Kesari WeeklyKesari

-ലേഖനം-

ജി.എസ്.ടി. ഭാരതം പ്രതീക്ഷയോടെ--പി. ബാലഗോപാലന്‍

on 30 June 2017
Kesari Article

സ്വാതന്ത്ര്യാനന്തരമുണ്ടായ ഏറ്റവും വലിയ നികുതി പരിഷ്‌കാരത്തിന് തയ്യാറെടുക്കുകയാണ് ഭാരതം. ഏറ്റവും കൂടുതല്‍ പരോക്ഷ നികുതികളുള്ള നമ്മുടെ സമ്പദ്‌വ്യവസ്ഥ, ചരക്കു സേവന നികുതി പ്രാബല്യത്തില്‍ വരുന്നതോടെ എല്ലാം ഒരു കുടക്കീഴിലാവും. ഇതോടെ ഒരേ സാധനത്തിനു തന്നെ പല തട്ടുകളിലായി നല്‍കേണ്ടി വന്നിരുന്ന കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും വ്യത്യസ്ത നിരക്കുകളിലുള്ള പല നികുതികളും ഇല്ലാതാവും. കേന്ദ്രനികുതികളായ എക്‌സൈസ് ഡ്യൂട്ടി, കസ്റ്റംസ് ഡ്യൂട്ടി, സേവന നികുതി, സെന്‍ട്രല്‍ സെയില്‍സ് ടാക്‌സ് തുടങ്ങിയവയും സംസ്ഥാനങ്ങള്‍ ചുമത്തുന്ന വില്‍പനനികുതി, പ്രവേശന നികുതി, ആഢംബര നികുതി, ലോട്ടറി നികുതി തുടങ്ങിയവയും ഇനി മുതല്‍ ജിഎസ്ടിയില്‍ ലയിക്കും.
വില്പന, കൈമാറ്റം, വാങ്ങല്‍, ബാര്‍ട്ടര്‍ ഇറക്കുമതി എന്നിവയ്‌ക്കൊക്കെ ജിഎസ്ടി ബാധകമാണ്. ഇന്ത്യയില്‍ ഇരട്ട ജിഎസ്ടി മാതൃകയാണ് നടപ്പാക്കുന്നത്. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചാണ് നികുതി നിയന്ത്രിക്കുക. സംസ്ഥാനത്തിനകത്ത് വില്പന നടത്തുന്നതിന് കേന്ദ്ര ജിഎസ്ടിയും സംസ്ഥാന ജിഎസ്ടിയും ഉണ്ടാകും. അന്തര്‍ സംസ്ഥാന കൈമാറ്റത്തിന് ഇന്റഗ്രേറ്റഡ് ജിഎസ്ടിയാണ് ചുമത്തുക.
ഏതുസംസ്ഥാനമാണോ സാധനസേവനങ്ങള്‍ വാങ്ങി ഉപയോഗിക്കുന്നത് ആ സംസ്ഥാനമാണ് നികുതി ചുമത്തേണ്ടത്. അല്ലാതെ ഉല്പാദിപ്പിക്കുന്ന സംസ്ഥാനമല്ല. ഐജിഎസ്ടിയില്‍ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി കേന്ദ്രം പിരിച്ചു നല്‍കുകയാണ്. ഭാരതം ഒരു ഫെഡറല്‍ റിപ്പബ്ലിക് ആയതിനാല്‍ കേന്ദ്രവും സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം ആവശ്യമാണ്.
ജിഎസ്ടിഎന്‍
ഗവണ്‍മെന്റുകളും നികുതി അടയ്ക്കുന്നവരും ഒന്നിച്ച് ഇടപഴകുന്ന ഒരു പൊതു ഇന്റര്‍നെറ്റ് പോര്‍ട്ടലാണ് രാജ്യത്തെ മുഴുവന്‍ നികുതി സംവിധാനത്തെയും നിയന്ത്രിക്കുക. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലായിരിക്കും. എല്ലാ കൈമാറ്റങ്ങളും ഇതില്‍ രേഖപ്പെടുത്തപ്പെടും. നികുതി ദായകന് നികുതി അടയ്ക്കാനും അതിന്റെ വിശദവിവരങ്ങള്‍ സൂക്ഷിക്കാനും പറ്റിയതാണിത്.
വ്യവസായം, സര്‍ക്കാര്‍, ഉപഭോക്താവ്, ഇടനിലക്കാരന്‍ എന്നീ എല്ലാവിഭാഗത്തിനും സൗകര്യവും മെച്ചവുമുണ്ടാക്കുന്ന വിധത്തിലാണ് ജി.എസ്.ടി. ഇത് പൂര്‍ണ്ണരൂപത്തില്‍ ആയിക്കഴിഞ്ഞാല്‍ ചരക്കുകളുടെയും സേവനങ്ങളുടെയും വിലകുറയുമെന്ന് കരുതുന്നു. വില കുറയുമ്പോള്‍ കൂടുതല്‍ സാധനസേവനങ്ങള്‍ ആവശ്യമാവുകയും ഉല്പാദനമേഖല ഉണരുകയും തൊഴില്‍ വര്‍ദ്ധിക്കുകയും വരുമാനം കൂടുകയും സാമ്പത്തിക വളര്‍ച്ചയുണ്ടാവുകയും ചെയ്യും.
ചരക്കു സേവന നികുതി ഭാരതത്തെ ഒരു പൊതുവിപണിയാക്കുകയാണ്. ഇപ്പോള്‍ പല സാധനങ്ങള്‍ക്കും ഓരോ സംസ്ഥാനത്തും ഓരോ നിരക്കിലാണ് നികുതി. ഇതിന് ഒരു ഏകീകരണമില്ല. നിലവിലുള്ള കേന്ദ്ര-സംസ്ഥാന നികുതികളെ ഒന്നായി ലയിപ്പിക്കുന്നതുകൊണ്ടും നികുതി പിരിക്കുന്ന സംവിധാനത്തില്‍ തന്നെ ഒരു ചരക്കിനോ സേവനത്തിനോ നേരത്തെ ഈടാക്കിയിരുന്ന നികുതി തിരിച്ചുകൊടുക്കുന്ന വിധവുമായതിനാല്‍ ഇരട്ടനികുതിയുടെ ദൂഷ്യങ്ങള്‍ ഉണ്ടാവുകയില്ല. ജി.എസ്.ടി. ഒരു ഉപഭോക്തൃനികുതിയായിരിക്കും. ഒരു ഘട്ടത്തില്‍ ചുമത്തിയ നികുതി അടുത്തഘട്ടത്തില്‍ വരുമ്പോള്‍ തട്ടിക്കിഴിച്ച് ബാക്കിയാണ് യഥാര്‍ത്ഥ നികുതിയായി കണക്കാക്കുക. അതുകൊണ്ട് നികുതിക്കു മുകളില്‍ നികുതി എന്ന സ്ഥിതി ഇനി ഉണ്ടാവില്ല.
രജിസ്‌ട്രേഷന്‍
ജിഎസ്ടി സമ്പ്രദായത്തിലേക്ക് പ്രവേശിക്കുന്ന വ്യാപാരിയോ വ്യവസായിയോ ജിഎസ്ടിഎന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. നികുതി അടയ്ക്കുന്ന ആളെ തിരിച്ചറിയാനുള്ള മുഖ്യ ഉപാധിയാണ് രജിസ്‌ട്രേഷന്‍. പാന്‍ അടിസ്ഥാനമാക്കിയാണ് ജിഎസ്ടി രജിസ്‌ട്രേഷന്‍. രജിസ്‌ട്രേഷന്‍ ഉണ്ടെങ്കിലേ നികുതി ഈടാക്കാനും അസംസ്‌കൃത വസ്തുക്കളുടെയും മറ്റും ഇന്‍പുട്ട് ടാക്‌സ് ക്രഡിറ്റ് (കഠഇ) കണക്കാക്കി തിരിച്ചു നല്‍കാനുമാവുകയുള്ളു. രജിസ്‌ട്രേഷനുണ്ടെങ്കില്‍ ചരക്കു സേവനങ്ങളുടെ നിയമാനുസൃത സപ്ലെയറായി പരിഗണിക്കപ്പെടും. നികുതി അടയ്ക്കാനും ഐടിസി ക്ലെയിമിനും കഴിയും, വില്‍ക്കുന്നയാളില്‍ നിന്നും വാങ്ങുന്നവരിലേക്ക് ഐടിസി (കഠഇ) ദേശീയതലത്തില്‍ തന്നെ അനുസ്യൂതം ഒഴുകിക്കൊണ്ടിരിക്കും.
20ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല എന്നു പറയുന്നു. ജിഎസ്ടി രജിസ്‌ട്രേഷന്‍ എടുത്തശേഷം 20 ലക്ഷത്തില്‍ കുറവാണ് വിറ്റുവരവെങ്കില്‍ ഒഴിവാക്കുകയും ചെയ്യാം. നിലവിലുള്ള വ്യാപാരി വ്യവസായികള്‍ സ്വാഭാവികമായും ജിഎസ്ടിയിലേക്ക് മാറ്റപ്പെടും. കേരളത്തില്‍ രണ്ടരലക്ഷത്തോളം നികുതിദായകര്‍ മാറിക്കഴിഞ്ഞു. ഭാവിയില്‍ വ്യാപാരം അല്ലെങ്കില്‍ വ്യവസായം മെച്ചപ്പെടുകയോ പുറത്തേക്ക് വില്പന നടത്തേണ്ടി വരികയോ ചെയ്താല്‍ അന്നേരം രജിസ്‌ട്രേഷന്‍ നടപടി എളുപ്പമായിക്കൊള്ളണമെന്നില്ല. പാന്‍ അടിസ്ഥാനമാക്കിയാണ് ജിഎസ്ടി നമ്പര്‍ എന്നതിനാല്‍ എവിടെ എപ്പോള്‍ ഇടപാടു നടത്തിയാലും ജിഎസ്ടി പോര്‍ട്ടലില്‍ രേഖയാവും.
നികുതി നിരക്ക് കുറയുന്നു
സാധാരണക്കാരെ ബാധിക്കാത്തവിധത്തിലാണ് ജിഎസ്ടി നിരക്ക്. നിത്യോപയോഗവസ്തുക്കളായ പാക്ക് ചെയ്യാത്ത ധാന്യങ്ങള്‍, ശര്‍ക്കര, പാല്‍, മുട്ട, തൈര്, ലസ്സി, ബ്രാന്റ് ചെയ്യാത്ത തേന്‍, പരിശുദ്ധമായ പച്ചക്കറി, ബ്രാന്റ് ചെയ്യാത്ത മൈദ, സാധാരണ ഉപ്പ്, ബ്രാന്റ് ചെയ്യാത്ത കടലമാവ്, കുട്ടികള്‍ക്കുള്ള പുസ്തകം, ആരോഗ്യരക്ഷാ സേവനം, വിദ്യാഭ്യാസസേവനം എന്നിവയൊക്കെ ജിഎസ്ടിയില്‍ നിന്നും ഒഴിവാക്കപ്പെട്ടവയാണ്.
പഞ്ചസാര, തേയില, ഭക്ഷ്യഎണ്ണകള്‍, സ്‌കിമ്ഡ് പാല്‍പ്പൊടി, ശിശു ആഹാരങ്ങള്‍ ഗാര്‍ഹിക പാചക വാതകം, 500 രൂപയില്‍ കുറഞ്ഞ വിലയുള്ള പാദരക്ഷകള്‍, കശുവണ്ടി, ഉണക്കമുന്തിരി, ചന്ദനത്തിരി, കയര്‍, പരവതാനികള്‍ തുടങ്ങിയവക്ക് 5 ശതമാനം മാത്രമാണ് നികുതി. 81 ശതമാനം സാധനസേവനങ്ങള്‍ക്കും 18% സ്ലാബിന് താഴെയാണ്. ബാക്കി 19% സാധനസേവനങ്ങളേ 28% സ്ലാബില്‍ വരുന്നുള്ളൂ. എങ്ങനെയായിരുന്നാലും നിലവില്‍ പരോക്ഷനികുതി 25% - 30% വരെ നിരക്കിലാണ് ഉപഭോക്താവിലെത്തുമ്പോള്‍ ബാധ്യതയാവുന്നത്. ജി.എസ്.ടിയില്‍ നികുതി ഏകീകരണവും തുടരെതുടരെയുള്ള നികുതി ഇല്ലാതാവുന്നതും എല്ലാ സംസ്ഥാനത്തും ഒരേ നിരക്കായതും മൊത്തത്തില്‍ നികുതി നിരക്ക് ഗണ്യമായി കുറയാന്‍ ഇടയാക്കുമെന്നുറപ്പാണ്. ഈ നികുതി സമ്പ്രദായം വളരെ സുതാര്യമാണ്. സ്വയം നിയന്ത്രിക്കുന്നതും ഭരണ നിര്‍വ്വഹണം എളുപ്പമായതുമാണ്. ഇത് നികുതി ബാധ്യത കുറയാനും ഇടയാക്കും. രാജ്യത്തിനകത്തും അന്താരാഷ്ട്രതലത്തിലും ഭാരതത്തിന്റെ സാധനസേവനങ്ങള്‍ക്ക് മത്സരശേഷി വര്‍ദ്ധിക്കും. വിപണി ശക്തമാകും. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടും.
ജിഎസ്ടിയില്‍ പ്രതിവര്‍ഷ വിറ്റുവരവ് 50 ലക്ഷത്തില്‍ കുറവുള്ളവരായ ചെറുകിട വ്യാപാരികള്‍ക്ക് ഒരു ശതമാനം കോംബോസിറ്റ് നികുതിയും നിര്‍മ്മാതാക്കളാണെങ്കില്‍ 2% കോംബോസിറ്റ് നികുതിയും അടച്ചാല്‍ മറ്റു ബാധ്യതകള്‍ ഒഴിവായിക്കിട്ടും. ഇവര്‍ മൂന്നുമാസം കൂടുമ്പോള്‍ റിട്ടേണ്‍ സമര്‍പ്പിക്കണം.
കയറ്റുമതിക്ക് വലിയ ആനുകൂല്യമാണ് ജിഎസ്ടിയില്‍. നിരക്ക് പൂജ്യം (ദലൃീ ൃമലേ ഏടഠ). കേന്ദ്ര ജിഎസ്ടിയുടെ ഇന്‍പുട്ട് ക്രെഡിറ്റ് കേന്ദ്ര ജിഎസ്ടിക്കും സംസ്ഥാന ജിഎസ്ടിയുടെ ഇന്‍പുട്ട് ക്രെഡിറ്റ് സംസ്ഥാന ജിഎസ്ടിക്കും തന്നെയായിരിക്കും.
നേട്ടങ്ങള്‍
1. ജിഎസ്ടി നിലവില്‍ വരുന്നതോടെ ഭാരതം ഒരു പൊതു വിപണിയാവുകയും നികുതി ഘടന സുതാര്യമാവുകയും ചെയ്യുന്നതോടെ മെയ്ക് ഇന്‍ ഇന്ത്യാ പ്രചരണം ശക്തമാവും.
2. ചരക്കു സേവനങ്ങളുടെ എല്ലാ ഘട്ടങ്ങളിലും ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് അനുവദിക്കുന്നതിനാല്‍ ഇരട്ട നികുതി (ഠമഃ ീി ഠമഃ) ഉണ്ടായിരിക്കില്ല.
3. നിയമം, നടപടി, നികുതി നിരക്ക് എന്നിവ രാജ്യത്താകമാനം ഏകീകരിക്കപ്പെടും. ഇന്നത്തെപ്പോലെ ആശയക്കുഴപ്പങ്ങള്‍ ഉണ്ടാവില്ല ഭാവിയില്‍.
4. നിര്‍മ്മാണം, കയറ്റുമതി എന്നിവയും തല്‍ഫലമായി കൂടുതല്‍ തൊഴിലവസരങ്ങളുമുണ്ടാകും.
5. നികുതി വരുമാനം കൂടും. തല്‍ഫലമായി ഗവണ്‍മെന്റിന് കൂടുതല്‍ ചെലവു ചെയ്യാനാവും. തൊഴില്‍ കൂടും. ദാരിദ്ര്യനിര്‍മാര്‍ജ്ജനം ഫലവത്താകും.
6. കയറ്റുമതി ഇനങ്ങള്‍ക്ക് നികുതി കുറയുമെന്നതിനാല്‍ അന്തര്‍ദേശീയ വിപണിയില്‍ ഇന്ത്യന്‍ ഉല്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യത കിട്ടും.
7. ഏകീകൃത സിജിഎസ്ടി, എസ്ജിഎസ്ടി, ഐജിഎസ്ടി എന്നിവ അയല്‍ സംസ്ഥാനങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കും.
8. കമ്പനികളുടെ നികുതിഭാരം കുറയുന്നതോടെ വില കുറയും. ഉപഭോഗം കൂടും. ഉല്പാദനം മെച്ചപ്പെടും. ഭാരതം ഒരു നിര്‍മ്മാണമേഖലയാകും.
9. നിലവില്‍ പരോക്ഷനികുതിയെ ബാധിക്കുന്ന ഇരട്ട നികുതി, തുടരെതുടരെയുള്ള നികുതി എന്നിവയുണ്ടാകില്ല.
10. നികുതി ഭരണസമ്പ്രദായം സുതാര്യവും ലളിതവുമാവും. പല നികുതിക്ക് പല രേഖകള്‍ സൂക്ഷിക്കേണ്ടിവരില്ല. 
രജിസ്‌ട്രേഷന്‍, റിട്ടേണ്‍, റീഫണ്ട് എന്നിവയ്ക്ക് ലളിതവും സ്വയം നിയന്ത്രിക്കുന്നതുമായ സംവിധാനങ്ങളായിരിക്കും.
11. എല്ലാ ഇടപാടുകളും ഒരു പൊതുപോര്‍ട്ടല്‍ വഴിയായിരിക്കും. നികുതി വകുപ്പും നികുതിദായകരും തമ്മിലുള്ള തര്‍ക്കങ്ങള്‍ കുറയും അഴിമതിക്ക് അവസരം കുറയും.
12. ഓണ്‍ലൈന്‍ വഴിയായതിനാല്‍ പേപ്പര്‍ ജോലികള്‍ അപ്രത്യക്ഷമാവും.
13. എല്ലാറ്റിനും കൃത്യമായ സമയം പരിധിയുണ്ട്. രജിസ്‌ട്രേഷന്‍, റിട്ടേണ്‍, നികുതി അടയ്ക്കല്‍, റീഫണ്ട് എന്നിവയൊക്കെ കൃത്യമായ സമയ പരിധിയിലായിരിക്കും നടക്കുക.
14. രാജ്യവ്യാപകമായി ജിഎസ്ടി ക്ലാസുകളും വര്‍ക്ക്‌ഷോപ്പുകളും നടന്നുകൊണ്ടിരിക്കുന്നു. എല്ലാവരുടെ പക്കലും മൊബൈലും ഇന്റര്‍നെറ്റ് സൗകര്യവുമുള്ളതിനാല്‍ അതതുസമയത്തെ നടപടിക്രമങ്ങളും വാര്‍ത്തകളും കൈമാറാന്‍ സൗകര്യമാണ്.
15. ഇന്നത്തേതുപോലെ നികുതി സങ്കീര്‍ണതയുണ്ടാകില്ല ഭാവിയില്‍. തുടക്കത്തില്‍ പ്രയാസം തോന്നുമെങ്കിലും പിന്നീട് ഇതില്‍ നിന്നു മാറാനാകാത്ത സ്ഥിതിവരും. പൊതുവെ നികുതി വെട്ടിക്കാനുള്ള സാധ്യത കുറയും. പ്രധാനകാരണം ഒരേ തരത്തിലുള്ളവരെല്ലാവരും നികുതിയുടെ വലയില്‍ വരുന്നു എന്നതുകൊണ്ട് ആര്‍ക്കും ഒഴിയാനോ ഒളിക്കാനോ കഴിയില്ല. വ്യാപാരി സൗഹൃദ നിയമങ്ങളാണ് ജിഎസ്ടിയിലുള്ളത്. സാധനസേവനങ്ങള്‍ എവിടെ നിന്നു വാങ്ങിയാലും അവിടെ കൊടുത്ത നികുതി ഇവിടെ കിഴിച്ചെടുക്കാം. കള്ളക്കണക്കിന് പഴുതടച്ചുകൊണ്ടാണ് ജിഎസ്ടി. എല്ലാവരുടെയും വില്‍പന ജിഎസ്ടിഎന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയാല്‍ എല്ലാവരുടെയും വാങ്ങലും രേഖപ്പെടുത്തും. 10-ാം തീയതി കഴിയുമ്പോള്‍ കമ്പ്യൂട്ടര്‍ തന്നെ പറയും ഇത്രയൊക്കെ വാങ്ങിയതായും വില്പന നടന്നതായും കാണുന്നു എന്ന്. ബില്ലുകള്‍ കമ്പ്യൂട്ടറില്‍ ചേര്‍ത്തില്ലെങ്കില്‍ അതും കാണിക്കും. വീണ്ടും ചേര്‍ക്കാനും തെറ്റുതിരുത്താനുമൊക്കെ സമയവും സൗകര്യവുമുണ്ട്.
20 ലക്ഷം രൂപയില്‍ കുറഞ്ഞ വിറ്റുവരവേയുള്ളൂ, അതിനാല്‍ രജിസ്‌ട്രേഷനും റിട്ടേണുമൊന്നും ആവശ്യമില്ലെന്നു പറഞ്ഞ് ഒഴിയാനും പറ്റില്ല. എല്ലാ ഇടപാടും പാന്‍ നമ്പറുമായി ബന്ധപ്പെട്ടതായിരിക്കും. പാന്‍ നമ്പര്‍ ബാങ്കുമായും ബന്ധിപ്പിച്ചിരിക്കും. അവനവന്റെ അക്കൗണ്ട് നിരീക്ഷിക്കാന്‍ ഇനി ഇന്‍കം ടാക്‌സ് വകുപ്പു മാത്രമായിരിക്കില്ല അവിടെ ജിഎസ്ടിയുമുണ്ടാകുമെന്ന് സാരം.
ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച 2017ല്‍ 7.2% വും 2018ല്‍ 7.5%വും 2019ല്‍ 7.7%വും ആയിരിക്കുമെന്നും ആഭ്യന്തര ഉപഭോഗം ശക്തമായി നിലനില്‍ക്കുന്നതും ജിഎസ്ടി പോലുള്ള പരിഷ്‌കാരങ്ങളും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയ്ക്ക് തുണയേകുന്ന ഘടകങ്ങളാണെന്നും ലോകബാങ്ക് പ്രവചിക്കുന്നു. ഭാരതമൊന്നാകെ വലിയ പ്രതീക്ഷയിലാണ്. പ്രത്യേകിച്ച് യുവജനങ്ങള്‍. നല്ല വരുമാനം, നല്ല ജീവിതസാഹചര്യം എന്നിവ അവര്‍ ആഗ്രഹിക്കുന്നു. അതിന് മികച്ച തൊഴിലവസരങ്ങള്‍ വേണം. ജിഎസ്ടി അതിന് വലിയൊരു സഹായക ഘടകമാകുമെന്നുറപ്പിക്കാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments