Kesari WeeklyKesari

ലേഖനം

തദ്ദേശ സ്വയംഭരണം: അഴിമതി ഇല്ലാതാക്കാന്‍--ടി.സി. രാധാകൃഷ്ണന്‍

on 07 April 2017

കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ക്ക് കൈക്കൂലിയുടെയും അഴിമതിയുടെയും കാര്യത്തില്‍ ഒന്നാംറാങ്കു കിട്ടിയത് മാര്‍ച്ച് 23ലെ  മാതൃഭൂമി  - മനോരമ അടക്കമുള്ള ദിനപത്രങ്ങളിലെ മുഖ്യവാര്‍ത്തയായി. ഇതനുസരിച്ച് മന്ത്രിമാരുടെ മിടുക്കും മിടുക്കില്ലായ്മയുമൊന്നും വിലയിരുത്തനാവില്ല. മന്ത്രി എത്രഭയങ്കരനായിട്ടും കാര്യമില്ല. മനുഷ്യന്റെ ദൈനംദിന ജീവിതത്തില്‍ അലോസരങ്ങള്‍ സൃഷ്ടിക്കുന്ന നിയമങ്ങളുടെ നൂലാമാലകള്‍ ജനങ്ങളെ വരിഞ്ഞുമുറുക്കുമ്പോള്‍ ഓഫീസുകള്‍ അഴിമതിയുടെ കൂത്തരങ്ങാകും. പഞ്ചായത്തുവകുപ്പിലെയും റവന്യൂവകുപ്പിലെയും നിയമങ്ങള്‍ ഒന്നു വായിച്ചുനോക്കേണ്ടതാണ്. അങ്ങോട്ടും ഇങ്ങോട്ടും വളയ്ക്കാവുന്ന ഇവയുടെയെല്ലാം സൃഷ്ടി അതിസമര്‍ത്ഥന്മാര്‍ നടത്തിയിട്ടുള്ളതാണ്. ഒന്നും നടപ്പാക്കാനുള്ളവയല്ല. നടപ്പാക്കിയാല്‍ അവിടെ സൈ്വരജീവിതം അവസാനിക്കുകയും ചെയ്യും. ഉദ്ദേശ്യശുദ്ധിയില്ലാത്ത നിയമങ്ങള്‍ ഉപഭോക്താവിനെ എങ്ങനെയും വട്ടംചുറ്റിക്കാന്‍ പാകത്തിലുള്ളതാണ്. കൈക്കൂലിക്ക് കാരണം ഇനി വേറെ നോക്കണോ? സമൂഹം നല്ല രീതിയില്‍ നിലനില്‍ക്കാനാണ് നിയമങ്ങള്‍ എന്നാണ് നാം വിചാരിക്കുക. എന്നാല്‍ മനുഷ്യാന്തസ്സിനും ഋജ്ജൂബുദ്ധിക്കും എതിര്‍ചേരിയില്‍ നില്‍ക്കുന്ന നിയമങ്ങള്‍ ഒരിക്കലും പുനര്‍വിചിന്തനത്തിന് വിധേയമാവുന്നില്ല. കിണാവല്ലൂര്‍ ശശിധരന്റെ 'ഒരു തഹസില്‍ദാരുടെ ആത്മകഥ' വായിച്ചിട്ടുള്ളവര്‍ക്ക് സത്യസന്ധനായ ഒരുദ്യോഗസ്ഥന്റെ ധര്‍മ്മസങ്കടങ്ങള്‍ ബോധ്യമായിട്ടുണ്ടാവും. മാധ്യമങ്ങള്‍ വിവിധ മേഖലകളില്‍ പടര്‍ന്നുപന്തലിക്കുന്ന ഇക്കാലത്ത് ഇത്തരം വിഷയങ്ങളില്‍ നിരന്തര ചര്‍ച്ച നടക്കുന്നുണ്ട്.
ഒരു കാര്യം ഇവിടെ ചൂണ്ടിക്കാട്ടാനാഗ്രഹിക്കുന്നു. ഒരിക്കല്‍ കൈക്കൂലിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായിരുന്ന വൈദ്യുതിവകുപ്പ് ഇന്ന് ആകെ മാറിയിട്ടുണ്ട്. മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ് വരുത്തിയ ഒരു മാറ്റമാണതിന് കാരണമായത്. വൈദ്യുതി വിതരണത്തില്‍ ഉദ്യോഗസ്ഥ ഗ്രൂപ്പുകളും കൂട്ടുത്തരവാദിത്വം ഏര്‍പ്പെടുത്തിയതോടെ വിവിധ സേവനങ്ങള്‍ക്ക് നിശ്ചിതറേറ്റുള്ള ഉദ്യോഗസ്ഥരെല്ലാം കുടുങ്ങി. ഉദ്യോഗസ്ഥര്‍ പരസ്പരം കാവലിരിക്കുന്ന ഒരവസ്ഥ എന്തായാലും നല്ലതിനാണ് എന്ന ബോധ്യം അതോടെ ഉണ്ടായി. പഞ്ചായത്തിലും ഇതുകൊണ്ടുവരാം. പ്രകൃതി സംരക്ഷണത്തിന്റെയും സമൂഹസുരക്ഷയുടെയും പേരിലാണ്  രണ്ട് സ്ഥാപനങ്ങളിലെ മിക്ക നിയമങ്ങളും ഉണ്ടായത്. ആ ഉദ്ദേശ്യങ്ങള്‍ നേടിയെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിയമം മാറുകതന്നെ വേണം. കൈക്കൂലിക്ക് സാധ്യതയുള്ള സ്ഥാനങ്ങള്‍ ഉദ്യോഗസ്ഥരുടെ കൂട്ടുത്തരവാദിത്വത്തിലാക്കുക. പ്രകൃതിശാസ്ത്രജ്ഞരുടെയും സമൂഹത്തിലെ അറിവുള്ളവരുടെയും സാന്നിധ്യത്തില്‍ ലക്ഷ്യബോധത്തോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. പത്രവാര്‍ത്തകളുടെയും മറ്റും അടിസ്ഥാനത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ എല്ലാ മാസവും പൊതുജനങ്ങള്‍ക്ക് മറുപടി നല്‍കുക. മേലാധികാരികള്‍ ഇടക്കിടക്ക് പെട്ടെന്നുള്ള പരിശോധനകള്‍ നടത്തുക. കാര്യങ്ങള്‍ സുതാര്യമാകുന്നതോടെ ഓഫീസുകളും നന്നായിക്കൊള്ളും.
* * *
ജനം ടിവിയില്‍ 'ബാക്കിപത്രം' എന്ന ഒരു പരിപാടിയുണ്ട്. വാര്‍ത്തകളിലെ കള്ളത്തരങ്ങള്‍ തുറന്നു കാണിക്കുന്ന പരിപാടി. വാര്‍ത്തകള്‍ ഇന്ന് സത്യമറിയിക്കാനുള്ളതല്ല, മറച്ചുവെക്കാനുള്ളതാണ് എന്നു പറഞ്ഞാല്‍ അത് മിക്കപ്പോഴും നിഷേധിക്കാന്‍ കഴിയില്ല. സ്വര്‍ണപ്പാത്രംകൊണ്ട് മറഞ്ഞുകിടക്കുന്ന സത്യത്തിന്റെ മുഖം തുറന്നു കാണിക്കാന്‍ ശ്രമിക്കുകയാണ് ടി.ജി. മോഹന്‍ദാസ്. പ്രധാനമായി മലയാളമാധ്യമങ്ങളില്‍ വലിയ വായിലൊച്ചവെക്കുന്ന വാര്‍ത്താവതാരകരുടെ ഉദ്ദേശ്യശുദ്ധിയില്ലായ്മയെ നിശിതവിമര്‍ശനത്തിന് വിധേയമാക്കുകയാണിതിലൂടെ കള്ളവാര്‍ത്തകളെയും  ദുര്‍വ്യാഖ്യാനങ്ങളെയും സത്യവാര്‍ത്തകളുടെ ചൂരലുകൊണ്ടടിച്ച് മാപ്പു പറയിക്കുന്ന 'ബാക്കി പത്ര'ത്തിന്റെ രീതി മറ്റേതെങ്കിലും ചാനല്‍ പരിപാടിയുടെ അനുകരണമല്ല. ക്രൈസ്തവ സഭകളുടെ അപഥസഞ്ചാരങ്ങള്‍ കേരളമൊട്ടാകെ മുഖരിതമായപ്പോള്‍ കേരളത്തിലെ വോട്ടുബാങ്കു രാഷ്ട്രീയം ചാനലുകളെയും പത്രങ്ങളെയും എന്തിനധികം ആകാശവാണിയെപ്പോലും ചങ്ങലക്കിട്ടുനിര്‍ത്തി. സഭാവിശ്വാസത്തിന്റെ മൂര്‍ദ്ധന്യത്തില്‍ സ്വന്തം അച്ഛനെപ്പോലും പ്രതിക്കൂട്ടിലാക്കാന്‍ ഇര ഒരുങ്ങിയപ്പോള്‍ ബാക്കിപത്രം ചൂരലുമായിറങ്ങി. ലോകമെങ്ങുമുള്ള സഭാവിശ്വാസത്തിലെ ചീഞ്ഞുനാറുന്ന വശങ്ങള്‍ അങ്ങനെ ചര്‍ച്ചയായി. സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശം എന്നിവക്കെതിരെ 1864ല്‍ വത്തിക്കാന്‍ പുറപ്പെടുവിച്ച പ്രഖ്യാപനങ്ങള്‍, പോപ്പിന്റെ പശ്ചാത്താപം എന്നിവയടക്കം തുറന്ന ഒരു ചര്‍ച്ച മാതൃകാപരമായിരുന്നു. കുമ്പസാരം ശുദ്ധിക്കോ അശുദ്ധിക്കോ എന്ന വീണ്ടുവിചാരമുണ്ടായി. ചുരുങ്ങിയത് അച്ചന്മാരുടെ മുമ്പിലെ കുമ്പസാരം മതിയാക്കി അമ്മമാരുടെ മുമ്പില്‍ നടത്തണമെന്ന് 'മനോരമ' യില്‍ പോലും വാര്‍ത്തകള്‍ വന്നു. പഴയതുപോലെ ഇരുട്ടില്‍ നിര്‍ത്തി എന്തും പറഞ്ഞു വിശ്വസിപ്പിക്കാന്‍ ഇനി ക്രൈസ്തവസഭക്ക് എളുപ്പമല്ല.
* * *
സുതാര്യത പുതിയ കാലഘട്ടത്തിന്റെ മുഖമുദ്രയാവുകയാണ്. അതുകൊണ്ട് 'തീക്കട്ട ഉറുമ്പരിക്കുമ്പോള്‍' (മാതൃഭൂമി മാര്‍ച്ച് 7) തേലക്കാട്ടച്ചനും എഴുതേണ്ടിവന്നു. എന്തായാലും മുഖം മുഷിഞ്ഞതിന് കണ്ണാടി ഉടയ്ക്കാന്‍ തേലക്കാട്ടച്ചന്‍ പറയുന്നില്ല. ഇവിടെ ഏറെ വേദനാജനകമായത് ഉപഭോഗ സംസ്‌കാരത്തെ ആത്മീയത ചെറുത്തുനില്‍ക്കുന്നില്ലെന്നതാണ് മാത്രമല്ല ആത്മീയതയെന്ന കാപട്യത്തിന്റെ വൈശികതന്ത്രം പൊളിച്ചെഴുതുന്ന ഭീകരദുരന്തവും സംഭവിക്കുന്നു എന്നതാണ്. കാപട്യത്തിന്റെ വൈശിക തന്ത്രം സഭ പയറ്റാന്‍ തുടങ്ങിയിട്ട് കാലമെത്രയായി. ആത്മീയത അങ്ങാടി മരുന്നോ പച്ചമരുന്നോ എന്ന് സഭക്കു നിശ്ചയമുണ്ടോ?  ഉണ്ടെങ്കില്‍ 'കൊല്ലക്കുടിയില്‍ തൂശിവില്‍ക്കാന്‍' വരുന്നതുപോലെ മതപരിവര്‍ത്തന രസവാദവുമായി ഈ ഭാരതത്തില്‍ എത്തി ആധ്യാത്മികതയില്‍ മുങ്ങിക്കുളിച്ച ഒരു ജനതയെ ഇങ്ങനെ പിച്ചിച്ചീന്തുമായിരുന്നോ? സാമ്രാജ്യത്വവിപുലനത്തിനായുള്ള ശ്രമങ്ങള്‍ ഇനിയെങ്കിലും നിര്‍ത്താന്‍ സഭ തയ്യാറായേ മതിയാവൂ.
* * *
''ഇന്ത്യ എന്ന ദേശം മുമ്പുണ്ടായിരുന്നില്ല. ഇപ്പോഴുമില്ല. ഇന്ത്യയെ വേണമെങ്കില്‍ ഒരു സിവിലൈസേഷന്‍ എന്നു വിളിക്കാം.'' എം.ജി.എസ്. നാരായണന്റെ  വാക്യമായി പത്രത്തില്‍ വന്നതാണ്. കേട്ടാല്‍ പെട്ടെന്ന് വിരോധപ്രതീതിയുണ്ടകും. പക്ഷേ വാക്കു ശ്രദ്ധിച്ചുനോക്കുക - ഇന്ത്യയെ ഒരു നിശ്ചിത അതിരും വരമ്പുമുള്ള സങ്കുചിത ദേശീയതയായി വിളിക്കുന്നത് അനൗചിത്യമല്ലേ? ദേശീയതകളുടെ ഫെഡറേഷന്‍ എന്ന വാക്ക് ഇന്ത്യക്ക് എം.ജി.എസ് നല്‍കുന്നു. അതേ, ലോകമാകെ വ്യാപിച്ചുകിടക്കുന്ന ഒരു സാംസ്‌കാരിക പ്രതിഭാസത്തെ ദേശീയതയുടെ പാശ്ചാത്യനിര്‍വ്വചനത്തില്‍ ഒതുക്കി ആനയെ കറണ്ടകത്തിലാക്കണോ?
* * *
സാമൂഹിക മാധ്യമങ്ങള്‍ തുറന്നിടുന്ന വ്യക്തിവിചാരത്തിന്റെ മേഖല വളരെ വിപുലമാണ്. പെട്ടെന്ന് പ്രതികരിക്കാനുള്ള അവസരമാണതു നല്‍കുന്നത്. പ്രത്യേകിച്ച്, ശ്വാസംമുട്ടിക്കഴിയുന്ന കമ്മ്യൂണിസ്റ്റ് ഉള്‍പ്പെടെയുള്ള മതവിശ്വാസികള്‍ക്ക് ഒരു വലിയ ആശ്വാസമാണിതു നല്‍കുന്നത്. ഈയിടെ മുഹമ്മദ് റാഫി എന്ന പ്ലസ്ടു അധ്യാപകന്‍ മലപ്പുറം ജില്ലയില്‍ നിന്ന് ഇങ്ങനെ പ്രതികരിച്ചു: ''മുസ്ലീങ്ങള്‍ മാത്രം അധിവസിക്കുന്നു എന്നുതന്നെ പറയാവുന്ന ദേശമാണ് പാകിസ്ഥാന്‍. അവിടെ ഒരു മന്ത്രി മദ്രസ്സകളെ 'യൂനിവേഴ്‌സിറ്റി ഓഫ് ഇഗ്നറന്‍സ്' എന്ന് വിശേഷിപ്പിച്ചുവത്രേ. വീട്ടില്‍ സ്വസ്ഥമായിരുന്ന് ഗൃഹപാഠത്തില്‍ ഏര്‍പ്പെടുന്ന കുട്ടികളെ മൈക്ക് ഉപയോഗിച്ച് മതപ്രസംഗം നടത്തിയും കൂട്ടവാങ്കുവിളി മുഴക്കിയും ഒരു പ്രദേശത്തുതന്നെ അനേകം പള്ളികള്‍/വാങ്കുകള്‍ ശല്യപ്പെടുത്തുന്നവരെ എന്തു ചെയ്യാം. അറേബ്യയില്‍പ്പോലും നടക്കാത്ത ഇത്തരം ആഭാസത്തരങ്ങള്‍ ഇവിടെ അനുവദിക്കണമെന്നതാണല്ലോ നമ്മുടെ സെക്കുലറിസം. നടക്കട്ടെ. വിചാരത്തിന്റെ ആമകള്‍ സാവധാനം മുന്നോട്ടു വരുന്നത് നല്ല ലക്ഷണമല്ലേ?

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments