Kesari WeeklyKesari

കവിത

ജനാലകളും വാതിലും-പി നാരായണക്കുറുപ്പ്

on 21 April 2017

ചേലാര്‍ന്നവീടാണ്, കേറാനോ വാതിലും
പെരിയ ജനാലകളും
എല്ലാം തുറന്നിട്ടു കാറ്റേറ്റു വെയിലേറ്റു
സ്വര്‍ലോകം പോലെ കേമം!

അന്നൊരു കാറ്റത്തു ശബ്ദം കേട്ടപ്പം
ഒന്നാം ജനാലയടഞ്ഞു-
പിന്നെത്തുറക്കാന്‍ പണി- അതടഞ്ഞാലും
ഖിന്നതവേണ്ടെന്നുറച്ചു.
വേറെയുമുണ്ടു ജനാലകള്‍ ചുറ്റിനു-
മേറെയായ്, ഞാനാശ്വസിച്ചു.
പിന്നെ മഴയത്തു ശബ്ദം കേട്ടപ്പം
രണ്ടാം ജനാലയടഞ്ഞു-
അങ്ങനെയാവട്ടെ, ചെന്നു തുറക്കുവാന്‍
പൊങ്ങിയില്ലെന്റെ കരങ്ങള്‍.
പിന്നെ വെയിലത്തു ശബ്ദം കേട്ടപ്പം
മൂന്നാം ജനാലയടഞ്ഞു.
പേടിപ്പിക്കേണ്ടിനി രണ്ടു ജനാലകള്‍
കൂടിയുണ്ടല്ലോ ശരിക്കും!

പിന്നെക്കുളുര്‍ കാറ്റു വീണപ്പം നാലാമന്‍
താനേയടഞ്ഞു ജനാല
ഉണ്ടിനിബാക്കിയെന്നോര്‍ത്തുഞാന്‍ ചുമ്മാതെ
നീണ്ടുനിവര്‍ന്നു കിടന്നു.
പഞ്ചമന്‍ ജന്നാല ശബ്ദമില്ലാതെയാ
ണിന്നടയുന്നു- ഞാന്‍ വെമ്പി
പ്രാണന്‍ ലഭിക്കില്ലീ വീട്ടില്‍ എന്നോര്‍ത്തപ്പോള്‍
ഞാനാകെയൊന്നു വിതുമ്പി
മോക്ഷകവാടം-സൃഹദ്കവാടം- അതേ
ബാക്കിയിനിയുള്ളെന്‍ മുമ്പില്‍
മുമ്പത്തെ വാതില്‍ തുറക്കുന്നതെന്നാവോ-
ചിന്തിക്കാനാണെന്റെ യോഗം.
**** 
എന്തീ ജനാലയിലൂടെയൊഴുക്കി,യെ-
ന്നന്തരംഗത്തില്‍ നിറഞ്ഞ നാദം?
തെങ്ങോലത്തുമ്പുവി, ട്ടെന്‍ ജനാലപ്പടി
തങ്ങുമിഭൂതന്റെ താരനാദം
കോരിനിറയ്ക്കുകയാണെന്‍ ശ്രവണത്തില്‍
ആരുമറിയാത്ത വീണാരവം
പൂങ്കുയിലാണോ കുരുവിയാണോ- തെല്ലു-
കാണ്‍കവയ്യപ്പോള്‍ പറന്നകലും
നാദമൊന്നേ നിലനില്‍ക്കുന്നിതുള്ളിലും
കാതിലും പുര്‍വ സ്മൃതികളിലും
ഞാനറിയുന്നൂ ദിനകരരശ്മികള്‍
നൂണെന്നകത്തളം പൂകിയെന്ന്
ഞാനറിയുന്നു സുമ സൂര്യകാന്തികള്‍
തേനും പരാഗവും നേടിയെന്നും
ഒന്നും തിരിയാതെ പോയേനേ നീയെന്നെ 
വന്നുണര്‍ത്താതെ മറഞ്ഞുവെങ്കില്‍
കര്‍ക്കശമെന്റെ ജനാല-തുറക്കാതെ
കണ്ണടച്ചേവം ഇരുന്നോട്ടെ ഞാന്‍;
വാതില്‍ പതുക്കെത്തുറന്നിടാം നിന്‍സ്വര-
മാധുരി കേള്‍ക്കട്ടെ മന്ത്രതുല്യം
സൂര്യനും ദിക്കും തിരിച്ചറിയാന്‍ നിന്റെ
താരനാദത്തെയാണാശ്രയിപ്പൂ

മോക്ഷവും മോക്ഷകവാടവും ഈ വീടു-
മാത്രം- പടിയില്‍ നീ വന്നിരുന്നാല്‍;
വാതിലില്‍ നിന്നും അകത്തളത്തേക്കു ഞാന്‍
ആവാഹിക്കാനായ് പണിപ്പെടുമ്പോള്‍,
ഏതോക്കെയോ പടുവാക്കിലെ കൃത്രിമ-
മോടിയൊന്നാണിത്ര നാളും നേടി!
ആദിശബ്ദത്താല്‍ മുഴങ്ങിയ നിന്‍സ്വനി
കാതില്‍ മാത്രം- നാവിലെത്തുന്നില്ല!
നഷ്ടപ്പെടാമതും, ഞാനോര്‍ത്തു പോവുന്നു
നിഷ്ഠൂരം മര്‍ത്ത്യനിയതിശീലം
മുറ്റത്തു പത്രമെറിഞ്ഞ ശബ്ദം- ''പത്രം
പത്രം'' എന്നുള്ള മുറവിളിയും!

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments