Kesari WeeklyKesari

-ലേഖനം-

വിപണിയില്‍ നിന്നും വിലയ്ക്ക്‌വാങ്ങുന്നത് മരണം - -ടി.കെ. പ്രഭാകരന്‍

on 21 April 2017

ജീവന്‍ നിലനിര്‍ത്തുന്നതിനുവേണ്ടി നമ്മള്‍ ഉപയോഗിക്കുന്നതെല്ലാം മരണം ആസന്നമാക്കുന്ന വിപത്തുകളാണെന്ന തിരിച്ചറിവിലേക്ക് ഇനിയും നാം എത്തിയില്ലെങ്കില്‍ ഒരു ശക്തിക്കും തടയാനാകാത്ത ദുരന്തങ്ങളെ കേരള ജനത അഭിമുഖീകരിക്കേണ്ടിവരുമെന്ന കാര്യത്തില്‍ സംശയമില്ല. മാലിന്യം നിറഞ്ഞ കുപ്പിവെള്ളവും വിഷം നിറഞ്ഞ പഴംപച്ചക്കറികളും കേരളത്തിലെ വിപണികളില്‍  സജീവമാവുകയാണ്. കാലാവധി കഴിഞ്ഞതും ഗുണനിലവാരമില്ലാത്തതുമായ കുപ്പിവെള്ള ബോട്ടിലുകള്‍ സംസ്ഥാനത്തെ മൊത്തവിതരണകേന്ദ്രങ്ങളില്‍ നിന്നും മറ്റുമായി ഫുഡ് സേഫ്റ്റി വിഭാഗം പിടികൂടിയത് അടുത്തിടെയാണ്. കാല്‍സ്യം കാര്‍ബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ച മാങ്ങകളും കേരളത്തിലെ വിവിധഭാഗങ്ങളില്‍ നിന്നായി ആരോഗ്യവിഭാഗം പിടികൂടുന്നുണ്ട്.  മനുഷ്യജീവന് തന്നെ ഹാനികരമായതും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ വരുത്തിവെക്കുന്നതുമായ രാസപദാര്‍ഥങ്ങള്‍ ഉപയോഗിച്ചാണ് മാങ്ങകള്‍ അടക്കമുള്ള പഴവര്‍ഗങ്ങള്‍ പഴുപ്പിക്കുന്നത്.   
കീടനാശിനികള്‍ തളിച്ച പഴവര്‍ഗങ്ങളും ആരോഗ്യത്തിന് വലിയ തോതിലുള്ള ഭീഷണികള്‍ ഉയര്‍ത്തുന്നു. എന്‍ഡോസള്‍ഫാന്‍ അടക്കമുള്ള മാരക കീടനാശിനികള്‍ തളിച്ച് തമിഴ്‌നാട്ടിലും കര്‍ണാടകയിലും ആന്ധ്രാപ്രദേശിലുമൊക്കെ ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറികളെല്ലാം വില്‍പ്പനക്കായി അടിഞ്ഞുകൂടുന്നത് കേരളത്തിലെ വിപണികളിലാണ്. മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം മാത്രമല്ല വിഷം നിറഞ്ഞ പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷ്യസാധനങ്ങളും കഴിക്കുന്നത് ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയ ഗുരുതരമായ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് ഇതുസംബന്ധിച്ച് നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ കാര്‍ഷികസമ്പന്നവും ജലസമൃദ്ധവുമായ പൂര്‍വകാലസൗഭാഗ്യങ്ങള്‍ വെറും ഓര്‍മമാത്രമായി മാറിയ അത്യന്താധുനിക കേരളത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്കെല്ലാം അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടിവരുന്ന സാഹചര്യം നിലനില്‍ക്കുന്നിടത്തോളം കാലം വിഷം കലര്‍ന്ന ഭക്ഷ്യധാന്യങ്ങള്‍ ഉപയോഗിച്ച് രോഗങ്ങള്‍ക്ക് അടിമകളാകാന്‍  നമ്മളെല്ലാം നിര്‍ബന്ധിതരായിത്തീരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.
    മരങ്ങള്‍ വെട്ടിനശിപ്പിച്ചും കുന്നുകള്‍ ഇടിച്ചുനിരത്തിയും ജലസ്രോതസ്സുകള്‍ മണ്ണിട്ട് നികത്തിയും നടപ്പാക്കിയ പ്രകൃതിവിരുദ്ധവും പരിസ്ഥിതിവിരുദ്ധവുമായ വികസനപ്രവര്‍ത്തനങ്ങളുടെ അനിവാര്യമായ കെടുതികളാണ് കുടിവെള്ളക്ഷാമത്തിലൂടെയും ഭക്ഷ്യക്ഷാമത്തിലൂടെയും നാമെല്ലാം നേരിട്ടുകൊണ്ടിരിക്കുന്നത്. പണത്തോടും മണ്ണിനോടും പ്രകൃതിവിഭവങ്ങളോടും ആസക്തി പൂണ്ട ഒരുവിഭാഗം നടത്തുന്ന പരിസ്ഥിതിധ്വംസനത്തിന്റെ ദുരന്തഫലങ്ങള്‍ ഭൂമിയോട് ക്രൂരത കാണിച്ചവര്‍ മാത്രമല്ല ഈ തലമുറയിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കേണ്ടിവരികയാണ്. കൊടുംവരള്‍ച്ചയില്‍ ഉഴറിനടക്കുന്ന കേരളീയരുടെ ദൈന്യത കാലം മനുഷ്യര്‍ക്ക് കാത്തുവെച്ചുനല്‍കിയ പാരിസ്ഥിതിക ആഘാതമാണ്. മഴലഭ്യതക്കും ജലസമ്പത്തിനും അടിസ്ഥാനപ്രേരകമാകുന്ന പ്രകൃതിയുടെ പ്രത്യുല്‍പ്പാദകഘടകങ്ങളെ ആധുനികമനുഷ്യര്‍ നിര്‍വീര്യമാക്കിക്കൊണ്ടിരിക്കുമ്പോള്‍ പ്രപഞ്ചത്തിലെ പഞ്ചഭൂതങ്ങള്‍ പുറപ്പെടുവിക്കുന്ന ധാര്‍മികരോഷമാണ് വരള്‍ച്ചയും ചുടുകാറ്റും വരണ്ട ഭൂമിയുമായി ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. കേരളത്തിലെ നദികളും പുഴകളും കുളങ്ങളും കിണറുകളുമെല്ലാം വറ്റിവരണ്ടിരിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരള്‍ച്ച അനുഭവപ്പെടുന്നത് പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ്. ഈ രണ്ടുജില്ലകളിലടക്കം കേരളത്തിലെ എല്ലാഭാഗങ്ങളിലും സര്‍ക്കാര്‍ അനുമതിയോടെ നിരവധി കുപ്പിവെള്ള കമ്പനികളാണ് പ്രവര്‍ത്തിച്ചുവരുന്നത്.പ്രതിദിനം അമ്പതിനായിരം ലിറ്ററോളം ജലം കാസര്‍കോട് ജില്ലയില്‍ മാത്രം കുപ്പിവെള്ളവിതരണത്തിനായി ഊറ്റിയെടുക്കുന്നുണ്ടെന്ന വിവരം നടുക്കമുളവാക്കുന്നതാണ്.കേരളത്തില്‍ മൊത്തമായി ഇരുപത് ലക്ഷത്തിനും പതിനഞ്ചുലക്ഷത്തിനും ഇടയില്‍ ലിറ്റര്‍ കണക്കിന് വെള്ളം സ്വകാര്യകമ്പനികള്‍ ഊറ്റുന്നു. ഇതിനെല്ലാം പുറമെയാണ് അന്യസംസ്ഥാന കുപ്പിവെള്ള കമ്പനികളുടെ ഏജന്‍സികള്‍ മുഖേന സംസ്ഥാനത്തെ എല്ലാഭാഗങ്ങളിലും  ബോട്ടില്‍ കുടിവെള്ളവിതരണം നടത്തുന്നത്. തീര്‍ത്തും മലിനമായ സാഹചര്യങ്ങളില്‍ നിന്നുള്ള വെള്ളം കുപ്പികളിലാക്കി വ്യാപകമായി വിതരണം ചെയ്ത് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കമ്പനികളുടെയും ഇടനിലക്കാരുടേയും ചൂഷണ തന്ത്രങ്ങള്‍ ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.  എറണാകുളം, പാലക്കാട്, പത്തനംതിട്ട ജില്ലകളില്‍ നിന്നും സ്വകാര്യകോളക്കമ്പനികളും കുപ്പിവെള്ളക്കമ്പനികളും ഊറ്റിയെടുക്കുന്ന വെള്ളത്തിന് കയ്യും കണക്കുമില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും തീരദേശങ്ങളിലുമെല്ലാം കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന ജനങ്ങളെയാണ് കാണുന്നത്. കുപ്പിവെള്ളത്തെ ആശ്രയിച്ചുകഴിയേണ്ട ഗതികേടിലേക്ക് കേരളത്തെ ജനങ്ങളെ തള്ളിവിടുന്ന  സ്വകാര്യകമ്പനികളുടെ കൊടുംചൂഷണങ്ങള്‍ക്ക്  സാഹചര്യമുണ്ടാക്കിയതില്‍ സമൂഹത്തിനും ഭരണാധികാരികള്‍ക്കും നിയമവ്യവസ്ഥക്കും ഒരുപോലെ പങ്കുണ്ട്. കേരളം മാറിമാറി ഭരിച്ച സര്‍ക്കാരുകള്‍ക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറാനാകില്ല.  ജലസമ്പത്തുകളെ അധികാരികളുടെ ഒത്താശയോടെ  ഉന്‍മൂലനം ചെയ്യുന്ന തെറ്റായ വികസനപ്രവര്‍ത്തനങ്ങളാണ് കാലങ്ങളായി ഇവിടെ നടന്നുവരുന്നത്. ജലസ്രോതസ്സുകളെ കുഴിച്ചുമൂടുന്ന വികസനപ്രക്രിയകളെ നിസ്സംഗതയോടെയാണ് നമ്മളെല്ലാം നോക്കിനിന്നത്. പ്രകൃതിക്ക് നിരക്കാത്ത വികസനപ്രവൃത്തികള്‍ മഴയെ പോലും അകറ്റിനിര്‍ത്തുന്ന ദുരന്തഫലമുണ്ടാക്കിയപ്പോഴാണ് ജീവജലവും പ്രകൃതിയും സംരക്ഷിക്കപ്പെടണമെന്ന അവബോധം അധികാരിവര്‍ഗത്തിനുപോലും ഉണ്ടായിരിക്കുന്നത്. വരള്‍ച്ചയെ നേരിടാന്‍ കൃത്രിമമഴയല്ല പരിഹാരം. മഴലഭ്യത തിരിച്ചുപിടിക്കുന്നതിനാവശ്യമായ പ്രകൃതിസംരക്ഷണവും കാര്‍ഷികപുനരുജ്ജീവനവുമാണ്. ഒരു സ്വാധീനത്തിനും വഴങ്ങാത്ത നിയമത്തിന്റെ ശക്തമായ ഇടപെടലുകള്‍ ഇനിയെങ്കിലുംഇക്കാര്യത്തില്‍  ഉണ്ടായേ മതിയാകൂ. മണ്ണിനെയും മരങ്ങളെയും ജലത്തെയും അവഗണിച്ചുകൊണ്ട് ഇനി ഒരടിപോലും മുന്നോട്ടുപോകാന്‍ നമുക്കാകില്ലെന്നും നിലനില്‍പ്പ് അത്രമാത്രം അപകടകരമാണെന്നുമുള്ള യാഥാര്‍ത്ഥ്യബോധം പുതിയ തലമുറകളില്‍ വാര്‍ത്തെടുക്കാനാവശ്യമായ ബോധവല്‍ക്കരണം അനിവാര്യമാണ്. വിദ്യാലയങ്ങളെ പ്രകൃതിയെ അറിയാനും പഠിക്കാനുമുള്ള കേന്ദ്രങ്ങള്‍ കൂടിയായി മാറ്റിയെടുക്കണം. 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments