Kesari WeeklyKesari

മുഖലേഖനം

ലൗജിഹാദികള്‍ വിഹരിക്കുമ്പോള്‍ --എം.രാജശേഖരപണിക്കര്‍

on 30 June 2017
Kesari Article

പ്രായപൂര്‍ത്തിയായ ഒരു പെണ്‍കുട്ടിക്ക് ഇഷ്ടമുള്ള ഒരാളെ വിവാഹം കഴിക്കുന്നതില്‍ കോടതിക്ക് ഇടപെടാമോ? തനിക്ക് ശരിയെന്നു തോന്നുന്ന മതം പിന്‍പറ്റുന്നതിന് ഒരു സാധാരണ പൗരന് അധികാരവും അവകാശവുമില്ലെ? പ്രത്യക്ഷത്തില്‍ വളരെ ലളിതമായ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ അത്രമേല്‍ ലളിതമല്ല എന്നാണ് 2017 മെയ് 24ലെ കേരള ഹൈക്കോടതിവിധി നമ്മെ ഓര്‍മപ്പെടുത്തുന്നത്.

24 വയസുള്ള ഹിന്ദു യുവതി ഇസ്ലാം മതത്തില്‍ ചേര്‍ന്നു, മുസ്ലീം യുവാവിനെ വിവാഹം ചെയ്തു. കേരള ഹൈക്കോടതി ആ വിവാഹം അസാധുവാക്കി. വിവാഹിതയാണെന്ന് തെളിയിക്കാന്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജവും വിലയില്ലാത്തതുമാണെന്ന് കണ്ടെത്തിയാണ് കോടതി അസാധുവാക്കിയത്. അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ (ഐഎസ്) ചേര്‍ക്കാന്‍ മഞ്ചേരിയിലെ സത്യസരണിയില്‍ കൊണ്ടുപോയി മതംമാറ്റിയ സേലം ബിഎച്ച്എംഎസ് വിദ്യാര്‍ത്ഥിനിയും വൈക്കം സ്വദേശിയുമായ അഖിലയെ കോടതി രക്ഷാകര്‍ത്താക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. മതംമാറ്റരേഖകളും കോടതി അംഗീകരിച്ചില്ല. കേരള ഹൈക്കോടതിയുടെ ഈ വിധി നീതിന്യായചരിത്രത്തില്‍ ശ്രദ്ധേയമായ ഒന്നായി.

മകള്‍ അഖിലയെ കാണാനില്ലെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ട് അച്ഛനായ വൈക്കം ടിവി പുരം കാരാട്ടു വീട്ടില്‍ കെ.എം. അശോകന്‍ നല്‍കിയ രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ജസ്റ്റിസ് കെ. സുരേന്ദ്ര മോഹനനും ജസ്റ്റിസ് എബ്രഹാം മാത്യുവുമടങ്ങിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഈ സുപ്രധാന വിധി. 

ലൗ ജിഹാദിന്റെ രാഷ്ട്രീയത്തിലേക്ക് ഈ വിധി വെളിച്ചം വീശുന്നു. ഭരണഘടന അനുവദിക്കുന്ന മതാചരണസ്വാതന്ത്ര്യത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനസ്വാതന്ത്ര്യം കുത്തിത്തിരുകാന്‍ ശ്രമിക്കുന്നവര്‍ക്ക് ഒരു താക്കീതും പാഠവുമാണ് ഈ വിധി. ലൗ ജിഹാദ് എന്ന പ്രണയവിവാഹ തട്ടിപ്പ്, വിവാഹം എന്ന പവിത്ര ബന്ധത്തിന്റെ ചെലവില്‍ അനുവദനീയമല്ലെന്ന് ഈ വിധി സാക്ഷ്യം പറയുന്നു. ആധുനിക 'മതപരിവര്‍ത്തനരസവാദ'*ത്തെയും അതിന്റെ പിറകില്‍ മറഞ്ഞിരിക്കുന്ന ഭീകരപ്രവര്‍ത്തങ്ങളെയും അതിന് കൂട്ടുനില്‍ക്കുന്നവരെയും ഈ വിധി അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പിച്ചുകളഞ്ഞു. 

ഹോമിയോക്കു പഠിച്ചിരുന്ന അഖിലയെ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ വനിതാ നേതാവ് സൈനബയുടെ നേതൃത്വത്തില്‍ സത്യസരണിയില്‍വച്ച് മതം മാറ്റി. ഇസ്ലാംമതം സ്വീകരിച്ചശേഷം അഖില പഠിക്കാന്‍ പോയില്ല. പിന്നീട് സൈനബയുടെ വീട്ടിലായിരുന്നു താമസം. പെണ്‍കുട്ടി മാതാപിതാക്കളെയും ഫോണില്‍ വിളിച്ച് മതംമാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഫോണ്‍ സംഭാഷണത്തിനിടെ തനിക്ക് സിറിയയിലേക്ക് പോകാന്‍ പദ്ധതിയുണ്ടെന്ന് അവള്‍ പറഞ്ഞു. കേരളത്തില്‍ ഇത്തരം അനേകം സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ മകള്‍ ഭീകരസംഘടനയില്‍ ചേരുമെന്ന ആശങ്കയുണ്ടെന്നും പിതാവ് ഹര്‍ജിയില്‍ പറഞ്ഞു. 

ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ മലപ്പുറത്തെ കോട്ടക്കലുള്ള തര്‍ബിയത്തുള്‍ ഇസ്ലാം സഭയില്‍ ചേര്‍ന്നെന്നും പോപ്പുലര്‍ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള മഞ്ചേരിയിലുള്ള സത്യസരണിയിലേക്ക് അഖില താമസം മാറ്റിയെന്നും പോലീസ് അധികാരികള്‍ കണ്ടെത്തി. അബൂബക്കറിന്റെ വീട്ടില്‍ കുറച്ചുകാലം താമസിച്ചശേഷം സത്യസരണിയിലേക്ക് മാറിയെന്നും ഹേബിയസ് കോര്‍പസ് ഫയല്‍ ചെയ്തപ്പോള്‍ എറണാകുളത്തുനിന്നുള്ള സൈനബയുടെ കൂടെ താമസം തുടങ്ങിയതായും അഖില സത്യവാങ്മൂലത്തില്‍ പറയുന്നു. ആദ്യ ഹേബിയസ് കോര്‍പസ് ഹര്‍ജി പരിഗണിച്ചപ്പോള്‍ താന്‍ സ്വതന്ത്രയാണെന്നും നിയമവിരുദ്ധമായി തന്നെ ആരും തടവില്‍ വച്ചിട്ടില്ലെന്നും അഖില കോടതിയോട് പറഞ്ഞു. അച്ഛന്റെ കൂടെ പോകാന്‍ തയാറല്ലെന്നും സത്യസരണിയില്‍ ഇസ്ലാമികപഠനം തുടരണമെന്നും പറഞ്ഞു. ഇതിന്റെ പേരില്‍ 2016 ജൂണില്‍ സൈനബയുടെ കൂടെ താമസിക്കാന്‍ അഖിലയെ ഹൈക്കോടതി അനുവദിച്ചു. 

2016 ജൂണിലെ വിധികൊണ്ട് സാധാരണനിലയില്‍ കേസ് അവസാനിക്കുമായിരുന്നു. മകളുടെ പെരുമാറ്റത്തില്‍   മകളുടെ സിറിയയിലേക്ക് 'ആടുമേയ്ക്കാന്‍' പോകാനുള്ള തീരുമാനം അറിഞ്ഞ്  അശോകന്‍ ഈ വിധിക്ക് ആധാരമായ രണ്ടാമത്തെ ഹേബിയസ് കോര്‍പസ് ഹര്‍ജി ഫയല്‍ ചെയ്യുകയായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്വാധീനത്തിലാണ് തന്റെ മകള്‍ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്തതെന്നും അഫ്ഗാനിസ്ഥാനിലെ ഇസ്ലാമിക പോരാളികളുടെ കൂടെ ചേര്‍ക്കാന്‍ അഖിലയെ കൊണ്ടുപോയേക്കാമെന്നു സംശയിക്കുന്നതായും അറിയിച്ചു. ഇതേപോലെ ഇസ്ലാമിലേക്ക് മതപരിവര്‍ത്തനം ചെയ്ത് മുസ്ലീങ്ങളെ വിവാഹം ചെയ്ത് അഫ്ഗാനിസ്ഥാനിലെ ഐഎസ് ജിഹാദികളുമായി ചേര്‍ന്ന രണ്ട് സ്ത്രീകളുടെ സംഭവങ്ങള്‍ കോടതിക്കു മുമ്പാകെ സമര്‍പ്പിച്ചു. സൈനബയുടെ കസ്റ്റഡിയില്‍ നിന്ന് എറണാകുളം എസ്എന്‍വി സദനത്തിലേക്ക് അഖിലയെ മാറ്റാന്‍ കോടതി നിര്‍ദ്ദേശിച്ചു.

2016 ഡിസമ്പര്‍ 19ന് കേസ് പരിഗണനക്കെടുത്ത കോടതി 21ന് അഖിലയെ കോടതിയില്‍  ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചു. അന്ന് ഷഫീന്‍ ജഹാന്‍ എന്ന യുവാവിനൊപ്പമാണ് അഖില കോടതിയില്‍ വന്നത്. ശരിയത്ത് നിയമപ്രകാരം പുത്തൂര്‍ ജുമാ മസ്ജിദ് ഖാസിയുടെ കാര്‍മികത്വത്തില്‍ സൈനബയുടെ വീട്ടില്‍ വച്ച് വിവാഹം കഴിഞ്ഞതായി കോടതിയെ അറിയിച്ചു. സംശയം തോന്നിയ കോടതി വിവാഹ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. 

കോട്ടക്കല്‍ തന്‍വീറുല്‍ ഇസ്ലാം സംഘം എന്ന സംഘടന നല്‍കിയ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. ഓത്തുങ്ങല്‍ പഞ്ചായത്തില്‍ 20ന് ഈ സര്‍ട്ടിഫിക്കറ്റില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അപേക്ഷ നല്‍കി. വിവാഹ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുമുമ്പ് ഷഫീന്‍ ജഹാനെക്കുറിച്ച് വിശദമായി അന്വേഷിക്കാനും വിവാഹം നടന്ന സാഹചര്യം അന്വേഷിക്കാനും കോടതി മലപ്പുറം പോലീസ് സൂപ്രണ്ടിന് നിര്‍ദ്ദേശം നല്‍കി. പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്നു കണ്ടെത്തിയ കോടതി രേഖകളിലെ വൈരുദ്ധ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിവാഹം റദ്ദാക്കുകയായിരുന്നു.  നിര്‍ബന്ധിച്ച് മതംമാറ്റിയെന്നും ഇസ്ലാം മതവിശ്വാസിയെക്കൊണ്ട് വിവാഹം കഴിപ്പിച്ചു എന്നും വരുത്തി ഭീകരസംഘടയില്‍ അംഗമാക്കാനുള്ള പദ്ധതി ഉണ്ടായിരുന്നതായും കോടതി ന്യായമായും സംശയിച്ചു. സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡര്‍ പി.നാരായണനും ദേശീയ അന്വേഷണ ഏജന്‍സിക്കുവേണ്ടി ഹാജരായ അഡ്വ. രാജ്കുമാറും ഹാജരാക്കിയ അന്വേഷണരേഖകളും അതിന് സഹായകമായി.  

''ഷഹന്‍ഷാ കേസില്‍ തീവ്രവാദസംഘടനകള്‍ യുവതികളായ ഹിന്ദു യുവതികളെ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുന്നതായി ഈ കോടതിയുടെ സിംഗിള്‍ ബെഞ്ച് കണ്ടെത്തുകയുണ്ടായി. അത്തരം പ്രവര്‍ത്തനങ്ങള്‍ നമ്മുടെ സമൂഹത്തില്‍ നടക്കുന്നുണ്ടെന്നത് സത്യമായി അവശേഷിക്കുന്നു,'' എന്ന് കോടതി നിരീക്ഷിക്കുന്നു.. നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് കണ്ടെത്തിയ കോടതി, സത്യസരണിയെക്കുറിച്ചും, എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, കാമ്പസ് ഫ്രണ്ട്, എന്‍ഡിഎഫ് തുടങ്ങിയ സംഘടനകളുടെ മതതീവ്രവാദ പ്രവര്‍ത്തനത്തെക്കുറിച്ചും ഇസ്ലാമിക് സ്റ്റേറ്റു പോലുള്ള അന്താരാഷ്ട്ര ഭീകര സംഘടനകളുമായി അവയ്ക്കുള്ള ബന്ധത്തെയും കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

വിധിക്കുശേഷം അച്ഛനോടൊപ്പം പോകുന്ന അഖിലക്കും കുടുംബത്തിനും ഭീഷണി ഉണ്ടായേക്കാമെന്നത് കണക്കിലെടുത്താണ് കോടതി പോലീസ് സംരക്ഷണം നല്‍കണമെന്ന് പറഞ്ഞത്. കോടതിവിധിപ്രകാരം അഖിലയെ താമസിപ്പിച്ചിരുന്ന എറണാകുളത്തെ ഹോസ്റ്റലില്‍നിന്ന്  വീട്ടിലേക്ക് കൊണ്ടുപോകുന്നത് തടയാനുള്ള എസ്ഡിപിഐ, പോപ്പുലര്‍ ഫണ്ട് പ്രവര്‍ത്തകരുടെ ശ്രമം പോലീസ് പരാജയപ്പെടുത്തുകയായിരുന്നു. അഖിലയുടെ വീടിനും ബന്ധുക്കള്‍ക്കും കനത്ത പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ കോടതി പ്രത്യേകം നിര്‍ദ്ദേശിച്ചിട്ടുണ്ട്.  

സമാനമായ നിലയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയായ പാലക്കാടു ജില്ലയിലെ ചേര്‍പ്പുളശ്ശേരിയിലെ ആതിര എന്ന കുട്ടിയുടെ കാര്യവും കോടതി പരാമര്‍ശിക്കുകയുണ്ടായി. ഈ കേസിലും പ്രതിഭാഗത്തുള്ളവര്‍ എസ്ഡിപിഐ/പിഎഫ്‌ഐ പ്രവര്‍ത്തകരാണ്. അവരെ അറസ്റ്റു ചെയ്തിട്ടുണ്ട്. ഒന്നാം പ്രതി നൗഫല്‍ കുരിക്കള്‍ ഒളിവിലാണ്. രണ്ടു കേസുകളും തമ്മില്‍ വളരെയേറെ സമാനതകളുണ്ടായിട്ടും അഖില കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ ആതിര കേസിലെ അന്വേഷണ ഉദ്വോഗസ്ഥന്റെ സഹകരണം തേടിയില്ലെന്നതില്‍ കോടതി ഖേദം രേഖപ്പെടുത്തി. അതുകൊണ്ട് സത്യാവസ്ഥ വെളിപ്പെടുത്തുന്നതിന് വിശദമായ ഒരന്വേഷണം അത്യാവശ്യമാണെന്ന് കോടതി നിര്‍ദ്ദേശിച്ചു.

കോടതിവിധി വര്‍ഗീയമാണെന്നും മതസ്വാതന്ത്ര്യത്തിനെതിരാണെന്നും വിമര്‍ശിച്ചുകൊണ്ട് മുസ്ലിം ഏകോപനസമിതിയുടെ പേരില്‍ നടന്ന ഹൈക്കോടതി മാര്‍ച്ച് അക്രമാസക്തമായതിനെത്തുടര്‍ന്ന് പോലീസ് ജലപീരങ്കി ഉപയോഗിക്കുകയുണ്ടായി. ഹൈക്കോടതിവിധിക്കെതിരെ അപ്പീല്‍ പോകാമെന്നിരിക്കെ വിധിക്കെതിരെ തെരുവിലിറങ്ങിയുള്ള അക്രമാസക്തമായ പ്രതിഷേധം നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. ജഡ്ജിമാരെ സമ്മര്‍ദ്ദത്തിലാക്കാനും ഭീഷണിപ്പെടുത്താനുമാണ് ഈ പ്രകടനം. ഭരണഘടനയും നീതിന്യായവ്യവസ്ഥയും തങ്ങള്‍ക്ക് ബാധകമല്ലെന്ന് വിളിച്ചു പറയുകയാണ് അവര്‍ ചെയ്തത്. തെരുവില്‍ ആളെ സംഘടിപ്പിച്ച് കോടതിവിധി മാറ്റാമെന്നു വന്നാല്‍ അത് ഇന്ത്യന്‍ ജുഡീഷ്യറിയുടെ അന്ത്യമായിരിക്കും.

മറ്റു കേസുകളില്‍നിന്ന് 

വ്യത്യസ്തമാകുന്നത്

ഇവിടെ ഒരു പെണ്‍കുട്ടിയെ ബ്രെയിന്‍വാഷ് ചെയ്ത് ശരിക്കും കുടുക്കുകയായിരുന്നു. സാധാരണനിലയില്‍ ഒരു പെണ്‍കുട്ടി അന്യമതസ്തനെ പ്രേമിക്കുന്നതും വിവാഹം കഴിക്കാന്‍വേണ്ടി മതം മാറുന്നതുമായ സാഹചര്യത്തില്‍ ഹേബിയസ് കോര്‍പസ് കേസുകള്‍ കോടതിയില്‍ വരാറുണ്ട്. ആ കേസുകളിലെല്ലാം കോടതി പറയാറുള്ളത് പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിക്ക് അവരുടെ ഭര്‍ത്താവിനെ തെരഞ്ഞെടുക്കാനുള്ള അധികാരമുണ്ട്, അവര്‍ക്കിഷ്ടമുള്ള മതം സ്വീകരിക്കാനുള്ള അവകാശമുണ്ട് എന്നാണ്.  അതിലൊക്കെ കോടതി പെണ്‍കുട്ടിയുടെ ഭാഗത്താണ് നില്‍ക്കാറ്. പക്ഷെ, ഇവിടെ കോടതി മറ്റു ചില യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തി. ഇതൊരു സ്വമേധയാ ഉള്ള മതപരിവര്‍ത്തനമല്ല. മതപരിവര്‍ത്തനത്തെക്കുറിച്ച് വ്യത്യസ്തമായ കഥകളാണ് കോടതി മുമ്പാകെ വന്നത്. പെരിന്തല്‍മണ്ണയിലുള്ള ജസീന, സഹോദരി ഹസീന, പിതാവായ അബൂബക്കര്‍ എന്നിവരുടെ പ്രേരണ മൂലമാണെന്ന് ഒരിടത്ത് പറയുമ്പോള്‍ മറ്റൊരു കഥ ഷാനിബ്, ഷെറീന്‍, ഫസല്‍ എന്നിവരുടെ സ്വാധീനം മൂലമാണെന്നാണ്. അവരെക്കുറിച്ച് നാളിതുവരെ ഒരന്വേഷണവും നടന്നിട്ടില്ല. മറ്റു പലരും അഖിലയെ നിയന്ത്രിക്കുന്നുണ്ടെന്നും എല്ലാം തന്നിഷ്ടപ്രകാരമായിരുന്നു എന്ന അഖിലയുടെ വാദം സ്വീകാര്യമല്ലെന്നുമുള്ള നിലപാടാണ് കോടതി എടുത്തത്. വാട്ട്‌സ്ആപ് ഗ്രൂപ്പുമായൊക്കെ ബന്ധപ്പെട്ട് ചില കൂട്ടുകെട്ടുകളിലൂടെയാണ് മതപരിവര്‍ത്തനത്തിന് വിധേയയായതെന്നും പറയുന്നു. രണ്ട് നോട്ടറികളുടെ മുമ്പാകെ ഇവരുടെ അഫിഡവിറ്റുണ്ട്. ഇതില്‍ ഇവരുടെ പേരുകളും ഹാദിയ, ഖാദിയ എന്നിങ്ങനെ വ്യത്യസ്തങ്ങളാണ്. അതുകൊണ്ട് ഈ മതപരിവര്‍ത്തനം സത്യസന്ധമല്ല. മാത്രമല്ല, ''നരകത്തില്‍നിന്ന് രക്ഷപ്പെടാന്‍ ആകെയുള്ള ഒരു മാര്‍ഗം ഇതേയുള്ളു'' എന്ന് തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.അഖിലക്ക് 24 വയസുണ്ട്. 20 വയസിലാണ് ഇസ്ലാം മതം സ്വീകരിക്കുകയോ അതിലേക്ക് ആകര്‍ഷിക്കപ്പെടുകയോ ചെയ്തത്. നരകവും ചിത്രവധവും ഉള്‍പ്പെടെ പലതും കാണിച്ചും വിശ്വസിപ്പിച്ചും ഭയം ജനിപ്പിച്ചും വിവിധ തരത്തില്‍ സ്വാധീനിച്ചുമാണ് ഇവരെ ഇസ്ലാം മതത്തിലാക്കിയത്. ഇക്കാര്യം അഖിലതന്നെ സമ്മതിച്ചിട്ടുണ്ട്,'' കോടതി നിരീക്ഷിക്കുന്നു. ഈ വിഷയത്തില്‍ ഒരു വഞ്ചിക്കല്‍ നടന്നു. 

മതപരിവര്‍ത്തനത്തിന്റെ പിറകില്‍ മനുഷ്യക്കടത്ത് എന്ന ലക്ഷ്യമുള്ളതായി കോടതിക്ക് ബോദ്ധ്യമായി. കോടതിയുടെ മുന്നില്‍ പരിഗണനയിലുള്ള ഒരു വിഷയത്തില്‍ കോടതിയെ അറിയിക്കാതെ ''നടന്നു എന്നു പറയുന്ന ഈ വിവാഹം തട്ടിപ്പാണ്, നിയമത്തിനുമുമ്പില്‍ ഇതിന് യാതൊരു വിലയുമില്ല. അവളുടെ ഭര്‍ത്താവിന് രക്ഷകര്‍ത്താവാകാനാവില്ല,'' എന്നാണ് കോടതി കണ്ടെത്തിയത്. ''കൂടുതല്‍ അപകടത്തിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കേണ്ടത്''  കോടതിയുടെ കടമയാണെന്നതുകൊണ്ടാണ് നീതിനിര്‍വഹണത്തിന് ഹൈക്കോടതി തന്നെ തയ്യാറായത്. ഇയാളുടെ കയ്യില്‍ പോയാല്‍ സിറിയയില്‍ എത്തിപ്പെടുമെന്നുള്ള വിശ്വാസം കോടതി തുറന്നു പറയുന്നില്ലെങ്കിലും വരികള്‍ക്കിടയില്‍ വായിച്ചെടുക്കാവുന്നതാണ്. 

പലരും ചോദിക്കുന്ന പ്രസക്തമായ കാര്യം ഒരു വിവാഹം നടന്നാല്‍ അത് റദ്ദു ചെയ്യാന്‍ കോടതിക്കെന്ത് അവകാശമെന്നാണ്. ഇക്കാര്യത്തില്‍ കോടതി കാണിച്ചത് ശുദ്ധ അസംബന്ധമാണെന്ന് തോന്നിപ്പോകുന്നു എന്നാണ്. അഖിലക്ക് ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കണമെന്ന് സീനിയര്‍ അഭിഭാഷകന്‍ 19-ാംതീയതി കോടതി മുമ്പാകെ പറയുന്നു. ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കി സ്വന്തം കാലില്‍ നില്‍ക്കാന്‍ അവള്‍ക്ക് അവസരം ഒരുക്കിക്കൂടെ എന്ന് കോടതി അച്ഛനോട് ചോദിക്കുന്നു. അച്ഛന്‍ പറഞ്ഞു, സമ്മതമാണ്, എല്ലാ ചെലവുകളും വഹിക്കാം. വീടോ ഹോസ്റ്റലോ സൗകര്യപ്പെടുത്താം. അതോടെ കേസ് 21-ാം തീയതിയിലേക്ക് മാറ്റിവെക്കുകയായിരുന്നു. 21-ാം തീയതി കോടതി കൂടിയപ്പോള്‍ ഒരു ചെറുപ്പക്കാരനുമായിട്ടാണ് പെണ്‍കുട്ടി വരുന്നത്. നേരെ ജഡ്ജി ഇരിക്കുന്ന ഡയസിന്റെ നേര്‍ക്ക് അയാള്‍ വന്നു. ജഡ്ജ് ചോദിച്ചു, ''നിങ്ങള്‍ ആരാണ്? എന്തിനുവന്നു?'' അപ്പോഴാണ് ''ഞങ്ങള്‍ കല്യാണം കഴിച്ചതാണ്. ഞാന്‍ ഭര്‍ത്താവാണ്'' എന്ന് പറയുന്നത്. 

ഏതുവിധേനയും അവളെ അവരുടെ നിയന്ത്രണത്തില്‍ വേണമായിരുന്നു. അവരുടെ പിടിയില്‍നിന്നും ഊരിപ്പോകാതിരിക്കാന്‍ നടത്തിയ കൃത്രിമവ്യവസ്ഥയാണ് കല്യാണമെന്ന് കോടതിക്ക് സ്പഷ്ടമായി. പുത്തൂരിലെ സ്രാമ്പിക്കല്‍ ഹൗസില്‍വെച്ച് പുത്തൂര്‍ ജുമാ മസ്ജിദ് ഖാസി നടത്തി എന്നു പറയുന്ന വിവാഹം സാധുവല്ല. അതൊരു കടലാസ് സംഘടനയാണ്. 2016 ഡിസമ്പര്‍ 19ന് ഹാജരായപ്പോള്‍ അഖിലയോ എതിര്‍കക്ഷികളോ വക്കീലന്മാരോ വിവാഹത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. രണ്ടു ദിവസം കഴിഞ്ഞ് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് വിവാഹിതയായെന്ന് പറഞ്ഞത്. വിവാഹത്തില്‍ അഖിലയുടെ വീട്ടുകാര്‍ പങ്കെടുത്തതായി രേഖപ്പെടുത്തിക്കൊണ്ട്  ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണ്. അതിനാല്‍ ശരീയത്ത് വിവാഹ വ്യവസ്ഥപ്രകാരം സാധുവല്ല. ഹാജരാക്കിയ വിവാഹ രേഖകളില്‍ അഖിലയുടെ പേര് ഹാദിയ എന്നാണ്. എന്നാല്‍ ഇസ്ലാം മതം സ്വീകരിച്ച അഖിലയുടെ പേര് ആസിയ എന്നാണെന്ന് കൗണ്‍സില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലും അഖില നേരിട്ടു നല്‍കിയ മൊഴിയിലും പറയുന്നു. ചില രേഖകളില്‍ ആധിയയാണ്. വിവാഹം കഴിച്ചെന്ന് പറയുന്ന ആള്‍ക്ക് ഗള്‍ഫില്‍ ജോലിയാണെന്ന് പറയുന്നു. പക്ഷെ, എസ്ഡിപിഐയുടെയും കാമ്പസ് ഫ്രണ്ടിന്റെയും പ്രവര്‍ത്തകനായ ഷാഫിന്‍ ജഹാന്‍ എസ്ഡിപിഐയുടെ വാട്‌സ്ആപ് ഗ്രൂപ്പിന്റെ അഡ്മിനാണ്. 'എസ്ഡിപിഐ കേരളം' എന്ന ഈ ഗ്രൂപ്പിന് 'തണല്‍' എന്ന കോര്‍ ഗ്രൂപ്പുണ്ട്. 

കനകമലയില്‍ പിടിയിലായ ഐഎസ് പ്രവര്‍ത്തകന്‍ മാന്‍സി ബുറാഖി അതില്‍ അംഗമായിരുന്നു. ഷാഫിന്‍ ജഹാന്റെ പ്രവര്‍ത്തനങ്ങളിലുള്‍പ്പെടെ എല്ലാ കാര്യങ്ങളിലും ദുരൂഹതയും നിഗൂഢതയും നിലനില്‍ക്കുന്നുണ്ട്. നിരോധിത സംഘടനയായ സിമിയുടെ നേതാക്കളാണ് സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ)യും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയും (പിഎഫ്‌ഐ) തുടങ്ങിയതെന്ന് കോടതി നിരീക്ഷിച്ചു. ജസീനയും ഫസീനയും അച്ഛന്‍ അബൂബക്കറും അഖിലയെ ഇസ്ലാംമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ചതായും കോടതി കണ്ടെത്തി. ഇതൊക്കെയാണ് കോടതിയെ ഈ നിലപാടെടുക്കാന്‍ പ്രേരിപ്പിച്ച ഘടകങ്ങള്‍.

പെണ്‍കുട്ടി എങ്ങനെ 

ഈ കുടുക്കില്‍ അകപ്പെട്ടു?

ഇസ്ലാമിന്റെ ഏകദൈവസിദ്ധാന്തമാണ് വലിയ ആകര്‍ഷണമായി അവര്‍ അവതരിപ്പിക്കുന്നത്. അനേകം ദൈവങ്ങളുള്ള ഹിന്ദുമതത്തിന്റെ പേരില്‍ അവര്‍ ചിന്താക്കുഴപ്പമുണ്ടാക്കുന്നു. ഹിന്ദുധര്‍മത്തില്‍ ''ഉള്ളത് ഒന്നാണ്, വിജ്ഞന്മാര്‍ പലതായി പറയുന്നു,'' ''അദ്വൈതം'' പോലുള്ള ഉന്നതമായ ചിന്തകള്‍ ഹിന്ദു കുട്ടികള്‍ക്ക് പഠിക്കാന്‍ അവസരം ലഭിക്കുന്നില്ല.

പേരന്‍സ് പാട്രിയ 

എന്ന അസാധാരണ നടപടി

നിസ്സഹായരും നിരാലംബരുമായ, സംരക്ഷിക്കാന്‍ ആരുമില്ലാത്ത എല്ലാവരെയും സംരക്ഷിക്കേണ്ട ചുമതല സ്റ്റേറ്റിനാണ്. ഭരണകൂടത്തിന്റെ ഭാഗമാണ് കോടതിയും. കോടതിക്കും അപ്പോള്‍ ഈ ബാദ്ധ്യതയുണ്ട്. നിരാലംബനായ, നിരാശ്രയനായ ഒരു പിതാവ് മകളെ സംരക്ഷിക്കുന്നതിനായി പോരാടേണ്ടിവരുന്നത് ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന ഒരു ഭീകര സംഘടനയുമായിട്ടാണ്. അവിടെ അയാള്‍ നിസ്സഹായനാണ്. ദുര്‍ബലനാണ്. അയാള്‍ക്ക് ഈ കുട്ടിയെ സംരക്ഷിക്കാന്‍ പറ്റില്ല. അതിന്റെ ഉത്തരവാദിത്തം സ്റ്റേറ്റിനാണ്. സ്റ്റേറ്റെന്നു പറയുമ്പോള്‍ ജുഡീഷ്യറിയുമാണ്. കോടതി അതില്‍പെടുന്നതാണ്. അതുകൊണ്ടാണ് ''ആരും തുണയില്ലാത്തവര്‍ക്ക് തുണയായി നീതി ഉറപ്പാക്കാന്‍'' കോടതി പേരന്‍സ് പാട്രിയ എന്ന തത്വത്തില്‍ ഊന്നി ആ ഉത്തരവാദിത്തം ഏറ്റെടുത്തത്. അതിനാലാണ് പെണ്‍കുട്ടിക്കും കുടുംബത്തിനും പോലീസ് പ്രൊട്ടക്ഷന്‍ നല്‍കിയിട്ടുള്ളത്. 

 

കോടതിയുടെ 

നിലപാട്

കോടതിയുടെ നിര്‍ദ്ദേശാനുസരണം സത്യസരണിയെക്കുറിച്ചും മതംമാറ്റ സംഭവത്തെക്കുറിച്ചും നടന്ന അന്വേഷണം വളരെ നിരുത്തരവാദപരമായിരുന്നെന്ന് കോടതി എടുത്തു പറയുന്നുണ്ട്.  ഈ കേസും പാലക്കാട് ചെറുപ്പളശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത സമാനമായ ആതിരയുടെ കേസും ഡിജിപി നേരിട്ട് അന്വേഷിക്കണമെന്നും  പ്രതികളെ നിയമത്തിനുമുമ്പില്‍ കൊണ്ടുവരണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കേസിന്റെ സാദ്ധ്യത 

കേസ് സുപ്രീംകോടതിയില്‍ വന്നാല്‍ കാര്യങ്ങളുടെ ആഴവും പരപ്പും കൂടുതല്‍ കൂടുതല്‍ വ്യാപകമാവുന്നതാണ്. പരമോന്നത കോടതിയിലെത്തുമ്പോള്‍ പ്രതികള്‍ കൂടുതല്‍ വിവസ്ത്രരാകും. ദേശീയ സുരക്ഷാ ഏജന്‍സിയെക്കൊണ്ട് ഈ കാര്യങ്ങള്‍ അന്വേഷിക്കാനും കൂടുതല്‍ വ്യക്തത കൊണ്ടുവരാനും കഴിയും.  ഈ വിഷയം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യുന്നത് ആരോഗ്യകരമായിരിക്കും.

മതപരിവര്‍ത്തനത്തെക്കുറിച്ച് കുമാരനാശാന്‍
തപരിവര്‍ത്തനരസവാദം (ദി ആല്‍ക്കെമി ഓഫ് പ്രോസ്‌ലിറ്റൈസേഷന്‍) എന്ന കൃതിയില്‍ കുമാരനാശാന്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് സ്പഷ്ടമായ നിഗമനങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. (ഇരുമ്പു മുതലായ താണ ലോഹങ്ങളെ രസം, ഗന്ധകം മുതലായവ ചേര്‍ത്ത് സ്വര്‍ണമോ വെള്ളിയോ ആക്കാനുള്ള വിദ്യയാണ് ആല്‍ക്കെമി അഥവാ രസതന്ത്രം)
കേരളത്തില്‍ ഈഴവ സമുദായം അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ക്കു പരിഹാരമായി ഈഴവര്‍ അപ്പാടെ ബുദ്ധമതത്തില്‍ ചേരണമെന്നും ക്രിസ്തുമതമോ ഇസ്ലാംമതമോ സ്വീകരിക്കണമെന്നും ഹിന്ദുമതത്തില്‍തന്നെ തുടരണമെന്നും ഉള്ള നിര്‍ദ്ദേശങ്ങള്‍ സജീവമായ സംവാദങ്ങള്‍ക്ക് വിഷയമായി. ഓരോ വാദഗതിക്കും അതിന്റേതായ യുക്തിയും ന്യായവുമുണ്ടായിരുന്നു. കുമാരനാശാന്‍ യുക്തിസഹമായി പ്രായോഗിക ബുദ്ധിയോടെ 1923ല്‍ കൊല്ലത്തുനടന്ന എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ നടത്തിയ അദ്ധ്യക്ഷപ്രസംഗത്തില്‍ അവതരിപ്പിച്ച നിഗമനങ്ങള്‍ മിതവാദി പത്രത്തില്‍ വിമര്‍ശിക്കപ്പെടുകയുണ്ടായി. അതിനുള്ള മറുപടിയായിട്ടാണ് 1923 ജൂണ്‍ 15ന് ആശാന്‍ ''മതപരിവര്‍ത്തനരസവാദം'' എന്ന ലഘുപ്രബന്ധം എഴുതിയത്. മതപരിവര്‍ത്തനശ്രമങ്ങളെ കുമാരനാശാന്‍ ശക്തമായ ഭാഷയിലാണ് നിരാകരിച്ചിട്ടുള്ളത്.
പുസ്തകത്തില്‍നിന്ന്:
''ക്രിസ്ത്യാനിമതത്തില്‍ ചേര്‍ന്ന പുലയരും പറയരും നമ്മുടെ നാട്ടില്‍ പലേടത്തും ഉണ്ട്. മതപരിവര്‍ത്തന 'രസവാദം' ആ കാരിരുമ്പുകളെ ഇനിയും തങ്കമാക്കീട്ടില്ല.''
''സമുദായത്തിലെ പ്രത്യേകാംഗങ്ങള്‍ക്ക് ആത്മാര്‍ത്ഥമായി മതം മാറാന്‍ തോന്നുമ്പോള്‍ അങ്ങനെ ചെയ്യുന്നതിന് എനിക്ക് വിരോധമില്ലെന്ന് എന്റെ പ്രസംഗത്തില്‍ത്തന്നെ സൂചിപ്പിച്ചിട്ടുണ്ട്. ചട്ട മാറുംവണ്ണം മതംമാറാന്‍ ഉപദേശിക്കരുതെന്ന് ഞാന്‍ പറയുന്നത് സമുദായത്തെ ഉദ്ദേശിച്ചാണ്. ക്ഷേത്രം കെട്ടാന്‍ മരം ചുമന്ന വേദന ഇതുവരെ ആറീട്ടില്ലാത്ത ചുമലില്‍ വിഹാരംപണിക്ക് കല്ലു ചുമക്കാന്‍ ധൃതിപ്പെട്ടാല്‍ സാധുക്കള്‍ കുഴങ്ങുമെന്നു മാത്രമേ അതിന്നര്‍ത്ഥമുള്ളു. വിശേഷിച്ചും നമ്മില്‍ ചിലരുടെ അഭിപ്രായമനുസരിച്ച് അദ്ധ്യാത്മവിഷയത്തില്‍ സ്ഥിരപ്രതിഷ്ഠയുള്ള സ്വാമിതൃപ്പാദങ്ങള്‍ മതം മാറുന്നതല്ലെന്നും എനിക്ക് തീര്‍ത്തു പറവാന്‍ കഴിയും. നമ്മുടെ മതഗുരുവിനെ നമ്മള്‍ മതംമാറ്റാന്‍ ശ്രമിക്കുന്നതു ഗുരുത്വമല്ലെന്നും പറയേണ്ടി വന്നതില്‍ ഞാന്‍ വ്യസനിക്കുന്നു.''
''ദുരവസ്ഥയിലോ ചണ്ഡാലഭിക്ഷുകിയിലോ എന്നല്ല, എന്റെ ഏതെങ്കിലും കൃതികളില്‍ മതത്തെ ഉപലംഭിച്ച്  ഞാന്‍ ചെയ്യുന്ന നിര്‍ദ്ദേശങ്ങളെല്ലാം മതപരിഷ്‌കരണത്തെ ഉദ്ദേശിച്ചുകൊണ്ടാണെന്നും പരിവര്‍ത്തനത്തെ മുന്‍ നിര്‍ത്തിയല്ലെന്നും നിഷ്‌കര്‍ഷിച്ചു വായിച്ചുനോക്കുന്ന ആര്‍ക്കും അറിയാമെന്നാണ് എന്റെ ധാരണ. പരിഷ്‌കരണത്തില്‍ എന്റെ ആദര്‍ശം മുമ്പു പറഞ്ഞിട്ടുള്ള ''ഒരു ജാതി, ഒരു മതം, ഒരു ദൈവം'' എന്നുള്ള ശ്രീനാരായണമതം ആണെന്ന് ഒരിക്കല്‍കൂടി പറഞ്ഞേക്കാം.''
''നമ്മുടെ പ്രവൃത്തികള്‍ക്ക് ശരിയായ ശക്തി വര്‍ദ്ധിപ്പിക്കുന്ന രണ്ടേരണ്ടു സാധനങ്ങള്‍ ധനവും വിദ്യയും ആകുന്നു. ദീര്‍ഘദര്‍ശിയായ നമ്മുടെ സ്വാമി അവയെപ്പറ്റി കൂടെക്കൂടെ ഉപദേശിക്കാറുള്ളത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? ഇങ്ങനെ നമ്മള്‍ വീണ്ടെടുക്കുന്ന സ്വാതന്ത്ര്യം നമ്മുടേതായിത്തന്നെ ഇരിക്കും. ആ വിജയത്തിന് അവകാശികളും നമ്മള്‍ തന്നെ ആയിരിക്കും. നമ്മള്‍ കടം വാങ്ങുന്ന മതമോ, ആശ്രയിക്കുന്ന മതക്കാരോ ആയിരിക്കയില്ല. അതല്ലേ ശരിയായ സ്വാതന്ത്ര്യം? അതല്ലെ ശരിയായ പൗരുഷം?''

ആരും തുണയില്ലാത്തവര്‍ക്ക് 
കോടതി തുണ

സാമൂഹ്യമാദ്ധ്യമങ്ങളും ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളും അഖില ഹേബിയസ് കോര്‍പസ് കേസിലെ വിധി വളരെയേറെ ചര്‍ച്ച ചെയ്തുകഴിഞ്ഞു.  പൗരാവകാശങ്ങളെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും  സ്ഥിരം നിലയവിദ്വാന്മാര്‍ പ്രത്യയശാസ്ത്ര, രാഷ്ട്രീയ, ചേരിതിരിവുകള്‍ക്കനുസരിച്ച് അപഹാസ്യമായ നിലപാടുകളെടുക്കുമ്പോള്‍ അഖിലയുടെ പിതാവ് അശോകനുവേണ്ടി ഹൈക്കോടതിയില്‍ ഹാജരായത് കൊല്ലത്തെ അഭിഭാഷകനായ സി.രാജേന്ദ്രനാണ്.

ലൗജിഹാദിന്റെ  ചങ്ങലക്കണ്ണികള്‍

എന്‍.ഡി.എഫിന്റെ ക്യാമ്പസ് ഫ്രണ്ട് ലൗജിഹാദിന്റെ റിക്രൂട്ടിങ് ഏജന്റുമാരാണ്. സ്‌നേഹസംവാദത്തിന്റെ വക്താക്കളായ നിച്ച് ഓഫ് ട്രൂത്ത് മസ്തിഷ്‌ക പ്രക്ഷാളനത്തിനുള്ള സി.ഡികളും മറ്റും കൈമാറുന്നു. മതംമാറ്റുന്നവരെ കേള്‍പ്പിക്കുന്നത് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ നേതാവ് സക്കീര്‍ അബ്ദുള്‍ കരിം നായിക്കിന്റെ പ്രസംഗമാണ്. സിറിയയിലേക്കുള്ള റിക്രൂട്ടിങ്ങ് ഇവര്‍ വഴിയാണ്. മുസ്ലീം യൂത്ത്‌ഫോറം, തസ്രീന്‍മില്ലത്ത്, ഷഹീന്‍ഫോഴ്‌സ് തുടങ്ങിയ പേരുകളിലും ലൗജിഹാദിന്റെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലൗജിഹാദിന്റെ റോമിയോമാരെ ഏകോപ്പിക്കാന്‍  അഞ്ചംഗസമിതിയുണ്ട്. നിയമപരമായി പ്രവര്‍ത്തിക്കാന്‍ ലീഗല്‍ സെല്ലും സജീവമാണ്. ദമാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഫ്രെറ്റേണിറ്റി ഫോറം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് പണം ശേഖരിച്ച് നല്‍കുന്നുണ്ട്.

 

(ലേഖകന്‍ സീനിയര്‍ പത്രപ്രവര്‍ത്തകനും ചിതി മലയാളം മാഗസിന്‍ എഡിറ്ററുമാണ്)

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments