Kesari WeeklyKesari

നോവല്‍ - ശ്രീജിത്ത് മൂത്തേടത്ത്‌

പണപ്പയറ്റ്

on 23 February 2018

മൂസ്സ ഹാജിയുടെ വാക്കുകളില്‍ കുറ്റബോധമുണ്ട്. അദ്ദേഹം വീണ്ടും കണ്ണുതുടച്ചു. ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് അങ്ങിനെ ഈ നാടുവിട്ട് മണലാരണ്യത്തിലേക്ക് സമ്പത്ത് തേടിപ്പോകുവാനാകില്ലായിരുന്നെന്നും, അദ്ദേഹത്തിന്റെ നിയോഗം ഈ മണ്ണില്‍ത്തന്നെ ജീവിച്ച്, ഈ നാടിന്റെ നവോത്ഥാനത്തിന് നേതൃത്വംകൊടുക്കുകയായിരുന്നുവെന്നൊക്കെ അദ്ദേഹത്തിന് പറഞ്ഞാല്‍ മനസ്സിലാവുമോ? അറിയില്ല. മാഷുടെ മരണത്തെക്കുറിച്ചുള്ള ദുഃഖം പേറുന്നവരില്‍ ഭൂരിഭാഗത്തിനും ഈയൊരു സത്യമറിയാമോയെന്ന് സംശയമാണ്. പ്രിയപ്പെട്ടവരുടെ വിയോഗം, അവര്‍ ഈ ലോകത്തിന് എത്രത്തോളം സംഭാവനനല്‍കിയിരുന്നവരായാലും, ഇനിയും അവരുടെ സേവനം സമൂഹത്തിന് ലഭിക്കേണ്ടതായിരുന്നുവെന്നും, മരണം നഷ്ടപ്പെടുത്തിയത് സമൂഹത്തിന് ലഭിക്കേണ്ടിയിരുന്ന സേവനമായിരുന്നുവെന്നും ദുഃഖിക്കുന്നത് സ്വാഭാവികവുമാണ്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവിതം ഹോമിച്ച, സഹനസമരത്തിന്റെയും, അഹിംസയുടെയും ശക്തി ലോകത്തിനു വെളിവാക്കിക്കൊടുത്ത ഗാന്ധിജിയുടെ മരണവും ഇത്തരത്തിലാണ് സമൂഹമനസ്സില്‍ നഷ്ടമായും ദുഃഖസ്മൃതിയായും നിലനില്‍ക്കുന്നത്. ഗാന്ധിജി അദ്ദേഹത്തിന്റെ ജീവിതദൗത്യം പരിപൂര്‍ണ്ണമായും നിറവേറ്റിയതിനുശേഷമാണ് ഈ ലോകത്തോട് വിടപറഞ്ഞതെന്ന യാഥാര്‍ത്ഥ്യം പലപ്പോഴും അംഗീകരിക്കാന്‍, ഇനിയും അദ്ദേഹത്തിന്റെ സേവനം ലോകത്തിന് ലഭിക്കേണ്ടതായിരുന്നു, അദ്ദേഹം ജീവിച്ചിരുന്നുവെങ്കില്‍ ലോകത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാന്‍ കഴിയുമായിരുന്നുവെന്നുമൊക്കെയുള്ള പ്രതീക്ഷകളും, അതിന്റെ ഭംഗം സൃഷ്ടിക്കുന്ന ദുഃഖവും സമ്മതിക്കുകയില്ല.

ഏറെനേരം മൂസ്സഹാജിയുമായി സംസാരിച്ചിരിക്കുകയും, അദ്ദേഹം പറഞ്ഞ അനുഭവങ്ങള്‍ കുറിച്ചുവെക്കുകയും ചെയ്തത് വലിയൊരു മുതല്‍ക്കൂട്ടായി തോന്നി. പ്രതീക്ഷിക്കാതെയാണ് ഇത്തരം അനുഭവകഥനങ്ങള്‍ എന്നെത്തേടിവരുന്നതെന്നത് എന്റെ യാത്ര ശരിയായ ദിശയിലേക്കുതന്നെയാണെന്നതിന്റെ സൂചനയാണെന്നു തോന്നുന്നു. ഇനിയും രണ്ടുപേരെക്കൂടെ ഇന്ന് കാണാനുണ്ട്. ഭാസ്‌കരന്‍ മാസ്റ്റരുടെ  സുഹൃത്തും, സഹപാഠിയുമായിരുന്ന രാഘവന്‍ മാസ്റ്റരുടെ വീട് കുളങ്ങരത്താണ്. പിന്നെ കാണാനുള്ളത് കുഞ്ഞികൃഷ്ണന്‍ വക്കീലിനെയുമാണ്. അദ്ദേഹത്തിന്റെ വീട് കല്ലാച്ചിയില്‍ത്തന്നെയാണ്. സമയം വൈകിത്തുടങ്ങിയിരിക്കുന്നു. മൂസ്സഹാജിയോട് യാത്രപറഞ്ഞ് ഞങ്ങളിറങ്ങുമ്പോള്‍ സമയം നാലുമണിയോടടുത്തിരുന്നു.

       ****    ****

കല്ലാച്ചിയില്‍നിന്നും ഇന്നലെ ഏറെ വൈകിയാണ് ഞങ്ങള്‍ പോന്നത്. വിലങ്ങാടെത്തുമ്പോഴേക്കും രാത്രി പത്തുമണിയായിക്കഴിഞ്ഞിരുന്നു. പിന്നെ കുറ്റല്ലൂരേക്ക് പോകാന്‍ സമയമില്ലാത്തതിനാല്‍ ജീപ്പ് ഡ്രൈവര്‍ ജയകാന്തന്റെ വീട്ടില്‍ത്തന്നെ താമസമാക്കുകയായിരുന്നു. അവിടെനിന്നും വിലങ്ങാട്ടുള്ള തോമസ്സിന്റെ ലൈബ്രറിയിലേക്കെന്നെ കൊണ്ടുവിട്ട് അയാള്‍ വേറെയെങ്ങോട്ടോ പോയി. തോമസ്സുമായി സംസാരിച്ചിരുന്ന് സമയംപോയതറിഞ്ഞില്ല. ലൈബ്രറിയിലെ പുസ്തകങ്ങളെടുത്തു മറിച്ചുനോക്കിയും പുതിയ പുസ്തകങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നപ്പോഴുമാണ് വളരെ ആശ്ചര്യകരമായൊരുകാര്യം തോമസ്് പറഞ്ഞത്. അയാള്‍ ഭാസ്‌കരന്‍ മാസ്റ്ററെക്കുറിച്ച് കുറേയധികം വിവരങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുണ്ടത്രേ. കേരളത്തിലെ ആദിവാസി ഭൂമിസമരങ്ങളെക്കുറിച്ച് ഒരു പുസ്തകം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് തോമസ്. കേരളത്തില്‍ നടന്ന ആദിവാസിഭൂമിസമരങ്ങളില്‍ പൂര്‍ണ്ണവിജയത്തിലെത്തിയതും, സമരംചെയ്ത ആദിവാസികള്‍ക്ക് അവരുടെ ഭൂമി പൂര്‍ണ്ണമായും നേടിക്കൊടുക്കാനുമായ ഒരേയൊരു സമരം കുറ്റല്ലൂര്‍ ഭൂമിസമരമായിരുന്നുവെന്നാണ് തോമസ്സിന്റെ നിരീക്ഷണം. കുറ്റല്ലൂര്‍ സമരത്തെക്കുറിച്ചുള്ള അന്വേഷണം നടത്തിയപ്പോള്‍ സ്വാഭാവികമായും അതിന്റെ നേതൃത്വം വഹിച്ച ഭാസ്‌കരന്‍മാസ്റ്ററെക്കുറിച്ചും തോമസ് അന്വേഷിക്കുകയുണ്ടായി. എനിക്കിതേവരെ കിട്ടാത്ത നിരവധി ഫോട്ടോകളും, രേഖകളുമൊക്കെ തോമസ് ശേഖരിച്ചിരിക്കുന്നു. ആ രേഖകള്‍ പരിശോധിക്കവേ, ഒരു ചെറിയ ക്ഷണപത്രം എന്റെ ശ്രദ്ധയില്‍പ്പെട്ടു. ഭാസ്‌കരന്‍മാസ്റ്റര്‍ ഭൂമിവാതുക്കല്‍ താഴെ അങ്ങാടിയിലെ കുനിയില്‍ ബാലന്റെ ചായപ്പീടികയില്‍വെച്ചുനടത്തിയ ഒരു പണപ്പയറ്റിന്റെ ക്ഷണക്കത്തായിരുന്നു അത്.

ഇതെന്താ? പണപ്പയറ്റോ? അതെന്താ കാര്യം?

പണപ്പയറ്റെന്താണെന്നതിനെക്കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ടായിരുന്നില്ല. പലപ്പോഴും കേട്ടിരുന്നതാണെങ്കിലും അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. തോമസ് വിശദമാക്കിത്തന്നു.

പണപ്പയറ്റെന്നു പറയുന്നത് ഈ മേഖലയില്‍ നിലനില്‍ക്കുന്ന ഒരു പ്രാദേശിക ബാങ്കിംഗ് സംവിധാനത്തിനുതുല്ല്യമായ സാമൂഹ്യ സാമ്പത്തിക സംവിധാനമാണ്. സ്വന്തമായി വരുമാനം നേടിത്തുടങ്ങുന്ന ആരും ഇന്നാട്ടില്‍ പണപ്പയറ്റിന്റെ ഭാഗമാകുന്നു. പണം ആവശ്യമുള്ളയാള്‍ ഏതെങ്കിലുമൊരു നിശ്ചിതസ്ഥലത്തുവെച്ച് ഒരു തേയിലസല്‍ക്കാരം നടത്തുന്നു. ക്ഷണിക്കപ്പെടുന്നവര്‍ അവരവര്‍ക്ക് സാധിക്കുന്ന തുക ക്ഷണിക്കുന്നയാള്‍ക്ക് നല്‍കണം. ഈ തുക കൃത്യമായി ഒരു രജിസ്റ്ററില്‍ രേഖപ്പെടുത്തിവെച്ചിരിക്കും. തുക രേഖപ്പെടുത്തിവെക്കുന്ന രജിസ്റ്ററിന് പയറ്റുപുസ്തകമെന്നും, ആ പുസ്തകം വെച്ചെഴുതുന്ന മേശയ്ക്ക് പയറ്റുമേശയെന്നുമാണ് പേര്. നാട്ടിലെ സ്വന്തമായി വരുമാനമുള്ളയാളുകളെയൊക്കെത്തന്നെ ഇങ്ങിനെ ക്ഷണിച്ചിട്ടുണ്ടാകും. ഇത്തരത്തില്‍ പലരില്‍ നിന്നായി ലഭിക്കുന്ന തുകകൊണ്ട് ആവശ്യക്കാരന് അയാള്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടത്താന്‍ സാധിക്കും. ഇത്തരത്തില്‍ പണം കൊടുക്കുന്ന പ്രവൃത്തിയെ പണപ്പയറ്റ് എന്നാണ് വിളിക്കുന്നത്. വീടുനിര്‍മ്മാണം, വിവാഹം, കച്ചവടസ്ഥാപനങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കാണ് ഈ തരത്തില്‍ പണപ്പയറ്റിലൂടെ പണം സ്വരൂപിക്കുന്നത്. ഇങ്ങിനെ പണപ്പയറ്റിലൂടെ ലഭിച്ച പണം പലപ്പോഴായി തനിക്കു പണംനല്‍കിയവരും പണപ്പയറ്റുകളും, തേയിലസല്‍ക്കാരങ്ങളും നടത്തുമ്പോള്‍ ഇരട്ടിയായി തിരിച്ചുനല്‍കണമെന്നാണ് വ്യവസ്ഥ. ഈ വ്യവസ്ഥ ഒരു നാട്ടുനടപ്പാണ്. നാട്ടുനടപ്പ് ആരും ലംഘിക്കാറുമില്ല. അഭിമാനത്തിനു ക്ഷതമേല്‍ക്കുന്ന കാര്യമാണ് പണപ്പയറ്റുപോലുള്ള നാട്ടുനടപ്പുകളുടെ ലംഘനം.

ഇപ്പോഴുമുണ്ടോ ഈയൊരു പരിപാടി?

എന്റെ അത്ഭുതം കണ്ടിട്ടാവണം തോമസ് ചിരിച്ചു. 

പണ്ടത്തെപ്പോലെ അത്രത്തോളം സജീവമല്ലെങ്കിലും ഇപ്പോഴുമുണ്ട്. ദിവസക്കൂലിക്ക് പണിയെടുക്കുന്ന സാധാരണക്കാരുടെയിടയിലും, കച്ചവടക്കാരുടെയിടയിലുമാണ് ഇപ്പോള്‍ കൂടുതലായും പണപ്പയറ്റുള്ളത്. സാധാരണക്കാരുടെ പ്രധാന നിക്ഷേപ സ്രോതസ്സാണ് ഇത്. വലിയ പണക്കാരുടെയിടയില്‍ വലിയ ഇടപാടുകളാണ് നടക്കുന്നത്. പത്തും, ഇരുപതും, അമ്പതും ആയിരങ്ങള്‍വരെ പണപ്പയറ്റുകള്‍ നടത്തുന്ന കച്ചവടക്കാരുണ്ട്. അത്തരക്കാരുടെ പണപ്പയറ്റുകളിലൂടെ ലഭിക്കുന്ന തുക അനേകലക്ഷങ്ങളായിരിക്കും. പക്ഷെ അപ്പോഴും വലിയൊരത്ഭുതം, വലിയ പണക്കാരുടെ പണപ്പയറ്റിലും ഇരുപത്തിയഞ്ചുരൂപയൊക്കെ പണപ്പയറ്റുനടത്തുന്ന സാധാരണക്കാരും ഇടപാടുകാരായുണ്ടാകുമെന്നതാണ്. വലിയവനും, ചെറിയവനും തമ്മിലുള്ള ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന സാമൂഹ്യ ഇടപാടായും പണപ്പയറ്റ് വര്‍ത്തിക്കുന്നുണ്ട്.

എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയ അറിവായിരുന്നു. എന്റെ നാട്ടില്‍ കുറിക്കല്ല്യാണമെന്ന പേരില്‍ ചെറിയതോതിലുള്ള സാമ്പത്തിക ഇടപാടുകളൊക്കെ നടക്കാറുണ്ടെന്നറിയാം. പക്ഷെ അതിനൊന്നും ഇത്രയുംവലിയ സാമൂഹ്യമാനങ്ങളുള്ളതായി അറിയില്ല. ഞാനാണെങ്കില്‍ സ്വന്തമായി വരുമാനമുണ്ടാക്കാന്‍ തുടങ്ങിയ കാലംമുതല്‍ നാട്ടില്‍നിന്നും മാറിത്താമസിക്കുകയുമാണ്. ഇത്തരം കാര്യങ്ങളുമായി ഇടപെടാനുള്ള അവസരമിതേവരെയുണ്ടായിട്ടുമില്ല. ഞാന്‍ ഭാസ്‌കരന്‍മാസ്റ്റരുടെ പേരില്‍ അച്ചടിച്ചിരിക്കുന്ന പണപ്പയറ്റിന്റെ ക്ഷണപത്രിക പരിശോധിച്ചു. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റിയഞ്ച് ഏപ്രില്‍ ഇരുപത്തിയേഴിനാണ് പണപ്പയറ്റ് നടന്നിട്ടുള്ളത്. അതായത് അക്കാലഘട്ടത്തില്‍ എന്തെങ്കിലും വലിയ സാമ്പത്തിക ആവശ്യം മാഷിന് നേരിട്ടിട്ടുണ്ടാകാം. പ്രധാനപ്പെട്ട എന്തെങ്കിലും ആവശ്യങ്ങളുണ്ടാകുമ്പോഴാണല്ലോ പണപ്പയറ്റ് നടത്താറുള്ളത്. അന്ന് എന്തായിരുന്നു മാഷ് നേരിട്ട സാമ്പത്തിക ബുദ്ധിമുട്ടെന്ന് അറിയാന്‍ മാര്‍ഗ്ഗമൊന്നുമില്ല. തോമസ് പറഞ്ഞതനുസരിച്ചാണെങ്കില്‍ മാഷുടെ പണപ്പയറ്റുവിവരങ്ങള്‍ രേഖപ്പെടുത്തിയ പയറ്റുപുസ്തകം മാഷുടെ വീട്ടിലുണ്ടാവണം. അതു പരിശോധിച്ചാല്‍ മാഷുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കാം. എന്റെ അന്വേഷണവുമായി അതിന് വലിയ ബന്ധമൊന്നുമില്ലെങ്കിലും, പ്രധാനപ്പെട്ട ഇടപാടുകാരാരൊക്കെയായിരുന്നുവെന്നറിയാനും, സാധിക്കുമെങ്കില്‍ അവരെയൊക്കെയൊന്നു പോയിക്കാണാനും, നേരിട്ട് വിവരങ്ങള്‍ ശേഖരിക്കാനും, മാഷുമൊത്തുള്ള അവരുടെ അനുഭവങ്ങള്‍ രേഖപ്പെടുത്തുകയുമൊക്കെയാവാം. ആ പണപ്പയറ്റു ക്ഷണക്കത്തിന്റെയും, തോമസ്സിന്റെ കൈവശമുള്ള മറ്റുരേഖകളുടെയും, തോമസ് മാസ്റ്റരെക്കുറിച്ചും കുറ്റല്ലൂര്‍ സമരത്തെക്കുറിച്ചും തയ്യാറാക്കിയ പുസ്തകത്തിനുവേണ്ടിയെഴുതിവെച്ച കുറിപ്പുകളുടെയുമൊക്കെ ഫോട്ടോ കോപ്പി ഞാനാവശ്യപ്പെട്ടപ്പോള്‍ സന്തോഷത്തോടെ തോമസ് എടുത്തുതന്നു.

ഇനി പ്രധാനമായുള്ളത് മാഷുടെ കുടുംബത്തെ പോയി കാണുകയെന്നതാണ്. തോമസ് പറഞ്ഞതനുസരിച്ചാണെങ്കില്‍ ഇപ്പോള്‍ അവരെല്ലാവരും, മാഷുടെ ഭാര്യയും, മക്കളുമൊക്കെ ഇയ്യങ്കോട്ടുള്ള വീട്ടിലുണ്ട്. അവധിക്ക് നാട്ടില്‍ വന്നിരിക്കുന്ന അവരെ അടുത്ത ദിവസംതന്നെ പോയിക്കാണണം. മാഷുടെ മറ്റ് ബന്ധുക്കളെയും കാണണം. എല്ലാവരില്‍നിന്നും വിവരങ്ങള്‍ ശേഖരിക്കണം. തോമസ്സിന്റെ ലൈബ്രറിയില്‍നിന്നും ഇറങ്ങുമ്പോഴേക്കും, കേളപ്പേട്ടനും, രാജുവും, ജയനും എന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഇന്ന് കുറ്റല്ലൂരിലേക്ക് ചെല്ലാനാണവരെന്നോട് പറയുന്നത്. എനിക്കും അതുതന്നെയാണ് താത്പര്യം. സവിതയെ കഴിഞ്ഞതവണ കണ്ടിരുന്നെങ്കിലും കാര്യമായൊന്നും സംസാരിക്കാന്‍ സാധിച്ചിട്ടില്ല. അവളെ കാണാന്‍ മനസ്സ് വെമ്പുന്നുണ്ട്. അവര്‍ എനിക്കുവേണ്ടി കണ്ടുവെച്ചിരുന്ന കന്നുകുകളത്തുള്ള വീട്ടിലേക്ക് ആദ്യം പോകാമെന്ന് പറഞ്ഞത് രാജുവാണ്. 

വേറൊന്നുംകൊണ്ടല്ല. ആ വീടിന്റെ താക്കോലങ്ങ് സുദീപിന് കൈമാറിക്കഴിഞ്ഞാല്‍ ഞങ്ങളുടെ പകുതി ഉത്തരവാദിത്വം കഴിഞ്ഞല്ലോയെന്ന് വിചാരിച്ചിട്ടാ. നല്ല വീടാ. ഏതായാലും നേരിട്ട് കാണാന്‍ പോകുവല്ലേ? പിന്നെ ഞാള് കൂടുതല്‍ വിശദീകരിച്ചുതരണ്ടല്ലോ?

കേളപ്പേട്ടന്‍ പറഞ്ഞു. വിലങ്ങാട് സിറ്റിയില്‍നിന്നും ഒരു ജീപ്പുവിളിച്ചാണ് ഞങ്ങള്‍ കന്നുകുളത്തെ വീട്ടിലെത്തിയത്. മെയിന്‍ റോഡില്‍

നിന്നും ഏകദേശം അരക്കിലോമീറ്ററോളം ഉള്ളിലേക്കു പോകണം. ചെറിയ വീതികുറഞ്ഞ മണ്‍പാതയാണ് വീട്ടിലേക്ക്. ഓട്ടോറിക്ഷയ്ക്ക് കഷ്ടിച്ച് കടന്നുപോകാമായിരിക്കും. ജീപ്പ് കടക്കില്ല. ജീപ്പ് പ്രധാനറോഡില്‍നിര്‍ത്തി, ഞങ്ങള്‍ മണ്‍പാതയിലൂടെ നടന്നു. ഏകദേശം ഈ മണ്‍പാതയ്ക്ക് സമാന്തരമായൊരു മണ്‍പാതയായിരിക്കില്ലേ അന്ന് തിരിയക്കയത്തേക്കു ഞങ്ങള്‍ പോയ വഴിയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ ജയന്‍ ചിരിക്കുകയാണുണ്ടായത്.

(തുടരും)

നിങ്ങളുടെ അഭിപ്രായങ്ങള്‍

അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

0 Comments