Kesari WeeklyKesari

ലേഖനം..>>

രാഷ്ട്രീയ പാപ്പരത്തത്തിന്റെ അപാരത--ആര്‍. ബാലകൃഷ്ണന്‍

on 21 April 2017
Kesari Article

രിത്രത്തില്‍ നിന്ന് തുടങ്ങാം, വിഷയം ചലച്ചിത്രമാണെങ്കിലും.
ആലപ്പുഴക്കാരനായ ടി.വി. തോമസ് ആദ്യ ഇ.എം.എസ്. മന്ത്രിസഭയില്‍ തൊഴില്‍ - ഗതാഗതമന്ത്രിയായിരിക്കുമ്പോഴാണ് കുട്ടനാട്ടിലെ ജലഗതാഗതം ദേശസാല്‍ക്കരിക്കപ്പെടുന്നത്. സ്വകാര്യവ്യക്തികളെ ഒഴിവാക്കിയത് സ്വാഭാവികമായും തൊഴിലാളികള്‍ക്ക് ഗുണകരമാവുകയും ചെയ്തു. അവരുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും വ്യവസ്ഥാപിതമായി. പക്ഷേ, നടത്തിപ്പ് ചെലവ് ഓരോ ദിവസവുമെന്നോണം ഏറിക്കൊണ്ടേയിരുന്നു. നഷ്ടം കുറയ്ക്കാന്‍ ബോട്ടുചാര്‍ജ് കൂട്ടുക എന്നതായിരുന്നു സര്‍ക്കാര്‍ കണ്ടെത്തിയ പോംവഴി. അക്കൂട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ കടത്തുകൂലിയിലും വര്‍ദ്ധനവുണ്ടായി. ഇതിനെതിരെയാണ് 1958 ജൂലൈ 14ന് കെ.എസ്.യു. വിഖ്യാതമായ 'ഒരണ സമരം' ആരംഭിക്കുന്നത്.
'ഒരു മെക്‌സിക്കന്‍ അപാരത' എന്ന ചിത്രത്തിന്റെ തുടക്കത്തില്‍ ഇക്കാര്യം സംവിധായകന്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. പ്രമുഖ സംവിധായകന്‍ രഞ്ജിത്തിന്റെ ശബ്ദത്തിലുള്ള വിവരണത്തിലും 'ഒരണ സമര'ത്തിന്റെ രാഷ്ട്രീയമാനങ്ങള്‍ സൂചിപ്പിക്കുന്നു.
നീണ്ട ഇടവേളയ്ക്കുശേഷം ഒരു രാഷ്ട്രീയ ചിത്രത്തിന്റെ ലക്ഷണങ്ങള്‍ തിരശ്ശീലയില്‍ തെളിയുകയായിരുന്നു. ''കലിപ്പ്... കട്ട കലിപ്പ്...'' (രചന: ടോം ഇമ്മട്ടി, സംഗീതം: മണികണ്ഠന്‍ അയ്യപ്പന്‍, ഗായകര്‍: അരുണ്‍രാജ കാമരാജ്, മണികണ്ഠന്‍ അയ്യപ്പന്‍) ''ഏമാന്‍മാരേ... ഏമാന്‍മാരേ...'' (രചനാസംഗീതം: രഞ്ജിത്ത് ചിറ്റാട, ഗായകന്‍: ഷെബിന്‍ മാത്യു) എന്നീ ഗാനങ്ങള്‍ ചിത്രം റിലീസ് ചെയ്യും മുന്‍പേ നല്‍കിയ പ്രതീക്ഷയും മറ്റൊന്നായിരുന്നില്ല. മുഖ്യധാരാരാഷ്ട്രീയം ക്യാമ്പസ്സിലുയര്‍ത്തുന്ന അലയൊലികളും കലാലയ പരിസരങ്ങളിലൂടെ പൊതുരാഷ്ട്രീയ സാഹചര്യങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു ചിത്രത്തിന്റെ വ്യക്തമായ സൂചനകള്‍ വേറെയുമുണ്ടായിരുന്നു. 1975 ജൂണിലെ അടിയന്തരാവസ്ഥ പ്രഖ്യാപനം ഓര്‍മ്മപ്പെടുത്തിയത് ഉദാഹരണം. പക്ഷേ, ഒരു പുനര്‍വായനയ്ക്ക് സഹായകരമാകേണ്ട ആ ഭൂതകാലക്കാഴ്ചകള്‍ തീര്‍ത്തും വികലമാക്കിയാണ് അവതരിപ്പിച്ചത്. 
അടിയന്തരാവസ്ഥയുടെ നാളുകളിലൊന്നില്‍ കോണ്‍ഗ്രസ്സുകാരനായ ഒരു മന്ത്രി 'മഹാരാജ' കോളേജിലെത്തുന്നു. (എറണാകുളം മഹാരാജാസ് കോളേജ് എന്ന് സങ്കല്‍പിക്കാന്‍ പ്രേക്ഷകര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.) അദ്ദേഹത്തെ സ്വീകരിക്കാന്‍ പ്രിന്‍സിപ്പലിനെയോ മറ്റ് അദ്ധ്യാപകരെയോ നമ്മള്‍ കാണുന്നില്ല. കെ.എസ്.ക്യുക്കാര്‍ (കെ.എസ്.യു എന്നും വിളിക്കാം) പോലുമുണ്ടായിരുന്നില്ല. കാരണം അത് ചുവന്ന പതാകയുമേന്തി ഒരു പ്രതിഷേധപ്രകടനം കാണിക്കുന്നതിനുവേണ്ടി മാത്രമായിരുന്നു.
അടികൊണ്ട് നിലത്തുവീണ ഒരു സഖാവിന്റെ ചോരയില്‍ കുതിര്‍ന്ന ഷര്‍ട്ട് വലിച്ചു കീറി, തടയാന്‍വന്ന പൊലീസുകാരനെ തള്ളി നിലത്തിട്ട്, നേതാവിന്റെ നേര്‍ക്ക് ഉറച്ച കാല്‍വയ്പുകളോടെ നടന്നു നീങ്ങുന്നുണ്ടൊരു വിദ്യാര്‍ത്ഥി നേതാവ്. മന്ത്രിയുടെ തോളില്‍ നിന്ന് ഷാള്‍ എടുത്തു വലിച്ചെറിഞ്ഞ് പകരം സഖാവിന്റെ ചോര പുരണ്ട ഷര്‍ട്ട് മാലയായി അയാള്‍ അണിയിക്കുന്നു. സംഘര്‍ഷ സാദ്ധ്യതയുള്ളൊരു സ്ഥലത്ത് മന്ത്രി കാറില്‍ നിന്ന് സ്വമേധയാ പുറത്തിറങ്ങുമോ എന്നോ പൊലീസ് അനുവദിക്കുമോ എന്നോ ഒന്നും ചോദിക്കരുത്. 
കോളേജില്‍ മെക്‌സിക്കൊ എന്നറിയപ്പെടുന്ന മുറിയില്‍ രാത്രി അയാള്‍ ഒറ്റയ്ക്കായിരുന്നു. ആരോ മുട്ടുന്ന ശബ്ദം കേട്ട് വാതില്‍ തുറന്നുകൊടുക്കുന്നു. സുഹൃത്തുക്കളില്‍ നിന്നു തന്നെ തപ്പിയെടുത്ത ഒരു ഒറ്റുകാരനേയും കൊണ്ടാണ് പൊലീസ് എത്തിയിട്ടുള്ളത്. പൊലീസ് ഉദ്യോഗസ്ഥന് ഒറ്റ നിബദ്ധനയേ ഉണ്ടായിരുന്നുള്ളൂ - പ്രസ്ഥാനത്തില്‍ നിന്ന് രാജിവയ്ക്കണം. അതിന് തയ്യാറായിരുന്നില്ല അയാള്‍. ഇങ്ക്വിലാബ് സിന്ദാബാദ് വിളിച്ച് ആ യുവാവ് മാറില്‍ വെടിയുണ്ട ഏറ്റുവാങ്ങി. പാര്‍ട്ടിയുടെ ഭാഗ്യം! നിനച്ചിരിക്കാതെ ഒരു രക്തസാക്ഷി വീണുകിട്ടി. (വാഹനങ്ങളില്‍ കൊടികെട്ടിയും മുദ്രാവാക്യം വിളിച്ചും കൂട്ടത്തോടെ വന്ന് തീയറ്റര്‍ നിറയ്ക്കാന്‍ ആവശ്യത്തിലേറെ എസ്.എഫ്.ഐക്കാരെ ലഭിക്കുകയും ചെയ്തു.
ക്യാമ്പസ്സില്‍ എസ്.എഫ്.വൈയുടെ (എസ്.എഫ്.ഐ) വളര്‍ച്ച ഒട്ടുംതന്നെ യുക്തിസഹമല്ലാത്ത രീതിയില്‍ ആഖ്യാനിച്ചുകൊണ്ടിരിക്കെ സംവിധായകന് പൊടുന്നനെ ബോധോദയമുണ്ടാകുന്നു. ഒരു നിഷ്പക്ഷ രാഷ്ട്രീയ നിരീക്ഷകന്റെ റോള്‍ എടുത്തണിഞ്ഞ് സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് അദ്ദേഹം പ്രേക്ഷകരെ കൊണ്ടുപോകുന്നു.
വിജയം സുനിശ്ചിതമാകണമെങ്കില്‍ ക്യാമ്പസ്സില്‍ ഒരു രക്തസാക്ഷികൂടി പിറക്കണം. പാര്‍ട്ടി നിര്‍ദ്ദേശം കോളേജില്‍ എസ്.എഫ്.ഐ യൂണിറ്റിന്റെ ചുമതലയുള്ള സുഭാഷിനെ (നീരജ് മാധവ്) പതിവുപോലെ മറ്റൊരു സഖാവ് അറിയിക്കുന്നു. (ചില കൊലപാതകങ്ങള്‍ പാര്‍ട്ടിക്ക് മുന്‍കൂട്ടി അറിയാന്‍ സാധിക്കുമെന്നും മറ്റു ചിലത് പ്രാദേശിക തലത്തില്‍ സംഭവിക്കുന്നതാണെന്നും സംസ്ഥാന സെക്രട്ടറിതന്നെ മാധ്യമപ്രവര്‍ത്തകരോട് സമ്മതിച്ചത് ഈയടുത്താണെങ്കിലും) കുറി വീണത് പോള്‍ വര്‍ഗീസിനാണ്. (ടൊവിനോ തോമസ്) അതിനോട് സുഭാഷ് എതിര്‍പ്പ് പ്രകടിപ്പിക്കുമ്പോള്‍ ''അല്ലെങ്കില്‍ നീ, ആരായാലും ഒരാള്‍ നിശ്ചയമായും വേണ''മെന്ന് പാര്‍ട്ടി തീരുമാനം മുതിര്‍ന്ന സഖാവ് ഓര്‍മപ്പെടുത്തുന്നുമുണ്ട്. 
ഒരു വര്‍ഷം മുന്‍പ് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഒരു 'വലിയ' വാര്‍ത്തയുണ്ടായിരുന്നു. (എസ്.എഫ്.ഐക്കാര്‍ പ്രിന്‍സിപ്പലിന്റെ കസേര കത്തിക്കുന്നതിനും മുമ്പ്) മൂന്നര പതിറ്റാണ്ടിനുശേഷം ആ കോളേജില്‍ യൂണിയന്‍ ചെയര്‍മാനായി ഒരു കെ.എസ്.യു സ്ഥാനാര്‍ത്ഥി തിരഞ്ഞെടുക്കപ്പെട്ടു. വാസ്തവത്തില്‍ സിനിമയ്ക്കാധാരമായത് ഈ സംഭവമാണ്. (കെ.എസ്.ക്യു. നേതാവ് രൂപേഷിന്റെ വലം കയ്യായി ജിനൊ ജോണ്‍ എന്ന ആ മുന്‍ ചെയര്‍മാനെ നാം സിനിമയില്‍ കാണുന്നുണ്ട്.)
ഐതിഹാസിക വിജയം തിരശ്ശീലയില്‍ കണ്ട് ആവേശം മൂത്ത് വീണ്ടും വീണ്ടും തീയറ്ററിലേയ്‌ക്കെത്താനും നീലപ്പതാക കാണുമ്പോഴെല്ലാം തൊണ്ടകീറി മുദ്രാവാക്യം വിളിക്കാനും കെ.എസ്.യുക്കാരെ കിട്ടില്ല എന്ന് വ്യക്തമായ ബോധമുണ്ടായിരുന്നിരിക്കണം സംവിധായകന്. വിപ്ലവം എന്ന കാല്പനികതയ്ക്കും ചുവപ്പ് നിറത്തിനും കേരളത്തില്‍ ഇപ്പോഴും നല്ല വിപണന സാദ്ധ്യതയാണല്ലോ. ആ രാഷ്ട്രീയ കാപട്യം കൃത്യമായി മുതലെടുക്കുകയായിരുന്നു സംവിധായകന്‍.
അടിയന്തരാവസ്ഥയ്ക്കു ശേഷം എസ്.എഫ്.വൈയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിക്കാനായ അദ്ധ്യയനവര്‍ഷത്തെ കഥയാണല്ലോ സിനിമ പറയുന്നത്. സംഭവങ്ങളെ ഗൗരവപൂര്‍ണമായി സമീപിക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായില്ലെന്ന് മാത്രമല്ല, അതിന്റെ കാലവും രാഷ്ട്രീയവും പൂര്‍ണമായും നഷ്ടപ്പെടുത്തുകയും ചെയ്തു സിനിമ.
പരീക്ഷാച്ചൂട് തുടങ്ങേണ്ട കാലമാണ് മാര്‍ച്ച്. പക്ഷേ, പലപ്പോഴും സര്‍വ്വകലാശാല യുവജനോത്സവങ്ങള്‍ നടക്കുക മാര്‍ച്ചിലും ഏപ്രിലിലുമാണ്. തുടര്‍ന്ന് പരീക്ഷാക്കാലം. കോളേജ് യൂണിയന്‍ തിരെഞ്ഞെടുപ്പ് പിന്നെയും മാസങ്ങള്‍ക്കുശേഷമാണ് നടക്കുക. അടുത്ത അദ്ധ്യായനവര്‍ഷം ആരംഭിക്കണം. ഒന്നാം വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ കൂടിയെത്തണം. ജൂലൈ-ആഗസ്താകാം.
സിനിമയിലോ? പുതിയ അദ്ധ്യയനവര്‍ഷം ആരംഭിക്കുന്നു. പിറകെ സര്‍വകലാശാല യുവജനോത്സവം. അതുകഴിയുമ്പോഴേയ്ക്കും തിരഞ്ഞെടുപ്പുമെത്തുകയായി.
സിനിമ കണ്ടാല്‍ പോരേ, കലണ്ടര്‍ നോക്കണോ എന്ന് ചോദിക്കരുത്. രാഷ്ട്രീയ സിനിമയല്ലെങ്കിലും (അങ്ങനെയല്ലാതാക്കിയെങ്കിലും) സിനിമയില്‍ രാഷ്ട്രീയവും പറയുന്നതുകൊണ്ട് കാലവും ദേശവും കൃത്യമായി അടയാളപ്പെടുത്തുക തന്നെ വേണം.
തിരക്കഥയാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം. ക്ലൈമാക്‌സ് രംഗത്തെ സുഭാഷിന്റെ അസാന്നിദ്ധ്യം ആ ന്യൂനത കൂടുതല്‍ പ്രകടമാക്കുകയും ചെയ്യുന്നു. പതിറ്റാണ്ടുകള്‍ക്കുശേഷം കോളേജ് യൂണിയനില്‍ ഒരു സീറ്റ് പൊരുതി നേടിയ നിമിഷം മുതല്‍ അയാളെ കാണാതാവുന്നു. എതിരാളിയുടെ യൂണിറ്റ് ഓഫീസ് കത്തിക്കുവാനും, സ്വന്തം പ്രവര്‍ത്തകരെ വാടകഗുണ്ടകളെക്കൊണ്ട് തല്ലിച്ച് എതിരാളികളുടെ തലയില്‍ കെട്ടിവച്ച് വോട്ടുനേടാനും, പോള്‍ വര്‍ഗീസിനെ കൊല്ലാന്‍ പദ്ധതിയിടാനുമെല്ലാം ഉപദേശം നല്‍കിയ മുതിര്‍ന്ന സഖാവിന്റെ കരണത്തൊന്ന് പൊട്ടിച്ച് അയാള്‍ നടന്നത് പാര്‍ട്ടിക്കും പുറത്തേയ്ക്കായിരുന്നോ? വോട്ടെണ്ണല്‍ പുരോഗമിക്കവെ, ചെങ്കൊടി മറ്റാരെയോ ഏല്‍പിച്ച് അയാള്‍ മാര്‍ക്‌സില്‍ നിന്ന് മടങ്ങുകയാണോ? അതോ അവസാന കൂട്ടപ്പൊരിച്ചിലില്‍ പോളിനും രൂപേഷിനുമിടയില്‍ (പതിവ് നായക - പ്രതിനായക ദ്വന്ദം തന്നെ) സുഭാഷിനെപ്പോലൊരാള്‍ക്ക് ഇടമില്ലാത്തതുകൊണ്ട് ഒഴിവാക്കപ്പെട്ടതോ? ഏതായാലും പ്രേക്ഷകന്റെ യുക്തിക്ക് നിരക്കുന്ന കാരണങ്ങളൊന്നുമില്ല.
മുഖത്ത് വെട്ടേറ്റ് (അമ്പത്തൊന്ന് തന്നെയോ?) മരിച്ച ഉറ്റമിത്രം കൃഷ്ണന്റെ (മനു) കാര്യത്തില്‍ ഒടുവില്‍ രൂപേഷിന്റെ ഒരു ''വണ്‍, ടു, ത്രീ'' സ്റ്റൈല്‍ വെളിപ്പെടുത്തല്‍ ഉണ്ടാകുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ പോലും സ്വന്തം സഖാക്കളില്‍ നിന്ന് ഒരു പരാമര്‍ശമുണ്ടാകാതെ പോയതും തിരക്കഥയുടെ അപാകം തന്നെ.
എപ്പോഴും നിഷ്‌ക്കളങ്കമായി തമാശ പറയുന്നവന്‍ എന്നതിനേക്കാള്‍ വിഡ്ഢിയായ സുഹൃത്ത് എന്ന് നിലയിലാണ് ജോബി (വിഷ്ണു ഗോവിന്ദന്‍) എന്ന കഥാപാത്രം അവതരിക്കപ്പെടുന്നത്. വിപ്ലവിദ്യാര്‍ത്ഥി സംഘടനയില്‍ പെട്ട അവന് ഏ.കെ.ജി.യുടെ ചിത്രം തിരിച്ചറിയാനാവുന്നില്ല. കണ്ണൂരിലെ ഒളിയിടത്തില്‍ സുഹൃത്തിന്റെ അമ്മ നല്‍കുന്ന അരിയുണ്ട നാടന്‍ ബോംബായാണ് അവന്‍ തോന്നുന്നത്. (ഇത് ഞങ്ങളുടെ ഒരു സ്‌പെഷ്യലാണെന്ന് രമേശ് വിശേഷിപ്പിക്കുന്നത് ഏതിനെയാണ്?) 
പ്രകാശ് വേലായുധന്റെ ഛായാഗ്രഹണവും ഷമീര്‍ മൊഹമ്മദിന്റെ ചിത്രസന്നിവേശവും ചലച്ചിത്രത്തെ കുറച്ചൊന്നുമല്ല സഹായിച്ചിട്ടുള്ളത്. ചിത്രത്തിന്റെ മൂഡ് ക്ലിപ്തപ്പെടുത്തുന്നതിന് ഗോപീസുന്ദറിന്റെ പശ്ചാത്തലസംഗീതം നല്‍കിയ സംഭാവനയും എടുത്തു പറയേണ്ടതാണ്.
പാര്‍ട്ടിയുടെ ഏതു തീരുമാനവും ശിരസ്സാവഹിക്കേണ്ടിവരുന്നകേഡറിന്റെ പക്വതയാര്‍ന്ന പ്രകടനമാണ് നീരജ് മാധവ് കാഴ്ചവച്ചിരിക്കുന്നത്.
ആസൂത്രണത്തിലും നടത്തിപ്പിലും ഒരുപോലെ പ്രാവീണ്യമുള്ള തന്ത്രശാലിയാണ് മറുഭാഗത്ത് വിദ്യാര്‍ത്ഥികളെ നയിക്കുന്ന രൂപേഷ്.
രൂപേഷിനെ തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുന്നത് രൂപേഷ് പീംതാബരന്‍.
ചരിത്രസംഭവങ്ങള്‍ പുനരാവിഷ്‌ക്കരിക്കുമ്പോള്‍ പുലര്‍ത്തേണ്ട രാഷ്ട്രീയധാര്‍മികത പാലിച്ചില്ല എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ ന്യൂനത.
തിരുനെല്ലിക്കാട്ടില്‍ വച്ച് നക്‌സലൈറ്റ് നേതാവ് വര്‍ഗീസിനെ വെടിവെച്ചുകൊന്ന പൊലീസ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തലുകളാണ് 'തലപ്പാവ്' എന്ന ചിത്രത്തിനാധാരം. അഥവാ പ്രേക്ഷകര്‍ അങ്ങനെ ധരിക്കാന്‍ കാരണങ്ങളുണ്ടായിരുന്നു. എന്‍ജിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥി രാജന്റെ തിരോധാനവുമായി ബന്ധപ്പെട്ട ചിത്രമല്ല 'പിറവി' എന്ന് വരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ പ്രസ്തുത സിനിമയുടെ സംവിധായകന്റെ ഭാഗത്തും കണ്ടിരുന്നു. ചരിത്രത്തെ കൂടെ നിര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുമ്പോഴും അത് നിഷേധിക്കുന്ന മുന്‍കാലശീലങ്ങള്‍ തുടരുകയായിരുന്നു ടോം ഇമ്മട്ടിയും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments