Kesari WeeklyKesari

മതമൗലികവാദി -പരമ്പര

മഴയോടൊപ്പം-രജനി സുരേഷ്

on 21 April 2017

ടവമാസത്തിലെ രാത്രികള്‍ ശബ്ദകോലാഹലങ്ങളോടെ പെയ്തിറങ്ങുകയാണ്... നിദ്രാവിഹീനമായ രാവുകളുടെ നീണ്ടനിര തന്നെ മാനസികമായി തളര്‍ത്തിയിട്ടില്ലെന്ന് ഉഷാദേവി ചിന്തിച്ചു. പ്രകൃതി കനിഞ്ഞനുഗ്രഹിച്ചതുപോലെ രാത്രി മഴ ഇടതടവില്ലാതെ ധാരധാരയായി പെയ്‌തൊഴിയുന്നു. ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം പ്രകൃതീശ്വരി ഭൂമിയെ അമൃതത്തുള്ളികളാല്‍ വീണ്ടും അഭിഷേകം ചെയ്യുന്നു. മഴത്തുള്ളികള്‍ ഭൂമിയില്‍ പതിക്കുമ്പോള്‍ അതിന് പ്രത്യേകമായ ഒരു താളമുണ്ട്... ലയമുണ്ട്... ഭൂമിയില്‍ പതിച്ച തുള്ളികള്‍ ഭൂമീദേവിക്ക് സാന്ത്വനം പകരുന്നു. സര്‍വ്വചരാചരങ്ങള്‍ക്കും ആശ്വാസമേകുന്നു....
മേടത്തില്‍ വിഷു വന്നപ്പോള്‍ കണിക്കൊന്ന പൂത്തുലഞ്ഞ് പ്രകൃതി അടിമുടി മനോഹരിയായി ചമഞ്ഞതാണ്. അന്ന് വിഷുപ്പുലരിയില്‍ ഭഗവാനെ കണികണ്ടുണര്‍ന്ന് വിശ്വേട്ടന്റെ വീട്ടില്‍ പോകുമ്പോള്‍ എന്തെന്നില്ലാത്ത ആഹ്ലാദം മനസ്സില്‍ അലതല്ലുകയായിരുന്നു.... അവിടെ വിശ്വേട്ടന്റെ അമ്മ ചാണകം മെഴുകിയ തറയില്‍ അരിമാവുകൊണ്ട് കോലം അണിഞ്ഞ് കൃഷി ആയുധങ്ങള്‍ വെച്ച് പൂജിക്കുമ്പോള്‍ അതിനടുത്ത് കല്‍ത്തൂണില്‍ ചാരിനിന്നതോര്‍മ്മയുണ്ട്. മധുരം ചേര്‍ക്കാത്ത അടയുണ്ടാക്കി എല്ലാവര്‍ക്കും വീതം വെയ്ക്കുമ്പോള്‍ തന്റെ കൊതികണ്ട് ഒരു കഷ്ണം കൂടുതല്‍ തന്ന് അമ്മ തന്നോടുള്ള സ്‌നേഹക്കൂടുതല്‍ വെളിവാക്കിയപ്പോള്‍ മനസ്സില്‍ കുളിര്‍ കോരിയിട്ട അനുഭൂതിയാണ് ഉണ്ടായത്.
ഓര്‍മ്മിച്ചെടുക്കുവാന്‍ കഴിയുന്നില്ല... ചിന്തകളെ വീണ്ടും പിറകോട്ട് നയിക്കുമ്പോള്‍ നെറ്റിയില്‍ തീക്ഷ്ണമായ ചൂട് അനുഭവപ്പെടുന്നു. ... അന്ന്... അന്നു രാത്രിയല്ലേ തന്റെ വയര്‍ കുത്തിപ്പറിക്കുന്ന വേദന ആദ്യമായി അനുഭവപ്പെട്ടത്....? വേദന അസഹ്യമായപ്പോള്‍ വയറില്‍ തലയിണ കമഴ്ത്തിവെച്ച് അനങ്ങാതെ കിടന്നതോര്‍മ്മയുണ്ട്. വിശ്വേട്ടനോട് പറഞ്ഞാല്‍ ഈ ചെറിയ വേദനയെ വലുതാക്കി ചിത്രീകരിച്ച് ആശുപത്രിയിലെത്തിക്കും... അതുകൊണ്ട് രാത്രിയിലുണ്ടായ നൊമ്പരത്തെ ഒരു തരത്തിലും വിശദീകരിക്കുവാന്‍ മെനക്കെട്ടില്ല...
പിറ്റേന്ന് രാവിലെ വിശ്വേട്ടനോടൊപ്പം തിരിച്ച് വീട്ടിലെത്തി. വിഷ്ണുവിനെ ട്യൂഷനയക്കാനും, വിശ്വേട്ടനെ ഓഫീസിലയക്കാനും വേണ്ടി ഓടി നടന്ന് വീട്ടുജോലികള്‍ ചെയ്തു. വൈകുന്നേരങ്ങളില്‍ തന്റെ വയറിനെ കാര്‍ന്നു തിന്നുന്ന നൊമ്പരം വീണ്ടും അനുഭവപ്പെടാന്‍ തുടങ്ങി. ആവി പറക്കുന്ന ചുക്കുകാപ്പി ഉണ്ടാക്കി കുടിച്ചപ്പോള്‍ ഒരാശ്വാസം തോന്നി.
ഓഫീസ് വിട്ടുവന്ന വിശ്വേട്ടന്‍ അന്ന് നല്ല ഉന്മേഷത്തിലായിരുന്നു.
''നമുക്കിന്ന് പുറത്തൊന്നിറങ്ങാം... ഔട്ടിങ്ങിന്  പോയാലോ.. ഹോട്ടലില്‍ നിന്ന് അത്താഴവും കഴിക്കാം. എന്താ?'' വീട്ടില്‍ എല്ലാവിഭവങ്ങളും ഒരുക്കിയിട്ടുണ്ടെങ്കിലും വിശ്വേട്ടന്റെ ആഗ്രഹത്തിന് തടസ്സം നില്‍ക്കേണ്ടെന്ന് തോന്നി. വിശ്വേട്ടനോടൊപ്പം കോഫി ഹൗസില്‍ നിന്ന് ആഹാരം കഴിക്കുമ്പോഴും ഇടയ്ക്കിടെ മിന്നല്‍പ്പിണര്‍ പായിച്ചുകൊണ്ട് വയറിന്റെ വേദന അസ്വസ്ഥത സൃഷ്ടിച്ചു.... കോഫിഹൗസിലെ മസാലദോശ തന്റെ ഇഷ്ടവിഭവമാണ്. പക്ഷേ ഇന്ന് ഒരു സ്വാദും തോന്നുന്നില്ല. വിഷ്ണുവും വിശ്വേട്ടനും വാതോരാതെ സംസാരിച്ചു കൊണ്ടിരിക്കുകയാണ്. അതില്‍ പങ്കെടുക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു.
രാത്രി കിടക്കുമ്പോള്‍ വിശ്വേട്ടനോട് കാര്യം അവതരിപ്പിച്ചു. ഒന്നു രണ്ടുദിവസം വേദന അനുഭവിച്ചതും പറയേണ്ടി വന്നു. നാളെ രാവിലെ തന്നെ ആശുപത്രിയില്‍ പോകാമെന്നു പറഞ്ഞ് വിശ്വേട്ടന്‍ തന്നെ സാന്ത്വനിപ്പിക്കുകയായിരുന്നു. അസുഖ വിവരങ്ങള്‍ പറയാത്തതിന് വിശ്വേട്ടന്‍ കുറച്ചൊന്ന് ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു.
രാവിലെതന്നെ വിഷ്ണുവിനെ ട്യൂഷനയച്ചു. പത്രമെടുത്ത് വെറുതെയൊന്ന് കണ്ണോടിച്ചു. കേരളത്തില്‍ അരലക്ഷത്തോളം വരുന്ന ജനങ്ങള്‍ അര്‍ബുദരോഗത്തിന് തിരുവനന്തപുരം ആര്‍.സി.സി.യില്‍ ചികിത്സതേടുന്നുണ്ടെന്ന് വായിച്ചു. പത്രം മടക്കി പതുക്കെ എഴുന്നേറ്റു. മനസ്സിന്റെ ശാന്തത നഷ്ടപ്പെടുത്തുന്ന പത്രറിപ്പോര്‍ട്ടുകള്‍... കൊള്ളകള്‍ പീഡനങ്ങള്‍... അഴിമതികള്‍... രാഷ്ട്രീയ ചര്‍ച്ചകള്‍... അങ്ങനെ എന്തെല്ലാം വാര്‍ത്തകളാണ് ദിനംപ്രതി പത്രങ്ങളില്‍ ഇടം പിടിക്കുന്നത്? പക്ഷേ ഇന്നത്തെ വാര്‍ത്ത മനസ്സിനെ ഭീതിദമാക്കുകയാണ്. കേരളത്തില്‍ അരലക്ഷത്തോളം പേര്‍ ക്യാന്‍സറിന്റെ പിടിയിലാണെന്ന്... ജീവിത ശൈലി രോഗങ്ങളുടെ ഇടയില്‍ അര്‍ബുദവും ഇടം പിടിക്കുന്നുവോ?.... എന്തായാലും ജീവന്റെ നിസ്സാരതയെക്കുറിച്ച് ചിന്തിച്ചുപോകുന്ന സന്ദര്‍ഭങ്ങള്‍... ക്രോധം... സമ്പത്ത്, സൗന്ദര്യം, വിദ്യ മുതലായവയിലുള്ള അഹങ്കാരം, എല്ലാം നിഷ്ഫലമാണെന്നു സൂചിപ്പിക്കുന്ന നിമിഷങ്ങള്‍... അന്തഃകരണശുദ്ധിനേടി പരദ്രോഹം ചെയ്യാതെ സര്‍വ്വചരാചരങ്ങളിലും ദയ കാണിച്ച് അത്യാഗ്രഹമില്ലാതെ ജീവിക്കേണ്ട അമൂല്യനിമിഷങ്ങള്‍.... സാഹചര്യം മനുഷ്യനെ ഓര്‍മ്മിപ്പിക്കുന്ന അവസ്ഥാന്തരങ്ങള്‍... ദൈവമേ... ജീവിതത്തില്‍ നേരിടേണ്ടി വരുന്ന പരീക്ഷണങ്ങള്‍ എന്തൊക്കെയാണ്?
വിശ്വേട്ടനെ ഓഫീസിലേയ്ക്കയയ്ക്കാന്‍ വേണ്ടി വേഗം അടുക്കളയില്‍ കയറി ഭക്ഷണമെല്ലാം എടുത്തുവെച്ചു. പക്ഷേ യാതൊരു തരത്തിലും തിരക്കു കാണിക്കാതെ വിശ്വേട്ടന്‍ വന്ന് ഭക്ഷണം കഴിച്ചു. ഒപ്പം തന്നെയുമിരുത്തി കഴിപ്പിക്കുകയായിരുന്നു. തന്നോട് വേഗം റെഡിയായി വരാന്‍ പറഞ്ഞപ്പോഴാണോര്‍ത്തത്.
''ഈ വയറുവേദന വെച്ചുകൊണ്ടിരിക്കാതെ ഇന്ന് തന്നെ ഡോക്ടറെ കാണിക്കാമെന്നല്ലേ വിശ്വേട്ടന്‍ പറഞ്ഞത്. അങ്ങനെതന്നെയാകട്ടെ... അസുഖങ്ങള്‍ വെച്ചുകൊണ്ടിരുന്നാല്‍ ബുദ്ധിമുട്ടാണ്... സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടെന്നാണല്ലോ പറയാറുള്ളത്.''
പെട്ടെന്നു തന്നെ സാരിയുടുത്ത് ഇറങ്ങുകയായിരുന്നു. നഗരത്തിലെ പ്രശസ്തമായ ഹോസ്പിറ്റലിനു മുന്നിലാണ് വിശ്വേട്ടന്‍ കാര്‍ നിര്‍ത്തിയത്. സാധാരണ കാറില്‍ കയറിയാല്‍ വാചാലനാകുന്ന വിശ്വേട്ടന്‍ അന്നു മൗനിയായി കാണപ്പെട്ടു. ഓഫീസിലെ കാര്യങ്ങള്‍ ആലോചിച്ചായിരിക്കും എന്ന് ചിന്തിച്ച് കൂടുതല്‍ ചോദിക്കാനും നിന്നില്ല. ഇന്നിപ്പോള്‍ പെട്ടെന്നുതന്നെ ഡോക്ടറെ കാണിച്ച് വിശ്വേട്ടന് ഓഫീസില്‍ പോകാവുന്നതേയുള്ളു.
ഹോസ്പിറ്റലിന്റെ വിശാലമായ വരാന്തയില്‍ രോഗികള്‍ക്കായി വിഭജിക്കപ്പെട്ടിട്ടുള്ള സീറ്റില്‍ ഒ.പി. ടിക്കറ്റെടുത്ത് ഇരിക്കുമ്പോള്‍ വിഷ്ണുവിന് ഇന്നു വൈകീട്ട് എന്തു ഭക്ഷണം നല്‍കുമെന്ന ചിന്തയിലായിരുന്നു. അങ്ങനെ തന്റെ ഊഴം വന്നു. വെളുത്തു മെലിഞ്ഞ് സുന്ദരിയായ പെണ്‍കുട്ടി 'ഉഷാദേവി' എന്നു ഉറക്കെ വിളിച്ചപ്പോള്‍ ചിന്തകള്‍ക്ക് കടിഞ്ഞാണിട്ട് ധൃതിയില്‍ വിശ്വേട്ടനോടൊപ്പം ഡോക്ടറുടെ മുറിയില്‍ കയറി. രോഗിയുടെ ഇരിപ്പിടത്തിലിരുന്ന് വയറുവേദന വിശദീകരിച്ചപ്പോള്‍ ഒരക്ഷരം ഉരിയാടാതെ ഡോക്ടര്‍ സ്‌കാനിങ്ങിന് നിര്‍ദ്ദേശിക്കുകയായിരുന്നു. സ്‌കാനിങ്ങ് റൂമിനു മുന്നില്‍ നീണ്ട കാത്തിരിപ്പിനുശേഷം ഒടുവില്‍ ആ ഊഴവും തന്നെ തേടിയെത്തി. സ്‌കാനിങ്ങ് കഴിഞ്ഞ് റിപ്പോര്‍ട്ട് കിട്ടാന്‍ അര മണിക്കൂര്‍ താമസമുണ്ടെന്നറിഞ്ഞപ്പോള്‍ കാന്റീനില്‍ കയറി ഒരു ചൂടു ചായ കുടിച്ചു. വീണ്ടും റിപ്പോര്‍ട്ടുമായി ഡോക്ടറുടെ മുന്നിലെത്തി. റിപ്പോര്‍ട്ട് പരിശോധിച്ച് ഡോക്ടര്‍ പറഞ്ഞതോര്‍മ്മയുണ്ട്.
''ഇന്നിവിടെ അഡ്മിറ്റ് ആയിക്കൊള്ളു. ഒരു വിദഗ്ധ പരിശോധന വേണം.''
അങ്ങനെയാണ് ആശുപത്രിയിലെ പുതിയ കെട്ടിടത്തിലേക്ക് പ്രവേശിച്ചത്. കെട്ടിടത്തില്‍ കയറിയ ഉടനെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ കയറിയ പ്രതീതി അനുഭവവേദ്യമായി. പ്രൗഢഗംഭീരമായ വിസ്തൃതമായ നീണ്ട ഇടവഴികളില്‍ കൂടി മുന്നേറി മുറിയില്‍ പ്രവേശിച്ചു. സുഖവാസകേന്ദ്രങ്ങളിലെ മോടിയെ വെല്ലുന്ന ആധുനിക സജ്ജീകരണങ്ങള്‍ കണ്ട് ഒരു നിമിഷം ശങ്കിച്ചു. സംശയനിവാരണത്തിനായി വിശ്വേട്ടനോട് ചോദിച്ചു ''നമ്മള്‍ ആശുപത്രിയില്‍ തന്നെയല്ലേ വിശ്വേട്ടാ...'' ''ഇതെല്ലാം ആരോഗ്യരംഗത്തെ കച്ചവടതന്ത്രങ്ങളാണെടോ'' എന്ന മറുപടിയില്‍ വിശ്വേട്ടന്‍ എല്ലാം ഒതുക്കി.
പിന്നീടങ്ങോട്ട് ദിവസങ്ങളോളം നിരന്തരമായ പരിശോധനകള്‍... ഒരുപാട് സൂചികള്‍ ശരീരത്തില്‍ കുത്തിയതിന്റെ പാടുകള്‍... മരവിച്ച മനസ്സുമായി വിശ്വേട്ടനെ നോക്കിയ നിമിഷങ്ങള്‍... ഒടുവിലറിഞ്ഞു... താന്‍ അര്‍ബുദരോഗത്തിനടിമയാണെന്ന്. വയറില്‍ ഗര്‍ഭപാത്രത്തിലാണത്രെ... ചുറ്റും വ്യാപിക്കാനുള്ള സാധ്യതയും ഉണ്ട്... മുത്തശ്ശിക്കഥ പോലെ എല്ലാം കേട്ടിരുന്നു... തുടര്‍ന്ന് നിരന്തരമായ കീമോതെറാപ്പികള്‍... വിശ്വേട്ടനിഷ്ടമുള്ള ചുരുണ്ട് ഇടതൂര്‍ന്ന മുടിയിഴകള്‍ ഓരോന്നായി കൊഴിഞ്ഞുപോകുന്നുണ്ട്.
ശരീരത്തിന്റെ ക്ഷീണവും മനസ്സിന്റെ തളര്‍ച്ചയും മാറ്റിയെടുക്കുവാന്‍ ആദ്ധ്യാത്മികതയെ കൂട്ടുപിടിച്ചു. വിശ്വേട്ടന്റെയും വിഷ്ണുമോന്റെയും അവസ്ഥയാണ് സഹിക്കുവാന്‍ കഴിയാത്തത്. ദുഃഖം ഘനീഭവിച്ചു നില്‍ക്കുന്ന വിശ്വേട്ടന്റെ മുഖം.. പെയ്‌തൊഴിയാതെ കാര്‍മേഘം മൂടിക്കെട്ടിയ ആകാശംപോലെ... വിഷ്ണുവിന് അസുഖത്തിന്റെ തീവ്രത മനസ്സിലാക്കാനായിട്ടില്ല. എങ്കിലും അമ്മയ്ക്ക് എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നത് അവന്‍ മറഞ്ഞു നിന്ന് നിരീക്ഷിക്കുന്നുണ്ട്... പറഞ്ഞുകേട്ടിട്ടേയുള്ളു. കീമോതെറാപ്പികള്‍ വേദനാജനകമാണെന്ന്... ശരീരത്തിലെ ഓരോ അണുവിലും വേദന തുളച്ചു കയറുന്നതുപോലെ.. എരിതീയില്‍ ചുട്ടുനീറുന്നതുപോലെ. എങ്കിലും മനോധൈര്യം വിട്ടില്ല.
വിശ്വേട്ടന്റെ അമ്മയാണ് ആശുപത്രിയില്‍ കൂട്ട്. മകന്റെ ബാല്യത്തിലെ വിരുതുകള്‍ വിശദീകരിക്കാറുള്ള അമ്മ മൗനിയായി കര്‍ത്തവ്യനിര്‍വ്വഹണം പോലെ തനിക്കുള്ള ഭക്ഷണവും മരുന്നുകളും നേരാനേരങ്ങളില്‍ തന്നുകൊണ്ടിരുന്നു. പറയാതെപോയ കുസൃതികള്‍ അവരുടെ നാവിന്‍തുമ്പത്തുണ്ടെന്ന് തോന്നുന്നു. പക്ഷേ ഈശ്വരനാമങ്ങള്‍ ചൊല്ലുന്നതില്‍ വ്യാപൃതയായി തന്നോടൊപ്പം മണിക്കൂറുകള്‍ തള്ളി നീക്കുകയാണമ്മ.
ഇന്നലെ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞതാണ് ഗര്‍ഭപാത്രം എടുത്തുകളയുക മാത്രമാണ് ഇനിയുള്ള പ്രതിവിധി എന്ന്. മറ്റു ഭാഗങ്ങളിലേക്ക് അസുഖം ചെറിയ തോതില്‍ പടര്‍ന്നതിനാല്‍ അതും റിസ്‌ക്കാണ്. എന്തിനും തന്റെ മനസ്സ് പാകപ്പെട്ടു കഴിഞ്ഞിരിക്കുന്നു. വിശ്വേട്ടന് നല്ല വിഷമമുണ്ടെന്ന് തോന്നുന്നു. വിഷ്ണുവിന് ഒരു കൂട്ടുണ്ടാവുകയില്ലല്ലോ എന്നോര്‍ത്തായിരിക്കണം. പക്ഷേ അത് ചെയ്തില്ലെങ്കില്‍ വീണ്ടും അസുഖം വരാനുള്ള സാധ്യതയുണ്ടെന്നാണ് ഡോക്ടറുടെ നിഗമനം. കീമോ ചെയ്ത് വിഷവിത്തുകളെ കരിച്ചുകളഞ്ഞിരിക്കുന്നു. ദിവസങ്ങള്‍ എണ്ണിക്കാത്തിരിക്കുകയേ മാര്‍ഗ്ഗമുള്ളു.
ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട തിയ്യതി നിശ്ചയിച്ചു കഴിഞ്ഞിരിക്കുന്നു. ഒരാഴ്ചകൂടിയുണ്ട്. ജീവിതത്തിലെ പരീക്ഷണഘട്ടം തരണം ചെയ്യാന്‍....
ഓര്‍മ്മകള്‍ക്ക് വിടനല്‍കിയേ തീരൂ... ആശുപത്രിയും പരിസരവും വീര്‍പ്പുമുട്ടിക്കുന്ന അസ്വസ്ഥതകള്‍ നല്‍കിക്കൊണ്ട് മുന്നിലെത്തുന്നു. ഇത്രനേരം തന്നെ വേദനകള്‍ കുത്തിനോവിക്കാത്തതില്‍ അത്ഭുതം തോന്നി.
ഇടവപ്പാതി ഇടതടവില്ലാതെ ശക്തമായി പെയ്തിറങ്ങുന്നു. ഒന്നിനുമുകളില്‍ ഒന്നായി ഭൂമിയില്‍ വെള്ളത്തുള്ളികള്‍ ചൊരിഞ്ഞ് രാത്രിമഴ ഹര്‍ഷാരവം മുഴക്കുന്നു. ഈ കിടപ്പില്‍തനിക്ക് സ്‌നേഹസ്പര്‍ശം പോലെ തണുത്ത കാറ്റ് ആശുപത്രിയുടെ ജനാലകള്‍ വഴി വന്ന് തൊട്ടുതലോടുന്നു. ജാലകങ്ങള്‍ ഒന്നുകൂടി മലര്‍ക്കെ തുറന്ന് കറുത്ത മൂടുപടം അണിഞ്ഞ ആകാശത്തിലേക്ക് കണ്ണിമ ചിമ്മാതെ നോക്കിനിന്നു... ആരോ വാനില്‍ നിന്ന് കുടം കമഴ്ത്തിയതുപോലെ... ജലധാരകള്‍.
ഇരവ് പേടിപ്പെടുത്തുന്നതിനു പകരം ആശ്വാസമായെത്തുകയാണ്. രണ്ടു ദിവസം കഴിഞ്ഞാല്‍ ഓപ്പറേഷന്‍ വിജയമായാല്‍ താന്‍ ആരോഗ്യവതിയായി ജീവിക്കും... എങ്കില്‍ അതൊരു പുനര്‍ജന്മം തന്നെയായിരിക്കും. മനസ്സ് ശാന്തത കൈവരിക്കുവാന്‍ ഭഗവദ്‌നാമങ്ങള്‍ ഉരുവിട്ടു. കണ്ണടച്ചു കിടന്നു... എപ്പോഴോ ഒന്ന് മയങ്ങിയതറിഞ്ഞില്ല. രാവിലെ ചിരിച്ച മുഖവുമായി നേഴ്‌സ് മുന്നില്‍ നില്‍ക്കുന്നു.  അവരുടെ പരീക്ഷണങ്ങള്‍ക്ക് കിടന്നു കൊടുത്തു. മനസ്സിപ്പോള്‍ സമചിത്തത കൈവരിച്ചു കഴിഞ്ഞിരിക്കുന്നു. വികാര വിക്ഷുബ്ധ ചിത്തത്തെ പാടുപെട്ട് നിയന്ത്രിക്കുകയായിരുന്നു.
അന്തഃരംഗം ഇപ്പോള്‍ നിര്‍മ്മലമാണ്.. സ്ഫടികപാത്രം പോലെ പരിശുദ്ധം... ഭീതിയോ, നിര്‍വികാരതയോ, മടുപ്പോ ഒന്നുമില്ലാതെ ആത്മനിയന്ത്രണം നേടിക്കഴിഞ്ഞു. ഉച്ചയ്ക്ക് ഭക്ഷണവുമായി വന്നപ്പോള്‍ വിശ്വേട്ടന്‍ എന്തൊക്കെയോ സംസാരിച്ചു. കൂടുതലും വിഷ്ണുവിന്റെ കുസൃതികളായിരുന്നു. വിശ്വേട്ടന്റെ അമ്മയും പതിവിലുമധികം ഉത്സാഹവതിയായി കാണപ്പെട്ടു.
ഇടവമാസത്തിലെ കോരിച്ചൊരിയുന്ന മഴയിലും ഭൂമിദേവിയ്ക്ക് ഏഴഴക്... ഒരു സംഗീതം പോലെ തന്റെ ചെവിയില്‍ മഴയുടെ ഇരമ്പം കേള്‍ക്കാം. സുഖനിദ്രയില്‍നിന്ന് പതുക്കെപതുക്കെ കണ്‍തുറന്നു. തന്നെ സ്ട്രച്ചറില്‍ ഓപ്പറേഷന്‍ തിയ്യേറ്ററിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. സുസ്‌മേരവദനയായിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഫലമെന്തായാലും തനിക്കു ചുറ്റുമുള്ളവര്‍ സന്തോഷമായിരിക്കട്ടെ. ഓപ്പറേഷന്‍ തിയ്യറ്ററിന്റെ വാതിലില്‍ എത്തിയപ്പോള്‍ തന്നോടൊപ്പം അനുഗമിച്ചവര്‍ ഓരോരുത്തരായി അകന്നകന്നു പോകുന്നതായറിഞ്ഞു... കൈപിടിച്ചു കൂടെയുണ്ടായിരുന്ന വിശ്വേട്ടനും തന്നില്‍ നിന്നകലത്തിലാവുന്നു... ഒന്നും ഓര്‍മ്മയില്ല... കണ്ണടച്ചുകിടന്നു. വിവിധ വര്‍ണ്ണങ്ങള്‍ മുന്നില്‍ നൃത്തം ചെയ്യുന്നു. അഴകിന്റെ മേളനം... കൂരാകൂരിരുട്ട് കണ്ണുകളിലേക്ക് പ്രവഹിക്കുന്നു. നിമിഷങ്ങള്‍... മണിക്കൂറുകള്‍ ഇഴഞ്ഞിഴഞ്ഞ് നീങ്ങുന്നു...
ഒടുവില്‍... പതുക്കെ മിഴികള്‍ തുറന്നു... ചുറ്റും ആകാംക്ഷാഭരിതരായി നില്‍ക്കുന്ന മുഖങ്ങള്‍... വ്യത്യസ്ത ഭാവങ്ങളോടുകൂടിയ വദനങ്ങള്‍... ജീവിതത്തിന്റെ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയാക്കിക്കഴിഞ്ഞതുപോലെ വിശ്വേട്ടന്റെ മുഖത്ത് ആത്മവിശ്വാസം. ഭഗവാന്റെ തിരുനാമങ്ങള്‍ ചൊല്ലിത്തഴമ്പിച്ച അമ്മയുടെ മുഖത്ത് ആത്മീയതയുടെ തിളക്കം.
ഒരാഴ്ച കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് പോരുമ്പോള്‍ ഡോക്ടര്‍ പറയുകയായിരുന്നു. രോഗിയുടെ വിശ്വാസമാണ് ഏറ്റവും പ്രധാനം. രോഗം മാറുമെന്നുള്ള പൂര്‍ണ്ണബോധം. ഒപ്പം അലകളൊഴിഞ്ഞ, തിരയടിക്കാത്ത ശാന്തമായ ചിത്തം... മരുന്നുകളോട് പ്രതികരിക്കുവാന്‍ ആവശ്യമായ സാഹചര്യം ഉഷാദേവി തന്നെ ഒരുക്കുകയായിരുന്നു.
ഹോസ്പിറ്റലില്‍ നിന്നിറങ്ങുമ്പോള്‍ മഴ പെയ്‌തൊഴിഞ്ഞിരുന്നു. വൃക്ഷലതാദികളെ തഴുകി മന്ദമാരുതന്‍ വീശുന്നു. പച്ചിലച്ചാര്‍ത്തുകളില്‍ ജലകണങ്ങള്‍ തുളുമ്പി നില്‍ക്കുന്നു. തണുപ്പകറ്റാന്‍ വിശ്വേട്ടനെ പറ്റിച്ചേര്‍ന്നിരുന്നു. ആ മഴയുള്ള രാത്രികളില്‍ മഴയോടൊപ്പം സഞ്ചരിച്ച ദിനങ്ങള്‍... ഓര്‍ക്കാന്‍ ഒരു പിടിവേദനകള്‍... ഓര്‍മ്മിക്കുവാന്‍ ഇഷ്ടപ്പെടാത്ത ചില അസ്വസ്ഥതകള്‍... എല്ലാം ഇവിടെ കുഴിച്ചുമൂടട്ടെ... മിഴികളടച്ച് ശാന്തമായി കിടന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments