Kesari WeeklyKesari

മുഖപ്രസംഗം

അതിരുവിടുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യം

on 30 June 2017

മുഖ്യമന്ത്രി പിണറായി വിജയന്‍ പഠിച്ച തലശ്ശേരിയിലെ പ്രശസ്തമായ ബ്രണ്ണന്‍ കോളേജിന്റെ 125-ാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.എഫ്.ഐയുടെ നിയന്ത്രണത്തിലുള്ള കോളേജ് യൂനിയന്‍ പുറത്തിറക്കിയ മാഗസിന്‍ സഭ്യതയുടെ സകല സീമകളും ലംഘിക്കുന്നതാണ്. കാശ്മീര്‍ വാര്‍ത്തകളില്‍ മാത്രം നാം കേള്‍ക്കാറുള്ള 'പെലറ്റ്' എന്ന വാക്കാണ് മാഗസിന് പേരായി കൊടുത്തിട്ടുള്ളത്. തീവ്രവാദികളുടെ നിലപാടുകളോടുള്ള എസ്.എഫ്.ഐയുടെ പ്രതിബദ്ധത മാഗസിന്റെ ഉള്ളടക്കത്തിലും പ്രതിഫലിക്കുന്നുണ്ട്. ദേശീയ പതാകയെയും ദേശീയഗാനത്തെയും അപകീര്‍ത്തിപ്പെടുത്താന്‍ നടത്തിയ ശ്രമമാണ് ഏറ്റവും ആപല്‍ക്കരമായത്. തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും നിര്‍ബ്ബന്ധമായും എഴുന്നേറ്റുനില്‍ക്കണമെന്ന സുപ്രീംകോടതി വിധിയെ പരിഹസിച്ചുകൊണ്ട് പാറിക്കളിക്കുന്ന ദേശീയപതാകക്കു മുന്നിലായി കസേരയില്‍ രണ്ടുപേര്‍ ഇണചേരുന്ന ചിത്രമാണ് പരക്കെ ഏതിര്‍പ്പു ക്ഷണിച്ചുവരുത്തിയത്. ദേശദ്രോഹശക്തികളെ പാലൂട്ടുന്ന ഒരു സംഘടനയ്ക്ക് മാത്രമേ ഇത്രയും മോശമായ രീതിയില്‍ രാജ്യത്തെ അപമാനിക്കാന്‍ കഴിയൂ. ഇതിന് എസ്.എഫ്.ഐയും അവരുടെ തലതൊട്ടപ്പന്മാരും കനത്ത വില നല്‍കേണ്ടിവരുമെന്ന കാര്യം തീര്‍ച്ചയാണ്. മാഗസിനെതിരെ ശക്തമായ പ്രതിഷേധമുണ്ടായതിനെതുടര്‍ന്ന് 12, 13, 84 പേജുകള്‍ പിന്‍വലിക്കാന്‍ കോളേജ് സ്റ്റാഫ് കൗണ്‍സില്‍ തീരുമാനിക്കുകയും മാഗസിന്റെ വിതരണം നിര്‍ത്തിവെക്കുകയും ചെയ്തു. ഓം ചിഹ്നത്തെയും രക്ഷാബന്ധനെയും പരിഹസിക്കുന്ന ചിത്രമാണ് 84-ാം പേജിലുള്ളത്. വിദ്യാര്‍ത്ഥി സംഘടനകളടക്കം നിരവധിപേര്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വന്നതോടെ പോലീസ്, സ്റ്റാഫ് എഡിറ്റര്‍ ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ബ്ബന്ധിതരാകുകയും ഇപ്പോള്‍ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുകയും ചെയ്തിരിക്കുകയാണ്. എ.ബി.വി.പി. ജില്ലാ കണ്‍വീനര്‍ പ്രേംസായിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു ഓണര്‍ ആക്ട് 1971 പ്രകാരം ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
കോളേജ് മാഗസിനുകള്‍ ഉപയോഗിച്ച് ദേശീയ മാനബിന്ദുക്കളെ അപമാനിക്കാനുള്ള എസ്.എഫ്.ഐയുടെ ശ്രമം കേരളത്തില്‍ വ്യാപകമായി നടന്നുവരുന്നതാണ്. ബ്രണ്ണന്‍ കോളേജിലെ മാഗസിന്‍ ഇറങ്ങിയ അതേ സമയത്താണ് മഞ്ചേരി എന്‍.എസ്.എസ് കോളേജില്‍ നിന്ന് കുന്തിദേവിയെ മോശമായി ചിത്രീകരിക്കുന്ന കവിതയുമായി മാഗസിന്‍ പ്രസിദ്ധീകരിച്ചത്. ചോദ്യം എന്ന ലഘുകവിതയില്‍ കുന്തിദേവിയെ വേശ്യയായി ചിത്രീകരിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളുടെ പിഴവുകൊണ്ടാണ് പീഡനം നടന്നതെന്ന് ചാനല്‍ ചര്‍ച്ച നടത്തുന്നവര്‍ കുന്തിയെ എന്തുകൊണ്ട് വേശ്യയെന്നു വിളിക്കുന്നില്ല എന്നാണ് കവിതയിലൂടെ ചോദിക്കുന്നത്. 'ധര്‍മ്മപുരാണം' എന്ന മറ്റൊരു കവിതയില്‍ യുധിഷ്ഠിരനെയും അര്‍ജ്ജുനനെയും പരിഹസിക്കുന്നതാണ് ഇതിവൃത്തം. വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിച്ചെടുക്കുന്ന പണമുപയോഗിച്ച് അവരുടെ സര്‍ഗ്ഗാത്മക രചനകള്‍ പ്രസിദ്ധീകരിക്കേണ്ട കോളേജ് മാഗസിനുകളെ ചില പൊതുശൗചാലയങ്ങളുടെ ചുവര്‍ രചനകളുടെ നിലവാരത്തിലേക്കെത്തിച്ചിരിക്കയാണ്. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായ ഉടനെ അദ്ദേഹത്തെ മോശമായി ചിത്രീകരിച്ചു കൊണ്ട് കുന്ദകുളം ഗവ. പോളിടെക്‌നിക്കിലും ഭാരതമാതാവിനെ മോശമായി ചിത്രീകരിച്ചുകൊണ്ട് ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജിലും മാഗസിന്‍ ഇറക്കിയതിന്റെ പിന്നിലും എസ്.എഫ്.ഐ. ആയിരുന്നു. ഇത് വിവാദമായതിനെത്തുടര്‍ന്ന് എഡിറ്റര്‍മാര്‍ക്ക് നിയമനടപടികള്‍ നേരിടേണ്ടിവന്നു.
കഴിഞ്ഞ വര്‍ഷം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ നിന്ന് എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്‍ പുറത്തിറക്കിയ 'വിശ്വവിഖ്യാതമായ തെറി' എന്ന മാഗസിനും കുപ്രസിദ്ധി നേടിയ ഒന്നാണ്. മലയാളത്തിലെ തെറികളെല്ലാം ശേഖരിച്ച് അവ ദേശീയ സംഘടനകള്‍ക്കെതിരെ പ്രയോഗിക്കുന്ന തരത്തിലായിരുന്നു ഈ മാഗസിന്റെ ഉള്ളടക്കം. ദേശസ്‌നേഹിയായ മലയാളത്തിന്റെ പ്രിയ കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 'വിശ്വ വിഖ്യാതമായ മൂക്ക്' എന്ന കഥയുടെ ശീര്‍ഷകം കടമെടുത്തുകൊണ്ട് 'വിശ്വവിഖ്യാതമായ തെറി' അവതരിപ്പിച്ചവര്‍ ബഷീറിനെയും അപമാനിക്കുകയായിരുന്നു. കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ കയറ്റാന്‍ പോലും പറ്റാത്തത്ര മോശമായ രീതിയിലാണ് ഉള്ളടക്കം തയ്യറാക്കിയിരുന്നത്. മാഗസിന്‍ വിവാദമായപ്പോള്‍ അതിന്റെ വിപണിമൂല്യത്തില്‍ കണ്ണുനട്ട് ഇത് പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചുകൊണ്ട് ചില പുസ്തകപ്രസാധകര്‍ എസ്.എഫ്.ഐയുടെ ഈ വിസര്‍ജ്യത്തെ കേരളമാകെ വാരിവിതറുകയുണ്ടായി.
സാന്ദര്‍ഭികമായി പറയട്ടെ, ഇന്ന് എസ്.എഫ്.ഐയും സമാനചിന്താഗതിക്കാരും സമൂഹത്തില്‍ വ്യാപിപ്പിക്കുന്ന ദേശവിരുദ്ധ, തീവ്രവാദ, അരാജക ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് കോട്ടയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡി.സി. ബുക്‌സ് കൈക്കൊള്ളുന്നത്. സ്വാതന്ത്ര്യ സമരസേനാനിയും എഴുത്തുകാരനും മലയാളത്തിലെ പുസ്തകപ്രസാധകരുടെ കുലപതിയുമായ ഡി.സി.കിഴക്കെമുറി സ്ഥാപിച്ച ഈ സ്വകാര്യ പുസ്തക പ്രസിദ്ധീകരണ സ്ഥാപനം ഇന്ന് പല പരിണാമദശകളിലൂടെ കടന്ന് ഹിന്ദുത്വവിരുദ്ധ പുസ്തകങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പ്രസിദ്ധീകരിക്കുന്ന ഒരു സ്ഥാപനമായി മാറുന്നതില്‍ ഖേദമുണ്ട്. വര്‍ഷം മുഴുവന്‍  ദേശവിരുദ്ധ പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുകയും അവയ്ക്ക് പ്രചാരം നല്‍കുകയും ചെയ്യുന്ന ഈ സ്ഥാപനങ്ങള്‍ക്കും കര്‍ക്കിടകം അടുത്തുവരുമ്പോള്‍ വലിയ ശ്രീരാമ ഭക്തിയാണ്. പല തരത്തിലുള്ള രാമായണങ്ങള്‍ പുറത്തിറക്കി ഹിന്ദുക്കളെ ഭക്തിസാഗരത്തില്‍ ആറാടിക്കാന്‍ ശ്രമിക്കുന്ന ഡി.സി. ബുക്‌സ് വന്‍തോതില്‍ ആദ്ധ്യാത്മിക സാഹിത്യഗ്രന്ഥങ്ങള്‍ വിറ്റഴിച്ച് അതിലൂടെ ലഭിക്കുന്ന ലാഭം ഹിന്ദുവിരുദ്ധ ആശയങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ഉപയോഗിക്കുകയാണ്. അനേകം പ്രസാധകരുടെ മികച്ച രാമായണങ്ങള്‍ എല്ലായിടത്തും ലഭ്യമായിരിക്കെ ഇത്തരം രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട, അരാജകവാദം പ്രോത്സാഹിപ്പിക്കുന്നവരുടെ  രാമായണം ഹിന്ദുഗൃഹങ്ങളുടെ പൂജാമുറിയെ അലങ്കരിക്കേണ്ടതുണ്ടോ എന്ന് ഓരോ ഹിന്ദുവും ചിന്തിക്കേണ്ടതാണ്.
കേരളത്തിലെ കലാലയങ്ങളെ കലാപകലുഷിതമാക്കുന്നതില്‍ എസ്.എഫ്.ഐ. നിര്‍ണ്ണായക പങ്കാണ് വഹിക്കുന്നത്. പാലക്കാട് വിക്‌ടോറിയ കോളേജിലെ പ്രിന്‍സിപ്പല്‍ പ്രൊഫ. സരസയ്ക്ക് ശവകുടീരം തീര്‍ത്ത് യാത്രയയപ്പ് നല്‍കിയ അവര്‍  എറണാകുളം മഹാരാജാസില്‍ സ്വന്തം ദുര്‍നടപ്പു ചെയ്തികള്‍ ക്കെതിരെ നടപടിയെടുത്തതിന് പ്രിന്‍സിപ്പല്‍ പ്രൊഫ. ബീനയുടെ കസേര കത്തിക്കുകയും അവരെ ഭീഷണിപ്പെടുത്തുകയുമുണ്ടായി. എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ അധീനതയിലുള്ള ഹോസ്റ്റല്‍ മുറിയില്‍ നിന്ന് മാരകായുധങ്ങള്‍ പിടിക്കപ്പെട്ടപ്പോള്‍ അത് കെട്ടിടം പണിക്കുള്ള ആയുധങ്ങളാണെന്ന് നിയമസഭയില്‍ പറഞ്ഞുകൊണ്ട് മുഖ്യമന്ത്രി കുറ്റവാളികളെ രക്ഷിക്കുകയായിരുന്നു. പ്രിന്‍സിപ്പലിന് തുടര്‍നടപടികള്‍ എടുക്കാന്‍ കഴിയാത്ത സാഹചര്യമാണ് ഈ പ്രസ്താവനയിലൂടെ ഉണ്ടായത്. സ്ത്രീ സമത്വത്തിന്റെയും മറ്റും പേരില്‍ വലിയ പ്രസ്താവന നടത്തുന്നവരാണ് ഇടത് നേതാക്കള്‍. പക്ഷെ സ്വന്തം പരിശ്രമം മൂലം കോളേജ് പ്രിന്‍സിപ്പലിന്റെയും മറ്റും ഉയര്‍ന്ന ചുമതലകളില്‍ എത്തുന്ന സ്ത്രീകളെ ഭീഷണിപ്പെടുത്തി കാര്യം നേടാന്‍ ശ്രമിക്കുകയാണ് എസ്.എഫ്.ഐ. കാമ്പസുകളെ ബീഫ് ഫെസ്റ്റിവലുകള്‍ നടത്താനുള്ള ഇടങ്ങളാക്കി മാറ്റിയതും ഇക്കൂട്ടര്‍ തന്നെയാണ്. മുസ്ലീങ്ങളെ കൂടുതലായി സംഘടനയിലേക്ക് ആകര്‍ഷിക്കാനും അവരുടെ വോട്ടുകള്‍ നേടാനുമാണ് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നതെങ്കിലും ഇവയില്‍ പങ്കെടുക്കുന്ന മുസ്ലിം വിദ്യാര്‍ത്ഥികളുടെ എണ്ണം തീരെ കുറവാണെന്ന് മുസ്ലീം സംഘടനകള്‍ തന്നെ വിലയിരുത്തിയിട്ടുണ്ട്. കാമ്പസുകളിലെ ആരോഗ്യകരമായ അന്തരീക്ഷം തകര്‍ക്കാനേ അവരുടെ ഇത്തരം ദുര്‍നടപടികള്‍ സഹായിക്കുകയുള്ളൂ.
തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന പത്താമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഹ്രസ്വചിത്ര മേളയില്‍ ദേശവിരുദ്ധ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിനു പിന്നിലും എസ്.എഫ്.ഐ. അടക്കമുള്ള ഇടത് സംഘടനകളാണ്. ദേശവിരുദ്ധ കാഴ്ചപ്പാടോടുകൂടിയ മൂന്ന് ഡോക്യുമെന്ററികള്‍ക്ക് ഇത്തവണ സെന്‍സര്‍ ബോര്‍ഡ് അനുമതി നല്‍കാത്തതിനാല്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും മറ്റ് ഇടതുപക്ഷക്കാരും കേന്ദ്രസര്‍ക്കാരിനെതിരെ ദുഷ്പ്രചരണം നടത്തി വരികയാണ്. രോഹിത് വെമുലയെക്കുറിച്ച് പി.എന്‍. രാമചന്ദ്ര സംവിധാനം ചെയ്ത ദി അണ്‍ ബെയ്‌റബിള്‍ ബീയിങ് ഓഫ് ലൈറ്റ്‌നസ്, ജെ.എന്‍. യു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ ആധാരമാക്കി മലയാളി കാത്തു ലൂക്കോസ് സംവിധാനം ചെയ്ത മാര്‍ച്ച്, മാര്‍ച്ച്, മാര്‍ച്ച്, കാശ്മീരിനെക്കുറിച്ച് ഫാസില്‍ - ഷാന്‍ സെബാസ്റ്റ്യാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ഇന്‍ ദി ഷെയ്ഡ്‌സ് ഓഫ് ഫാളന്‍ ചിനാര്‍ എന്നീ ഡോക്യൂമെന്ററികള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഇതിനെതിരെ സംസ്ഥാന ചലച്ചിത്ര അക്കാദമി നല്‍കിയ ഹരജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ദേശവിരുദ്ധനിലപാട് സ്വീകരിക്കുന്നത് എന്ന പേരില്‍ പ്രദര്‍ശാനനുമതി നിഷേധിച്ച ഡോക്യുമെന്ററി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇടത് സംഘടനകളുടെ ദേശവിരുദ്ധമുഖമാണ് ഇത്തരം പ്രവൃത്തികളിലൂടെ അനാവൃതമാകുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments