Kesari WeeklyKesari

ലേഖനം..

മിഥ്യകളുടെ അടിത്തറയില്‍ പണിഞ്ഞ കമ്മ്യൂണിസം- വി. അതുല്‍

on 21 April 2017
Kesari Article

ഭാരതത്തില്‍ വിശേഷിച്ചും കേരളത്തില്‍ ഏറ്റവും നിശിതമായി കമ്മ്യൂണിസത്തെ വിമര്‍ശിക്കുന്നവര്‍ പോലും പൊതുജനങ്ങള്‍ക്ക് പകര്‍ന്നു നല്‍കി പോരുന്ന ഒരു ധാരണയുണ്ട്. കമ്മ്യൂണിസവും മാര്‍ക്‌സിസവുമൊക്കെ വളരെ മഹത്തായ ആശയസംഹിതകളാണെന്നും അതിന് അധഃപതനം സംഭവിച്ചത് പ്രയോഗത്തില്‍ വരുത്തിയവരുടെ കുഴപ്പം കൊണ്ടാണ് എന്നുമാണ്.
വാസ്തവത്തില്‍ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം ചില ബുദ്ധിജീവികളും സാഹിത്യകാരന്മാരും പാടിപുകഴ്ത്തുന്നത്രയും മഹത്തരമാണോ? 
കമ്മ്യൂണിസം ഭൗതികതയില്‍ ഊന്നിയ തത്വശാസ്ത്രമാണ്. ഭൗതികതലം മാത്രമാണ് മനുഷ്യവ്യവഹാരത്തിനുള്ള ഒരേയൊരു മേഖല എന്ന് സിദ്ധാന്തിക്കുന്നതിനോടൊപ്പം അതില്‍ നിന്ന് ശ്രദ്ധ തെറ്റിക്കുന്ന എന്തിനേയും മയക്കുമരുന്നിനോട് ഉപമിക്കുന്നുമുണ്ട് കമ്മ്യൂണിസ്റ്റ് ചിന്തകളുടെ ഉപജ്ഞാതവായ കാറല്‍മാര്‍ക്‌സ്. അതേ സമയം ഭാരതീയ ജീവിതക്രമം ഭൗതികതയെ അപ്പാടെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ല. അത് ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളില്‍ ഊന്നിയതാണ്. ഇതില്‍ അര്‍ത്ഥം, കാമം ഇവ ഭൗതിക തലമാണ്. ഇവ രണ്ടും ജീവിതത്തിലെ പ്രധാന ഘടകങ്ങള്‍ തന്നെ. പക്ഷെ ധര്‍മ്മത്തില്‍ ഊന്നിയായിരിക്കണം ഇവ ആര്‍ജിക്കേണ്ടതും അനുഭവിക്കേണ്ടതും. പരമലക്ഷ്യമായി മോക്ഷത്തെ കാണുകയും വേണം. ചില വിദേശീയരുടെ പുസ്തകങ്ങളിലൂടെ മാത്രം ഭാരതത്തെ പരിചയം ഉണ്ടായിരുന്ന മാര്‍ക്‌സിന് ധര്‍മ്മം എന്ന സങ്കല്‍പം മനസ്സിലാക്കാന്‍ സാധിച്ചില്ല.
ഭൗതികതയെ ആധാരമായി എടുത്തു കഴിഞ്ഞാല്‍ പിന്നെ ലോകത്തുള്ള സകലമാന മനുഷ്യരേയും അതിന്റെ അടിസ്ഥാനത്തില്‍ രണ്ടായി തിരിക്കുകയാണ് മാര്‍ക്‌സ് ചെയ്തത് (ഇഹമ ൈറശ്ശശെീി). ഉള്ളവനും ഇല്ലാത്തവനും. പിന്നീടുള്ള മുഴുവന്‍ കമ്മ്യൂണിസ്റ്റ് ആശയങ്ങളും ഈ ദ്വൈതവിഭജനത്തിന്‍മേലാണ് കെട്ടിപ്പൊക്കിയിട്ടുള്ളത്. ആര്‍ഷ ചിന്തയാവട്ടെ എന്നും വിഭജനങ്ങള്‍ക്ക് എതിരാണ്. അദ്വൈതമാണ് അതിന്റെ പ്രാണന്‍. ഈ വിശാല പ്രപഞ്ചവും ഇതിലുള്ള സര്‍വ്വവും ഒരേ ശക്തിയുടെ ഭാഗമാണെന്ന് അത് പറയുന്നു. സര്‍വ്വവും ഈശ്വരനാകുമ്പോള്‍ പിന്നെ വിഭജനം എങ്ങനെ സാദ്ധ്യമാകും. ഇനി വാദത്തിനുവേണ്ടി ഭൗതികമായ ഈ വിഭജനത്തെ നാം അംഗീകരിക്കുന്നു എന്നിരിക്കട്ടെ അപ്പോഴുമുണ്ട് പ്രശ്‌നം. മാര്‍ക്‌സ് ജര്‍മ്മനിയിലെ പുസ്തകശാലകള്‍ മുഴുവന്‍ പരതിയിട്ടും രണ്ട് വിഭാഗം ജനങ്ങളെ മാത്രമേ കണ്ടെത്താന്‍ സാധിച്ചുള്ളൂ. എങ്കില്‍ ഭാരതത്തില്‍ മൂന്നാമതൊരു കൂട്ടര്‍ കുടിയുണ്ട്. ഉണ്ടായിട്ടും വേണ്ടാത്തവര്‍. ബുദ്ധനേയും ആദിശങ്കരനേയും ശ്രീനാരായണഗുരുദേവനേയും പോലെ ആവശ്യത്തിന് ഭൗതിക സൗഹചര്യങ്ങള്‍ ഉണ്ടായിരുന്നിട്ടും എല്ലാം ത്യജിച്ച് വിശ്വമംഗളത്തിനായി ഇറങ്ങിത്തിരിച്ചവര്‍. അവര്‍ ഇതില്‍ ഏത് വിഭാഗത്തില്‍പെടും? കമ്മ്യൂണിസം പ്രാഥമികമായി തലകുനിക്കുന്നത് ഭാരതീയന്റെ ഈ ചോദ്യത്തിന് മുന്നിലാണ്.
വര്‍ഗ്ഗവിഭജനം കഴിഞ്ഞാല്‍ പിന്നെ വര്‍ഗ്ഗസംഘര്‍ഷത്തെപ്പറ്റി(ഇഹമംൈമൃ) ആണ് കമ്മ്യൂണിസം സംസാരിക്കുന്നത്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള നിരന്തര സംഘര്‍ഷം. മാര്‍ക്‌സ് സംഘര്‍ഷത്തെക്കുറിച്ചു പറയുമ്പോള്‍ ഭാരതം സമന്വയത്തെക്കുറിച്ചാണ് പറയുന്നത്. മാര്‍ക്‌സ് അസ്വസ്ഥത, സമരം, ചോര, വിപ്ലവം, അട്ടിമറി എന്നീ വാക്കുകളില്‍ അഭിരമിക്കുമ്പോള്‍ ഭാരതീയ ഋഷികള്‍ ശാന്തി എന്ന് മൂന്ന് വട്ടം ഉരുവിട്ടാണ് ആനന്ദം കണ്ടെത്തുന്നത്.
ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള ആത്യന്തിക യുദ്ധത്തിനൊടുവില്‍ ഇല്ലാത്തവന്‍ വിജയിക്കും എന്ന് മാര്‍ക്‌സ് പ്രവചിക്കുന്നു. അതോടെ വ്യവസ്ഥിതികളില്‍ വലിയ മാറ്റം വരുമെന്നും. അതായത് യുദ്ധാനന്തരം നല്ലതു വരുമെന്ന് സാരം. എന്നാല്‍ ഭാരതം ഈ വാദഗതിക്കെതിരാണ്. യുദ്ധത്തിന്റെ ആത്യന്തിക ഫലം സര്‍വ്വനാശമായിരിക്കുമെന്നും അതൊരിക്കലും ആര്‍ക്കും ഒരു നന്മയും ചെയ്യില്ലെന്നും അര്‍ത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞുവെക്കുന്നുണ്ട് നമ്മുടെ പൂര്‍വ്വികര്‍. മഹാഭാരതം വായിച്ച് തീരുമ്പോള്‍ യുദ്ധത്തിന്റെ ഭീകരത ചൂണ്ടിക്കാട്ടാനല്ലെ വ്യാസന്‍ ഇങ്ങനെയൊരു കാവ്യം രചിച്ചതു തന്നെ എന്ന് ആര്‍ക്കും തോന്നിപ്പോകും. ഇങ്ങനെ പുരോഗതിക്കും മനുഷ്യത്വത്തിനും എന്തിന് മനുഷ്യകുലത്തിനുതന്നെ നാശഹേതുവായ യുദ്ധത്തെയാണ് മാര്‍ക്‌സ് പുതിയ ലോകക്രമം കൊണ്ടുവരുന്നതിനുള്ള മാര്‍ഗ്ഗമായി കാണുന്നത്.
സ്റ്റേറ്റിന്റെ അടിസ്ഥാന ഘടകമായി മാര്‍ക്‌സ് തന്നെ ഉദ്‌ഘോഷിക്കുന്ന വ്യക്തിയെ എങ്ങനെ നോക്കിക്കാണുന്നു എന്ന കാര്യത്തിലും ഇരുസിദ്ധാന്തങ്ങളും തമ്മില്‍ അജഗജാന്തരമുണ്ട്. ഉദ്പാദനത്തിനുള്ള ഉപകരണം എന്നതില്‍ കവിഞ്ഞ പ്രാധാന്യമൊന്നും കമ്മ്യൂണിസം വ്യക്തികള്‍ക്ക് നല്‍കുന്നില്ല. വിപ്ലവത്തെ കുറിച്ച് ചിന്തിക്കേണ്ടി വരുമെന്നതിനാല്‍ അവനൊരു മനസ്സുണ്ട് എന്ന് അംഗീകരിക്കുന്നതിനപ്പുറം തൊഴില്‍ ശാലയിലെ യന്ത്രങ്ങളും വ്യക്തികളും തമ്മില്‍ വലിയ അന്തരമൊന്നും മാര്‍ക്‌സിസ്റ്റ് ചിന്തകര്‍ കാണുന്നില്ല. അതേസമയം ഭാരതം ഓരോ വ്യക്തിയേയും അനന്തശക്തിയുടെ ഉറവിടമായി കാണുന്നു. ഉപനിഷദ് മനുഷ്യനെ 'അമൃതസ്യ പുത്ര' എന്നാണ് വിശേഷിപ്പിക്കുന്നത്. വ്യക്തി എന്നത് ശരീരം, മനസ്സ്, ബുദ്ധി, ആ ത്മാവ് എന്നിവയുടെ സങ്കലനമാണെന്ന് ഭാരതം പറയുന്നു. ഈയടുത്ത് ലോകരോഗ്യസംഘടന ആരോഗ്യത്തെ നിര്‍വചിച്ചത് ശാരീരികവും മാനസികവും ആത്മീയവും ആയ സുസ്ഥിരത എന്നാണ്.
കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് ചിന്താഗതി തങ്ങളുടെ ആശയങ്ങളുടെ ആറ്റിക്കുറുക്കിയ സത്തയായി കാണുന്നത് സമത്വം എന്ന വാക്കിനെയാണ്. പക്ഷെ ഇത് എന്തുതരം സമത്വമാണെന്നും എങ്ങനെ ഉണ്ടായ സമത്വമാണെന്നും ചിന്തിക്കേണ്ടേ? സാമ്പത്തികവും ഒരളവുവരെ സാമൂഹികവുമായ സമത്വമാണ് അവര്‍ ഘോഷിക്കുന്നത്. അത് ഉടലെടുക്കുന്നതാവട്ടെ തന്നെപോലെ അപരനും തുല്യനാണെന്ന ആന്തരിക അവബോധത്തില്‍ നിന്നല്ല. മറിച്ച് നിലനില്‍ക്കുന്ന വ്യവസ്ഥിതിക്കനുസരിച്ച് വന്നകപ്പെടുന്ന യാന്ത്രിക സമത്വമാണത്. അതേ സമയം ഭാരതീയന്റെ സമത്വദര്‍ശനം, അഹം ബ്രഹ്മാസ്മി, തത്വമസി തുടങ്ങിയ പ്രാചീന ഉദ്‌ബോധനങ്ങളിലൂടെ രൂപപ്പെട്ട് വന്നതാണ്. 
ഏതു ദര്‍ശനവും പ്രയോഗത്തില്‍ വരുത്താത്തിടത്തോളം കാലം എഴുതിവെക്കപ്പെട്ടിട്ടുള്ള വെറും സിദ്ധാന്തങ്ങള്‍ ആയി തന്നെ അവശേഷിക്കും.  മാര്‍ക്‌സ് ഒരിക്കലും തൊഴിലാളിയോ അദ്ദേഹത്തിന്റെ തന്നെ ഭാഷയിലെ ഇല്ലാത്തവനോ ആയിരുന്നില്ല. അദ്ദേഹം തന്റെ സിദ്ധാന്തം രൂപപ്പെടുത്താന്‍ ഉപയോഗിച്ച അറിവുകള്‍ക്ക് ഒന്നുംതന്നെ അനുഭവത്തിന്റെ ചൂടോ ചൂരോ ഇല്ലായിരുന്നു എന്നുള്ളത് ആ സിദ്ധാന്തത്തിന്റെ ന്യൂനത തന്നെയാണ്. കേവലം വായനയുടെ മാത്രം ബലത്തിലാണ് അദ്ദേഹം കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം രൂപീകരിച്ചതെന്ന് സാരം.  ആത്മന്വേഷികളായ ഋഷിമാര്‍ തങ്ങള്‍ അന്വേഷിച്ചതും കണ്ടറിഞ്ഞതുമായ കാര്യങ്ങള്‍ ശിഷ്യന്മാര്‍ക്ക് പറഞ്ഞുകൊടുത്തതില്‍ നിന്നുമാണ് ഭാരതീയദര്‍ശനങ്ങള്‍ ഉരുത്തിരിഞ്ഞത്. എന്തെങ്കിലും ദുര്‍വിധികളോ ഏതെങ്കിലും ദര്‍ശനങ്ങള്‍ പടച്ചുണ്ടാക്കണം എന്ന മോഹമോ അവരെ തീണ്ടിയിരിക്കാന്‍ സാധ്യത ഏതുമില്ല. ഇവരുടെ ദര്‍ശനങ്ങളുടെ പ്രായോഗികക്ഷമത അറിയാന്‍ ഭാരതത്തിന്റെ സുവര്‍ണ്ണകാലഘട്ടം ഒന്നു പരിശോധിച്ചാല്‍ മതി. ഒരായുധവും ധരിക്കാതെ ഒരുതുള്ളി ചോരപോലും പൊടിക്കാതെ ഒരു മണ്‍തരിപോലും വെട്ടിപിടിക്കാതെ ലോകത്തിന്റെ കേന്ദ്രബിന്ദുവാകാന്‍ ഭാരതത്തിന് കഴിഞ്ഞത് ഈ ആദര്‍ശത്തിന്റെ ബലത്തിലാണ്. അതേസമയം പ്രയോഗിച്ചിട്ടാണോ എന്തിന് പ്രയോഗിക്കാന്‍ ശ്രമിച്ചിടത്ത് പോലും അധികം വൈകാതെ പരാജയപ്പെട്ട ചരിത്രമാണ് കമ്മ്യൂണിസത്തിന് പറയാനുള്ളത്.
കമ്മ്യൂണിസവും ഭാരതീയ ചിന്താധാരകളും വിഭിന്നധ്രുവങ്ങളില്‍ നിലകൊള്ളുന്നവയാണ് എന്ന് ഇതില്‍ നിന്നെല്ലാം മനസ്സിലാക്കാവുന്നതേ ഉള്ളു. ഭാരതീയ സംസ്‌കാരം ആര്‍ജ്ജിച്ച ഒരാള്‍ക്ക് ഒരിക്കലും കമ്മ്യൂണിസ്റ്റായി തുടരാനാവില്ല; മറിച്ചും.
ചരിത്രത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തില്‍ ഒരു പ്രത്യേകസ്ഥലത്ത് അന്നുണ്ടായിരുന്ന പ്രത്യേക വ്യവസ്ഥിതിക്കെതിരെ രൂപപ്പെട്ട ഈ പ്രത്യയശാസ്ത്രത്തെ ഏത് രാജ്യത്തും ഏത് കാലഘട്ടത്തിലും നേരിടുന്ന ഏത് പ്രശ്‌നത്തിനും ഉള്ള ഒറ്റമൂലിയാണ് എന്ന് പറയുന്നത് പല്ലുവേദനക്കായി ഒരു ഡോക്ടര്‍ നല്‍കിയ മരുന്ന് വര്‍ഷങ്ങള്‍ക്ക് ശേഷവും വയറുവേദന വന്നാലും തലവേദന വന്നാലും നടുവേദനവന്നാലും ഒക്കെ എടുത്ത് കഴിക്കുന്നപോലെ വിഡ്ഢിത്തം നിറഞ്ഞ നടപടിയാണ്. ഈ വിഡ്ഢിത്തത്തിനാണ് കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളെ കൂട്ടുപിടിക്കുന്നത്.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments