ഓഫീസിന്റെ മുന്നില്‍ വന്ന് വീട്ടിലേക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമുള്ള കത്ത് പോസ്റ്റ് ചെയ്തു. ഉച്ചയ്ക്ക് 12.30 സമയത്ത് തുടര്‍ന്ന് ഞാന്‍ അച്ഛനെ വിളിച്ചു. രണ്ട് മാസത്തെ മതപഠനത്തിനായി പോകുകയാണ്, അതിന് ശേഷം തിരിച്ച് വരാമെന്നും അച്ഛനോട് പറഞ്ഞു. മോളെ, നീ പോകല്ലെ, ഇവിടെ നിന്ന് നീ എന്തുവേണമെങ്കിലും പഠിച്ചോ എന്ന് അച്ഛന്‍ പറഞ്ഞു. ഉടനെ സിമ്മും, ഫോണും മെമ്മറി കാര്‍ഡും വീട്ടില്‍ നിന്ന് എടുത്ത സര്‍ട്ടിഫിക്കറ്റുകളും എല്ലാം നാസര്‍ എന്നയാള്‍ വാങ്ങി. ഞാന്‍ വിചാരിച്ചു ഇതെല്ലാം സുരക്ഷിതമായി വെയ്ക്കാന്‍ വേണ്ടിയാണെന്നാണ്. എന്നിട്ട് എന്നെ കൊണ്ടുപോയത്, എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സീന ഫര്‍സാനയുടെ വീട്ടിലേക്കാണ്. അവിടെ കുറച്ച് ദിവസം നിന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചപ്പോള്‍ അവിടെ നിന്ന് വേറെയൊരു പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ വീട്ടിലേക്ക് മാറ്റി. അവിടെ നിന്നാണ് എന്നെ ഹേബ്യസ്‌കോര്‍പ്പസ് പ്രകാരം ഹൈക്കോടതിയില്‍ പ്രൊഡ്യൂസ് ചെയ്യുന്നത്. ജീവിതത്തില്‍ ആദ്യമായാണ് ഞാന്‍ കോടതിയില്‍ പോകുന്നത്. അതുകൊണ്ട അവിടെ എങ്ങനെ പെരുമാറണമെന്ന് എനിക്ക് ട്രെയിനിംങ് തന്നു. അച്ഛനും അമ്മയും കുഴഞ്ഞ് വീഴുകയോ, വിഷം കഴിക്കുകയോ ഒക്കെ ചെയ്യാം, ചെലപ്പം അവര്‍ കാല് പിടിക്കും, അത് അഭിനയമോ യഥാര്‍ത്ഥ്യമോ ആവാം, പക്ഷെ അതൊന്നും കണ്ടിട്ട് മനസ്സ് മാറിയാല്‍ പിന്നെ അവരുടെ കൂടെ പോകേണ്ടതായി വരും. അതുകൊണ്ട് എന്ത് വന്നാലും സ്‌ട്രോങ് ആയി പിടിച്ച് നില്‍ക്കണമെന്ന് സീന ഫര്‍സാനയും, മമ്മൂട്ടി ഹാജിയും, നാസറും, ഇബ്രാഹീം വക്കീലുമെല്ലാം പറഞ്ഞു. പര്‍ദ്ദ ഇട്ടാണ് ഞാന്‍ അന്ന് കോടതിയില്‍ പോയത്. ഇത് കണ്ടപ്പോള്‍ തന്നെ അച്ഛന് പകുതി ബോധം പോയി. കോടതി അച്ഛനും അമ്മയ്ക്കും എന്നോട് സംസാരിക്കാന്‍ സമയം അനുവദിച്ചു.
അച്ഛന്‍ പറഞ്ഞു, ഞാന്‍ നിന്റെ കാല് പിടിക്കാം വീട്ടിലേക്ക് വാ എന്ന്.. അപ്പോള്‍ എന്റെ മനസ്സില്‍ വല്ലാത്ത ദേഷ്യം ആയിരുന്നു. ഒന്നാമതേ അവരെല്ലാം കാഫിറുകളാണ്, പിന്നെ അവരൊന്നും ഇസ്ലാം മതം സ്വീകരിക്കാന്‍ വരുന്നുമില്ല. അതുകൊണ്ട് കാല് പിടിക്കാന്‍ വന്നാല്‍ തൂക്കി അപ്പുറത്തേക്ക് ഇടുമെന്ന് പറഞ്ഞു അച്ഛനോട്. മതം എന്നത് തലയില്‍ കയറിയിട്ട് എനിക്ക് അവരെ കാണുന്നത് തന്നെ ഇഷ്ടമല്ലായിരുന്നു. നിങ്ങള്‍ ഇസ്ലാം മതം സ്വീകരിക്കാതെ ആ വീട്ടിലേക്ക് ഞാന്‍ വരില്ലെന്ന് അനിയത്തിയോടും അമ്മയോടും പറഞ്ഞ് അവരേയും തട്ടി മാറ്റി. ഒരഭിനയവും എന്റെയടുത്ത് വേണ്ടെന്നും ഞാന്‍ പറഞ്ഞു. അപ്പോള്‍ അച്ഛന്‍ അവിടെ നിന്ന് പൊട്ടിപ്പൊട്ടി കരഞ്ഞു. എന്നിട്ടും എന്റെ മനസ്സ് മാറിയില്ല.
രണ്ട് ദിവസത്തേക്ക് എങ്കിലും വീട്ടിലേക്ക് പോകുമോയെന്ന്, അന്ന് ജസ്റ്റിസ്സ് മേരി ജോസഫിന്റേയും സുരേന്ദ്ര മോഹന്റേയും ഡിവിഷന്‍ ബെഞ്ച് എന്നോട് ചോദിച്ചു. രണ്ട് ദിവസമെന്നല്ല, രണ്ട് സെക്കന്റ് പോലും എനിക്ക് അവരെ കാണേണ്ടെന്ന് പറഞ്ഞു. അവര്‍ ഇസ്ലാമിലേക്ക് വന്നാല്‍ അവര്‍ക്കൊപ്പം പോകാമെന്ന് ജഡ്ജിയോട് ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്നെ എസ്.എന്‍.വി സദനത്തിലേക്ക് രണ്ടാഴ്ചത്തേക്ക് മാറ്റാനായി കോടതി നിര്‍ദ്ദേശിച്ചു. ഹോസ്റ്റലിലേക്ക് പോകുന്നതിന് മുമ്പ് ഇബ്രാഹീം വക്കീല്‍ എനിക്ക് ഒരു ഖുറാന്‍ തന്നു. ഹോസ്റ്റലില്‍ നിലനില്‍ക്കുമ്പോഴും ഞാന്‍ മതത്തെക്കുറിച്ച് പഠിക്കാനും നിസ്‌ക്കരിക്കാനും മറ്റ് പ്രാര്‍ത്ഥനകള്‍ക്കുമായാണ് സമയം കണ്ടെത്തിയത്. രണ്ടാഴ്ചക്ക് ശേഷം വീണ്ടും കോടതിയില്‍ ഹാജരാക്കി. അപ്പോഴും ഞാന്‍ പറഞ്ഞു, വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും സീന ഫര്‍സാനയുടെ ഒപ്പം പോകണമെന്നും. പക്ഷെ കോടതി വീണ്ടും അതേ ഹോസ്റ്റലിലേക്ക് വിട്ടു.
കേസ് അന്വേഷിക്കുന്ന സിഐ മാറി, പുതിയ സി.ഐ. ദീപക് കുമാര്‍ സര്‍ വന്നു. സര്‍ എന്നോട് വളരെ ഫ്രണ്ട്‌ലിയായി സംസാരിച്ചു. ഞാന്‍ ലൗ ജിഹാദിന്റെ ഇരയാണെന്നൂം, നൗഫലിനേക്കുറിച്ചുള്ള കുറേ കഥകളും അദ്ദേഹം പറഞ്ഞു. ഞാന്‍ വിചാരിച്ചു, വെറുതെ അങ്ങനെ നൗഫലിനെക്കുറിച്ച് പറയില്ലല്ലോ..എന്ന്. നൗഫലിന് വേറെ ഒരു മുഖം ഉണ്ടെന്ന് എന്നെ മനസ്സിലാക്കി തന്നത് സിഐ സര്‍ ആണ്. അപ്പോള്‍ വല്ലാതെ പേടിയായി. ഞാന്‍ വളരെ നല്ല മനുഷ്യനാണെന്ന് വിശ്വസിച്ച നൗഫല്‍ ഇത്രയും ഭീകരന്‍ ആണെന്ന് അന്നാണ് മനസ്സിലായത്. ഐഎസിലേക്ക് പോകണമെന്ന് ഞാന്‍ വിചാരിച്ചിട്ടില്ല, എനിക്ക് ഹജ്ജ് നിര്‍വഹിക്കണം എന്നുമാണ് ഉണ്ടായിരുന്നത്. അതിനാണ് പാസ്‌പോര്‍ട്ട് എടുത്തതും. യമനില്‍ പോകണം എന്നുണ്ടായിരുന്നു. പക്ഷെ ഐഎസുമായി യമന് ബന്ധമുണ്ടെന്ന് അറിയില്ലായിരുന്നു. പിന്നീട് കോര്‍ട്ടില്‍ എന്നെ പ്രൊഡ്യൂസ് ചെയ്തപ്പോള്‍ ഞാന്‍ വീട്ടുകാര്‍ക്കൊപ്പം പോകാം എന്ന് പറഞ്ഞു.
എല്ലാം ഒന്ന് ശാന്തമാകുന്നത് വരെ വീട്ടുകാര്‍ക്കൊപ്പം പോകാം എന്നായിരുന്നു എന്റെ മനസ്സില്‍ ഉള്ളത്. എപ്പോഴാണോ അവസരം കിട്ടുന്നത് അപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങാം എന്നായിരുന്നു എന്റെ മനസ്സില്‍. പക്ഷെ വീട്ടില്‍ ചെന്ന് അഞ്ചു മിനുട്ട് കഴിഞ്ഞപ്പോള്‍ മുതല്‍ ഈ രണ്ട് മാസം മുമ്പ് വരെ വീട്ടില്‍ പൊലീസ് കാവല്‍ ഉണ്ടായിരുന്നു. അതാണ് ശരിക്കും പിന്നീടുള്ള പ്ലാനുകള്‍ പൊളിച്ചത്. സുരേഷ് എന്നൊരു ഏട്ടന്‍ എന്റെ വീട്ടില്‍ വന്നപ്പോള്‍ പറഞ്ഞു. നിന്നെക്കാളും അപ്പുറത്തെ ആളുകളെ വരെ തിരിച്ചു കൊണ്ടുവന്ന ആളുകളുണ്ടെന്ന്. അങ്ങനെ ആളുണ്ടെങ്കില്‍ എനിക്ക് കാണണമെന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ, ഖുറാനുകള്‍ വായിച്ചും നമസ് ചെയ്തുകൊണ്ടുമിരിക്കുമ്പോളാണ് രണ്ട് കൗണ്‍സിലേഴ്‌സ് എന്റെ വീട്ടിലേക്ക് വന്നത്.
അങ്ങനെ ശ്രുതി ചേച്ചിയും മധുസൂദനന്‍ സാറും വീട്ടിലേക്ക് വന്നു. അന്ന് ഞാന്‍ അവരുടെ മുന്നില്‍ വലിയ ജാഡയിട്ട് ഇരിക്കുകയായിരുന്നു. അങ്ങനെ ചേച്ചിയോട് സംസാരിക്കുന്നതിനിടെയിലാണ് എന്താണ് ഹിന്ദു എന്നും എന്താണ് സനാതന ധര്‍മ്മം എന്നും മനസ്സിലാക്കിയത്. അവര്‍ സംസാരിച്ച് ഇറങ്ങാന്‍ നേരത്ത് ഞാന്‍ ഖുറാന്‍ അവരുടെ കൈയില്‍ കൊടുത്തിട്ട് പറഞ്ഞു. എനിക്ക് ഇത് വേണ്ട എന്ന്. അന്ന് എല്ലാ സംശയം തീര്‍ന്ന് എന്റെ മനസ് പഴയത് പോലെ ആയില്ല. പക്ഷെ പിന്നീട് എനിക്ക് വീണ്ടും അവരെ കാണണം എന്ന് തോന്നി. അപ്പോളാണ്, ആര്‍ഷ വിദ്യാ സമാജത്തിന്റെ മധു സാറും, ശ്രുതി ചേച്ചിയും, ചിത്ര ചേച്ചിയും ആചാര്യനും വീട്ടിലേക്ക് വരുന്നത്. എന്റെ സംശയങ്ങളൊക്കെ അവരോട് ചോദിച്ചു. ഞാന്‍ ആഗ്രഹിച്ച ഉത്തരങ്ങളാണ് അവര്‍ എന്നോട് പറഞ്ഞത്. പിന്നെ ഞാന്‍ ആര്‍ഷ വിദ്യാ സമാജത്തിലേക്ക് പോകാന്‍ ഒത്തിരി ആഗ്രഹിച്ചു. പക്ഷെ പൊലീസ് സുരക്ഷ ഉള്ളതിനാല്‍ പോകാന്‍ പറ്റിയില്ല. എട്ടുമാസത്തോളം പൊലീസ് സുരക്ഷയിലാണ് ഞാന്‍ കഴിഞ്ഞത്.
പിന്നീട് ആര്‍ഷ വിദ്യാ സമാജത്തിലേക്ക് എത്തി, ധര്‍മ്മങ്ങളെക്കുറിച്ച് പഠിച്ചു. ഇപ്പോ ഞാന്‍ ഇത് പറയാന്‍ കാരണം എന്നുവച്ചാ, ഇനി ഒരു കുട്ടികളും വഴിതെറ്റി പോകരുത്. യഥാര്‍ത്ഥ ധര്‍മ്മത്തെക്കുറിച്ച് മനസ്സിലാക്കണം. എല്ലാ മതങ്ങളെക്കുറിച്ചും പഠിക്കണം. എന്റെ അച്ഛനും അമ്മയ്ക്കും കുടുംബത്തിനും ഉണ്ടായ മാനക്കേട് ഇനി ആര്‍ക്കും ഉണ്ടാവരുത്.

പിടി അയയ്ക്കാതെ വേട്ടക്കാരന്‍ 
വൈക്കം സ്വദേശി അഖില എന്ന ബി.എച്ച്.എം.എസ് വിദ്യാര്‍ത്ഥിനി കൂട്ടുകാരികളായ പെരിന്തല്‍ മണ്ണ സ്വദേശികളുടെ കെണിയില്‍ വീണു ഇസ്ലാം മതം സ്വീകരിച്ചു. മകള്‍ സിറിയയ്ക്ക് കയറ്റിയയക്കപ്പെടുമെന്ന പിതാവിന്റെ പരാതിയില്‍ വാദം കേട്ട കോടതി പ്രായപൂര്‍ത്തിയായിട്ടും സ്വയം തീരുമാനിക്കാനുള്ള കഴിവ് അഖിലയ്ക്കില്ലെന്ന് വിധിക്കുകയും അച്ഛന്റ കൂടെ വിടുകയും ചെയ്തു. മസ്തിഷ്‌കപ്രക്ഷാളനത്തിന് ഇരയായ അഖില കെട്ടിയേല്പിക്കപ്പെട്ട ഭര്‍ത്താവിനെ സ്വീകരിച്ചതും കോടതി റദ്ദാക്കി. ഇപ്പോള്‍ അഖിലയെ ഇസ്ലാമാക്കി കിട്ടാന്‍ മുസ്ലിം ഭീകരര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നു. കോടതി രക്ഷപ്പെടുത്തിയിട്ടും വലമുറുക്കുന്ന വേട്ടക്കാരനു മുമ്പില്‍ പകച്ചു നില്‍ക്കുന്നു അഖില.

ലൗജിഹാദില്‍ കുരുക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
O മൊബൈല്‍, ഫേയ്‌സ്ബുക്ക് തുടങ്ങിയവയിലൂടെ ബന്ധം സ്ഥാപിക്കുക. ക്യാമ്പസ് സൗഹൃദങ്ങളെ ഉപയോഗപ്പെടുത്തുക.
O വലയില്‍ വീഴുമെന്നു പ്രതീക്ഷയുള്ളവരെ കയ്യിലെടുക്കാന്‍ അവരുടെ ചെറിയ ചെറിയ ആവശ്യങ്ങള്‍ സാധിച്ചുകൊടുത്തു മനസ്സില്‍ സ്ഥാനം നേടുക. വിനോദയാത്രകള്‍, കൂട്ടുചേര്‍ന്നുള്ള പരിപാടികള്‍ എന്നീ അവസരങ്ങളെ ഇതിനായി ഉപയോഗിക്കുക.
O പെണ്‍കുട്ടികളുടെ മനസ്സില്‍ സ്ഥാനം പിടിച്ചാല്‍ സിനിമാശാല, ഐസ്‌ക്രീം പാര്‍ലര്‍, ഷോപ്പിംഗ്മാള്‍, ഹോട്ടല്‍ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നിരസിക്കാനാവാത്തവിധം ക്ഷണിച്ചു കൂട്ടിക്കൊണ്ടുപോകുക.
O ക്രമേണ ലൈംഗികമായി ചൂഷണം ചെയ്തു അടിമയാക്കുക. മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുക.
O മതകാര്യങ്ങള്‍ മെല്ലെ കുത്തിവെച്ച് ഇസ്ലാമില്‍ അഭിനിവേശം ജനിപ്പിക്കുക. സാവകാശം മതംമാറാന്‍ മനസ്സിനെ തയ്യാറാക്കുക.
O മതംമാറ്റം കഴിഞ്ഞാല്‍ റോമിയോ സ്ഥലം വിടും. പിന്നെ കുടുംബത്തില്‍ നിന്നു അകറ്റപ്പെട്ട പെണ്‍കുട്ടി ഭീകരരുടെ കയ്യിലെ ഇരയായി മാറും.

വല മുറിച്ച് രക്ഷപ്പെട്ട ഇര
പെരിന്തല്‍മണ്ണയിലെ ജോലി സ്ഥലത്തുവെച്ചാണ് ചെര്‍പ്പുളശ്ശേരി സ്വദേശി ആതിര ലൗജിഹാദിന്റെ വലയില്‍ വീണത്. സൗഹൃദം നടിച്ചെത്തിയ നൗഫല്‍ വിവാഹം നടത്തി ക്കാനും. പിന്നാലെ മതംമാറ്റി മതപഠനത്തിന് സിറിയയിലേക്ക് കൊണ്ടുപോകാനും ശ്രമിച്ചു. വീടുവിട്ട ആതിര കുടുംബത്തെ വെറുത്തു. കോടതിയിലെത്തിയ ആതിരയ്ക്ക് പോലീസ് ഉദ്യോഗസ്ഥര്‍ കാമുകന്‍ നൗഫലിന്റെ യഥാര്‍ത്ഥ രൂപം വെളിപ്പെടുത്തിക്കൊടുത്തു. അതോടെ താന്‍ കെണിയിലാണെന്നു ബോധ്യപ്പെട്ട അവള്‍ വീട്ടിലേക്ക് തിരിച്ചുപോയി. താന്‍ അകപ്പെട്ടുപോയ വന്‍ വിപത്തിനെ ഓര്‍ത്ത് മരവിപ്പുമാറാതെ ആതിര പറയുന്നു: ~ഒരു കുട്ടിയ്ക്കും ഈ ഗതി വരരുതേ.

ലൗജിഹാദിന് വിദേശഫണ്ട്—എം. രാധാകൃഷ്ണന്‍
അന്താരാഷ്ട്ര ഭീകരസംഘടനകളുടെ രാജ്യത്തെ തകര്‍ക്കാനുള്ള പദ്ധതികളിലൊന്നാണ് ലൗജിഹാദ്. എളുപ്പത്തില്‍ വശംവദരാവുന്ന അമുസ്ലീം പെണ്‍കുട്ടികളെ പ്രേമിച്ച് ഇസ്ലാമിലേക്ക് മതംമാറ്റുകയും അതിന് സാധിച്ചില്ലെങ്കില്‍ വേശ്യാവൃത്തിയിലേക്ക് പ്രേരിപ്പിക്കുകയുമാണിവര്‍ ചെയ്യുന്നത്. മതം മാറിയ പെണ്‍കുട്ടികളെ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയും ചെയ്യുന്നു.
കേരളത്തില്‍ 2006ലാണ് ലൗജിഹാദിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്. അതിനും വളരെ മുമ്പ് 1991ല്‍ പാകിസ്ഥാനിലേക്ക് ഭീകരപരിശീലനത്തിനായി യുവാക്കളെ റിക്രൂട്ട് ചെയ്യുന്ന ഐ.എസ്.എസ്. എന്ന സംഘടന അബ്ദുള്‍നാസര്‍മദനിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. 2010 മാര്‍ച്ചില്‍ ലഷ്‌കര്‍ ഇ തോയ്ബയുടെ സൗത്തിന്ത്യന്‍ കമാന്‍ഡര്‍ തടിയന്റവിട നസീര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. തന്നെ ലഷ്‌കറുമായി ബന്ധപ്പെടുത്തിയത് മദനിയാണെന്ന് അയാള്‍ പോലീസിനോട് പറഞ്ഞു. ഐഎസ്എസ് നിരോധിക്കപ്പെട്ടപ്പോള്‍ പിഡിപി എന്ന പേരില്‍ പ്രവര്‍ത്തനം തുടര്‍ന്നു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മദനി അറസ്റ്റിലായപ്പോള്‍ നിരോധിക്കപ്പെട്ട സിമിയുടെ നേതാക്കന്മാരും ഐഎസ്എസ്സും ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് എന്‍ഡിഎഫ്. ആദ്യത്തെ ചെയര്‍മാന്‍ പ്രൊഫ. കോയ അടക്കം 19 സുപ്രീം കൗണ്‍സില്‍ അംഗങ്ങളും സിമിയുടെ മുന്‍ ഭാരവാഹികളായിരുന്നു. എന്‍ഡിഎഫിന്റെ നേതൃത്വത്തിലാണ് കേരളത്തില്‍ ലൗജിഹാദ് ആസൂത്രിതമായി നടപ്പാക്കിത്തുടങ്ങിയത്.
ക്യാമ്പസ്സുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പസ്ഫ്രണ്ട് രൂപീകരിച്ചു. സാമര്‍ത്ഥ്യവും സൗന്ദര്യവുമുള്ള യുവാക്കളെ തിരഞ്ഞെടുത്ത് സ്മാര്‍ട്ട്ഫ്രണ്ട് രൂപീകരിച്ചു. അവര്‍ക്ക് പണം, പരിശീലനം, വാഹനം, മോബൈല്‍, ലാപ്‌ടോപ്, ആഡംബരവേഷവിധാനങ്ങള്‍ എല്ലാം നല്‍കി ഇത്തരം പ്രവര്‍ത്തനത്തിന് പ്രത്യേകം നിയോഗിച്ചു.
2008 നവംബര്‍17ന്  അമ്പലപ്പുഴ ഗവ.മോഡല്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ മൂന്ന് കുട്ടികളെ ക്‌ളാസ്മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവമായിരുന്നു റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ സംഭവം. ജൂലിവര്‍ഗീസ്(17) അനിലാബാബു(17) വേണിവേണുഗോപാല്‍(17) എന്നിവരായിരുന്നു അവര്‍. ലൈംഗികമായി പീഡിപ്പിച്ചതിന് ശേഷം മൊബൈലില്‍ പകര്‍ത്തി ഭയപ്പെടുത്തി പലയിടത്തായി കൊണ്ടുപോയി പീഡിപ്പിച്ചു. സഹപാഠികളും എസ്എഫ്‌ഐ നേതാക്കളുമായ ഷാനവാസ്, സൗഫര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മാര്‍ക്‌സിസ്റ്റ് നേതാക്കന്മാരും ഭീകരസംഘടനകളും പ്രതികള്‍ക്ക് വേണ്ടി ഒരുപോലെ രംഗത്ത് വന്നു. ഇതിന്റെ പിന്നില്‍ എന്‍ഡിഎഫാണെന്നും ഇത് ലൗജിഹാദാണെന്നും ഹിന്ദു സംഘടനകള്‍ ചൂണ്ടിക്കാണിച്ചെങ്കിലും അത് അംഗീകരിക്കുവാന്‍ ഭരണകൂടവും പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളും തയ്യാറായില്ല.
എന്നാല്‍ 2009ല്‍ ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ ബന്ധുവായ വിദ്യാര്‍ത്ഥിനി ഇവരുടെ വലയില്‍ വീണപ്പോള്‍ ഇതിനെപ്പറ്റി  അന്വേഷിക്കുവാന്‍ പോലീസ് നിര്‍ബ്ബന്ധിതമായി. കന്റോണ്‍മെന്റ് അസി.കമ്മീഷണര്‍ കെ.എസ്.ഗോപകുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക സ്‌ക്വാഡിന്റെ അന്വേഷണം പുറത്തുകൊണ്ടുവന്നത് ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു. ജസ്റ്റിസ് ബസന്ത് മുമ്പാകെ പെണ്‍കുട്ടികള്‍ നല്കിയ മൊഴിയും പ്രതികളുടെ ജാമ്യാപേക്ഷ നിരസിച്ചു കൊണ്ടുള്ള ജസ്റ്റിസ് കെ.ടി. ശങ്കരന്റെ വിധിയും ലൗജിഹാദിന്റെ പ്രവര്‍ത്തന രീതികളെക്കുറിച്ച് വിശദമായ ചിത്രം നല്‍കുന്നതാണ്.
അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2012 ജൂണ്‍ 25ന് നിയമസഭയില്‍ പറഞ്ഞ കണക്കനുസരിച്ച് 2006നും 2012 ജൂണിനുമിടയ്ക്ക് 7713 ആളുകള്‍ ഇസ്ലാമിലേക്ക് മതംമാറിയിട്ടുണ്ട്.അതില്‍ 2195 ഹിന്ദുസ്ത്രീകളും 492 ക്രിസ്ത്യന്‍ സ്ത്രീകളും ഉള്‍പ്പെടും. കോഴിക്കോട്ടും പൊന്നാനിയിലും പ്രവര്‍ത്തിക്കുന്ന മതപരിവര്‍ത്തന കേന്ദ്രങ്ങളില്‍ 2015ല്‍ മാത്രം 900 പേരെ പരിവര്‍ത്തനം നടത്തിയതായി റിപ്പോര്‍ട്ടു ചെയ്തു. 2013ലെയും 2014ലെയും കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ 10 വര്‍ഷത്തിനുള്ളില്‍ 10000 പേര്‍ മതംമാറിയതായി കണക്കാക്കാം.
കേരള രാഷ്ട്രീയത്തില്‍ മുസ്ലീംലീഗിനുള്ള സ്വാധീനത്തെ ഉപയോഗിച്ച് മതഭീകരവാദികള്‍ മറ്റെവിടുത്തേക്കാളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അന്വേഷണ ഏജന്‍സികള്‍ നിരവധി മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും യാതൊരു നടപടികളും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നില്ല.
രാജ്യത്തൊട്ടാകെയും ആഗോളതലത്തിലും പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളുമായി യോജിച്ച് നടത്തുന്ന പ്രവര്‍ത്തനമാണ് ലൗജിഹാദ്. 2006ല്‍ നിരോധിക്കപ്പെട്ട സിമിയുടെ പ്രവര്‍ത്തകര്‍ ബാംഗളൂരില്‍ വച്ച്  രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രൂപീകരിച്ച ഭീകരസംഘടനകളുമായി ചേര്‍ന്ന് പോപുലര്‍ഫ്രണ്ട് എന്ന പേരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 
ഈ പ്രവര്‍ത്തനങ്ങളുടെ ശക്തിയും പ്രേരണയും പ്രധാനമായും വിദേശ ഫണ്ടാണ്. 1997 മുതല്‍ - 99 വരെ കോഴിക്കോട് സിറ്റി കമ്മീഷണറായിരുന്ന മിസ് നീരാറാവത്ത് രൂപീകരിച്ച സ്‌പെഷ്യല്‍ സ്‌ക്വഡിന്റെ റിപ്പോര്‍ട്ടനുസരിച്ച് ഐഎസ്‌ഐയും ഇറാനുമാണ് എന്‍ഡിഎഫിന്റെ പ്രധാന ഫണ്ടിംഗ് സ്‌പോണ്‍സേര്‍സ് എന്ന് കണ്ടെത്തി.
സ്‌പെഷ്യല്‍ബ്രാഞ്ച് എസിപി ആയിരുന്ന എ.വി ജോര്‍ജ് 2005 ഒക്ടോബര്‍ 25ന് മാറാട് ജുഡീഷ്യല്‍ കമ്മീഷന് മുമ്പാകെ നല്‍കിയ തെളിവുകളില്‍ എന്‍ഡിഎഫിന് കോടിക്കണക്കിന് രൂപ വിദേശങ്ങളില്‍ നിന്ന് പരിശീലനത്തിനായി ലഭിക്കുന്നുണ്ടെന്നും പാകിസ്ഥാനിലേക്ക് ആളുകളെ കയറ്റി അയയ്ക്കുന്നുണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു വര്‍ഷം മുമ്പ് കണ്ണൂരില്‍ നാറാത്ത് പോപുലര്‍ഫ്രണ്ടിന്റെ ആയുധപരിശീലനകേന്ദ്രം പോലീസ് റെയ്ഡ് ചെയ്ത് നിരവധി ഭീകരരെ അറസ്റ്റ് ചെയ്തു. കമാറുദ്ദീന്‍ എന്നയാളുടെ വീട് റെയ്ഡ് ചെയ്തപ്പോള്‍ ലഷ്‌കറുമായി ബന്ധമുളളതിന്റെ തെളിവുകള്‍ ലഭിച്ചു. അയാള്‍ ലൗജിഹാദിന്റെ കണ്ണൂര്‍ ചീഫ് ആയിരുന്നു. ലൗജിഹാദിന്റെ ഇരയാവുന്ന പെണ്‍കുട്ടികളെ ഭീകരപ്രവര്‍ത്തനത്തിന്റെ കണ്ണികളാക്കുന്നു. 
ഗള്‍ഫില്‍ കുടുംബവുമൊത്ത് താമസിച്ചിരുന്ന ദീപാചെറിയാന്‍ ഇന്ത്യന്‍ ഡ്രൈവറായിരുന്ന നൗഷാദിനെ പ്രണയിച്ച് വീട് വിട്ടു. മതംമാറി ഷാഹിനയായി. പിന്നീട് തടിയന്റവിട നസീറിന് (ബംഗളൂര്‍ സ്‌ഫോടനക്കേസ്) ജയിലില്‍ ഇന്റര്‍നാഷണല്‍ സിംകാര്‍ഡുകള്‍ കൈമാറിയതിന് ഷാഹിന അറസ്റ്റിലായി.
അടുത്തകാലത്ത് കേരളത്തില്‍ നിന്ന് കാണാതായ 21 യുവാക്കള്‍ മതംമാറി ഐഎസ്സില്‍ ചേരാന്‍ സിറിയയിലേക്കും അഫ്ഗാനിലേക്കും പോയതായി തെളിഞ്ഞുകഴിഞ്ഞു.
ലൗജിഹാദിനിരയായി മതംമാറ്റപ്പെട്ട ആറ്റുകാലിലെ നിമിഷ ഇതിലുള്‍പ്പെടുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments