''കരയാനാണെങ്കില്‍ ഒരുപാട് കാരണങ്ങളുണ്ട്.. ഭഗവാനെ മനസ്സിലോര്‍ത്ത് കണ്ണടച്ച് നടയില്‍ കിടക്കുമ്പോള്‍ എന്തോ ഒരു സമാധാനം.. എത്ര കാലം ഇങ്ങനെ എന്നറിയില്ല...''
ഗുരുവായൂര്‍ ക്ഷേത്രനടയില്‍ മേല്പ്പുത്തുര് ഓഡിറ്റോറിയത്തിലിരുന്ന് ഭവാനിയമ്മ കരയുകയാണ്. തലയുയര്‍ത്തുമ്പോഴെല്ലാം ചിരിക്കാന്‍ ശ്രമിച്ചു. ഇടയ്ക്കിടെ ഗോപുരത്തിന് സമീപത്തെ ക്ഷേത്രം കൊടിമരത്തിലേക്ക് പ്രതീക്ഷയോടെ നോക്കി കൊണ്ടിരുന്നു..
ഏറെ കേട്ട കഥകളില്‍ നിന്ന് വ്യത്യസ്തമായൊന്നും നടന്നിട്ടില്ല ഭവാനിയമ്മയുടെ ജീവിതത്തിലും. ഭര്‍ത്താവ് മരിച്ചതോടെയാണ് മൂന്ന് മക്കളുള്ള കുടുംബം ചുമലിലായത്. അവരെ വളര്‍ത്തി വലുതാക്കിയത്. ഏക മകളെ വിവാഹം കഴിച്ചയച്ചത്. ആണ്മക്കളെ പഠിപ്പിച്ച് വലുതാക്കിയത്. പിന്നെ സ്വന്തം വീട്ടില്‍ അനാഥയായത്. ആര്‍ക്കും വേണ്ട എന്ന് തോന്നിയപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ എത്തിയിങ്ങനെ തുടരുന്നത്. കഥയങ്ങനെ ഇടമുറിയാത്ത നാരായണീയത്തിലെ ശ്ലോകം പോലെ അടരുകയാണ്. അയല്‍വാസിയുടെ ലൈംഗിക ആക്രമണത്തിന് ഇരയായ വൃദ്ധയുടെ പ്രതിഷേധം ഏറ്റെടുക്കാനുള്ള ശക്തിയുണ്ടായിരുന്നില്ല ആ കുടുംബത്തിന്. പകരം പരാതി പറഞ്ഞ അമ്മയെ ദുരഭിമാനത്താല്‍ ആ വീട്ടില്‍ ഒറ്റപ്പെടുത്തി. പിന്നെ ക്ഷേത്ര നടയിലേക്ക് തള്ളിവിട്ടു. വാര്ധക്യങ്ങളെ പോലും വെറുതെ വിടാത്ത ക്രൂരത ആ അമ്മയുടെ നാട്ടിലും പരിസരത്തും കറങ്ങി നടക്കുന്നുണ്ട്. സ്വന്തം വീട്ടില്‍ കയറി അതിക്രമം നടത്തിയാല്‍ പോലും ഉണരാത്ത ഒന്നിനും കൊള്ളാത്തവരായി മാറിയിരിക്കുന്ന നമ്മളോരോരുത്തരും എന്ന് ഭവാനിയമ്മ പറയാതെ പറഞ്ഞു.
കണ്ണീരിന് ശക്തിയുണ്ടായിരുന്നെങ്കില് ഭവാനിയമ്മമാര്ക്ക് മുന്നില്‍ ഈ ലോകം കത്തിയമര്‍ന്നു പോയേനെ..
സത്രത്തില്‍ ഭവാനിയമ്മയുടെ സഹവാസി അരികിലിരിക്കുന്നുണ്ട്. അവരുടെ കണ്ണുകളിലും ഉണ്ട് ഒരു പാട് കഥകള്‍. പറയാതെ തന്നെയറിയാം എന്താണ് ആ അമ്മയുടെ മനസ്സിലെന്ന്.
വാര്ധക്യങ്ങള് കണ്ണീര്‍വാര്‍ക്കുന്ന നാട്ടില്‍ ഒരു നന്മയും കുരുക്കില്ലെന്ന് മനസ്സ് പറഞ്ഞു. ക്ഷേത്രനടയില്‍ നിന്ന് തൊഴുമ്പോള്‍ മനസ്സ് മേല്പുത്തൂര് ഓഡിറ്റോറിയത്തിലെ തറയില്‍ കാല് നീട്ടിവെച്ച് നാരായണ നാമം ചൊല്ലുന്ന സ്ത്രീ മുഖങ്ങളായിരുന്നു. വല്ലാത്ത നിസ്സംഗതയില്‍ പ്രാര്‍ത്ഥനകള്‍ ഒലിച്ചു പോയി..വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പിന്നെ ഗുരുവായൂരിലേക്ക് വീണ്ടും പോകാനായിട്ടില്ല.
അമ്മമാരുടെയും പെണ്മക്കളുടെയും കണ്ണീര് കടലായി അലയ്ക്കുന്ന ഈ ദിനങ്ങളില്‍ വീണ്ടും ഗുരുവായൂരിലേക്ക് യാത്ര പോവണം എന്ന് തോന്നിയത് മനസ്സ് അത്രമാത്രം ദുര്‍ബലമായത് കൊണ്ട് മാത്രമായിരിക്കണം. പക്ഷേ അവിടെയും കണ്ണന് മുന്നില്‍ തീരാത്ത സങ്കടക്കടലുമായി ഭവാനിയമ്മമാരുണ്ടല്ലോ എന്ന് ഓര്‍ത്ത് പോകുന്നു.
ഇത് അമ്മമാരുടെ കണ്ണീരിന് വിലയില്ലാതായ നാട്. പെണ്‍കുട്ടികളുടെ രോദനത്തിന് നേരെ അട്ടഹസിക്കുന്ന ജനസമൂഹം. വീട്ടിനകത്ത് പോലും പെണ്കുരുന്നുകള് ലൈംഗിക വൈകൃതത്തിന് ഇരയാകുന്ന വാര്‍ത്തകള്‍. എല്ലാം കേട്ടിട്ടും കണ്ടിട്ടും ഞെട്ടല്‍ പോയിട്ട് സഹാനുഭൂതിയുടെ ആത്മാര്‍ത്ഥമായ ഒരു നിശ്വാസം പോലും പുറത്ത് വിടാത്ത നിസ്സംഗരായ സമൂഹം. സ്വയം നമ്മള് നമ്മെ ഇങ്ങനെ അടയാളപ്പെടുത്തേണ്ട കാലമായി, തിരിച്ചറിയലുകളില്ലാത്ത ഇക്കാലത്ത് അങ്ങനെയൊന്ന് സാധ്യമാകുമെന്ന പ്രതീക്ഷ ഇല്ലെങ്കിലും...
കരയുന്ന അമ്മമാരുടെ മുഖം പതിച്ച പോസ്റ്ററുകളുമായി കേരളത്തിലെ തെരുവുകള്‍ വീണ്ടും വീണ്ടും പ്രഭാതത്തിലേക്ക് വിരിയുന്നുണ്ട്. സൗമ്യയുടെ അമ്മ, ജിഷയുടെ മാതാവ്. ജിഷ്ണു പ്രണോയിയുടെ അമ്മ, വാളയാറില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച തൃപ്തികയുടെയും അനിയത്തി ശരണ്യയുടേയും അമ്മ, പള്ളിമേടയില്‍ മകളെ പിച്ചിച്ചീന്തിയ വൈദികനെതിരെ പൊട്ടിത്തെറിക്കാന്‍ പോലുമാവാത്ത മറ്റൊരു മാതാവ്. സ്വന്തം പെണ്മക്കളെ പേടിയോടെ ഭീതിയോടെ വീട്ടിലവള്‍ തിരിച്ചുവരുന്നതും കാത്തിരിക്കുന്ന ആയിരക്കണക്കിന് അമ്മമാര്‍. ഇവരുടെ നിശ്വാസങ്ങളാല്‍ കണ്ണീരിനാല്‍ പാതിവെന്ത നാടായിരിക്കുന്നു നമ്മുടെ കേരളം.
ജിഷയുടെ കൊലപാതകമായിരുന്നു കേരളക്കര അവസാനം ഞെട്ടലോടെ കൈകാര്യം ചെയ്ത പീഡനവാര്‍ത്ത. മാധ്യമങ്ങളും രാഷ്ട്രീയക്കാരും, പോലീസും തുടക്കത്തില്‍ അവഗണിച്ച ജിഷയുടെ മൃഗീയമായ കൊലപാതകം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത്, തിരഞ്ഞെടുപ്പ് കാലത്ത് കേരള മനഃസാക്ഷിയ്ക്ക് മുന്നില്‍ വെക്കുകയായിരുന്നു. സാധാരണ കേരളത്തിലെ ദളിത് പെണ്‍കുട്ടികളുടെ ബലാത്സംഗ-പീഡന-മരണ കഥകള്‍ വാര്‍ത്ത പോലുമാകാതിരിക്കുന്നയിടത്ത് ജിഷ വലിയ ചര്‍ച്ചയിലേക്ക് ഉയര്‍ന്നത് തന്നെ അതൊരു തിരഞ്ഞെടുപ്പ് കാലമായതിനാലായിരുന്നു. കേരളം നടുങ്ങുകയും പ്രതികരിച്ച് ആത്മരതിയടയുകയും ചെയ്ത ആദ്യത്തെയും അവസാനത്തെയും കേസായിരുന്നു ജിഷയുടേത്. അന്യസംസ്ഥാനക്കാരനായ അമിറുള്‍ ഇസ്ലാം എന്ന ആസാം സ്വദേശിയെ തുറുങ്കിലടച്ചതോടെ തീര്‍ന്നു മലയാളിയുടെ ശീഘ്രതയോടെ പെയ്ത് തീരുന്ന ആദര്‍ശ ചീറ്റല്‍. സാഹചര്യത്തെളിവുകള്‍ മാത്രം കൊണ്ട് ദൃക്സാക്ഷികള്‍ പോലും ഇല്ലാത്ത കേസ് എഴുതിതള്ളണമെന്ന അഡ്വക്കറ്റ് ആളൂര്മാരുടെ വാദത്തിന് മുന്നില്‍ നീതിപീഠത്തിന് കാര്യമായൊന്നും ചെയ്യാനുണ്ടാവില്ല. പ്രോസിക്യൂഷനെ രൂക്ഷമായി വിമര്ശി്ച്ച് അമിറുള്‍ ഇസ്ലാമിന് ചെറിയ ശിക്ഷ നല്കി കോടതി ഉത്തരവ് വരുമ്പോള്‍ നമുക്ക് വീണ്ടും അഭിനയിച്ച് തകര്‍ക്കാം. ഞെട്ടിത്തെറിക്കാം. രോഷപ്രകടനം നടത്താം. ഒരു ദിനമോ ഏറിയാല്‍ രണ്ട് ദിവസമോ നീളുന്ന ചര്‍ച്ചയും പ്രതിഷേധവും മാത്രമാകാം ഇനി ജിഷയുടെ ഓര്‍മ്മകള്‍ക്ക് ലഭിക്കുന്നത്.
ജിഷ മരിച്ച പത്ത് മാസത്തിനുള്ളില്‍ കേരളത്തില്‍ വീണ്ടും നിരവധി ദളിത് പീഡനങ്ങളും മരണങ്ങളും ആത്മഹത്യകളും നടന്നു. സോഷ്യല്‍ മീഡിയ പ്രതികരണയോദ്ധാക്കളും, ജിഷയുടെ മരണം വിറ്റ് അധികാരം വാങ്ങിയവരും, മാധ്യമങ്ങളും അതൊന്നും കണ്ടതേയില്ല. ജിഷയുടെ മരണത്തില്‍ നിന്ന് മലയാളിയും ഭരണകൂടങ്ങളും ഒന്നും പഠിച്ചില്ല. അല്ലെങ്കിലും സ്ത്രീ ആഘോഷത്തിനും, ആസ്വദിക്കുന്നതിനും ഉള്ള ഉത്പന്നം എന്ന സഹജഭാവങ്ങള്‍ മാറ്റിവച്ചല്ലല്ലോ ജിഷയുടെ മൃഗീയ മരണവും നമ്മള് ആഘോഷമാക്കിയത്. ഉപചാരം ചൊല്ലി പിരിഞ്ഞ ശേഷം വീണ്ടുമൊരു ഉത്സവം വരും വരെ കാത്തിരിക്കാന്‍ മലയാളിയുടെ വിരല്‍തുമ്പില്‍ സണ്ണി ലിയോണുമാരുടെ സീല്‍ക്കാര ശബ്ദങ്ങളുണ്ടല്ലോ. ജിഷയില്‍ നിന്ന് വാളയാറില്‍ ആത്മഹത്യയിലൂടെ സ്വയം പ്രതിഷേധിച്ച തൃപ്തികയിലേക്കും ശരണ്യയിലേക്കും പെരുമ്പാവൂരില്‍ നിന്ന് വാളയാറിലേക്കുള്ള ദൂരമൊന്നുമില്ല. കണ്ണടക്കും മുമ്പ് എത്തിചേരുന്നയിടങ്ങള്. കേരളത്തില്‍ നീതിപീഠമോ, സാമൂഹ്യ മനഃസാക്ഷിയോ എത്താത്ത തുരുത്തുകള്‍. ജിഷ ഒരു തിരഞ്ഞെടുപ്പ് കാലത്തെ പ്രചരണ ഉത്സവമായിരുന്നെങ്കില്‍ മഴപോലും എത്താത്ത വരണ്ട കേരള മനഃസാക്ഷിയില്‍ പൊടിപ്പ് കിട്ടാതെപോയ തേങ്ങലുകളാണ് തൃപ്തികയും ശരണ്യയും. ജിഷയ്ക്ക് വേണ്ടി ആര്‍ത്തലച്ച് കരഞ്ഞവര്‍ വാളയാറിലെ ആ അമ്മയുടെ കണ്ണീരിനെ പുച്ഛിക്കുന്നിടത്ത് കേരളത്തിന്റെ എന്തും പ്രസ്ഥാനവത്ക്കരിക്കുന്ന രാഷ്ട്രീയ കാപട്യത്തിന്റേയും ക്രൂരതയുടേയും പൊയ്മുഖം അഴിഞ്ഞു വീഴുന്നുണ്ട്. ജിഷയുടെ പേര് പറഞ്ഞ് അധികാരത്തിലെത്തിയവരെ ചുവന്ന പുതപ്പ് മൂടി സംരക്ഷിക്കുന്ന കൗടില്യം മുതല്‍ സ്ത്രീ പീഡനക്കേസുകളെ രസിപ്പിക്കുന്ന വാര്‍ത്തകളായി കൊണ്ടാടുന്ന മലയാളിയുടെ സചാദാര മുഖംമൂടി വരെ അഴിഞ്ഞ് വീഴുന്നുണ്ട് ഇപ്പോഴത്തെ സംഭവങ്ങളില്‍.
ജിഷയും തൃപ്തികയും അനിയത്തിമാരാണ്. കേരളത്തിലെ ഓരേ സാഹചര്യത്തില്‍ പിറക്കുകയും വളരുകയും ചെയ്തവര്‍. ജിഷയ്ക്ക് ചെറുത്ത് നില്പിനുള്ള ആത്മബലമെങ്കിലും ഉണ്ടായിരുന്നു മരണം വരെ തൃപ്തികയിലും ശരണ്യയിലും എത്തുമ്പോള്‍ അത് പൊരുതാതെ അടിപ്പെടുന്ന ഒരിരയുടെ മുരള്‍ച്ച പോലുമില്ലാത്ത വലിച്ചെറിയലായി മാറുന്നു.
കേരളത്തിലെ ഒരു കുഗ്രാമത്തിലെ ദളിത് കുടുംബത്തിലാണ് ഇരുവരും ജനിച്ചത്. പട്ടിണി, ജീവിത പ്രാരാബ്ധങ്ങള്‍, മൂന്ന് സെന്റിന്റെ സര്‍ക്കാര്‍ ഔദാര്യത്തില്‍ മാടിക്കെട്ടിയ വീട്ടില്‍ ജീവിതം. കേരളത്തിലെ ഭൂരിപക്ഷം ദളിത് കുടുംബവും ജീവിക്കുന്ന സാഹചര്യം.
വാളയാറിലെ അട്ടപ്പള്ളത്തെ സെല്‍വപുരം എന്ന കുന്നിന് പുറത്തെ എത്ര അളന്നാലും കൃത്യത വരാത്ത മൂന്ന് സെന്റ് ഭൂമിയില്‍ സര്‍ക്കാര്‍ ധനസഹായത്താല്‍ നിര്‍മ്മിച്ച വീട്. എല്ലാ ദളിത് വീടുകളും പോലെ പാതി നിര്‍മ്മാണത്തോടെ ദളിത് ജീവിതം പോലെ ചോദ്യമുയര്‍ത്തുന്ന കെട്ടിടം. ആര്‍ക്കും പൊന്തിച്ച് വീടിനകത്തേക്ക് വരാവുന്ന സുരക്ഷിതമല്ലാത്ത അടച്ചുറപ്പില്ലാത്ത വാതിലുകള്‍. ഭാഗ്യവതിയും ഷാജിയും അവരുടെ മക്കളായ തൃപ്തിക, ശരണ്യ, സഹോദരനായ ഷിബുവും താമസിച്ചിരുന്നത് ഇവിടെയാണ്. കെട്ടിടം പണിക്കു പോകുന്ന മാതാപിതാക്കള്‍. ജോലിക്കു പോകുമ്പോള്‍ തറവാട്ടിലേക്ക് മക്കളെ പറഞ്ഞയക്കും. എന്നിട്ടും, അവര്‍ക്ക് പറ്റാവുന്നത്ര ജാഗ്രത പുലര്‍ത്തിയിട്ടും പെണ്മാംസങ്ങളുടെ വളര്‍ച്ച കാത്തിരിക്കുന്നവര്‍ ആ കരുന്നുകളെ കടിച്ചു കീറി. മരണത്തിലേക്ക് തള്ളിവിട്ടു.
മൂത്ത കുട്ടി പതിമൂന്നുകാരി തൃപ്തികയുടെ മരണം ആത്മഹത്യ എന്ന് പേരില്‍ എളുപ്പം തള്ളിക്കളയാവുന്ന കേസാണ് പോലീസിന്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ അവള് പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന് എഴുതിയിട്ട് പോലും പോലീസിന് കേസ് അവസാനിപ്പിക്കാനായിരുന്നു താല്പര്യം. പ്രതികളുടെ രാഷ്ട്രീയബന്ധം കൂടിയായപ്പോള്‍ വേട്ടക്കാരനൊപ്പം പന്തിഭോജനം നടത്തുന്ന പോലീസിന് കാര്യങ്ങള്‍ എളുപ്പമായി. പകരം ഒരേഴാം ക്ലാസുകാരിയായ മറ്റൊരു പെണ്‍കുട്ടിയുടെ ജീവന് കൂടി ബലിയര്‍പ്പിക്കപ്പെട്ടു. മരണങ്ങള് രണ്ട് നടന്നിട്ടും അസ്വസ്ഥപ്പെടാത്ത കേരളത്തിന്റെ രാഷ്ട്രീയ മനസ്സ്. അതാണ് നമ്മെ ഏറ്റവും കൂടുതല്‍ അമ്പരപ്പിക്കുന്നുതും ഭയപപ്പെടുന്നതും.
ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ചെന്നു കണ്ടാല്‍ പട്ടികജാതിവര്‍ഗ അതിക്രമ നിരോധന പ്രകാരം ഡിവൈഎസ്പി റാങ്കിന് മുകളിലുള്ളവര്‍ കേസ് അന്വേഷിക്കണം എന്നാണ് നിയമം. എന്നാല്‍ ലോക്കല്‍ പോലീസ് പോലും അന്വേഷണം നടത്താതെ കേസ് അവസാനിപ്പിക്കാനായിരുന്നു തിടുക്കം. മാത്രമല്ല പട്ടിക ജാതി വര്‍ഗ അതിക്രമ നിയമ പ്രകാരമോ, പോസ്കോ നിയമ പ്രകാരമോ കേസ് എടുത്തില്ല. പോലീസ് കേസ് ഗൗരവമായി എടുത്തില്ല എന്നതിന് തെളിവായി തൃപ്തികയുടെ പോസ്റ്റ് മോര്‍ട്ടം നടപടികള്‍. പിജി വിദ്യാര്‍ഥിനി തന്നെയാണ് ഇവിടെയും പോസ്റ്റ്മോര്‍ട്ടം നിര്‍വഹിച്ചത്. ബന്ധുവിനെ സംശയമുണ്ടെന്ന അമ്മയുടെ കരച്ചിലും മൊഴിയും പോലീസ് മുഖവിലയ്ക്കെടുത്തില്ല, വാര്ക്കപണിക്കാരിയായ ഒരു ദളിത് യുവതിയുടെ കരച്ചിലിന് ആരുടെയും ഉള്ള് തപിപ്പിക്കാനാവില്ലല്ലോ..?
സഹോദരി ശരണ്യയുടെ മരണം കൂടി വേണ്ടി വന്നു പോലീസിന്റെ കണ്ണ് തുറക്കാന്‍. എസ്പിയുടെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പ്രകൃതി വിരുദ്ധ പീഡനം വഴി മരണം നടന്നുവെന്ന് തെളിഞ്ഞു. ആദ്യഘട്ട അന്വേഷണത്തില്‍ കുറ്റാരോപിതനായ ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് വൈകുന്നേരം വിട്ടയക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറഞ്ഞത്.
പതിമൂന്ന് വയസ്സുകാരി പെണ്‍കുട്ടിയും സഹോദരിയും എന്തിന് ആത്മഹത്യ ചെയ്യണമെന്ന് ആലോചിക്കുന്നതിനുള്ള സാമൂഹ്യ ബോധമൊന്നും പോലീസിനോ, രാഷ്ട്രീയ നേതൃത്വങ്ങള്ക്കൊ ഉണ്ടായില്ല എന്നത് കേരളത്തിലെ സാമൂഹ്യ അവസ്ഥ അറിയുന്ന ആരെയും ഞെട്ടിക്കില്ല. പെരുമ്പാവൂരില്‍ ജിഷ മൃഗീയമായി ആക്രമിക്കപ്പെട്ട് കൊല്ലപ്പെടുന്ന സംഭവത്തിന് മുമ്പ് അരഡസന്‍ സമാനസംഭവങ്ങള്‍ പെരുമ്പാവൂരിലും സമീപത്തുള്ള കോതമംഗലത്തും ഉണ്ടായിട്ടുണ്ട്. കേരളമെമ്പാടുമുള്ള ദളിത് കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ പിന്നെയും ദുരൂഹ സാഹചര്യത്തില്‍ പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. പരാതിപ്പെടാനോ, സമൂഹ ശ്രദ്ധയില്‍ പെടുത്താനോ കഴിവില്ലാത്ത ദുര്‍ബലരായ ജനത ജനിക്കപ്പെട്ടതിനുള്ള ശിക്ഷയായി എല്ലാം ഏറ്റുവാങ്ങി മരിച്ച് ജീവിക്കുന്നു.
വാളയാറില്‍ നിന്ന് ഇനി പുതിയ വാര്‍ത്തകള്‍ ഉണ്ടാവാതെ എല്ലാം അവസാനിക്കും. കേരളമൊട്ടുക്ക് പീഡനങ്ങള്‍ നടക്കുമ്പോഴും, കേരളത്തിലെ പെണ്‍കുട്ടികള്‍ പുറത്തിറങ്ങാന്‍ പേടിച്ച് വീടിനകത്ത് കഴിയുമ്പോഴും നിയമസഭകളില്‍ ഒരടിയന്തിര പ്രമേയത്തിനുള്ള സ്കോപ് പോലുമില്ലാതെ വിഷയങ്ങള്‍ ഒതുങ്ങും. കേരളത്തില്‍ നടക്കാന്‍ സാധ്യതയില്ലാത്ത കൃത്രിമമഴയെ കുറിച്ചുള്ള സ്വപ്നങ്ങള്‍ പങ്കുവെക്കുകയായിരിക്കും വീണ വായനയുടെ ഇടവേളയില്‍ ഭരണനായകന് ചെയ്തു കൊണ്ടിരിക്കുക. കാര്യങ്ങള്‍ പരിഹരിക്കാനല്ല, അത് പൊതുസമൂഹം ചര്‍ച്ച ചെയ്യാതിരിക്കാനാണ് എന്നും ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണകൂടങ്ങള്‍ക്ക് ജാഗ്രത. ദുരന്ത ഭൂമിയില്‍ നിന്നുകൊണ്ട് ഭൂമിയില്‍ വെണ്ണയും പാലും ഒഴുക്കുന്നതിനെ കുറിച്ച് സംസാരിക്കുന്ന സ്വപ്നവ്യാപാരികളുടെ വേഷപ്പകര്‍ച്ചയാണ് ചിലപ്പോഴവര്‍ക്ക്. എന്നിട്ടും എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്ന തടങ്കിലടക്കുന്ന ഏകാധിപതിയുടെ യഥാര്‍ത്ഥ മുഖവും അവര്‍ പുറത്തെടുക്കും. ചിരിച്ച് കൊണ്ട് വിഷം നല്കുന്ന ജനാധിപത്യ ധ്വംസകരുടെ ഉഗ്രശാസനങ്ങളില് ഇരട്ടച്ചങ്ക് ചാര്‍ത്തി അഭിഷേകം ചെയ്യും. ദളിതര്‍ ഈ സമൂഹത്തിന്റെ ഭാഗമല്ലെന്നും, സ്ത്രീകള്‍ പുറത്തിറങ്ങേണ്ടവരല്ലെന്നും, പറയാതെ പറയുകയാണ് ഇവര്‍.
ജിഷമാരുടെ ഘാതകരുടെയും, പള്ളിമേടകള്‍ പോലും ബലാത്സംഗത്തറകളാക്കുന്ന പുരോഹിതരുടെയും, അനാഥകളായ പെണ്‍കുരുന്നുകളെ സമൂഹത്തിന്റെ ലൈംഗിക ആര്‍ത്തിക്ക് മുന്നിലെ ഭോജ്യവസ്തുക്കളാക്കുന്നവരുടെയും 'കഥകള്‍' എല്ലാ ദിവസവും നമ്മള് കേള്‍ക്കുന്നുണ്ട്. കേരളത്തിലെ നായ്ക്കളുടെ ആക്രമണത്തെ പെരുപ്പിച്ച് ആവിഷ്ക്കരിച്ച് കേരളത്തെ പേടിപ്പിച്ചു കൊണ്ടിരുന്ന മാധ്യമങ്ങളില്‍ പക്ഷേ ഉള്‍പേജില്‍ ഒരൊറ്റകോളം വാര്‍ത്തയില്‍ തീരുകയാണ് അശരണകളായ പെണ്‍കുട്ടികളുടെ നിലവിളികളും അവരുടെ കുടുംബങ്ങളുടെ തേങ്ങലുകളും. സെലിബ്രിറ്റിയെ തെരുവിലിട്ട് വലിച്ച് കീറിയതിന്റെ തത്സമയ ആവിഷ്ക്കാരത്തിന് നല്കുന്ന പ്രാധാന്യത്തിന്റെ ഒരംശം പോലും ഇത്തരം സംഭവങ്ങള്‍ക്ക് ലഭിക്കുന്നില്ല. കുരുന്നുകളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പോണ് സൈറ്റുകളില്‍ കണ്ട് അതില്‍ അഭിരമിക്കുന്ന കേരളത്തിലെ സ്വാതന്ത്ര്യ ബോധമുള്ള ബുദ്ധിജീവി സമൂഹത്തിന് അവര്ക്കാവശ്യമുള്ളതല്ലാതെ എന്ത് നല്‍കും എന്നാണ് മാധ്യമങ്ങളുടെ ചോദ്യം. സര്‍ക്കുലേഷനും റേറ്റിംഗും ഹിറ്റും കൂട്ടാന്‍ എന്ത് നെറികേടും ചെയ്യും എന്ന് ഇവര്‍ പ്രഖ്യാപിക്കുമ്പോള്‍ പീഡനത്തിനിരയായ കുട്ടിയുടെ ഫോട്ടോ വാട്സ് അപ്പില്‍ പരതുന്ന ആദര്‍ശവാദികള്‍ കയ്യടിക്കാതെ എന്ത് ചെയ്യും.
കുറച്ചുവര്‍ഷം മുമ്പ് അതായത് 1999ല്‍ ഏഴാംക്ലാസുകാരിയായ പെണ്‍കുട്ടിയെ വിജനമായ തോട്ടത്തില്‍ വച്ച് ഒരാള്‍ പീഡിപ്പിച്ചു കൊലപ്പെടുത്തി. കേരളത്തില്‍ സര്‍ക്കുലേഷനില്‍ ഒന്നാമതെത്താന്‍ മത്സരിച്ചു കൊണ്ടിരുന്ന സാംസ്കാരിക മുത്തശ്ശി പത്രം ആദ്യ പേജില്‍ തന്നെ വാര്‍ത്ത നല്കി. കളര്‍ എഡിഷന്റെ തുടക്കകാലം. വാര്‍ത്തയിലും ഏറെ കളറു ചേര്‍ത്തു ലേഖകന്‍. പെണ്‍കുട്ടി കിടക്കുന്ന ദൃശ്യം വരച്ചെന്നപോലെ വിവരിച്ചിട്ടുണ്ട്. കേരളം ഏറെ ഞെട്ടലോടെ വായിച്ച വാര്‍ത്ത. പീഡനങ്ങള്‍ ഇപ്പോഴത്തെ പോലെ നിത്യ സംഭവങ്ങളായിട്ടില്ല.
പീഡിപ്പിച്ച് കൊല്ലപ്പെട്ട പെണ്‍കുട്ടിയെ സംബന്ധിച്ച രണ്ട് പരാമര്‍ശങ്ങള്‍ സഹിക്കാനാവുന്നതിനും അപ്പുറത്തായിരുന്നു. തോട്ടത്തില്‍ കിടക്കുന്ന പെണ്‍കുട്ടിയ്ക്ക് പ്രായത്തിലും കവിഞ്ഞ ശരീര വളര്‍ച്ചയുണ്ടെന്നും, അടിവസ്ത്രം ഊരിമാറ്റിയ നിലയില്‍ സമീപത്ത് കാണപ്പെട്ടു എന്നുമായിരുന്നു പ്രയോഗങ്ങള്‍. വാര്‍ത്ത റിപ്പോര്‍ട്ടിംഗിന്റെ എല്ലാ മാന്യതകളും തകര്‍ക്കുന്ന റിപ്പോര്‍ട്ട് ഒരു മഞ്ഞപത്രത്തിലല്ല, കേരളം കണി കണ്ടുണരുന്ന നന്മ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു ജനകീയ പത്രത്തിലായിരുന്നുവെന്നത് ലജ്ജാകരമായി തോന്നി. റിപ്പോര്‍ട്ടിംഗിലെ നിലവാരത്തകര്‍ച്ചയെ കുറിച്ചും ആ റിപ്പോര്‍ട്ട് എഴുതിയ ലേഖകന്റെ മനോനിലയെ കുറിച്ചും കുട്ടത്തിലൊരാള്‍ പത്രാധിപര്‍ക്ക് കത്തയച്ചു, ഞങ്ങളെയും വിമര്‍ശിക്കൂ. പ്രസിദ്ധീകരിക്കാം എന്ന് വീമ്പ് പറഞ്ഞ പത്രാധിപര്‍ അത് കണ്ടോ എന്നറിയില്ല. കത്ത് വെളിച്ചം കണ്ടില്ല.
ടിവി ചാനലുകള്‍ കൂടി വന്നതോടെ പിന്നെ അത്തരം വിമര്‍ശനം ഉയര്‍ത്തേണ്ടി വന്നില്ല.പീഡന വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഇങ്ങനെ എന്ന മട്ടിലായി കാര്യങ്ങള്‍. അശ്ലീല സൈറ്റുകളേക്കാള്‍ സുഖം പകരുന്ന റിപ്പോര്‍ട്ടുകള്‍ കൊണ്ട് സര്‍ക്കുലേഷനും റേറ്റിംഗും കൂട്ടുന്ന 'പണി' ക്കാരാണ് ഇന്ന് മാധ്യമങ്ങളില്‍ കൂടുതല്‍. പീഡനവാര്‍ത്തകള്‍ ഇക്കിളി വാര്‍ത്തകളായി സ്വീകരിക്കുകയും, സംഭവങ്ങളില്‍ മനംനൊന്ത ആദര്‍ശ ആങ്ങളമാരായി അഭിരമിക്കുകയും ചെയ്യുന്നവരാണ് കുറെയധികം പേര്.
ആദര്‍ശ വരട്ടുചൊറിയില് ചൊറിഞ്ഞ് ആത്മസുഖം കണ്ടെത്തുന്നവര്‍ പാവപ്പെട്ടവനോടുള്ള പരമ പുച്ഛം, സ്ത്രീകളെ രണ്ടാംകിടയായി തരംതാഴ്ത്തുന്ന മെയില്‍ ഷോവനിസം, മൂടിവെക്കപ്പെട്ട കാമാസക്തി, സ്വന്തം മന്തുകാല് മണലില്‍ പൂഴ്ത്തി വച്ച് മന്തുകാലന്‍ പോകുന്നെ എന്ന അപഹസിക്കുന്നവന്റെ മനോനില, മതത്തിന്റെയും ജാതീയതയുടെയും കണ്ണടവെച്ചുള്ള നോട്ടം, ശക്തനായ എതിരാളിക്കു മുന്നില്‍ ഞാന്‍ മാവിലായിക്കാരനാണ് എന്ന് പറഞ്ഞ് മുങ്ങുന്ന ഭീരുത്വം, ചുറ്റുപാടുള്ള വിഷയങ്ങളെ തമസ്ക്കരിച്ച് അന്യനാടുകളിലെ പോരായ്മയും കുറവുകളും പറയുന്ന സീരിയല്‍ അഭിനയ പടുത്വം. എന്തിലും രാഷ്ട്രീയം കലര്‍ത്തുന്ന തിമിരത..എന്തിനും സ്വാതന്ത്ര്യമുണ്ട് എന്ന് ആഹ്വാനം ചെയ്യുകയും, സ്വന്തം കാര്യങ്ങളില്‍ കൃത്യമായ ചട്ടക്കൂട് രൂപപ്പെടുത്തുകയും ചെയ്യുന്ന സാമൂഹ്യബോധം...സ്വയം കള്ളനെന്ന് അറിയാമെങ്കിലും അത് സമര്‍ത്ഥമായി മൂടിവെക്കാവുന്ന സഹജമായ ബുദ്ധിസാമര്‍ത്ഥ്യം- ഒരു ശരാശരി മലയാളിയെ കാലം ഇന്ന് ഇങ്ങനെ അടയാളപ്പെടുത്തുന്നതില്‍ തെറ്റില്ല. കേരളത്തില്‍ നടന്നുവരുന്ന എല്ലാ കുറ്റകൃത്യങ്ങളുടെയും അതിക്രമങ്ങളുടെയും പിന്നില്‍ ഈ സാമൂഹ്യബോധാവസ്ഥയാണുള്ളത് എന്ന് എളുപ്പം മനസ്സിലാകും. മറ്റുള്ളവരുടെ ബുദ്ധിമുട്ടുകളില്‍ സന്തോഷിക്കുന്ന പാഷാണം ഷാജി ഒരു കോമഡി കഥാപാത്രമല്ല മറിച്ച് കേരളത്തില്‍ വ്യവസ്ഥതിയെ നോക്കി കൊഞ്ഞനം കുത്തുന്ന സറ്റയര്‍ യാഥാര്‍ത്ഥ്യമാണ്.
കേരളം ദേശീയ ശ്രദ്ധയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന ചുംബനസമരം മുതല്‍ പോണ് സൈറ്റുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാരിനെതിരെ സാമൂഹ്യ മാധ്യമ ക്യാമ്പയിന് സംഘടിപ്പിച്ച ആദര്‍ശ അസഹിഷ്ണുത വരെ മലയാളിയുടെ ആദര്‍ശ വരട്ട്ചൊറിയുടെയും മുഖംമൂടി ബോധത്തിന്റെയും ഉപസൃഷ്ടികളാണെന്ന് കാണാം. പൊതുനിരത്തില്‍ പരസ്പരം ആണും പെണ്ണും കെട്ടിപ്പിടിച്ച് ഉമ്മ വെച്ച് മോറല്‍ പോലീസിംഗിനെതിരെ പ്രതികരിക്കുക. ഒപ്പം സാമൂഹ്യവ്യവസ്ഥതി സുഗമമായി കൊണ്ട് പോകാന്‍ രൂപപ്പെടുത്തിയ ചിലതുകളെ വ്യവസ്ഥാപിത ജീര്‍ണതകള്‍ എന്ന് മുദ്രകുത്തി തല്ലി തകര്‍ക്കുക. അരാജകത്വമാണ് സ്വാതന്ത്ര്യം എന്ന ബോധം പ്രചരിപ്പിക്കുക.. ഒപ്പം കുടുംബം പോലുള്ള കെട്ടുപാടുകളെ നിരാകരിച്ച് സമൂഹത്തിന്റെ അടിവേര് തകര്‍ക്കുക...കോഴിക്കോട്ടെ ഒരു ഹോട്ടലില്‍ ആണ്ണും പെണ്ണും ഉമ്മ വെച്ചതിന് ഹോട്ടല്‍ തല്ലിതകര്ത്തതിനെതിരെയുള്ള പ്രതിഷേധം എന്ന നിലയില്‍ തുടങ്ങിയ ചുംബനസമരം ചില അരാഷ്ട്രീയ പ്രസ്ഥാനങ്ങളും മറ്റും ഏറ്റെടുത്ത് പൂര്ണമാക്കാന് ശ്രമിച്ചത് ഇങ്ങനെയാണ്. ആണും പെണ്ണും ഒരുമിച്ച് മുറിയെടുത്തപ്പോള്‍ ഇന്‍ക്വിലാബ് മുഴക്കി ലോഡ്ജ് തകര്‍ക്കാനെത്തിയ ഡിഫി കൂട്ടങ്ങളാണ് ആദ്യം ചുംബനസമരക്കാരുടെ വലയില്‍ വീണത്. കാര്യം ബോധ്യപ്പെട്ടോ അതോ ജനകീയ പ്രതിഷേധം എതിരാവുമെന്നറിഞ്ഞിട്ടോ അവര്‍ പിന്മാറി. എന്നാല്‍ കടുത്ത ഇന്ക്വിലാബുകാര് സമരരംഗത്ത് തുടര്‍ന്നു. ചുംബനസമരം പെണ്‍വാണിഭത്തിനുള്ള കുറുക്ക് വഴി എന്ന് രാഹുല്‍ പശുപാലന്മാര് തെളിയിച്ച് കൊടുത്തിട്ടും അത് തുടരുന്നത് കൃത്യമായ അജണ്ടയുടെ ഭാഗമായാണ്.
ഇതിന് ശേഷമാണ് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ഉള്‍പ്പടെ നൂറ് കണക്കിന് അശ്ലീല ചാനലുകള്‍ കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്. അതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് കേരളത്തിലെ ചില ബുദ്ധിജീവി കേന്ദ്രങ്ങള്‍ നടത്തിയത്. കേന്ദ്രസര്‍ക്കാരിന്റെത് വ്യക്തി സ്വാതന്ത്ര്യത്തിലുള്ള ഇടപെടലാണെന്നായിരുന്നു ഇവരുടെ കണ്ടെത്തല്‍. സ്വയം ഫാസിസ്റ്റ് ആയിരിക്കെ മറ്റുള്ളവരെ ഫാസിസ്റ്റ് എന്ന് വിളിച്ച് കേള്‍ക്കുന്നതിലെ സുഖം കൊണ്ടാണോ എന്തോ സിപിഎം സൈബര്‍ ബുദ്ധിശാലികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു. ഇഷ്ടമുള്ളതെല്ലാം ചെയ്യാനുള്ള അനുവാദമാണ് സ്വാതന്ത്ര്യം എന്ന് കൊട്ടിഘോഷിക്കുന്നവര്‍ കുരുന്നുകളില്‍ പോലും ലൈംഗികത കണ്ടെത്തുന്നു. ലെഗ്ഗിന്‍സ് ധരിച്ചതിന് പാര്‍ട്ടി വനിത എംഎല്‍എയെ ശാസിച്ച പുരോഗമനമാണ് യാഥാര്‍ത്ഥ്യം എന്നിരിക്കെ, ക്യാമ്പസില്‍ ഒരുമിച്ചിരിക്കുന്ന ആണ്-പെണ് സുഹൃത്തുക്കളെ കണ്ടാല്‍ പൊട്ടിയൊഴുകുന്ന സന്മാര്ഗ്ഗ ബോധമാണ് ഉണ്മ എന്നിരിക്കെ ക്യാമ്പസുകളിലും തെരുവിലും സ്നേഹ ഉരുമ്മലും കൈകോര്ത്തിരിക്കലും സംഘടിപ്പിച്ച് കപടമായ ഇരട്ടമുഖം വെളിപ്പെടുത്തുകയായിരുന്നു ഇടത് പ്രസ്ഥാനങ്ങള്‍. ചുംബനസമരക്കാര്‍ ഉഴുതിട്ട അരാഷ്ട്രീയ ബോധത്തിന്റെ വിളനിലത്തില്‍ അവരറിയാതെ വിത്തും വളവും ഇടുകയായിരുന്നു. നിങ്ങള്‍ വിതച്ചത് കൊയ്ത് കൊണ്ട് പോകുന്നത് രാജ്യവിരുദ്ധരും, അമാനവവാദികളും, ക്രിമിനലുകളും ആണെന്ന് എന്നാണ് നിങ്ങള്‍ മനസ്സിലാക്കുക. ഒരു കുറ്റവാളിക്ക് അത് വൈദികനായാലും പ്രാദേശിക നേതാവായാലും കുടപിടിച്ച് നല്‍കുക വഴി നിങ്ങള്‍ നല്കുന്ന സന്ദേശം രോഗാതുരമായ കേരളത്തിന്റെ ക്രിമിനല്‍ മനസ്സ് എങ്ങനെയാണ് ഏറ്റെടുക്കുന്നത് എന്ന് ഇനിയും മനസ്സിലാകുന്നില്ലേ..?
ജിഷ കൊല്ലപ്പെട്ടപ്പോള്‍ അവളുടെ അമ്മയുടെയും സഹോദരിയുടെയും ചാരിത്രശുദ്ധിയെ പറ്റി പായാരം പറഞ്ഞവരുടെ നാടായി ഇത്. അഞ്ചാം ക്ലാസുകാരിയോട് തനിക്കും തന്നോട് അവള്‍ക്കും കാമം ആണെന്നു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടവരെ പിന്തുണക്കുന്നവരുടെ എണ്ണം ഓരോ ദിനവും കൂടുന്നേയുള്ളു..... രാത്രിയില്‍ എന്തിനാ പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നത്? പീഡനവിവരം അറിഞ്ഞപ്പോള്‍ അമ്മ മിണ്ടാതിരുന്നത് എന്തേ? ആരെങ്കിലും വിളിച്ചപ്പോള്‍ യതീംഖാനയിലെ കുട്ടികള്‍ എന്തിന് നിരനിരയായി പോയി? വൈദികനെ വഴിതെറ്റിക്കാന്‍ എന്തിനിങ്ങനെ പതിനാറുകാരികള്‍ പള്ളിമേടയില്‍ പോകുന്നു? എന്നൊക്കെയാണ് പുരോഗമന കേരളത്തിന്റെ മാതൃകാ ചോദ്യങ്ങള്‍..
കേരളമെന്നും ഇങ്ങനെയൊക്കെയാണ്. കപട സദാചാര വാദികളുടെ കപട ആദര്‍ശവാദികളുടെ പുറംപൂച്ചില്‍ അഭിമാനിക്കുന്നവര്‍...കണ്ണടച്ച് ഇരുട്ടാക്കി പാല് കുടിക്കുന്നവര്‍...പുരോഗമനത്തിന്റെ പുറംപൂച്ച് പൊളിച്ച് സമൂഹം പുറത്ത് വരുന്ന നാളിലെ നമുക്ക് രക്ഷപ്പെടാനാകു..
ആര്‍ത്തനാദങ്ങള്‍ക്കും
പേടികള്‍ക്കും ഇടയിലെ
ചില കണക്കുകള്‍
ലൈംഗിക സ്വാതന്ത്ര്യത്തിന് വേണ്ടി വരെ വാദിക്കുന്ന 'പുരോഗമനക്കാരുള്ള' നാട്ടില്‍ ചെറിയ പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ബലാത്സംഗക്കേസുകള്‍ ഭീതിജനകമായി വര്‍ദ്ധിക്കുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2009ല്‍ കേരളത്തില്‍ 235 കുട്ടികളാണ് പീഡനത്തിന് ഇരയായതെങ്കില്‍ 2016ല്‍ ഇത് 929 ആയിരുന്നു. നാലിരട്ടിയോളം വര്‍ദ്ധന. നടപ്പ് വര്‍ഷം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ കണക്കുകളും ഞെട്ടിപ്പിക്കുന്നവയാണ്.
കുട്ടികള്‍ക്കെതിരായ
ബലാത്സംഗക്കേസുകള്‍
2009 ല്‍ രജിസ്റ്റര്‍ ചെയ്തത് 235 കേസുകള്‍ 2010-208 കേസുകള്‍, 2011-423 കേസുകള്‍, 2012-455 കേസുകള്‍, 2013-637 കേസുകള്‍, 2014 -709 കേസുകള്‍, 2015-720 കേസുകള്‍, 2016-929 കേസുകള്‍. 11 വയസ്സിനും 15നും ഇടയിലുള്ള കുട്ടികളാണ് അധികവും പീഡനത്തിന് ഇരയാകുന്നതെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സ്വന്തം വീടുകളിലാണ് കൂടുതല്‍ പേരും പീഡനത്തിന് ഇരയാകുന്നത് എന്നാണ് ചൈല്‍ഡ് ലൈന്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വിദ്യാലയങ്ങള്‍, മതപഠനശാലകള്‍, അനാഥാലയങ്ങള്‍, അയല്‍ വീടുകള്‍ എന്നിവിടങ്ങളില്‍ വച്ചാണ് പെണ്‍കുട്ടികള്‍ പീഡനത്തിന് ഇരയാകുന്നത്.
കുട്ടികള്‍ക്കെതിരായ കുറ്റകൃത്യം തടയുന്ന പോസ്കോ നിയമപ്രകാരം ഇതിനകം 149 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു.
സംസ്ഥാനത്ത് 2015ല്‍ 12,383 കേസുകളാണ് സ്ത്രീകള്‍ക്ക് നേരെയുള്ള കുറ്റങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തത്. 2016ല്‍ ഇത് 14,061 ആയി ഉയര്‍ന്നു. 2017ല്‍ ജനുവരിയില്‍ മാത്രം 149 കേസുകളെടുത്തിട്ടുണ്ട്
കേസാവാത്ത, ഒതുക്കി തീര്‍ക്കുന്ന ബലാത്സംഗങ്ങളും, ദുരൂഹമരണക്കേസുകളും ഇതിന്റെ ഇരട്ടിയോളം വരും. ഇപ്പോള്‍ പുറത്ത് വന്ന മിക്ക കേസുകളിലും കേസ് അട്ടിമറിക്കാനുള്ള ശക്തമായ ഇടപെടലുകള്‍ വ്യക്തമായിരുന്നു. ഈ സമര്‍ദ്ദങ്ങളെ കൂടി അതിജീവിക്കാന്‍ കഴിഞ്ഞത് കൊണ്ട് മാത്രമാണ് കേസ് പൊതുജനമധ്യത്തില്‍ ചര്‍ച്ചയായത്. താല്പര്യമില്ലാതിരുന്നിട്ടും നടപടി എടുക്കാന്‍ പോലീസ് സംവിധാനങ്ങള്‍ നിര്‍ബന്ധിതമായി എന്നര്‍ത്ഥം.
പ്രതികളുടെ പിന്നില്‍ പാറപോലെ ഉറച്ചു നില്ക്കുന്ന രാഷ്ട്രീയ, സാമുദായിക ശക്തികളും വഴങ്ങുന്ന സര്‍ക്കാര്‍ സംവിധാനങ്ങളും ഇരകള്‍ക്കൊപ്പം എന്ന് തെരുവീഥികളില്‍ പോസ്റ്റര്‍ ഒട്ടിക്കുകയും വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ചെയ്യുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളാല്‍ സമ്പന്നമാണ് കേരളം. ഏത് കേസിലെയും പ്രതികള്‍ രാഷ്ട്രീയ ബന്ധമുള്ളവരായിരിക്കും, അല്ലെങ്കില്‍ മതസമുദായ സംഘടനകളില്‍ പെട്ടവര്‍. ഇരകളാകട്ടെ സമൂഹത്തിന്റെ പുറംമ്പോക്കില്‍ തള്ളപ്പെട്ടവരില്‍ ഒരാളും. ചോദിക്കാനും പറയാനും ആരുമുണ്ടാവില്ല എന്ന ഉറപ്പിന്റെ പിന്‍ബലത്തില്‍ കൂടിയാണ് വേട്ടക്കാര്‍ ഇവരെ വെട്ടിവീഴ്ത്തുന്നത്. ആരുടെയെങ്കിലും സമ്മര്‍ദ്ദ ബലത്താലോ, സ്വയം ആര്‍ജ്ജിതമായ പ്രതികരണ ശക്തിയാലോ ആണ് പലതും പരാതിയായി പോലീസില്‍ എത്തുന്നത്. കേസ് ഒതുക്കി തീര്‍ക്കാന്‍ എന്ത് വഴി എന്നതാണ് കേസിനെ സമീപിക്കുന്ന പോലീസിന്റെ ആദ്യ പരിഗണന. പ്രതികള്‍ക്കായി രാഷ്ട്രീയക്കാരും മതനേതാക്കളും സംഘടനകളും എത്തുമെന്ന് അവര്‍ക്ക് നന്നായറിയാം. പണമില്ലാത്ത പരാതിക്കാര്ക്കല്ല, പണവും സ്വാധീനും ഉള്ള വേട്ടക്കാരന് തന്നെയാണ് കസേര നല്‍കേണ്ടത് എന്നവര്‍ക്ക് നന്നായറിയാം. ഇവറ്റകള്‍ക്കൊക്കെ വേണ്ടി എന്തിന് ഡിപ്പാര്‍ട്ട്മെന്റും വകുപ്പും പണിയെടുക്കണം? അങ്ങനെ ദുരൂഹമരണങ്ങള്‍ ആത്മഹത്യകളായി മാറുന്നു. കൊലപാതകങ്ങള്‍ മാധ്യമങ്ങളില്‍ പോലുമെത്താതെ കേസ് ഡയറിയ്ക്കുള്ളില്‍ ഭദ്രമായി ഒതുങ്ങുന്നു. ഇരകള്‍ക്കൊപ്പമല്ല വേട്ടക്കാരന്റെ കൂടെയാണ് ഭരണകൂടങ്ങള്‍ എന്ന് എല്ലാവര്ക്കും അറിയാം. കേരളത്തില്‍ ഇത്തരം കേസുകള്‍ പെരുകുന്നത് ഇയൊരു സമീപനം കൊണ്ട് മാത്രമാണ്..
അഭയകേസ് മുതല്‍ കൊട്ടിയൂര്‍ ബലാത്സംഗക്കേസ് വരെ നീളുന്ന പട്ടികയില്‍ മതനേതൃത്വമാണ് മുഖ്യപ്രതി. കേസുകള്‍ ഒതുക്കി തീര്‍ക്കാന്‍ ക്രൈസ്തവ സഭാ നേതൃത്വങ്ങള്‍ കാണിച്ച വ്യഗ്രത പുറംലോകം അറിഞ്ഞ അരഡസനിലധികം പീഡനകേസുകള്‍ ഈയിടെ ഉണ്ടായി. കന്യാസ്ത്രീയുടെ മരണം മുതല്‍ പള്ളിമേടയിലെത്തുന്ന കുരുന്നുകള്‍ വരെ പീഡനത്തിനിരയായ സംഭവങ്ങള്‍ അനവധി. വൈദികര്‍ പ്രതികളായ കേസില്‍ സഭാ നേതൃത്വം ഇടപെടുന്ന രീതിയറിഞ്ഞാല്‍ ഏത് പരിഷ്കൃത സമൂഹവും നാണിച്ച് പോകും.
കൊട്ടിയൂരില്‍ വൈദികന് പെണ്‍കുട്ടിയെ പള്ളിമേടയില്‍ വച്ച് ബലാത്സംഗം ചെയ്തു. പെണ്‍കുട്ടി ഗര്‍ഭിണിയായി. സഭയും വിശ്വാസി നേതൃത്വവും അറിഞ്ഞ സംഭവം ഒതുക്കി തീര്‍ക്കാന്‍ നടത്തിയ ശ്രമങ്ങള്‍ കേരളത്തെ നാണിപ്പിക്കുന്ന വിധത്തിലായിരുന്നു.
അവിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വൈദികന് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ അഞ്ചു കന്യാസ്ത്രീകളും പ്രതിപ്പട്ടികയില്‍ ഇടംപിടിച്ചു. ആകെ എട്ടു പ്രതികളാണ് കേസിലുള്ളത്. കന്യാസ്ത്രീമാരും ഡോക്ടര്‍മാരുമായ സിസ്റ്റര്‍ ടെസി ജോസ്, സിസ്റ്റര്‍ ആന്‍സി മാത്യു, ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍ അനീസ, സിസ്റ്റര്‍ ഒഫീലിയ, സിസ്റ്റര്‍ ലിസി മരിയ, മാതൃവേദി അംഗമായ തങ്കമ്മ നെലല്യാനി, ഡോ. ഹൈദരാലി എന്നിവരാണ് പ്രതികള്‍. ഫാ. റോബിന് വടക്കുംചേരിയാണ് കേസില്‍ ഒന്നാം പ്രതി. ഇയാള്‍ ഇപ്പോള്‍ തലശേരി സബ്ജയിലിലാണ്. ഇടവകാംഗവും മാതൃവേദി അംഗവുമായ തങ്കമ്മ നെലല്യാനിയാണ് രണ്ടാം പ്രതി. ഇവര്‍ ഒളിവിലാണ്. ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ സിസ്റ്റര്‍ ടെസി ജോസ് ആണ് മൂന്നാം പ്രതി. ഡോക്ടര്‍ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവര്‍ നാലും അഞ്ചും പ്രതികളാണ്. ആശുപത്രിയുടെ ചുമതലയുള്ള സിസ്റ്റര്‍ ലിസി മരിയ ആണ് ആറാം പ്രതി. സിസ്റ്റര്‍ അനീസയും സിസ്റ്റര്‍ ഒഫീലയും ഏഴും എട്ടും പ്രതികളാണ്. ഇരുവരും വയനാട് വൈത്തിരിയിലെ ദത്തെടുക്കല്‍ കേന്ദ്രത്തിലെ സിസ്റ്റര്‍മാരാണ്. ഈ രണ്ട് സിസ്റ്റര്‍മാരും ഒളിവിലാണെന്നാണ് വിവരം.
വയനാട്ടില്‍ യത്തിംഖാനയില്‍ നിന്ന് സ്ക്കൂളിലേക്ക് പോകുന്നതിനിടെ ഏഴ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികളാണ് പീഡനത്തിന് ഇരയായത്. മിഠായി കാണിച്ച് ഒരു കുട്ടിയെ മുറിയിലെത്തിച്ചു. അവളെ തിരഞ്ഞെത്തിയ മറ്റുള്ളവരെ സംഘം ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു ഇവിടെ. കേസിലെ പ്രതികളില്‍ ചിലരെല്ലാം പോലിസ് പിടിയിലാണ്. ഈ കേസ് അന്വേഷണവും അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടക്കുന്നുവെന്ന ആക്ഷേപം ശക്തമാണ്.
സിപിഎം കൗണ്‍സിലര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രതിയായ വടക്കാഞ്ചേരി പീഡനക്കേസും അട്ടിമറി പാതയിലാണ്. കേസില്‍ അന്വേഷണം പ്രതികളെ സംരക്ഷിക്കാനും, വാദിയെ കുറ്റക്കാരി ആക്കാനും ആണെന്നാണ് ആക്ഷേപം. ഇത്തരത്തില്‍ നിരവധി കേസുകളാണ് മത രാഷ്ട്രീയ ഇടപെടലുകള്‍ കൊണ്ട് അന്വേഷണം പാതി വഴിയിലും മറ്റും നിന്നു പോകുന്നത്. വര്‍ഷങ്ങളായി അവസാന വിധി കാത്ത് വിചാരണയില്‍ കഴിയുന്ന കേസുകളും അനവധിയാണ്. ഈ കേസുകളിലെല്ലാം പ്രതികള്‍ പരോളിലും മറ്റുമായി ആഘോഷിച്ചു കഴിയുമ്പോള്‍, പരാതിക്കാരി സമൂഹത്തില്‍ ഇരയായി തന്നെ തുടരുന്ന അവസ്ഥയാണ്.
കിളിരൂര്‍ കേസ്(2003-2004), കവിയൂര്‍ കേസ് (2004 സപ്തംബര്‍ 28 ), ഐസ്ക്രീം കേസ് (1997), സൂര്യനെല്ലി കേസ്(1996) എന്നിങ്ങനെ കേരളം ചര്‍ച്ച ചെയ്ത കേസുകളിലെ അവസ്ഥ നമ്മള് കണ്ടതാണ്. മുസ്ലീംലീഗിന്റെ കരുത്തനായ നേതാവ് മുഖ്യപ്രതിയായ ഐസ്ക്രീം പാര്‍ലര്‍ കേസ് സംസ്ഥാന പോലീസിന്റെ വിവിധ വിഭാഗങ്ങള്‍ അന്വേഷിച്ചിട്ടും എങ്ങുമെത്തിയില്ല. ഇനി സിബിഐയ്ക്ക് കൈമാറിയാലും മാറ്റമുണ്ടാകില്ലെന്നും പ്രതികള്‍ ശിക്ഷിക്കപ്പെടില്ലെന്നുമാണ് പീഡനക്കേസുകളിലെ അന്വേഷണ ചരിത്രം വ്യക്തമാക്കുന്നത്.
കവിയൂരിലെ അനഘ എന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് തവണയാണ് സിബിഐ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയത്. പീഡിപ്പിച്ചവരില്‍ കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ വരെ ഉണ്ടെന്ന അഭിപ്രായം ഉയര്‍ന്നിട്ടും അനഘയെ സ്വന്തം പിതാവ് പീഡിപ്പിച്ചിരിക്കാം എന്ന സാധ്യതയിലേക്കാണ് അന്വേഷണം എത്തിയത്. ബ്രാഹ്മണ കുടുംബത്തിലെ പെണ്‍കുട്ടി കന്യകയായി മരിക്കുന്നത് പാപമാണെന്ന സാമൂഹ്യബോധത്തില്‍ നിന്നാണ് മകളെ പീഡിപ്പിച്ചശേഷം നാരായണന് നമ്പൂതിരി കുടുംബത്തിന് മുഴുവന്‍ വിഷം നല്കി ആത്മഹത്യ ചെയ്തതെന്ന സിബിഐയുടെ വിചിത്രമായ കഥ കോടതിയുടെ മന:സാക്ഷിയെ പോലും ഞെട്ടിച്ചു എന്നതിന്റെ തെളിവാണ് മൂന്ന് തവണയായി അന്വേഷണ റിപ്പോര്‍ട്ട് തള്ളിയത്. സൂര്യനെല്ലിയും കിളിരൂരും ഇതേ കഥ തന്നെയാണ് നമ്മളോട് പറയുന്നത്. കേസിലെ രാഷ്ട്രീയസ്വാധീനമുള്ള പ്രതികളെല്ലാം രക്ഷപ്പെടുമ്പോള്‍ ചെറുമീനുകള്‍ മാത്രം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു. കോടികളുടെ പിന്‍ബലത്തില്‍ തെളിവുകള്‍ അപ്രത്യക്ഷമാക്കാന്‍ കഴിവുള്ളവര്‍ അധികാര സ്ഥാനത്തിരിക്കുമ്പോള്‍ സിബിഐയ്ക്ക് പോലും നോക്കുകുത്തിയാവാനേ കഴിയൂ എന്നതാണ് യാഥാര്‍ത്ഥ്യം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ തടയാനും, കുറ്റകൃത്യങ്ങളില്‍ പ്രതിയായവര്‍ക്ക് ശിക്ഷ വാങ്ങിച്ച് നല്‍കാനും ഉള്ള നടപടികളും പദ്ധതികളുടെയും അവസ്ഥ പരിശോധിച്ചാല്‍ വിഷയത്തില്‍ ഭരണകൂടങ്ങളുടെ ഞെട്ടിക്കുന്ന അനാസ്ഥ വ്യക്തമാകും. ചെല്‍ഡ് ലൈന്‍ സംവിധാനങ്ങള്‍ നോക്കുകുത്തിയാണ്. മതനേതാക്കളുടെ ശുപാര്‍ശക്കാരും രാഷ്ട്രീയ പ്രതിനിധികളും അംഗങ്ങളായ ചെല്‍ഡ് ലൈന്റെ താല്പര്യം പ്രതികളായ സ്വന്തക്കാരെ സംരക്ഷിക്കാനാണ്. കേസ് ഒതുക്കി തീര്‍ക്കാന്‍ ചെല്‍ഡ് ലൈന്‍ സമിതി അംഗങ്ങള്‍ തന്നേ നേരിട്ട് ഇടപെട്ട കഥകള്‍ ഓരോന്നായി പുറത്ത് വന്ന് കൊണ്ടേയിരിക്കുന്നു. ശക്തമായ ഇടപെടലുകള്‍ നടത്താന്‍ കഴിയാത്ത വനിത കമ്മീഷനും പലപ്പോഴു നോക്കുകുത്തിയാണ്. രാത്രിയില്‍ സഹായത്തിനായി വിളിച്ചാല്‍ നിശബ്ദമായി ഇരിക്കുന്ന പിങ്ക് പോലിസ് ഹെല്പ് ലൈന്‍ നമ്പറും, അവശ്യസമയത്ത് സ്ഥലത്ത് എത്താത്ത പിങ്ക് പോലിസ് സംവിധാനവും, ഇനിയും രൂപീകൃതമാവാത്ത പഞ്ചായത്ത് ജാഗ്രത സമിതിയുമൊക്കെ നമുക്ക് മുന്നിലുണ്ട്. എന്നിട്ടും സ്ത്രീ സംരക്ഷകരായി ചമഞ്ഞ് ഗീര്‍വ്വാണം മുഴക്കാനുള്ള അപാരമായ തൊലിക്കട്ടി ഭരണകൂടങ്ങള്‍ക്കും രാഷ്ട്രീയ സംഘടനകള്‍ക്കും ഉണ്ട്.
''സാരമില്ല മകളേ... നിനക്ക് ഒന്നും പറ്റിയിട്ടില്ല. ഡെറ്റോള്‍ ഒഴിച്ച വെള്ളത്തില്‍ അടിച്ചു നനച്ചു കുളിച്ച് മിടുക്കിയായി തലപൊക്കി നടക്കുക. നിന്റെ ആത്മാവിനെ ക്ഷതപ്പെടുത്തുവാന് ആര്‍ക്കും സാധ്യമല്ലതന്നെ''.
സുഗതകുമാരിയുടെ വാക്കുകളാണ്.കേരളത്തില്‍ ഒരിടവും പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ ഈ വാക്കുകള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. ഒരോ പെണ്‍കുട്ടിയേയും പ്രതിരോധത്തിന്റെ ബാലപാഠങ്ങള്‍ നാം പഠിപ്പിക്കേണ്ടിയിരിക്കുന്നു. ഏത് നിമിഷവും നിനക്കുമുകളില്‍ അവരുടെ വിരലുകള്‍ ആഞ്ഞിറങ്ങാമെന്ന് പേടിപ്പിക്കുകയല്ല, ജീവിക്കാന്‍ ജാഗ്രത കൂടി വേണമെന്ന് അവളെ പറഞ്ഞ് മനസ്സിലാക്കുക. സ്വന്തം പുതപ്പിനകത്ത് പോലും നുഴഞ്ഞു കയറാവുന്ന ആര്‍ത്തികളെ കുറിച്ച് അവളും അറിഞ്ഞിരിക്കേണ്ടതുണ്ട്. 'സൂക്ഷിച്ച് നടക്കണെ മോളെ മുന്നില്‍ പടികളുണ്ട്' എന്ന് പറഞ്ഞുകൊടുക്കുന്നതിനൊപ്പം തലയുയര്‍ത്തി നടക്കാനും പേടിക്കാതിരിക്കാനും അവളോട് പറയണം. ഒപ്പം വിരല്‍ചൂണ്ടി വേണ്ടിടത്ത് സംസാരിക്കാനും പ്രതികരിക്കാനും ഓര്‍മ്മപ്പെടുത്തി കൊണ്ടേയിരിക്കുക. ഭരണകൂടവും സമൂഹവും നന്നാവാത്ത ഈ നാട്ടില്‍ ഭീരുക്കളെ പോലെ പിടഞ്ഞു മരിക്കാതെ ധീരകളായി പൊരുതി മരിക്കാനെങ്കിലും അവര്‍ക്ക് ശക്തി ലഭിക്കട്ടെ...സ്വയം കരുത്താവുന്ന അവസ്ഥയിലേക്ക് നടന്നടുക്കാന്‍ ഓരോ പെണ്ജന്മങ്ങള്ക്കും കഴിയട്ടെ.
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.