Kesari WeeklyKesari

മുഖപ്രസംഗം

അമ്മമലയാളത്തിനായി ഒരു കല്പന

on 21 April 2017

ടുക്കം അധികാരി, ഭരണവര്‍ഗ്ഗം കനിഞ്ഞു. അമ്മമലയാളത്തിനെ പാഠശാലയില്‍ നിന്നും പടിയിറക്കി അന്യഭാഷകളെ കുടിയിരുത്തിയവര്‍ക്ക് ഇനി രക്ഷയില്ല. കേരളത്തില്‍ പത്താംക്ലാസ് വരെ മാതൃഭാഷാ പഠനം നിര്‍ബന്ധിതമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയിരിക്കുകയാണ്. ഒരുപക്ഷെ മാതൃഭാഷയെ അവജ്ഞയോടെ അഗണ്യപരകോടിയില്‍ തള്ളിയ ഒരു ജനത മലയാളികളല്ലാതെ മറ്റാരെങ്കിലുമുണ്ടെന്ന് തോന്നുന്നില്ല. മാതൃഭാഷയെ പാഠ്യവിഷയമാക്കുവാന്‍ ഉത്തരവ് പുറപ്പെടുവിക്കേണ്ട ഗതികേട് വന്ന ജനത എന്ന പേരുദോഷവും നമുക്ക് സ്വന്തം. മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി കിട്ടി എന്ന് മലയാളികള്‍ തമ്പേറടിക്കുമ്പോഴും പാഠശാലയില്‍ അത് നികൃഷ്ടഭാഷയായാണ് കണക്കാക്കിയിരുന്നത്. മലയാളം വിദ്യാലയത്തില്‍ പറഞ്ഞതിന് വിദ്യാര്‍ത്ഥിക്ക് പിഴയിട്ടതും തലമൊട്ടയടിച്ചതും എല്ലാം നമ്മുടെ കേരളത്തിലെ ചരിത്രം. മാതൃഭാഷ സംസാരിക്കുന്നതും എഴുതുന്നതും സംസ്‌കാരമില്ലായ്മയായി ചിത്രീകരിക്കപ്പെടുന്ന കാലത്തുതന്നെയാണ് നാം ജീവിക്കുന്നത്. 
ഭാരതത്തില്‍ പാശ്ചാത്യ അധിനിവേശം ആദ്യമുണ്ടായ ഭൂപ്രദേശങ്ങളിലൊന്നാണ് കേരളം. പാശ്ചാത്യ അധിനിവേശം ശരിക്കും സംഭവിച്ചത് മണ്ണിലല്ല; മലയാളിയുടെ മനസ്സിലായിരുന്നു. കോളനിവത്കരണത്തിന്റെ ഭാഗമായി സാംസ്‌കാരിക അധിനിവേശം അനിവാര്യമായിരുന്നു. സാംസ്‌കാരിക അധിനിവേശം കടന്നുവരുന്നത് ഭാഷയിലൂടെയാണ്. ആംഗലേയഭാഷയിലൂടെ ആംഗലേയ സംസ്‌കാരം കടന്നുവന്നു. അധിനിവേശ ശക്തികളോട് വിനീതവിധേയരായി കഴിയുന്ന ഒരു ജനതയെ സൃഷ്ടിക്കേണ്ടത് കടന്നുവന്ന പരദേശികളുടെ ആവശ്യമായിരുന്നു. അതിന് നമ്മുടെ ഭാഷയും സംസ്‌കാരവും അധമവും നികൃഷ്ടവുമാണെന്ന ബോധം സൃഷ്ടിക്കുന്നവിധം വിദ്യാഭ്യാസ സമ്പ്രദായത്തെ പുനര്‍രചിക്കുന്നതില്‍ പരദേശികള്‍ വിജയിച്ചു. രാഷ്ട്രീയ സ്വാതന്ത്ര്യം കിട്ടിയിട്ടും മാനസികസ്വാതന്ത്ര്യം കിട്ടാത്ത ജനത പരദേശികളോടുള്ള വിധേയത്വം തുടര്‍ന്നുപോന്നു. അതുകൊണ്ടാണ് ഇന്നും ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളോട് മലയാളിക്ക് വല്ലാത്ത ആരാധന. 
സ്വാതന്ത്ര്യാനന്തരം ത്രിഭാഷാപദ്ധതിയാണ് നാം സ്വീകരിച്ചത്. ലോകഭാഷയെന്നറിയപ്പെടുന്ന ഇംഗ്ലീഷും ദേശീയഭാഷയായ ഹിന്ദിയും മാതൃഭാഷയായ മലയാളവും തുല്യപ്രാധാന്യത്തോടെ കണക്കാക്കിപോന്നു. എന്നാല്‍ നമ്മുടെ ഉപബോധമനസില്‍ കുടിയിരുത്തപ്പെട്ട അപകര്‍ഷതാബോധം മാതൃഭാഷയെ അവഗണിക്കുന്നിടംവരെ എത്തി. മാതൃഭാഷയിലൂടെ മാത്രം പകര്‍ന്നുകിട്ടുന്ന നമ്മുടെ മഹത്തായ സാംസ്‌കാരികപൈതൃകം നിഷേധിക്കപ്പെട്ട ഒരു തലമുറ വളര്‍ന്നുവരുന്ന സാഹചര്യം ഇവിടെ ഉണ്ടായി. തന്റെ കുട്ടിക്ക് മലയാളമറിയില്ല എന്നു പറയുന്നത് മാതാപിതാക്കള്‍ അന്തസ്സായി കണക്കാക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്. കേരളത്തില്‍ വ്യാപകമായ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാലയങ്ങളില്‍ മാതൃഭാഷ അനിവാര്യമല്ലാതായി. ഇതുംകൂടാതെ എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലയില്‍ പെറ്റുപെരുകിയ ഇംഗ്ലീഷ് മീഡിയം വിദ്യാലയങ്ങളും കൂടിച്ചേര്‍ന്ന് മലയാളത്തെ നാടുകടത്തുന്ന സ്ഥിതിയെത്തി. മലയാളം പഠിക്കാതെ ഒരു മലയാളി വിദ്യാര്‍ത്ഥിക്ക് പത്താം ക്ലാസ് കടന്ന് ഉപരിപഠനം സാധ്യമാകുന്ന സ്ഥിതിയായിരുന്നു നിലവിലുണ്ടായിരുന്നത്. ഭരണഭാഷ മലയാളമാക്കി എന്ന് നാം അഭിമാനിക്കുമ്പോഴും സര്‍ക്കാര്‍ സേവനമേഖലകളിലേക്ക് ഭാഷ അറിയാത്ത ഒരുവിഭാഗം കടന്നുവരുന്ന സാഹചര്യം ഇവിടെ സംജാതമായിരുന്നു. ശ്രേഷ്ഠഭാഷാപദവികൊണ്ട് മലയാളത്തിന് പ്രത്യേകിച്ച് യാതൊരു പ്രയോജനവുമില്ലാത്ത സ്ഥിതിയായിരുന്നു. 
സ്‌കൂള്‍വിദ്യാഭ്യാസത്തെപ്പറ്റി പഠിക്കാന്‍ നിയുക്തമായ ആര്‍.വി.ജി. മേനോന്‍ സമിതി സ്‌കൂള്‍ പഠനത്തിന്റെ എല്ലാതട്ടിലും മലയാളം നിര്‍ബന്ധിതമാക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു. ലോകത്തിലെ ആധുനിക വികസിത രാഷ്ട്രങ്ങള്‍ മുഴുവന്‍ അവരുടെ മാതൃഭാഷയിലൂടെ ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍ പോലും പകര്‍ന്നു കൊടുക്കുമ്പോള്‍ അന്ധമായ ഇംഗ്ലീഷ് ഭക്തികൊണ്ട് നാം മാതൃഭാഷയെ പടിക്കുപുറത്തു നിര്‍ത്തുകയായിരുന്നു ഇതുവരെ. ഒരു കുട്ടി ഗര്‍ഭാവസ്ഥയില്‍ കിടക്കുമ്പോള്‍ പോലും ശ്രവിക്കുന്ന മാതൃഭാഷയില്‍ വിജ്ഞാനം പകര്‍ന്നുകിട്ടുന്ന അത്ര വ്യക്തത മറ്റേത് ഭാഷയില്‍ പഠിച്ചാലും ഉണ്ടാവില്ല. അതുകൊണ്ടാണ് ലോകം മുഴുവന്‍ മാതൃഭാഷയെ ഒന്നാം ഭാഷയായി കണക്കാക്കുന്നത്. മാനസിക വളര്‍ച്ചയ്ക്കു പോലും മാതൃഭാഷ അനിവാര്യമാണ്.
വൈകി എങ്കിലും നമ്മുടെ ഭരണാധികാരിമാര്‍ക്ക്  വിവേകമുദിച്ചതില്‍ അവരെ അഭിനന്ദിക്കാം. ക്ലാസിക്കല്‍ ഭാഷാപദവി കിട്ടിയിട്ടും ക്ലാസ്സില്‍ നിന്നും പുറത്താക്കപ്പെട്ട കുട്ടിയുടെ അവസ്ഥയില്‍ നിന്നും ഇനി മാതൃമലയാളത്തിന് കയറ്റം കിട്ടുമെന്ന് കരുതാം. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, എയ്ഡഡ്, അണ്‍എയ്ഡഡ് തുടങ്ങി എല്ലാ വിദ്യാലയങ്ങളും പുതിയ അധ്യയനവര്‍ഷം മുതല്‍ മലയാളം പഠിപ്പിച്ചേ മതിയാകു. മലയാളം പഠിപ്പിക്കാന്‍ തയ്യാറാകാത്ത വിദ്യാലയങ്ങളുടെ പ്രവര്‍ത്തനാനുമതി റദ്ദാക്കാനും പുതിയ ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്. അടുത്ത നിയമസഭാ സമ്മേളനത്തോടെ മാതൃഭാഷാപഠനം നിര്‍ബന്ധിതമാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. ശ്രേഷ്ഠഭാഷാപദവി സഫലവും സാര്‍ത്ഥകവുമാകണമെങ്കില്‍ ഭാഷ ഉള്‍ ക്കൊള്ളുന്ന സംസ്‌കാരം ജീവിതത്തില്‍ തുടിച്ചുനില്‍ക്കുന്ന ഒരു ജനത ഇവിടെ ഉണ്ടാവണം. അതിന് അമ്മിഞ്ഞപാലുപോലെ മാതൃഭാഷയും കുഞ്ഞിന്റെ നാവില്‍ ഇറ്റിച്ചു കൊടുക്കാന്‍ കഴിയണം. സാംസ്‌കാരിക വ്യക്തിത്വമുള്ള ജനത ഉണ്ടാകുവാന്‍ ഇതുകൊണ്ടുകഴിയും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്നു നിലനില്‍ക്കുന്ന അരാജകാവസ്ഥയ്ക്ക് ഒരു പരിധിവരെ കാരണം മാതൃഭാഷയിലൂടെ പകര്‍ന്നു കിട്ടേണ്ട സംസ്‌കാരം കിട്ടാതെ വളരുന്ന തലമുറയാണ്. നിര്‍ബന്ധിത മാതൃഭാഷാബോധനം ധീരമായ തീരുമാനമാണെന്ന് നിസ്തര്‍ക്കം പറയാം.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments