Kesari WeeklyKesari

ബാലഗോകുലം

ഘണ്ടാകര്‍ണ്ണന്‍-പി.എ രാജീവന്‍

on 23 February 2018

നസ്സ് ഗതകാല സ്മൃതികളിലേക്കൂര്‍ന്നിറങ്ങി. നോക്കെത്താദൂരം പരന്നുകിടന്ന ആമ്പല്‍പൊയ്കയും ഇരുകരകളിലും പല വര്‍ണ്ണങ്ങളില്‍ വിടര്‍ന്നു നില്‍ക്കുന്ന പൂക്കളോടു
കൂടിയ തോടുമെല്ലാം വിസ്മൃതിയിലാണ്ടിരിക്കുന്നു. അവിടെ പുത്തന്‍ കെട്ടിടങ്ങളും, കച്ചവട സ്ഥാപനങ്ങളും ഉയര്‍ന്നിരിക്കുന്നു. തീര്‍ത്തും അപരിചിതമായ പ്രദേശത്തിലൂടെ യാത്ര ചെയ്യുന്ന പ്രതീതി. പ്രധാന നിരത്തില്‍നിന്നും തിരിയേണ്ട പാത പെട്ടെന്ന് മനസ്സിലായില്ല. കാറ് വേഗത കുറച്ച് നിരീക്ഷിക്കുന്നതിനിടയിലാണ് ആ ചെറിയ ബോര്‍ഡ് ശ്രദ്ധിച്ചത്. ഗവണ്‍മെന്റ് എല്‍.പി സ്‌കൂള്‍ റോഡ്. വണ്ടി മെല്ലെ ആ റോഡിലേക്ക് തിരിച്ചു. നാട്ടില്‍ ഇപ്പോള്‍ പറയത്തക്ക ആരുമില്ല. അകന്ന ചില ബന്ധുക്കളേയുള്ളൂ. എങ്കിലും നാടുമായുള്ള ബന്ധമറ്റുപോകാതിരിക്കാന്‍ വല്ല ഔദ്യോഗിക പരിപാടികള്‍ക്കും വരുമ്പോള്‍ മാത്രം വരും. നീണ്ട ഇടവേളയ്ക്കുശേഷമാണ് ഈ വരവ്. പഠിച്ച സ്‌കൂളും, നാടും, ഓര്‍മ്മകളും എന്നും ഓര്‍ക്കാന്‍ സുഖമുള്ള സ്വകാര്യതയായി മനസ്സില്‍ സൂക്ഷിക്കുന്നു. സ്മൃതിപഥത്തിലൂടെ ഓര്‍മ്മകള്‍ സഞ്ചരിക്കവെ ഒരുപറ്റം കുട്ടികള്‍ എന്തോ വിളിച്ചുപറഞ്ഞുകൊണ്ട് കാറിന് കുറുകെ ഓടി. കാറ് പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തി. ഘണ്ടാകര്‍ണ്ണാ, ഘണ്ടാകര്‍ണ്ണാ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഓടുന്ന കുട്ടികള്‍ക്ക് പിറകെയായി താടിയും മുടിയും നീട്ടിവളര്‍ത്തിയ മുഷിഞ്ഞ വേഷധാരിയായ ഒരു യുവാവ് ഒരു കല്ലുമെടുത്ത് കുട്ടികളെ എറിയാനോങ്ങിക്കൊണ്ട് പിറകെ വരുന്നു. കാലുകള്‍ നിലത്തുറയ്ക്കുന്നില്ല. വേച്ചുവേച്ചാണ് അയാള്‍ വരുന്നത്. 
അപ്പോഴേയ്ക്കും കുട്ടികള്‍ എങ്ങോ ഓടി മറഞ്ഞിരുന്നു.
ഘണ്ടാകര്‍ണ്ണന്‍.... മനസ്സ് ഒരുപാട് പിറകോട്ടുപോയി. പണ്ട് സ്‌കൂള്‍ വിട്ടുവരുമ്പോള്‍ ആടിയാടിവരുന്ന രാമനെ കുട്ടികള്‍ ഘണ്ടാകര്‍ണ്ണാ എന്ന് വിളിയ്ക്കും. അപ്പോള്‍ അയാള്‍ എന്തോ പിറുപിറുത്തുകൊണ്ട് കല്ലുമായി കുട്ടികള്‍ക്ക് പിറകെ ഓടും. അപ്പോഴേയ്ക്കും കുട്ടികള്‍ ഓടി മറയും. പക്ഷെ കുട്ടികളോടൊപ്പം ചേര്‍ന്ന് ഞാനൊരിക്കലും അയാളെ ഘണ്ടാകര്‍ണ്ണാ എന്ന് വിളിച്ചിട്ടില്ല. കാരണം അയാള്‍ എന്റെ കൂട്ടുകാരന്‍ രവിയുടെ അച്ഛനായിരുന്നു. അറിയപ്പെടുന്ന ഒരു തെയ്യം കലാകാരനായിരുന്നു രാമന്‍. ഘണ്ടാകര്‍ണ്ണന്റെ വേഷമായിരുന്നു സ്ഥിരം കെട്ടിയാടാറ്. ഒരിക്കല്‍ ദൂരെയെവിടെയോ തെയ്യം കെട്ടാന്‍ പോയ അയാള്‍ ഒരു വിറയലോടെയാണ് തിരിച്ചെത്തിയത്. വേച്ചുവേച്ച് എന്തോ പിറുപിറുത്തുകൊണ്ട് നടക്കും. ആരെങ്കിലും ഘണ്ടാകര്‍ണ്ണാ എന്ന് വിളിച്ചാല്‍ ആടിയാടി കുനിഞ്ഞ് കല്ലെടുത്തെറിയുവാനോങ്ങും. സ്‌കൂള്‍ വിട്ടുവരുന്ന കുട്ടികള്‍ ഘണ്ടാകര്‍ണ്ണാ എന്ന് വിളിച്ച് കളിയാക്കുമ്പോള്‍ അയാള്‍ എറിയുവാനായി കല്ലെടുക്കുവാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ പലപ്പോഴും രവിയുടെ കണ്ണ് നിറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. വേച്ചുവേച്ച് ഞങ്ങളുടെ അടുത്തേക്ക് വന്ന് ചുരുട്ടിക്കൂട്ടിയ എന്തെങ്കിലും പലഹാരപ്പൊതി അയാള്‍ രവിയുടെ കൈയില്‍ കൊടുത്ത് നടന്നുനീങ്ങും.
വര്‍ഷങ്ങള്‍ക്കുശേഷം കേട്ട വാര്‍ത്ത രാമന്‍ ലോറി തട്ടി മരിച്ചു എന്നും ഇപ്പോള്‍ രവി ഘണ്ടാകര്‍ണ്ണനായി വേഷം കെട്ടാന്‍ പോകാറുണ്ടെന്നുമാണ്.
പിന്നില്‍നിന്നും ഏതോ വാഹനത്തിന്റെ ഹോണടി ശബ്ദംകേട്ടപ്പോഴാണ് ഓര്‍മ്മയില്‍ നിന്നും ഞെട്ടിയുണര്‍ന്നത്. നീണ്ട വര്‍ഷങ്ങള്‍ക്കുശേഷം അതേ ഘണ്ടാകര്‍ണ്ണന്‍ ഇപ്പോള്‍ വീണ്ടും.... എനിയ്ക്കു തോന്നിയതാണോ? അല്ല... ഒരിയ്ക്കലുമല്ല. അയാളതാ വേച്ചുവേച്ച് എന്റെ കാറിന്റെ മുന്നിലേക്ക് വരുന്നു. ഒരു നിമിഷം ഞാന്‍ സ്തബ്ധനായി...!! ഞാനറിയാതെ ഉറക്കെ വിളിച്ചുപോയി, രവീ.... ഇല്ല അയാള്‍ ഒന്നും ശ്രദ്ധിക്കുന്നില്ല. എന്തോ പിറുപിറുത്തുകൊണ്ട് മെല്ലെ മെല്ലെ നടന്നുനീങ്ങി. എന്റെ നിറഞ്ഞ കണ്ണുകള്‍ എനിയ്ക്കു മുന്നില്‍ ശൂന്യത സൃഷ്ടിച്ചിരിക്കുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments