Kesari WeeklyKesari

അനുസ്മരണം

പാണ്ഡുരംഗപന്ത് ക്ഷീരസാഗര്‍ജി അടിയന്തരാവസ്ഥയുടെ രക്തസാക്ഷി--യു.ജി.എം

on 21 April 2017
Kesari Article

പാണ്ഡുരംഗപന്ത് ക്ഷീരസാഗര്‍ജി ജനിച്ചത് മഹാരാഷ്ട്രയിലെ വാര്‍ദ്ധാ ജില്ലയിലെ ഹിംഗണീ എന്ന ഗ്രാമത്തിലായിരുന്നു. അവിടത്തെ ആര്‍.എസ്.എസ്. ശാഖയില്‍ എല്ലാ ജാതി ഉപജാതികളില്‍ പെട്ടവരും വരുമായിരുന്നു. പക്ഷെ ശാഖയുടെ ആരംഭകാലത്തെ സ്ഥിതി അതായിരുന്നില്ല. എന്നാല്‍ അത്യന്തം വിപരീതസാഹചര്യങ്ങളെ ആത്മവിശ്വാസത്തോടെയും മനഃസാന്നിധ്യത്തോടെയും ക്ലേശങ്ങള്‍ സഹിച്ച് ശാഖയിലെ ആദ്യകാല കാര്യകര്‍ത്താക്കള്‍ അനുഷ്ഠിച്ച തപസ്യയിലൂടെയാണ് പ്രാതികൂല്യങ്ങളെ പരാജയപ്പെടുത്തി വൈഭവപൂര്‍ണവും മാതൃകാപരവുമായ സാഹചര്യം സൃഷ്ടിക്കാനായത്. കുട്ടിക്കാലം തൊട്ട് ശാഖയില്‍ പോയിത്തുടങ്ങിയ ക്ഷീരസാഗര്‍ജിക്ക് സംഘത്തിന്റെ ധ്യേയവാദസംബന്ധമായ ബാലപാഠങ്ങള്‍ അവിടെവെച്ചു നേടാനായി.
പിന്നീട് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് നാഗപ്പൂരിലെത്തിയ അദ്ദേഹം അവിടെ ഇത്‌വാരി ശാഖയിലെ സ്വയംസേവകനായി. അപ്പോള്‍ പൂജ്യ ബാളാസാഹേബ് ദേവറസ്ജിയായിരുന്നു ഇത്‌വാരി ശാഖയുടെ കാര്യവാഹ്. ആ ശാഖയും സംഖ്യാത്മകവും ഗുണാത്മകവുമായി മാതൃകാപരമായി നടന്നിരുന്നു. ബാളാസാഹേബ്ജിയുമായുള്ള സമ്പര്‍ക്കം ക്ഷീരസാഗര്‍ജിയുടെ ധ്യേയനിഷ്ഠ കൂടുതല്‍ ദൃഢമാക്കി. കൂടാതെ ബാളാസാഹബ്ജിയുടെ ഏറ്റവുമടുത്ത സഹപ്രവര്‍ത്തകരിലൊരാളായി അദ്ദേഹം മാറി. ബാളാസാഹേബ്ജിയുടെ പ്രേരണകൊണ്ട് പ്രചാരകരായി പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി മുമ്പോട്ടുവന്ന അനേകം യുവാക്കളില്‍ ക്ഷീരസാഗര്‍ജിയും ഉള്‍പ്പെട്ടിരുന്നു. പ്രചാരകനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തെ അയച്ചത് ബംഗാളിലേക്കായിരുന്നു. സംഘപ്രവര്‍ത്തനത്തിന്റെ ദൃഷ്ടിയില്‍ അനേകം വര്‍ഷങ്ങളായി അത്യന്തം കഠിനമായ സാഹചര്യം നിലനിന്നിരുന്ന ബംഗാളില്‍ അദ്ദേഹം തന്റെ പ്രവര്‍ത്തനംകൊണ്ട് വ്യക്തിമുദ്ര പതിപ്പിക്കുക തന്നെ ചെയ്തു. അദ്ദേഹത്തിന്റെ പ്രേരണകാരണം ചില ബംഗാളി യുവാക്കള്‍ പ്രചാരകന്മാരാകാന്‍ സന്നദ്ധരായി. അദ്ദേഹം നാലോ, അഞ്ചോവര്‍ഷം മാത്രമാണ് ബംഗാളില്‍ പ്രവര്‍ത്തിച്ചതെങ്കിലും ഈ കാലയളവിനുള്ളില്‍ അനേകം ആളുകളുമായി ഗാഢമായ ബന്ധം സ്ഥാപിക്കാനും അവരുടെ ആദരവ് പിടിച്ചുപറ്റാനും അദ്ദേഹത്തിനായി. ബംഗാളില്‍ നിന്നും സ്വയംസേവകര്‍ നാഗപ്പൂരില്‍ വരുമ്പോള്‍ അവിടെ ഉണ്ടായിരുന്ന അദ്ദേഹവുമായി അവര്‍ ഇടപഴകുന്ന രീതികാണുമ്പോള്‍ ആര്‍ക്കും ഈ കാര്യം ബോധ്യമാകുമായിരുന്നു.
ബംഗാളിലെ കാലാവസ്ഥ അദ്ദേഹത്തിന്റെ ശരീരപ്രകൃതിക്ക് ഇണങ്ങുന്നതായിരുന്നില്ല. പ്ലൂരസി രോഗം ബാധിച്ച് അദ്ദേഹത്തെ ഹൗറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. 1946ല്‍  ചികിത്സക്കായി മഹാരാഷ്ട്രയിലെ വായീഗാംവിലേക്ക് അയച്ചു. അവിടെ കുറച്ചുകാലം വിശ്രമിക്കേണ്ടിവന്നു. 1950ല്‍ അദ്ദേഹം നാഗപ്പൂരിലെ കേന്ദ്രീയ കാര്യാലയ പ്രമുഖ് എന്ന ചുമതലയില്‍ നിയുക്തനായി. ആ സമയത്ത് പരംപൂജനീയ ശ്രീഗുരുജി, ഭയ്യാജി ദാണിജി, ബാളാസാഹേബ് ദേവറസ്ജി, ഏകനാഥ് റാനഡെജി, ബാബാസാഹേബ് ആപ്‌ടെജി മുതലായ അഖിലഭാരതീയ സംഘ അധികാരികളുടെ മുഖ്യസ്ഥാനം നാഗപ്പൂരിലെ കേന്ദ്രീയകാര്യാലയം തന്നെയായിരുന്നു. ബൈഠക്കുകള്‍ അധികവും നടന്നിരുന്നത് അവിടെത്തന്നെ ആയിരുന്നു. ബൈഠക്കിന് അവിടെയെത്തുന്ന കാര്യകര്‍ത്താക്കളുടെ താമസത്തിനും മറ്റുമുള്ള വ്യവസ്ഥയും അദ്ദേഹം ഭംഗിയായി ഒരുക്കുമായിരുന്നു.
ഇത്തരം കാര്യങ്ങള്‍ക്ക് പുറമെ, കാര്യാലയത്തിലെത്തുന്ന മറ്റ് കാര്യകര്‍ത്താക്കള്‍, വിദര്‍ഭയില്‍ നിന്നും നാഗപ്പൂരിലെത്തുന്ന പ്രചാരകന്മാര്‍, ചികിത്സക്കുവേണ്ടി നാഗപ്പൂരിലെത്തുന്ന സ്വയംസേവകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും ആവശ്യമായ എല്ലാവ്യവസ്ഥകളും ചെയ്യുന്നതോടൊപ്പം അപ്പപ്പോള്‍ അവരുടെ കാര്യം അന്വേഷിക്കുന്നതും അദ്ദേഹത്തിന്റെ പതിവായിരുന്നു. പ്രചാരകന്മാര്‍ക്ക് വസ്ത്രങ്ങളും മറ്റ് അവശ്യവസ്തുക്കളും ആവശ്യമെങ്കില്‍ അത് വ്യവസ്ഥചെയ്യുന്ന കാര്യവും അദ്ദേഹം നിര്‍വ്വഹിച്ചിരുന്നു. അങ്ങനെ, എല്ലാവരെയും മാതൃസഹജമായ സ്‌നേഹത്തോടെ സേവിക്കുക എന്നത് അദ്ദേഹത്തിന്റെ സ്വഭാവമായി തീര്‍ന്നിരുന്നു.
1955 ക്ഷീരസാഗര്‍ജി അഖിലഭാരതീയ വ്യവസ്ഥാപ്രമുഖായി നിയോഗിക്കപ്പെട്ടു. ഏതുകാര്യവും കൃത്യതയോടെ വൃത്തിയും വെടിപ്പുമായി നിര്‍വഹിക്കുന്ന അദ്ദേഹത്തിന്റെ സ്വഭാവം കണക്ക് എഴുതി സൂക്ഷിക്കുന്ന കാര്യത്തിലും പ്രതിഫലിച്ചു. അടിയന്തരാവസ്ഥ കാലത്ത് പോലീസ് കാര്യാലയത്തില്‍ പരിശോധന നടത്തുകയും കണക്കുപുസ്തകങ്ങളെല്ലാം പിടിച്ചെടുക്കുകയും ചെയ്തു. കണക്കില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ അതിന്റെ പേരില്‍ സംഘത്തെ അപകീര്‍ത്തിപ്പെടുത്താമെന്ന ലക്ഷ്യത്തോടെ കണക്കുകളെല്ലാം വളരെ സൂക്ഷ്മമായ പരിശോധനക്ക് വിധേയമാക്കി. അടിയന്തരാവസ്ഥക്കുശേഷം കണക്കു പുസ്തകങ്ങള്‍ തിരിച്ചുകൊടുക്കുമ്പോള്‍ ബന്ധപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ പറഞ്ഞത് 'പൊതുജന സംഘടനകള്‍ കണക്കുകള്‍ സൂക്ഷിക്കേണ്ടത് സംഘത്തിന്റെ മാതൃകയിലായിരിക്കണം' എന്നാണ്.
1962ലാണ് രേശിംബാഗില്‍ പരംപൂജനീയ ഡോക്ടര്‍ജിയുടെ സ്മൃതി മന്ദിരത്തിന്റെ ഉദ്ഘാടനം നടന്നത്. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മൂന്ന് വര്‍ഷം വേണ്ടിവന്നു. നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ നിര്‍മ്മാണത്തിന് ആവശ്യമായ സാധനസാമഗ്രികള്‍ എത്തിച്ചു കൊടുക്കല്‍, നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ നിരീക്ഷണം എന്നീ കാര്യങ്ങള്‍ നോക്കിയിരുന്നത് ക്ഷീരസാഗര്‍ജിയായിരുന്നു. സ്മൃതിമന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായശേഷം തൊട്ടടുത്തായി നിര്‍മ്മിച്ച സ്മൃതിഭവന്റെ നിര്‍മ്മാണപ്രവര്‍ത്തനത്തിന്റെയും മേല്‍നോട്ടം വഹിച്ചത് അദ്ദേഹം തന്നെയായിരുന്നു.
സ്മൃതിമന്ദിരത്തിന്റെ നിര്‍മ്മാണ സമയത്ത് പണിക്കാരായി രാജസ്ഥാനില്‍ നിന്ന് കുറച്ച് മുസ്ലീങ്ങള്‍ വന്നിരുന്നു. അവര്‍ താമസിച്ചിരുന്നത് രേശിംബാഗില്‍ തന്നെയായിരുന്നു. എല്ലാവരോടും സഹജമായ ബന്ധുഭാവത്തോടെ പെരുമാറുന്ന ക്ഷീരസാഗര്‍ജിയുടെ പ്രകൃതം അവരെ വല്ലാതെ സ്വാധീനിച്ചു. ആയിടയ്ക്കാണ് നാഗപ്പൂരില്‍ അവിചാരിതമായി വര്‍ഗ്ഗീയകലാപം ഉണ്ടായത്. നാഗപ്പൂരിലെ ചില മുസ്ലീങ്ങള്‍ ''ആര്‍.എസ്.എസ്സുകാര്‍ കടുത്ത മുസ്ലീം വിരോധികളാണ്, അവര്‍ നിങ്ങളെ വകവരുത്തും'' എന്ന് പറഞ്ഞ് അവരെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. ''അവര്‍ വളരെ നല്ല ആളുകളാണെന്നതാണ് ഞങ്ങളുടെ അനുഭവം. അവര്‍ സ്വന്തം സഹോദരങ്ങളെപ്പോലെയാണ് ഞങ്ങളോട് പെരുമാറുന്നത്. സ്വന്തം കുടുംബാംഗളെപ്പോലെ ഞങ്ങളെ പരിഗണിക്കുന്ന അവരുടെ ഭാഗത്ത് നിന്ന് ഞങ്ങള്‍ക്ക് ഒരു കുഴപ്പവുമുണ്ടാകില്ല.'' ഇതായിരുന്നു രാജസ്ഥാന്‍കാരായ മുസ്ലീങ്ങളുടെ പ്രതികരണം. നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാകുന്നതുവരെ അവരവിടെ നിസ്സങ്കോചം താമസിച്ചു. നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി രാജസ്ഥാനില്‍ തിരിച്ചെത്തിയ ശേഷവും ശ്രീ ഗുരുജി രാജസ്ഥാനില്‍ പര്യടനത്തിന് എത്തുമ്പോള്‍ അവര്‍ ശ്രീ ഗുരുജിയെ ചെന്നു കാണുമായിരുന്നു.
ക്ഷീരസാഗര്‍ജി സൗന്ദര്യബോധമുള്ള വ്യക്തിയായിരുന്നു. സ്മൃതിമന്ദിരത്തിന്റെയും സ്മൃതിഭവന്റെയും മുറ്റത്തുള്ള പൂന്തോട്ടങ്ങള്‍ ഇതിന്റെ വ്യക്തമായ തെളിവാണ്. സ്മൃതിഭവന്‍ പരിസരത്ത് അദ്ദേഹം തെങ്ങിന്‍ തൈകള്‍ വെച്ചുപിടിപ്പിച്ചിരുന്നു. എന്നാല്‍ നാഗപ്പൂരിലെ കടുത്ത വേനല്‍ച്ചൂടില്‍ തെങ്ങുകള്‍ വിണ്ടുകീറുമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് ദാണെയില്‍ ജയിലില്‍ അദ്ദേഹത്തോടൊപ്പം കൊങ്കണ്‍ പ്രദേശത്തുനിന്നുള്ള സ്വയംസേവകര്‍ ഉണ്ടായിരുന്നു. തെങ്ങ് കൃഷിയെക്കുറിച്ചും സംരക്ഷണത്തെക്കുറിച്ചും അദ്ദേഹം അവരോടു ചര്‍ച്ച നടത്തിയിരുന്നു. അതായത്, വൃക്ഷലതാദികളുടെ കാര്യത്തില്‍പ്പോലും അദ്ദേഹം അതിയായ ശ്രദ്ധചെലുത്തിയിരുന്നു.
തന്റെ ജോലികളെല്ലാം പൂര്‍ത്തിയാക്കിയശേഷം കളിതമാശകള്‍ പറഞ്ഞ് രസിക്കുന്നതിലും താല്പര്യമുണ്ടായിരുന്ന അദ്ദേഹം ഇതിന് മറ്റുള്ളവരോടൊപ്പം ചേര്‍ന്നിരുന്നു. നല്ലവണ്ണം പാട്ടുപാടാന്‍ കഴിവുള്ള സ്വയംസേവകര്‍ ആരെങ്കിലും കാണാനെത്തുമ്പോള്‍ സ്‌നേഹത്തോടെ അവരോടദ്ദേഹം പാട്ടുപാടാന്‍ ആവശ്യപ്പെട്ടിരുന്നു. ബംഗാളില്‍ നിന്നും സ്വയംസേവകര്‍ വന്നാല്‍ ബംഗാളി ഗീതവും രവീന്ദ്രസംഗീതവും അവരോടൊപ്പം ചേര്‍ന്ന് അദ്ദേഹവും പാടുമായിരുന്നു. അദ്ദേഹം എല്ലാവരുടെയും വിശ്വാസപാത്രമായിരുന്നു. ശ്രീഗുരുജി എഴുതിയ അവസാനത്തെ മൂന്ന് കത്തുകള്‍ സൂക്ഷിക്കാന്‍ ഏല്‍പിച്ചത് അദ്ദേഹത്തെയായിരുന്നു. തന്റെ മരണശേഷം അവ തുറന്നുവായിക്കണമെന്ന നിര്‍ദ്ദേശവും അദ്ദേഹത്തിനു തന്നെയാണ് നല്‍കിയിരുന്നത്.
അടിയന്തരാവസ്ഥയില്‍ ദാണെ ജയിലിലടയ്ക്കപ്പെട്ടപ്പോള്‍ അവിടെ സംഘ സ്വയംസേവകരെ കൂടാതെ സോഷ്യലിസ്റ്റുപാര്‍ട്ടി, സംഘടനാ കോണ്‍ഗ്രസ്, ജമാ-അതെ-ഇസ്ലാമി എന്നീ സംഘടനകളുടെ പ്രവര്‍ത്തകരും തടവുകാരായിട്ടുണ്ടായിരുന്നു. അവരെല്ലാമായി ക്ഷീരസാഗര്‍ജി അടുത്തബന്ധം പുലര്‍ത്തിയിരുന്നു. അദ്ദേഹത്തിന്റെ മുറിയിലുണ്ടായിരുന്ന മറ്റൊരു തടവുകാരന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിക്കാരനായിരുന്നു. തൊട്ടടുത്ത മുറിയില്‍ ഭാരതീയ ജനസംഘത്തിന്റെ ഒരു പ്രവര്‍ത്തകനും സംഘടനാ കോണ്‍ഗ്രസിന്റെ ഒരു പ്രവര്‍ത്തകനും ആണുണ്ടായിരുന്നത്. ഇവരോടെല്ലാം കളിതമാശകള്‍ പറഞ്ഞും മറ്റ് വിഷയങ്ങളെക്കുറിച്ച് സംസാരിച്ചും തികഞ്ഞ സ്‌നേഹത്തോടെയാണ് അദ്ദേഹം കഴിഞ്ഞിരുന്നത്.
പ്ലൂരസി രോഗബാധിതനായ അദ്ദേഹത്തിന് റാണെയിലെ കാലാവസ്ഥ ദോഷകരമാണെന്നതിനാല്‍ മറ്റെവിടേക്കെങ്കിലും തന്നെ മാറ്റണമെന്ന് അദ്ദേഹം അപേക്ഷിച്ചുവെങ്കിലും സര്‍ക്കാര്‍ അതിനുതയ്യാറായില്ല. അങ്ങനെ ദാണെയിലെ ജയിലില്‍ വെച്ചുതന്നെ അദ്ദേഹം മരണപ്പെട്ടു. അദ്ദേഹത്തിന്റെ മൃതദേഹം നാഗപ്പൂരേക്ക് കൊണ്ടുവന്നു. അവിടെ ബാബാസാഹേബ് ഘടാടെജിയുടെ വീട്ടില്‍ എത്തിച്ച മൃതദേഹത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍, അടിയന്തരാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടായിട്ടുപോലും അതിനെ പാടെ അവഗണിച്ച് അദ്ദേഹം സ്‌നേഹിച്ച, അദ്ദേഹത്തെ സ്‌നേഹിച്ച പരശ്ശതം സ്വയംസേവകരൊന്നിച്ചു കൂടി. മൃതദേഹവും കൊണ്ടുള്ള വിലാപയാത്രയില്‍ 'പാണ്ഡുരംഗപന്ത് അമര്‍ രഹെ' എന്ന് ഉദ്‌ഘോഷത്തോടെ അവരെല്ലാം പങ്കുചേര്‍ന്നു. നാഗപ്പൂരിലെ രേശിംബാഗിലെ സ്മൃതിഭവന്‍ അദ്ദേഹത്തിന്റെ സ്മരണയില്‍ പിന്നീട് പാണ്ഡുരംഗഭവന്‍ എന്നറിയപ്പെട്ടു.
(രാഷ്ട്രസാധന പതിപ്പില്‍ നിന്ന്)    

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments