Kesari WeeklyKesari

ലേഖനം**

ഹൂണന്മാര്‍ തകര്‍ത്തെറിഞ്ഞ തക്ഷശില--വേലായുധന്‍ പണിക്കശ്ശേരി

on 21 April 2017

പ്രാചീനഭാരതത്തിലെ അറിയപ്പെടുന്ന ആദ്യത്തെ സര്‍വ്വകലാശാലയാണ് തക്ഷശില. ഈ സര്‍വ്വകലാശാലയുടെ ആരംഭം എന്നാണെന്ന് കൃത്യമായി അറിയാന്‍ സഹായിക്കുന്ന രേഖകളൊന്നുമില്ല. എന്നാല്‍ അഞ്ചാം നൂറ്റാണ്ടുവരെ രാജ്യാന്തര പ്രശസ്തിയുള്ള ഒരു വലിയ വിദ്യാപീഠമായി അത് നിലനിന്നിരുന്നുവെന്നതിന് തെളിവുകളുണ്ട്.
ഇന്ന് ഷാധേരിയെന്നറിയപ്പെടുന്ന ഭീര്‍കുന്നിലായിരുന്നു തക്ഷശില സര്‍വ്വകലാശാലയുടെ സ്ഥാനം. പാകിസ്ഥാനിലെ റാവല്‍ പിണ്ടിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ വടക്കുപടിഞ്ഞാറാണ് ഭീര്‍ക്കുന്ന്.
ഈ സര്‍വ്വകലാശാലയില്‍ നാല് വേദങ്ങള്‍, ആയുര്‍വ്വേദം, ധനുര്‍വ്വേദം, ഗന്ധര്‍വ്വവേദം(സംഗീതശാസ്ത്രം), ചിത്രകല, പ്രതിമ നിര്‍മ്മാണം, ഗൃഹശില്പം, സാഹിത്യം, വ്യാകരണം, തര്‍ക്കം എന്നിവയ്ക്ക് പുറമെ പക്ഷിമൃഗാദികളുടെ ഭാഷ മനസ്സിലാക്കുന്ന ശാസ്ത്രവും കൂടി പഠിപ്പിച്ചിരുന്നു. ഈ വിഷയങ്ങളില്‍ ഉപരിപഠനത്തിനായി നാനാരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇവിടെയെത്തിയിരുന്നു. പ്രത്യേക വിഷയങ്ങള്‍ക്ക് പ്രത്യേക കലാശാലകളുണ്ടായിരുന്നു. അവ പഠിപ്പിക്കാന്‍ അതാത് വിഷയങ്ങളില്‍ അഗാധപാണ്ഡിത്യമുള്ള ആചാര്യന്മാരും.
ഭാരതത്തിലേയും അയല്‍രാജ്യങ്ങളിലെയും രാജാക്കന്മാര്‍ ധനുര്‍വിദ്യയില്‍(അസ്ത്രവിദ്യ) അസാമാന്യപാടവം നേടാന്‍ തക്ഷശിലയിലാണ് എത്തിയിരുന്നത്. ഇവിടത്തെ സംഗീതാദ്ധ്യാപകരുടെ ആലാപനത്തില്‍ ക്രൂരസര്‍പ്പങ്ങളും വന്യമൃഗങ്ങള്‍പോലും മയങ്ങിയിപ്പോയിരുന്നുവത്രെ!
അനേകം പ്രശസ്തര്‍ ഇവിടെ പഠിച്ചിട്ടുണ്ട്. പ്രശസ്ത സംസ്‌കൃതവൈയാകരണനായ പാണിനിയും മൗര്യസാമ്രാജ്യത്തിന്റെ സ്ഥാപകനായ ചന്ദ്രഗുപ്തനും അദ്ദേഹത്തിന്റെ സന്തതസഹചാരിയും ഗുരുവുമായിരുന്ന ചാണക്യനും മഗധാധിപനായ ബിംബിസാരന്റെ കൊട്ടാരം വൈദ്യനായിരുന്ന ജീവകനും തക്ഷശില സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളായിരുന്നു. ആത്രേയ മഹര്‍ഷിയെപ്പോലുള്ള പണ്ഡിതശ്രേഷ്ഠരായിരുന്നു ഇവിടുത്തെ ആചാര്യന്മാര്‍.
മാറാരോഗങ്ങളെന്ന് വിധിച്ച് മാറ്റിനിര്‍ത്തിയിരുന്ന എല്ലാ രോഗങ്ങളും തക്ഷശിലയില്‍ ചികിത്സിച്ച് സുഖപ്പെടുത്തിയിരുന്നു. അശ്വഘോഷന്റെ സൂത്രാലങ്കാരമെന്ന ഗ്രന്ഥത്തില്‍ അങ്ങനെയൊരു സംഭവം വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്. ഒരിക്കല്‍ ചൈനയിലെ ഒരു രാജകുമാരന് അസാധാരാണമായ നേത്രരോഗം പിടിപെട്ടു. അന്നാട്ടിലെ ചികിത്‌സകൊണ്ടൊന്നും ഫലം  ലഭിക്കാതെ വന്നപ്പോള്‍ രാജകുമാരനെ തക്ഷശിലയിലേക്ക് കൊണ്ടുവന്നു. അവിടെ ഏതാനും ആഴ്ചകള്‍ ചികിത്സിച്ചപ്പോള്‍ രാജകുമാരന്റെ അസുഖം പൂര്‍ണ്ണമായി മാറി. രാജകുമാരന്‍ ഉടനെ തിരിച്ചുപോയില്ല. വൈദ്യവിദ്യാര്‍ത്ഥിയായി അവിടെ താമസിച്ചു.
തക്ഷശിലയും പരിസരവും അനേകതരത്തിലുള്ള ഔഷധച്ചെടികളെക്കൊണ്ട് നിറഞ്ഞിരുന്നു. അവിടെയുള്ള മുഴുവന്‍ സസ്യങ്ങളുടെയും ഔഷധവീര്യം പരീക്ഷിച്ചറിഞ്ഞതുമായിരുന്നു. ഔഷധഗുണമില്ലാത്ത ഒരു പുല്‍ച്ചെടിപോലും അവിടെയുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് മഹാവര്‍ഗ്ഗമെന്ന ബൗദ്ധഗ്രന്ഥത്തിലുള്ള കഥ ഇങ്ങനെയാണ്. ജീവകന്‍ തക്ഷശിലയില്‍ പഠിച്ചുകൊണ്ടിരുന്നകാലത്ത് അദ്ദേഹത്തോട് ആ വിദ്യാപീഠത്തിന്റെ ഒരു യോജന(ഏകദേശം 13 കി.മീറ്റര്‍) ചുറ്റുപാടുള്ള പ്രദേശങ്ങളില്‍ നിന്ന് ഔഷധഗുണമില്ലാത്ത ഏതെങ്കിലും ചെടിയോ പുല്ലോ പറിച്ചുകൊണ്ടുവരുവാന്‍  ഗുരുനാഥന്‍ ആവശ്യപ്പെട്ടു. ജീവകന്‍ ഏതാനും നാള്‍ ആ പ്രദേശമെല്ലാം അരിച്ചുപെറുക്കി നോക്കി. എന്നാല്‍ ഔഷധത്തിന് പറ്റാത്ത ഒരൊറ്റ ചെടിയും പുല്ലും ലഭിച്ചില്ലത്രെ!
വിദ്യാര്‍ത്ഥികള്‍
അയല്‍രാജ്യങ്ങളില്‍ നിന്ന് ധാരാളം വിദ്യാര്‍ത്ഥികള്‍ ഇവിടെ ഉപരിപഠനത്തിനായി എത്തിയിരുന്നുവെന്ന് പറഞ്ഞല്ലോ. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മാത്രമേ ഇവിടെ പ്രവേശനം നല്‍കിയിരുന്നുള്ളു. തക്ഷശിലയില്‍ പഠിക്കാനുള്ള ചുരുങ്ങിയ പ്രായപരിധി പതിനാറ് വയസ്സായിരുന്നു.
രണ്ടുതരത്തിലുള്ള വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഒന്ന്, ഗുരുദക്ഷിണ കൂടാതെ ഗുരുശുശ്രൂഷ ചെയ്ത് താമസിച്ച് പഠിക്കുന്ന ധര്‍മ്മന്തേവാസി. മറ്റേത് ഗുരുദക്ഷിണ കൊടുത്ത് പഠിക്കുന്ന ആചാര്യഭാഗദായകര്‍. ഇവര്‍ തമ്മില്‍ പഠനകാര്യത്തില്‍ യാതൊരു വിവേചനവും ഉണ്ടായിരുന്നില്ല. എല്ലാ വിദ്യാര്‍ത്ഥികളേയും ഗുരുനാഥന്മാര്‍ മക്കളെപ്പോലെയാണ് കരുതിയിരുന്നത്. വിഷയങ്ങള്‍ പഠിപ്പിക്കുന്നതിന് സമയപരിധിയില്ലായിരുന്നു. വിഷയത്തിന്റെ സ്വാഭാവമനുസരിച്ചും വിദ്യാര്‍ത്ഥിയുടെ ഗ്രഹണശക്തിയെ ആശ്രയിച്ചും  കാലപരിധിയില്‍ ഏറ്റക്കുറച്ചില്‍ വന്നിരുന്നു.
ബ്രഹ്മദത്തനെന്ന കാശിരാജാവ് പതിനാറ് വയസ്സ് തികഞ്ഞ മകനെ തക്ഷശില വിദ്യാപീഠത്തില്‍ ഉപരിപഠനത്തിന് അയക്കുന്ന സംഭവം നിലമുടിയെന്ന ജാതകകഥയില്‍ വിവരിച്ചിട്ടുണ്ട്. രാജാവ് പുത്രനെ അരികില്‍ വിളിച്ച് രണ്ട് പാദരക്ഷകളും ഒരു കുടയും ഗുരുദക്ഷിണ കൊടുക്കുവാനായി ആയിരം മുദ്രയും (സ്വര്‍ണ്ണനാണയം) സമ്മാനിച്ച് അനുഗ്രഹിച്ച് തക്ഷശിലയിലേക്കയച്ചു. രാജകുമാന്‍ വിദ്യാകേന്ദ്രത്തിലെത്തുമ്പോള്‍ ഗുരുനാഥന്‍ വിദ്യാലയമുറ്റത്തുള്ള പൂന്തോട്ടത്തില്‍ വിശ്രമിക്കുകയായിരുന്നു. ഗുരുവിനെ കണ്ട നിമിഷം രാജകുമാരന്‍ പാദരക്ഷകള്‍ അഴിച്ച് കുടചുരുക്കി, കൈകള്‍ കൂപ്പിനിന്നു. ഗുരു വാത്സല്യപൂര്‍വ്വം കുട്ടിയെ സ്വാഗതം ചെയ്ത് വിശ്രമിക്കാനയച്ചു.
ഭക്ഷണവും വിശ്രമവും കഴിഞ്ഞ് കുമാരന്‍ ഗുരുവിന്റെ അടുത്തെത്തി കൈകൂപ്പി നിന്നു. ആരാണെന്നും എവിടെനിന്നാണ് വരുന്നതെന്നും ആഗമനോദ്ദേശ്യം എന്താണെന്നും ഗുരു അന്വേഷിച്ചു. കാശിരാജാവിന്റെ പുത്രനാണെന്നും വിദ്യയഭ്യസിക്കുകയാണ് ലക്ഷ്യമെന്നും കുമാരന്‍ അറിയിച്ചു. ഇതുവരെ ആരുടെ കീഴില്‍ എന്തെല്ലാം പഠിച്ചുവെന്ന് ചോദിച്ചു മനസ്സിലാക്കിയതിനുശേഷം, ഗുരു അന്വേഷിച്ചു: ''ദക്ഷിണയും കൊണ്ടാണോ വന്നിട്ടുള്ളത്. അതോ ഗുരുശുശ്രൂഷ ചെയ്ത് വസിക്കാനാണോ ഇഷ്ടം.'' അപ്പോള്‍ ഗുരുദക്ഷിണയായി കൊണ്ടുവന്നിരുന്ന സ്വര്‍ണ്ണനാണ്യങ്ങളുടെ കിഴി ഗുരുവിന് സമര്‍പ്പിച്ചു; ശിഷ്യത്വം സ്വീകരിച്ചു.
തക്ഷശിലയെക്കുറിച്ചുള്ള ഇത്തരം കഥകള്‍ പ്രാചീന ബുദ്ധമതകൃതികളില്‍ ധാരാളമുണ്ട്. മഹാഭാരതത്തില്‍  തക്ഷശിലയെക്കുറിച്ച് പ്രസ്താവമുണ്ട്. മഹാഭാരതകഥ വൈശമ്പായന മഹര്‍ഷി ജനമേജയനെ പറഞ്ഞു കേള്‍പ്പിക്കുന്നത് ഇവിടെവച്ചാണ്.
തക്ഷശിലയെന്ന 
വാണിജ്യകേന്ദ്രം   
തക്ഷശില വിശ്വപ്രസിദ്ധമായ വാണിജ്യകേന്ദ്രം കൂടിയായിരുന്നു. പുരാതനഭാരതത്തെ മധ്യേഷ്യയോടും പശ്ചിമേഷ്യയോടും ബന്ധിപ്പിച്ചിരുന്ന ചരിത്രപ്രധാനമായ വ്യാപാരമാര്‍ഗ്ഗം തക്ഷശില വഴിയാണ് പോയിരുന്നത് ധനസമ്പത്തിലും ഈ സ്ഥലം പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. തക്ഷശിലയും, മിഥിലയിലെ പാണ്ഡുകയും, കലിംഗദേശത്തെ പിംഗലയും, കാശിയിലെ ശാങ്കയും ആയിരുന്നത്രെ പ്രാചീന ഭാരതത്തിലെ നാല് സമ്പന്ന നഗരങ്ങള്‍.
തക്ഷശില സര്‍വ്വകലാശാലയുടെ മുഴുവന്‍ ചെലവുകളും രാജഭണ്ഡാരത്തില്‍ നിന്നാണ് ചെലവഴിച്ചിരുന്നത്. അശോകചക്രവര്‍ത്തിയുടെ ഭരണകാലത്ത് തക്ഷശിലയിലെ രാജഭണ്ഡാരത്തില്‍ 36കോടി സ്വര്‍ണ്ണനാണ്യങ്ങള്‍ ഉണ്ടായിരുന്നുവത്രെ!
കാബൂള്‍ താഴ്‌വരയില്‍കൂടി സിന്ധുനദി കടന്നുവരുന്നവര്‍ക്ക് ആദ്യമായി ദൃശ്യമാകുന്ന വലിയ ഭാരതീയ നഗരം തക്ഷശിലയായിരുന്നു. വിശ്വവിജയിയായ അലക്‌സാണ്ടര്‍(ബി.സി.നാലാം നൂറ്റാണ്ട്) ഭാരത ആക്രമണത്തിന് തുടക്കം കുറിച്ചത് തക്ഷശിലയിലാണ്. മുപ്പത്തിനാലായിരം സായുധഭടന്മാരുമായിട്ടായിരുന്നു അലക്‌സാണ്ടറുടെ വരവ്. അക്കാലംവരെ യാതൊരു വിദേശശക്തിക്കുമുന്നിലും  തലകുനിച്ചിട്ടിലാത്ത തക്ഷശിലയിലെ ഓംഫിസ് രാജാവ് ഈ അവസരത്തില്‍ തന്ത്രപരമായ നിലപാടാണ് എടുത്തത്. അലക്‌സാണ്ടറുടെ സുസജ്ജമായ സൈന്യത്തോട് എതിരിട്ടാല്‍ തന്റെ നാടും വിഖ്യാതമായ വിദ്യാപീഠവും നശിക്കുമെന്ന് രാജാവ് മനസ്സിലാക്കി. 30 ആനകള്‍ക്ക് ചുമക്കാന്‍ കഴിയുന്നത്ര കാഴ്ചദ്രവ്യങ്ങളും 200 വെള്ളിക്കട്ടയും 700 കുതിരകളെയും 3000 കാളകളെയും 10000 ആടുകളെയും കാഴ്ചവച്ച് അലക്‌സാണ്ടറുടെ മേല്‍ക്കോയ്മ അംഗീകരിച്ചു. അതിനാല്‍ ആ വിദേശചക്രവര്‍ത്തി തക്ഷശിലയിലെ വിശ്വവിദ്യാലയത്തിനോ നഗരത്തിനോ യാതൊരു നാശവും വരുത്തിയില്ല. അലക്‌സാണ്ടറെ അനുഗമിച്ച് തക്ഷശില സന്ദര്‍ശിച്ച ഓനെസിക്കട്ടോസ് എന്ന ഗ്രീക്കുകാരന്‍ അന്നവിടെ കണ്ട കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അലക്‌സാണ്ടര്‍ തിരിച്ചുപോയതിന് ശേഷം തക്ഷശില പഴയതുപോലെ സ്വതന്ത്രരാജ്യമായി തുടര്‍ന്നു.
തക്ഷശിലയുടെ ഉയര്‍ച്ചയും താഴ്ച്ചയും
മൗര്യസാമ്രാജ്യം സ്ഥാപിതമായപ്പോള്‍ തക്ഷശില അതിന്റെ ഭാഗമായി. ബിന്ദുസാര മഹാരാജാവിന്റെ കാലത്ത്, തക്ഷശിലയില്‍ ഒരു കലാപമുണ്ടായപ്പോള്‍ അത് ഒതുക്കുവാനായി തന്റെ പുത്രനായ അശോകനെ നിയോഗിച്ചു. അതിനുശേഷം കുറെക്കാലം അശോകന്‍ തക്ഷശിലയിലെ ഉപരാജാവായിരുന്നു.
മൗര്യന്മാരുടെ കാലത്ത് തക്ഷശിലയില്‍ ബുദ്ധമതത്തിന് പ്രചാരം വര്‍ദ്ധിച്ചു. അനേകം ബൗദ്ധസ്ഥാപനങ്ങള്‍ അവിടെ ഉയര്‍ന്നുവന്നു. അശോകചക്രവര്‍ത്തിയുടെ സ്വന്തം ചെലവില്‍ ആയിരക്കണക്കിന് ബുദ്ധഭിക്ഷുക്കള്‍ തക്ഷശിലയില്‍ താമസിച്ചിരുന്നു. തക്ഷശില വിദ്യാപീഠത്തില്‍ ധാരാളം കെട്ടിടങ്ങളും സ്തൂപങ്ങളും അദ്ദേഹം സ്ഥാപിച്ചു. ക്രമേണ ബൗദ്ധദര്‍ശനങ്ങളുടേയും കൂടി പഠനത്തിനുള്ള പ്രധാനകേന്ദ്രമായി തക്ഷശില ഉയര്‍ന്നു.
മൗര്യസാമ്രാജ്യം ശിഥിലമായതിന് ശേഷം കുറെക്കാലം ഹര്‍ഷന്റെ സാമ്രാജ്യത്തില്‍ ഉള്‍പ്പെട്ടിരുന്ന തക്ഷശില ദുര്‍ലഭവര്‍ദ്ധനന്‍ എന്ന രാജാവിന്റെ കാലത്ത് കാശ്മീരിന്റെ ഭാഗമായി. എന്നാല്‍ അതിന്റെ പ്രശസ്തിക്ക് ഒട്ടും കോട്ടം തട്ടിയിരുന്നില്ല.
ഹൂണന്മാരുടെ വരവും 
തക്ഷശിലയുടെ തകര്‍ച്ചയും
കലാബോധമോ സംസ്‌കാരമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത സഞ്ചാരി വര്‍ഗ്ഗമായിരുന്നു ഹൂണന്മാര്‍. ക്രൂരരും അപരിഷ്‌കൃതരുമായിരുന്ന ഈ വര്‍ഗ്ഗം സൈനികനേതാക്കളുടെ കീഴില്‍ സംഘടിച്ച് അക്രമിക്കാത്ത സാമ്രാജ്യമോ നാശമേല്പിക്കാത്ത സംസ്‌കാരമോ യൂറോപ്പിലും ഏഷ്യയിലും ചുരുക്കമായിരുന്നു.
ഗുപ്തവംശത്തിന്റെ ഭരണകാലത്താണ് ഹൂണവര്‍ഗ്ഗക്കാരുടെ അന്നത്തെ നേതാവായിരുന്ന തോരമാനന്‍ ഗാന്ധാരം(ഇപ്പോഴത്തെ പെഷവാര്‍) ആക്രമിച്ച് കീഴടക്കി മുന്നേറിയത്. പഞ്ചാബും മാള്‍വയില്‍ ഏറാന്‍ വരെയുള്ള സ്ഥലങ്ങളും ഏ.ഡി 495ല്‍ കീഴടക്കി. ഹൂണ നേതാവായ തോരമാനന്റെ മകനും പിന്‍ഗാമിയുമായ മിഹിരകുലന്‍, ചരിത്രം നാളിതു വരെ കണ്ടിട്ടുള്ള മര്‍ദ്ദകരില്‍ വെച്ച് ഏറ്റവും നിഷ്ഠൂരനായിരുന്നു. ഈ ഹൂണനേതാവാണ് വിശ്വപ്രസിദ്ധമായ തക്ഷശില സര്‍വ്വകലാശാല ഒരു പ്രകോപനവും ഇല്ലാതെ തച്ചുടച്ച് തരിപ്പണമാക്കിയത്. ഒരു മനുഷ്യാധമന്റെ ക്രൂരവിനോദമെന്നല്ലാതെ എന്ത് പറയാനാണ്? ലോകത്തിലെ അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായ ആ ഉന്നതവിദ്യാകേന്ദ്രം പടുത്തുയര്‍ത്താന്‍ എത്രയെത്ര മഹാത്മാക്കളുടെ ബുദ്ധിയും പ്രയത്‌നവുമാണ് ഉള്ളതെന്ന് ഊഹിക്കാന്‍ കഴിയുമോ? അതാണ് സംസ്‌കാരശൂന്യനായ ഹൂണനേതാവും അനുയായികളും നാമാവശേഷമാക്കിയത്. എല്ലാം ദു:ഖസ്മരണയായി. ആറാം നൂറ്റാണ്ടിന്റെ മദ്ധ്യമായപ്പോഴേക്കും മിഹിരകുലന്റെ ഭരണം തകരുകയും അതോടെ ശക്തനായ നേതാവില്ലാതെ മനുഷ്യകുലത്തിന് ശാപമായിരുന്ന ഹൂണസാമ്രാജ്യം നിശ്ശേഷം നശിക്കുകയും ചെയ്തു.
പിന്നീട് വന്ന ഭരണാധികാരികള്‍ക്ക് വിദ്യാപീഠം പുനരുദ്ധരിക്കാന്‍ കഴിഞ്ഞില്ല. എ.ഡി ഏഴാം നൂറ്റാണ്ടില്‍ തക്ഷശിലയിലെ ബൗദ്ധപ്രാബല്യം ക്ഷയിച്ചതായി ഹുയാന്‍സാങ്ങിന്റെ കുറിപ്പുകളില്‍ നിന്ന് മനസ്സിലാക്കാം. തക്ഷശിലയിലെ ബൗദ്ധവിഹാരങ്ങള്‍ മിക്കവാറും നശിച്ചുകഴിഞ്ഞതായും അവിടുത്തെ ജനങ്ങള്‍ ബുദ്ധമതം ഉപേക്ഷിച്ചതായും ഹുയാന്‍സാങ്ങ് രേഖപ്പെടുത്തിയിരിക്കുന്നു. ഭാരതത്തില്‍ മാത്രമല്ല, വിദേശങ്ങളിലും പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്ന തക്ഷശില വിദ്യാപീഠത്തിന്റെ ശ്മശാനം പോലുള്ള കിടപ്പ് കണ്ട് ഹുയാന്‍സാങ്ങ് നിരാശയോടെ തന്റെ സഞ്ചാരക്കുറിപ്പില്‍ ഇങ്ങനെ എഴുതി: ''ഇതിന്റെ പ്രാചീനമഹിമയെ അനുസ്മരിക്കുന്ന ഒന്നും തന്നെ ഇവിടെ കാണുന്നില്ല. ഇന്ന് ഇത് കാശ്മീരിന്റെ അധീനതയില്‍ കിടക്കുന്ന വെറും പ്രദേശമാണ്.''
ഖനനത്തില്‍ കണ്ടെത്തിയത്.
പുരാവസ്തു ഗവേഷകര്‍ തക്ഷശിലയില്‍ നടത്തിയ ഖനനത്തിന്റെ ഫലമായി വിലപ്പെട്ട അനേകം അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മൂന്ന് നഗരങ്ങളുടെ അവശിഷ്ടങ്ങളും രണ്ട് ഡസന്‍ ബൗദ്ധസ്തൂപങ്ങളും ഒട്ടേറെ മന്ദിരാവശിഷ്ടങ്ങളും ഖനനത്തില്‍ ലഭിച്ചു. ഇക്കൂട്ടത്തില്‍ അശോകചക്രവര്‍ത്തി നിര്‍മ്മിച്ചതെന്ന് ഊഹിക്കുന്ന ധര്‍മ്മരാജികസ്തൂപവും പെടും. അശോകചക്രവര്‍ത്തിയുടെ ലിഖിതങ്ങളും സ്വര്‍ണ്ണത്തിലും വെള്ളിയിലും ഉള്ള അനേകം നാണയങ്ങളും ഇവിടെ നിന്ന് കണ്ടെടുത്തിയിട്ടുണ്ട്. അലക്‌സാണ്ടറുടെ രാജകീയമുദ്രയും യവനവാഴ്ചക്കാലത്തെ സ്വര്‍ണ്ണാഭരണങ്ങളും മറ്റ് അമൂല്യവസ്തുക്കളും ലഭിച്ചിട്ടുണ്ട്. കരിങ്കല്ല് മിനുസപ്പെടുത്തുന്ന കലാവിദ്യയും കുമ്മായം ഉപയോഗിച്ചുള്ള വിചിത്രവേലകളും അന്ന് എത്രകണ്ട് വളര്‍ച്ച പ്രാപിച്ചിരുന്നുവെന്ന് വിദ്യാപീഠത്തിന്റെ അവശിഷ്ടങ്ങള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. കെട്ടിടങ്ങളിലെ കൊത്തുവേലകളും പ്രതിമകളുടെ പൂര്‍ണ്ണതയും ഏവരേയും ആകര്‍ഷിക്കും. തക്ഷശിലയില്‍ നിന്ന് ഖനനം ചെയ്‌തെടുത്ത വസ്തുക്കള്‍ അവിടത്തെ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
തക്ഷശില ഇന്ന്
 തക്ഷശില ഇന്ന് വെറുമൊരു കുഗ്രാമമാണ്. നേരില്‍ കണ്ടാല്‍ സഹസ്രാബ്ദങ്ങളുടെ സംസ്‌കാരങ്ങളും സാമ്രാജ്യങ്ങളും വിശ്വവിദ്യാലയങ്ങളും വന്‍ നഗരങ്ങളും മണ്ണടിഞ്ഞുകിടക്കുന്ന ഭൂമിയാണ് ഇതെന്ന് വിശ്വസിക്കാന്‍ പോലും പ്രയാസമാണ്. അംബരചുംബികളായ വിദ്യാപീഠങ്ങള്‍ നിലനിന്നിരുന്നിടത്ത് നിരക്ഷരരായ പഠാന്‍ കര്‍ഷകരുടെ ചെറ്റക്കുടിലുകളാണ് ഇന്നുള്ളത്!

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

2 Comments

Avatar
Madhu
22 hours 28 minutes ago

വളരെ നന്നായിട്ടുണ്ട്-മധു ഇളയത്

Avatar
C.I.Issac
6 hours 19 minutes ago

Very good and informative article. Prof. C. I. Issac