Kesari WeeklyKesari

ലേഖനം,,,,

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓൃ് സയന്‍സ് ശാസ്ത്രഗവേഷണത്തിന്റെ ഊര്‍ജ്ജകേന്ദ്രം--ഡോ.സന്തോഷ് ഡി ഷേണാ

on 21 April 2017

ശാസ്ത്രഗവേഷണ രംഗത്തെ ചര്‍ച്ചകളില്‍ വളരെ അരോചകമായി തോന്നിയ ഒന്നാണ് കേവലം ശാസ്ത്രജ്ഞന്മാരെ കേന്ദ്രീകരിച്ചും അവരുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്രീകരിച്ചും ഉള്ള പഠനങ്ങളും ചര്‍ച്ചകളും. പലപ്പോഴും മികവിന്റെ പ്രഭവകേന്ദ്രങ്ങളായി ഭവിച്ചിട്ടുള്ള ശാസ്ത്രസാങ്കേതിക-ഗവേഷണ സ്ഥാപനങ്ങളെ നാം വിസ്മരിക്കുന്നു. ഭാരതത്തില്‍ മികച്ച ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്നായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിനെ കുറിച്ചാണ് ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്നത്.
1893ല്‍ സ്വാമി വിവേകാനന്ദനും ജാംഷെഡ്ജി ടാറ്റയും ജപ്പാനില്‍ നിന്നും ചിക്കാഗോയിലേക്ക് കപ്പലില്‍ ഒരുമിച്ച് യാത്ര ചെയ്യവേ ഭാരതത്തിലെ ശാസ്ത്രരംഗത്തെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യുകയുണ്ടായി. സ്വാമി വിവേകാനന്ദന്റെ പ്രബോധനങ്ങളും, ശാസ്ത്രഗവേഷണത്തില്‍ ഭാരതം സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഭിപ്രായങ്ങളും കേട്ട ടാറ്റ ആവേശഭരിതനാകുകയും ഭാരതത്തില്‍ ഒരു പ്രമുഖ സ്ഥാപനം ശാസ്ത്രരംഗത്തെ ഗവേഷണങ്ങളെ ഏകോപിപ്പിക്കാന്‍ അത്യാവശ്യമാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇതിന് രൂപരേഖ നല്‍കുവാന്‍ ടാറ്റ നിയോഗിച്ച കമ്മറ്റി ഒരു വിശദമായ റിപ്പോര്‍ട്ട് 1898 ഡിസംബര്‍ 31ന് അന്നത്തെ വൈസ്രോയി ആയിരുന്ന കഴ്‌സണ്‍ പ്രഭുവിന് സമര്‍പ്പിക്കുകയുണ്ടായി. തുടര്‍ന്ന് കഴ്‌സണ്‍ പ്രഭുവിന്റെ നിര്‍ദ്ദേശപ്രകാരം ഭാരതത്തില്‍ എത്തിയ പ്രമുഖ ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ സര്‍ വില്യം രാംബേയ് ബംഗളൂരു ആയിരിക്കും ഇതിന് അനുയോജ്യമായ പട്ടണം എന്ന് അഭിപ്രായപ്പെട്ടു.
ഈ ഉദ്യമത്തെക്കുറിച്ചറിഞ്ഞ മൈസൂരിലെ രാജാവ് ശ്രീകൃഷ്ണരാജ വോഡയാര്‍ ബംഗളൂരുവിലെ തന്റെ അധീനതയിലുള്ള 371 ഏക്കര്‍ പ്രദേശം വിട്ടുകൊടുക്കാന്‍ തയ്യാറായി. ഈ പ്രദേശത്ത് ടാറ്റയുടെ മേല്‍നോട്ടത്തില്‍ കെട്ടിടങ്ങള്‍ ഉയര്‍ന്നു. 1909 മെയ് 27ന് വൈസ്രോയി മിന്റോ പ്രഭു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഭരണഘടന അംഗീകരിക്കുകയും പ്രവര്‍ത്തനാനുമതി നല്‍കുകയുമുണ്ടായി. 'നോബിള്‍ വാതക'ത്തിന്റെ കണ്ടുപിടുത്തത്തില്‍ സര്‍ വില്യം രാസേയുടെ സഹപ്രവര്‍ത്തകനായിരുന്ന മോറിസ് ട്രാവേര്‍സ് ആയിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ പ്രഥമ ഡയറക്ടര്‍.
1911 ജൂലൈ 24ന് അപ്ലൈഡ് കെമിസ്ട്രി, ഇലക്‌ട്രോടെക്‌നോളജി വകുപ്പുകള്‍ സൃഷ്ടിക്കപ്പെടുകയും നോര്‍മല്‍ വുഡോള്‍ഫ്, ആള്‍ഫ്രഡ് ഹേ എന്നിവരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ഗവേഷണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. സര്‍ സി.വി. രാമന്‍ ആയിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ആദ്യത്തെ ഭാരതീയനായ ഡയറക്ടര്‍. 1933-37 കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഈ സ്ഥാപനം ശാസ്ത്രലോകത്തിന് മികവുറ്റ സംഭാവനകള്‍ നല്‍കി.
ബംഗളൂരു സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 5 കിലോമീറ്ററും ബംഗളൂരുവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 35 കിലോമീറ്ററും അകലത്തിലാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്. ഇന്ന് നാല്‍പ്പതിലധികം ഡിപ്പാര്‍ട്ടുമെന്റുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. ഭാരതത്തിലെ പ്രമുഖ ഗവേഷണസ്ഥാപനങ്ങളായ രാമന്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐ.എസ്.ആര്‍.ഒ, സെന്‍ട്രല്‍ പവര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, വുഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവ ഇന്ത്യന്‍  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ തണലില്‍ ഉയര്‍ന്ന് വന്ന സ്ഥാപനങ്ങളാണ്.
ഇന്ന് 400 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പൂര്‍ണ്ണമായും ഒരു റസിഡന്‍ഷ്യല്‍ ക്യാമ്പസ്സ് ആണ്. വിദ്യാര്‍ത്ഥികളും അധ്യാപകരും ക്യാമ്പസ്സിനകത്ത് തന്നെ താമസിച്ച് പഠിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. കാന്റീനുകള്‍, റസ്റ്റാറന്റുകള്‍, ഷോപ്പിങ്ങ് മാളുകള്‍, ഹോസ്റ്റലുകള്‍, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സുകള്‍, ജിംനേഷ്യം, ക്രിക്കറ്റ് - ഫുട്‌ബോള്‍ ഗ്രൗണ്ടുകള്‍, ലൈബ്രറികള്‍ ഒക്കെയായി ഈ ക്യാമ്പസ് ഇന്ന് ഒരു പ്രത്യേക പട്ടണമായി മാറിയിട്ടുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ ലേഖകന്‍ ആദ്യമായി സന്ദര്‍ശിച്ചത് 1999ല്‍ പി.എച്ച്.ഡിയുടെ ആദ്യഘട്ടത്തില്‍ പഴയ ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരണങ്ങളും തേടി അവിടുത്തെ ജെ.ആര്‍.ഡി. മെമ്മോറിയല്‍ ലൈബ്രറി ആയിരുന്നു. ആ കാലഘട്ടത്തില്‍ ഇന്റര്‍നൈറ്റ് സൗകര്യം പരിമിതമായത് കൊണ്ട് പഴയ ഗവേഷണ പ്രസിദ്ധീകരണങ്ങള്‍ കണ്ടെത്താനുള്ള ഏക ആശ്രയമായിരുന്നു ഈ ലൈബ്രറി. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം 1965ല്‍ യുജിസിയുടെ ധനസഹായത്തോടെ നിര്‍മ്മിച്ചതാണ്. വര്‍ഷങ്ങളോളം ഭാരതത്തിലെ എല്ലാ കോണിലുമുള്ള ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനമേഖലയിലെ ഗവേഷണ ഫലങ്ങളുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണങ്ങള്‍ കണ്ടെത്തുന്നതിനുള്ള കേന്ദ്രമായിരുന്നു ഈ ലൈബ്രറി. ഈ കാരണം കൊണ്ട് തന്നെ ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് ഇവിടെ പ്രവേശനം സൗജന്യമായിരുന്നു. ലേഖകന്‍ തന്നെ ഗവേഷണകാലഘട്ടത്തില്‍ 11 തവണ ഈ ലൈബ്രറി സന്ദര്‍ശിച്ചിട്ടുണ്ട്.
1970ല്‍ സ്ഥാപിക്കപ്പെട്ട ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ കമ്പ്യൂട്ടര്‍ സെന്റര്‍ പിന്നീട് സൂപ്പര്‍ കമ്പ്യൂട്ടര്‍ ഗവേഷണ കേന്ദ്രമായി മാറി. ഭാരതം വികസിപ്പിച്ചെടുത്ത ആദ്യത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍ Cray XC40 യും ഭാരതത്തിലെ ഏറ്റവും വേഗത കൂടിയ സൂപ്പര്‍ കമ്പ്യൂട്ടറും നിര്‍മ്മിക്കപ്പെട്ടത് ഇവിടെയാണ് എന്നത് അഭിമാനപൂര്‍വ്വം സ്മരിക്കുന്നു. ഈ കാരണങ്ങള്‍ കൊണ്ട് ഇവിടുത്തെ സൂപ്പര്‍ കമ്പ്യൂട്ടര്‍ ഗവേഷണ കേന്ദ്രത്തെ ലോകം അസൂയയോടെ കാണുവാന്‍ തുടങ്ങിയിരുന്നു എന്നത് ഒരു ചരിത്രസത്യമാണ്.
എഞ്ചിനീയറിങ്ങില്‍ മാസ്റ്റേര്‍സ് ബിരുദം ഭാരതത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ്. PhD, Integrated PhD, MTech, M.Mgt, M.Des., Mtech (Research)   എന്നിവയാണ് ഇവിടുത്തെ പ്രധാന കോഴ്‌സുകള്‍. ഇവിടെ അഡ്മിഷന്‍ കിട്ടുക ഏറെ പ്രയാസകരമാണ്. ഏഅഠഋ പരീക്ഷയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന 0.01% അപേക്ഷകള്‍ക്ക് മാത്രമേ ഇവിടെ കോഴ്‌സിന് പ്രവേശനം ലഭിക്കാറുള്ളൂ. മറ്റ് കോഴ്‌സുകള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവേശന പരീക്ഷയും ഇന്റര്‍വ്യൂവും പാസ്സാകേണ്ടതുണ്ട്. ഭാരതത്തിലെ ഏറ്റവും കഠിനമായ പ്രവേശനപരീക്ഷകള്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെതാണെന്ന് പറഞ്ഞാല്‍ അത് അതിശയോക്തി ആകുന്നില്ല. CAT യും പരീക്ഷയില്‍ മികച്ച് സ്‌കോര്‍ നേടിയവര്‍ക്ക് ഇവിടുത്തെ M.Mgt  കോഴ്‌സിന് പ്രവേശനം ലഭിക്കുന്നതാണ്.
2015 ലെ ഝട ലോകറാങ്കിങ്ങില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് 147-ാം റാങ്കാണ് ലഭിച്ചത്. 2016ലെ ബ്രിക്‌സ് റാങ്കിങ്ങില്‍ ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയില്‍ ലോകത്തില്‍ ആറാം സ്ഥാനത്താണ് ഈ സ്ഥാപനം. അദ്ധ്യാപക-ശാസ്ത്ര പ്രസിദ്ധീകരണ അനുപാതത്തില്‍ 2014-15 വര്‍ഷത്തില്‍ ഈ സ്ഥാപനം ഏഷ്യയില്‍ മൂന്നാം സ്ഥാനത്തും ലോകത്തില്‍ പതിനൊന്നാം സ്ഥാനത്തുമായിരുന്നു. കരിയേര്‍സ് - 360 എന്ന ഏജന്‍സിയുടെ പഠനത്തില്‍ 2016 ലെ ഭാരതത്തിലെ ഏറ്റവും മികച്ച സര്‍വ്വകലാശാല ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സാണ്.
DRDO, ISRO, BEL, NAL, CSIR എന്നീ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഗൂഗിള്‍, മൈക്രോസോഫ്റ്റ്, ഐബിഎം, ജനറല്‍ മോട്ടോര്‍സ് എന്നീ അന്തരാഷ്ട്ര കമ്പനികളും ഇന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സുമായി സംയുക്തഗവേഷണത്തിന് കരാര്‍ ഒപ്പിട്ടിരിക്കുന്നു എന്നത് ഈ സ്ഥാപനത്തിന്റെ ഔന്നത്യം വ്യക്തമാക്കുന്നു.
2005 ഡിസംബര്‍ 28ന് തീവ്രവാദികള്‍ ഈ സ്ഥാപനത്തെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തില്‍ ഒരു പ്രൊഫസര്‍ കൊല്ലപ്പെടുകയും നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്  ശേഷം സ്ഥാപനത്തിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ഡയറക്ടറായിരുന്ന സര്‍ സി.വി.രാമന് ശാസ്ത്രത്തില്‍ നോബല്‍ സമ്മാനം ലഭിച്ചിട്ടുണ്ട്. 1984-94 കാലഘട്ടത്തില്‍ ഡയറക്ടറായിരുന്ന സി.എന്‍.ആര്‍. റാവുവിനെ രാഷ്ട്രം ഭാരതരത്‌ന നല്‍കി ആദരിച്ചിട്ടുണ്ട്. ഈ സ്ഥാപനത്തിലെ നൂറിലധികം പ്രൊഫസര്‍മാര്‍ ശാന്തിസ്വരൂപ് ഭട്‌നഗര്‍ മെഡല്‍ (ഭാരതത്തിലെ ശാസ്ത്ര ഗവേഷണരംഗത്തെ ഏറ്റവും വലിയ അവാര്‍ഡ്) കരസ്ഥമാക്കിയിട്ടുണ്ട്. ഈ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികള്‍ ഇന്ന് ലോകത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പല പ്രമുഖ കമ്പനികളുടേയും സി.ഇ.ഒ.മാരായും പ്രമുഖ ശാസ്ത്ര സാങ്കേതിക ഗവേഷണ സ്ഥാപനങ്ങളുടെ മേധാവികളായും മാറിയിരിക്കുന്നു.
ആറ് മാസം മുമ്പ് ലേഖകന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് സന്ദര്‍ശിച്ചപ്പോള്‍ ഒരു പ്രൊഫസര്‍ വേദനയോടെ ഒരു പരിഭവം പറയുകയുണ്ടായി. സ്ഥാപനത്തില്‍ നിന്നും ഒരാള്‍ക്ക് പോലും നോബല്‍ സമ്മാനം ലഭിച്ചില്ല എന്ന്. അമേരിക്കയിലെ നാസയെപ്പോലെ, ജര്‍മ്മനിയിലെ മാക്‌സ് പ്‌ളാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് പോലെ ഉയര്‍ന്ന് വരാന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന് സാധിക്കാതെ പോയത് ഭാരതം ഭരിച്ച ഭരണകര്‍ത്താക്കന്മാരുടെ ഉദാസീനത മൂലമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഭാരതം കണ്ട ഏറ്റവും ഊര്‍ജ്ജസ്വലനായ പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ ഏറെ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുണ്ടായി. വിവിധ മേഖലകളില്‍ അഭിമാനാര്‍ഹമായ മുന്നേറ്റങ്ങള്‍ നടത്തി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ നരേന്ദ്രമോദിയുടെ കീഴിലുള്ള ഭാരതം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് പോലുള്ള ഗവേഷണസ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കി പരിപോഷിപ്പിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.
സ്വാമി വിവേകാനന്ദന്റെയും ജംഷെഡ്ജി ടാറ്റയുടെയും കപ്പല്‍യാത്രയിലെ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ആശയം ഇന്ന് ഭാരതത്തിന്റെ ശാസ്ത്ര സാങ്കേതിക ഗവേഷണരംഗത്തെ മുന്നേറ്റങ്ങളില്‍ ക്രിയാത്മകമായ - നേതൃത്വപരമായ പങ്ക് വഹിക്കുന്ന സ്ഥാപനമായി മാറി എന്നത് അഭിമാനാര്‍ഹമായ വസ്തുതയാണ്. ശാസ്ത്രജ്ഞരോടൊപ്പം ഇത്തരം ശാസ്ത്രസ്ഥാപനങ്ങളേയും നന്ദിയോടെ സ്മരിക്കേണ്ടതുണ്ട്; ഇല്ലെങ്കില്‍ അത് ശാസ്ത്രസമൂഹത്തോട് കാണിക്കുന്ന ഒരു നന്ദികേടായിരിക്കും.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments