Kesari WeeklyKesari

ലേഖനം

കാലാപാനിയെ വീണ്ടും ഓര്‍ക്കുമ്പോള്‍--വി.വേണുഗോപാലന്‍

on 23 June 2017
Kesari Article

ന്തമാന്‍ നിക്കോബാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ഏതൊരു ഭാരതീയന്റെയും മനസ്സില്‍ ഓടിയെത്തുന്ന ചിത്രം സ്വാതന്ത്ര്യസമരത്തിലെ ഉജ്ജ്വലപോരാളി വീരസവര്‍ക്കറുടേതാണ്. അന്തമാനിലെ സെല്ലുലാര്‍ ജയിലില്‍ ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടിവന്നു സവര്‍ക്കര്‍ക്ക്. ക്രൂരതയുടെ പര്യായമായ ഈ സെല്ലുലാര്‍ ജയില്‍ കാലാപാനി എന്ന് അറിയപ്പെടുന്നു. 
ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഏറ്റവും ബീഭത്സവും ക്രൂരവുമായ ചിത്രമാണ് സെല്ലുലാര്‍ ജയിലിന്റേത്. ബ്രിട്ടീഷ്‌കോളനിവാഴ്ചക്കെതിരെ പോരാടുന്ന ദേശാഭിമാനികളെ ക്രൂരപീഡനങ്ങള്‍ക്കിരയാക്കുന്നിടമായിരുന്നു ഇവിടം. 1896ല്‍ നിര്‍മ്മാണമാരംഭിച്ച സെല്ലുലാര്‍ ജയിലിന്റെ പണിപൂര്‍ത്തിയായത് 1906ലായിരുന്നു. തടവുകാരെക്കൊണ്ടാണ് ഇതിന്റെ പണി ചെയ്യിച്ചത്. 693 മുറികളുള്ള ജയിലില്‍  നിര്‍മ്മാണത്തിന് ഉപയോഗിച്ചത് ബര്‍മ്മയില്‍ നിന്നും കൊണ്ടുവന്ന ഇഷ്ടിക പാളികളാണ്. വളരെ പരിമിതമായ വിസ്തീര്‍ണ്ണം മാത്രമുള്ള മുറികളിലെ തടവുകാര്‍ക്ക് പരസ്പരം ബന്ധപ്പെടാനാകില്ല. അതുകൊണ്ടാണ ഇവയെ സെല്ലുലാര്‍ ജയില്‍ എന്ന് വിളിച്ചതും. 
4.5 ഃ 2.7 മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ മുറികള്‍ക്ക് മൂന്ന് മീറ്റര്‍ ഉയരത്തില്‍ ഒരു ചെറിയ വായുസഞ്ചാരസുഷിരം മാത്രമാണുള്ളത്. ജയില്‍പ്പുള്ളികളുടെ മാനസികനില തകര്‍ക്കുക ലക്ഷ്യം വെച്ചാണിത്. സ്വാതന്ത്ര്യസമരം ശക്തയപ്പോള്‍, ഒറ്റപ്പെട്ടുനില്‍ക്കുന്ന ഒരു ജയില്‍ സംവിധാനത്തിന്റെ ആവശ്യകത ബ്രിട്ടീഷുകാരില്‍ ഉയര്‍ന്നുവന്നു. അങ്ങിനെയാണ് 1863ല്‍, റവ.ഹെന്‍ട്രി ഫിഷര്‍ കോര്‍ബെന്റെ ഭാവനയില്‍ ആന്‍ഡമാനീസ് ഹൗസ് രൂപംകൊണ്ടത്.
1868ല്‍ കറാച്ചിയില്‍ നിന്നുള്ള തടവുകാരെ ഈ ജയിലിലേക്ക്മാറ്റി. പിന്നീട് ബര്‍മ്മ, ഭാരതം എന്നീ രാജ്യങ്ങളില്‍ നിന്നും തടവുകാര്‍ വന്നുതുടങ്ങി. മുഗള്‍രാജവംശകാലത്ത് ശിക്ഷിക്കപ്പെട്ട തടവുകാരെയും ഈ ജയിലിലേക്കയച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു. ക്രൂരതയിലൂടെ വളര്‍ന്ന് കുറഞ്ഞകാലംകൊണ്ട് ആന്‍ഡമാനീസ്ഹൗസ് ജയില്‍പുള്ളികളുടെ ആസ്ഥാനമായി. കാലക്രമത്തില്‍ ആന്‍ഡമാനീസ് ഹൗസ് സെല്ലൂലാര്‍ ജയിലാക്കി പണിതുയര്‍ത്തി. ഇവിടേക്ക് പോയാല്‍ തിരിച്ചുവരില്ല എന്ന മാനസികാവസ്ഥയിലേക്ക് തടവുകാര്‍ എത്തപ്പെട്ടു.
1933ല്‍ ജയിലില്‍ ഒരു പട്ടിണിസമരം നടന്നു. 1985ല്‍ പ്രമോദ് കെ. ശ്രീവാസ്തവ എന്ന ലക്‌നോ സര്‍വ്വകലാശാലയിലെ പ്രൊഫസര്‍ ഒരു കൂട്ടം മുന്‍ തടവുകാരുമായുള്ള അഭിമുഖസംഭാഷണത്തില്‍ നിന്നും കാലാപാനിയുടെ കൊടുംക്രൂര മുഖച്ഛായയില്‍ പലതും വീണ്ടും വെളിച്ചത്ത് കൊണ്ടുവരികയുണ്ടായി. അദ്ദേഹം എഴുതുന്നു: ''നാം ഇന്ന് വിളിക്കുന്ന ഓരോ മുദ്രാവാക്യങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കുമെല്ലാം, വളക്കൂറേകിയത് ആന്‍ഡമാനിലെ സ്വാതന്ത്ര്യപോരാളികള്‍ ഏറ്റുവാങ്ങിയ ക്രൂരതകളാണ്. മുക്കാലിയില്‍കെട്ടി നിര്‍ത്തി, ചാട്ടവാര്‍ അടികൊണ്ട്, വൃണപ്പെട്ട കുറേ മനുഷ്യശരീരങ്ങളില്‍ നിന്നൊഴുകിയ രക്തത്താല്‍ നിര്‍മ്മിതമാണ് നമ്മുടെ സ്വാതന്ത്ര്യമെന്ന് ജീവിതത്തില്‍ ഒരിക്കല്‍പോലും പലരും ഓര്‍ത്തുകാണില്ല.''
ഇരുമ്പുചങ്ങലകളാലും, വളയങ്ങളാലും ബന്ധിതമായ ശരീരങ്ങള്‍, ഇരിക്കാന്‍ കഴിയില്ല, കാരണം, 160-180 സെ.മീ. ഉയരത്തില്‍ കൈകള്‍ ജയില്‍ ഭിത്തിയില്‍ ബന്ധിച്ചിരിക്കും. കാലില്‍ ചങ്ങലയും, വളയവും, നടക്കാനനുവദിച്ചില്ല. കഴുത്തിലും, കാലിലും, കയ്യിലും അരയിലും ബന്ധനങ്ങള്‍, അനങ്ങാന്‍പോലും അനുവദിച്ചില്ല.
1942ല്‍ ജപ്പാന്‍ തങ്ങളുടെ അധീനതയിലാക്കിയപ്പോള്‍ സെല്ലുലാര്‍ ജയിലിന്റെ വലിയൊരു ഭാഗം പൊളിച്ചുകളഞ്ഞു. സുഭാഷ് ചന്ദ്രബോസ് ആന്‍ഡമാന്‍ ജയില്‍ സന്ദര്‍ശിച്ചത് ഈ കാലഘട്ടത്തിലാണ്.
സ്വാതന്ത്ര്യത്തിനു ശേഷം ഭാരതം ഇവിടുത്തെ ജയിലിന്റെ മൂന്നുഭാഗം പൊളിച്ചുമാറ്റി. ഇപ്പോള്‍ സെല്ലുലാര്‍ ജയിലില്‍ രണ്ടു ഭാഗവും നിയന്ത്രണ ഗോപുരവും മാത്രം സ്മാരകമായി അവശേഷിക്കുകയാണ്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments