Kesari WeeklyKesari

ഇതുകേട്ടില്ലേ?

ഇടതുസാഹിത്യകാരന്മാര്‍ ചൈനയ്ക്ക് പോകട്ടെ

on 21 April 2017

സംഘപരിവാറുകാര്‍ ടിക്കറ്റെടുത്തു തരുമെന്ന പ്രതീക്ഷയില്‍ പാകിസ്ഥാനിലേക്ക് പോകാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് കേരളത്തിലെ ഇടതു സാഹിത്യകാരന്മാര്‍. ഇസ്ലാമിക തീവ്രവാദത്തെ ന്യായീകരിക്കുന്നതും ദേശീയഗാനത്തെ അനാദരിക്കുന്നവരെ പ്രകീര്‍ത്തിക്കുന്നതുമായ നിലപാടുകാരണം സംഘപരിവാറുകാര്‍ തങ്ങളോടു പാകിസ്ഥാനിലേക്ക് പോകാന്‍ ആവശ്യപ്പെടുന്നു എന്നാണ് അവരുടെ വാദം. ഈ ഇടതുസാഹിത്യകാരന്മാര്‍ അത്യാവശ്യമായി വിമാനം കയറേണ്ടതു പാകിസ്ഥാനിലേയ്ക്കല്ല, ചൈനയിലേക്കാണ്. അവിടെ ചെന്ന് ചൈനീസ് പ്രസിഡന്റ് ജിങ്പിങിന് ഈ കോമ്രേഡുകള്‍ ഒരു സ്റ്റഡിക്ലാസ് നല്‍കണം. ഇസ്ലാമിക പ്രീണനം കൊണ്ട് കേരളത്തില്‍ സി.പിഎമ്മിനുണ്ടായ നേട്ടങ്ങള്‍ വിശദമായി വിവരിച്ചുകൊടുക്കണം.
ചൈനയിലെ സിങ്‌യാങ് പ്രവിശ്യയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇസ്ലാമിക ഭീകരവാദത്തിന്റെ വേരറുക്കുകയാണ്. പൊതുസ്ഥലത്ത് താടിനീട്ടിയവര്‍ പ്രവേശിക്കരുത്; പൊതുനിരത്തില്‍ ബുര്‍ഖധരിച്ച് സഞ്ചരിക്കരുത്. നോമ്പിന് ഉണ്ണാവ്രതം പാടില്ല എന്നിങ്ങനെയാണ് നിബന്ധന. ഇതിന് ജിങ്പിങ് ഇട്ടിരിക്കുന്ന ഓമനപ്പേരാണ് 'വന്‍ ഇരുമ്പുമറ' എന്ന്. യിശുര്‍ എന്ന തുര്‍ക്കി മുസ്ലീം വിഭാഗവും ചൈനീസ് ഹാങ് വംശജരും തമ്മിലുള്ള സ്പര്‍ദ്ധയില്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുസ്ലീങ്ങളെ ഉന്മൂലനം ചെയ്യുകയാണ്. മോദിയുടെ പേരില്‍ ഇവിടുത്തെ കമ്മ്യൂണിസ്റ്റുകള്‍ ചൊരിയുന്ന വ്യാജ ആരോപണങ്ങളുടെ പത്തിരട്ടിയാണ് യിശുകള്‍ ചൈനയില്‍ യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത്. കേരളത്തില്‍ മുസ്ലിം വോട്ടുബാങ്ക് പിടിക്കാന്‍ സി.പി.എം നടത്തുന്ന ചില സൂത്രങ്ങള്‍ ജിങ്പിങ്ങിനു ഉപദേശിച്ചുകൊടുക്കാന്‍ സച്ചിദാനന്ദാദികള്‍ക്ക് സാധിച്ചാല്‍ അതു ആഗോള വിപ്ലവമായി മാറില്ലേ? അതിനാല്‍ നമ്മുടെ ഇടതു ബുജികള്‍ ബീജിങ്ങിലേയ്ക്ക് ടിക്കറ്റെടുക്കട്ടെ!
———
വര്‍ഗ്ഗീസ് എന്ന പുലിവാല്
ജീവിച്ചിരിക്കുമ്പോള്‍ നക്‌സ്‌ലൈറ്റ് വര്‍ഗ്ഗീസ് സി.പി.എമ്മിന് തലവേദനയായിരുന്നു. മരിച്ചു മണ്ണടിഞ്ഞിട്ടും വര്‍ഗ്ഗീസ് ഉയര്‍ത്തുന്ന തലവേദന പാര്‍ട്ടിയെ ഭൂതംപോലെ പിന്തുടരുന്നു. വയനാട്ടില്‍ സി.പി.എമ്മിനെ വളര്‍ത്താന്‍ എത്തിയ വര്‍ഗ്ഗീസ് പാര്‍ട്ടി നേതൃത്വം ഭൂപ്രമാണിമാര്‍ക്കൊപ്പം നിന്ന് ആദിവാസികളെ ചൂഷണം ചെയ്യുന്നുവെന്നു തിരിച്ചറിഞ്ഞ് പാര്‍ട്ടി വിട്ടയാളാണ്. കരിങ്കാലി വര്‍ഗ്ഗീസിനെ അതിനാല്‍ പാര്‍ട്ടിക്ക് ന്യായീകരിക്കാനാവില്ല. എന്നാല്‍ വര്‍ഗ്ഗീസ് കൊടും കുറ്റവാളിയും കൊലയാളിയും കവര്‍ച്ചക്കാരനുമാണെന്നു സമ്മതിക്കാനും പാര്‍ട്ടിക്കു പറ്റില്ല. കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അങ്ങനെയാണ് പറയുന്നത്. ഇതുവാര്‍ത്തയായതോടെ സത്യവാങ്മൂലം യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിശ്ചയിച്ച അഭിഭാഷകന്‍ നല്‍കിയതാണെന്ന് കോടിയേരി ന്യായീകരണം കണ്ടെത്തി. വര്‍ഗ്ഗീസിനെ കൊടുംകുറ്റവാളി എന്നു വിളിച്ചാല്‍ അതു പാര്‍ട്ടിക്കെതിരെ ചിലര്‍ ആയുധമാക്കുമെന്ന ഭയം പാര്‍ട്ടിയ്ക്കുണ്ട്.
മാവോവാദികളും ഇസ്ലാമിസ്റ്റുകളും കൊണ്ടാടുന്ന വര്‍ഗ്ഗീസിനെ തിരിച്ചു പിടിക്കാന്‍ സി.പി.എമ്മിന് ധൈര്യംപോര. വര്‍ഗ്ഗീസിനെ അംഗീകരിച്ചാല്‍ വര്‍ഗ്ഗീസ് പാര്‍ട്ടിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്നു സമ്മതിക്കണം. വര്‍ഗ്ഗീസിനെ തള്ളിയാല്‍ കമ്മ്യൂണിസ്റ്റായ വര്‍ഗ്ഗീസിനുനേരെ മനുഷ്യാവകാശനിഷേധം നടത്തിയവരുടെ കൂട്ടത്തില്‍ പാര്‍ട്ടിയേയും പെടുത്തും. ജീവനുള്ള വര്‍ഗ്ഗീസിനെക്കാള്‍ ശല്യക്കാരന്‍ മരിച്ച വര്‍ഗ്ഗീസ് തന്നെ!

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments